പിന്നെയും പിന്നെയും കഥകേള്‍ക്കണമെന്ന് ശാഠ്യംപിടിച്ച തന്റെ എട്ടുവയസ്സുകാരി മകള്‍ക്ക് അവരൊരു കഥ പറഞ്ഞുകൊടുത്തു. തന്റെ വീട്ടില്‍ വിരുന്നെത്തി വീട്ടുകാരിയായ ഒരു പൂച്ചയുടെ കഥ. കുറിഞ്ഞിപ്പൂച്ചയുടെ കഥ. ആദ്യമായി സുമംഗല എന്ന കുട്ടിക്കഥകളുടെ എഴുത്തുകാരി പറഞ്ഞ കഥയതായിരുന്നു. പിന്നെയും ഒരുപാട് കഥകള്‍ അവര്‍ മക്കള്‍ക്ക് പറഞ്ഞുകൊടുത്തു, അണ്ണാന്റെ, കാക്കയുടെ, പശുക്കിടാവിന്റെ, നായക്കുട്ടിയുടെ... പിന്നീടാക്കഥകള്‍ അവര്‍ ഓര്‍ത്തെഴുതി. ഒരായിരം കുഞ്ഞുങ്ങള്‍ സുമംഗലയിലൂടെ മുത്തശ്ശിക്കഥകള്‍ വായിച്ചും അറിഞ്ഞു വളര്‍ന്നു.

സുമംഗല എന്ന തൂലികാനാമത്തിലൂടെ പ്രശസ്തയായ എഴുത്തുകാരി ലീല നമ്പൂതിരിപ്പാട്. മലയാളത്തിന്റെ പ്രിയപ്പെട്ട കുട്ടിക്കഥയെഴുത്തുകാരി. 1934ല്‍ ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാടിന്റെയും ഉമാ അന്തര്‍ജനത്തിന്റെയും മകളായി പാലക്കാട്ട് ജനിച്ചു. ഒരുപാട് കുട്ടിക്കഥകളെഴുതി. പച്ചമലയാളം നിഘണ്ടു തയ്യാറാക്കി. കൃതികള്‍ മലയാളത്തിലേക്ക് തര്‍ജമചെയ്തു. കേന്ദ്രകേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍...  

സുമംഗലയുടെ വിയോഗത്തില്‍ മാതൃഭൂമി ഡോട്ട്‌കോമിന് 2016 ല്‍ നല്‍കിയ അഭിമുഖം പുന:പ്രസിദ്ധീകരിക്കുന്നു.

ഇപ്പോഴും എഴുതുന്നുണ്ടോ?

ഇപ്പോഴും എഴുതുന്നുണ്ട്. മൂന്നുവര്‍ഷം ഞാന്‍ ഒന്നും എഴുതിയിരുന്നില്ല. അന്നെനിക്ക് തീരെ എഴുതാനാകുന്നില്ലായിരുന്നു. എന്തിന് ചെക്കില്‍ ഒപ്പിടാന്‍ പോലുമായിരുന്നില്ല. എന്റേത് നല്ല കൈയക്ഷരമായിരുന്നു. പക്ഷേ, എഴുതാന്‍ പറ്റാതായി പിന്നീട്. പിന്നെപ്പിന്നെ കുറച്ചുകുറച്ച് എഴുതി. കൈയക്ഷരം മോശമായി. ഇപ്പോള്‍ വീണ്ടും എഴുതിത്തുടങ്ങി. ഭാഗവതത്തില്‍ നിന്നുള്ള കഥകള്‍ മാത്രം എടുത്തെഴുതുകയാണിപ്പോള്‍.

എങ്ങനെയാണ് കുട്ടിക്കഥകളെഴുതുന്നത്? എന്തുകൊണ്ടാണ് കുട്ടിക്കഥകള്‍?

മകള്‍ക്കെന്നും കഥ കേള്‍ക്കണം. വായിച്ച കഥകളും കേട്ട കഥകളുമൊക്കെ പറഞ്ഞുതീര്‍ന്നു. എനിക്ക് 25 വയസ്സുള്ളപ്പോള്‍ മകള്‍ക്കന്ന് എട്ടു വയസ്സ്. അറിയാവുന്ന പുരാണകഥകളും ഒക്കെ തീര്‍ന്നുപോയപ്പോള്‍ ഞാന്‍ സ്വന്തമായൊരു കഥ ഉണ്ടാക്കി പറഞ്ഞു കൊടുത്തു.

അതൊരു പൂച്ചയുടെ കഥയായിരുന്നു. എവിടെനിന്നോ വന്ന് വീട്ടില്‍ക്കഴിയുന്ന ഒരു പൂച്ചയുണ്ടായിരുന്നു. അതിന്റെ കഥയായിരുന്നു അത്. ആ പൂച്ചയുടെ ഒരുദിവസം. പിന്നീട് ഞാന്‍തന്നെ അവള്‍ക്ക് കഥകളുണ്ടാക്കി പറഞ്ഞുകൊടുക്കാന്‍ തുടങ്ങി. ആണ്‍മക്കളും പിന്നീട് കഥകള്‍ കേട്ടും ഇഷ്ടപ്പെട്ടും തുടങ്ങി. അങ്ങനെ ഒരുപാട് കഥകളുണ്ടായി. മിസ്ട്രി നിറഞ്ഞ കഥകളൊക്കെ പറഞ്ഞുതുടങ്ങി. കുഞ്ഞുങ്ങള്‍ക്കതൊക്കെ ഇഷ്ടായി.

ആദ്യമായി പ്രസിദ്ധീകരിച്ചു തുടങ്ങിയത്?

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു കഥ പ്രസിദ്ധീകരിച്ചിരുന്നു. അതാണ് പ്രസിദ്ധീകരിച്ചുവരുന്ന ആദ്യകഥ. അത് കുട്ടികള്‍ക്കുള്ളതായിരുന്നില്ല. മകള്‍ക്ക് വേണ്ടി പറഞ്ഞു കൊടുത്ത അഞ്ച് കഥകള്‍ എന്‍.ബി.എസ്. പ്രസിദ്ധീകരിച്ചു. തിരുവനന്തപുരത്തുനിന്നിറങ്ങുന്ന പൂമ്പാറ്റയിലാണ് കുട്ടികള്‍ക്കുള്ള കഥകള്‍ പ്രസിദ്ധീകരിച്ചു വന്നിരുന്നത്. പി.എ. വാര്യരായിരുന്നു അന്ന് എഡിറ്റര്‍. എഴുതാതിരിക്കാനേ സമ്മതിക്കില്ലായിരുന്നു അദ്ദേഹം. ഒരുപാട് എഴുതി അങ്ങനെ.

പിന്നെയും പുസ്തകങ്ങളായി. ചില പബ്ലിഷര്‍മാരൊക്കെ ചെറിയ പൈസയേ തന്നുള്ളൂ. പുസ്തകങ്ങള്‍ ഒരുപാട് പതിപ്പുകളിറങ്ങിയിരുന്നു. പക്ഷേ, അവരെന്നെ പറ്റിച്ചതല്ല. എനിക്കതിനെക്കുറിച്ചൊന്നും അറിയാത്തതുകൊണ്ടായിരുന്നു അത്. പിന്നെ, മുപ്പതാം വയസ്സിലാണ് പച്ചമലയാളം നിഘണ്ടു എഴുതുന്നത്. അച്ഛനുമായി സംസാരിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് അച്ഛന്‍ പറയുന്നത്  മലയാളത്തില്‍ പലയിടത്തും ഒരേ കാര്യത്തിന് പലതാണ് പറയാറ്. പക്ഷേ, അതിന്റെ അര്‍ഥമുള്ള നിഘണ്ടുവില്ലായെന്ന്. ഇംഗ്ലീഷിലൊക്കെ അതുണ്ട്. മലയാളത്തിലും ആരെങ്കിലും അത് ചെയ്യേണ്ടതുണ്ട് എന്ന്.

അന്ന് ചാടിക്കേറി ഞാന്‍ തന്നെ അതു ചെയ്താലോന്ന് ചോദിച്ചു. ഇന്നാണെങ്കില്‍ ഞാനത് ചോദിക്കില്ലായിരുന്നു. അതിന് തുനിയില്ലായിരുന്നു. അന്നങ്ങനെ അത് ചെയ്തുതുടങ്ങി. പോസ്റ്റ് കാര്‍ഡിലാണ് എഴുതുക. ഒരുപാട് അതിനെക്കുറിച്ച് അന്വേഷിച്ചു. ചെമ്മീന്‍, രണ്ടിടങ്ങഴി പോലെയുള്ള പുസ്തകങ്ങള്‍ വായിച്ചു. പത്തുവര്‍ഷമെടുത്തു അത് പൂര്‍ത്തിയാകാന്‍. ഭാഷാശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ മകള്‍ കുറേ സഹായിച്ചു.

എം.കെ. സാനു മാഷാണ് അത് പ്രകാശനംചെയ്തത്. ഇന്നത്തെ 'അടിപൊളി', 'തല്ലിപ്പൊളി' തുടങ്ങിയ വാക്കുകളൊന്നും അന്നില്ല. അതിനാല്‍ അതൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. പക്ഷേ, ഇന്നുള്ളവര്‍ക്കറിയാത്ത പലവാക്കുകളും അതിലുണ്ട്. കുറേ പ്രസാധകരുടെ ൈകയിലൂടെ അത് പോയി. ചിലരൊക്കെ കുറച്ച് കോപ്പി അടിച്ചു. പൈസയൊന്നും തന്നില്ല.

ലീല നമ്പൂതിരിപ്പാട് എന്തുകൊണ്ടാണ് സുമംഗല എന്ന തൂലികാനാമത്തില്‍ എഴുതിത്തുടങ്ങിയത്?

സ്വന്തം പേരിലെഴുതാനുള്ള മടി. ഞാനാണെഴുതുന്നതെന്ന് ആര്‍ക്കും മനസ്സിലാകരുതെന്നുണ്ടായിരുന്നു. അന്നൊന്നും എഴുത്തൊന്നും ബന്ധുക്കളൊന്നും അംഗീകരിക്കില്ലായിരുന്നുവെന്നു തോന്നി. അന്നത്തെ കാലമല്ലേ. അങ്ങനെ പേര് തിരയാന്‍ തുടങ്ങി. സാഗരിക, മാളവിക, സുദക്ഷിണ, പ്രിയംവദ തുടങ്ങിയ പേരുകളൊക്കെയായിരുന്നു മനസ്സില്‍. പക്ഷേ, അന്ന് എന്റെ അടുത്ത കൂട്ടുകാരി മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ പ്രൊഫസര്‍ രാധാ പത്മനാഭനാണ് സുമംഗല എന്ന പേര് നിര്‍ദേശിച്ചത്.

ഭര്‍ത്താവ് അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടിന്റെ ഇല്ലമായ ദേശമഗംലത്തിന്റെ 'മംഗല'യെടുത്തു അതിനുമുന്നില്‍ സു എന്നും ചേര്‍ത്തു. അങ്ങനെ സുമംഗലയായി. ആദ്യമൊന്നും ആരോടും പറഞ്ഞില്ല ഞാനാണ് അതെന്ന്. അച്ഛനോട് പറയാത്തതില്‍ കുറ്റബോധം തോന്നി. അങ്ങനെ അച്ഛന് എഴുത്തെഴുതി. ഞാനാണ് ആ പേരിലെഴുതുന്നതെന്ന് ആരോടും അമ്മയോടു പോലും പറയരുതെന്നും എഴുതിയിട്ടുണ്ടായിരുന്നു. പക്ഷേ, അച്ഛനെല്ലാവരോടും പറഞ്ഞു. അങ്ങനെ അറിഞ്ഞുതുടങ്ങി.

രാധാ പത്മനാഭന് ഇന്ന് 90 വയസ്സ് പ്രായമുണ്ടാകും. അവരാണെന്നെ വായിക്കാനൊക്കെ ഒട്ടേറെ സഹായിച്ചത്. അവര്‍ക്ക് ഇംഗ്ലീഷും തമിഴുമറിയാം. എനിക്ക് കുറച്ചൊക്കെ ഇംഗ്ലീഷും മലയാളവും. കലാമണ്ഡലത്തില്‍ പബ്ലിസിറ്റി ഓഫീസറായി ജോലി ചെയ്തുതുടങ്ങിയ ശേഷമാണ് ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ തുടങ്ങുന്നത്. രാധയ്ക്ക് അന്ന് ബ്രിട്ടീഷ്, അമേരിക്കന്‍ ലൈബ്രറിയില്‍ മെമ്പര്‍ഷിപ്പുണ്ടായിരുന്നു. അവര്‍ക്ക് അയച്ചു കിട്ടുന്ന പുസ്തകങ്ങളെല്ലാം എനിക്ക് വായിക്കാന്‍ തരുമായിരുന്നു. പിന്നീട് അവര്‍ റെക്കമെന്റ് ചെയ്തു ഞാനും അംഗമായി. പോസ്റ്റല്‍ സര്‍വീസ് ഉള്ളകാലം വരെ അത് തുടര്‍ന്നു.

വായന എങ്ങനെയാണ്? പുതിയ എഴുത്തുകാരെക്കുറിച്ച്?

ഞാനെപ്പോഴും വായനക്കാരിയാണ്. വായനയാണെനിക്ക് പ്രിയം. ഒരുപാട് വായിക്കും. എഴുത്തുകാരിയാവുന്നതിനെക്കാള്‍ നല്ല വായനക്കാരിയാവുകയെന്നതാണ് ഇഷ്ടം. എട്ട്, ഒമ്പത് മണിക്കൂറൊക്കെ  വായിക്കുമായിരുന്നു ഒരു ദിവസം. ഇപ്പോള്‍ നാലുമണിക്കൂര്‍ എഴുത്തിനായി മാറ്റിവെക്കും. ബാക്കിനേരം മുഴുവന്‍ വായിക്കും. പുതിയകാലഎഴുത്തുകളൊക്കെ വായിക്കും. എനിക്കങ്ങനെ തിരഞ്ഞെടുത്തുവായിക്കുന്ന പതിവൊന്നൂല്ല. എന്തും വായിക്കും.

മകന്‍ നന്നായി വായിക്കും പക്ഷേ, അവന്‍ ചൂസ് ചെയ്താണ് വായിക്കുന്നത്. അവന്‍ പറയും അമ്മ ചൂസ് ചെയ്ത് വായിക്കണമെന്ന്. ഞാനെല്ലാരേം വായിക്കാറുണ്ട്. മാധവിക്കുട്ടിയെയും ഉറൂബിനെയും കൂടുതലിഷ്ടമാണ്. അവരെഴുതുന്നത് വളരെ പരിചിതമായിത്തോന്നും. മാധവിക്കുട്ടിയെ ഒരു തവണ കണ്ടിട്ടുണ്ട്. എനിക്കവരെ ഇഷ്ടമാണ്. ആനന്ദിനെ, മേതിലിനെ ഒക്കെ വായിക്കും. പക്ഷേ, എനിക്കങ്ങോട്ട് പൂര്‍ണമായും മനസ്സിലാകില്ല. എനിക്ക് മനസ്സിലാകാത്തതാണ്. ഇന്ദുമേനോനെയൊക്കെ അങ്ങനെ തന്നെ. പക്ഷേ, ഒഴിവാക്കില്ല വായിക്കും.

രാമനാഥന്‍, പള്ളിപ്പുറം, ഗോപകുമാര്‍ തുടങ്ങി ബാലസാഹിത്യം എഴുതുന്നവരെയൊക്കെ പരിചയൂണ്ട്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പറായിരുന്നു നേരത്തേ. പക്ഷേ, ഓരോ തവണയും ഓരോന്ന് ചര്‍ച്ച ചെയ്യുമെന്നല്ലാതെ ഒന്നും നടക്കില്ല. വെറുതെ ടി.എ.യും ഡി.എ.യും വാങ്ങിക്കാന്‍ വയ്യാത്തോണ്ട് അതുപേക്ഷിച്ചു. പിന്നെയീ ന്യൂജെന്‍ സിനിമകള്‍, ന്യൂജെന്‍ എഴുത്തുകളൊന്നും എനിക്ക് മനസ്സിലാകാറില്ല. കുട്ട്യോളൊക്കെ മനസ്സിലായിട്ട് പറഞ്ഞു തരാറാണ്.

എന്തുകൊണ്ടാണ് കുട്ടിക്കഥകളിലേക്ക് തിരിഞ്ഞത്. സ്ത്രീകളില്‍ എഴുത്തുകാര്‍ കുറവായിരുന്നൊരു കാലത്ത് വേറെയും സാധ്യതകളുണ്ടായിരുന്നല്ലോ?  

അതിനോടാണ് പ്രിയം തോന്നിയത്. ഞാന്‍ അക്ഷരം കൂട്ടിവായിക്കാന്‍ തുടങ്ങിയപ്പോഴേ വായിക്കുന്ന ആളാണ്. തിരുവാതിരയ്ക്കും ശിവരാത്രിക്കുമൊക്കെ ഞാന്‍ ഉറക്കമൊഴിച്ചു വായിക്കാറാണ് പതിവ്. എല്ലാ കുട്ടികളും കളിക്കാന്‍ പോകുമ്പോഴും ഞാന്‍ വായിക്കും. ഇംഗ്ലീഷും സംസ്‌കൃതവും അച്ഛനാണെന്നെ പഠിപ്പിച്ചത്. ഞാനൊരുപാട് വായിച്ചു.

വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്കുപോയി. അവര്‍ വളരെ യഥാസ്ഥിതികരായിരുന്നു. ഒരു കടലാസ്‌പോലും വായിക്കാന്‍ കിട്ടിയില്ല. വീട്ടില്‍ എത്തിയാല്‍ത്തന്നെ വായിക്കാനുള്ളതൊന്നും സ്ത്രീകളിലെത്തിയില്ല. എല്ലാം പുറത്ത് പുരുഷന്മാര്‍ക്ക് മാത്രമുള്ളതായിരുന്നു. അന്ന് ഭര്‍ത്താവിനെക്കാണുക രാത്രിയില്‍ മാത്രമാണ്. അപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞു എനിക്ക് പുസ്തകങ്ങള്‍ വേണമെന്ന്.

അങ്ങനെ അദ്ദേഹം തൃശ്ശൂരില്‍നിന്ന് പുസ്തകങ്ങള്‍ വാങ്ങിച്ചു. അങ്ങനെ പിന്നേം വായനതുടങ്ങി. കോഴിക്കോട്ടു വന്നശേഷം പിന്നെ ഒരുപാട് പുസ്തകങ്ങള്‍ വായിച്ചു. കോഴിക്കോട് എനിക്ക് വളരെ ഇഷ്ടമാണ്. പറഞ്ഞുവരുന്നത് അന്നൊക്കെ ഞാന്‍ വായനക്കാരിയാണ്. ഒരിക്കല്‍പ്പോലും ഒരെഴുത്തുകാരിയാകുമെന്ന് കരുതിയില്ല.   

കുട്ടികള്‍ക്കുള്ള കഥകളെഴുതാന്‍ കാരണം?

കുട്ടികള്‍ക്കുള്ള മിക്ക കഥകളിലും കുട്ടികളുണ്ടാകും പക്ഷേ, അവയൊന്നും കുട്ടികള്‍ക്കുള്ളതല്ല. അങ്ങനെയാണ് കുട്ടികള്‍ക്കായിത്തന്നെ എഴുതിത്തുടങ്ങിയത്.

സുമംഗലയുടെ കഥകള്‍വായിച്ച കുഞ്ഞുങ്ങളുടെ പ്രതികരണങ്ങള്‍?

ഒരുപാട് പേര്‍ വായിക്കാറുണ്ടല്ലോ? ബാലഭൂമിയിലൊക്കെ ഒത്തിരിക്കഥകള്‍ വന്നു. എഴുതിയെഴുതി മടുത്തപ്പോ നിര്‍ത്തുന്നുവെന്ന് പറഞ്ഞു. അന്ന് സാന്ദീപനി പറഞ്ഞു നിര്‍ത്തരുത്. കുട്ടികള്‍ക്ക് അത് വായിക്കാതിരിക്കാനാകില്ല. എന്തെങ്കിലും അവരോട് പറഞ്ഞിട്ട് നിര്‍ത്താന്‍. സുഭാഷ് ചന്ദ്രനും വരുമായിരുന്നു കഥകള്‍ വാങ്ങാന്‍. അങ്ങനെ എന്റെ കഥകള്‍ വായിച്ച കുഞ്ഞുങ്ങളൊക്കെ കത്തുകളെഴുതും. ഒരാള്‍ക്കുപോലും മറുപടി എഴുതാതിരിക്കില്ല. എഴുതാന്‍ പറ്റാതായപ്പോഴാണ് അത് നിര്‍ത്തിയത്.

വീട്ടില്‍ അച്ഛനോടും അമ്മയോടും പറയാന്‍ കഴിയാത്തതൊക്കെ കുഞ്ഞുങ്ങള്‍ മുത്തശ്ശിയോടെന്ന പോലെ എനിക്ക് എഴുതി. ഒരുപാട് കുഞ്ഞുങ്ങള്‍ കാണാന്‍ വരും. പേനയോ എന്തെങ്കിലും സമ്മാനങ്ങളൊക്കെ കൊണ്ടായിരിക്കും വരുന്നത്. ഒരിക്കല്‍ അസ്‌ന ഫാത്തിമ എന്നൊരു മോളെഴുതി. ജനാലയ്ക്കരികിലാണ് ഉറങ്ങാന്‍ കിടക്കുന്നത്. രാത്രിയാകുമ്പോള്‍ ഭയങ്കരപേടിയാണ്. ഉറങ്ങാനാകുന്നില്ലെന്ന്.

ഞാനെഴുതി മോളൊരു ഹിന്ദുവാണെങ്കില്‍ ഞാന്‍ രാമരാമ ജപിച്ച് കിടക്കാന്‍ പറയുമായിരുന്നു. മോള് അല്ലാഹുവിനെ വിളിച്ച് പ്രാര്‍ഥിച്ചിട്ട് കിടന്നോളൂന്ന്. പിന്നെ, അവളെഴുതി ഇപ്പോ പേടിക്കാറില്ല. അമ്മൂമ്മ പറഞ്ഞപോലെ രാമരാമയെന്നു പറഞ്ഞാണ് കിടന്നതെന്ന്. പിന്നെ അമ്മയും അച്ഛനുമൊക്കെയായി ആ കുട്ടി എന്നെ കാണാന്‍ വന്നു. അവളിപ്പോള്‍ മൈസൂരില്‍ ജോലി ചെയ്യുകയാണ്.

ഇന്നത്തെ കുട്ടികള്‍ കഥ കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്നുണ്ടോ? കഥ കേട്ടുവളരാത്ത കുട്ടികളെക്കുറിച്ച്?

വായന ഇല്ലായെന്ന് പറഞ്ഞുകൂട. എന്റെ മകന്‍ സംഗീതം പഠിപ്പിക്കാറുണ്ട്. അത് പഠിക്കാന്‍ വരുന്ന കുഞ്ഞുങ്ങള്‍ അവിടെനിന്ന് ബാലഭൂമി എടുത്ത് വായിക്കുന്നത് കാണാറുണ്ട്. പക്ഷേ, അടുത്തുള്ള വായനശാലയില്‍ ഞാന്‍ വയനമത്സരം കാണാന്‍പോയി. കുഞ്ഞുങ്ങള്‍ വായിക്കുന്നതുകാണാന്‍ പോയതാണ്. പക്ഷേ, വായന വളരെ നല്ലത് എന്നു പറയുവാനാകില്ലായിരുന്നു.

ഓള്‍ പ്രൊമോഷന്‍ നിര്‍ത്തണം സ്‌കൂളില്‍. നന്നായി വായിച്ച്, പഠിച്ച്, വളരട്ടെ കുഞ്ഞുങ്ങള്‍. പിന്നെ, കഥകേള്‍ക്കുന്ന കുഞ്ഞുങ്ങള്‍, ഇന്ന് മുത്തശ്ശിമാരുണ്ടോ? അവരെവിടെയെങ്കിലും ഏതെങ്കിലും വീട്ടില്‍ ഒറ്റയ്ക്ക്. അണുകുടുംബങ്ങള്‍, കുഞ്ഞുങ്ങള്‍ വേറെ. അവര്‍ക്കാണെങ്കില്‍ ഒന്നിനും നേരമില്ല. വായിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹം കുറവായിരിക്കും. കഥകേട്ട് വളരാത്ത കുഞ്ഞുങ്ങള്‍ക്കും. അവര്‍ക്ക് അവരെ മാത്രമായിരിക്കും പരിചയം.

പുനഃപ്രസിദ്ധീകരണം