മുക്കിടയില്‍ ജീവിച്ച മഹാകവിയാണ് അക്കിത്തം. പ്രായം 93 ലെത്തിയപ്പോഴും അക്കിത്തത്തിന്റെ മനസ്സില്‍ വരികള്‍ പിറന്നു. വിചാരങ്ങള്‍ സംഭവിച്ചു. മാതൃഭൂമിക്ക് നല്‍കിയ ഈ സംഭാഷണത്തില്‍ അക്കിത്തം തന്റെ നിലപാടുകളും ദര്‍ശനങ്ങളും കവിതയുടെ സൗന്ദര്യശാസ്ത്രവും വിശദീകരിക്കുന്നു. മാതൃഭൂമി വാരാന്തപ്പതിപ്പിന് പ്രത്യേകമായി നല്‍കിയ അഭിമുഖത്തിന്റെ പുനഃപ്രസിദ്ധീകരണം

കവിത എഴുതണമെന്ന് തോന്നുന്നില്ലേ? മുമ്പ് കവിതയും ഗദ്യവും നിരന്തരമായി പ്രവഹിച്ചിരുന്ന മനസ്സ് ഇപ്പോള്‍ ശൂന്യമാണോ ?

ഉറങ്ങാന്‍ വയ്യാതെ ബുദ്ധിമുട്ടിച്ചിരുന്ന കവിതകളുണ്ടായിരുന്നു. നമ്മളെ നിയന്ത്രിക്കുന്ന ശക്തി എഴുതിക്കുന്ന കാലവുമുണ്ടായിരുന്നു. കവിത ഉള്ളില്‍ വരുന്നുണ്ടെങ്കിലും എഴുതണമെന്ന് തോന്നുന്ന വിധത്തിലുള്ള പാകപ്പെടല്‍ നടക്കുന്നില്ല. ശരീരക്ലേശം വല്ലാതെ അലട്ടുന്നുണ്ട്. ഒരിക്കല്‍ പി.സി.യുമായുള്ള (ഉറൂബ്) വര്‍ത്തമാനത്തിനിടയില്‍ ഒരേ വിഷയത്തില്‍ രണ്ടാള്‍ക്കും എഴുതിനോക്കിക്കൂടേ എന്ന തോന്നലുണ്ടായി. ഒറ്റരാത്രികൊണ്ട് പി.സി. 'ചട്ടുകാലി' എന്ന കഥയും ഞാന്‍ 'മാധവിക്കുട്ടി' എന്ന കവിതയും എഴുതി. അങ്ങനെ ആവേശകാലവും ഉണ്ടായിരുന്നു എന്നര്‍ഥം.

പ്രായം സര്‍ഗാത്മകതയെ ബാധിക്കുന്ന വിധത്തില്‍ ഒരു ഘടകംതന്നെയായി മാറുന്നുണ്ടോ ? 

വായന കുറച്ചൊക്കെയുണ്ട്. കവിത പറഞ്ഞുകൊടുത്ത് എഴുതിക്കുന്ന വിദ്യ ഒട്ടും വശമില്ല. നല്ല പുസ്തകങ്ങള്‍ വായിക്കാനുള്ള മനസ്സ് ബാക്കിയുണ്ട്. പകരാവൂര്‍ ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ ഓര്‍മകള്‍ വായിച്ചു. നല്ല പുസ്തകമാണ്.

പഴയ കാലത്തിലേക്ക് മടങ്ങാന്‍ ആ വായന സഹായിച്ചോ? അന്നത്തെ നിലപാടുകളില്‍നിന്ന് മാറ്റംവന്നിട്ടുണ്ടോ ?

ജീവനോടുള്ള കാരുണ്യമാണ് ഏറ്റവും വലിയ ആദര്‍ശം എന്ന് കുട്ടിക്കാലത്തേ തോന്നിയിട്ടുണ്ട്.

അത്തരം വിശ്വാസത്തെ വേദനിപ്പിക്കുന്ന സംഭവങ്ങള്‍ ധാരാളമായി നടക്കുന്നുണ്ടല്ലോ? എഴുത്തുകാരടക്കം ഭീഷണിയിലാവുകയാണ്. ഇങ്ങനെയൊരു കാലസ്ഥിതിയുടെ സാഹചര്യം എന്താണ് ?

മനുഷ്യര്‍ സ്വാര്‍ഥിയാവുകയാണ്. സ്വാര്‍ഥം മറ്റെല്ലാ ഭാവങ്ങളെയും അതിജീവിക്കും. എഴുത്തിന് ശക്തിയുള്ളതുകൊണ്ടാണ് എഴുത്തുകാര്‍ കൊല്ലപ്പെടുന്നത്.

പല ദേശങ്ങളും കലാപഭൂമികളാവുന്നല്ലോ ?

ആളുകളുടെ മനസ്സിലുള്ള വിരോധങ്ങള്‍ തീര്‍ക്കലാണത്. ഒട്ടും ശരിയല്ല.

എഴുത്തുകാരന് കക്ഷിരാഷ്ട്രീയം ആവശ്യമാണോ ?  

കക്ഷിരാഷ്ട്രീയമാണ് ഉദ്ദേശിക്കുന്നത് എങ്കില്‍ ഒരു കവിക്ക് കവിതകള്‍ പാര്‍ട്ടിയുടെ പ്രചാരവേലയ്ക്കുവേണ്ടിയാക്കേണ്ടിവരും. കവിതയാണ് യഥാര്‍ഥ സാഹിത്യം. പ്രചാരണത്തിനും രാഷ്ട്രീയത്തിനും കവിത എളുപ്പമായ മാധ്യമമാണ്. പക്ഷേ, 'കവിത' കഷ്ടിയായിരിക്കും. മനുഷ്യസ്വഭാവത്തിന്റെ അനന്തവൈചിത്ര്യങ്ങള്‍ ആവിഷ്‌കരിക്കാന്‍ നോവലിലേ സാധിക്കൂ എന്ന് ഉറൂബ് പറഞ്ഞിട്ടുണ്ട്.

മഹാകാവ്യങ്ങളിലും അത് സാധ്യമല്ലേ ?

ആരാണ് ഇന്ന് മഹാകാവ്യം മുഴുവനായി വായിക്കുക. നോവല്‍പോലെ വായിച്ചുപോകാന്‍ പറ്റില്ലല്ലോ.

പുരോഗമന കലാസാഹിത്യസംഘത്തിന്റെ അമരത്തിരുന്നിട്ടുള്ള വൈലോപ്പിള്ളിയുടെ കവിതകളില്‍ പ്രചാരണരാഷ്ട്രീയം കാണുന്നില്ലല്ലോ ?

പേരിനുമാത്രമുള്ള രാഷ്ട്രീയമേ വൈലോപ്പിള്ളിയില്‍ ഉണ്ടായിരുന്നുള്ളൂ. ജി. ശങ്കരക്കുറുപ്പിനും അങ്ങനെത്തന്നെയായിരുന്നു.

എഴുത്തുകാരന്റെ രാഷ്ട്രീയബോധംകൊണ്ട് സാഹിത്യത്തിന് എന്താണ് പ്രയോജനം ?

സാഹിത്യത്തിനല്ല, പാര്‍ട്ടിക്കാണ് പ്രയോജനം. പാര്‍ട്ടി നിലനില്‍ക്കുക, നിലനിര്‍ത്തുക എന്നത് എഴുത്തിന്റെ ലക്ഷ്യമായി മാറും.

സ്വാതന്ത്ര്യസമരകാലത്തെ കവികളുടെ ദേശീയബോധവും മറ്റൊരു രാഷ്ട്രീയമല്ലേ ?  

വള്ളത്തോളിന്റെ ആദ്യകാലകവിതകളില്‍ ഭാരതീയ സാംസ്‌കാരികവിശേഷങ്ങള്‍ ഉണ്ടായിരുന്നു. റഷ്യന്‍ സന്ദര്‍ശനത്തിനുശേഷം അവരെ ബഹുമാനിക്കുന്ന കവിതയും അദ്ദേഹം എഴുതി.

കുമാരനാശാനോ ?

വള്ളത്തോളിന് ഗാന്ധിജിയായിരുന്നു സ്വാധീനമെങ്കില്‍ കുമാരനാശാന് ശ്രീനാരായണഗുരുവായിരുന്നു ഗുരുനാഥന്‍. ധാരാളം ഐഡിയോളജിയുള്ള കവിയായിരുന്നു ആശാന്‍. കുമാരനാശാന്‍ കവിയല്ല തത്ത്വജ്ഞാനിയാണെന്ന് ഐന്റ ഒരു മിത്രം പറയുകയുണ്ടായി. ഭാവപ്രകാശനശേഷി വള്ളത്തോളിലാണ് അധികം കാണുക.

ഒരു കവി എന്നനിലയില്‍ ശ്രീനാരായണഗുരുവിനെ വിലയിരുത്തുന്നത് എപ്രകാരമാണ് ?

ഭക്തിരസം കലര്‍ന്ന, ഭക്തി പൊന്തിനില്‍ക്കുന്ന കവിതകളാണ്.

കഥാഗ്രേസരന്മാര്‍ കൂടിയായിരുന്ന കവികളുടെ കൂട്ടത്തിലാണ് അക്കിത്തത്തിനും സ്ഥാനം. കവിതയ്ക്കുള്ളില്‍ കഥയുടെ നിര്‍വഹണം എന്ന രസതന്ത്രവിദ്യ എങ്ങനെ സാക്ഷാത്കരിക്കുന്നു ?

സങ്കല്പങ്ങള്‍ എഴുതിയാല്‍ കൂടുതല്‍ക്കാലം നിലനില്‍ക്കില്ല എന്ന് കെ.പി. നാരായണപ്പിഷാരടി പറഞ്ഞിട്ടുണ്ട്. കവിത മനസ്സില്‍ നില്‍ക്കണമെങ്കില്‍ കഥ വേണം. ലിറിക്കലായിട്ടുമാത്രം കാര്യമില്ല, ഭംഗിമാത്രമേ അവശേഷിക്കൂ.

അവിസ്മരണീയമായ രചനാനുഭവം പറയൂ ?

ഓണക്കാലത്ത് പ്രക്ഷേപണംചെയ്യാനായി ഖണ്ഡകാവ്യം വേണമെന്ന് ആകാശവാണി സ്റ്റേഷന്‍ ഡയറക്ടര്‍ ആവശ്യപ്പെട്ടു. ഓണം അടുത്തുവരികയാണ്. ഉദ്യോഗക്കാര്യംകൂടിയാണല്ലോ. കവിത പ്രസാദിക്കുന്നില്ല. 'വീട്ടില്‍ പൊയ്‌ക്കോളൂ. കവിതയായിട്ട് വന്നാല്‍ മതി' എന്ന് സ്റ്റേഷന്‍ ഡയറക്ടര്‍ അനുമതി നല്‍കി. ഞാനന്ന് കോഴിക്കോട്ട് തിരുവണ്ണൂരാണ് താമസം. ആദ്യം തരംഗിണി വൃത്തത്തില്‍ എഴുതി. കഥാഖ്യാനത്തിന് സുഖം പോരാ എന്നുതോന്നി. കേകയും അനുഷ്ടുപ്പുമാണ് യോജ്യം. കേകയിലേക്ക് മാറി. നാലുദിവസംകൊണ്ട് എഴുതിയതാണ് 'ബലിദര്‍ശനം'. മഹാബലിയെ ചവിട്ടിത്താഴ്ത്തിയതല്ല; ബലി സ്വന്തം വീട്ടിലേക്ക് പോയതാണ് എന്ന സങ്കല്പം കൊണ്ടുവന്നു. കാലുകൊണ്ടുള്ള അനുഗ്രഹമായി വ്യാഖ്യാനിക്കാമല്ലോ. പ്രക്ഷേപണംചെയ്ത ആദ്യദിവസം അതുകേട്ട് വി.എം. നായര്‍ വീട്ടില്‍ വന്ന് കവിത 'മാതൃഭൂമി'ക്കുവേണമെന്ന് പറഞ്ഞു.

വൃത്തഘടനയെക്കുറിച്ച് പറഞ്ഞല്ലോ. കവിതയ്ക്ക് വൃത്തം അനിവാര്യമാണോ ?

വൃത്തത്തിലെഴുതാനുള്ള കഴിവുകേടുകൊണ്ട്, വൃത്തമില്ലാത്ത കവിതയാണ് നല്ലത് എന്ന് കവികള്‍ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു. വൃത്തനിരാസം ഒരു വിദ്യകൂടിയാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന് വൃത്തത്തിലും ഗദ്യത്തിലും നന്നായിട്ട് എഴുതാനറിയാം. ഒരര്‍ഥത്തില്‍ ഒരു തലമുറയുടെ ശക്തി ബാലചന്ദ്രന്‍ ചുള്ളിക്കാടില്‍ അവസാനിക്കുകയാണ്. എസ്.രമേശന്‍ നായര്‍ പ്രതിഭാശാലിയായ കവിയാണ്.

മികച്ച കാവ്യനിരൂപണങ്ങളും കുറവാകുകയല്ലേ ?

എം.പി.ശങ്കുണ്ണി നായര്‍ നിരൂപണരാജ്യത്തെ രാജാവായിരുന്നു. കവിയെപ്പോലെ നിലനില്‍ക്കുന്ന നിരൂപകന്‍. ശങ്കുണ്ണിനായര്‍ എഴുതിയപോലുള്ള നിരൂപണങ്ങള്‍ വരുന്നില്ല. മാതൃകാപരമായിരുന്നു അത്.

വി.ടി. ഭട്ടതിരിപ്പാട് അക്കിത്തത്തെ സ്വാധീനിച്ച വിധം?

മാനവികമായ ആദര്‍ശങ്ങള്‍തന്നെ. സമുദായങ്ങളെ നിയന്ത്രിച്ചിരുന്ന പഴമക്കാരായിരുന്നു നമ്പൂതിരിമാര്‍. നമ്പൂതിരിയെ കെട്ടഴിച്ചുവിട്ടാല്‍ മറ്റുള്ളവരും കെട്ടഴിഞ്ഞപോലെയായി എന്ന് വി.ടി. പറയാറുണ്ടായിരുന്നു.

കുറിയേടത്ത് താത്രിയുടെ അപഥസഞ്ചാരങ്ങളെ എങ്ങനെ വിലയിരുത്തുന്നു ?

ഭര്‍ത്തൃപിതാവില്‍നിന്നുണ്ടായ ദുരനുഭവമാണ് കുറിയേടത്ത് താത്രിക്ക് വീണ്ടുവിചാരമുണ്ടാക്കിയത്. പരപുരുഷനെ പ്രാപിക്കലിലെ മൂല്യബോധമൊക്കെ സ്വന്തം അനുഭവവെളിച്ചത്തില്‍ താത്രി നിരാകരിച്ചു. സാമൂഹികനിയമങ്ങളോടുള്ള പോരാട്ടമായും പുരുഷന്മാരോടുള്ള ദേഷ്യവുമൊക്കെയായി അതിനെ വ്യാഖ്യാനിക്കാം.

കോഴിക്കോട് ആകാശവാണിക്കാലത്തെ ജീവിതാനുഭവങ്ങളില്‍ പച്ചപിടിച്ചുനില്‍ക്കുന്നത് എന്തൊക്കെയാണ് ?

കോഴിക്കോട് ഗാന്ധിഗൃഹത്തില്‍ കേളപ്പജിക്കൊപ്പം താമസിക്കാനുള്ള അവസരമുണ്ടായി. 'മാതൃഭൂമി'യിലെ ഗംഗാധരന്‍ നമ്പൂതിരിയും കൂടെയുണ്ടായിരുന്നു. ആകാശവാണിയില്‍ 'ഗാന്ധിമാര്‍ഗം' അവതരിപ്പിക്കാനുള്ള ചുമതല എനിക്കായിരുന്നു. ഗാന്ധിസാഹിത്യം മുഴുവനായി വായിക്കാന്‍ ആ കാലം പ്രയോജനപ്പെടുത്തി. എം.ടി. വാസുദേവന്‍ നായര്‍ക്കൊപ്പവും താമസിച്ചിട്ടുണ്ട്. വാസു ഇരുട്ടിന്റെ ആത്മാവും ഞാന്‍ വെണ്ണക്കല്ലിന്റെ കഥയും എഴുതുന്നത് ഒരേ സമയത്താണ്. വാസുവാണ് എന്നെക്കൊണ്ട് 'നിത്യമേഘം' എഴുതിക്കുന്നത്.

എം.ടി.യുടെ ഉയര്‍ച്ചയ്ക്ക് സാക്ഷികൂടിയാണല്ലോ. എം.ടി.യുടെ എഴുത്തിനെ എങ്ങനെ നോക്കിക്കാണുന്നു ?

കാവ്യാത്മകമാണ് എം.ടി.യുടെ എഴുത്ത്. 'നാലുകെട്ട്' മനോഹരമായ നോവലാണ്. മൂകാംബികയാത്ര പശ്ചാത്തലമായി എഴുതിയ കഥ ഇപ്പോഴും മനസ്സില്‍ തങ്ങിനില്‍ക്കുന്നു. പി.സി.യുടെയും വാസുവിന്റെയും കഥാപാത്രങ്ങളുടെ മാനസികാവസ്ഥ വ്യത്യസ്തമാണ്. ലോകസാഹിത്യത്തിലേക്ക് തര്‍ജമചെയ്താല്‍ നില്‍ക്കുമെന്ന് തോന്നിയ കഥാകൃത്താണ് ഉറൂബ്; അടുത്ത തലമുറയില്‍ എം.ടി.യും. വി.കെ.എന്‍., ഒ.വി.വിജയന്‍ എന്നിവര്‍ വ്യക്തിത്വമുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ചു.

അക്കിത്തം കവിതയിലൂടെ മൂസയും അബ്ദുള്ളയും പഠിക്കപ്പെടേണ്ട കഥാപാത്രങ്ങളാണ്. അവരുമായുള്ള ആത്മബന്ധത്തെപ്പറ്റി പറയൂ ? 

'നീലിയാട്ടിലെ തണ്ണീര്‍പ്പന്തല്‍' എന്ന കവിതയിലെ കഥാപാത്രമാണ് മൂസ. ആകാശവാണിയിലെ ജോലിക്കാലത്ത് കോഴിക്കോട്ടേക്ക് ബസ് കാത്തുനില്‍ക്കുമ്പോള്‍ സ്ഥിരം വര്‍ത്തമാനക്കാരനായിരുന്നു വളവിങ്കല്‍ മൂസ. ഞങ്ങള്‍ ബസ് സ്റ്റോപ്പിലെ സിമന്റ് തിട്ടിലിരുന്ന് മുറുക്കുകയും ലോകകാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുമായിരുന്നു. ഏറെക്കഴിഞ്ഞാണ് കുട്ടികളെല്ലാം അകാലത്തില്‍ മരിച്ച ദുഃഖവുമായിട്ടാണ് മൂസ ജീവിക്കുന്നത് എന്നറിഞ്ഞത്. ആ ദുഃഖമാണ് കവിതയായി വരുന്നത്. അബ്ദുള്ള സഹപാഠിയായിരുന്നു. ചാലിശ്ശേരിക്കടുത്തായിരുന്നു താമസം. ഇരുവരും ഇന്നില്ല. മനുഷ്യസ്നേഹത്തിന്റെ പ്രതീകങ്ങളാണവര്‍.

ഈയിടെ രാമായണത്തെക്കുറിച്ചുള്ള പ്രസംഗത്തില്‍ ലക്ഷ്യംവെച്ചത് എന്താണ് ?

ബാലഗോകുലം സ്ഥാപകന്‍ എം.എ. കൃഷ്ണന്റെ നവതിയാഘോഷവേളയില്‍ 'കേശവദേവ്, രാമായണം കത്തിക്കണ'മെന്ന് പറഞ്ഞത് പ്രസംഗത്തില്‍ ഓര്‍മിക്കാന്‍ ഇടവന്നു. കേശവദേവിന്റെ പ്രസംഗം ഞാന്‍ കേട്ടിട്ടുണ്ട്. ഇന്ന് എല്ലാവരും രാമായണം വായിക്കാന്‍ തുടങ്ങിയിരിക്കുന്നു. രാമായണം ഇന്ത്യയുടെ ആത്മാവാണ്. ക്ഷേത്രപുനരുദ്ധാരണങ്ങള്‍ക്കും ജാതിക്കതീതരായി ജാതിരഹിത ബ്രാഹ്മണരെ വാര്‍ത്തെടുക്കാനും അവരെ പൂജാരിമാരാക്കാനും ശ്രമിച്ച മാധവ്ജിയെ ഞാന്‍ സ്മരിച്ചു. ഇരുവരും എന്റെ മിത്രങ്ങളായിരുന്നു. ഇവരുടെ പ്രവര്‍ത്തനഫലമായാണ് രാമായണം ഏവരും വായിക്കാന്‍ തുടങ്ങിയത് എന്നായിരുന്നു  എന്റെ പ്രസംഗത്തിന്റെ ചുരുക്കം.

കവിയരങ്ങുകള്‍ അങ്ങേക്ക് നല്‍കിയതെന്താണ് ?

കവിയരങ്ങുകളില്‍ വായിക്കാന്‍വേണ്ടി കവിതകള്‍ എഴുതിയിരുന്നു. വള്ളത്തോള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത കവിയരങ്ങില്‍ കവിത വായിക്കാന്‍ സാധിച്ചു.

കവിത എഴുതാത്തതിനാല്‍ അസ്വസ്ഥനാണോ? കവിതയുടെ കാതല്‍ എന്താണ് ?

പ്രേരണവരാതെ, കാശ് എന്ന ഉദ്ദേശ്യംവെച്ച് കവിതയെഴുതുക വയ്യ. കഥയുടെയും കവിതയുടെയും കാതല്‍ ആനന്ദമാണ്. എഴുതുമ്പോള്‍ കവിക്കും വായിക്കുമ്പോള്‍ വായനക്കാരനും ആനന്ദമുണ്ടായാലേ 'പകര്‍ന്നുകൊടുക്കല്‍' സാധ്യമാകൂ.

( മാതൃഭൂമി വാരാന്തപ്പതിപ്പിന് പ്രത്യേകമായി നല്‍കിയ അഭിമുഖത്തിന്റെ പുനഃപ്രസിദ്ധീകരണം)