മാതൃഭൂമി ബുക്‌സിനുവേണ്ടി 'പ്രിയപ്പെട്ട 101 ബാലാമണിയമ്മക്കവിതകള്‍' സമാഹരിച്ചുകൊണ്ട് സുലോചന നാലാപ്പാട്ട് എഴുതുന്നു.
എന്റെയീ ഉദ്യമത്തിനു പിന്നില്‍ സ്വന്തം അമ്മയെ സ്നേഹിച്ചുതീരാത്ത ഒരു മകളുടെ മനസ്സാണ്. നൂറ്റിപ്പതിനാലു കൊല്ലം മുമ്പ് ബ്രിട്ടീഷ് മലബാറിലൊരു കുഗ്രാമത്തില്‍ ജനിച്ച്, വിദ്യാലയത്തിന്റെ പടി ചവിട്ടാതെ മഹാകവിയായിത്തീര്‍ന്ന ഒരു ശുദ്ധഗതിക്കാരിയായിരുന്നു ബാലാമണിയമ്മയെന്ന നാലപ്പാട്ടെ ലക്ഷ്മി. പുറംലോകത്തെപ്പറ്റി വലിയ ഗ്രാഹ്യമില്ലാത്തതിനാല്‍, നേരിയ ബ്രൗണ്‍ നിറമുള്ള കണ്ണുകളില്‍ തെല്ലൊരമ്പരപ്പോടെ, കുറെ പുരസ്‌കാരങ്ങള്‍ പല അരങ്ങുകളിലുമെത്തി അവര്‍ വിനയാന്വിതം വാങ്ങി. ചെറുപ്പം മുതല്‍ അപസ്മാരം വരുമായിരുന്ന ആ കുട്ടിക്ക് അടുക്കള നിഷിദ്ധമായിരുന്നു. തനിയെ കുളത്തില്‍ പോയി കുളിക്കാനും അനുവാദമില്ലായിരുന്നു. പക്ഷേ, ആ അന്തരീക്ഷത്തില്‍, ധിഷണാശാലിയായ ഒരു വലിയമ്മാമന്റെയും അദ്ദേഹത്തിന്റെ അമൂല്യപുസ്തകശേഖരത്തിന്റെയും അനുഗ്രഹാശിസ്സുകള്‍ അവളെ തഴുകിനിന്നു; എഴുത്തിന്റെ മാസ്മരികലോകം മുന്നില്‍ കണ്ണെത്തുവോളം തുറന്നുകിടന്നു.
താമസിയാതെ, ഈ പെണ്‍കുട്ടിയുടെ മുന്നോട്ടുള്ള യാത്രയില്‍ കൈപിടിച്ചു നടത്താന്‍ വി.എം. നായര്‍ എന്ന ശക്തനായ ജീവിതപങ്കാളിയും വന്നുചേര്‍ന്നു. എഴുതുന്ന ഒരു പെണ്‍കുട്ടി നാലപ്പാട്ടുണ്ടെന്നു പറഞ്ഞുകേട്ട് ഭ്രമിച്ചു കാണാനെത്തിയതായിരുന്നു ഗുരുവായൂര്‍കാരനായ വടേക്കര മാധവന്‍ നായര്‍. കല്‍ക്കത്തയില്‍ ഒരു മോട്ടോര്‍ കമ്പനിയിലായിരുന്നു ജോലി. അതിനു മുമ്പ് ബോംബെയിലായിരുന്നപ്പോള്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലേഖകനായിരുന്നു ശ്രീ. വി.എം. നായര്‍. ബാലയുടെയും മാധവന്‍ നായരുടെയും വിവാഹത്തിന് വധുവിന്റെ അസുഖമോ സാമ്പത്തികമോ ഒന്നും തടസ്സമായില്ല.
തൃശ്ശൂരുനിന്ന് കല്‍ക്കത്തയ്ക്കു തീവണ്ടി കയറുമ്പോള്‍ താനതുവരെയെഴുതിയ കവിതകളടങ്ങുന്ന നോട്ടുപുസ്തകമെടുക്കാന്‍ ബാല മറന്നില്ല. എഴുതിയ വര്‍ഷം നോക്കിയാല്‍ എട്ടു കവിതകളെങ്കിലും ആ പുസ്തകത്തിലുണ്ടായിരുന്നിരിക്കണം. വധു എത്തുമ്പോഴേക്ക് സ്നേഹധനനായ ഭര്‍ത്താവ് കല്‍ക്കത്തയിലെ പുതിയ ഒരു വാടകവീട്ടില്‍ എഴുത്തുകാരിയായ ഭാര്യയ്ക്ക് സ്വസ്ഥമായിരുന്നെഴുതാന്‍ പ്രത്യേകമൊരു മുറി ഒരുക്കിയിരുന്നു. മാത്രമല്ല, പൊതുവേ സ്ത്രീകള്‍ക്കായി ഉഴിഞ്ഞുവെക്കപ്പെടുന്ന പാചകം, ഗൃഹഭരണം, കുട്ടികളെ നോക്കല്‍ എന്നീ കൃത്യങ്ങളില്‍ സഹായിക്കാന്‍ ഭൃത്യരും ഉണ്ടായിരുന്നു. അച്ഛന്‍ അമ്മയെ കുട്ടിയെന്നു വിളിച്ചു, അതുപോലെ നോക്കുകയും ചെയ്തു.
ബാലാമണിയമ്മ താമസിയാതെ നാടറിയുന്ന കവിയായി, മാതൃത്വക്കവിയെന്ന പട്ടം നേടി. അവരുടെ കവിതകള്‍ വേദികളില്‍ ആലപിക്കപ്പെടുകയും, പാഠപുസ്തകങ്ങളില്‍ ചേര്‍ക്കപ്പെടുകയുമൊക്കെ മുറപോലെ നടന്നു. എന്നാലിന്നും മിക്കവാറുമവ ഞാന്‍ സ്‌കൂളില്‍ പഠിച്ചവതന്നെയാണെന്നു കാണുന്നു (എനിക്കിപ്പോള്‍ വയസ്സ് എണ്‍പത്തിരണ്ട്). മാതൃത്വത്തിന്റെ നിലപാടുതറയില്‍ ചവിട്ടി അമ്മ കയറിയ പടവുകളോ സഞ്ചരിച്ച പാതകളോ ആരും കണ്ടില്ലെന്നുവരുമോ? ഇക്കാര്യത്തില്‍ ഈ മകള്‍ക്കിത്തിരി കുണ്ഠിതമുണ്ട്. ഈ കുണ്ഠിതം എന്നെ നൂറ്റിപ്പതിനാലു കൊല്ലം പുറകോട്ടു വലിക്കുന്നു- അമ്മയുടെ ഷഷ്ടിപൂര്‍ത്ത്യുപഹാരത്തിലുള്ള വിലപ്പെട്ട കത്തുകളാണവ.

''ഒരുപക്ഷേ നമ്മുടെ ഗ്രഹണശക്തിക്കും രുചിക്കും പ്രതീക്ഷയ്ക്കും അപ്പുറത്തേക്കു വളര്‍ന്നുകഴിഞ്ഞ കവിയാണ് ഇന്നു ബാലാമണിയമ്മ. നമ്മളും വളരെ ശ്രദ്ധയോടെ വളരാന്‍ ശ്രമിക്കുമെങ്കില്‍ മാത്രമേ നമുക്കവരെ മനസ്സിലാവൂ. കടലെത്ര വലുതായാലും എന്റെ കുടന്നയില്‍ കൊള്ളുന്നതേ എനിക്കു കോരിയെടുക്കാന്‍ കഴിയൂ എന്നര്‍ത്ഥം. അഗസ്ത്യന്മാര്‍ക്കിന്നും ബാലാമണിയമ്മയുടെ കവിത ആചമിക്കാന്‍ കഴിയും. അതായത്, ബാലാമണിയമ്മ എന്ന കവി എന്നും ഒരു കുഞ്ഞിനു മുലകൊടുത്തുകൊണ്ടിരിക്കണമെന്ന വാശി വിട്ടുകളയുക. എന്നിട്ട് മെല്ലെ അവരുടെ കൃതികളിലുണ്ടായ പരിണാമത്തെ അനുസന്ധാനം ചെയ്യുക. അല്ലെങ്കില്‍, ഇന്നും അവരൊരമ്മതന്നെ; മുലകുടിക്കുന്നത് അണ്ഡകടാഹം മുഴുവനുമാണെന്നുമാത്രം.''
(മഹോജ്ജ്വലമായ ആത്മാലാപം- അക്കിത്തം)
''ആത്മോദ്ഗാനങ്ങള്‍ എന്നു വിളിക്കാവുന്ന നുറുകണക്കിലുള്ള ആ ഭാവഗാനങ്ങളിലാണ് ബാലാമണിയമ്മയുടെ തത്വസങ്കല്‍പ്പങ്ങളും നാം തിരയേണ്ടത്. ഉണ്ണിക്കിടാങ്ങളോടുള്ള വാത്സല്യത്തില്‍നിന്ന് വ്യക്തിയും പ്രപഞ്ചവും തമ്മിലുള്ള ഉദാരബന്ധങ്ങളിലേക്കും, കാലകൃത്തുക്കളായ ജനിമൃതികളിലേക്കും, ജനിമൃതികാരകങ്ങളായ കര്‍മ്മബന്ധങ്ങളിലേക്കും ആര്‍ഷമായ കവിചിന്ത പടര്‍ന്നുകയറുന്നത് ദര്‍ശനീയംതന്നെ.''
(മൃത്യുസങ്കല്‍പ്പം- വിഷ്ണുനാരായണന്‍ നമ്പൂതിരി)
''ചില കവികളുടെമേല്‍ ചില മുദ്രകള്‍ വന്നുവീഴാറുണ്ട്. ശ്രീ. കുഞ്ഞിരാമന്‍ നായരെ ഭക്തകവിയെന്നും, ബാലാമണിയമ്മയെ മാതൃത്വത്തിന്റെ കവിയെന്നും വിശേഷിപ്പിച്ചപ്പോള്‍ സഹൃദയലോകം തികഞ്ഞ ആരാധനാഭാവത്തോടെയാണ് ആ മുദ്രകള്‍ അവര്‍ക്കു ചാര്‍ത്തിക്കൊടുത്തത്. കവികളുടെ സര്‍ഗ്ഗപ്രതിഭയുടെ സമഗ്രാവലോകനത്തിന് ഈ മുദ്രകള്‍ പ്രതിബന്ധമായിത്തീരുമെന്ന് അവരാരും അന്നു കരുതിയില്ല. ഭക്തശിരോമണികളുടെ സങ്കീര്‍ത്തനങ്ങള്‍ക്കിടയില്‍ ശ്രീ. കുഞ്ഞിരാമന്‍ നായരെ പിടിച്ചിരുത്തിയാല്‍ ആ കാവ്യപ്രതിഭയ്ക്ക് ശ്വാസംമുട്ടും. താരാട്ടുപാട്ടെഴുത്തുകാരുടെ സംഘവുമായി ബാലാമണിയമ്മയ്ക്ക് കുടുംബബന്ധംപോലും കല്‍പ്പിച്ചുകൂടാ. ഈശ്വരനെയും ജന്മഭൂമിയെയും അമ്മയുടെ രൂപത്തില്‍ സങ്കല്‍പ്പിച്ചാരാധിക്കുന്ന ഭാരതീയരുടെ ആസ്തിക്യബോധത്തില്‍നിന്ന് ഉയിര്‍ക്കൊണ്ടതാണ് ബാലാമണിയമ്മയുടെ കാവ്യദര്‍ശനം.''
(ഭാരതീയത- തായാട്ട് ശങ്കരന്‍)
ഇതെഴുതിയ മഹാരഥന്മാരാരും ഇന്നില്ല. എന്റെ ഇളയ മകള്‍ അമ്മു, വര്‍ഷങ്ങള്‍ക്കു മുമ്പ് അമ്മമ്മയുമായുണ്ടായ ഒരു സംഭാഷണം എനിക്കീയിടെ പറഞ്ഞുതരികയുണ്ടായി. സന്ദര്‍ഭം വിജയദശമിദിവസത്തെ പുജയെടുപ്പാണ്. പൂജാവിധികള്‍ നിര്‍ദ്ദേശിക്കുന്നത് അമ്മമ്മ, ഭക്തിപുരസ്സരം അനുവര്‍ത്തിക്കുന്നത് കൊച്ചുമോള്‍.
''ഇനി പൂവെടുത്ത് വെള്ളത്തില്‍ മുക്കി സരസ്വതിയെ മുന്നു പ്രാവശ്യം തളിക്കണം അല്ലേ, അമ്മമ്മേ...'' ചോദ്യം.
''കുട്ടിക്കങ്ങനെ തോന്നണുണ്ടെങ്കി അതാവാം. നല്ലോണം പ്രാര്‍ത്ഥിച്ചോളോട്ടോ...'' ഉത്തരം.
''പൂജ മൂന്നു തലങ്ങളില്‍ ചെയ്യേണ്ടതാണ്- ശാരീരികം, മാനസികം, ബൗദ്ധികം...'' പാഠം ബാലാമണിയമ്മയുടെ കവിതകള്‍ നാനൂറിലേറെയെണ്ണം കാണും. കൂടാതെ പലതും പഴയ നോട്ടുപുസ്തകങ്ങളിലും ഡയറികളിലും സമാഹാരങ്ങളിലുമൊക്കെയായി ചിതറിക്കിടക്കുന്നു. ഒറ്റശ്ലോകങ്ങളും ഇതുപോലെത്തന്നെയാണ്. ഒരെണ്ണത്തിലൊഴികെ എഴുതിയ കൊല്ലമോ തലക്കെട്ടോ ഇല്ല.

ഈ കവിയുടെ ജീവിതത്തിലെ 1928 മുതല്‍ പത്തൊന്‍പതു കൊല്ലം അവര്‍ കല്‍ക്കത്തയിലായിരുന്നു. രണ്ടാം ലോകമഹായുദ്ധം, ക്ഷാമകാലം, യുദ്ധവിമാനങ്ങളുടെ സൈറണ്‍, ബംഗാള്‍ വിഭജനമെന്ന കൂട്ടക്കുരുതിയിലവസാനിക്കാന്‍ വിസമ്മതിച്ച ആത്മാക്കളുടെ കൂടുവിട്ടു കൂടുമാറ്റക്കാലം- അങ്ങനെയെന്തെല്ലാം ഇവര്‍ കണ്ടു. അമ്മ ടൈഫോയിഡ് പിടിച്ചും അച്ഛന്‍ വയറ്റിലെ അള്‍സറില്‍നിന്നു ചോരവാര്‍ന്നും ലേക്ക് അവന്യൂവിലെ വീട്ടില്‍ രണ്ടു മുറികളിലായി കിടക്കുകയുണ്ടായി. ആ ദുരിതകാലത്ത് അമ്മ ഏറെ ഉന്നതങ്ങളില്‍നിന്നുള്ള ചില കവിതകളെഴുതി. 1946-ല്‍ 'രണ്ടു കുട്ടികള്‍.' പിന്നെ 'വീടുകള്‍.' 'രണ്ടു കുട്ടികള്‍' രണ്ടു സമുദായങ്ങള്‍തന്നെ. 'വീടുകള്‍' (1947) ആയുസ്സു തീരാതെ ലഹളയില്‍ കൊല്ലപ്പെട്ടവരുടെ ആത്മാക്കളുടെ ഗതിയാണ്. സാധാരണ മരണങ്ങളിലെന്നപോലെ രണ്ടു ജീവിതങ്ങള്‍ക്കിടയില്‍ കാര്യമായ വിശ്രമ-പഠനവേള ഇവര്‍ക്ക് പറഞ്ഞിട്ടില്ല. മരണത്തിനുശേഷം അടുത്ത ശരീരത്തിലേക്ക് പെട്ടെന്നു കയറണം. വീടുകള്‍ ഈ ആത്മാക്കള്‍ കയറിപ്പറ്റേണ്ട ദേഹങ്ങള്‍തന്നെ. ആത്മാക്കള്‍ ആകാശത്തില്‍ നിലയുറപ്പിച്ച് താഴോട്ടു നോക്കി അദ്ഭുതംകൂറുന്നു:
എങ്ങിനെയുലകാകെ ഗ്രസിക്കാന്‍ വളര്‍ന്നോരു
ഞങ്ങളെയൊതുക്കുമീ കൊച്ചുവീടുകളാവോ.
മുത്തുച്ചിപ്പികള്‍
ഒറ്റശ്ലോകങ്ങള്‍ കാച്ചിക്കുറുക്കിയവയാണ്. കാതല്‍ മാത്രമേ ഉണ്ടാകൂ എന്നതിനാല്‍ത്തന്നെ അവ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ഞാനിവയെ മുത്തുച്ചിപ്പികള്‍ എന്നു വിളിക്കുന്നു. എന്തെന്നാല്‍ അവ കനം കൂടിയവയാണ്, സ്വയം പ്രകാശകങ്ങളാണ്, ബാലാമണിയമ്മയുടെ എഴുത്തെന്ന പാരാവാരത്തിന്റെ ശാന്തമായ അടിത്തട്ടു പറ്റിക്കിടക്കുന്നവയാണ്, മിഠായിപോലെ രുചിച്ചു സ്വാംശീകരിക്കേണ്ടവയാണ്. ആ അമ്മയുടെ യാത്രയില്‍ തളരുമ്പോളെല്ലാം ചെറ്റിരുന്ന് വിയര്‍പ്പാറ്റിയ നാഴികക്കല്ലുകളാണിവ. ഇവയെ നമുക്കുള്ള പൈതൃകമായി ഇവിടെയിട്ട് ആ സ്നേഹമയി 'നീലപ്പച്ചക്കളിമറയുടെ പിന്‍ഭാഗമെമ്മട്ടിരിക്കും' എന്നന്വേഷിച്ചു പോയി. ഇവ മക്കളെക്കാത്ത് ഇവിടെത്തന്നെ കിടപ്പുണ്ട്. അവയില്‍ അല്‍പ്പമിരുന്ന് ക്ഷീണം തിര്‍ത്ത് യാത്ര തുടരുന്നതും നന്മയേ ചെയ്യൂ.
ഡോക്ടര്‍ ലീലാവതി എനിക്കാരാണെന്നു പറയാന്‍ പ്രയാസമാണ്. പക്ഷേ, അമ്മ സ്വന്തം വാസനച്ചെപ്പുംകൊണ്ട് സ്ഥലംവിട്ടപ്പോള്‍ ആ ശൂന്യതയിലേക്ക് അവര്‍ കാലെടുത്തുവെച്ചെന്നും എനിക്കു തോന്നി. ശരീരപ്രകൃതിയില്‍ മാത്രമല്ല, മനോബുദ്ധികളുടെ സ്വഭാവത്തിലുമുണ്ട് സാമ്യം. എന്റെ
സ്നേഹാദരങ്ങളര്‍പ്പിക്കുന്നു.
അമ്മ പോയശേഷം അധികംതാമസിയാതെ ഞാന്‍ അമ്മയുടെ കവിതകളുടെ സമ്പൂര്‍ണ്ണസമാഹാരം ക്രോഡീകരിച്ചത് മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആ ഉദ്യമത്തിലും ഡോക്ടര്‍ ലീലാവതിയുടെ വിലപ്പെട്ട ഉപദേശങ്ങളും പിന്തുണയും എനിക്കു ലഭിച്ചിട്ടുണ്ട്. ആ ബൃഹദ്സമാഹാരത്തിലെ ചില അപാകങ്ങള്‍ തിരുത്തി, നൂറ്റിയൊന്ന് പ്രിയപ്പെട്ട ബാലാമണിയമ്മക്കവിതകളാക്കി പ്രസിദ്ധീകരിക്കയാണ് ഇവിടെ; കൂട്ടത്തില്‍ ആസ്വാദകനെ ഇരുത്തിച്ചിന്തിപ്പിക്കുന്ന ഇരുപത്തിരണ്ട് ഒറ്റശ്ലോകങ്ങളുമുണ്ട്. ഇവയില്‍ നാലപ്പാട്ട് നാരായണമേനോന്റെ നിഴല്‍ ചായുന്നു. ഇതാണ് വാസ്തവത്തില്‍ ബാലാമണിയമ്മയുടെ ചിത്തത്തിന്റെ ഭൂമിക- ശുദ്ധം, ശാന്തം.
എന്റെയീ ശ്രമത്തിന് പ്രോത്സാഹനം നല്‍കിയത് പ്രൊഫസര്‍ രതി മേനോനാണ്. രതിയെന്ന അനിയത്തിയോടും ഏറെയുണ്ട് നന്ദി. ഈ പുസ്തകം കാലതാമസംകൂടാതെ അച്ചടിച്ചുതന്ന മാതൃഭൂമിയോടും കടപ്പാടറിയിച്ചുകൊള്ളട്ടെ.
Content Highlights: priyappetta 101 balamaniyammakkavithakal edited by sulochana nalapat mathrubhumi books
Published: 26 Jun 2024, 04:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented