കവിയും ഗാനരചയിതാവുമായിരുന്ന പഴവിള രമേശന്റെ മൂന്നാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ റിട്ട. അസിസ്റ്റന്റ് ഡയറക്ടർ കെ.കെ കൃഷ്ണകുമാർ

ഴവിളയെ ഞാൻ കാണുന്നത് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ്. വളരെ വിശാലമായ സൗഹൃദബന്ധങ്ങളുടെ ഉടമയായിരുന്നു. ആരുമായും വളരെ പെട്ടെന്നു തന്നെ സൗഹൃദം സ്ഥാപിക്കാൻ വല്ലാത്തൊരു കഴിവുതന്നെ ഉണ്ടായിരുന്നു അദ്ദേഹത്തിന്. സിനിമ, രാഷ്ട്രീയം, സാഹിത്യം, സാംസ്കാരികം, പ്രസാധനം തുടങ്ങിയ മേഖലളിൽ പഴവിളയുമായി അടുത്തിടപഴകാത്തവർ അക്കാലത്ത് കുറവായിരുന്നു. 1972-ൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിയിൽ പ്രവേശിച്ചതുമുതലുള്ള അടുപ്പമാണ് പഴവിളയുമായിട്ടെനിക്ക്. പഴവിള രമേശൻ എന്ന കവിയെ ആദ്യമായി കാണുകയാണ്. നേരിട്ടു കാണുമ്പോൾ ഒരു കവിയുടെ രൂപമോ, സംസാരത്തിൽ ഒരു കവിയുടെ സ്വഭാവമോ ഒന്നുമില്ല. കവികളെക്കുറിച്ചൊക്കെ അക്കാലത്ത് നമ്മൾ മനസ്സിൽ കൂട്ടിവെക്കുന്ന ഇമേജിന്റെ കൂടി കുഴപ്പമായിരുന്നു അത് എന്ന് പിന്നീട് അദ്ദേഹവുമായി ഇടപെട്ടപ്പോഴാണ് മനസ്സിലായത്.

വളരെ സെൻസിറ്റീവായ ഒരു മനുഷ്യൻ. കവിത്വം തന്റെ വേഷഭൂഷാദികളിൽ സൂക്ഷിക്കാതെ ഹൃദയത്തിലും സംസാരത്തിലും കൊണ്ടുനടന്ന കവി. എന്നെക്കുറിച്ച് കൂടുതൽ അറിയാനൊന്നും നിക്കാതെ തന്നെ അദ്ദേഹം തന്റെ ഗണത്തിലേക്ക് എന്നെയും ചേർത്തു; സുഹൃത്താക്കി എന്നു പറഞ്ഞാൽ അതിമോഹമാവും. ശിഷ്യനായി എന്നു പറയുന്നതാണ് ഉചിതം. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോയ്ൻ ചെയ്യുമ്പോൾ എനിക്ക് ഇരുപത്തിരണ്ട് വയസ്സുമാത്രമേയുള്ളൂ. അവിടെ അക്കാലത്ത് ഉള്ളവരിൽ ഭൂരിഭാഗവും സാഹിത്യത്തിലെ താപ്പാനകളാണ്. പഴവിളയാവട്ടെ മലയാളം വിഭാഗത്തിലെ പ്രമുഖരിൽ ഒരാളും. ഇരുപത്തിരണ്ടുകാരന്റെ ആവേശത്തോടെയൊന്നും സംസാരിച്ചുകൂട. നോക്കിയും കണ്ടുമൊക്കെ വേണം ഇടപെടാൻ. പക്ഷേ പഴവിള അതിനൊക്കെ ഒരു തിരുത്തു തന്നെയായിരുന്നു.

അക്കാലത്തൊക്കെ മലയാളസാഹിത്യത്തിലെ ഏതൊരാളും തിരുവനന്തപുരത്തെത്തിയാൽ ആദ്യം സൗഹൃദസന്ദർശനം നടത്തുക ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലാണ്. എൻ.വി കൃഷ്ണവാരിയർ ഡയറക്ടറായി ഇരിക്കുന്നുണ്ട്. എസ്. ഗുപ്തൻ നായർ, വിഷ്ണുനാരായണൻ നമ്പൂതിരി തുടങ്ങിയ പ്രതിഭകൾ സേവനം ചെയ്യുന്നകാലം. ഞാൻ ജോലി ചെയ്തിരുന്ന സാങ്കേതികശാസ്ത്രവകുപ്പിലും വകുപ്പിലും സയൻസിലും എല്ലാം തന്നെ അക്കാലത്തെ ജ്ഞാനികൾ തന്നെയാണുള്ളത്. അദ്ദേഹം തികച്ചുമൊരു റിബൽ ടൈപ്പ് ആയിരുന്നു. ആരെയും കൂസാത്ത ഭാവം. എന്തിലും ഏതിലും ഇടപെടും. ന്യായവും അന്യായവും തിരക്കും. മറ്റുള്ളവരുടെ നിലപാടുകളോടുള്ള എതിർപ്പുകൾ പ്രത്യക്ഷമായി തന്നെ കാണിക്കും. ഒളിച്ചും പാത്തുമുള്ള കലാപങ്ങളൊന്നുമില്ല. ചെറുത്ത് നിൽപ് തുടങ്ങിയാൽ പിന്നെ പഴവിളയോട് ഒരു രക്ഷയുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ആ സ്വഭാവം ചെറുപ്പക്കാരായ ഞങ്ങൾക്കൊക്കെ വല്യ ഇഷ്ടമായിരുന്നു. ജൂനിയേഴ്സിനെ സംബന്ധിച്ചിടത്തോളം പഴവിള ഒരു അത്ഭുതമായിരുന്നു. അദ്ദേഹവുമായി ബന്ധമില്ലാത്ത ആരുമില്ല. അക്കാലത്ത് ഒ.വി വിജയനും എം.ടിയുമൊക്ക നഗരത്തിലെത്തിയാൽ ആദ്യം അന്വേഷിക്കുക പഴവിളയെയാണ്.

pazhavila

കൊല്ലം ജില്ലയിലെ പേരുകേട്ട കുടുബങ്ങളിൽ ഒന്നാണ പഴവിള. ചെറുപ്പം മുതലേ അദ്ദേഹത്തിന് രാഷ്ട്രീയപ്രവർത്തകരുമായിട്ടൊക്കെ വലിയ അടുപ്പമാണ്. അവിഭക്തകമ്യൂണിസ്റ്റ് പാർട്ടിയുടെ അണികളായിരുന്നു അദ്ദേഹമൊക്കെ. തോപ്പിൽഭാസിയുടെ ഒളിവിലെ ഓർമകളൊക്കെ പഴവിള ഇരുന്ന് പറഞ്ഞുതരുമായിരുന്നു. ഒ.എൻ.വിയായിരുന്നു അദ്ദേഹത്തിന്റെ ഗുരു. ഉച്ചനേരങ്ങളിൽ കേരളത്തിലെ വിദ്യാർഥിപ്രസ്ഥാനങ്ങളുടെയും വിപ്ളവപ്രസ്ഥാനങ്ങളുടെയും ചരിത്രങ്ങൾ കെട്ടഴിക്കുക പഴവിളയും വേലപ്പൻ നായർ എന്ന സഹപ്രവർത്തകനും കൂടിയായിരുന്നു. ഒരോ സംഭവങ്ങളും അവർ അക്കമിട്ട് നിരത്തും. ഞങ്ങൾ യുവാക്കൾ അതെല്ലാം കേട്ടിരിക്കും. ഓരോ സംഭവങ്ങളും വർഷവും തീയതിയും മറക്കാതെ അദ്ദേഹത്തിന്റെ ഓർമയിൽ ഉണ്ടായിരുന്നു. രാഷ്ട്രീയത്തോടുള്ള അതേ അടുപ്പം സിനിമയോടും പഴവിള നിലനിർത്തിയിരുന്നു. സംവിധായകൻ രാമുകാര്യാട്ടുമായി ഉറ്റ സൗഹൃദമുണ്ടായിരുന്നു പഴവിളയ്ക്ക്. അദ്ദേഹത്തിന്റെ മറ്റൊരു സുഹൃത്തായിരുന്നു ഹരിപോത്തൻ. സൗഹൃദം മാത്രമായിരുന്നു പഴവിളയുടെ ആദർശം.

പഴവിള എന്ന കവിയുടെ ചില കാര്യങ്ങൾ കൂടി പറയാനുണ്ട്. ഏതെങ്കിലും സംഭവങ്ങളിലോ, വ്യക്തിപരമായി ആരോടെങ്കിലും ദേഷ്യം വന്നാലോ പഴവിളയിൽ നിന്നും കവിത പ്രതീക്ഷിക്കാം! ഒരു വാക്കായോ, പ്രയോഗമായോ, വരിയായോ ആ നീരസം മുഴച്ചുനിൽക്കുന്നുണ്ടാകും. കവിതകൾ മാത്രമല്ല, നാലോ അഞ്ചോ വാല്യങ്ങളുള്ള സ്മരണകൾ അദ്ദേഹം എഴുതിയിട്ടുണ്ട്, മനോഹരമായിരുന്നു എഴുത്തുകൾ. കെ. ബാലകൃഷ്ണന്റെ പത്രാധിപത്യത്തിൽ ഇറങ്ങിയിരുന്ന കൗമുദിയായിരുന്നു അദ്ദേഹത്തിന്റെ കളരി. പത്രാധിപരെ ഏതുരീതിയിൽ വേണമെങ്കിലും സഹായിക്കാൻ പഴവിള മുന്നിരയിൽ തന്നെയുണ്ടായിരുന്നു. ഓണപ്പതിലേക്ക് കഥകൾ വാങ്ങിക്കുവാനായി പഴവിളയും കെ.ബാലകൃഷ്ണനും കൂടി തിരുവനന്തപുരം മുതൽ കണ്ണൂർ വരെ യാത്ര ചെയ്ത് എഴുത്തുകാരെ നേരിട്ടുപോയി കണ്ട് സൃഷ്ടികൾ വാങ്ങിയ അനുഭവങ്ങളൊക്കെ അദ്ദേഹം പറയുമായിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് ഞാനും മറ്റൊരു സുഹൃത്തും തടവിലായി. തടവിലാകാൻ കാരണമെന്താണ് എന്നു ചോദിച്ചാൽ ഞങ്ങൾക്കുമറിഞ്ഞുകൂട. എല്ലാവരും പേടിച്ച് പിന്മാറി നിൽക്കുകയാണ്. ആരും ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നില്ല. ഞങ്ങൾ ജയിലിലായപ്പോൾ ഞങ്ങളേക്കാൾ ആകുലതയോടെ ഈ കേസിൽ ഇടപെട്ട് തന്റെ സ്വാധീനം ഉപയോഗിച്ച് കേസ് പിൻവലിക്കാൻ ശ്രമിച്ചതൊക്കെ പഴവിളയാണ്. അദ്ദേഹത്തിന്റെ ആത്മകഥ വായിച്ചപ്പോഴാണ് ഇതൊക്കെ ഞങ്ങളറിഞ്ഞത്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ജീവനക്കാരുടെ ഒരു നീണ്ടകാല സമരം പൊട്ടിപ്പുറപ്പെട്ടു. സമരക്കാരുടെ കൂട്ടത്തിൽ ഞങ്ങളൊക്കെ ഉണ്ടായിരുന്നു. ആ സമരത്തിന് കൈമെയ് മറന്ന്, സീനിയോറിറ്റി മറന്ന്, അദ്ദേഹം ഒരുപാട് സഹായിച്ചു.

സത്‌കാരപ്രിയനായിരുന്നു അദ്ദേഹം. സൗഹൃദസംഗമവേദിയായിരുന്നു പലപ്പോഴും അദ്ദേഹത്തിന്റെ വീട്. വിഭവസമൃദ്ധമായ ഭക്ഷണം അദ്ദേഹത്തിന്റെ ഭാര്യ രാധച്ചേച്ചി വിളമ്പിത്തരും. സൗഹൃദം ഒരു വികാരമായി സൂക്ഷിച്ചിരുന്ന പഴവിള പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനായിരുന്നു. ചെറിയൊരു കാര്യം മതി ആളുടെ സ്വഭാവം മാറാൻ. പിണങ്ങിയാൽ കുറേദിവസത്തേക്ക് മിണ്ടുകയില്ല. പിന്നെ ഒരു ഫോൺ വരാനുണ്ട്. വഴക്കുകൾ കെട്ടഴിച്ചുവിട്ടതുപോലെ ഇങ്ങനെ തുരുതുരാ വന്നു കൊണ്ടേയിരിക്കും. അപ്പോൾ നമുക്ക് മനസ്സിലാക്കാം പഴവിള പിണക്കം മറന്ന് ലോഹ്യമായി എന്ന്. കുട്ടികളുടെ മനസ്സും വലിയ താൽപര്യങ്ങളുമായിരുന്നു പഴവിളയെ വ്യത്യസ്തനാക്കിയത്. ധാരാളം വായിക്കും, ധാരാളം എഴുതും.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി പഴവിള ചുമതലയേറ്റപ്പോൾ ഞാൻ ഡെപ്യൂട്ടേഷനിൽ ഡൽഹിയിലാണ് ഉള്ളത്. പലകാര്യത്തിലും തർക്കവിതർക്കങ്ങളൊക്കെ ഉണ്ടാകുമായിരുന്നെങ്കിലും കാര്യങ്ങളെ അതിന്റെ ഗൗരവത്തിൽ ഉൾക്കൊള്ളാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. ദേഷ്യം മറച്ചുവെച്ച് പെരുമാറുന്ന സ്വഭാവം ഇല്ല. മനസ്സിലുള്ളത് മുഖത്ത് പ്രകടിപ്പിക്കും. ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് പ്രമേഹം കഠിനമായി കാലിനെ ബാധിക്കുകയും മുറിച്ചുകളയുന്നതും. യാത്രകളില്ലാത്ത പഴവിളയെ ഓർക്കുക തന്നെ പ്രയാസമായിരുന്നു. അടൂർ, പാരീസ് വിശ്വനാഥൻ, പഴവിള എന്നിവർ ഒരുമിച്ചുനടത്തിയ ഒരു അഖിലേന്ത്യാ പര്യടനത്തിന്റെ കഥ ഏറെക്കാലം അത്ഭുതത്തോടെ കേട്ടിരുന്നതാണ്. വിശ്രമജീവിതം എന്ന വാക്ക് പഴവിളയുടെ കാര്യത്തിൽ അറം പറ്റിപ്പോയതായി തോന്നിയിട്ടുണ്ട്. എങ്കിലും തന്റെ മനസ്സിന്റെ ബലം കൊണ്ട് ഓരോ ദിവസവും അദ്ദേഹം ഊർജസ്വലമാക്കി. ധാരാളം വായിച്ചു. വായന തന്നെയായിരുന്നു ആ സമയത്തെ പ്രധാനപരിപാടി. ഒട്ടേറെ രചനകളും അക്കാലത്തുണ്ടായി.

ബുദ്ധനുമായി ബന്ധപ്പെട്ട എന്തുകാര്യത്തോടും അദ്ദേഹത്തിന് വലിയ മമതയായിരുന്നു. ബുദ്ധനെക്കുറിച്ചുള്ളതെല്ലാം വായിക്കും. ബുദ്ധപ്രതിമകളുടെ വലിയൊരു ശേഖരം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. അതുപോലെ തന്നെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും കവിതകൾ ശേഖരിച്ചുവായിക്കും. കട്ടിലിന്റെ നാലുഭാഗവും പുസ്തകങ്ങൾ നിരത്തിയിട്ട് അതിന് നടുക്കാണ് പഴവിളയുടെ കിടത്തം. സംസാരിക്കാൻ തുടങ്ങിയാൽ അദ്ദേഹത്തിനറിയാത്ത വിഷയങ്ങളുണ്ടായിരുന്നില്ല. ഇടയ്ക്കിടെ അദ്ദേഹത്തെ പോയി കാണുകയും ബന്ധം സൂക്ഷിക്കുകയും ചെയ്യാൻ പറ്റി. അതു ഞാൻ മാത്രമായിരുന്നില്ല അദ്ദേഹവുമായി ഒരിക്കലെങ്കിലും ഇടപെട്ട ആളുകൾ അദ്ദേഹത്തെ അന്വേഷിച്ചു ചെല്ലുമായിരുന്നു. അതിൽ വലിപ്പച്ചെറുപ്പങ്ങളൊന്നുമില്ലായിരുന്നു. പഴവിള എന്ന സൗഹൃദം യാത്രയായിട്ട് മൂന്നുവർഷം തികഞ്ഞിരിക്കുന്നു. പ്രണാമം എന്നൊരു വാക്കല്ലാതെ മറ്റൊന്നുമില്ല.

Content Highlights :K K Krishnakumar Remembers Poet Pazhavila Ramesan on his 3 death anniversary