സ്വാതന്ത്ര്യം അനുഭവിക്കുന്നതുപോലെ സുഖകരമല്ല അതിനെ നിർവചിക്കൽ. വിശേഷിച്ചും രാഷ്ട്രീയമായി അസ്വതന്ത്രമായ ഒരു ജനതയുടെ സ്വാതന്ത്ര്യഭാവന മൂർത്തമായി നിർവചിക്കലും സ്വാതന്ത്ര്യാഭിലാഷത്തിന് പ്രായോഗികമായി ചിറകുമുളപ്പിക്കലും. ജനാധിപത്യത്തിന്റെ സൗകര്യത്തിൽ നിന്നുകൊണ്ട് സ്വാതന്ത്ര്യത്തെപ്പറ്റി സംസാരിക്കുന്നതിനെക്കാൾ എത്രയോ കഠിനമാണ് ജനങ്ങൾക്കോ ജനാഭിലാഷത്തിനോ പങ്കില്ലാത്ത ഭരണകൂടരൂപങ്ങൾക്കു കീഴിൽ നിന്നുകൊണ്ട് സ്വാതന്ത്ര്യത്തെ നിർവചിക്കലും അതിനുവേണ്ടി പ്രവർത്തിക്കലും. ഒരു നൂറ്റാണ്ടുമുമ്പാണ് കേരളീയസമൂഹം ആദ്യമായി തങ്ങൾ തന്നെ നിശ്ചയിക്കുന്ന, തങ്ങൾ തിരഞ്ഞെടുക്കുന്നവർ മാത്രം നടപ്പാക്കുന്ന സ്വാതന്ത്ര്യത്തിന്റെ നിർവചനത്തെ ആദ്യമായി അഭിമുഖീകരിച്ചത്. മാനികൾക്കു മൃതിയെക്കാൾ ഭയാനകമായ പാരതന്ത്ര്യത്തെക്കുറിച്ചുള്ള കവിഭാവനയിലെ അമൂർത്തമായ സ്വാതന്ത്ര്യ സങ്കല്പത്തെയായിരുന്നില്ല, ഒരു നൂറ്റാണ്ടുമുമ്പ് 1920-കളിൽ കേരളീയരും ഭാരതീയരും നേരിട്ടത്. വിമോചനത്തിന്റെ സന്ദേശങ്ങൾ കേൾക്കാൻ ഭയപ്പാടോടെയാണെങ്കിലും സന്നദ്ധമായിക്കഴിഞ്ഞ ഒരു ജനത അതിനുമേൽ ജനേച്ഛയല്ലാതെ മറ്റൊരു പരമാധികാരശക്തിയുമില്ലാത്ത സ്വാതന്ത്ര്യം എന്ന മൂർത്തതയെ സാധ്യമാക്കാൻ സമരോന്മുഖമായ ഒരു പ്രയോഗപദ്ധതിയെ ആദ്യമായി അഭിമുഖീകരിച്ച സന്ദർഭമായിരുന്നു അത്. സ്വാതന്ത്ര്യത്തെ നിർവചിക്കലും അതിനുവേണ്ടി ഭവിഷ്യത്താലോചിക്കാതെ സമരംചെയ്യലും എന്ന ആ ഇരട്ടപ്രവർത്തനം കേരളസമൂഹത്തിൽ നടപ്പാക്കിയത് 'മാതൃഭൂമി'യായിരുന്നു. സ്വാതന്ത്ര്യത്തെയും കേരളീയതയെയും രാഷ്ട്രീയമായും സാമൂഹികമായും നിർവചിച്ചുകൊണ്ട് ഒരു പത്രം മലയാളിയെ സ്വാതന്ത്ര്യോന്മുഖവും ജനാധിപത്യോന്മുഖവും സമരോന്മുഖവുമാക്കിയ ആ ചരിത്രം മാതൃഭൂമിയുടെ ചരിത്രം മാത്രമല്ല, കേരളാധുനികത്വത്തിന്റെ ചരിത്രംകൂടിയാണ്.

പത്രമാസികകൾ എങ്ങനെയാണ് ഇന്ത്യൻ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ തീക്ഷ്ണരുചിയും വീര്യവും വിനിമയം ചെയ്തതെന്ന് ചരിത്രകാരനായ രാമചന്ദ്ര ഗുഹ ഗാന്ധിജിയുടെ ജീവചരിത്ര (Gandhi: The Years that changed the world, 1914-1948; 2018)ത്തിൽ വിവരിക്കുന്നുണ്ട്. 1857-ലെ കലാപകാലത്ത് ഇന്ത്യൻ പത്രരംഗം ആദിമാവസ്ഥയിലും അവികസിത സ്ഥിതിയിലുമായിരുന്നു. വാമൊഴിയിലൂടെയാണ് കലാപകാരികളുടെ സന്ദേശങ്ങൾ മുഖ്യമായും പ്രചരിച്ചത്. ഗാന്ധിജി സ്വാതന്ത്ര്യസമര നേതൃത്വമേറ്റെടുത്ത 1920-കളിൽ പത്രരംഗം വ്യവസായമായി വികസിച്ചു തുടങ്ങിയിരുന്നു. 1919-'22 കാലത്ത് ഇന്ത്യൻ പത്രങ്ങൾ ഒരേ സ്വരത്തിലായിരുന്നില്ല സംസാരിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണം ഇന്ത്യക്ക് ഗുണകരമാണെന്നു വാദിക്കുകയും ഇന്ത്യക്കാർ ഭരിക്കുന്നതിനെ എതിർക്കുകയും ചെയ്യുന്ന പത്രങ്ങളും രാഷ്ട്രീയപരിഷ്കരണം പതുക്കെ ഘട്ടംഘട്ടമായി മതിയെന്നു പറയുന്ന പത്രങ്ങളുമുണ്ടായിരുന്നു. ഒപ്പം കോൺഗ്രസിന്റെ, വിശേഷിച്ചും ഗാന്ധിയൻ വീക്ഷണം അവതരിപ്പിക്കുന്ന പത്രങ്ങളും. ആ സമയത്ത് മലയാളത്തിൽ സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങൾ ഉയർത്തിപ്പിടിക്കാൻ പൂർണമായും വർത്തമാനപ്പത്രമെന്നു വിളിക്കാവുന്ന ഒന്നുപോലുമുണ്ടായിരുന്നില്ല. കൊല്ലത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'സ്വരാട്ടും' പാലക്കാട്ടുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'യുവഭാരത'വും വളരെക്കുറച്ചു കോപ്പികളുമായി സ്വാതന്ത്ര്യസമരാശയങ്ങളെപ്പറ്റി സംസാരിച്ചിരുന്നുവെന്നു മാത്രം. കോൺഗ്രസിനെപ്പറ്റിയുള്ള കാര്യങ്ങൾ അച്ചടിക്കാൻ അച്ചുകൂടങ്ങൾ പേടിച്ചിരുന്ന അക്കാലത്താണ് സ്വാതന്ത്ര്യം ഏക ലക്ഷ്യമായി മാതൃഭൂമി പിറന്നത്.

ഭരണകൂടവിധേയത്വത്തിന്റെയും ഭയത്തിന്റെയും അക്കാലത്ത് സ്വാതന്ത്ര്യത്തെ ജനങ്ങൾക്കുവേണ്ടി നിർഭയമായി നിർവചിക്കുകയും അതു സാധ്യമാക്കാൻവേണ്ടി മാത്രം പത്രപ്രവർത്തനവും പ്രസിദ്ധീകരണവും നടത്തുകയും ചെയ്തുവെന്നതാണ് മാതൃഭൂമിയെ ആധുനിക കേരളത്തിന്റെയും കേരളാധുനികത്വത്തിന്റെയും ചരിത്രത്തിൽ അസമാനമായി അടയാളപ്പെടുത്തുന്നത്. അവകാശവാദവും വ്യാഖ്യാനവുംകൊണ്ടു നിർമിച്ച സ്വാതന്ത്ര്യചരിത്രമല്ല അത്. ഗാന്ധിജി ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുകയും 827-ാം നമ്പർ പുള്ളിയായി ആറുവർഷത്തേക്കു തടവിലടയ്ക്കപ്പെടുകയും ചെയ്ത 1922 മാർച്ച് 18-ന്റെ ഒന്നാം വാർഷികദിനമായ 1923 മാർച്ച് 18-ന് പത്രം ആരംഭിക്കാനുള്ള മാതൃഭൂമി സ്ഥാപകരുടെ തീരുമാനമായിരുന്നു യഥാർഥത്തിൽ സ്വാതന്ത്ര്യത്തിന്റെ നിർവചനവും പ്രയോഗവും.

കേവലമായ രാഷ്ട്രീയസ്വാതന്ത്ര്യംനേടലോ ഭരണാധികാരം സ്വായത്തമാക്കലോ മാത്രമായി സ്വാതന്ത്ര്യത്തെ നിർവചിക്കുന്നതിനുപകരം വിശാലമായ മാനുഷികതയുടെയും മനുഷ്യാവകാശത്തിന്റെയും തത്ത്വചിന്താപരമായ തലത്തിൽ അതിനെ കണ്ട് പ്രയോഗത്തിൽ വരുത്താനുള്ള ആ യത്നം മാതൃഭൂമിയും ദേശീയപ്രസ്ഥാനവും തമ്മിലുള്ള ബന്ധത്തെ പത്രദലത്തിനുമപ്പുറം പ്രതിഷ്ഠിക്കുന്നു. അമ്പരപ്പിക്കുംവിധം വിസ്തൃതവും നാനാർഥദ്യോതകവുമായ സ്വാതന്ത്ര്യ നിർവചനമായിരുന്നു അത്. ഉത്തരവാദിത്വത്തെപ്പറ്റി കേരളത്തിലുണ്ടായ ആദ്യത്തെ പരസ്യമായ പ്രസ്താവനയും ധീരമായ രേഖയുമാണ് ഒന്നാംലക്കത്തിൽത്തന്നെ മാതൃഭൂമി പുറപ്പെടുവിച്ച പ്രസ്താവന. മനുഷ്യജീവിതം എന്ന മഹത്തായ ബാധ്യത നിറവേറ്റുന്നതിനുള്ള പൂർണസ്വാതന്ത്ര്യം എന്ന ആ പ്രസ്താവം കേവലമായ രാഷ്ട്രീയപ്രസ്താവനയായി മാത്രം ഇന്നു വായിക്കാനാവില്ല. ഓരോ മനുഷ്യന്റെയും ബുദ്ധിക്കും പ്രാപ്തിക്കും അധ്വാനത്തിനും അനുസരിച്ചുള്ള ഫലം ഒരു തടസ്സവും കൂടാതെ അനുഭവിക്കാൻ കഴിയുന്ന അവസ്ഥയാണ് സ്വാതന്ത്ര്യമെന്നും അത് കുറയ്ക്കാനോ ഇല്ലാതാക്കാനോ മനുഷ്യന്റെ സ്വാഭിമാനം ഇല്ലാതാക്കാനോ ശ്രമിക്കുന്ന ഏത് ആചാരസമ്പ്രദായവും നിബന്ധനയും പാരതന്ത്ര്യമാണെന്നും വിശദീകരിച്ച ആ പ്രസ്താവനയാണ് കേരളത്തിന്റെ ചരിത്രത്തിലെ മതനിരപേക്ഷവും ജാതി ധനശേഷി നിരപേക്ഷമായ മാനവസമത്വാധിഷ്ഠിതവുമായ ആദ്യത്തെ സ്വാതന്ത്ര്യനിർവചനം.

സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും തുല്യാവകാശത്തെയും കുറിച്ച് അതിനുമുമ്പും അഭിപ്രായങ്ങളും കർമങ്ങളും കേരളത്തിലുണ്ടായിട്ടുണ്ട്. പക്ഷേ, അവയിലെല്ലാം മതത്തിന്റെയോ ആധ്യാത്മികതയുടെയോ അവിതർക്കമായ ദൈവാസ്തിത്വത്തിന്റെയോ സാന്നിധ്യമുണ്ടായിരുന്നു. സമുദായ പരിഷ്കരണത്തിന്റെ ഭാഗമായി പരമ്പരാഗതത്വത്തെ ലംഘിക്കലുകൾ പുതിയ വിശ്വാസങ്ങളും പുതിയ ആചാരങ്ങളും പുതിയ അധികാരകേന്ദ്രങ്ങളുംകൂടി സൃഷ്ടിച്ചു. ആധ്യാത്മികാടിത്തറയുള്ള ആ സ്വാതന്ത്ര്യസങ്കല്പത്തെ മതനിരപേക്ഷവും ആധുനികവും രാഷ്ട്രീയവുമായി പുനർനിർവചിക്കുകയായിരുന്നു, 1923-ൽ എഴുതിയ ''ഒരു രാജ്യം ഒരുജാതിക്കാരുടെയോ മതക്കാരുടെയോ അല്ല, സകല ജാതിമതസ്ഥർക്കും പൊതുവായിട്ടുള്ളതാണ് ജന്മഭൂമി. അവരവരുടെ അഭിപ്രായങ്ങളെയും വിശ്വാസങ്ങളെയും അന്യോന്യം ബഹുമാനിച്ച് പൊതുമാതാവിന്റെ അഭിവൃദ്ധിക്ക് ഏകോപിച്ചു പ്രവർത്തിക്കുന്നതിലാണ് രാജ്യത്തിന്റെ രക്ഷയും ശ്രേയസ്സും ഇരിക്കുന്നത്. ഈ ബഹുമാനവും ഐക്യതയും കൂടാതെ സ്വാതന്ത്ര്യത്തെ വീണ്ടെടുക്കുന്നതിനോ അതിനുശേഷം അതിനെ രക്ഷിച്ചുപോരുന്നതിനോ നമുക്കു സാധിക്കുന്നതല്ല'' എന്ന പ്രസ്താവനയിലൂടെ മാതൃഭൂമി. സ്വാതന്ത്ര്യത്തിന്റെ മാത്രമല്ല രാഷ്ട്രത്തിന്റെയും നിർവചനമായിരുന്നു അത്, വ്യവസ്ഥാപിതമായ ആചാരബദ്ധതയുടെ പ്രത്യയശാസ്ത്രത്തിന്റെ അപനിർമാണവും.

വൈവിധ്യങ്ങൾക്കും വ്യത്യസ്തസ്വരങ്ങൾക്കും ഇടമില്ലാത്ത ഏകശിലാഘടനയാണ് രാഷ്ട്രമെന്നും ആചാരബദ്ധതയിൽ മുറുകെപ്പിടിക്കലാണ് സംസ്കാരമെന്നും അവനവന്റെ മതം മാത്രമാണു ശരിയെന്ന അന്ധതയാണ് വിശ്വാസമെന്നും സർവാധിപത്യമാണു രാഷ്ട്രീയാധികാരമെന്നും അന്യസമുദായ സ്പർധയാണ് സ്വത്വമെന്നുമുള്ള കഠിനവാദങ്ങൾ ആയുധബലത്തോടെനിന്ന് സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുകയും രാഷ്ട്രത്തെ വിപത്‌കരമാക്കുകയും ചെയ്യുന്ന സമകാലികാവസ്ഥയിൽ ആ പുനർനിർവചനം വിശേഷാർഥങ്ങളോടെ തെളിഞ്ഞുവരുന്നു. ത്യാഗസന്നദ്ധതയുടെയും സമരോന്മുഖത്വത്തിന്റെയും സർവവും വെടിഞ്ഞുള്ള ആത്മസമർപ്പണത്തിന്റെയും ചരിത്രനിർഭരതയിൽ പിറന്ന ആ സ്വാതന്ത്ര്യഭാവനയുടെ പുനരാവിഷ്കാരവും പുനഃസ്ഥാപനവുമാണ് ഇന്ന് ജനാധിപത്യവും അതിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും സംഘടനകളും ആവശ്യപ്പെടുന്നത്. ഒരു പത്രത്തിന്റെ ചരിത്രത്തിന് ഇതിൽക്കൂടുതൽ ജനതയെ മറ്റെന്തോർമിപ്പിക്കാനാണു കഴിയുക?

Content Highlights : Critic PK Rajasekharan Writes about the History of Mathrubhumi