ഒരു നൂറ്റാണ്ടുകാലം കേരള രാഷ്ട്രീയത്തിന്റെ തുടിപ്പും തുടര്‍ച്ചയുമായി നിലകൊണ്ട വി.എസ് അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവചരിത്രം മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന പത്രപ്രവര്‍ത്തകന്‍ കെ. ബാലകൃഷ്ണന്‍ തയ്യാറാക്കിയ വി.എസ് രാഷ്ട്രീയജീവിതം എന്ന പുസ്തകത്തില്‍ നിന്നും ഒരു അധ്യായം.
കരുണാകരന്റെയും തുടര്‍ന്ന് എ.കെ. ആന്റണിയുടെയും നേതൃത്വത്തിലുള്ള യു.ഡി.എഫ്. ഭരണത്തിനെതിരായി പ്രതിപക്ഷം നടത്തിയ പ്രചാരണവും പ്രക്ഷോഭങ്ങളും നല്ലനിലയില്‍ വിജയിച്ചുവെന്നതിന്റെ തെളിവായി 1996-ല്‍ നടന്ന നിയമസഭാതിരഞ്ഞെടുപ്പിന്റെ ഫലം. സി.പി.ഐ.എം. സംസ്ഥാനസെക്രട്ടറിയായ ഇ.കെ. നായനാര്‍ തിരഞ്ഞെടുപ്പുമത്സരത്തില്‍നിന്നും പൂര്‍ണ്ണമായി മാറിനില്‍ക്കുകയും എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പുപ്രചാരണം നയിക്കുകയുമായിരുന്നു. തിരു-കൊച്ചി നിയമസഭാതിരഞ്ഞെടുപ്പുമുതല്‍ ഇടതുപക്ഷത്തെ പ്രധാന സ്ഥാനാര്‍ത്ഥികളിലൊരാളായിരുന്ന കെ.ആര്‍. ഗൗരിയമ്മ സി.പി.ഐ.എമ്മില്‍നിന്നും എല്‍.ഡി.എഫില്‍നിന്നും പുറത്തായിക്കഴിഞ്ഞിരുന്നു. പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷനേതാവുമായ വി.എസ്. അച്യതാനന്ദന്‍ ജയിച്ചാല്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും നിയമസഭാകക്ഷിനേതാവോ, അതായത്, ജയിച്ചാല്‍ മുഖ്യമന്ത്രി, ഭൂരിപക്ഷമില്ലെങ്കില്‍ പ്രതിപക്ഷനേതാവ് എന്ന നിലയില്‍ തീരുമാനമല്ലെങ്കിലും ധാരണയുണ്ടായിരുന്നു.
തിരഞ്ഞെടുപ്പുഫലം എല്‍.ഡി.എഫിന് അനുകൂലമായിരുന്നു. എന്നാല്‍, മാരാരിക്കുളത്ത് വി.എസ്. അച്യുതാനന്ദന്‍ അപ്രതീക്ഷിതമായി തോറ്റു. കോണ്‍ഗ്രസ്സിലെ പി.ജെ. ഫ്രാന്‍സിസ് 1965 വോട്ടിനാണ് വി.എസ്സിനെ തോല്‍പ്പിച്ചത്. 80 സീറ്റ് നേടി ഭൂരിപക്ഷം കരസ്ഥമാക്കിയ ഇടതുപക്ഷജനാധിപത്യമുന്നണിയില്‍ 40 സീറ്റ് സി.പി.ഐ.എമ്മിനായിരുന്നു. നിയമസഭാകക്ഷിനേതാവിനെ തിരഞ്ഞെടുക്കുന്നതിനു മുമ്പ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോവും കേന്ദ്രകമ്മിറ്റിയും ഡല്‍ഹിയില്‍ ചേര്‍ന്നു. നേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യം സംസ്ഥാനകമ്മിറ്റിക്കു വിടുകയായിരുന്നു. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരില്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളായ ടി.കെ. രാമകൃഷ്ണന്‍, സുശീലാ ഗോപാലന്‍ എന്നിവരാണുണ്ടായിരുന്നത്. പാര്‍ട്ടിയുടെ നിയമസഭാകക്ഷിയെ ആരു നയിക്കണമെന്ന കാര്യത്തില്‍ വലിയ അഭിപ്രായവ്യത്യാസം രൂപപ്പെട്ടു. സംസ്ഥാനത്ത് ആദ്യമായി ഒരു വനിതാ മുഖ്യമന്ത്രി വേണമെന്ന അഭിപ്രായം ചിലര്‍ ഉയര്‍ത്തി. പാര്‍ട്ടിയിലെ ട്രേഡ് യൂണിയന്‍ വിഭാഗത്തില്‍പ്പെട്ട നേതാക്കള്‍ക്ക് പൊതുവേ ആ അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍, ഒരു കൂട്ടുകക്ഷിമന്ത്രിസഭ നയിക്കുന്നതിനുള്ള പ്രാപ്തിയൊക്കെ ചര്‍ച്ചാവിഷയമായി. സംസ്ഥാനകമ്മിറ്റിയില്‍ 'ആര് നേതാവ്?' എന്ന ചര്‍ച്ച വന്നപ്പോള്‍ ഇ.കെ. നായനാരുടെയും സുശീലാ ഗോപാലന്റെയും പേരുയര്‍ന്നു. നിയമസഭാംഗമല്ലെങ്കിലും തന്റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍, മത്സരത്തിനുണ്ടെന്ന് നായനാര്‍ പറഞ്ഞു. അതോടെ മത്സരമായി. നായനാര്‍ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആ സംസ്ഥാനകമ്മിറ്റിയോഗത്തില്‍ത്തന്നെ നായനാര്‍ക്കു പകരം സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുത്തു. ചടയന്‍ ഗോവിന്ദനും കെ.എന്‍. രവീന്ദ്രനാഥും തമ്മിലുള്ള മത്സരത്തില്‍ ചടയന്‍ വലിയ വ്യത്യാസത്തില്‍ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇത് സ്വാഭാവികമായി നടന്നതല്ല, അതിനു പിന്നില്‍ വിഭാഗീയമായ ആലോചനകളും പ്രചാരണവുമൊക്കെ നടന്നുവെന്ന് അന്നേ വ്യക്തമായതാണ്. പാര്‍ട്ടിയില്‍ മുറിവുകള്‍ കൂടിക്കൂടി വരികയായിരുന്നു. മാരാരിക്കുളത്ത് തോറ്റ വി.എസ്. തന്ത്രപരമായി മുന്നോട്ടുവരികയായിരുന്നുവെന്ന് മാദ്ധ്യമങ്ങള്‍ വ്യാഖ്യാനിച്ചു. പിന്നീട് സേവ് സി.പി.എം. ഫോറം ഗ്രൂപ്പുകാര്‍ ആ കുറ്റപ്പെടുത്തലോടെ ഊമക്കത്തുകളെപ്പോലെ ലഘുലേഖകള്‍ പുറത്തുവിട്ടു.
മുഖ്യമന്ത്രിയായി നായനാര്‍ വീണ്ടുമെത്തിയത് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും വലിയ മതിപ്പാണുണ്ടാക്കിയത്. അതേസമയം പാര്‍ട്ടിക്കകത്ത് മുറിവുകള്‍ കൂടിക്കൂടി വന്ന് വ്രണമാവുകയും. വിഭാഗീയത അതിന്റെ പാരമ്യത്തിലേക്ക് നീങ്ങുകയായിരുന്നു. നായനാര്‍ മന്ത്രിസഭയില്‍ സുശീലാ ഗോപാലന്‍ വ്യവസായമന്ത്രിയായി. ടി.കെ. രാമകൃഷ്ണന്‍ സാംസ്‌കാരികവും ഫിഷറീസും വകുപ്പുമന്ത്രി. പിണറായി വിജയന്‍ വൈദ്യുതി-സഹകരണ വകുപ്പുമന്ത്രി. വി.എസ്സിനെ മാരാരിക്കുളത്ത് പാര്‍ട്ടിക്കകത്തുള്ളവരില്‍ ചിലര്‍തന്നെ ആസൂത്രിതമായി തോല്‍പ്പിക്കുകയായിരുന്നുവെന്ന് വ്യക്തമായിരുന്നു. അതുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ മുതിര്‍ന്ന നേതാവും ജില്ലാ സെക്രട്ടേറിയറ്റംഗവുമായ ടി.കെ. പളനിയുള്‍പ്പെടെയുള്ളവരെ പുറത്താക്കി. വിഭാഗീയത കൂടപ്പിറപ്പായ ആലപ്പുഴയില്‍ പുതിയ പ്രശ്നങ്ങള്‍ നീറിനീറിപ്പുകഞ്ഞുകൊണ്ടിരുന്നു.
1991-ല്‍ കോഴിക്കോട്ടു നടന്ന സംസ്ഥാനസമ്മേളനത്തില്‍ വി.എസ്. സെക്രട്ടറിസ്ഥാനത്തുനിന്ന് പുറത്തായതുപോലൊരു സാഹചര്യമാണ് അതേക്കാള്‍ വലിയ വിഭാഗീയപ്രശ്നം മൂത്ത് 1996ലെ മുഖ്യമന്ത്രി-പാര്‍ട്ടി സെക്രട്ടറി തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്. അതവിടെ നിന്നില്ല. അതിനു മുമ്പ് 1987-91ലെ ഭരണകാലത്തുണ്ടായ ചില പ്രശ്നങ്ങളില്‍ ഗൗരിയമ്മയ്ക്കെതിരേ നീക്കങ്ങളുണ്ടായിരുന്നു. ടാന്‍സാനിയയില്‍നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ വ്യവസായമന്ത്രിയായ ഗൗരിയമ്മയ്ക്കെതിരേ പാര്‍ട്ടിയിലെ സി.ഐ.ടി.യു. വിഭാഗത്തില്‍പ്പെട്ട ചിലര്‍ ആരോപണമുന്നയിച്ചു. ആ പ്രശ്നത്തില്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായ എന്‍. പത്മലോചനന്‍ പ്രധാന പങ്കാളിയായിരുന്നു. ഗൗരിയമ്മ വ്യവസായമന്ത്രിയായിരിക്കെ കെ.പി.പി. നമ്പ്യാരെ ഉപദേഷ്ടാവായി നിയോഗിച്ചതില്‍ ചിലര്‍ക്ക് വലിയ എതിര്‍പ്പുണ്ടായിരുന്നു. ഡോ. എ.ഡി. ദാമോദരനും കെ.പി.പിയുമായി വലിയ വിവാദങ്ങളുണ്ടായി. എ.ഡി. ദാമോദരന്‍ ഇ.എം.എസ്സിന്റെ മകള്‍ ഡോ. മാലതിയുടെ ഭര്‍ത്താവാണ്. കെ.പി.പിക്കെതിരായ നീക്കത്തില്‍ ടി.യു. വിഭാഗത്തിലെ ചിലരുമുണ്ടായിരുന്നതായാണ് അക്കാലത്തെ പത്രവാര്‍ത്തകള്‍. ഗൗരിയമ്മയാകട്ടെ പാര്‍ട്ടിനിര്‍ദ്ദേശങ്ങളല്ല സ്വന്തം നിഗമനങ്ങളാണ് മുഖ്യമായി കരുതിയത്.
1991-ല്‍ സര്‍ക്കാര്‍ രാജിവെക്കുകയും വി.എസ്. സംസ്ഥാന സെക്രട്ടറിസ്ഥാനത്തുനിന്ന് മാറുകയും ചെയ്തതോടെ ഗൗരിയമ്മയ്ക്കെതിരായ നീക്കങ്ങള്‍ക്ക് ശക്തികൂടി. ഗൗരിയമ്മ പാര്‍ട്ടിയുമായി തെറ്റിനില്‍ക്കുകയാണെന്നറിഞ്ഞതോടെ അവരെ അടര്‍ത്തിയെടുക്കാന്‍ യു.ഡി.എഫ് വലവിരിച്ചു. 1991-ല്‍ അധികാരത്തിലെത്തിയ യു.ഡി.എഫ് മന്ത്രിസഭയിലെ സഹകരണമന്ത്രിയും സി.എം.പി. നേതാവുമായ എം.വി. രാഘവനെ അതിനായി മുഖ്യമന്ത്രി കരുണാകരന്‍ നിയോഗിച്ചു. ആലപ്പുഴയില്‍ പ്രത്യേകമായ ഒരു വികസനസമിതിയുണ്ടാക്കി ഗൗരിയമ്മയെ അതിന്റെ ചെയര്‍പേഴ്സണാക്കുകയായിരുന്നു.
1987-ലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ജില്ലാ കൗണ്‍സില്‍ നിയമം പാസാക്കി ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടത്തി ജില്ലാ കൗണ്‍സിലുകള്‍ പ്രാബല്യത്തിലായ കാലം. ജില്ലാ കൗണ്‍സിലുകളുടെ അധികാരം കവരുകയും അതിനെ നോക്കുകുത്തിയാക്കാന്‍ ശ്രമിക്കുകയുമായിരുന്നു കരുണാകരന്‍. എന്നിട്ടും ജില്ലാ കൗണ്‍സില്‍ നിലവിലിരിക്കെ മറ്റൊരു വികസനകൗണ്‍സില്‍ ആലപ്പുഴയില്‍ മാത്രമായി രൂപീകരിക്കുകയും തന്നെ അതിന്റെ ചെയര്‍പേഴ്സണാക്കുകയും ചെയ്തതിന്റെ പിന്നിലെ ഗൂഢാലോചന മനസ്സിലാക്കിയോ മനസ്സിലാകാതെയോ അവര്‍ അതിന് തലവെച്ചുകൊടുക്കുകയായിരുന്നു. താന്‍പ്രമാണിത്തം ഗുണമായും ദോഷമായും ആരോപിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നല്ലോ ഗൗരിയമ്മയുടേത്. ജി. സുധാകരനാണ് ജില്ലാ കൗണ്‍സില്‍ പ്രസിഡന്റ്. ജില്ലാ കൗണ്‍സിലില്‍ ഗൗരിയമ്മയ്ക്കെതിരേ രൂക്ഷവിമര്‍ശമുയര്‍ന്നു. ഗൗരിയമ്മയ്ക്കെതിരേ നേരത്തേതന്നെ ആരംഭിച്ചിരുന്ന നടപടികള്‍ കൂടുതല്‍ ശക്തിയോടെ തുടര്‍ന്നു. ആദ്യം സംസ്ഥാനസെക്രട്ടേറിയറ്റില്‍നിന്നും പിന്നീട് സംസ്ഥാന കമ്മിറ്റിയില്‍നിന്നും പടിപിടിയായി താഴേക്കു വന്ന് ജില്ലാ കമ്മിറ്റിവരെയെത്തിയ ഗൗരിയമ്മ പൂര്‍ണ്ണമായും പാര്‍ട്ടിക്ക് പുറത്താകുന്നതാണ് പിന്നീടു കണ്ടത്. അവര്‍ ജെ.എസ്.എസ്. എന്ന പാര്‍ട്ടി രൂപീകരിച്ച് യു.ഡി.എഫില്‍ എത്തുകയായിരുന്നു.
വി.എസ്സിനെ സംബന്ധിച്ച് വലിയ പ്രയാസം സൃഷ്ടിച്ച സംഭവമാണിത്. ഗൗരിയമ്മയെ പല തവണ കണ്ട് നിലപാട് മാറ്റിക്കാന്‍ വി.എസ്. ശ്രമിച്ചെങ്കിലും നടന്നില്ല. 2001-ലെ തിരഞ്ഞെടുപ്പില്‍ ജെ.എസ്.എസ്. നാലു സീറ്റ് നേടി. ഗൗരിയമ്മ കൃഷിമന്ത്രിയുമായി. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ ഗൗരിയമ്മ സ്വീകരിച്ച നിഷേധാത്മകനിലപാടിനെതിരേ നിയമസഭയില്‍ വി.എസ്. നടത്തിയ പോരാട്ടം ശ്രദ്ധേയമാണ്. ആ പോരാട്ടമാണ് എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തെ വലിയൊരു ജനകീയസമരമായി വളര്‍ത്തിയത്.
1996-ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ മാരാരിക്കുളത്തു പരാജയപ്പെട്ട വി.എസ്. ഒന്നരക്കൊല്ലത്തോളം പാര്‍ട്ടി പി.ബി. അംഗം എന്ന നിലയിലുള്ള പ്രവര്‍ത്തനമല്ലാതെ മറ്റു പ്രത്യേക ചുമതലയൊന്നുമില്ലാതെ നില്‍ക്കുകയായിരുന്നു. 1998 ആദ്യം പാലക്കാട് സംസ്ഥാനസമ്മേളനം നടന്നു. ആ സമ്മേളനത്തിന് മാസങ്ങള്‍ മുമ്പേതന്നെ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്‍ കടുത്ത രോഗബാധിതനായി ചികിത്സയിലായിരുന്നു. വിദേശത്തടക്കം പോയി പരിശോധന നടത്തിയിരുന്നു. സംസ്ഥാനസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചടയന്‍ എത്തിയത് പൂര്‍ണ്ണ ആരോഗ്യവാനായിട്ടായിരുന്നില്ല. മുടിയൊക്കെ മുഴുവന്‍ കൊഴിഞ്ഞുപോയിരുന്നു. പക്ഷേ, പാര്‍ട്ടിയെ പ്രതിസന്ധിഘട്ടത്തില്‍ രക്ഷിക്കാന്‍ ചടയനെപ്പോലുള്ള നിസ്വാര്‍ത്ഥ ത്യാഗിവര്യനേതാവ് ആവശ്യമാണെന്ന ബോധം പൊതുവിലുണ്ടായിരുന്നു. പാര്‍ട്ടിയിലെ പോരടിച്ചുനില്‍ക്കുന്ന വിഭാഗങ്ങളിലെ ആര്‍ക്കും ചടയനോട് വലിയ വിപ്രതിപത്തിയുണ്ടായിരുന്നില്ല (എം.എം. ലോറന്‍സ് എഴുതിയ 'ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍' എന്ന ആത്മകഥകൂടി പ്രസിദ്ധപ്പെടുത്തിയ സാഹചര്യത്തിലാണ് ഇതെഴുതുന്നത്). പാലക്കാട് സമ്മേളനത്തില്‍ വിഭാഗീയത മുടിയഴിച്ചാടുകയായിരുന്നു. സമ്മേളനത്തിലെ തിരഞ്ഞെടുപ്പില്‍ വിഭാഗീയത എല്ലാ പരിധിയും കടന്നുവെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തിയെങ്കിലും-സമ്മേളനം കഴിഞ്ഞ് മാസങ്ങള്‍ക്കുശേഷമാണ് കോണ്‍ഗ്രസ് നടന്നത്. പാലക്കാട് സമ്മേളനത്തില്‍ വോട്ടെടുപ്പില്‍ പരാജയപ്പെട്ടത് കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം.എം. ലോറന്‍സ്, കെ.എന്‍. രവീന്ദ്രനാഥ്, സി.ഐ.ടി.യു. അഖിലേന്ത്യാ സെക്രട്ടറിമാരിലൊരാളായ വി.ബി. ചെറിയാന്‍, സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ. മൂസക്കുട്ടി, മഹിളാ അസോസിയേഷന്‍ നേതാവ് ടി. ദേവി, ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് തുടങ്ങി എട്ടു പേരാണ്. മത്സരിച്ച ഒന്‍പതുപേരില്‍ പി. ജയരാജന്‍, മത്തായി ചാക്കോ, സി.എം. ദിനേശ്മണി എന്നിവരടക്കം എട്ടുപേര്‍ ജയിച്ചു. മത്സരിച്ച ഒരാള്‍ ഗ്രൂപ്പടിസ്ഥാനത്തിലല്ലാത്തതിനാലാണ് പരാജയപ്പെട്ടതെന്നും വാര്‍ത്തകളുണ്ടായി. ഒ. ഭരതന്‍, ഐ.വി. ദാസ്, സി. കൃഷ്ണന്‍ നായര്‍, പാച്ചേനി കുഞ്ഞിരാമന്‍ തുടങ്ങിയവരെ പ്രായത്തിന്റെയും മറ്റും പേരില്‍ പാനലില്‍നിന്ന് ഒഴിവാക്കിയിരുന്നു.
സമ്മേളനത്തിലെ തിരഞ്ഞെടുപ്പില്‍ പാടില്ലാത്തത് നടന്നുവെന്നും അക്കാര്യം പാര്‍ട്ടി കോണ്‍ഗ്രസ് പരിശോധിക്കുമെന്നും സമ്മേളനത്തില്‍ പങ്കെടുത്ത പി.ബി. ടീമിലെ അംഗമായ ഇ. ബാലാനന്ദന്‍ പരസ്യമായി പ്രസ്താവന നടത്തി. സമ്മേളനത്തിലെ കമ്മിറ്റി തിരഞ്ഞെടുപ്പ് പൂര്‍ണ്ണമായും വിഭാഗീയമായിരുന്നുവെന്നതില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. 1991-ലെ കോഴിക്കോട് സമ്മേളനത്തില്‍ വി.എസ്സിനെ സെക്രട്ടറിസ്ഥാനത്തുനിന്നു മാറ്റാന്‍ നടന്ന ഗൂഢാലോചനയുടെ തനിയാവര്‍ത്തനം-എന്നാല്‍, കുറേക്കൂടി പരസ്യമായും വിപുലമായും നടക്കുകയായിരുന്നു, 1998-ല്‍ പാലക്കാട്ട്. 1995-ല്‍ കൊല്ലത്തു നടന്ന സംസ്ഥാനസമ്മേളനത്തിലും വിപുലമായ മത്സരമുണ്ടായിരുന്നെങ്കിലും വലിയ പ്രത്യാഘാതമുണ്ടായില്ല. തോല്‍പ്പിക്കാനുള്ള ശ്രമം അതിജീവിച്ച് കഷ്ടിച്ച് അതിജീവിക്കുകയായിരുന്നു എം.എം. ലോറന്‍സ്. മത്സരിച്ചവരിലൊരാളായ എ.കെ. ബാലന്‍ ഒന്നോ രണ്ടോ വോട്ടിനാണ് പരാജയപ്പെട്ടത്. കൊല്ലം ജില്ലക്കാരനായ പി. രാജേന്ദ്രനാണ് പാനലിലില്ലാതെ അന്ന് വോട്ടെടുപ്പില്‍ ജയിച്ചത്. പാനലില്‍നിന്ന് പരാജയപ്പെട്ടതാകട്ടെ കൊല്ലം ജില്ലക്കാരന്‍തന്നെയായ സി.ഐ.ടി.യു. നേതാവ് എന്‍. പത്മലോചനനും.
പാര്‍ട്ടി കേന്ദ്രകമ്മിറ്റിതന്നെ വിശദമായി പരിശോധിച്ച് വ്യക്തമാക്കിയതാണ് കേരളാപാര്‍ട്ടിയില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിഭാഗീയത. 1991-ല്‍ കോഴിക്കോട്ട് സമ്മേളനത്തില്‍ എം. ബാസവ പുന്നയ്യയുടെ നേതൃത്വത്തിലുള്ള പി.ബി. സംഘത്തിനു പറ്റിയ പിഴവ്, സൂക്ഷ്മതക്കുറവ് ദൂരവ്യാപകമായ പ്രത്യാഘാതത്തിലേക്ക് പാര്‍ട്ടിയെ തള്ളിയിടുകയായിരുന്നു. ഈ സംഭവങ്ങളിലെല്ലാം തെറ്റുചെയ്തവര്‍ നിരവധിയുണ്ടായിരുന്നു. അതിലൊരാള്‍തന്നെയാണ് വി.എസ്. എന്നതും പാര്‍ട്ടി വ്യക്തമാക്കിയതാണ്. തനിക്കോ തന്നോടൊപ്പം നില്‍ക്കുന്നവര്‍ക്കോ ഉണ്ടായ ദുരനുഭവം/ മുറിവ്, വൈരനിര്യാതനത്തിനു കാരണമാക്കിയെന്ന വിമര്‍ശം അകത്തുണ്ടായി. പാലക്കാട് സമ്മേളനത്തില്‍ കമ്മിറ്റിയില്‍നിന്ന് പുറത്താവുകയും പിന്നീട് സംസ്ഥാന കമ്മിറ്റിയില്‍ തിരിച്ചെത്തുകയും ചെയ്ത എം.എം. ലോറന്‍സ്, വിഭാഗീയതയിലെ പ്രതിയും ഇരയുമായിരിക്കെത്തന്നെ തന്റെ ഭാഗം ന്യായീകരിച്ച് ഇക്കാര്യങ്ങള്‍ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. വി.എസ്. വായിച്ചംഗീകരിച്ച വി.എസ്സിന്റെ ആത്മരേഖ എന്ന പി. ജയനാഥിന്റെ പുസ്തകത്തിലും വ്യത്യസ്തരൂപത്തില്‍ ഈ പ്രശ്നങ്ങള്‍ സൂചിതമാകുന്നുണ്ട്. എല്ലാ വിഭാഗത്തിലും ഗുണഭോക്താക്കളും ഇരകളുമുണ്ടാവുക സ്വാഭാവികമാണല്ലോ. അതിലേക്കു കടക്കാതെ സംഭവത്തിന്റെ വികാസത്തിലേക്കു കടക്കാം.
1998-ലെ പാലക്കാട് സംസ്ഥാനസമ്മേളനത്തിലെ തോല്‍വി തോറ്റവിഭാഗത്തിന് സ്വാഭാവികമായും വലിയ തിരിച്ചടിയായി. പാര്‍ട്ടിക്ക് അത് ക്ഷീണവുമായി. അതില്‍ ചിലര്‍ ചേര്‍ന്ന് സേവ് സി.പി.എം. ഫോറം എന്ന പേരില്‍ വിഭാഗീയ ഒത്തുചേരല്‍ നടത്തുകയും ലഘുലേഖ പ്രസിദ്ധപ്പെടുത്തുകയും ചെയ്തത് കൂടുതല്‍ വലിയ ആഘാതമുണ്ടാക്കി. സംസ്ഥാന സമ്മേളനം കഴിഞ്ഞ് ഒന്‍പതുമാസം കഴിഞ്ഞാണ് കോണ്‍ഗ്രസ് നടന്നത്. ലോകസഭാ തിരഞ്ഞെടുപ്പ് ഇടയില്‍ കടന്നുവന്നതാണ് കാരണം. ഈ ഇടവേളയില്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെ അസുഖം വീണ്ടും രൂക്ഷമായി. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ 1995-ലെ സമ്മേളനത്തിനുശേഷം എത്തിയ കോടിയേരി ബാലകൃഷ്ണന്‍ ചടയന്റെ സഹായിയായി പാര്‍ട്ടി കാര്യങ്ങള്‍ ശ്രദ്ധിച്ചു. കോടിയേരിയെ സംസ്ഥാന സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തുകയായിരുന്നു. അതിനിടയില്‍ പല സംഭവവികാസങ്ങളുണ്ടായി.
പാലക്കാട്ടെ വെട്ടിനിരത്തലിനെതിരേ കേന്ദ്രകമ്മിറ്റിയുടെ ഇടപെടലുണ്ടാകുമെന്ന മോഹം അസ്തമിച്ചതോടെയാണ് സേവ് സി.പി.എം. ഫോറം ലഘുലേഖകള്‍ തയ്യാറാക്കി പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. അതേക്കുറിച്ചന്വേഷിക്കാന്‍ പി.കെ. ഗുരുദാസന്‍, ടി. ശിവദാസമേനോന്‍, കോടിയേരി ബാലകൃഷ്ണന്‍, എം. കേളപ്പന്‍ എന്നിവരടങ്ങിയ കമ്മിറ്റിയെ നിയോഗിച്ചു. ഫോറത്തിനു പിന്നില്‍ വി.ബി. ചെറിയാനും അപ്പുക്കുട്ടന്‍ വള്ളിക്കുന്നുമാണെന്നും അവര്‍ അതു ചെയ്തത് കെ.എന്‍. രവീന്ദ്രനാഥിന്റെയും എം.എം. ലോറന്‍സിന്റെയും പ്രേരണയോടെയാണെന്നുമായിരുന്നു കമ്മിറ്റിയുടെ നിഗമനം. വി.ബി. ചെറിയാനെയും അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. സേവ് സിപി.എം. ഫോറത്തിനെതിരായ അന്വേഷണറിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റിക്ക് അയയ്ക്കുന്നതിനു മുമ്പേതന്നെ രവീന്ദ്രനാഥിനും ലോറന്‍സിനും എത്തിച്ചു. അത് ചോര്‍ന്നതിനെതിരേ മറ്റൊരന്വേഷണക്കമ്മീഷനുണ്ടായി. ഇതൊക്കെ നടന്നുകൊണ്ടിരിക്കെയാണ് പതിനാറാം പാര്‍ട്ടി കോണ്‍ഗ്രസ് 1998 ഒക്ടോബര്‍ 5 മുതല്‍ 11 വരെ കൊല്‍ക്കത്തയില്‍ നടക്കുന്നത്.
അതിനു മുമ്പേ ഇന്ത്യയിലെ പാര്‍ട്ടിയെ സംബന്ധിച്ച് ഏറ്റവും വലിയ നഷ്ടമുണ്ടായിക്കഴിഞ്ഞിരുന്നു. ദീര്‍ഘകാലം പാര്‍ട്ടിയെ നയിച്ച് പാര്‍ട്ടിയുടെ എല്ലാമെല്ലാമായ സഖാവ് ഇ.എം.എസ്സിന്റെ അന്ത്യം. 1998 മാര്‍ച്ച് 19നായിരുന്നു അത്. ആ ദിവസംപോലും പാര്‍ട്ടിക്കായി ജോലി ചെയ്ത് ലേഖനമെഴുതിയ ഇ.എം.എസ്സിന്റെ നിര്യാണം പാര്‍ട്ടിക്ക് നികത്താനാവാത്ത നഷ്ടമായി. പാലക്കാട്ടു നടന്ന സംസ്ഥാനസമ്മേളനത്തില്‍ പതാക ഉയര്‍ത്തിയത് ഇ.എം.എസ്സായിരുന്നു. സമ്മേളനത്തില്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ചടയന്‍ ഗോവിന്ദന് ഏതാനും മാസത്തിനകംതന്നെ രോഗം രൂക്ഷമായി. പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയായി. അക്കൊല്ലം സെപ്റ്റംബര്‍ ഒന്‍പതിന് ചടയന്‍ അന്തരിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത് പങ്കെടുത്ത സംസ്ഥാന കമ്മിറ്റിയോഗം പിണറായി വിജയനെ പുതിയ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു.
പാര്‍ട്ടി കോണ്‍ഗ്രസ്സിനു ശേഷമാണ് പിണറായി മന്ത്രിസ്ഥാനം രാജിവെച്ചത്. പകരം എസ്. ശര്‍മ്മ മന്ത്രിയായി. പാര്‍ട്ടി കോണ്‍ഗ്രസ് പിണറായിയെയും പി.കെ. ഗുരുദാസന്‍, പി. കരുണാകരന്‍ എന്നിവരെയും കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. കേരളഘടകത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് എം.എം. ലോറന്‍സ്, കെ.എന്‍. രവീന്ദ്രനാഥ് എന്നിവരെ കേന്ദ്രകമ്മിറ്റിയുടെ പാനലില്‍നിന്ന് ഒഴിവാക്കി. സേവ് സി.പി.എം. ഫോറവുമായി അവര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണമാണ് ഉന്നയിക്കപ്പെട്ടത്. പാര്‍ട്ടി കോണ്‍ഗ്രസ്സിനുശേഷം നടന്ന ആദ്യ കേന്ദ്രകമ്മിറ്റിയോഗത്തില്‍ പിണറായിയെ പോളിറ്റ് ബ്യൂറോവില്‍ ഉള്‍പ്പെടുത്തി, പി.കെ. ശ്രീമതിയെ കേന്ദ്രകമ്മിറ്റിയിലും. കേന്ദ്രകമ്മിറ്റിയില്‍ സ്ത്രീപ്രാതിനിധ്യം കുറവായതില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ത്തന്നെ വൃന്ദാ കാരാട്ട് പ്രതിഷേധിച്ചിരുന്നു. അവര്‍ കമ്മിറ്റിയില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ആ സാഹചര്യത്തിലാണ് പിന്നീട് കൂട്ടിച്ചേര്‍ക്കലുകളുണ്ടായത്.
ഇ.എം.എസ്സിന്റെ നിര്യാണത്തെത്തുടര്‍ന്ന് ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി വി.എസ്. നിയോഗിക്കപ്പെട്ടു. ഒന്നരക്കൊല്ലത്തോളമായി പ്രത്യേക ചുമതലയൊന്നുമില്ലാതെ നില്‍ക്കുകയായിരുന്നു വി.എസ്. പാര്‍ട്ടി കോണ്‍ഗ്രസ്സോടെ കേന്ദ്രകമ്മിറ്റിയില്‍നിന്ന് പുറത്താവുകയും ഘടകമേതെന്നത് അനിശ്ചിതത്വത്തിലാവുകയും ചെയ്ത എം.എം. ലോറന്‍സ് എല്‍.ഡി.എഫ്. കണ്‍വീനര്‍സ്ഥാനം രാജിവെച്ചു. ആ സ്ഥാനത്തേക്കും വി.എസ്സിനെ തീരുമാനിച്ചു. ഇതോടെ വി.എസ്സിന്റെ രാഷ്ട്രീയജീവിതത്തില്‍ പുതിയൊരദ്ധ്യായം തുടങ്ങുകയായിരുന്നു.
Content Highlights: vs achuthanandan's political biography by k balakrishnan 'VS RashtreeyaJeevitham'
Published: 08 Aug 2025, 07:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented