മലയാളത്തിന്റെ പ്രിയ കഥാകാരന്‍ അക്ബര്‍ കക്കട്ടിലിന്റെ ചരമവാര്‍ഷികദിനമാണ് ഇന്ന്. പഴയ കാലത്തും പുതിയ കാലത്തും അധ്യപകനായിരുന്നു അക്ബര്‍ കക്കട്ടില്‍. എന്നിട്ടും അധ്യാപകന്‍ വടിയെടുക്കരുതെന്ന പുതിയ കാലത്തിന്റെ പ്രമാണത്തോട് വലിയ പഥ്യമുണ്ടായിരുന്നില്ല അക്ബര്‍ മാഷിന്. ചില കുട്ടികള്‍ തല്ലിയാലേ നന്നാവൂ എന്നു പറയും മാഷ്. തല്ലി നന്നായ കുട്ടികള്‍ എത്രയോ ഉണ്ട്. പക്ഷേ, ഒരു കാര്യം, കുട്ടികളെ സ്നേഹം കൊണ്ട് തല്ലുന്ന വിദ്യ അറിഞ്ഞിരിക്കണമെന്നു മാത്രം. കറയില്ലാത്ത, അതിരില്ലാത്ത ഈ സ്നേഹം കൊണ്ടാണ് അക്ബര്‍ മാഷ് കുട്ടികളെ നല്ല വഴിക്ക് നടത്തിയത്. അവരെ വച്ച് നല്ല സ്‌കൂള്‍ കഥകള്‍ എഴുതിയത്. 'ങ്ങള് കഥേല് ഞാളേപറ്റീം എഴുതി... ല്ലേ...' എന്ന ചറുപരിഭവം കൊണ്ട് ഈ സ്നേഹത്തിന് അവര്‍ പകരം നല്‍കിയ അനുഭവങ്ങളായിരുന്നു അക്ബര്‍ കക്കട്ടിലിന്റെ കഥാലോകത്തെ സമ്പന്നമാക്കിയത്. ഒരു അധ്യാപകന്‍ എഴുതിയ ആദ്യത്തെ സര്‍വീസ് സ്റ്റോറി എന്നു വേണമെങ്കില്‍ അക്ബര്‍ കക്കട്ടിലിന്റെ അധ്യാപക സ്മരണകളെ വിലയിരുത്താം. അഞ്ച് വര്‍ഷം മുന്‍പ് ഒരു മാര്‍ച്ച് 31ന് എ.കെ.ബി എന്ന അക്ബര്‍ കക്കട്ടില്‍ 30 വര്‍ഷത്തെ അധ്യാപക ജീവിതത്തിന് ഫുള്‍സ്റ്റോപ്പിട്ട് പടിയിറങ്ങിയപ്പോള്‍ വട്ടോളി സ്‌കൂളിലെ കുട്ടികള്‍ക്ക് നഷ്ടപ്പെട്ടത് ഒരു മധുരച്ചൂരല്‍ കൊണ്ടുള്ള ചെറുതല്ലാത്ത ലാളനയാണ്. മൂന്ന് പതിറ്റാണ്ടു കാലത്തെ അധ്യാപക ജീവിതത്തില്‍ 21 കൊല്ലവും ആറു മാസവും 11 ദിവസവും വട്ടോളി സ്‌കൂളില്‍ തന്നെയായിരുന്നു കക്കട്ടില്‍.
1980 ജൂലായ് 30ന് കാലവര്‍ഷം കോരിച്ചൊരിഞ്ഞ ഒരു പകലിലാണ് ഇരുപത്തിയാറാം വയസ്സില്‍ അക്ബര്‍ കക്കട്ടില്‍ എന്ന് അന്നേ അറിയപ്പെട്ടിരുന്ന കഥാകൃത്ത് വട്ടോളി നാഷണല്‍ സ്‌കൂളില്‍ അധ്യാപകവേഷമണിഞ്ഞു വന്നു കയറിയത്. ഹൈസ്‌കൂള്‍ കാലത്ത് സംസ്‌കൃതം പഠിച്ച അക്ബറിന് വട്ടോളി സ്‌കൂള്‍ കരുതിവച്ചത് മലയാളം അധ്യാപകന്റെ, മാഷിന്റെ ഭാഷയില്‍ 'അധ്യാപഹയന്റെ' വേഷം. നാലു വര്‍ഷത്തിന് ശേഷം കുറ്റ്യാടി ഗവ. എച്ച്.എസിലേക്ക് സ്ഥലംമാറി. എട്ടു വര്‍ഷം കൂത്താളി ഹൈസ്‌കൂളില്‍. അതുകഴിഞ്ഞ് കോട്ടയം പായിപ്പാട്ട് നവോദയ വിദ്യാലയം എന്നിവിടങ്ങളില്‍ പഠിപ്പിച്ചശേഷം 1992 ഡിസംബര്‍ ഒന്നിന് വട്ടംകറങ്ങി വട്ടോളി സ്‌കൂളില്‍ തന്നെ തിരിച്ചെത്തി.
ക്ലാസ്മുറിയില്‍ മുന്നില്‍ കാതൂകൂര്‍പ്പിച്ച് മിഴിച്ചിരിക്കുന്ന നിഷ്‌ക്കളങ്ക മുഖങ്ങള്‍ അക്ബറിന് അന്തമില്ലാത്ത അറിവ് നിറച്ചുകൊടുക്കാനുള്ള പാത്രങ്ങളായിരുന്നില്ല. തന്റെ കഥാജീവിതത്തിന് വിലങ്ങിട്ട അസ്വസ്ഥകളായിരുന്നില്ല. തന്റെ വിശാലമായ കഥാലോകത്തെ കഥാപാത്രങ്ങളായിരുന്നു അവര്‍ ഓരോത്തരും. ഓരോ കുഞ്ഞുജീവിതവും വലിയ വലിയ കഥാലോകങ്ങള്‍ തുറന്നിട്ടു അക്ബര്‍ എന്ന കഥാകാരന്റെ മുന്നില്‍. നാട്ടുഭാഷയുടെ ലളിതമായ ശൈലിയില്‍ അക്ബര്‍ അവയൊക്കെ കഥകളായും അനുഭവങ്ങളായും കുറിച്ചിട്ടു. നാഷണല്‍ സ്‌കൂളിന്റെ ചെങ്കല്‍ പതിച്ച മുറ്റത്തെ ഗുല്‍മോഹറിന്റെയും വാകമരത്തിന്റെയും തണലില്‍ അവ വളര്‍ന്നു വലുതായി വട്ടോളിക്കും കക്കട്ടിലിനും അപ്പുറത്തേയ്ക്ക് പടര്‍ന്നു പന്തലിച്ചു. മെല്ലെ മെല്ലെ തങ്ങളുടെ പ്രിയപ്പെട്ട അക്ബര്‍ മാഷ് തങ്ങളുടെ കുഞ്ഞു കഥകളിലൂടെ മലയാളത്തിന്റെ മനസ്സില്‍ കൂടുകൂട്ടുന്നത് അവര്‍ കണ്ടു. തങ്ങളില്‍ പലരും ഈ കഥകളിലൂടെ കണ്ടറിയാത്തവരുടെ ഹൃദയങ്ങളില്‍ ചേക്കേറുന്നത് അവരറിഞ്ഞു.
അക്ബറിന്റെ സ്‌കൂള്‍ സര്‍വീസ് സ്റ്റോറിയിലെ ഓരോ കഥയും ഓരോ അനുഭവവുമെല്ലാം അത്രമേല്‍ ഹൃദയസ്പര്‍ശികളായിരുന്നു. പലതും യഥാര്‍ഥ ജീവിതത്തില്‍ നിന്ന് പറിച്ചെടുത്ത നേരനുഭവങ്ങളായി നമ്മുടെ ഉള്ളു പൊള്ളിച്ചു. ചിലത് കുളിരായി. 'അധ്യാപക കഥകള്‍' എന്ന സമാഹാരത്തിലെ 'ഇനി നമുക്ക് റഷീദയെ കുറിച്ച് സംസാരിക്കാം' എന്ന കഥ പോലെ നമ്മുടെ ഹൃദയത്തെ തൊട്ട മറ്റൊരു സ്‌കൂള്‍ കഥയില്ല. റഷീദ എന്ന കഥാപാത്രം തന്റെ രണ്ട് വിദ്യാര്‍ഥിനികള്‍ ചേര്‍ന്നതാണെന്ന് കഥാകൃത്ത് തന്നെ പില്‍ക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ അല്‍പം ഭാവന കൂടി കലര്‍ന്നപ്പോള്‍ മലയാളം ഇരുകൈയും നീട്ടി സ്വീകരിച്ച കഥയായി. ഭാവനയില്‍ കലര്‍ത്തി പറഞ്ഞിട്ടും കഥയുടെ യഥാര്‍ഥ തന്തുവിനെ കഥാനായികയായ വിദ്യാര്‍ഥി കൈയോടെ പിടികൂടിയ കഥയും അക്ബര്‍ മാഷ് ഒരിക്കല്‍ പങ്കുവച്ചിട്ടുണ്ട്. മാഷ്... ന്നെ പറ്റി കഥയെഴുതി ല്ലേ? എന്നായിരുന്നു വര്‍ഷങ്ങള്‍ക്കുശേഷം നേരിട്ടു കണ്ടപ്പോള്‍ കഥാനായികയുടെ ഞെട്ടിക്കുന്ന ചോദ്യം. അത് നീയെണെന്ന് നിനക്കെന്താ ഇത്ര ഉറപ്പ്? അക്ബര്‍ ചോദിച്ചു. മാഷ്‌ക്ക് ഉറപ്പുണ്ടല്ലോ. നിക്ക് അതു മതി. റഷീദയുടെ മറുപടിയില്‍ പിന്നെ മറുചോദ്യമുണ്ടായിരുന്നില്ല കഥാകൃത്തിന്.
റഷീദയ്ക്കുശേഷവും പല കുട്ടികളും പല പേരുകളില്‍ അക്ബറിന്റെ കഥകളിലെ കഥാപാത്രങ്ങളായി. കുട്ടികള്‍ മാത്രമല്ല, അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും... മൂന്ന് പതിറ്റാണ്ട് കാലം കൊണ്ട് ക്ലാസിലും പുറത്തും കണ്ണില്‍ പെട്ടവരിലൂടെയെല്ലാം അക്ബര്‍ മാഷ് കഥ പറഞ്ഞുകൊണ്ടിരുന്നു. അവരുടെ അനുഭവങ്ങള്‍ കഥകളായി. അധ്യാപക കഥകള്‍, സ്‌കൂള്‍ ഡയറി, അധ്യയന യാത്ര, പാഠം മുപ്പത്... അനുഭവങ്ങളില്‍ സ്നേഹം ചാലിച്ച് മാഷ് എഴുതിക്കൊണ്ടേയിരുന്നു. നര്‍മത്തിന്റെ ലാളിത്യത്തില്‍ പൊതിഞ്ഞ വേദനിക്കുന്ന ഹൃദയങ്ങളെക്കുറിച്ചാണ് സ്‌കൂള്‍ കഥകളില്‍ അക്ബര്‍ ഏറെയും എഴുതിയത്. വാക്കുകളെ പൊതിഞ്ഞിരിക്കുന്ന ഹാസ്യത്തിന്റെ മൊമ്പൊടി നീക്കിയാല്‍ കാണാം അതിനു താ ഴെ ഓരോ കഥയ്ക്കും ഓരോ കഥാപാത്രത്തിനും ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ആഴമുള്ള ദു:ഖത്തിന്റെ കടല്‍. ഒരു ചെറു നൊമ്പരമാണ് അക്ബറിന്റെ ഓരോ സ്‌കൂള്‍ കഥയും നമ്മളില്‍ ബാക്കിവയ്ക്കുന്നത്. ചിലത് ഉത്തരമില്ലാത്ത ചില ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നു. ഗ്രീഷ്മയും സുരേഷ് മാഷും റഷീദയുമെല്ലാം വേദനകള്‍ക്ക് അപ്പുറത്ത് ഉത്തരമില്ലാത്ത ചോദ്യങ്ങളായി തന്നെ നിലകൊള്ളുന്നു കഥാന്ത്യത്തിലും. അക്ബര്‍ മാഷില്‍ തെറ്റ് ചെയ്യാതെ കുറ്റക്കാരനാകേണ്ടി വന്നതിന്റത്ത നിസ്സഹായത അനുഭവിക്കുന്ന ഒരധ്യാപകന്റെ ആത്മസംഘര്‍ഷമുണ്ട്. കഥകളില്‍ ഒരു കുട്ടി പല കുട്ടികളാവുന്നു. ഒരു അധ്യാപകന്‍ പലരുടെ വകഭേദങ്ങളാവുന്നു. ചിലപ്പോള്‍ പലരും ഒരാളിലേയ്ക്ക് സന്നിവേശിപ്പിക്കപ്പെടുന്നു. പ്യൂണ്‍ ബാലേട്ടന്‍, പരിമിതികള്‍, ഒരു പ്രതിസന്ധി, മരണാനന്തരസാധ്യതകള്‍, അണിയറ തുടങ്ങിയ കഥകളില്‍ പല കാലങ്ങളും പല പല വ്യക്തികളും മറ്റു പല കാലങ്ങളായും വേഷങ്ങളായുമാണ് പുനര്‍ജനിക്കുന്നത്.
'സ്ത്രീകള്‍ക്ക് ആനൂകൂല്യങ്ങളും സ്വാതന്ത്ര്യങ്ങളും നേടാനേ കഴിയൂ അതൊന്നും അനുഭവിക്കാന്‍ ഭാഗ്യമില്ല' എന്ന റഷീദയുടെ വാക്കുകള്‍ക്ക് തിരിച്ചറിയാനാവാത്ത വിധമൊരു അര്‍ത്ഥതലമുണ്ട്. നമ്മുടെ സ്‌കൂള്‍, കലാലയ കാലത്തെ ഓര്‍മകളെ തൊട്ടുണര്‍ത്തുന്ന കഥകളില്‍ കഥാകൃത്ത് എത്ര ഭാവനയുടെ രസം ചേര്‍ത്തിട്ടും അവ വെറും സാങ്കല്‍പ്പികതലത്തിനപ്പുറത്ത് യാഥാര്‍ത്യബോധമാണ് നമ്മളില്‍ ഉണര്‍ത്തുന്നത്. പോയ്പ്പോയ ഒരു കാലം മാറ്റുകുറയാതെ മുന്നില്‍ പുനരവതരിച്ചപോലെ. കണ്ടുമറന്ന മുഖങ്ങള്‍ മുന്നില്‍ തെളിയുന്ന പോലെ. വേദനത്തില്‍ മധുരം പുരട്ടുംപോലെയാണ് തന്റെ സ്‌കൂള്‍ കാലത്തെ കഥയില്‍ പുരട്ടി കഥാകൃത്ത് ആസ്വദിച്ചത്. ഒരുപക്ഷേ, അധ്യാപകന്റെ കണ്ണിലൂടെ കുട്ടികളെ ഇത്ര സ്നേഹത്തോടെ കണ്ട കഥകളും ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. സ്നേഹത്തിന്റെയും കഥയുടെയും ഈ മധുരച്ചൂരല്‍ കൊണ്ട് മെല്ലെ തലോടിയാണ് മാഷ് ഓരോ കുട്ടിയെയും വളര്‍ത്തിയത്. ഓരോ കഥയും എഴുതിയത്.
Content Highlights: Akbar Kakkattil Death Anniversary