ആറ്റിങ്ങല്‍: നാടിനെ കൊള്ളയടിക്കാന്‍ വന്ന വിദേശികളോട് ഒരുനാട് ഒറ്റക്കെട്ടായി നടത്തിയ പോരാട്ടം. നായകനില്ലാത്ത കലാപം. ഇന്ത്യയില്‍ വിദേശാധിപത്യത്തിനെതിരേ നടന്ന ആദ്യ സായുധകലാപങ്ങളിലൊന്ന്. ഇതൊക്കെയാണ് ചരിത്രരേഖകളില്‍ ആറ്റിങ്ങല്‍ കലാപം. 1721 ഏപ്രില്‍ 14-ന് രാത്രിയില്‍ നടന്ന ആറ്റിങ്ങല്‍ കലാപം ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന് അസ്തിവാരമിട്ട പ്ലാസിയുദ്ധം നടക്കുന്നതിന് 36 വര്‍ഷം മുമ്പാണ്.
 
ആറ്റിങ്ങല്‍ കലാപത്തെത്തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ കൂടുതല്‍ കരുത്തരാകുന്നതും നാട്ടുരാജ്യങ്ങള്‍ക്കുമേല്‍ പിടിമുറുക്കുന്നതും ചരിത്രരേഖകളില്‍ കാണാം. ഇത് ആറ്റിങ്ങല്‍ കലാപത്തിന്റെ രാഷ്ട്രീയപ്രസക്തിയും വര്‍ദ്ധിപ്പിക്കുന്നു.
 
ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ ആറ്റിങ്ങലേയ്ക്കുള്ള വരവ് വാണിജ്യലക്ഷ്യം വച്ചുകൊണ്ടായിരുന്നു. ആറ്റിങ്ങല്‍ റാണിയായിരുന്ന ഉമയമ്മറാണിയുടെ കാലത്താണ്, 1678-ല്‍, ഇംഗ്ലീഷുകാരുമായുള്ള വ്യാപാരത്തെക്കുറിച്ച് ആലോചനകളുണ്ടാകുന്നത്. 1688-ല്‍ വെട്ടൂരില്‍ ഒരു വ്യാപാരകേന്ദ്രവും കോട്ടയും നിര്‍മിക്കാന്‍ ഇംഗ്ലീഷ് കമ്പനി തിരഞ്ഞെടുക്കുകയും റാണി അനുവദിക്കുകയും ചെയ്തു. എന്നാലത് നടന്നില്ല.
 
1693-ല്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനി വിഴിഞ്ഞത്തെ കുന്ന് 6000 പണത്തിന് വിലയ്ക്കെടുത്തു. അതേവര്‍ഷം തന്നെ ആറ്റിങ്ങല്‍ പ്രവിശ്യയിലൊരു കോട്ട പണിയാനും കമ്പനി തീരുമാനിച്ചു. 1694 ജൂണ്‍ 29-ന് അഞ്ചുതെങ്ങില്‍ കോട്ടകെട്ടാനും കുരുമുളക് വ്യാപാരം ചെയ്യാനും ഉമയമ്മറാണി ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിക്ക് അനുമതി നല്കി. 1696-ല്‍ തറക്കല്ലിട്ട കോട്ട 1699-ല്‍ പൂര്‍ത്തിയാക്കി.
 
കോട്ടനിര്‍മാണത്തിനിടയില്‍ത്തന്നെ നാട്ടുകാരുടെ എതിര്‍പ്പ് പലകുറിയുണ്ടായി. പില്‍ക്കാലത്ത്, ഇംഗ്ലീഷുകാരുടെ ദ്രോഹപ്രവൃത്തികള്‍ നാട്ടുകാരെ ഒരുമിപ്പിച്ചു. വെട്ടൂരിലെ ഇംഗ്ലീഷുകാരുടെ കുരുമുളക് സംഭരണകേന്ദ്രത്തിനു നാട്ടുകാര്‍ തീയിട്ടു. 1721 ജനുവരിയില്‍ വാര്‍ട്ടര്‍ബ്രൗണ്‍ എന്നയാളുടെ നേതൃത്വത്തില്‍ 300 പട്ടാളക്കാരെ ആറ്റിങ്ങലിലേയ്ക്കയച്ചു.
 
കമ്പനിയുടെ നീക്കങ്ങള്‍ നാട്ടുകാര്‍ക്കിടയില്‍ കൂടുതല്‍ അമര്‍ഷമുണ്ടാക്കി. 1721 ഏപ്രില്‍ 14-ന് ആറ്റിങ്ങല്‍ റാണിക്കുള്ള വാര്‍ഷികകപ്പവും പാരിതോഷികങ്ങളുമായി കമ്പനിസംഘം കൊട്ടാരത്തിലെത്തി. കൊട്ടാരം സന്ദര്‍ശിച്ച ശേഷം സംഘം ജലമാര്‍ഗം വാമനപുരം നദിയിലൂടെ അഞ്ചുതെങ്ങിലേയ്ക്ക് പോകുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് കരുതുന്നത്. ആക്രമണത്തില്‍ എത്ര ഇംഗ്ലീഷുകാര്‍ കൊല്ലപ്പെട്ടു എന്നതു സംബന്ധിച്ചും അവ്യക്തതകളുണ്ട്. 140, 141, 151 എന്നിങ്ങനെ വിവിധ സംഖ്യകള്‍ പറയുന്നുണ്ട്.
 
1731-ജനുവരി 10-ന് ആറ്റിങ്ങല്‍ റാണി കമ്പനിക്കയച്ച കത്തില്‍ വില്യം ഗിഫോര്‍ഡും 10 ഇംഗ്ലീഷുകാരുമാണ് കൊല്ലപ്പെട്ടതെന്നു സൂചിപ്പിക്കുന്നുണ്ട്. ഇതേവര്‍ഷം ജൂണില്‍ ആറ്റിങ്ങല്‍ റാണി സെന്റ്ഫോര്‍ട്ട് ഗവര്‍ണര്‍ക്കയച്ച കത്തില്‍ 150 പടയാളികളെക്കുറിച്ച് പറയുന്നുണ്ട്. ഇതില്‍നിന്ന് 11 ഇംഗ്ലീഷുകാര്‍ക്കൊപ്പം നാട്ടുകാരായ പടയാളികളും കൊല്ലപ്പെട്ടുവെന്നും ഒരു ചെറുയുദ്ധംതന്നെ നടന്നുവെന്നും വ്യക്തമാണ്. കലാപത്തെത്തുടര്‍ന്ന് നാട്ടുകാര്‍ അഞ്ചുതെങ്ങ് കോട്ട ഉപരോധിച്ചു.
 
ജൂണ്‍ 24ന് കോട്ടയ്ക്കു നേരേ നാട്ടുകാരുടെ ആക്രമണവുമുണ്ടായി. തലശ്ശേരിയില്‍നിന്ന് കൂടുതല്‍ ആയുധങ്ങളുമായി ബ്രിട്ടീഷ് സേനയെത്തി കലാപം അടിച്ചമര്‍ത്തി. ബ്രിട്ടീഷുകാര്‍ നാട്ടില്‍ പിടിമുറുക്കുന്നതാണ് പിന്നീട് ചരിത്രം കണ്ടത്. പൂര്‍വികരുടെ വീരസ്മരണകളാണ് ഈ 300-ാം വാര്‍ഷികത്തില്‍ ആറ്റിങ്ങലുകാര്‍ ഓര്‍ത്തെടുക്കുന്നത്.
 
കലാപത്തിന്റെ ഓര്‍മ നിലനിര്‍ത്താനായി ആറ്റിങ്ങല്‍ കൊട്ടാരത്തിന്റെ മുഖമണ്ഡപമായ മണ്ഡപക്കെട്ടിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണിപ്പോള്‍.
 
Content Highlights: Attingal Revolt 300 th anniversary