മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച, സദ്ഗുരുവിന്റെ പുസ്തകമാണ് 'വികാരങ്ങൾ:ജീവിതത്തിൻ്റെ സത്ത്‌, ബന്ധങ്ങൾ:ബന്ധമോ ബന്ധനമോ' മനുഷ്യന്റെ വികാരങ്ങളുടെ വിശാലവ്യാപ്തിയെക്കുറിച്ചും അവയെ പ്രതിബന്ധങ്ങളായി കാണാതെ ചവിട്ടുപടികളായി എങ്ങനെ ഉപയോഗിക്കാമെന്നും വിവരിക്കുന്ന പുസ്തകത്തിലെ ഭാഗം വായിക്കാം...

To advertise here,

'കോപം, അവജ്ഞ, വെറുപ്പ് ഇവയെല്ലാം, മറ്റാരെങ്കിലും മരിക്കണമെന്ന ഉദ്ദേശ്യത്തോടെ നിങ്ങള്‍ കുടിക്കുന്ന വിഷങ്ങളാണ്. ജീവിതമങ്ങനെ പ്രവര്‍ത്തിക്കുകയില്ല'

ചോദ്യകര്‍ത്താവ്: ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് മനസ്സിന്റെ സമനില കൈവിട്ടുപോകുന്നു. പക്ഷേ, അല്‍പ്പം കഴിഞ്ഞുമാത്രമേ ആ വിഡ്ഢിത്തം മനസ്സിലാകുകയുള്ളൂ. അപ്പോഴേക്കും വളരെ വൈകിയിരിക്കും. എങ്ങനെയാണ് നമുക്കു കോപം നിയന്ത്രിക്കാനാകുക?

സദ്ഗുരു: കോപത്തെ നിയന്ത്രിക്കേണ്ട യാതൊരാവശ്യവുമില്ല. ഇപ്പോള്‍ നിങ്ങള്‍ക്കു കോപമുണ്ടോ? ഇല്ല. അപ്പോള്‍ പിന്നെ നിലവിലില്ലാത്ത ഒന്നിനെയെന്തിനു നിയന്ത്രിക്കണം. ഇല്ലാത്ത ഒന്നിനെ എങ്ങനെയാണ് നിങ്ങള്‍ക്ക് നിയന്ത്രിക്കാനാകുക?
കോപമെന്നത് അസന്തുഷ്ടിയുടെ ഒരു പ്രത്യേക തലമാണ്, നിങ്ങള്‍ക്കും നിങ്ങളുടെ ചുറ്റുമുള്ളവര്‍ക്കും. മിക്കവാറും അവസരങ്ങളില്‍ നിങ്ങളുടെ ഇരയെക്കാളധികം അത് സഹിക്കേണ്ടിവരിക നിങ്ങള്‍ തന്നെയാകും. കൂടാതെ, കോപത്തിലിരിക്കുമ്പോള്‍, നിങ്ങളേറ്റവും ബുദ്ധിശൂന്യമായ കാര്യങ്ങള്‍ ചെയ്യുന്നു. അത് തീര്‍ച്ചയായും നിലനില്‍പ്പിനുള്ള ബുദ്ധിപരമായ ഒരു മാര്‍ഗ്ഗമല്ല.

ഇഷ്ടങ്ങളുടെയും അനിഷ്ടങ്ങളുടെയും ശക്തമായ ഒരു ബോധത്തില്‍നിന്നാണ് എന്തിനെയെങ്കിലും കുറിച്ച് കോപം ഉണ്ടാകുന്നത്. അതാകട്ടെ, ജീവിക്കുവാനും ചിന്തിക്കുവാനും അനുഭവിക്കുവാനുമുള്ള ഏറ്റവും നല്ല മാര്‍ഗമായി നിങ്ങള്‍ കരുതുന്ന ചില പ്രത്യേകതരം ചിന്താഗതികളുടെയും തോന്നലുകളുടെയും അഗാധമായ താതാത്മ്യത്തില്‍നിന്നും രൂപപ്പെടുന്നതാണ്. അതിനോട് ചിലര്‍ യോജിച്ചു നില്‍ക്കാത്തപ്പോള്‍ അവരോട് നിങ്ങള്‍ക്ക് ദേഷ്യം തോന്നുന്നു. എന്തിനോടെങ്കിലുമുള്ള ഇഷ്ടാനിഷ്ടങ്ങളും താദാത്മ്യങ്ങളും കൂടുതല്‍ ശക്തമാകുമ്പോള്‍, നിങ്ങള്‍ വാഴ്‌വിനെ അഥവാ അസ്തിത്വത്തെ പുറന്തള്ളുകയാണ്. 

placeholder
പുസ്തകത്തിന്റെ കവര്‍

'എനിക്കിതു വളരെ ഇഷ്ടമാണ്' എന്നു പറഞ്ഞാല്‍, ആ നിമിഷം, നിങ്ങള്‍ ആ ഇഷ്ടത്തിനു ബാഹ്യേതരമായ ഉണ്മകളെയെല്ലാം വലിയ തോതില്‍ പുറന്തള്ളുകയാണ് ചെയ്യുന്നത്. ഇഷ്ടമോ അനിഷ്ടമോ കൂടുതല്‍ ശക്തമാകുമ്പോള്‍, തിരസ്‌കരണവും ആഴത്തിലാകും. നിങ്ങളുടെ ഭാഗമായി ചിലരെ, അഥവാ ചിലതിനെ ഉള്‍ക്കൊള്ളാത്തതുകൊണ്ടാണ് കോപം കവിഞ്ഞ് പുറത്തേക്കൊഴുകുന്നത്. വിമോചനം, അഥവാ മുക്തി എന്ന പ്രക്രിയ ഉള്‍ക്കൊള്ളലാണ്, പുറന്തള്ളലല്ല. ഉള്‍ക്കൊള്ളുമ്പോള്‍, നിങ്ങള്‍ മുക്തരാകുന്നു, വിമോചിതരാകുന്നു. എല്ലാം, സമസ്ത ഉണ്മകളും, നിങ്ങളിലേക്ക് ഉള്‍ക്കൊള്ളുന്ന ദിവസം നിങ്ങള്‍ക്ക് മോക്ഷലബ്ധി കൈവരുന്നു. എന്നാല്‍ പുറന്തള്ളലിലൂടെ നിങ്ങള്‍ കുടുങ്ങുകയാണു ചെയ്യുന്നത്, നിങ്ങള്‍ വേര്‍പെട്ടുപോകുന്നു.

കോപിക്കണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ല, ഉറപ്പാണത്. പക്ഷേ, ഉള്ളില്‍ സംഭവിക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം നിങ്ങളൊരു ബാഹ്യസ്രോതസ്സില്‍ ചുമത്തുന്നതുകൊണ്ടാണത് സംഭവിക്കുന്നത്, അത് യഥാര്‍ഥവുമല്ല. കോപമെന്നത് നിങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന ഒന്നുമാത്രമാണെന്നു മനസ്സിലാക്കുക. നിങ്ങള്‍ക്കാവശ്യമില്ലാത്ത ഒന്ന് എന്തിനാണ് സൃഷ്ടിച്ചെടുക്കുന്നത്? അതിനൊരു അടിസ്ഥാനകാരണമേയുള്ളൂ- നിങ്ങള്‍ക്ക് നിങ്ങളെക്കുറിച്ചറിയില്ല.

നിങ്ങളുടെ സംവിധാനം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും, ആ സംവിധാനത്തെ എങ്ങനെയാണ് നിയന്ത്രണത്തിലാക്കേണ്ടതെന്നും അറിയാമെങ്കില്‍, എന്തിന് കോപത്തെ സൃഷ്ടിക്കുന്നു? കോപം ബാഹ്യചുറ്റുപാടുകളെ മാത്രമല്ല, ആന്തരിക അവസ്ഥകളെയും നശിപ്പിക്കുന്നു. ആളുകള്‍, അവര്‍ക്കുള്ളില്‍ വലിയ അളവില്‍ കോപമുണ്ടാക്കുകയും തന്മൂലം, സ്വയം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്നു. അതനസരിച്ചുള്ള പ്രത്യാഘാതങ്ങള്‍ ബാഹ്യസാഹചര്യങ്ങളിലും സംഭവിക്കും.

നിങ്ങള്‍ നിര്‍വ്വഹിക്കുന്ന ഓരോ പ്രവര്‍ത്തനത്തിനും പരിണതഫലങ്ങളുണ്ട്. അത് നിങ്ങള്‍ക്കൊഴിവാക്കുവാനാകില്ല. അങ്ങനെ പരിണതഫലം ഒഴിവാക്കുവാനാകാത്ത സാഹചര്യത്തില്‍, പ്രവൃത്തികളാണ് നിയന്ത്രിക്കപ്പെടേണ്ടത്. ഒരു മനുഷ്യന്‍ അവന്റെ ഉള്ളില്‍നിന്നുതന്നെ നിയന്ത്രിതനായിരുന്നാല്‍ മാത്രമേ അവന്റെ പ്രവൃത്തികള്‍ നിയന്ത്രിതങ്ങളാകൂ. ഒരാള്‍, തികച്ചും സമതുലനാവസ്ഥയിലാകുമ്പോള്‍ മാത്രമേ പൊരുത്തമുള്ള, കാര്യങ്ങള്‍ ചെയ്യാനാകൂ. എങ്കിലും എല്ലായ്‌പോഴുമവയ്ക്ക് അനന്തരഫലങ്ങളുണ്ടാകും. ജീവിതപ്രക്രിയയില്‍ത്തന്നെ ധാരാളം അനന്തരഫലങ്ങളുണ്ട്. അവയ്ക്ക് പുറമേ പുതിയവകൂടി നിങ്ങള്‍ സൃഷ്ടിക്കേണ്ടതില്ല.

പ്രത്യേകിച്ചും, നമുക്ക് ചുറ്റുമുള്ള സാഹചര്യങ്ങള്‍ മോശമായിരിക്കുമ്പോള്‍, സ്വയം, സാധ്യമായതില്‍വെച്ച് ഏറ്റവും പ്രസന്നഭാവത്തിലിരിക്കുകയും ആ പ്രസന്നത ചുറ്റും പരത്തുകയും ചെയ്യേണ്ടത് അത്യാവശ്യമല്ലേ? നിങ്ങളുടെ പ്രവൃത്തികള്‍ ബുദ്ധിയില്‍നിന്നാണുളവാകുന്നതെങ്കില്‍, അങ്ങനെയാകും നിങ്ങള്‍ വര്‍ത്തിക്കുക. ചുറ്റുമുള്ള സാഹചര്യങ്ങള്‍ തീര്‍ത്തും നിരാശാജനകമാകുമ്പോള്‍, കഴിയുന്നത്ര നല്ല രീതിയിലിരിക്കുകയും കാര്യങ്ങളെങ്ങനെ ആഗ്രഹിക്കുന്ന രീതിയില്‍  സംഭവിക്കുമെന്നാലോചിക്കുകയും ചെയ്യുകയെന്നത് ഏറെ പ്രധാനമാണ്. നിങ്ങളെന്താണോ അതുതന്നെയാണ് നിങ്ങള്‍ ചുറ്റും പരത്തുന്നതും. നിങ്ങള്‍ കോപിഷ്ഠനാണെങ്കില്‍ കോപം പരത്തും. ആ കോപത്തോടൊപ്പം കൂടുതല്‍ അസന്തുഷ്ടമായ കാര്യങ്ങള്‍കൂടി നിങ്ങളുടെ പരിസരത്തേക്കെത്തുന്നു.

കോപമെന്നത് വളരെയധികം തീവ്രമായ വികാരമാണ്. മനുഷ്യന്‍ തേടുന്ന ഒരേയൊരു കാര്യമാണു തീവ്രത. ആളുകള്‍ക്ക് എന്തെങ്കിലും തീവ്രതകള്‍ വേണമെന്നുള്ളതുകൊണ്ടാണ് ആക്ഷന്‍ സിനിമകളും കായികമത്സരങ്ങളും  ത്രില്ലറുകളും ഉണ്ടാകുന്നത്. തീവ്രമാകുവാനുള്ള മാര്‍ഗ്ഗമായി ആളുകള്‍ക്കറിയാവുന്നത് കായികാഭ്യാസങ്ങളോ കോപമോ വേദനയോ മാത്രമാണ്. കുറച്ച് നിമിഷങ്ങളിലേക്കെങ്കിലും തീവ്രത അനുഭവിക്കണമെന്ന് ആളുകള്‍ ആഗ്രഹിക്കുന്നതിനാലാണ് മയക്കുമരുന്നും ലൈംഗികതയും ലോകത്തില്‍ ഇത്രയധികം പ്രാധാന്യമുള്ള സംഗതികളായി മാറിയത്. തീവ്രത പലതില്‍നിന്നും മോചനം തരുന്നു. കോപത്തിനും നിങ്ങളെ പലതില്‍നിന്നും മോചിപ്പിക്കുവാനാകും. പക്ഷേ, കോപമെന്നത് നിങ്ങള്‍ക്കുള്ളിലുള്ള ശുദ്ധതീവ്രതയല്ല. അത് ചുറ്റുമുള്ള പല സാഹചര്യങ്ങളുമായി കെട്ടുപിണഞ്ഞ് കിടക്കുന്നു. 

കോപത്തിന് മാത്രമേ നിങ്ങളെ പ്രവൃത്തിയിലേക്ക് കുതിപ്പിക്കുവാന്‍ കഴിയൂ എന്നില്ല. ഒരുപക്ഷേ, ജീവിതത്തില്‍ നിങ്ങളേറ്റവും തീവ്രമായി അനുഭവിച്ച വികാരം കോപമായിരിക്കും. അതുകൊണ്ടാണ് നിങ്ങള്‍ കോപത്തെ പാവനമാക്കുന്നത്. അതായത്, കോപം നിങ്ങളെ സക്രിയരാക്കുന്നു എന്നതുകൊണ്ട്. നിര്‍ഭാഗ്യവശാല്‍, നിങ്ങള്‍ സ്‌നേഹത്തിന്റെയോ ആനന്ദത്തിന്റെയോ തീവ്രത അറിഞ്ഞിട്ടില്ല. പക്ഷേ, സ്‌നേഹവും സഹാനുഭൂതിയും പ്രവൃത്തിയിലേക്ക് നിങ്ങളെ വളരെ സൗമ്യമായി പ്രലോഭിപ്പിക്കുവാന്‍ പര്യാപ്തമാണ്. വീട്ടിലും ജോലിസ്ഥലത്തും നിങ്ങള്‍ ആരോടൊപ്പമാണ് ജോലി ചെയ്യുവാന്‍ ഇഷ്ടപ്പെടുന്നത്? കോപിഷ്ഠരോടൊപ്പമോ സന്തോഷവാന്മാരായ ആളുകളോടൊപ്പമോ? സമാധാനവും സന്തോഷവുമുള്ള ആളുകളോടൊപ്പമാണെന്നത് സ്പഷ്ടമാണ്. നിങ്ങള്‍ക്ക് ചുറ്റുമുള്ള എല്ലാവരുംതന്നെ അതാണാഗ്രഹിക്കുന്നതെന്നോര്‍മ്മിക്കുക. നിങ്ങളുടെ ചുറ്റുമുള്ള ഓരോ മനുഷ്യനും ശാന്തിയും സമാധാനവും സന്തോഷവും ഉള്ളവരോടൊപ്പം ജീവിക്കുവാനും ജോലി ചെയ്യുവാനും ആഗ്രഹിക്കുന്നവരാണ്.

'നിങ്ങളുടെ ഇപ്പോഴുള്ള ഭീതിയെ വളമായി ഉപയോഗിക്കുകയാണെങ്കില്‍, നിങ്ങളിലെ സുന്ദരമായ സാധ്യതകള്‍ വിടര്‍ന്നുവികസിക്കും'

ചോദ്യകര്‍ത്താവ്: എന്റെയുള്ളിലുണരുന്ന അസൂയയില്‍നിന്ന് എങ്ങനെയാണ് എനിക്ക് സ്വയം മോചിപ്പിക്കുവാന്‍ കഴിയുക?

സദ്ഗുരു: നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയില്‍, അപര്യാപ്തതതോന്നുന്ന കാലത്തോളം, നിങ്ങളെക്കാള്‍ മെച്ചപ്പെട്ട ഒരാളെ കാണുന്ന മാത്രയില്‍ത്തന്നെ നിങ്ങള്‍ക്കസൂയ തോന്നും. നിങ്ങളുടെ സംതൃപ്തിക്കായി പ്രവര്‍ത്തിക്കുകയാണ്, അസൂയയോടു പൊരുതുവാന്‍ ശ്രമിക്കുന്നതിലും മെച്ചം. ആനന്ദത്തോടെയിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് അസൂയ തോന്നാറുണ്ടോ? ഇല്ല, അസന്തുഷ്ടരായിരിക്കുമ്പോള്‍ മാത്രമാണ് നിങ്ങള്‍ക്ക് അസൂയയുണ്ടാകുന്നത്. അസൂയയെപ്പറ്റി വിഷമിക്കാതിരിക്കൂ. ജീവിതത്തിലെ ഓരോ നിമിഷവും, നിങ്ങളുടെ ജീവോര്‍ജ്ജം ആനന്ദനിര്‍വൃതിയാല്‍ നിറഞ്ഞുതുളുമ്പുകയാണെങ്കില്‍ എങ്ങനെയാണവിടെ അസൂയയുണ്ടാകുന്നത്? അത്തരം സംഗതികള്‍ നിലനില്‍ക്കുകയേയില്ല. ഇല്ലാത്ത ഒന്നുമായുള്ള ഇടപാടുകള്‍ക്ക് ശ്രമിക്കാതിരിക്കുക, പരാജയപ്പെടുകയേയുള്ളൂ. ഇപ്പോള്‍ നിലനില്‍ക്കുന്ന രണ്ടു കാര്യങ്ങള്‍ സന്തുഷ്ടിയും അസന്തുഷ്ടിയും മാത്രമാണ്, ബാക്കിയെല്ലാം അവയുടെ സന്താനങ്ങള്‍ മാത്രം. നിങ്ങളുടെ അസൂയയുടെയും കുശുമ്പിന്റെയും എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണം നിങ്ങള്‍ അസന്തുഷ്ടരാണെന്നതാണ്.

placeholder
ഫോട്ടോ: പ്രദീപ്കുമാര്‍ ടി.കെ., മാതൃഭൂമി

എന്തെങ്കിലും ഉപേക്ഷിക്കുന്നതുകൊണ്ട് സ്വാതന്ത്ര്യം ഉണ്ടാകുന്നില്ല, എന്തെന്നാല്‍ ഉപേക്ഷിക്കുവാന്‍ എന്താണുള്ളത്? ഇപ്പോള്‍, ഈ വേളയില്‍ നിങ്ങളുടെ ഉള്ളില്‍ അസൂയയില്ല. അസൂയ നിങ്ങളുടെ സ്വഭാവത്തിന്റെ ഭാഗമല്ല. നിങ്ങളതു സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ആവശ്യമുള്ളതുകൊണ്ടാണ് അതു സൃഷ്ടിച്ചെടുത്തതെങ്കില്‍ കുഴപ്പമില്ല, അതു നിങ്ങളുടെ സന്തോഷമാണ്. കോപവും ഭയവും അസൂയയും ഒക്കെ നിങ്ങള്‍ക്കു സന്തോഷമാണ് പ്രദാനം ചെയ്യുന്നതെങ്കില്‍ അവ ഉണ്ടാക്കിയെടുത്തോളൂ. പക്ഷേ, കാര്യങ്ങള്‍ അങ്ങനെയല്ല, നിങ്ങള്‍ക്ക് സന്തോഷകരമായ അനുഭവങ്ങളല്ല അവ. അപ്പോള്‍ പിന്നെ, എന്തിനാണവ നിര്‍മിച്ചെടുക്കുന്നത്? നിങ്ങളുടെ ഉള്ളില്‍ ആവശ്യത്തിനുള്ള ബോധജ്ഞാനമില്ലാത്തതിനാലാണ് നിങ്ങള്‍ ആ പ്രക്രിയയില്‍ ഏര്‍പ്പെടുന്നത്.

നിങ്ങള്‍ എന്തെങ്കിലുമൊന്ന് ബലാത്കാരമായി ഉപേക്ഷിക്കുകയാണെങ്കില്‍, അത് ഏതെങ്കിലും വഴിയിലൂടെ നിങ്ങളിലേക്ക് മടങ്ങിവരും. നാം, നമ്മുടെ പ്രകൃതത്തെ മനസ്സിലാക്കാതെതന്നെ, ബലാത്കാരമായി പലതും ചെയ്യിക്കുവാന്‍ ശ്രമിക്കുന്നതിനാല്‍, സമൂഹത്തില്‍ മനുഷ്യസ്വഭാവത്തിന്റെ പല വൈകൃതങ്ങളും കാണപ്പെടുന്നുണ്ട്. യഥാര്‍ഥത്തില്‍ സ്വതന്ത്രരായിരിക്കണമെങ്കില്‍ എന്താണ് ചെയ്യേണ്ടത്? നിങ്ങളുടെ ബന്ധനം അഥവാ പരാധീനത എന്തിലാണെന്ന് മനസ്സിലാക്കുകയാണ് പ്രഥമവും പ്രധാനവുമായ കാര്യം. നിങ്ങളതുമായി താദാത്മ്യത്തിലായിക്കഴിഞ്ഞാല്‍, അസ്തിത്വവുമായുള്ള ഏറ്റുമുട്ടല്‍ തുടങ്ങും. എല്ലാ ആത്മീയപ്രവര്‍ത്തനങ്ങളും നിങ്ങളെ അതില്‍നിന്ന്, ആ താദാത്മ്യത്തില്‍ നിന്ന്, വിടുവിക്കുവാനുള്ളതാണ്. അങ്ങനെയുണ്ടായാല്‍, അസ്തിത്വവുമായുള്ള സംഘര്‍ഷം നിലനില്‍ക്കില്ല. നിങ്ങളെല്ലാറ്റിനെയും അതിന്റേതായ രീതിയില്‍ അനുഭവിക്കുക മാത്രമാണ് പിന്നീട് ചെയ്യുക.

ഒന്നിനെയും ഇങ്ങനെയെന്നോ അങ്ങനെയെന്നോ തരംതിരിക്കുന്നില്ല, അവയില്‍ ദൈവികമെന്നോ പൈശാചികമെന്നോ വേര്‍തിരിവുകളുണ്ടാക്കുന്നില്ല. നിങ്ങളുടെ ഇപ്പോഴുള്ള ഭീതിയെ വളമായി ഉപയോഗിക്കുകയാണെങ്കില്‍, നിങ്ങളാരാണെന്നതിലെ സൗന്ദര്യമൊരു പൂവായി വിരിയാം. എന്താണീ ഭീതി? എന്താണതിന്റെ അര്‍ത്ഥം? ഒരു വ്യക്തി ഭീകരമാംവിധം മുന്‍വിധികള്‍ക്കടിമപ്പെട്ടവനും അസൂയക്കാരനും കോപമുള്ളവനും വെറുപ്പും ഭയവും നിറഞ്ഞവനുമായാല്‍, അതാണൊരു മനുഷ്യജീവിക്ക് ആയിത്തീരാവുന്ന ഭീകരത. നിങ്ങള്‍ക്ക് ചുറ്റുമുള്ള ഭൗതികലോകത്തില്‍, ഏറ്റവും നല്ല പൂക്കളും ഫലങ്ങളും ഉദ്പാദിപ്പിക്കുന്ന എന്തും ഏറ്റവും ഭീതിദമായിരിക്കുമെന്നത് സത്യമല്ലേ? ജൈവപച്ചക്കറികളെപ്പറ്റി ഇക്കാലത്ത് ജനങ്ങള്‍ കൂടുതലായി സംസാരിക്കുന്നു, ചാക്കില്‍ വരുന്ന രാസവളമിട്ടുത്പാദിപ്പിക്കുന്നവയെക്കാള്‍ മലം വളമാക്കുന്ന പച്ചക്കറികളെ നിങ്ങള്‍ കൂടുതലിഷ്ടപ്പെടുന്നു എന്നാണതിനര്‍ത്ഥം.

അതിനാണ് ഏറ്റവും നല്ല പൂക്കളും പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുവാന്‍ കഴിവുള്ളതെന്ന് എവിടെയോ നിങ്ങള്‍ മനസ്സിലാക്കുന്നു, അതാണ് ഏറ്റവും നല്ല വളം. ഇതാണ് ജീവിതത്തിന്റെ യുക്തി. പ്രതീകാത്മകവും മനഃശാസ്ത്രപരവുമായ ഒരുപാധിയും ആത്മീയതയുമായി നിങ്ങള്‍ മനസ്സിലാക്കേണ്ടതിതാണ്.  പൂന്തോട്ടത്തില്‍നിന്ന് കൂടുതല്‍ നല്ല പൂക്കള്‍ ഉത്പാദിപ്പിക്കണമെങ്കില്‍, മണ്ണില്‍ വളരെയധികം പൂക്കള്‍ ചേര്‍ക്കണമെന്ന് നിങ്ങളുടെ മനസ്സിന്റെ ലളിതയുക്തി പറഞ്ഞുതരുന്നു. ഇങ്ങനെയല്ല വാഴവിന്റെ പ്രവര്‍ത്തനം. ഇത് യുക്തിപരമാണ്, പക്ഷേ, വാഴവ് അഥവാ അസ്തിത്വം യുക്തിപരമല്ല. മണ്ണിനുവേണ്ടത്, ജീര്‍ണ്ണിച്ച മാലിന്യങ്ങളാണ്, അല്ലാതെ സുഗന്ധപുഷ്പങ്ങളല്ല. ജീര്‍ണ്ണിച്ച അവശിഷ്ടങ്ങള്‍ ആകാമെന്നല്ല അതാണ് മണ്ണിനാവശ്യം എന്നുള്ളതാണ്. അത് നിങ്ങള്‍ വേരുകളിലിട്ടുകൊടുക്കാമെങ്കില്‍, അദ്ഭുതകരമാംവിധം സുഗന്ധമുള്ള പൂക്കള്‍ അവയില്‍നിന്നുണ്ടാകും. ഇപ്രകാരമാണ് അസ്തിത്വത്തിന്റെ പ്രവര്‍ത്തനരീതി. കോപം, വെറുപ്പ്, അസൂയ, മുന്‍വിധികള്‍ എന്നിങ്ങനെ നിങ്ങളെ ഭീതിയിലാക്കുന്ന ഈ ഭീകരതകളെല്ലാം എത്രത്തോളം ആഴത്തിലാണ് നിങ്ങളില്‍ സംഭവിക്കുന്നതെന്ന് നോക്കൂ. ധ്യാനം മാത്രമാണ് അത്ര ആഴത്തില്‍ സംഭവിക്കുന്നതെങ്കില്‍, അത് അദ്ഭുതകരമാകില്ലേ? നിങ്ങള്‍ക്ക് പല സ്ഥാനങ്ങളിലുമെത്താനാകില്ലേ? തീര്‍ച്ചയായും നിങ്ങള്‍ക്കതിനാകും.

ഒരു മനുഷ്യജീവിയെ ഭീതിയിലാക്കുന്ന ഈ സംഗതികളെല്ലാം സഞ്ചരിക്കുന്നത് തീവ്രതയുടെ വാഹനത്തിലാണ്. നിങ്ങളുടെ കോപമോ ഭയമോ അസൂയയോ വളരെ ദുര്‍ബ്ബലമാണെങ്കില്‍, അതുകൊണ്ട് യാതൊന്നും സംഭവിക്കുന്നില്ല. അവ നിങ്ങളുടെയുള്ളില്‍ എരിയുമ്പോള്‍ മാത്രമാണ് അവയ്ക്കര്‍ത്ഥമുണ്ടാകുന്നത്. എല്ലായ്‌പോഴും അവ അതിതീവ്രമായാണ് ഉള്ളിലെരിയുന്നത്. അതിനാല്‍ നിങ്ങളുടെയുള്ളിലൊരു ആത്മീയതയുടെ അംശമുണ്ടെങ്കില്‍, അതെങ്ങനെ ഉപയോഗപ്പെടുത്താമെന്നതു മാത്രമാണ് ചോദ്യം. മാലിന്യങ്ങള്‍ വേരുകളില്‍ത്തന്നെ പ്രയോഗിച്ചാല്‍, അതുനല്ലതാണ്. പക്ഷേ, അത് മുഖത്ത് പുരട്ടിയാലോ, തീര്‍ച്ചയായും നന്നല്ല. ഈ ബോധമില്ലെങ്കില്‍ നിങ്ങള്‍ വേരുകളില്‍ സുഗന്ധലേപനം പുരട്ടുവാന്‍ ശ്രമിക്കും, അതവയെ നശിപ്പിക്കുകയും ചെയ്‌തേക്കാം. അവിടെ നിങ്ങള്‍ ജീര്‍ണ്ണമാലിന്യമാണ് പ്രയോഗിക്കേണ്ടത്. അങ്ങനെയാണ് സമസ്തലോകവും  വര്‍ത്തിക്കുന്നത്, അതേ രീതിയില്‍ത്തന്നെയാണ് നിങ്ങളും വര്‍ത്തിക്കേണ്ടത്.

ഈ ഉപോത്പന്നങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ ശ്രമിക്കാതിരിക്കൂ. ആന്തരികമായ സൗഖ്യമില്ലാത്തതിനാലാണ് നിങ്ങള്‍ അപര്യാപ്തരാണ് എന്ന തോന്നലുണ്ടാകുന്നത്. പരമാനന്ദത്തിലല്ലാതെ എല്ലാവരും യഥാര്‍ഥത്തില്‍ രോഗികളാണ്. സാമൂഹികമായി അംഗീകരിക്കപ്പെട്ട ഒരു സൗഖ്യത്തിലായിരിക്കാം നിങ്ങള്‍. എന്തെന്നാല്‍ ഭൂരിപക്ഷം ജനങ്ങളും നിങ്ങളോടൊപ്പമുണ്ട്, ഇതൊരു ജനാധിപത്യസംവിധാനവുമാണ്. പക്ഷേ, ജീവിതത്തെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ രോഗിയാണ്. 

നിങ്ങള്‍ സ്വന്തം പ്രകൃതവുമായിത്തന്നെ ലയത്തിലല്ലാത്തതിനാല്‍, അസന്തുഷ്ടി നിങ്ങളെ ബാധിച്ചിരിക്കുന്നു. നിങ്ങളെത്തന്നെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുവാനും നിങ്ങളുടെ അനുഭവങ്ങളുടെ ഇരിപ്പിടം ഉള്ളിലാണെന്നു മനസ്സിലാക്കുവാനും ശ്രമങ്ങളുണ്ടായിട്ടില്ല. നിങ്ങളുടെ അനുഭവങ്ങളുടെ ഇരിപ്പിടം ഉള്ളിലാണെങ്കില്‍, ഇവിടെ എങ്ങനെ ജീവിക്കണമെന്നു നിങ്ങള്‍ തീരുമാനിക്കണമെങ്കില്‍, ഉള്ളിലേക്ക് നോക്കുകയും നിങ്ങളാരാണെന്നുള്ളത് മനസ്സിലാക്കുകയുമാണ് ആദ്യമായി ചെയ്യേണ്ടത്.

അതു സംഭവിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ സൗഖ്യമെന്നത് ആകസ്മികത മാത്രമാണ്. അങ്ങനെ സൗഖ്യാവസ്ഥ ആകസ്മികമായ ഒന്നുമാത്രമാകുമ്പോള്‍, അസൂയ, വെറുപ്പ്, അരക്ഷിതാവസ്ഥ ഇങ്ങനെയുള്ളതെല്ലാം നിങ്ങളുടെ ജീവിതത്തിന്റെ സ്വാഭാവിക ഭാഗമായത്തീരും. നിങ്ങള്‍ എന്തെങ്കിലും കത്തിക്കുമ്പോള്‍ പുകയുണ്ടാകുന്നതുപോലെയാണത്. തീയുള്ളതുകൊണ്ടാണ് പുകയുണ്ടാകുന്നത്. പുകയുമായി പോരടിക്കാതിരിക്കൂ, പോരാടേണ്ടത് തീയുമായിട്ടാണ്.