'മനുഷ്യന് അയ്യായിരം വര്‍ഷത്തെ ചരിത്രമുണ്ടെന്ന് നാം മേനിപറയുമ്പോഴും അഞ്ചാഴ്ചയോ അഞ്ചു മാസമോ അഞ്ചു വര്‍ഷമോകൊണ്ട് രചിക്കുന്നൊരു പുസ്തകത്തെയോ കലാരൂപത്തെയോ നമുക്ക് താങ്ങാനാവുന്നില്ലെങ്കില്‍ അതില്‍ എന്തോ പന്തികേടുണ്ട്. ആധുനികത ശാസ്ത്ര-സാങ്കേതിക പുരോഗതിയും വ്യക്തിസ്വാതന്ത്ര്യവും അവകാശങ്ങളും യുക്തിചിന്തയുമൊക്കെ പ്രദാനം ചെയ്തെങ്കിലും നമുക്ക് അര്‍ത്ഥവത്തായി ജീവിക്കാനാവുന്നില്ലെന്നതിന്റെ തെളിവാണിത്.'
(ജെ. പ്രഭാഷ്- പുസ്തകങ്ങളെ പ്രണയിക്കുന്നവരും കത്തിക്കുന്നവരും)
കേരളത്തിലെ ബുക്‌സ്റ്റോറുകളില്‍ ഇന്നും യഥേഷ്ടം ലഭിക്കുന്ന അരുന്ധതി റോയിയുടെ ആസാദി ഉള്‍പ്പെടെയുള്ള 25 പുസ്തകങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ജമ്മു- കശ്മീര്‍ സര്‍ക്കാരിന്റെ ഉത്തരവ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 5-നാണ് വന്നത്. തെറ്റായ ആഖ്യാനങ്ങളും വിഘടനവാദവും പ്രചരിപ്പിക്കുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയം പുസ്തകങ്ങള്‍ക്ക് എതിരായ നടപടിയെടുത്തത്. എ.ജി. നൂറാനി, സുമന്ത്ര ബോസ്, ക്രിസ്റ്റഫര്‍ സ്‌നീഡന്‍ എന്നീ ശ്രദ്ധേയരായ എഴുത്തുകാരുടെ പുസ്തകങ്ങളും ഇപ്പോള്‍ നിരോധിക്കപ്പെട്ടവയില്‍ ഉണ്ട്.
വാക്കിനെയും എഴുത്തിനെയും നരകത്തെക്കാളേറെ ഭയന്ന ഭരണകര്‍ത്താക്കളുടെ കൈകളിലെ സെന്‍സര്‍ഷിപ്പ് കത്രികയും, മതഭ്രാന്തരുടെയും സദാചാരമേലാളന്മാരുടെയും വെറുപ്പിന്റെ തീപ്പന്തവും നിരോധനത്തിന്റെ വാള്‍ത്തലമൂര്‍ച്ചയുമെല്ലാം തരണംചെയ്തുള്ള പുസ്തകങ്ങളുടെ അനശ്വരസഞ്ചാരത്തെക്കുറിച്ചുള്ള പുസ്തകമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ജെ. പ്രഭാഷിന്റെ 'പുസ്തകങ്ങളെ പ്രണയിക്കുന്നവരും കത്തിക്കുന്നവരും'. വായനയുടെ ചരിത്രത്തിലും വര്‍ത്തമാനത്തിലും തുടങ്ങി ഭാവനയുടെ ഭാവിയിലേക്കു നീണ്ടുപോകുന്ന ചിന്തോദ്ദീപകമായ ലേഖനങ്ങളാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. എഴുത്തുകാരും ഭരണകൂടങ്ങളും കോടതികളും വായനക്കാരും അഭിപ്രായസ്വാതന്ത്ര്യവും ജനാധിപത്യവും പൊതുസമൂഹവുമെല്ലാം ചര്‍ച്ചയാകുന്ന മികച്ച ഒരു പുസ്തകം.
വായനക്കാരെ തേടിയുള്ള സഞ്ചാരത്തിനിടയില്‍ സാധ്യമാകുന്ന വാക്കുകളുടെ ദേശാടനത്തിന്റെ കഥയാണ് ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നതെന്ന് ജെ. പ്രഭാഷ് ആമുഖത്തില്‍ പറയുന്നു.
രാഷ്ട്രതന്ത്രത്തില്‍ ഡോക്ടറേറ്റുള്ള ജെ. പ്രഭാഷ് കേരള സര്‍വകലാശാലയുടെ മുന്‍ പ്രൊ വൈസ് ചാന്‍സിലര്‍ ആയിരുന്നു.
Content Highlights: J Prabhash Collected Essays Published by Mathrubhumi Books
Published: 18 Aug 2025, 09:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented