വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റ അന്തരിച്ചിട്ട് ഒരു വര്‍ഷമാവുന്നു. അമേരിക്കയില്‍ ഉന്നത പഠനം കഴിഞ്ഞെത്തിയ രത്തന്‍ ടാറ്റ തന്റെ ജീവിതം ആരംഭിക്കുന്നത് ടാറ്റാഗ്രൂപ്പിലെ വെറുമൊരു അപ്രന്റിസ് ആയിക്കൊണ്ടാണ്. നഷ്ടത്തിലോടിക്കൊണ്ടിരുന്ന പല കമ്പനികളും രത്തന്‍ വിദ്യയാല്‍ തലയുയര്‍ത്തി നിന്നത് പിന്നീടുള്ള ചരിത്രം. രത്തന്‍ ടാറ്റയും ജീവചരിത്രം മാതൃഭൂമി ബുക്‌സ് പുറത്തിറക്കുകയാണ്. ആര്‍. റോഷന്‍ തയ്യാറാക്കിയ രത്തന്‍ ടാറ്റ: ഒരു ഇന്ത്യന്‍ വിജയഗാഥ എന്ന പുസ്തകത്തില്‍ നിന്നുള്ള അധ്യായം...

To advertise here,

ടാറ്റയില്‍ തുടക്കം ഫാക്ടറി ഫ്‌ലോറില്‍നിന്ന്

1962-ല്‍ അമേരിക്കയില്‍നിന്ന് നാട്ടില്‍ തിരിച്ചെത്തിയ രത്തന്‍ ടാറ്റ നേരെ മുംബൈയിലെ ടാറ്റാ ഹൗസിലെത്തി മുത്തശ്ശി നവജ്ബായി ടാറ്റയെ കണ്ടു. അവരുടെ ആരോഗ്യം കഴിഞ്ഞതവണ കണ്ടതിനെക്കാള്‍ മോശമായിട്ടുണ്ടായിരുന്നു. രത്തന്‍ അവരോടൊപ്പം കുറേനേരം ഇരുന്നു. ഇനി തന്റെയൊപ്പംതന്നെ ഉണ്ടാകണമെന്ന് മുത്തശ്ശി രത്തനോട് ആവശ്യപ്പെട്ടു. താന്‍ ഇവിടെത്തന്നെയുണ്ടാകുമെന്നു പറഞ്ഞ് അദ്ദേഹം അവരെ സമാധാനിപ്പിച്ചു.

രത്തന്‍ അമേരിക്കയിലേക്കു പോയ 1955-ല്‍ത്തന്നെ പിതാവ് നവല്‍ രണ്ടാമത് വിവാഹം കഴിച്ചിരുന്നു, സ്വിറ്റ്സര്‍ലന്‍ഡുകാരിയായ സിമോണിനെ. അതില്‍ പിറന്ന മകന് അപ്പോള്‍ അഞ്ചു വയസ്സായി, പേര് നോയല്‍. സിമോണിനെ വിവാഹം കഴിക്കുന്ന കാര്യം ആറു വര്‍ഷം മുമ്പ് നവല്‍തന്നെ രത്തനോടു പറഞ്ഞിരുന്നു. എംപ്ലോയേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് എന്ന നിലയില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ തലസ്ഥാനമായ ജനീവയിലുള്ള അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐ.എല്‍.ഒ.) യുടെ യോഗങ്ങളില്‍ പങ്കെടുക്കാനായി എത്തിയ സമയത്താണ് നവലും സിമോണും അടുക്കുന്നത്. ഒരിക്കല്‍ നവല്‍തന്നെ രത്തന് സിമോണിനെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ഇപ്പോഴിതാ അമേരിക്കന്‍വാസം കഴിഞ്ഞ് രത്തന്‍ നാട്ടില്‍ തിരിച്ചെത്തുമ്പോള്‍, ടാറ്റാ ഹൗസില്‍ മുത്തശ്ശിക്കൊപ്പം നവലും സിമോണും നോയലുമൊക്കെയുണ്ട്. തന്നെക്കാള്‍ ഏഴു വയസ്സു മാത്രമേ കുറവുള്ളൂവെങ്കിലും സിമോണിന് രത്തനോടു വലിയ വാത്സല്യമായിരുന്നു. വസ്ത്രധാരണത്തില്‍ രത്തന്‍ പുലര്‍ത്തുന്ന താത്പര്യം അവര്‍ക്കു വലിയ ഇഷ്ടമായിരുന്നു. അമേരിക്കന്‍ താരം ഫ്രാങ്ക് സനാട്ര ധരിക്കുന്നതുപോലുള്ള തൊപ്പി രത്തനും ഉണ്ടായിരുന്നു. അത് അണിഞ്ഞുകാണുമ്പോള്‍ രത്തനെ അവര്‍ ഫ്രാങ്ക് സനാട്ര എന്നുവിളിച്ച് കളിയാക്കും. രത്തനും അവരോടു വലിയ കൂട്ടായിരുന്നു.

മുത്തശ്ശിയുടെ ആരോഗ്യനില മോശമായതിനാല്‍ ഉടനൊന്നും യു.എസ്സിലേക്കു തിരിച്ചുപോകാന്‍ പറ്റില്ലെന്ന് രത്തനു മനസ്സിലായി. ഒന്നു രണ്ടു സ്ഥലങ്ങളില്‍ ജോലിക്കായി ശ്രമിച്ചു. ആഴ്ചകള്‍ക്കുള്ളില്‍ ഐ.ബി.എമ്മില്‍ ജോലി ലഭിച്ചു. മുംബൈയില്‍ ചര്‍ച്ച് ഗേറ്റിനു സമീപമാണ് ഓഫീസ്. ഇതിനിടെ ഒരു ദിവസം ടാറ്റാ സണ്‍സിന്റെ ഡയറക്ടര്‍കൂടിയായ നവാജ്ബായിയെ കണ്ട് രോഗവിവരങ്ങള്‍ അന്വേഷിക്കാന്‍ ടാറ്റാ ഗ്രൂപ്പിന്റെ അന്നത്തെ ചെയര്‍മാന്‍ ജെ.ആര്‍.ഡി. ടാറ്റ എത്തി. രത്തന്‍ ഓഫീസിലാണ്. ഇതറിഞ്ഞ് ജെ.ആര്‍.ഡി. ഐ.ബി.എം. ഓഫീസിലേക്ക് ഫോണ്‍ ചെയ്ത് രത്തനോടു സംസാരിച്ചു.

'ഇന്ത്യയിലാണെങ്കില്‍ നിനക്ക് ഐ.ബി.എമ്മില്‍ ജോലി ചെയ്യാന്‍ കഴിയില്ല. നിനക്ക് ഏറ്റവും പറ്റിയ ഇടം ഇവിടെയായിരിക്കും,' ടാറ്റയില്‍ ജോലിക്കു കയറണമെന്ന ഉദ്ദേശ്യത്തോടെ ജെ.ആര്‍.ഡി. പറഞ്ഞു. എത്രയും പെട്ടെന്ന് ബയോഡാറ്റയുമായി തന്നെ വന്നുകാണാന്‍ ആവശ്യപ്പെട്ടാണ് അദ്ദേഹം ഫോണ്‍ വെച്ചത്.

ഓഫീസിലെ തന്റെ മുന്നിലുള്ള ഇലക്ട്രിക് ടൈപ്പ്റൈറ്ററില്‍ മനോഹരമായ സി.വി. (ബയോഡാറ്റ) തയ്യാറാക്കി, വൈകീട്ട് ഫോര്‍ട്ടിലെ ഹുതാത്മ സ്മാരകത്തിനടുത്തുള്ള ടാറ്റാ സണ്‍സിന്റെ ആസ്ഥാനമന്ദിരമായ ബോംബെ ഹൗസിലെത്തി ജെ.ആര്‍.ഡിയെ നേരിട്ടുകണ്ട് രത്തന്‍ കൈമാറി. അദ്ദേഹം അമേരിക്കയില്‍ വരുന്ന സമയങ്ങളില്‍ ചിലപ്പോഴൊക്കെ രത്തന്‍ അദ്ദേഹത്തെ ചെന്നുകണ്ടിരുന്നു. അമേരിക്കന്‍ ജീവിതമെങ്ങനെയുണ്ടെന്നും എന്താണു ഭാവിപരിപാടിയെന്നുമൊക്കെ രത്തനോട് ജെ.ആര്‍.ഡി. അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍, തനിക്ക് അദ്ദേഹത്തില്‍നിന്ന് ജോലി വാഗ്ദാനം ലഭിക്കുമെന്ന് രത്തന്‍ കരുതിയിരുന്നില്ല.

ബയോഡാറ്റ കൊടുത്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ടാറ്റാ ഗ്രൂപ്പിന്റെ താരതമ്യേന പ്രാധാന്യം കുറഞ്ഞ പ്രമോട്ടര്‍ കമ്പനിയായ ടാറ്റാ ഇന്‍ഡസ്ട്രീസില്‍നിന്ന് ജോബ് ഓഫറെത്തി. അങ്ങനെ, ഐ.ബി.എമ്മില്‍ രണ്ടാഴ്ച മാത്രം ജോലി ചെയ്ത് രത്തന്‍ ടാറ്റ, ടാറ്റാ ഗ്രൂപ്പിന്റെ പടികള്‍ കയറി, 1962-ല്‍ത്തന്നെ. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മൂന്നാമത്തെ ജോലി. ആദ്യം അമേരിക്കയിലെ ആര്‍ക്കിടെക്ചര്‍ സ്ഥാപനത്തില്‍, പിന്നെ ഐ.ബി.എമ്മില്‍, ഇപ്പോഴിതാ ടാറ്റാ ഗ്രൂപ്പില്‍.

ആദ്യ ആറുമാസം ബിഹാറിലെ (ഇന്നത്തെ ഝാര്‍ഖണ്ഡ്) ജംഷേദ്പുരിലുള്ള ടെല്‍കോ (ടാറ്റ എന്‍ജിനീയറിങ് ആന്‍ഡ് ലോക്കോമോട്ടീവ് കമ്പനി)യിലായിരുന്നു ജോലി, ഇന്നത്തെ ടാറ്റാ മോട്ടോഴ്സില്‍. ഫാക്ടറി ഫ്‌ലോറില്‍ അപ്രന്റീസായിട്ടായിരുന്നു തുടക്കം; നീല യൂണിഫോമുമിട്ട് മറ്റു ഫാക്ടറി ജീവനക്കാരെപ്പോലെ. അമേരിക്കയില്‍ പഠിച്ചുവന്ന രത്തനെ ഫാക്ടറിജോലികള്‍ പറഞ്ഞുമനസ്സിലാക്കാന്‍ അവിടെയുള്ള സൂപ്പര്‍വൈസര്‍മാര്‍ക്കു മടിയായിരുന്നു. എന്നാല്‍, യാതൊരു മുഷിപ്പുമില്ലാതെ എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന രത്തന്റെ സ്വഭാവം അവരെ ആകര്‍ഷിച്ചു. താഴേത്തട്ടിലുള്ള തൊഴിലാളികളോടുപോലും അദ്ദേഹം ചേര്‍ന്നുപ്രവര്‍ത്തിച്ചു. വളരെ വേഗത്തില്‍ കാര്യങ്ങള്‍ പഠിച്ചെടുക്കുകയും ചെയ്തു.

അപ്രന്റീസുകള്‍ക്കുള്ള താമസസ്ഥലത്താണ് രത്തന്‍ ടാറ്റയ്ക്കും താമസസൗകര്യമൊരുക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പുതിയ തൊഴിലാളികള്‍ പരിശീലനകാലത്ത് ഇവിടെയാണു താമസം. പ്രത്യേക പരിഗണന എന്ന നിലയില്‍ രത്തന് ഗ്രൗണ്ട് ഫ്‌ലോറില്‍ത്തന്നെ ഒരു 'ഡബിള്‍ റൂം' അനുവദിച്ചു. ജംഷേദ്പുരിലെ ചൂടില്‍ എ.സി. പോലുമില്ലാത്ത മുറി, ബാത്ത് അറ്റാച്ച്ഡുമല്ല. മുറികള്‍ക്കിടയിലുള്ള ഇടനാഴിയുടെ അറ്റത്താണ് ശൗചാലയം. താമസയിടത്തുനിന്ന് ഫാക്ടറിയിലേക്കു പോകാനും തിരിച്ചുവരാനും മറ്റു തൊഴിലാളികളെപ്പോലെ സൈക്കിളാണ് അദ്ദേഹം ജംഷേദ്പുരില്‍ ഉപയോഗിച്ചത്.

ടാറ്റാ മോട്ടോഴ്സില്‍ ആറുമാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ അദ്ദേഹത്തെ 1963-ല്‍ ജംഷേദ്പുരിലെത്തന്നെ ടിസ്‌കോ (ടാറ്റ അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി)യിലേക്കാണ് പിന്നീട് അയച്ചത്-ഇപ്പോഴത്തെ ടാറ്റാ സ്റ്റീല്‍. അമേരിക്കയില്‍ തണുപ്പു താങ്ങാന്‍ ബുദ്ധിമുട്ടിയ രത്തന് ടിസ്‌കോയിലെ അന്തരീക്ഷം പൊള്ളുന്നതായിരുന്നു. അവിടെ സൂപ്പര്‍വൈസര്‍മാര്‍ ഓരോ കാര്യവും വളരെ വിശദമായി പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. സ്റ്റീല്‍ നിര്‍മ്മാണത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കാന്‍ അത് അദ്ദേഹത്തെ സഹായിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍, 1965-ല്‍ ഫാക്ടറി ഫ്‌ലോറില്‍നിന്ന് ടാറ്റാ സ്റ്റീലിന്റെ എന്‍ജിനീയറിങ് ഡിവിഷനിലേക്കു സ്ഥാനക്കയറ്റം. സ്റ്റീല്‍ പ്ലാന്റിന്റെ ഡയറക്ടര്‍ ഇന്‍-ചാര്‍ജായ എസ്.കെ. നാനാവതിയുടെ ടെക്നിക്കല്‍ അസിസ്റ്റന്റ് ചുമതല. കമ്പനിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായുള്ള യോഗങ്ങളിലൊക്കെ രത്തനെ നാനാവതി പങ്കെടുപ്പിച്ചു. ഇതിനിടെ, പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി പഠിച്ചു മനസ്സിലാക്കിയ രത്തന്‍ കുറച്ചുകൂടി ഫലപ്രദമായ ഏതാനം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു. നാനാവതിയുടെ അംഗീകാരത്തോടെ അത് വേഗത്തില്‍ നടപ്പാക്കുകയും ചെയ്തു. പ്ലാന്റിന്റെ കാര്യക്ഷമത മൊത്തത്തില്‍ ഉയര്‍ത്തുന്നതായിരുന്നു ആ മാറ്റങ്ങള്‍. ഉത്പാദനക്ഷമതയും ഉയര്‍ന്നു. ഇതു മനസ്സിലാക്കി ടാറ്റാ മോട്ടോഴ്സ് അധികൃതരുമെത്തി. രത്തന്റെയും ടാറ്റാ സ്റ്റീലിന്റെയും സഹായത്തോടെ ടാറ്റാ മോട്ടോഴ്സിലും മാറ്റങ്ങള്‍ നടപ്പാക്കി. ഇറക്കുമതിക്ക് കടുത്ത നിയന്ത്രണമുണ്ടായിരുന്ന ആ കാലത്ത്, നിലവിലുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയായിരുന്നു അവ നടപ്പാക്കിയത്, അതിനാല്‍, ചെലവും കുറവായിരുന്നു.

മുത്തശ്ശിയോടൊപ്പം നില്‍ക്കാനാണ് നാട്ടില്‍ തിരിച്ചെത്തിയതെങ്കിലും ജംഷേദ്പുരിലായിരുന്നതിനാല്‍ രത്തന് മുംബൈയില്‍ സ്ഥിരമായി എത്താന്‍ കഴിയുമായിരുന്നില്ല. രണ്ടുമാസം കൂടുമ്പോഴൊക്കെയാണ് മുംബൈയിലേക്കു പോകാറ്. ഇതിനിടെ, നവാജ്ബായിയുടെ ആരോഗ്യനില വഷളായി. 1965 ഓഗസ്റ്റില്‍ ഒരു വെള്ളിയാഴ്ച വെളുപ്പിന് രത്തന് ഫോണ്‍ കോളുകള്‍ ഒന്നിനുപിറകെ ഒന്നായി വരാന്‍ തുടങ്ങി.

'നവാജ്ബായിയുടെ ആരോഗ്യം തീരേ മോശമായിരിക്കുന്നു. എത്രയും വേഗം മുംബൈയിലെത്തണം.'

മുംബൈയിലേക്കു വിമാനം പിടിക്കണമെങ്കില്‍ റാഞ്ചിയിലെത്തണം. റോഡുമാര്‍ഗ്ഗമേ അവിടെയെത്താന്‍ പറ്റുകയുള്ളൂ.നാല്-അഞ്ച് മണിക്കൂര്‍കൊണ്ട് റാഞ്ചി വിമാനത്താവളത്തിലെത്തി. അവിടെനിന്ന് മുംബൈയിലേക്ക് നേരിട്ടു വിമാനമില്ല. ഹൈദരാബാദ് വഴിയേ വിമാനമുള്ളൂ. അപ്പോഴാണ് ടാറ്റാ സ്റ്റീലിന്റെ ഡയറക്ടര്‍ ഇന്‍-ചാര്‍ജ് ജഹാംഗീര്‍ ഗന്‍ഡിയെ അവിടെ കാണുന്നത്. മുത്തശ്ശി അത്യാസന്ന നിലയിലാണെന്നും വേഗം മുംബൈയിലെത്തണമെന്നും രത്തന്‍ അദ്ദേഹത്തോടു പറഞ്ഞു. ഹൈദരാബാദിലേക്ക് കമ്പനിവിമാനത്തില്‍ പോകാനിരുന്ന ജഹാംഗീര്‍, രത്തനെയും ഒപ്പം കൂട്ടി.

'എന്നെ ഹൈദരാബാദ് ഇറക്കി, ഈ വിമാനത്തില്‍ത്തന്നെ രത്തന്‍ മുംബൈയിലേക്കു പോയ്ക്കോളൂ.'

ജഹാംഗീറിന്റെ വാക്കുകള്‍ രത്തന് വലിയ ആശ്വാസമായി. അങ്ങനെ ഉച്ചകഴിഞ്ഞതോടെ മുംബൈയിലെത്തിയ രത്തന്‍, നേരേ ടാറ്റാ ഹൗസിലേക്കു പുറപ്പെട്ടു. ആശുപത്രിയിലേക്കു പോകാന്‍ വിസമ്മതിച്ചിരുന്ന നവാജ്ബായ്, ടാറ്റാ ഹൗസില്‍ത്തന്നെയുണ്ടായിരുന്നു. രത്തനെ കണ്ടയുടന്‍ അവര്‍ കൈ മുറകെ പിടിച്ചു. ക്ഷീണിതയാണെങ്കിലും ചെറുമകനെ അടുത്തിരുത്തി കുറേനേരം സംസാരിച്ചു. പിന്നീട് സംസാരം കുറഞ്ഞുകുറഞ്ഞുവന്നു, ശബ്ദം കുഴയുന്നുണ്ട്. രാത്രി എട്ടു കഴിഞ്ഞപ്പോള്‍ അവര്‍ ശാന്തമായി മരണത്തിനു കീഴടങ്ങി. അനുശോചനാര്‍ത്ഥം പിറ്റേന്ന്, 1965 ഓഗസ്റ്റ് 21ന് ടാറ്റാ ഗ്രൂപ്പ് കമ്പനികള്‍ക്ക് അവധിയായിരുന്നു. അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി വൈകാതെ രത്തന്‍ ജംഷേദ്പുരിലേക്കു മടങ്ങി.

നവാജ്ബായി മരിച്ചതോടെ, ടാറ്റാ ഹൗസ് വില്‍ക്കാന്‍ നവല്‍ ടാറ്റ തീരുമാനിച്ചു. നവലും ഷപൂര്‍ജി പല്ലോന്‍ജിയും ചേര്‍ന്ന് രൂപവത്കരിച്ച എസ്.പി. കോര്‍പ്പറേഷന്‍ എന്ന പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനമാണ് കൊട്ടാരസമാനമായ ടാറ്റാ പാലസ് സ്വന്തമാക്കിയത്. 1992-ല്‍ അത് അവരില്‍നിന്ന് ഡോയിച്ച് ബാങ്ക് സ്വന്തമാക്കി. ബാങ്കിന്റെ ഇന്ത്യാ ആസ്ഥാനമന്ദിരമായി അതോടെ അതു മാറി.

രത്തന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും പുതിയ കാര്യങ്ങള്‍ ചെയ്യാനുള്ള താത്പര്യവുമൊക്കെ ജംഷേദ്പുരില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇത് മുംബൈയില്‍ ടാറ്റാ ഗ്രൂപ്പിന്റെ ആസ്ഥാനമായ ബോംബെ ഹൗസിലും അറിഞ്ഞു. ഇതോടെ, 1968 ഏപ്രിലില്‍ ടാറ്റാ സ്റ്റീലിന്റെ മുംബൈയിലെ ആസ്ഥാനത്തേക്ക് രത്തനു സ്ഥലം മാറ്റമായി. കമ്പനി വൈസ് ചെയര്‍മാന്റെ എക്സിക്യുട്ടീവ് ഓഫീസറായിട്ടായിരുന്നു നിയമനം. ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളായിരുന്നു ചുമതല. അപ്പോഴേക്കും ടാറ്റാ ഹൗസ് തന്റേതല്ലാതായി മാറിയിരുന്നതിനാല്‍, രത്തന്‍ കൊളാബയില്‍ സ്വന്തമായി ചെറിയൊരു വീടെടുത്തു. മുംബൈയില്‍ തിരിച്ചെത്തിയെങ്കിലും മുത്തശ്ശി കൂടെയില്ലാത്തത് രത്തനില്‍ വല്ലാത്തൊരു അനാഥത്വം നിറച്ചു. അതു മറികടക്കാനായി അദ്ദേഹം മുംബൈയില്‍ത്തന്നെയുള്ള അമ്മയെ കാണാന്‍ പോകുമായിരുന്നു. നവലുമായി വേര്‍പിരിഞ്ഞശേഷം ജംഷേദ്ജി ജെജീഭോയി എന്ന സുഹൃത്തിനെ വിവാഹം ചെയ്ത് മുംബൈയില്‍ത്തന്നെ കഴിയുകയായിരുന്നു സൂനു. അതില്‍ അവര്‍ക്ക് മൂന്നു പെണ്‍മക്കളാണ്; ഷിറീന്‍, ഡിയന്ന, ഗീത എന്നിവര്‍. പക്ഷേ, അമ്മയ്ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം രത്തനെത്തന്നെയായിരുന്നു. സഹോദരിമാര്‍ക്കും അതറിയാം. അവര്‍ക്കും രത്തനെ വലിയ സ്നേഹമായിരുന്നു. അവധിദിവസങ്ങളില്‍ സഹോദരിമാരേയും കൂട്ടി രത്തന്‍ പുസ്തകശാലകളിലും നാടകം കാണാനുമൊക്കെ പോകും. ജാസ് മ്യൂസിക് വലിയ ഇഷ്ടമാണ്. ജാസ് കണ്‍സേര്‍ട്ടുകളുള്ള ഇടങ്ങളിലും അവര്‍ പതിവു സന്ദര്‍ശകരായി.

അങ്ങനെയിരിക്കെ, ചെയര്‍മാന്‍ ജെ.ആര്‍.ഡി. ടാറ്റ, രത്തനെ ഒരു ദൗത്യവുമായി ഓസ്ട്രേലിയയിലേക്ക് അയച്ചു. ഓസ്ട്രേലിയയിലും അയല്‍രാജ്യങ്ങളിലുമായി പുതിയ ബിസിനസ് സാദ്ധ്യതകള്‍ പഠിക്കുക എന്നതായിരുന്നു ദൗത്യം. ടാറ്റാ ഗ്രൂപ്പും ഡല്‍ഗെറ്റി ഓസ്ട്രേലിയ എന്ന കമ്പനിയും തമ്മിലുള്ള സംയുക്തസംരംഭം വേഗത്തിലാക്കുകയും വേണം. ഓസ്ട്രേലിയയില്‍ ടാറ്റാ ഗ്രൂപ്പിന്റെ റെസിഡന്റ് റെപ്രസന്റേറ്റീവ് എന്നതായിരുന്നു പോസ്റ്റ്. എട്ടു മാസംകൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി.

മുംബൈയില്‍ തിരിച്ചെത്തിയ രത്തനെ വീണ്ടും ജംഷേദ്പുരിലേക്ക് കൊണ്ടുപോകാന്‍ ടാറ്റാ മോട്ടോഴ്സ് മേധാവി സുമന്ത് മൂല്‍ഗാവോങ്കര്‍ ശ്രമിച്ചെങ്കിലും രത്തന്‍ 'നോ' പറഞ്ഞു. തന്നെ മുംബൈയില്‍ നിലനിര്‍ത്തണമെന്ന് രത്തന്‍ അഭ്യര്‍ത്ഥിച്ചു. അങ്ങനെ, ഗ്രൂപ്പിനു കീഴിലുള്ള ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്.) എന്ന പുതിയ കമ്പനിയിലേക്കു നിയോഗിച്ചു. ഐ.ടി. സേവനരംഗത്തേക്ക് ഇറങ്ങാന്‍ ലക്ഷ്യമിട്ട് 1968-ല്‍ തുടങ്ങിയ കമ്പനിയാണ് ടി.സി.എസ്. അവിടെ പക്ഷേ, രത്തനെത്തേടി ഉത്തരവാദിത്വങ്ങളൊന്നും എത്തിയില്ല. കമ്പനി ഡയറക്ടറായ പി.എം. അഗര്‍വാളിനെ കണ്ട് പല തവണ അഭ്യര്‍ത്ഥിച്ചിട്ടും കാര്യമുണ്ടായില്ല. എന്നാല്‍, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ മറ്റൊരു ദൗത്യമെത്തി. ഗ്രൂപ്പിനു കീഴിലുള്ള കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് കമ്പനിയായ നെല്‍കോ (നാഷണല്‍ റേഡിയോ ആന്‍ഡ് ഇലക്ട്രോണിക്സ് കമ്പനി)യുടെ ഡയറക്ടര്‍-ഇന്‍-ചാര്‍ജ് ആയിട്ടായിരുന്നു നിയമനം, 1971 മാര്‍ച്ച് 26-ന്. ടാറ്റാ ഗ്രൂപ്പില്‍ ചേര്‍ന്ന് ഒമ്പതു വര്‍ഷത്തിനിടയിലെ ആദ്യ സ്വതന്ത്രചുമതല. പക്ഷേ, കമ്പനിയുടെ സ്ഥിതി ദയനീയമായിരുന്നു. 1940കളില്‍ റേഡിയോകളുടെ ഉത്പാദനവുമായി തുടങ്ങിയ കമ്പനി പക്ഷേ, പ്രതിസന്ധിയുടെ പടുകുഴിയിലായിരുന്നു അപ്പോള്‍.

നഷ്ടംകയറി പ്രതിസന്ധിയിലായ കമ്പനിയുടെ തലപ്പത്ത് താരതമ്യേന പുതുമുഖമായ ഒരാളെ മേധാവിയാക്കിയത് പൂട്ടിക്കാനാണെന്ന് പലരും വിധിയെഴുതി. 1968-70 കാലയളവില്‍ 98 ലക്ഷം രൂപയുടെ സഞ്ചിതനഷ്ടമുണ്ടാക്കി നില്‍ക്കുകയായിരുന്നു കമ്പനി. ആസൂത്രണമില്ലായ്മയും കാര്യക്ഷമമായ നേതൃത്വത്തിന്റെ അഭാവവുമാണ് കമ്പനിയെ നഷ്ടത്തിലേക്കു തള്ളിവിട്ടത്. ആര്‍.പി. ഗോയെങ്കയുടെ നേതൃത്വത്തിലുള്ള മര്‍ഫി റേഡിയോ വിപണിവാഴുന്ന കാലം. ഇതിനിടെ, വേണുഗോപാല്‍ ദൂതിന്റെ വീഡിയോകോണ്‍, മലയാളിയായ ടി.പി.ജി. നമ്പ്യാരുടെ ബി.പി.എല്‍, ഗുലു മിര്‍ച്ചന്ദാനിയുടെ ഒനീഡ എന്നിവകൂടി രംഗത്തെത്തിയതോടെ നെല്‍കോയുടെ പ്രസക്തി നഷ്ടപ്പെടുന്ന കാലം. ടാറ്റാ ഗ്രൂപ്പിന് സത്യത്തില്‍ നെല്‍കോയിലുള്ള എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിരുന്നു.

പുതിയ സാങ്കേതികവിദ്യയിലുള്ള റേഡിയോകള്‍ വിപണി പിടിച്ചതോടെ, നെല്‍കോയുടെ റേഡിയോ വില്‍പ്പന കൂപ്പുകുത്തി. എന്നാല്‍, ഇതിനൊത്ത് ഉത്പാദനം കുറച്ചതുമില്ല, ഫലമോ? സ്റ്റോക്ക് കുമിഞ്ഞുകൂടി. ഈ സമയത്താണ് രത്തന്റെ വരവ്. വളരെ പെട്ടെന്ന് കാര്യങ്ങള്‍ മനസ്സിലാക്കിയ അദ്ദേഹം ചെയര്‍മാന്‍ ജെ.ആര്‍.ഡി. ടാറ്റയ്ക്ക് വിശദമായി എഴുതി:

'കമ്പനിയെ പുനരുദ്ധരിക്കാന്‍ അവസരം നല്‍കിയാല്‍ മാത്രമേ ഞാന്‍ ഈ ദൗത്യം ഏറ്റെടുക്കുകയുള്ളൂ. മാത്രമല്ല, മൂലധന സഹായവും ആവശ്യമാണ്.'

രത്തന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ജെ.ആര്‍.ഡിക്ക് 'നോ' പറയാന്‍ കഴിഞ്ഞില്ല. എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ഉത്പാദനം തത്കാലം നിര്‍ത്തിവെച്ച് കെട്ടിക്കിടക്കുന്ന സ്റ്റോക്ക് ഏതു വിധേനയും വിറ്റൊഴിയാനായിരുന്നു രത്തന്‍ ആദ്യം ശ്രമിച്ചത്. അങ്ങനെ കുറച്ചു പണമെത്തി. പുതിയ ഉത്പന്നനിര അവതരിപ്പിച്ചാലേ മുന്നോട്ടു പോകാനാകൂവെന്ന് രത്തന് ഉറപ്പായിരുന്നു. അതിനായി കഴിവുറ്റ കുറച്ചുപേരെ റിക്രൂട്ട് ചെയ്തു, പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചു. ഇതോടെ, 1972 ജനുവരി-മാര്‍ച്ച് പാദത്തില്‍ നഷ്ടത്തില്‍നിന്ന് പതിയെ കരകയറി. ഇനിയും മുന്നോട്ടു പോകണമെങ്കില്‍ മൂലധനസഹായമില്ലാതെ പറ്റില്ല. ചെയര്‍മാനില്‍നിന്നുതന്നെ ഉറപ്പുകിട്ടിയതാണെങ്കിലും പണം നല്‍കേണ്ടവര്‍ അനങ്ങുന്നില്ല. ഒടുവില്‍, കമ്പനിയുടെ ഫാക്ടറി സമുച്ചയം ഈടുവെച്ച് ഒരു സ്വകാര്യസ്ഥാപനത്തില്‍നിന്ന് 15 ലക്ഷം രൂപ വായ്പയെടുത്തു. ഇത് ജെ.ആര്‍.ഡി. അറിഞ്ഞതോടെ പണമെത്തി.

മൂലധനത്തിന്റെ ദൗര്‍ല്ലഭ്യം ഉയര്‍ത്തിയ വെല്ലുവിളി കണക്കാക്കാതെ അദ്ദേഹം വിദേശസഹകരണത്തിലൂടെ കമ്പനിയുടെ സാങ്കേതികാടിത്തറ ശക്തമാക്കി. പുതിയ സാങ്കേതികവിദ്യയിലുള്ള റേഡിയോ വിപണിയിലെത്തിച്ചു. ഇതിനിടെ, അവകാശ ഓഹരികളുടെ വില്‍പ്പന നടത്തി, കുറച്ചുകൂടി മൂലധനം കണ്ടെത്തി. ഈ ശ്രമങ്ങളുടെയെല്ലാം ഫലമായി നെല്‍കോ വളര്‍ച്ചയുടെ ട്രാക്കിലേക്കു കയറി. 1974ലും '75ലും മികച്ച ലാഭം കൈവരിച്ചു. കേവലം രണ്ടു ശതമാനത്തിനു താഴേയായിരുന്ന വിപണിവിഹിതം 1975-ല്‍ ഇരുപതു ശതമാനത്തിലേക്കു കുതിച്ചുയര്‍ന്നു. അപ്പോഴാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഇതോടെ, റേഡിയോ ഉള്‍പ്പെടെ സകല ഉത്പന്നങ്ങളുടെയും വില്‍പ്പന ഇടിഞ്ഞു. എങ്കിലും രത്തന്‍ നെല്‍കോയെ പിടിച്ചുനിര്‍ത്തി. പക്ഷേ, ബോര്‍ഡ് യോഗത്തില്‍ നെല്‍കോയുടെ പ്രകടനം ചൂണ്ടിക്കാട്ടി ഡയറക്ടര്‍മാരെല്ലാം രത്തന്‍ ടാറ്റയെ പഴിക്കുകയാണ്. എന്നാല്‍, ടാറ്റാ സണ്‍സ് ചെയര്‍മാന്‍ ജെ.ആര്‍.ഡി. ടാറ്റ, രത്തന് പിന്തുണയുമായി എഴുന്നേറ്റു. എല്ലാവരും കൈയൊഴിഞ്ഞ ഒരു കമ്പനിയെ രത്തന്‍ ഉയര്‍ത്തിക്കൊണ്ടുവന്നത് അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. മാത്രമല്ല, ലാഭത്തിനുവേണ്ടി രത്തന്‍ അന്യായമായ ഒന്നും ചെയ്തില്ലെന്നതും ജെ.ആര്‍.ഡിയെ ആകര്‍ഷിച്ചു. 1977-ല്‍ ജെ.ആര്‍.ഡി. നെല്‍കോ ഫാക്ടറി സന്ദര്‍ശിച്ചു. തിരിച്ച് ടാറ്റാ സണ്‍സിന്റെ ആസ്ഥാനത്തെത്തിയ അദ്ദേഹം രത്തന് കത്തയച്ചു, 'താങ്കളുടെ നേതൃത്വത്തില്‍ ടാറ്റാ ഗ്രൂപ്പിന് അഭിമാനമായി നെല്‍കോ മാറുകയാണ്.'

ടി.സി.എസ്. സോഫ്റ്റ്വേര്‍ സേവനരംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍, നെല്‍കോയില്‍നിന്ന് കമ്പ്യൂട്ടറുകള്‍ വികസിപ്പിക്കാന്‍ രത്തന്‍ ടാറ്റയ്ക്ക് പദ്ധതിയുണ്ടായിരുന്നു. 1974-ല്‍ത്തന്നെ കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തിന് അനുമതി തേടി അപേക്ഷ സമര്‍പ്പിച്ചെങ്കിലും, കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം അനുമതിപത്രം നല്‍കുന്നത് അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു. ഇതിനോടകം, എച്ച്.സി.എല്‍. പോലുള്ള കമ്പനികള്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാണരംഗത്തേക്ക് പ്രവേശിച്ചിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായെങ്കിലും ഇരുപതു വര്‍ഷംകൊണ്ട് കമ്പനി 62 മടങ്ങ് വളര്‍ന്നു; 1971ലെ 3.3 കോടി രൂപയുടെ വിറ്റുവരവില്‍നിന്ന് 207 കോടിയിലേക്ക്. ഇതിനിടെ, 1977-ല്‍ കമ്പനി ഏഴുമാസത്തോളം പൂട്ടിയിടുകപോലും ചെയ്തു. തൊഴിലാളികളുടെ അന്യായമായ ആവശ്യങ്ങളായിരുന്നു കാരണം. കമ്പനി ലോക്ഡൗണില്‍ ആയപ്പോള്‍ തൊഴിലാളികള്‍ നിത്യവൃത്തിക്കായി എന്തു ചെയ്യുമെന്ന് രത്തന്‍ ടാറ്റ വേണ്ടപ്പെട്ടവരോടു പരിതപിച്ചിരുന്നു. എന്നാല്‍, തൊഴില്‍സമരത്തിന്റെ പഴിയൊക്കെ കേട്ടത് രത്തനായിരുന്നെന്നു മാത്രം.

ഏതായാലും നെല്‍കോ രത്തന് കരിയറില്‍ സമ്മാനിച്ചത് വലിയ അനുഭവങ്ങളായിരുന്നു. ഒരു ബിസിനസ് മേധാവി എന്ന നിലയില്‍ തനിക്ക് അടിത്തറപാകിയത് നെല്‍കോയിലെ പ്രവര്‍ത്തനമാണെന്ന് രത്തന്‍ ടാറ്റ പിന്നീടൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.

നെല്‍കോയിലെ സംഭവവികാസങ്ങള്‍ക്കിടയില്‍, 1974-ല്‍ രത്തനെ ടാറ്റാ ഗ്രൂപ്പിന്റെ പ്രധാന ഹോള്‍ഡിങ് കമ്പനിയായ ടാറ്റാ സണ്‍സിന്റെ ഡയറക്ടറാക്കി. രത്തന്റെ 37-ാം വയസ്സിലായിരുന്നു അത്. അതോടെ, ഗ്രൂപ്പിനുള്ളില്‍ അദ്ദേഹത്തിനുള്ള സ്ഥാനം കുറേക്കൂടി ഉയര്‍ന്നു. കരിയറിലെ പടികള്‍ ഓരോന്നായി ചവിട്ടി നേതൃനിരയിലേക്ക് എത്തിയതോടെ, ഇത്തരത്തിലുള്ള എല്ലാവരേയുംപോലെ രത്തന്റെ മനസ്സില്‍ ഒരു മോഹം - ബിസിനസ് മാനേജ്മെന്റ് പഠിക്കണം. അങ്ങനെ, അതേവര്‍ഷംതന്നെ യു.എസ്സിലെ പ്രശസ്തമായ ഹാര്‍വാഡ് ബിസിനസ് സ്‌കൂളില്‍ പോയി അഡ്വാന്‍സ്ഡ് മാനേജ്മെന്റ് പ്രോഗ്രാമിനു ചേര്‍ന്നു. സ്പീക്കര്‍ വിപണിയിലെ താരമായ ബോസ് കോര്‍പ്പറേഷന്റെ സ്ഥാപകന്‍ അമര്‍ ബോസിനെ പരിചയപ്പെടുന്നത് അവിടെവെച്ചാണ്. നെല്‍കോയെ കരകയറ്റാന്‍ രത്തന്‍ നടത്തിയ ശ്രമങ്ങള്‍ അമറിനെ സ്വാധീനിച്ചു. രത്തന് അദ്ദേഹം തന്റെ കമ്പനിയില്‍ പ്രസിഡന്റു പദവി വാഗ്ദാനം ചെയ്തു. അമേരിക്കന്‍ സ്വപ്നം രത്തനെ ഇടയ്ക്കിടെ പിടികൂടിയിരുന്നെങ്കിലും ബോസിന്റെ ക്ഷണം സ്വീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. കാരണം, നെല്‍കോയെ കരകയറ്റിക്കൊണ്ടുവരുന്നതേയുള്ളൂ. അത് ഇട്ടെറിഞ്ഞുപോയാല്‍ കമ്പനിക്കുള്ളിലുള്ളവരും കുടുംബത്തിലുള്ളവരും തന്നെ പഴിചാരും. മുത്തശ്ശി പഠിപ്പിച്ചിട്ടുള്ള ടാറ്റാ മൂല്യങ്ങള്‍കൂടി ഓര്‍ത്തപ്പോള്‍, അമര്‍ ബോസിനോട് രത്തന്റെ മറുപടി 'നോ'തന്നെയായിരുന്നു.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഹാര്‍വാഡിലെ കോഴ്സ് പൂര്‍ത്തിയാക്കി 1975-ല്‍ നാട്ടില്‍ തിരിച്ചെത്തി, വീണ്ടും നെല്‍കോയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. തൊട്ടടുത്ത വര്‍ഷം മറ്റൊരു ദൗത്യംകൂടി രത്തനെ തേടിയെത്തി. ടാറ്റാ ഗ്രൂപ്പ് സ്ഥാപകന്‍ ജംഷേദ്ജി ടാറ്റ 1877-ല്‍ സ്ഥാപിച്ച എംപ്രസ് മില്‍സ് (സെന്‍ട്രല്‍ ഇന്ത്യ സ്പിന്നിങ്, വീവിങ് ആന്‍ഡ് മാനുഫാക്ചറിങ് കമ്പനി) പ്രതിസന്ധിയിലായിരിക്കുന്നു. അതിനെ, എന്തു ചെയ്യാന്‍ കഴിയുമെന്നു നോക്കണം. ടെക്സ്‌റ്റൈല്‍ വ്യവസായരംഗത്ത് നുസ്ലി വാഡിയയുടെ ബോംബെ ഡൈയിങ് തിളങ്ങിനില്‍ക്കുന്ന സമയം. അതിനു പുറമെ, ധീരുഭായ് അംബാനിയുടെ റിലയന്‍സ് ടെക്സ്‌റ്റൈല്‍സ് കത്തിക്കയറിവരുന്നു. എംപ്രസ് മില്‍സിലാകട്ടെ തൊഴിലാളി യൂണിയന്‍ സമരം കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. ആ സമയത്താണ് പുതിയ ദൗത്യവുമായി രത്തന്‍ എത്തുന്നത്.

അദ്ദേഹം കമ്പനിയുടെ പ്രവര്‍ത്തനം പഠിച്ചശേഷം ജെ.ആര്‍.ഡിയെ കണ്ടു സ്ഥിതി വിശദീകരിച്ചു:

'പെരുകിക്കൊണ്ടിരിക്കുന്ന നഷ്ടം ആദ്യം പിടിച്ചുനിര്‍ത്തുക. പിന്നെ, പുനരുദ്ധാരണപദ്ധതി നടപ്പാക്കുക. പദ്ധതി നടപ്പാക്കണമെങ്കില്‍, വലിയ തുക ആവശ്യമാണ്.'

ഫണ്ട് മാത്രം വന്നില്ല. രത്തന്‍ തന്നാല്‍ക്കഴിയുന്നവിധത്തില്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. പുതിയൊരു ജനറല്‍ മാനേജരെയും മറ്റേതാനും മാനേജര്‍മാരെയും കൊണ്ടുവന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ ഒരു കോടി രൂപയുടെ ലാഭമുണ്ടാക്കി. 1984 ആയപ്പോള്‍ ടെക്സ്റ്റൈല്‍ വ്യവസായം ഒന്നടങ്കം പ്രതിസന്ധിയിലായി. പരുത്തിവില കുതിച്ചുയര്‍ന്നതായിരുന്നു കാരണം. ഇതോടെ, അഞ്ചുകോടി രൂപയുടെ നഷ്ടത്തിലായി എംപ്രസ് മില്‍സ്. തൊട്ടടുത്ത വര്‍ഷം രണ്ടരക്കോടികൂടി നഷ്ടം. പക്ഷേ, രത്തന്‍ പിന്മാറിയില്ല. മില്ലിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ ഏഴുകോടി രൂപയുടെ മൂലധനസഹായം ആവശ്യപ്പെട്ടു. എന്നാല്‍, ഗ്രൂപ്പിന്റെ നിയമവിഭാഗം മേധാവികൂടിയായ നാനി എ. പാല്‍ഖീവാലയും ജെ.ആര്‍.ഡിയുടെ വിശ്വസ്തന്‍ റുസ്സി മോദിയും രത്തന്റെ നിര്‍ദ്ദേശം തള്ളി. കമ്പനിയെ അടച്ചുപൂട്ടലിനു വിടുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമെന്ന് അവര്‍ വാദിച്ചു. കമ്പനി പൂട്ടിയാല്‍ ആയിരക്കണക്കിനു തൊഴിലാളികള്‍ പട്ടിണിയിലാകുമെന്നുള്ള കാര്യം ജെ.ആര്‍.ഡിയെ രത്തന്‍ ഓര്‍മ്മിപ്പിച്ചു. കമ്പനി പൂട്ടുകയാണെങ്കില്‍ അവര്‍ക്ക് മറ്റെന്തെങ്കിലും ജോലി നല്‍കാനോ വേറെ ഏതെങ്കിലുംതരത്തില്‍ സംരക്ഷിക്കാനോ ഗ്രൂപ്പ് തയ്യാറാകണമെന്നും അഭ്യര്‍ത്ഥിച്ചു. എംപ്രസ് മില്‍സിന്റെ നാഗ്പൂരിലെ കേന്ദ്രത്തില്‍ ടാറ്റാ സ്റ്റീലിന്റെ നിര്‍മ്മാണ ഫാക്ടറിയോ ടാറ്റാ എക്സ്പോര്‍ട്സിന്റെ ഷൂ നിര്‍മ്മാണ ഫാക്ടറിയോ തുടങ്ങണമെന്ന പദ്ധതിയും മുന്നോട്ടുവെച്ചു. എന്നാല്‍, അതൊന്നും ഫലം കണ്ടില്ല. ഒടുവില്‍, മഹാരാഷ്ട്ര ടെക്സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ 1986-ല്‍ എംപ്രസ് മില്‍സിനെ ഏറ്റെടുത്തു.

നെല്‍കോയുടെയും എംപ്രസ് മില്‍സിന്റെയും പതനം ഗ്രൂപ്പിനുള്ളില്‍ ഒരുകൂട്ടര്‍ ആഘോഷമാക്കി, രത്തന്‍ ടാറ്റയ്ക്കെതിരേയുള്ള ആയുധവുമാക്കി. എന്നാല്‍, കോടികളുടെ നീക്കിയിരിപ്പുള്ള വ്യവസായ ഗ്രൂപ്പ് ഈ രണ്ടു കമ്പനികളുടെയും പുനരുദ്ധാരണത്തിന് പണം കൊടുക്കാന്‍ തയ്യാറാകാത്തതുമാത്രം എവിടെയും ചര്‍ച്ചയായില്ല.