എം.എന്‍. കാരശ്ശേരിയുടെ പുസ്തകമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ജനാധിപത്യം എന്ന കൂട്ടക്ഷരം'. പ്രസ്തുത കൃതിയിലെ 'മതേതരത്വം എന്തല്ല?' എന്ന ഭാഗം വായിക്കാം... 

To advertise here,

ഹിന്ദുത്വരാഷ്ട്രീയക്കാരില്‍ ഒരു വിഭാഗം രൂപംകൊടുത്ത ഭീകരസംഘം മതവിമര്‍ശകരെ കൊന്നൊടുക്കുകയും ജീവിച്ചിരിക്കുന്ന വിമര്‍ശകരുടെ നേരെ നിരന്തരം വധഭീഷണി ഉയര്‍ത്തുകയും ചെയ്യുന്ന ഇന്നത്തെ ദുരവസ്ഥയെ വിലയിരുത്തി ഈശ്വരനിഷേധികളും നിര്‍മ്മതചിന്താഗതിക്കാരും ഉന്നയിക്കുന്ന പ്രശ്നം:
'ലോകചരിത്രത്തിലെ പ്രധാനപ്പെട്ട ചോരച്ചൊരിച്ചിലുകള്‍ക്കെല്ലാം കാരണം മതമാണ്. മതത്തിന്റെ പേരില്‍ അധികാരം നേടാനുള്ള പോര് ഒരു വക, മതസമുദായങ്ങള്‍ തമ്മിലുള്ള വര്‍ഗീയലഹള വേറൊരു വക, ഒരേ സമുദായത്തിനകത്തെ ഉള്‍വിഭാഗങ്ങള്‍ തമ്മിലുള്ള കലഹം മറ്റൊരു വക, മതവിരുദ്ധര്‍ക്കെതിരെ നടത്തുന്ന കലാപം ഇനിയൊരു വക- എല്ലാം ദൈവത്തിന്റെ പേരില്‍! ദൈവമില്ല എന്നും പറഞ്ഞ് ആരും ആരെയും തല്ലുകയോ കൊല്ലുകയോ ചെയ്യുന്നില്ല.'

ഇന്ത്യന്‍ സാഹചര്യത്തെപ്പറ്റിയുള്ള അവരുടെ വിശകലനം:
'ഇന്ത്യയില്‍ നിലനില്‍ക്കുന്നത് കപടമതേതരത്വമാണ്. എല്ലാ മതങ്ങള്‍ക്കും തോന്നുംപോലെ പെരുമാറുവാനും അധികാരരാഷ്ട്രീയത്തില്‍ കൈകടത്തുവാനും സൗകര്യം നല്‍കുന്ന ഇന്നത്തെ രീതി മതപ്രീണനമാണ്, മതേതരത്വമല്ല. മതേതരത്വം എന്നത് മതരാഹിത്യമാണ്. മതവിരുദ്ധമായ രാഷ്ട്രത്തിനു മാത്രമേ മതേതരമാവാന്‍ കഴിയൂ. നമ്മുടെ ജനാധിപത്യത്തിന് മതങ്ങളെ നിരോധിച്ചുകൂടേ?'

സത്യം. നമ്മുടെ മതേതരത്വം ദുര്‍ബ്ബലമാണ്. അതിന് പലവിധമായ പോരായ്മകളും പരിമിതികളുമുണ്ട്. തര്‍ക്കമില്ല. പരിഹാരം മതനിരോധനമാണോ? മതനിരാസവാദികളെപ്പോലെ മതരാഷ്ട്രവാദികളും മതേതരത്വത്തെ എതിര്‍ക്കുന്നു എന്നതാണ് രസം.

ഹിന്ദുരാഷ്ട്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു: 'മതേതരത്വം ഭൗതികവാദമാണ്. അതിന് സാംസ്‌കാരികമൂല്യങ്ങളില്‍ വിശ്വാസമില്ല. ദൈവം, മതം തുടങ്ങിയവയെ ജനഹൃദയങ്ങളില്‍നിന്ന് പറിച്ചെറിയാനാണ് അത് ഉത്സാഹിക്കുന്നത്. വ്യക്തിക്കും സമൂഹത്തിനും രാഷ്ട്രത്തിനും മൂല്യബദ്ധമായ സംസ്‌കാരത്തില്‍ പുലരാന്‍ കഴിയണമെങ്കില്‍ ഇന്ത്യ ഹിന്ദുരാഷ്ട്രം ആകണം.'

ഇസ്ലാമികരാഷ്ട്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു: 'മതേതരത്വം മതനിഷേധം തന്നെയാണ്. ഇസ്ലാമിനെ തകര്‍ക്കാന്‍ വേണ്ടി പാശ്ചാത്യര്‍ രൂപംകൊടുത്ത നിര്‍മ്മതവാദത്തിന്റെ കപടമുഖമാണത്. ദൈവത്തിന്റെ അടിയാറുകളായ മനുഷ്യര്‍ സ്രഷ്ടാവിന്റെ നിയമങ്ങള്‍ക്കനുസരിച്ചാണ് ജീവിക്കേണ്ടത്. അതു സാധ്യമാകണമെങ്കില്‍ ഇസ്ലാമികരാഷ്ട്രം സ്ഥാപിക്കണം.'
ഈ മൂന്നു വിഭാഗവും മതേതരത്വത്തെ തെറ്റിദ്ധരിച്ചിരിക്കുന്നു എന്നു വ്യക്തം. മതേതരത്വം മതാധിഷ്ഠിതമല്ല; മതവിരുദ്ധമല്ല; മതാതീതമല്ല.

വിശദീകരിക്കാം:
1. മതാധിഷ്ഠിതമല്ല എന്നതിന് മതരാഷ്ട്രം അല്ല എന്നാണര്‍ത്ഥം. മതരാഷ്ട്രത്തിന് സ്വന്തമായി ഒരു മതമുണ്ട് (സ്റ്റേറ്റ് റിലീജിയന്‍). ആ മതത്തിന്റെ നിയമങ്ങളാണ് രാഷ്ട്രനിയമങ്ങള്‍. ഉദാഹരണം: പാകിസ്താന്‍. അവിടെ രാഷ്ട്രമതം ഇസ്ലാമാണ്. ആ മതത്തിന് നിരക്കാത്തതൊന്നും അവിടത്തെ നിയമങ്ങളില്‍ കാണില്ല. മാത്രമല്ല, അവിടത്തെ അന്യമതക്കാരായ പൗരന്മാര്‍ രണ്ടാംതരക്കാരായിരിക്കും. അന്യമതക്കാരെ രണ്ടാംതരം പൗരന്മാരാക്കി അവരുടെ പൗരാവകാശങ്ങള്‍ നിഷേധിക്കുന്നതുകൊണ്ട് മതരാഷ്ട്രം ജനാധിപത്യരാജ്യമല്ല. 

മതേതരരാഷ്ട്രം മതത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ വിവേചനം കാണിക്കുകയില്ല. അതിന് സ്വന്തമായി മതമില്ല എന്നതുതന്നെ കാരണം. എല്ലാ മതങ്ങള്‍ക്കും തുല്യമായ അന്തസ്സ് എന്നതാണ് അതിന്റെ നയം. രാഷ്ട്രനിയമങ്ങള്‍ തീരുമാനിക്കുന്നത് ഭൂരിപക്ഷം ജനങ്ങളുടെ ഇച്ഛയ്ക്കനുസരിച്ചാണ്, മതഗ്രന്ഥങ്ങളിലെ തീര്‍പ്പുകള്‍ക്കനുസരിച്ചല്ല. ഈ വ്യവസ്ഥയില്‍ ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും പൗരന്മാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

2. മതവിരുദ്ധമല്ല എന്നതിന് എല്ലാ മതങ്ങള്‍ക്കും ഒരുപോലെ സ്വാതന്ത്ര്യം അനുവദിക്കുന്നു എന്നാണര്‍ത്ഥം. ഈ രാഷ്ട്രത്തില്‍ ഏതു മതം വിശ്വസിക്കാനും അനുഷ്ഠിക്കാനും പ്രബോധനം ചെയ്യാനും മതം മാറാനും ആര്‍ക്കും അവകാശമുണ്ട്. വിശ്വാസസ്വാതന്ത്ര്യം എന്ന പൗരാവകാശം മതേതരരാഷ്ട്രം ഉയര്‍ത്തിപ്പിടിക്കുന്നു. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരും ഒരു മതത്തിലും വിശ്വസിക്കാത്തവരും ഉള്‍പ്പെടുന്ന ഒരു സമൂഹത്തില്‍ ജീവിക്കുന്നതിന് ആവശ്യമായ പരിഷ്‌കരണം വിശ്വാസാനുഷ്ഠാനങ്ങളില്‍ വരുത്തേണ്ടിവരും. ഉദാഹരണം: ഒരു കൂട്ടരുടെ ആചാരമാണ് എന്നുവെച്ച് നരബലിയോ ഒരു കൂട്ടരുടെ വിശ്വാസമാണ് എന്നുവെച്ച് സതിയോ അനുവദിക്കുവാന്‍ ജനാധിപത്യത്തിന് സാധിക്കുകയില്ല.

3. മതാതീതമല്ല എന്നതിന് മതപാരമ്പര്യങ്ങളില്‍നിന്ന് ജനാധിപത്യത്തിന് നിരക്കുന്നവ തള്ളിക്കളയില്ല എന്നാണര്‍ത്ഥം. അവയില്‍നിന്ന് സ്വീകരിക്കാവുന്ന സാംസ്‌കാരികത രാഷ്ട്രം ഉയര്‍ത്തിപ്പിടിക്കുക തന്നെ ചെയ്യും. ആചാരാനുഷ്ഠാനങ്ങളെപ്പറ്റിയല്ല, അവയില്‍ അന്തര്‍ഭവിച്ചുകിടക്കുന്ന മൂല്യങ്ങളെപ്പറ്റിയാണ് ഇപ്പറഞ്ഞത് - സത്യം, ധര്‍മ്മം, നീതി, ദയ തുടങ്ങിയവയെപ്പറ്റിയുള്ള ആദരം ഉദാഹരണം. ബുദ്ധപാരമ്പര്യത്തില്‍ നിന്ന് നമ്മുടെ രാഷ്ട്രം 'ധര്‍മ്മചക്രം' എന്ന പ്രതീകം സ്വീകരിച്ചതും അതു ദേശീയപതാകയില്‍ വരെ ഉള്‍പ്പെടുത്തിയതും ഓര്‍ത്തുനോക്കുക - രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും കുലത്തിന്റെയും വ്യക്തിയുടെയും നാനാവിധമായ ചുമതല (ധര്‍മ്മം) യെപ്പറ്റി അതു നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും; അതേസമയം കാലത്തിനും ദേശത്തിനും അനുസരിച്ച് മാറിവരാവുന്ന മട്ടില്‍ ധര്‍മ്മം കറങ്ങുന്ന ഒന്നാണ് (ചക്രം) എന്ന് നമ്മെ താക്കീതു ചെയ്തുകൊണ്ടുമിരിക്കും. മതവിശ്വാസിക്ക് മതേതരവാദിയാവാന്‍ പറ്റുമോ?

തീര്‍ച്ചയായും പറ്റും, പറ്റണം. ഹിന്ദുമതത്തില്‍ വിശ്വസിച്ചുകൊണ്ടുതന്നെ ഒരാള്‍ക്ക് ജാതിയെ തള്ളിപ്പറയാന്‍ പറ്റുന്നത് മതേതരബോധം കൊണ്ടാണ്. മതനിഷേധിക്ക് എന്നതിനെക്കാള്‍ മതവിശ്വാസിക്കാണ് മതേതരത്വം ആവശ്യമുള്ളത്. ഭിന്നമതക്കാര്‍ക്ക് ഒരേപോലെ സ്വന്തം വിശ്വാസം പുലര്‍ത്തിക്കൊണ്ട് ഒരേ നാട്ടില്‍ ജീവിക്കാന്‍ അതു വേണം. ഗാന്ധിജിയെയോ ഖാന്‍ അബ്ദുല്‍ഗാഫര്‍ഖാനെയോ നോക്കുക. അവര്‍ക്ക് മതമുണ്ട്, മതേതരത്വവും ഉണ്ട്. ഭിന്നമതസ്ഥരാണെങ്കിലും നമ്മള്‍ ഒരു രാഷ്ട്രമാണ് എന്ന വിവേകമാണ് മതേതരത്വം. 

മതത്തിന്റെ വകയില്‍ അവസരത്തിലോ നിയമത്തിലോ നീതിയിലോ ഒരു വ്യത്യാസവും ഒരു വ്യക്തിയോടും കാണിക്കുകയില്ല എന്നതാണ് ഉള്‍സാരം. ആ സാരത്തില്‍ മാത്രമേ ജനാധിപത്യം നിലനില്‍ക്കുകയുള്ളൂ. അപ്പോള്‍ മതം ജനാധിപത്യത്തോടു നിരന്ന് പോകുന്നു; ജനാധിപത്യം മതത്തോടും. അവ പരസ്പരം പൊരുതുന്നതിനു പകരം പൊരുത്തപ്പെടുന്നു. ഇനി പൊരുതേണ്ടി വന്നാലോ, ഭൂതകാലം മാത്രമായ മതത്തെക്കാള്‍ വര്‍ത്തമാനകാലം മാത്രമായ  ജനാധിപത്യം വിജയിക്കണം.

'ജനവിരുദ്ധം' എന്ന് കണക്കാക്കി മതം നിരോധിച്ച അല്‍ബേനിയയുടെ അനുഭവം ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തെടുക്കുന്നത് നന്നായിരിക്കും:
ഇന്നും മുസ്ലിങ്ങള്‍ക്ക് ഭൂരപക്ഷമുള്ള യൂറോപ്യന്‍ രാജ്യമാണ് അല്‍ബേനിയ - 70 ശതമാനം മുസ്ലിങ്ങളും 30 ശതമാനും ക്രിസ്ത്യാനികളും എന്നാണ് പഴയ കണക്ക്. ആ നാട് പിടിച്ചടക്കിയ ഇസ്ലാം മതവിശ്വാസികളായ ഒട്ടോമന്‍ തുര്‍ക്കികള്‍ 15 മുതല്‍ മുതല്‍ 20 വരെ, 5 നൂറ്റാണ്ടുകാലം നടത്തിയ വാഴ്ചകൂടി മുസ്ലിം ജനാസംഖ്യാവര്‍ദ്ധനവിന് കാരണമായി. ആ കാലത്തൊക്കെയും ക്രിസ്ത്യാനികള്‍ രണ്ടാംതരം പൗരന്മാരായി കഴിഞ്ഞുകൂടേണ്ടിവന്നു. രണ്ടാം ലോകയുദ്ധം തീരാന്‍ നേരത്ത്, 1944-ല്‍ കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലായ ആ രാഷ്ട്രത്തില്‍ 'പാര്‍ട്ടി ഓഫ് ലേബര്‍ ഓഫ് അല്‍ബേനിയ'യുടെ നേതാവ് അന്‍വര്‍ ഹോക്സ (1908 -1985) പ്രസിഡന്റായി. 

എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയും എതിരാളികളെ കൊന്നുതീര്‍ക്കുകയും ചെയ്യുന്ന സ്റ്റാലിന്റെ പാത പിന്തുടര്‍ന്ന ഹോക്സ 'ജനങ്ങളെ വിഭജിക്കുന്ന മത'ത്തിന്റെ ബദ്ധശത്രുവായിരുന്നു. കാര്‍ഷിക നിയമപരിഷ്‌കാരങ്ങളുടെ (1945) പേരില്‍ മതസ്ഥാപനങ്ങളുടെ ഭൂസ്വത്ത് സര്‍ക്കാര്‍ പിടിച്ചെടുത്തതിലൂടെ  ഈ ശത്രുത ആദ്യമായി പുറത്തുവന്നു. ചൈനയുടെ വഴിക്ക് ആരംഭിച്ച 'സാംസ്‌കാരികവിപ്ലവ'ത്തിലെ പ്രധാന പ്രവര്‍ത്തനം എന്ന നിലയില്‍ ഹോക്സ 1967-ല്‍ മതം നിരോധിച്ചു. അങ്ങനെ അല്‍ബേനിയയില്‍ ലോകത്തിലെ ആദ്യത്തെ 'നാസ്തികരാഷ്ട്രം' (Athiest State) നിലവില്‍ വന്നു - 'രാഷ്ട്രനാസ്തികത' (State Athiesm) എന്നതായിരുന്നു നയം.

തുടര്‍ന്ന് സര്‍ക്കാരും പാര്‍ട്ടിക്കാരും ചേര്‍ന്ന് അനേകം മുസ്ലിംപള്ളികളും ക്രിസ്ത്യന്‍പള്ളികളും തകര്‍ത്തു. അപൂര്‍വ്വമായ കൈയെഴുത്തുകൃതികള്‍ കൂടി ഉള്‍പ്പെട്ട ഗ്രന്ഥശേഖരങ്ങളാല്‍ സമ്പന്നമായ മതപാഠശാലകള്‍ പലതും അഗ്‌നിക്കിരയായി. മതപണ്ഡിതന്മാരെ തല്ലുന്നതും കൊല്ലുന്നതും സാധാരണമായി. പുരോഹിതന്മാരെ മറ്റു തൊഴിലുകള്‍ക്ക് നിയമിക്കുക പതിവായി. അവരില്‍ പലരെയും പട്ടിണിക്കിട്ട് കൊന്നു. മതവുമായി ഗാഢബന്ധമുള്ള ഒട്ടേറെപ്പേര്‍ തടവറകളില്‍ നരകിച്ചു. ആരാധനാലയങ്ങള്‍ പലതും യുവജനങ്ങളുടെ കേളീഗൃഹങ്ങളായി രൂപാന്തരപ്പെട്ടു. 

പുസ്തകത്തിന്റെ കവര്‍ പേജ്

മതപ്രബോധനം 3 മുതല്‍ 10 വരെ വര്‍ഷം തടവുകിട്ടാവുന്ന 'കുറ്റകൃത്യ'മായി പ്രഖ്യാപിക്കപ്പെട്ടു. 1976ലെ ഭരണഘടനാഭേദഗതികളില്‍ ചിലത് മതാചാരങ്ങളോടും മതസ്ഥാപനങ്ങളോടും ഉള്ള നിലപാട് ഒന്നുകൂടി കടുപ്പിച്ചു. 'യാഥാസ്ഥിതികരുടെ ദേശം' എന്നു പേരു കേള്‍പ്പിച്ച ശ്ക്കോദര്‍ നഗരത്തില്‍ മതവിരുദ്ധപ്രചാരണം ശക്തിപ്പെടുത്തുന്നതിനുവേണ്ടി 'നാസ്തികതയുടെ ദേശീയ മ്യൂസിയം' സ്ഥാപിതമായി.

മതബന്ധം സൂചിപ്പിക്കുന്ന നാമങ്ങളുള്ള സ്ഥലങ്ങള്‍ക്കെല്ലാം പേര് മാറ്റിയിട്ടു. എന്തിനധികം, മതസ്പര്‍ശമുള്ള വ്യക്തിനാമങ്ങള്‍ പോലും മാറ്റാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായി. ഇതിനുവേണ്ടി സര്‍ക്കാര്‍ അംഗീകരിക്കുന്ന മതരഹിതവ്യക്തിനാമങ്ങളുടെ ഒരു സഞ്ചയിക 1982-ല്‍ പ്രസിദ്ധീകരിച്ചു! ഉരുക്കുമുഷ്ടിക്കാരനായ ഹോക്സ മരിക്കുന്നതുവരെ (1985) ഇതായിരുന്നു സ്ഥിതി. അക്കാലത്തെല്ലാം ജനങ്ങള്‍ അതീവരഹസ്യമായി സ്വന്തം മതാനുഷ്ഠാനങ്ങള്‍ തുടര്‍ന്നുപോന്നു!

ഹോക്സയുടെ പിന്‍ഗാമിയായി വാഴ്ചയേറ്റ റാമിസ് അലിയ ജനരോഷം മാനിച്ച് മതവിരുദ്ധനിയമങ്ങളില്‍ അയവുവരുത്തി. അല്‍ബേനിയയില്‍ വേരുകളുള്ള മദര്‍ തെരേസ കേളികേട്ട തിരാനാ നഗരം സന്ദര്‍ശിച്ചപ്പോള്‍ (1989) സ്വീകരിക്കാനെത്തിയ പാര്‍ട്ടിനേതാക്കളുടെയും ഭരണാധികാരികളുടെയും കൂടെ അന്‍വര്‍ ഹോക്സയുടെ പത്നിയും ഉണ്ടായിരുന്നു.

ജനങ്ങളുടെ സംഘടിതവും ശക്തവും ആയ എതിര്‍പ്പിനു മുമ്പില്‍ 23-ാം കൊല്ലത്തില്‍ സര്‍ക്കാരിന് മതനിരോധനം റദ്ദാക്കേണ്ടിവന്നു (1990). സമീപഭൂതകാലത്തെ ഈ ചരിത്രാനുഭവത്തിലേക്കു തിരിഞ്ഞുനോക്കിയാല്‍ വ്യക്തമാകും: മതരാഷ്ട്രവാദത്തിന് എന്നപോലെ മതവിരുദ്ധരാഷ്ട്രവാദത്തിനും ഫാസിസമാവാന്‍ സാധിക്കും - ദൈവമില്ല എന്ന് പറഞ്ഞും ആളുകളെ തല്ലുകയോ കൊല്ലുകയോ ചെയ്യാം! ആശയം എന്ത് എന്നതിലധികം അത് നടപ്പാക്കുന്ന രീതി ഏത് എന്നതിലാണ് ഫാസിസം കുടികൊള്ളുന്നത്.

ദുഃഖം, രോഗം, പ്രകൃതിദുരന്തം, വാര്‍ദ്ധക്യം, മരണം മുതലായ ദുര്‍വഹമായ ജീവിതസാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം മനുഷ്യര്‍ ദൈവത്തിലും മതത്തിലും വിശ്വസിച്ചേക്കാം. യുക്തികൊണ്ട് അതിനെ വിമര്‍ശിക്കുന്ന ഒരു പക്ഷവും ഏതു കാലത്തും കാണും. രണ്ടു കൂട്ടരുടെയും വിശ്വാസസ്വാതന്ത്ര്യം നിലനിര്‍ത്തുന്നതാണ് ജനാധിപത്യം. പുരോഗതിക്ക് തടസ്സമാവുന്ന വിശ്വാസാചാരങ്ങള്‍ കാലത്തിനും ദേശത്തിനും അനുസരിച്ച് പരിഷ്‌കരിച്ച് മുന്നോട്ടുപോകുവാന്‍ ജനാധിപത്യരാഷ്ട്രത്തിന് ഊറ്റമുണ്ടാവും.

മതസ്വാതന്ത്ര്യവും മതവിമര്‍ശനവും മതപരിഷ്‌കരണവും മതനിഷേധവും ഒരേ അവകാശത്തില്‍ പുലരുന്ന രാഷ്ട്രീയസാഹചര്യമാണ് ജനാധിപത്യം; അതുതന്നെയാണ് മതേതരത്വം.