മലയാളിയുടേതായ ഒരു സാംസ്കാരിക ഇടം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള മലയാള ചലച്ചിത്രഗാനമേഖലയിലെ സ്ത്രീപങ്കാളിത്തത്തെക്കുറിച്ച് സൂക്ഷ്മമായി വിശകലനം ചെയ്യുന്ന പുസ്തകമാണ് സി.എസ് മീനാക്ഷിയുടെ പെണ്‍പാട്ടുതാരകള്‍. സ്ത്രീകള്‍ സ്വന്തം ശബ്ദം കൊണ്ടും വിയര്‍പ്പുകൊണ്ടും സമ്പന്നമാക്കിയ ചലച്ചിത്രഗാനരംഗത്തിന്റെ സാംസ്കാരിക പഠനം ഈ പുസ്തകത്തെ സമ്പന്നമാക്കുന്നു. പാട്ടുകാരി പുഷ്പവതിയെക്കുറിച്ചുള്ള അധ്യായത്തില്‍ നിന്നും...
ഞാന്‍ പുഷ്പവതി. മിശ്രവിവാഹിതരുടെ അഞ്ചാമത്തെ മകള്‍. അച്ഛന് പാണനാണ്. ദളിതാണ്. അമ്മ ഈഴവസമുദായത്തില്‍പ്പെട്ട ആളാണ്. അമ്മയെ കുടുംബത്തില്നിന്നൊഴിവാക്കി. അങ്ങനെ മാമന്, മാമി തുടങ്ങിയ ബന്ധങ്ങളൊക്കെ നഷ്ടപ്പെട്ടു. അച്ഛന് മദ്യപാനിയായിരുന്നു. വളരെ താഴ്ന്ന സാമൂഹ്യ സാമ്പത്തിക പരിതഃസ്ഥിതിയായിരുന്നു. ചെറുപ്പത്തില്‍ കടുത്ത ദാരിദ്ര്യമനുഭവിച്ചിട്ടുണ്ട്. അമ്മയുടെ കൂടെ പാടത്തും പറമ്പത്തും പണിയെടുത്ത ബാല്യം. സ്കൂളില്‍നിന്ന് വന്നാല്‍ പശുവിനെ മേയ്ക്കാന്‍ കൊണ്ടുപോകും. പഠിത്തം എന്ന പരിപാടിയൊന്നുമില്ല. കുട്ടിക്കാലത്ത് വെയിലും മഴയുമൊന്നും കളയാറില്ല. കരുമാടിക്കുട്ടികളായിട്ടാണ് വളര്‍ന്നത്.
പാടാനുള്ള കഴിവ് അച്ഛന്റെ കൈയില്‍നിന്ന് വന്നതാണ്. അന്തിയോളം പണിത് അന്തിക്ക് മോന്തി ബോധമില്ലാതെയാണെങ്കിലും എന്നെ മടിയിലിരുത്തി പാട്ടുപാടിക്കും. എന്നോടൊരു പ്രത്യേക വാത്സല്യമുണ്ടായിരുന്നു. കെ.പി.എ.സിയുടെ വിപ്ലവഗാനങ്ങളും നാടകഗാനങ്ങളും പാടിപ്പിക്കും. അതായിരുന്നു പ്രോത്സാഹനം. പെണ്‍കുട്ടികളെ അടിക്കാറില്ല. എന്നാല്‍ അമ്മയ്ക്ക് വയറുനിറച്ചും കിട്ടുമായിരുന്നു. അങ്ങനെ ഭയവിഹ്വലമായ ഒരു ബാല്യമായിരുന്നു. പൊതുവേ ജാതിപരമായ ഒറ്റപ്പെടലായിരുന്നു. അമ്മയാണ് മക്കളെ വളര്‍ത്തിയത്.
സ്കൂളില്‍ നാലാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ദ്രൗപതി നങ്ങ്യാര്‍ എന്ന ടീച്ചര്‍ പഠിപ്പിച്ച ലളിതഗാനം പാടി സബ് ജില്ലയില്‍ ഫസ്റ്റ് കിട്ടി. ഒറ്റയ്ക്കു വരാന്‍ പ്രായമാകുമ്പോള്‍ പാട്ടു പഠിപ്പിച്ചുതരാം എന്ന് ടീച്ചര്‍ പറഞ്ഞത് ഓര്‍ത്ത് ഏഴാംക്ലാസ്സായപ്പോള്‍ സ്വയം സൈക്കിള്‍ ചവിട്ടി നാലു കിലോമീറ്റര്‍ അപ്പുറമുള്ള വീട്ടില്‍ പോയി പഠിക്കാന്‍ തുടങ്ങി. പെണ്‍കുട്ടികള്‍ സൈക്കിള്‍ ചവിട്ടാതിരുന്ന ഒരുകാലത്ത് ഞങ്ങടെ നാട്ടില്‍ (തൃശ്ശൂര്‍ ജില്ലയില്‍ വേലൂരാണ് വീട്) നിത്യജീവിതത്തിന്റെ ഭാഗമായി സൈക്കിളില്‍ ചുറ്റിയടിച്ചിരുന്ന ആദ്യത്തെ പെണ്‍കുട്ടിയായിരുന്നു ഞാന്‍. അതു കണ്ട് ആണ്‍കുട്ടികള്‍ കൂവിയിട്ടുണ്ട്, കളിയാക്കിയിട്ടുണ്ട്.
എനിക്ക് പതിമൂന്നു വയസ്സായപ്പോള്‍ ചേട്ടന് സി.പി.ഐ. (എം.എല്‍) റെഡ് ഫ്ളാഗില്‍ ചേര്‍ന്ന് നിരീശ്വരവാദമൊക്കെ പറയാന്‍ തുടങ്ങി. സമൂഹത്തിലെ സാമ്പത്തിക അസമത്വത്തിനും പിന്നാക്കാവസ്ഥയ്ക്കും കാരണം ഇവിടത്തെ ഫ്യൂഡല്‍ മുതലാളിത്തവ്യവസ്ഥയാണ്, സാമൂഹ്യക്രമത്തിന്റെ പ്രശ്നമാണ് എന്നൊക്കെ ചെറുപ്രായത്തിലേ ഞാന്‍ മനസ്സിലാക്കി. ഒമ്പതാംക്ലാസ്സിലെത്തിയപ്പോള് കെ.വി.എസ്. (സി. പി.ഐ.എം.എല്‍) ന്റെ വിദ്യാര്‍ത്ഥിസംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പ്രീഡിഗ്രിവരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അങ്ങനെ കൗമാരകാലം രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ പൊലിഞ്ഞുപോയി. എല്ലാ കുട്ടികളുടെയും പോലെ വര്‍ണ്ണശബളമായിരുന്നില്ല, വളരെ ഊഷരമായിരുന്നു കൗമാരം. പിന്നീട് ഉള്ളില്‍ ആധികാരികമായി സംഗീതം പഠിക്കണമെന്ന് തോന്നലുണ്ടായി.
'നീ ഞങ്ങടെ കണ്മുന്നിലിരിക്കുമ്പോള്ത്തന്നെ വലിയ വിപ്ലവകാരിയാണ്, എവിടെങ്കിലും പോയാല്‍ എന്തായിരിക്കും. അതുകൊണ്ട് പോണ്ട' എന്നായിരുന്നു മാതാപിതാക്കളുടെ പ്രതികരണം. പിന്നെ സഹോദരനൊക്കെ സപ്പോര്‍ട്ട് ചെയ്തു. പാലക്കാട് സംഗീത കോളേജില്‍ ചേര്‍ന്നു. സംഗീതം പഠിക്കാന്‍ തുടങ്ങിയപ്പോഴാണ് മനസ്സിനൊരു ഹീലിങ് കിട്ടിയത്. സ്കൂളില്‍ പഠിക്കുന്നതിനു സമാന്തരമായി പതിനേഴു വയസ്സുവരെ സംഗീതം അഭ്യസിച്ചിരുന്നുവെങ്കിലും ചുറ്റുപാടുകള്‍, രാഷ്ട്രീയപ്രവര്‍ത്തനം എല്ലാമെന്നെ അലോസരപ്പെടുത്തിയിരുന്നു. പാലക്കാട് പോയപ്പോള്‍ ഏഴുവര്‍ഷക്കാലം ഹോസ്റ്റലില്‍നിന്നു പഠിച്ചു. സ്വസ്ഥതയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഏകാഗ്രമായി പഠിക്കുകയും ഏകതാബുദ്ധിയില് സംഗീതത്തെ മാത്രം മനസ്സിലെടുത്ത്, ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്ന സമയമൊഴികെ എല്ലാ സമയവും സംഗീതം പ്രാക്ടീസ് ചെയ്യാനും പറ്റിയിരുന്നു. രാവിലെ നാലു മണിക്കൊക്കെ എഴുന്നേറ്റ് സാധകം ചെയ്തിരുന്നു. കൃത്യനിഷ്ഠയോടെ പഠിച്ചു. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ആകാശവാണിയില്‍ കര്‍ണ്ണാടകസംഗീതത്തില്‍ 'ബി' ഗ്രേഡ് ഉണ്ടായിരുന്നു. അത് വളരെ ബുദ്ധിമുട്ടുള്ള ഒരു നേട്ടമാണ്. രണ്ടുമൂന്നു തവണ ശ്രമിച്ചിട്ടും അത് കിട്ടാത്ത അദ്ധ്യാപകര്പോലുമുണ്ടായിരുന്നു. അപ്പോഴാണ് എനിക്ക് കിട്ടിയതിന്റെ വില എനിക്ക് മനസ്സിലായത്. കര്‍ണ്ണാടകസംഗീത പാഠമാലയിലും സംഗീതക്കച്ചേരിയിലും എന്റെ പേര് അനൗണ്‍സ് ചെയ്തുകേള്ക്കുമ്പോള് വളരെ സന്തോഷം തോന്നിയിരുന്നു. കോളേജില്‍ പഠിച്ചിറങ്ങിക്കഴിഞ്ഞ് സെന്‍ട്രല്‍ ഗവണ്മെന്റിന്റെ സ്കോളര്‍ഷിപ്പോടുകൂടി ഗുരുകുലസമ്പ്രദായത്തില്‍ മങ്ങാട് നടേശന് സാറിന്റെ അടുത്ത് പഠിച്ചു. ഇങ്ങനെ സ്ട്രഗിള്‍ ചെയ്ത് പഠിച്ചിട്ടും, 2000-ല്‍ പുറത്തിറങ്ങിയപ്പോഴാണ് റിയാലിറ്റി വിഷമകരമാണെന്നു മനസ്സിലായത്. തൊഴില്‍ വേണം, കച്ചേരികള്‍ വേണം. പക്ഷെ കച്ചേരിയൊക്കെ നിലനില്‍ക്കുന്നത് ഒരു സവര്‍ണ്ണ സിസ്റ്റത്തിനെ കേന്ദ്രീകരിച്ചാണ്. അവിടേക്ക് നമുക്ക് എന്‍ട്രിയില്ല. കര്‍ണ്ണാടകസംഗീതക്കച്ചേരികള്‍ എന്നെപ്പോലുള്ളവര്‍ക്ക് പ്രാപ്യമല്ലാത്ത ഒരവസ്ഥയുണ്ടായിരുന്നു. മാത്രമല്ല, ഡിപ്ലോമ നാലു വര്‍ഷം, പോസ്റ്റ് ഡിപ്ലോമ മൂന്നു വര്‍ഷം. കോളേജ്, യൂണിവേഴ്സിറ്റിയിലേക്ക് അഫിലിയേറ്റ് ചെയ്തു. പോസ്റ്റ് ഡിപ്ലോമയില്‍ എനിക്ക് ഫസ്റ്റ് റാങ്കുണ്ടായിരുന്നു. കലാമണ്ഡലത്തില്‍ ഒഴിവുണ്ടെന്ന് പത്രത്തില്‍ കണ്ട് അപേക്ഷിച്ചു. ക്വാളിഫിക്കേഷന്കൊണ്ടും ഇന്റര്‍വ്യൂ കൊണ്ടും മികച്ച അര്‍ഹതയുള്ള ഉദ്യോഗാര്‍ത്ഥിയായിരുന്നു ഞാന്‍. പക്ഷെ പിന്നീട് മങ്ങാട് നടേശന് സാറില്നിന്നറിയാന് കഴിഞ്ഞത് മറ്റൊരാളെ നിയമിക്കാന്‍വേണ്ടി നടത്തിയ ഒരു പ്രഹസനമായിരുന്നു ആ ഇന്റര്‍വ്യൂ എന്നാണ്. നമ്മളൊക്കെ ആരാ പിന്നെ? ഇങ്ങനെയൊക്കെയാണ് ജാതി പ്രവര്‍ത്തിക്കുന്നത്. ഒരു ദളിതിന് വിദ്യാഭ്യാസംകൊണ്ട് തന്റെ സാമൂഹ്യവ്യവസ്ഥയെ മറികടക്കാന്‍ കഴിയുന്നില്ല. അതിന് വലിയ ഉദാഹരണമാണ് ഞാന്‍. ആ സമയത്ത് വലിയ സങ്കടവും നിരാശയുമായിരുന്നു. മനുഷ്യനെപ്പോലെ ജീവിച്ചേ പറ്റൂ. കഷ്ടപ്പെടാനുള്ള മനസ്സുണ്ടല്ലോ, നമുക്ക്. ട്യൂഷനെടുത്ത് അലഞ്ഞിട്ടുണ്ട്. പക്ഷെ മാന്യമായി ജീവിക്കാന്‍ പറ്റിയ സാഹചര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് തൃശ്ശൂരിലുള്ള ചേതന റെക്കോഡിങ് സ്റ്റുഡിയോയുമായി ബന്ധപ്പെടുന്നത്. ഹൈ ക്വാളിറ്റി ഉപകരണങ്ങളുള്ള കേരളത്തിലെ മികച്ച സ്റ്റുഡിയോയാണത്. ഒരു കാലത്ത് ഏറ്റവും കൂടുതല്‍ റെക്കോഡിങ്ങും റീ റെക്കോഡിങ്ങും ഡബ്ബിങ്ങും നടന്നിരുന്ന ഒരു സ്റ്റുഡിയോ ആയിരുന്നു ചേതന. ഞാനൊന്നും ഒരിക്കലും സിനിമയിലെത്തുമെന്ന് വിചാരിച്ചിട്ടില്ല.
പൊയ്കയില്‍ അപ്പച്ചന് എഴുതിയിട്ടുണ്ടല്ലോ, 'കാണുന്നീലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി, കാണുന്നുണ്ട് അനേകം വംശത്തിന്റെ ചരിത്രങ്ങള്‍.' അതുപോലെ നമ്മളെങ്ങനെ ചരിത്രം കുറിക്കാന്‍ ശ്രമിച്ചാലും അത് രേഖപ്പെടുത്തപ്പെടുന്നില്ല. ചരിത്രം മായ്ച്ചുകളയാനാണ് ശ്രമിക്കുന്നത്. അത് വ്യവസ്ഥിതിയുടെ പ്രശ്നമാണ്.
അങ്ങനെ ചേതനയില്‍ പാടാന്‍ തുടങ്ങി. സിനിമയില്‍ പാടുന്നതിന് വലിയ പാഷന് ഒന്നുമില്ലായിരുന്നു. ജീവിക്കാന്‍വേണ്ടി പാടി. ആദ്യം സിനിമയില്‍ പാടിയത് നമ്മള് എന്ന സിനിമയില്‍ 'കാത്തുകാത്തൊരു മഴയത്ത്' ആയിരുന്നു. ഞാന്‍ പാടിയ ട്രാക്ക് നേരെ സിനിമയിലുപയോഗിക്കുകയായിരുന്നു. ഞാനറിഞ്ഞില്ല. ഒരു ദിവസം ബസ്സില്‍ പോകുമ്പോള്‍ കേട്ടു. അപ്പോള്‍ വിചാരിച്ചു, 'ങ്ങേ, ഇത് ഞാന്‍ പാടിയതാണല്ലോ.' അതാണ് തുടക്കം. ഒരു സംഗീതസംവിധായകന് ഇന്‍ഡീസന്റ് ആയി പെരുമാറി. ഞാനയാള്‍ക്ക് ചുട്ട മറുപടി കൊടുക്കുകയും അയാളുടെ പാട്ട് വേണ്ട എന്ന് പറയുകയും ചെയ്തു. ചേതനയിലും രവീസ് എന്ന സ്റ്റുഡിയോയിലും ആദ്ദേഹത്തിന്റെ പാട്ടു വേണ്ട എന്നറിയിക്കുകയും ചെയ്തു. പിന്നീട്, 2005-ല്‍ രണ്ടു വര്‍ഷത്തേക്ക് ഖത്തറില്‍ പോയി പണിയെടുത്തു. തിരിച്ചുവന്ന് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ പാട്ടു കിട്ടി. ഖത്തറില്‍ പോകുന്നതിനുമുമ്പ് 'കബീര്‍ മ്യൂസിക് ഓഫ് ഹാര്‍മണി' എന്ന ആല്‍ബം ഇറക്കിയിരുന്നു. സംഗീതത്തിന്റെ രംഗത്തിലാണെങ്കിലും സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങള്‍- മാറാട് കലാപം, ഗോദ്ര കലാപം ഇതൊക്കെ എന്നെ വല്ലാതെ ബാധിച്ചിട്ടുണ്ടായിരുന്നു. എനിക്ക് സംഗീത സാഹിത്യ അക്കാദമി പരിസരങ്ങളും അവിടത്തെ സൗഹൃദങ്ങളും സജീവമായിട്ടുണ്ടായിരുന്ന ഒരു സമയംകൂടിയായിരുന്നു അത്. എന്റെ കൂടെ കേരളവര്‍മ്മ കോളേജില്‍ ഉണ്ടായിരുന്ന കെ.വി.എസ്സിലെ പഴയ സുഹൃത്തുക്കളെയും എ.ഐ.എസ്.എഫ്., എസ്.എഫ്.ഐ. പോലുള്ള ഇടതുപക്ഷസുഹൃത്തുക്കളെയും കാണാനും പൊതുവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുമുള്ള സാഹചര്യമുണ്ടായിരുന്നു. എന്റെ സുഹൃത്ത് ശ്രീകൃഷ്ണന് ആണ് കബീറിന്റെ ഈരടികള്‍ പരിചയപ്പെടുത്തുന്നത്. അത് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് പാട്ടാക്കി ഇറക്കുക എന്ന ആശയം അവനാണ് പറയുന്നത്. എല്ലാവരും സമാനചിന്താഗതിക്കാരായതുകൊണ്ട് ഞാനതേറ്റെടുത്തു. കമ്പോസ് ചെയ്തു, പാടി. തര്‍ജ്ജമ ചെയ്തത് സലിംരാജ്, പ്രൊഫ. വി. അരവിന്ദാക്ഷന്, ശ്രീകൃഷ്ണന് എന്നീ സുഹൃത്തുക്കളായിരുന്നു. ഒരുപാടു നിരൂപകശ്രദ്ധ പിടിച്ചുപറ്റിയ ഒരു വര്‍ക്കായിരുന്നു അത്. വ്യത്യസ്തമായ വഴിയില്‍ക്കൂടി ചെയ്യുന്ന വര്‍ക്കുകള്‍ സാമാന്യജനങ്ങളിലേക്കെത്തുന്നില്ല. ചെറിയ സര്ക്കിളുകളിലൊതുങ്ങിപ്പോയി. എന്നാല്‍ ഇപ്പോള്‍ ഇവിടെ നിലനില്‍ക്കുന്ന ബ്രാഹ്മണിക്കല്‍ ജാതിവ്യവസ്ഥയ്ക്കും, രാഷ്ട്രീയ അവസ്ഥയ്ക്കും നല്ല മറുപടിയാണ് അന്നുമിന്നും ഇത്തരം പാട്ടുകള്‍. ഞാന്‍ ശ്രീനാരായണഗുരുവിന്റെ നാലു വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട്. ദൈവദശകം, അനുകമ്പാദശകം, കുണ്ഡലിനീപാട്ട്, സദാചാരം. ഇനിയും കുറേ ചെയ്യാനാഗ്രഹമുണ്ട്. താഴേത്തട്ടിലുള്ള ആള്‍ക്കാരുടെ സ്വത്വങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്ന ബോധ്യത്തിലാണ് പൊയ്കയില്‍ അപ്പച്ചന്റെ വര്‍ക്കുകള്‍ തുടങ്ങിയത്.
പാരിടത്തിലുള്ള ചരിത്രങ്ങള്‍
ഓരോന്നും പരിചിന്തനം ചെയ്തീടുക വംശത്തെ
കാണുന്നീലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേക വംശത്തിന്റെ ചരിത്രങ്ങള്‍
കബീറിന്റെ വരികളും ഡയറക്ട് ആയിട്ടുള്ള ഭാഷയാണ്. ഇവിടെ നിലനില്‍ക്കുന്ന മതമൗലികവാദത്തിനു പറ്റിയ മരുന്നാണ് ആ വരികള്‍. ആരാണീശ്വരനെന്നും കാണിച്ചുകൂട്ടുന്നതെല്ലാം വെറും അസംബന്ധമാണെന്നും അതില്‍ കൃത്യമായി പറയുന്നുണ്ട്.
അപരിചിതനല്ലോ ഈശ്വരന്
ഈ ജഗത്തില്‍ ഈശ്വരന് നിങ്ങള്‍ക്കപരിചിതന്‍.
നമുക്ക് സരസ്വതിയെ ധ്യാനിച്ച് സ്വസ്ഥമായി പൂജ ചെയ്യാന്‍ പറ്റുന്നുണ്ടോ, വിശ്വാസവും ഭക്തിയും ആചാരവുമൊക്കെ വ്യവസായവത്കരിച്ചു. ഈശ്വരന് ആത്യന്തികമായിട്ട് ഏകരൂപമാണ്, മൂലരൂപം ഒന്നാണ്. അമ്പലം മനുഷ്യശരീരമായും ഉള്ളിലുള്ള ആത്മാവ് വിളക്കായും സങ്കല്‍പ്പിക്കുന്നു.
ശബരിമലയിലാണെങ്കിലും പതിനെട്ടുപടിയൊക്കെ ചവിട്ടി മുകളിലെത്തിയാല്‍ തത്ത്വമസി-നീ തന്നെയാണ് ഞാന്‍-എന്നല്ലേ എഴുതിവെച്ചിട്ടുള്ളത്? കബീര്‍ പറയുന്നു.
നീ എവിടെയാണെന്നെ തേടുന്നത്
ഞാനരികിലുണ്ടല്ലോ,
പള്ളിയിലോ കഅബയിലോ അമ്പലത്തിലോ ആചാരങ്ങളിലോ പൂണൂല് ഉപനയനങ്ങളിലോ ഒന്നുമല്ല ഞാനുള്ളത്. പിന്നെവിടെയാണ്? ശ്വാസങ്ങളുടെ ശ്വാസമാണ്. എന്റെയുള്ളില്ത്തന്നെയാണ്. ഇതെല്ലാം ഉള്‍ക്കൊണ്ടാണ് ഞാന്‍ ജീവിക്കുന്നത്. ഹിന്ദുസ്ഥാനിയില്‍ ഒരുപാട് കബീര്‍ വേര്‍ഷന്‍സുണ്ട്. എന്റെ കൈയില്‍ വരികള്‍ കിട്ടിയപ്പോള്‍ അടുത്ത നിമിഷം ട്യൂണ്‍ മനസ്സില്‍ വന്നു.
അപരിചിതനല്ലോ ജഗദീശ്വരന്
ഈ ജഗത്തിന് ഈശ്വരന്- നിങ്ങള്‍ക്കപരിചിതന്‍
അലറിവിളിക്കുവതെന്തിന് നിങ്ങള്‍
ബധിരനോ പ്രഭു- പ്രപഞ്ചനാഥന്
കാതോര്ക്കുമെന് പ്രഭു
വെറുമൊരു പുഴുവിന്റെ
ചെറിയൊരു പദചലനത്തിനുപോലും
അപരിചിതനല്ലോ ജഗദീശ്വരന്
ജടവളര്ത്തീടുന്നു സന്ന്യാസികള്‍
താടി നീട്ടുന്നു മൗലവിമാര്‍
പരിണമിച്ചിടുന്നു മുഖച്ഛായകള്‍
ആടുകളെപ്പോല് കേവലമാടുകളെപ്പോല്
ഉടയാടകള്‍ കാവിയില്‍ മുക്കിടുന്നു സന്ന്യാസികള്‍
കുതിര്ത്തീടുന്നില്ല മാനസം സ്നേഹവര്ണ്ണങ്ങളില് -
ഇത് പെട്ടെന്നുതന്നെ ട്യൂണ്‍ ചെയ്തു.
ആസാദിയെന്ന ഗാനം ആവേശത്തിന്റെ പുറത്താണ് ചെയ്തത്. കനയ്യ ജയിലില്‍നിന്നും ജെ.എന്‍.യുവില്‍ തിരിച്ചുവന്നു മുഴക്കുന്ന ആസാദി യൂട്യൂബില്‍ കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു, എന്തൊരു റിഥമിക് ആണിത്. ഇതൊരു ഗാനരൂപമാക്കാമെന്ന് വിചാരിക്കുമ്പോള്ത്തന്നെയാണ് ഷാഹിന വിളിച്ചുചോദിക്കുന്നത് 'നിനക്കിതൊരു ഗാനമാക്കിക്കൂടെ' എന്ന്. അവള് പറഞ്ഞ അന്നുതന്നെ ഞാന്‍ പാടിയ വീഡിയോ അവള്‍ക്കയച്ചു കൊടുത്തു. പെട്ടെന്നത് വലിയ സംഭവമായി മാറി. കൈയില്‍നിന്നും പൈസയെടുത്താണത് ചെയ്തത്. ഷാഹിനയും കുറച്ചു പൈസയെടുത്തു. യൂട്യൂബില്‍ അത് ഹിറ്റായി. എന്റെ വീഡിയോ ആരൊക്കെയോ എടുത്തിട്ട്- ചോദിച്ചിട്ടൊന്നുമല്ല- മാറ്റി വേറെ തരത്തില്‍ വീഡിയോ ഇട്ടിട്ടുണ്ട്. നല്ല ഒരു കാര്യത്തിനുവേണ്ടിയായതിനാല് ഞാന്‍ കോപ്പിറൈറ്റ് പ്രശ്നമൊന്നുമുന്നയിച്ചില്ല. അങ്ങനെയത് ഇന്ത്യയൊട്ടുക്കുമറിയപ്പെടുന്ന ഒരു ഫ്രീഡം സോങ്ങായി മാറി. അതിന്റെ ഇന്സ്പിറേഷന് കനയ്യതന്നെയാണ്. കമല ബാസിന്റെ വായില്‍ നിന്നാണ് ആസാദി മുദ്രാവാക്യങ്ങള്‍ ആദ്യം വന്നത്. നാലഞ്ചു മാസങ്ങള്‍ക്കുമുമ്പ് ശ്രീനാരായണഗുരുവിന്റെ പുതിയ വര്‍ക്ക് ചെയ്തിരുന്നു. അതില്‍ സദാചാരം എന്ന കൃതിയിലെ,
നല്ലതല്ല ഒരുവന് ചെയ്ത
നല്ല കാര്യം മറപ്പത്
നല്ലതല്ലാത്തതുടനെ മറന്നീടുക-അതുത്തമം
നെല്ലിന് നീര് വിട്ടീടില്‍
പുല്ലിനും പോയിടുന്നത്
കല്ലിലത്രെ ജലം
നെല്ലില്‍ ചെല്ലും വഴി തടുക്കുകില്‍...' എന്നത്. എന്നുവെച്ചാല്‍, നെല്ലിനു വെള്ളം കൊടുക്കുമ്പോള്‍ അതിനിടയ്ക്കുള്ള പുല്ലും വളരും. അത് വിചാരിച്ചു നെല്ലിലേക്കുള്ള വെള്ളം നിറുത്തരുത്.
വര്‍ണ്ണവിവേചനം
സംഗീതലോകത്ത് കളര്‍ ഡിസ്ക്രിമിനേഷന്‍ നന്നായിട്ടുണ്ട്. ജാതി വര്‍ക്ക് ചെയ്യുന്നതുതന്നെ ആ വഴിയില്‍ക്കൂടിയാണ്. സിനിമാരംഗത്തുമുണ്ടത്.
എന്നെ കണ്ടുകഴിഞ്ഞാല്‍ ഞാനേതു പാട്ടുപാടണമെന്ന് നിശ്ചയിക്കപ്പെടുന്ന ഒരു ബോധം മലയാളികളുടെയുള്ളിലുണ്ട്. ഞാന്‍ പാട്ട് കമ്പോസ് ചെയ്യുന്നത് ഏതു രീതിയിലാണെന്ന് നോക്കിയാല്‍ എനിക്ക് എല്ലാ പാട്ടും ചെയ്യാന്‍ പറ്റും എന്ന് മനസ്സിലാകും. കമ്പോസിങ് എന്റെ പാഷനാണ്. എനിക്ക് എല്ലാത്തരം ഗാനങ്ങളും പാടാന്‍ പറ്റും. എന്റെ ശബ്ദം നല്ല മെലഡിക്കു പറ്റിയതാണെന്നെനിക്കറിയാം. ഞാന്‍ ഏഴു കൊല്ലം കര്‍ണ്ണാട്ടിക്കും പഠിച്ചിട്ടുണ്ട്. പക്ഷെ സിനിമയിലെനിക്ക് ഫോക്ക് ടച്ചുള്ള പാട്ടേ കിട്ടൂ. ഇവിടത്തെ പുരുഷാധിപത്യവ്യവസ്ഥയില്‍ സ്ത്രീയെക്കുറിച്ച് ചില സങ്കല്പ്പങ്ങളുണ്ട്. സ്ത്രീ എങ്ങനെയായിരിക്കണം, അവളുടെ ശബ്ദമെങ്ങനെയായിരിക്കണം എന്നത് പാട്ടില്‍പ്പോലും പ്രതിഫലിക്കുന്നുണ്ട്. ലോലമായ ശബ്ദമേ സ്ത്രീക്ക് പാടുള്ളൂ എന്നതാണതിലൊന്ന്. പക്ഷെ പല വോയ്സ് കള്‍ച്ചറിലും മെലഡിയുണ്ടാക്കാം. പാടുന്ന സ്ത്രീ കാണാന്‍ ഇങ്ങനെയായിരിക്കണം, അവളുടെ ശബ്ദം ഇങ്ങനെ വേണം എന്നൊക്കെ ബോധ്യങ്ങളുണ്ടിപ്പോ. വിഷ്വല്‍ മീഡിയ ഇത്രയുമില്ലാതിരുന്നതുകൊണ്ടാവും പണ്ടത്തെ ഗായകര്‍ക്ക് ഇത്രയധികം പാട്ടുകള്‍ പാടാന്‍ പറ്റിയിട്ടുണ്ടാവുക. ഒരു ട്രെയിന്‍ യാത്രയില്‍ ഒരു പട്ടാളക്കാരനെ പരിചയപ്പെട്ടു. പാട്ടുകാരിയാണെന്നു പറഞ്ഞപ്പോള്‍ അയാള്‍ പറയുകയാണ്, 'കണ്ടാ തോന്നില്ലാട്ടോ'. ഭാഗ്യംകൊണ്ട് ഞാന്‍ പാടിയ പാട്ടുകള്‍ പോപ്പുലര്‍ ആണ്. വലിയ മെഗാ ഷോകളിലൊന്നും എന്നെ കാണില്ല. ഇവിടത്തെ മിക്ക ഗായികമാരുമായിട്ടും കൊടുക്കല്‍-വാങ്ങല്‍ ഇല്ലാത്ത ഗായികയാണ് ഞാന്‍. ഇതിനൊക്കെ വിളിച്ചാലല്ലേ അതുണ്ടാവൂ. എന്നെ ആ ചിന്തേലേ വരില്ല അവര്‍ക്ക്. ഒറ്റയ്ക്കാണ് ഞാന്‍ എന്റെ പരിപാടികള്‍ നടത്തുന്നത്. എനിക്ക് ജീവിക്കണം. സിനിമയില്‍ ചാന്‍സ് കിട്ടിയില്ലെന്നുവെച്ച് ഞാന്‍ മിണ്ടാതിരിക്കില്ല. ഞാന്‍ വര്‍ക്ക് ചെയ്തോണ്ടിരിക്കും. ഇന്നും ഒരു വീഡിയോ ഇറങ്ങുന്നുണ്ട്. ഇനിയും ഇറങ്ങാനുണ്ട്. എന്റെ വര്‍ക്കുകള്‍ ചെയ്യുന്നുണ്ട്. പ്രൊഡ്യൂസര്‍മാരെ കണ്ടെത്താന്‍ ശ്രമിച്ചോണ്ടിരിക്കും. വേറെ സപ്പോര്‍ട്ട് ഒന്നുമില്ല. നമ്മുടെ ഒരു ഇച്ഛാശക്തികൊണ്ട് പിടിച്ചു നില്‍ക്കുകയാണ്. ഒന്ന് തളര്‍ന്നാല്‍ പോയി. തളരാന്‍ പാടില്ല.
ക്വാസി നസ്റുള്‍ ഇസ്ലാമിന്റെ 'ദാരിദ്ര്യം' എന്ന കവിത ചെയ്തിട്ടുണ്ട്. വളരെ ടച്ചിങ് ആണത്.
ദാരിദ്ര്യമേ മഹാനാക്കി നീയെന്നെ
എനിക്കേകി നീ ശ്രീയേശുവിന് സ്ഥാനം
മുള്ക്കിരീടത്തിന് ശോഭയും
എനിക്കേകി നിര്‍ലോഭം നീ
താപസാ, ധീരമാം ആവിഷ്കാരസാഹസികത്വം
തന്നു നീ തീക്ഷ്ണമാം വചനങ്ങള്‍
ഏകി നീ യുദ്ധത ദിഗംബരദൃഷ്ടി-നിന്
ശാപത്താലെന് അഗ്നിവീണയിന്നൊരു ഖഡ്ഗമായി മാറിപ്പോയി
പാടുന്നു ഞാന്‍ പൂമാല കോര്‍ക്കുന്നു ഞാന്‍.
ഈ കവിത ഞാന്‍ കമ്പോസ് ചെയ്തു. പിന്നെ മാധവിക്കുട്ടിയുടെ കഥകളില്നിന്നുമെടുത്തിട്ടുള്ള റൊമാന്റിക് വരികള്‍ ചേര്‍ത്ത് നാലഞ്ചു പാട്ടുകള്‍ ചെയ്തിട്ടുണ്ട്. ശ്രീദേവി കര്‍ത്താ ആണ് വരികള്‍ മുങ്ങിത്തപ്പിയെടുത്തത്.
അറിയുന്നു പ്രിയനേ നിന് പ്രണയം
ഒഴിഞ്ഞ കടലാസുകൂടെന്ന്
സൗവര്ണ്ണശീല പൊതിഞ്ഞു നീ നീട്ടും
ശുഷ്കമാം സമ്മാനമെന്ന്
ഞാന്‍തന്നെ എഴുതിയ നാലു പാട്ടുകളടക്കം ഒന്‍പതു പാട്ടുകളുടെ ഒരു ആല്‍ബം ഇറക്കിയിട്ടുണ്ട്. അനിതാ തമ്പിയുടെ 'നീലക്കടലില്നിന്നമ്മ കൈക്കുമ്പിളില്‍ കോരിയെടുത്ത നിലാമലരേ...', സച്ചിദാനന്ദന്റെ 'വേഗമുറങ്ങൂ മകളേ, വെയില്ചായുന്നു കൊന്നപ്പൂ പോലെ.' രാഘവന് തിരുമുല്പ്പാടെഴുതിയ 'സൂര്യനുമാഴിയില് മുങ്ങി, ദേവകാര്യത്തിനായിട്ടൊരുങ്ങി...' തുടങ്ങിയ താരാട്ടുപാട്ടുകളും കമ്പോസ് ചെയ്തിട്ടുണ്ട്. വിക്രമാദിത്യന്, നമ്മള്, ചൂണ്ട, ഉടയോന്, തൃശ്ശിവപേരൂര്‍ ക്ലിപ്തം, സോള്‍ട്ട് &പെപ്പര്‍, ഗോഡ് ഫോര്‍ സെയില്‍, കൂട്ട് എന്നീ സിനിമകളില്‍ പാടിയിട്ടുണ്ട്. സോള്‍ട്ട് & പെപ്പര്‍ എന്ന സിനിമയിലെ 'ചമ്പാവ് പുന്നെല്ലിന്‍ ചോറ്' എന്ന ഗാനം വളരെയധികം ജനപ്രീതി നേടി.
Content Highlights: C.S Meenakshi Article About Singer Pushpavathy
Published: 15 Sept 2025, 09:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented