പാപ്പായുടെ സ്വിസ് അംഗരക്ഷകരില്‍ ഒരാള്‍ മണിക്കൂറുകളായി മാര്‍ത്തായുടെ ഭവനത്തിന്റെ രണ്ടാം നിലയിലെ ഇടനാഴിയില്‍ എലിവേറ്ററില്‍ നിന്നും അകലെയല്ലാത്ത ഒരു ചെറിയ അപ്പാര്‍ട്‌മെന്റിനുമുന്നില്‍ നിശ്ചലനായി നില്‍ക്കുന്നുണ്ടായിരുന്നു. പശ്ചാത്തലത്തില്‍ ഒരു ഫാനിന്റെ മുരളല്‍ കേള്‍ക്കാമായിരുന്നു. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനായി വളരെ പതിഞ്ഞ ഒച്ചയിലാണ് എല്ലാവരും സംസാരിച്ചിരുന്നത്. ഇടനാഴിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നവര്‍ പാപ്പായുടെ പാര്‍പ്പിടത്തിന് മുന്നിലെത്തുന്നേരം ഒട്ടും ഒച്ച കേള്‍പ്പിക്കാതെ നടക്കാന്‍ ശ്രമിച്ചു. ഏകദേശം ഇരുപത് വയസ്സ് പ്രായവും ആറടിയിലും നീണ്ട് പൊക്കവുമുള്ള യുവാവായ സ്വിസ് അംഗരക്ഷകന്‍ വരുകയും പോവുകയും ചെയ്യുന്ന സന്ദര്‍ശകരെ നിരീക്ഷിക്കുന്നുണ്ട്. ഇടയ്ക്ക് ചിലരെ സല്യൂട്ട് ചെയ്യുന്നു, ചിലപ്പോള്‍ കേള്‍ക്കുന്ന നര്‍മ്മത്തോട് പ്രതികരിച്ച് മന്ദഹസിക്കുന്നു. നവോത്ഥാനകാലത്തെ ഓര്‍മ്മിപ്പിക്കുന്ന അയാളുടെ ഔദ്യോഗിക വേഷം വിശ്രുത ചിത്രകാരനായ റാഫേലിന്റെ ഏതോ പെയിന്റിംഗില്‍ നിന്നും ഇറങ്ങിവന്നപോലുണ്ട്. മൈക്കിളാഞ്ചലോ രൂപപ്പെടുത്തിയതാണ് ആ വേഷമെന്ന് ഒരു പഴങ്കഥ അനേകം പതിറ്റാണ്ടുകളായി പ്രചാരത്തിലുണ്ട്. ജൂള്‍സ് റെസ്‌പോണ്ട് എന്ന ഒരു സൈന്യാധിപന്‍ 1900-ന്റെ ആദ്യ വര്‍ഷങ്ങളില്‍ റാഫേലിന്റെ ചുവര്‍ച്ചിത്രങ്ങളില്‍ നിന്നും പ്രചോദിതനായി രൂപകല്പന ചെയ്തതാണ് ആ യൂണിഫോം എന്നതാണ് വസ്തുത. 
 
''തനിക്കിപ്പോഴും ജീവനുണ്ടോ?''

To advertise here,

ഫ്രാന്‍സിസ് പാപ്പാ ഇടനാഴിയിലേക്ക് ഇറങ്ങി വന്നു. നിരവധി ഭാഷകളിലെ പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും സന്ദര്‍ശകര്‍ക്ക് സമ്മാനിക്കാനായി സൂക്ഷിച്ചിരുന്ന മുറിയിലേക്ക് പോവുകയായിരുന്നു പാപ്പാ. യൂറോപ്പിനെ സംബന്ധിക്കുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുസ്തകം തേടി വന്നാതായിരുന്നു പാപ്പാ. അദ്ദേഹത്തെ അന്ന് സന്ദര്‍ശിക്കാനെത്തുന്ന ഒരാള്‍ക്ക് അത് സമ്മാനമായി നല്‍കാനാണ് ഉദ്ദേശ്യം. ആ യുവ അംഗരക്ഷകനെ അന്ന് ആറാമത്തെ തവണയാണ് എണ്‍പത്തിയേഴുകാരനായ പാപ്പാ തന്റെ മുറിക്ക് മുന്നില്‍ സന്ധിക്കുന്നത്. തണുപ്പ് മുറ്റിയ ആ ശീതകാല സായാഹ്നത്തില്‍ അപ്പോള്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നേകാല്‍ ആയിരുന്നു. പാപ്പായുടെ നര്‍മ്മം കലര്‍ന്ന ആ അപ്രതീക്ഷിതമായ ചോദ്യം കേട്ട് യുവാവ് തെല്ലൊന്ന് പകച്ചെങ്കിലും അയാളുടെ ചുണ്ടില്‍ അതൊരു പുഞ്ചിരി വിടര്‍ത്തി.

''ഉവ്വ്, അഭിവന്ദ്യ പിതാവേ, തീര്‍ച്ചയായും ഞാന്‍ ജീവനോടെയുണ്ട്,'' യുവാവ് പ്രതികരിച്ചു. പോപ്പിന്റെ സാന്നിധ്യം സദാ ഉണര്‍ത്തുന്ന നിശ്ശബ്ദതയെ ഉലച്ചുകൊണ്ട് സ്വിസ് ഗാര്‍ഡ് ആദരവോടെ സല്യൂട്ട് ചെയ്തു.

''നീ ഇന്ന് ഭക്ഷണം കഴിച്ചോ?'' പാപ്പാ ചോദിച്ചു.

യൂണിഫോമിന്റെ ഭാഗമായി പരമ്പരാഗത കുന്തവും ഏന്തി നിന്ന ആ യുവാവ് വീണ്ടും മന്ദഹസിച്ചു. ഒപ്പം നന്ദി സൂചകമായി തലയിളക്കുകയും ചെയ്തു.
പുസ്തകപ്പുരയിലേക്ക് കടക്കുന്നതിന് മുമ്പായി പാപ്പാ ഒരു ചെറിയ കുറിപ്പ് ഉറങ്ങുന്ന യൗസേപ്പിതാവിന്റെ ശില്പത്തിനടിയില്‍ തിരുകിവച്ചു. അന്നെത്തിയ തപാലില്‍ തനിക്കായി വന്ന കത്തുകളും കടലാസുകളും പരിശോധിച്ചു, പുറത്തേക്കുള്ള തപാല്‍പെട്ടിയില്‍ ചിലതെല്ലാം നിക്ഷേപിക്കുകയും ചെയ്തു. ബ്രസീലില്‍ നിന്നും സന്ദര്‍ശകരായെത്തിയ ബിഷപ്പുമാര്‍ സമ്മാനമായി കൊണ്ടുവന്ന ചോക്ലേറ്റ് പെട്ടിയില്‍ നിന്നും കുറച്ച് കൈയിലെടുത്തു. ആമസോണ്‍കാരുടെ പ്രിയ സമ്മാനമാണിതെന്ന് ബിഷപ്പുമാര്‍ പറഞ്ഞിരുന്നത് ഓര്‍ത്തു. സന്ദര്‍ശകമുറിയില്‍ കാത്തിരിക്കുന്നവരുമായി ചോക്ലേറ്റുകള്‍ പങ്കിടണം. താഴത്തെ നിലയില്‍ വൈദികരും സാധാരണ വിശ്വാസികളും ശബ്ദമുണ്ടാക്കാതെ വരുകയും പോവുകയും ചെയ്യുന്നുണ്ട്. കറുപ്പ് സ്യൂട്ടുകള്‍ അണിഞ്ഞ സ്വിസ്സ് ഗാര്‍ഡുകളും വത്തിക്കാന്റെ കുന്തമേന്തിയ അംഗരക്ഷകരും സകലവും നിരീക്ഷിച്ച് എല്ലാം ഭദ്രമെന്ന് ഉറപ്പിക്കുന്നു. പാപ്പാ സന്ദര്‍ശകരെ സ്വീകരിക്കുന്ന മുറിയിലേക്ക് ചിലരെ സ്വിസ്സ് ഗാര്‍ഡുകള്‍ അനുധാവനം ചെയ്യുന്നു.

''ദയവായി ഇവിടെ കാത്തുനില്‍ക്കൂ.''ജര്‍മ്മന്‍ ചായ്‌വുള്ള ഉച്ചാരണത്തോടെ ഗാര്‍ഡ് സന്ദര്‍ശകരോട് ഉറപ്പിച്ച് പറയുന്നു.

അന്നേരം രണ്ടാം നിലയിലെ ഗ്രന്ഥശാലയിലേക്ക് പാപ്പാ കടന്ന് ചെല്ലുന്നു. പഴയ മഞ്ഞച്ച പുസ്തകങ്ങളുടെയും പുതുപുസ്തകങ്ങളുടെയും സമ്മിശ്രഗന്ധം അവിടെ തങ്ങിനില്‍ക്കുന്നുണ്ട്. നേരെ നടന്നുചെന്ന് തന്റെ പ്രഭാഷണങ്ങള്‍ സമാഹരിച്ച പുസ്തകങ്ങളുടെ കുറച്ച് കോപ്പികള്‍ പാപ്പ എടുത്തു.
''അഭിവന്ദ്യ പിതാവേ താങ്കളുടെ സന്ദര്‍ശകര്‍ എത്തിയിട്ടുണ്ട്.'' പരിചാരകന്‍ പാപ്പയോട് മൊഴിയുന്നു.

''നന്ദി സന്തോഷം''എന്ന് പറഞ്ഞുകൊണ്ട് പാപ്പ ബാഗുമായി സന്ദര്‍ശകരെ സ്വീകരിക്കുന്ന മുറിയിലേക്ക് നടന്നു. ബാഗില്‍ പുസ്തകങ്ങളും ജപമാലകളും ബ്രസീലിയന്‍ ചോക്ലേറ്റുകളും ഉണ്ടായിരുന്നു.

എലിവേറ്റര്‍ ഉപയോഗപ്പെടുത്തി അദ്ദേഹം അല്പനേരത്തിനുള്ളില്‍ സന്ദര്‍ശക ഹാളിലെത്തുന്നു. പാപ്പായുടെ പാര്‍പ്പിടത്തിന്റെ മുന്നിലുണ്ടായിരുന്ന സ്വിസ് ഗാര്‍ഡ് താഴത്തെ നിലയിലുള്ള തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഒരു ഗുപ്ത സന്ദേശം കൈമാറി. അവരുടെ നിയന്ത്രണത്തിലുള്ള കെട്ടിടത്തിന്റെ ഭാഗത്തേക്ക് പാപ്പാ വരുന്നുവെന്നതായിരുന്നു ആ സന്ദേശത്തിന്റെ ചുരുക്കം. വഴിയില്‍ സെല്‍ഫി ചിത്രങ്ങളെടുക്കാന്‍ ചിലര്‍ക്കൊപ്പം അദ്ദേഹം പോസുചെയ്തു. പിന്നെ വാതിലില്‍ മുട്ടി അകത്തുകടന്ന് വിടര്‍ന്ന പുഞ്ചിരിയോടെ സന്ദര്‍ശകമുറിയിലേക്ക് കടന്നുചെന്നു. അവിടെ അതിഥി അദ്ദേഹത്തിനായി കാത്തിരിക്കുന്നുണ്ടായിരുന്നു. കുരുക്കഴിക്കുന്ന മാതാവിന്റെ വലിയൊരു ചിത്രം അവിടെ ചുവരില്‍ ഞാത്തിയിരുന്നു.

''സുഖമായിരിക്കുന്നോ? വേണമെങ്കില്‍ താങ്കളുടെ പുറംകുപ്പായം മാറ്റിക്കൊള്ളൂ. ഔപചാരികതകളൊന്നും പാലിക്കേണ്ടതില്ല''. തന്റെ അതിഥിയുടെ മാനസിക പിരിമുറുക്കം അയയുവാനായി പാപ്പാ പറഞ്ഞു. അടുത്തുകിടന്ന ചാരുകസേരയില്‍ ഇരിക്കാന്‍ അദ്ദേഹം അതിഥിയെ ക്ഷണിച്ചു. നര്‍മ്മം കലര്‍ത്തിയുള്ള സംസാരവും അല്പനേരത്തെ കുഞ്ഞുപ്രാര്‍ഥനയും യുദ്ധം മുതല്‍ കായികരംഗം വരെ തൊട്ടുപോകുന്ന കൊച്ചുവര്‍ത്തമാനവും കൂടിയാകുമ്പോള്‍ അതിഥി സന്തുഷ്ടനും ആഹ്ലാദവാനും ആകുന്നു. സംഭാഷണം മെല്ലെ ഗൗരവമുള്ള വിഷയങ്ങളിലേക്ക് നീങ്ങുന്നു. മതാന്തര സംവാദങ്ങള്‍, ഭാവിലോകത്ത് കത്തോലിക്കാസഭയുടെ പങ്ക്, മാറിക്കൊണ്ടിരിക്കുന്ന ലോകം അങ്ങനെയങ്ങനെ അത് മുന്നോട്ട് പോകുന്നു. ആ മുറിക്കുള്ളില്‍ കത്തോലിക്കാ ലോകത്തിന്റെ അധ്യാത്മിക നേതാവിന്റെ മഹിമപ്രതാപങ്ങള്‍ ലളിതമായ മാനവികതയ്ക്ക് കീഴ്‌പ്പെടുന്നു. ഒരു സാധാരണ വിശ്വാസിയെ കേള്‍ക്കുന്ന വൈദികനായി പാപ്പാ മാറുന്നു.

''പാപ്പായെക്കുറിച്ച് ഒരാള്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് അറിയാമോ?'' കുറച്ചുനേരത്തെ സ്‌നേഹസംഭാഷണങ്ങളുടെ തുടര്‍ച്ചയായി അതിഥി പറയുന്നു ''പാപ്പായും സാധാരണ ജനങ്ങളുമായുള്ള അകലത്തെ ഇല്ലായ്മ ചെയ്തുകൊണ്ട് അഭിവന്ദ്യ പിതാവ് പപ്പാസ്ഥാനത്തെ നശിപ്പിക്കുകയാണെന്ന്.''
അത് കേട്ട് ഫ്രാന്‍സിസ് പാപ്പാ മന്ദഹസിക്കുന്നു. അല്പനേരത്തേക്ക് ഒന്നും പറയുന്നില്ല. പിന്നെ മുഖമുയര്‍ത്തി അതിഥിയുടെ മിഴികളെ നേരിടുന്നു.

അതേ, അന്ന് കുറച്ചുനേരത്തേക്ക് ഞാന്‍ ഒന്നും മിണ്ടാതെ നിന്നിരുന്നു. എന്നെക്കുറിച്ച് പറയുന്നതും എഴുതുന്നതുമെല്ലം ഞാന്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നാല്‍ മറ്റൊന്നും ചെയ്യാന്‍ എനിക്ക് സമയം കിട്ടാതെയാകുമല്ലോ എന്നായിരുന്നു ഞാനപ്പോള്‍ ഓര്‍ത്തിരുന്നത്. മാത്രവുമല്ല, ആഴ്ചതോറും മനഃശാസ്ത്രജ്ഞനെ കാണേണ്ടകാര്യവും അതോടെ ഉണ്ടാകുമായിരുന്നു. എങ്കിലും എന്റെ അതിഥി പരാമര്‍ശിച്ച കാര്യം ഞാന്‍ എവിടെയോ വായിച്ചിരുന്നു എന്നതാണ് യാഥാര്‍ഥ്യം. ''ഫ്രാന്‍സിസ് പാപ്പാസ്ഥാനത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.'' ഞാനെന്ത് മറുപടി നല്‍കാനാണ്? ഒരു വൈദികനാകാനായിരുന്നു എനിക്കുള്ള ദൈവവിളി. സകലത്തിനും ഉപരിയായി ഞാന്‍ ഒരു വൈദികന്‍ തന്നെ. തന്റെ ജനങ്ങളുടെ ഇടയനാകാനാണ് വൈദികന്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ഇടയന്‍ ആടുകളോടൊപ്പം ആയിരിക്കണം. ജനങ്ങളോട് സംസാരിച്ചും, സംവാദങ്ങളില്‍ ഏര്‍പ്പെട്ടും, അവരെ കേട്ടും, പിന്തുണച്ചും അവരെ കാത്തും പരിപാലിച്ചും അവര്‍ക്കൊപ്പം കഴിയുന്ന അജപാലകന്‍.

ഇടയില്‍ അകലം സൃഷ്ടിക്കുകയെന്നത് ഇന്ന് ഒരുരംഗത്തും ശരിയല്ലാതായിരിക്കുന്നു. ജനങ്ങളില്‍ നിന്നും അകന്നുനിന്ന ഒരാളായിരുന്നില്ല യേശു. ജനങ്ങള്‍ക്കൊപ്പം അവരില്‍ ഒരാളായി സഞ്ചരിക്കുകയായിരുന്നു യേശു. യൂറോപ്പില്‍ പരമാധികാര രാജഭരണം നിലവിലുള്ള അവസാനത്തെ രാഷ്ട്രമാണ് വത്തിക്കാന്‍ എന്നത് ശരി തന്നെ. രാജസദസ്സിലെന്നവണ്ണമുള്ള വാദപ്രതിവാദങ്ങളും രഹസ്യാലോചനകളും മിക്കപ്പോഴും ഇവിടെയും കാണപ്പെടുന്നുണ്ടാകാം. പക്ഷേ, ആ വിധമുള്ള സൂത്രങ്ങളെ പരാജയപ്പെടുത്തുകയും എക്കാലത്തേക്കുമായി ഉപേക്ഷിക്കുകയുമാണ് വേണ്ടത്.

ഭാഗ്യവശാല്‍ ഈ ദിശയിലുള്ള പരിഷ്‌കരണങ്ങള്‍ക്കായുള്ള ആവശ്യം 2013-ലെ കര്‍ദിനാളന്മാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരില്‍ നിന്നും ഉണ്ടാവുകയും ചെയ്തു. നിര്‍മ്മാര്‍ജനം ചെയ്യാന്‍ ക്ലേശകരമെന്ന് തെളിഞ്ഞ ഈ സമീപനങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള അഭിലാഷം സമ്മേളനത്തില്‍ വളരെ ശക്തമായിരുന്നു. മാര്‍പ്പാപ്പാമാര്‍ രാജാക്കന്മാരെപ്പോലെ ഭരണം നിര്‍വഹിച്ചിരുന്ന പഴയകാലത്തേതുപോലെ ഇന്നും സകലവും തുടരണമെന്ന് കരുതുന്ന ഒരു കൂട്ടമാളുകള്‍ ഇപ്പോഴുമുണ്ട്. അവരാണ് പരിഷ്‌കരണങ്ങള്‍ക്ക് തടയിടണമെന്ന ആഗ്രഹവുമായി മുന്നില്‍ നില്‍ക്കുന്നതെന്നത് ഞാന്‍ പറയേണ്ടതില്ലല്ലോ. തല്‍സ്ഥിതി നിലനിര്‍ത്തുന്ന തൊലിപ്പുറമേയുള്ള പരിഷ്‌കരണങ്ങളാണ് ഇക്കൂട്ടര്‍ കിനാവ് കാണുന്നത്. അത് തീര്‍ച്ചയായും സഭയ്ക്ക് ഗുണകരമാവില്ല. കോണ്‍ക്ലേവിന്റെ കാര്യത്തില്‍ ചില അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ മാര്‍പ്പാപ്പായുടെ തിരഞ്ഞെടുപ്പില്‍ സന്യാസിനികള്‍ക്കും അല്‍മായര്‍ക്കും വോട്ടവകാശം നല്‍കിക്കൊണ്ട് കോണ്‍ക്ലേവിന്റെ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ എനിക്ക് ഉദ്ദേശ്യമുണ്ടെന്നത് വെറും ഭാവനാവിലാസം മാത്രമാണ്. സഭയ്ക്കുള്ളില്‍ മോശം അഭിപ്രായങ്ങള്‍ സൃഷ്ടിക്കാനും വിശ്വാസിസമൂഹത്തില്‍ അനാവശ്യ സംശയങ്ങള്‍ ഉളവാക്കാനും ലക്ഷ്യമിട്ടുള്ളവയാണ് ഇത്തരം വാര്‍ത്തകള്‍.

എന്നിരിക്കിലും ഭാവിയിലെ സഭയെക്കുറിച്ച് എനിക്കും ചില സ്വപ്നങ്ങളുണ്ട്. നമ്മുടെ സഭ ദൈവികവും ഒപ്പം വിനീതയും എളിമയുള്ളതും സേവനതല്‍പരയും ആയിരിക്കുമ്പോഴും അവള്‍ മൃദുലയും സമീപസ്ഥയും ആര്‍ദ്ര മനോഭാവമുള്ളവളുമാണ്. പുതിയ പദ്ധതികളുമായി നമ്മള്‍ മുന്നോട്ട് നീങ്ങേണ്ടിയിരിക്കുന്നു. ഉദാഹരണമായി, 2025-ലെ ജൂബിലിവര്‍ഷം. വിശ്വാസപരമായ ഒരു വലിയ കുതിപ്പിന് അത് സഭയെ പ്രചോദിപ്പിക്കണം. ഒപ്പം പ്രത്യാശയുടെ അന്തരീക്ഷത്തെ വീണ്ടെടുക്കാനുള്ള ഒരവസരമായും അത് മാറണം.

ഭാവിയുടെ ചക്രവാളത്തെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ നമുക്കാവണം, പ്രത്യേകിച്ച് ധാരാളം ദൈവവിളിയും കര്‍ത്താവിനായുള്ള ദാഹവും വര്‍ധിച്ച് കാണപ്പെടുന്ന ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളിലും ദാഹം ശമിപ്പിക്കാന്‍ പ്രാപ്തമായ മരുപ്പച്ചയായി സഭയെ കാണുന്നതിനാല്‍. ഈ സാഹചര്യങ്ങളില്‍ സഭ അതിന്റെ ആദിമക്രൈസ്തവസമൂഹങ്ങളുടെ രൂപഭാവങ്ങളിലേക്ക് മടങ്ങണമെന്ന് കരുതുന്നവരുണ്ട്. പക്ഷേ, അതൊരു കാല്പനിക ഭ്രമം മാത്രമാണ്. ഭാവിയെ നമ്മള്‍ വീക്ഷിക്കുമ്പോള്‍ അതിനെ ലാളിത്യത്തോടെ കാണാന്‍ നമുക്കാവണം. കേവലം പൗരോഹിത്യാധികാരത്തിന്റെ പ്രയോഗം മാത്രമായി അതിനെ കാണരുത്. കത്തോലിക്കാ പുരോഹിതന്മാരെന്നാല്‍ സാധാരണ വിശ്വാസികളില്‍ നിന്നും ദൂരം പാലിച്ച് ധാര്‍മ്മികമായി തങ്ങള്‍ ഉന്നതരാണെന്ന ചിന്തയോടെ കഴിയുന്നവര്‍ ആയിരിക്കരുത്. അത് പ്ലേഗ് പോലൊരു പകര്‍ച്ചവ്യാധിയായി പടര്‍ന്നിരിക്കുന്നു! സഭയില്‍ ധാരാളം പുണ്യചരിതരുണ്ട് പക്ഷേ, ചിലകാര്യങ്ങളിലെങ്കിലും അതൊരു മലിനമായ സഭയാണ്. എന്തുകൊണ്ടെന്നാല്‍ പൗരോഹിത്യത്തിന്റെ അധികാരപ്രയോഗമെന്നത് കൃത്യമായും മലിനതയാണ്.

വരാനിരിക്കുന്ന സഭയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ജോസഫ് റാറ്റ്‌സിംഗറുടെ ദര്‍ശനങ്ങളാണ് എന്റെ ഓര്‍മ്മയില്‍ എത്തുന്നത്. മുന്നോട്ട് നീങ്ങുന്ന ഒരു സഭയെക്കുറിച്ച് അദ്ദേഹം സംസാരിച്ചുവെങ്കിലും അത് തികച്ചും വേറിട്ട രീതിയില്‍ ആയിരുന്നു. അത് താരതമ്യേന ചെറുതായിരിക്കുമെങ്കിലും കൂടുതല്‍ വ്യതിരിക്തമായ ഒരു സ്ഥാപനമായിരിക്കുമെന്ന് അദ്ദേഹം പറയുന്നുണ്ട്. ബാവേറിയായില്‍ നിന്നുമുള്ള ഈ ദൈവവിജ്ഞാനീയകാരന്‍ 1969-ലാണ് സഭയെ സംബന്ധിക്കുന്ന തന്റെ ദര്‍ശനം തുടരെയുള്ള റേഡിയോ പ്രഭാഷണങ്ങളിലൂടെ ആവിഷ്‌കരിക്കുന്നത്. നമ്മളെ കാത്തിരിക്കുന്നത് ഒരു ന്യൂനപക്ഷസമൂഹമെന്നനിലയില്‍ നിന്നും കുതികൊള്ളുകയും സകലവിധ മതാനുഭവങ്ങളുടെയും കേന്ദ്രം വിശ്വാസം ആയിരിക്കുകയും കുറച്ചുകൂടി അധ്യാത്മികവും ഭൗതികമായി ദരിദ്രവുമായ ഒരു സഭയായിരിക്കും. നിസ്വരെങ്കിലും ദൈവം കാഴ്ചയില്‍ നിന്നും മറഞ്ഞിട്ടില്ലാത്തവരുടെ അഭയസ്ഥാനമായിരിക്കും ആ സഭ.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സമാപന സന്ദേശത്തിന് ശേഷം നടന്ന ദൈവവിജ്ഞാനീയ സംവാദങ്ങളുടെ കാലത്ത് റാറ്റ്‌സിംഗര്‍ സംസാരിച്ചത് മധ്യകാലത്തെയും ആധുനിക കാലത്തെയും നിഷ് പ്രഭമാക്കുന്ന ഒരു ചരിത്രസന്ദര്‍ഭം മാനവചരിത്രത്തില്‍ ആവിര്‍ഭവിക്കുന്നതിനെക്കുറിച്ചായിരുന്നു. അക്കാലങ്ങളില്‍ രാഷ്ട്രീയമായി പ്രസക്തിയുള്ള എന്നാല്‍ അധ്യാത്മിക മേലയില്‍ അപ്രസക്തരായ സംഘാടകരോ സാമൂഹ്യപ്രവര്‍ത്തകരോ ആക്കി വൈദികരെ പരിവര്‍ത്തിപ്പിക്കുന്നതിനെ സംബന്ധിക്കുന്ന ചില സൂചനകള്‍ പലയിടങ്ങളില്‍ നിന്നും ലഭിക്കുന്നുണ്ടായിരുന്നു. ഈ കാരണത്താലും പൗരോഹിത്യ അധികാരപ്രയോഗത്തിനെതിരെ നമ്മള്‍ പോരാടേണ്ടതുണ്ടായിരുന്നു. സഭയെ തകര്‍ക്കാന്‍ കഴിവുള്ള ഒരു വൈകൃതമാണ് പൗരോഹിത്യ അധികാരകേന്ദ്രീകരണമെന്നത് നമ്മള്‍ തിരിച്ചറിയണം. സാധാരണ വിശ്വാസികളെ പരിപോഷിപ്പിക്കുന്നതിന് പകരം അധികാരപ്രയോഗത്തിലൂടെ അവരെ ഇല്ലായ്മചെയ്യുകയാവും നമ്മള്‍ ചെയ്യുക.

ഫാദര്‍ പ്രൈമൊ മസൊളാരി തന്റെ രചനകളിലൂടെ ഈ പ്രവണതയ്ക്ക് എതിരായി താക്കീത് ചെയ്യുന്നത് യാദൃച്ഛികമല്ല. തന്റെ സഹോദരങ്ങളുടെ ഹൃദയങ്ങള്‍ക്ക് സംരക്ഷണവും സൗഖ്യവും പകരുന്നതിന് പകരം അവരെ ശ്വാസം മുട്ടിച്ച് ജീവന്റെ അടയാളങ്ങളെല്ലാം കൊഴിച്ചുകളയുന്ന പുരോഹിതന്മാരെ അദ്ദേഹം താക്കീത് ചെയ്യുന്നുണ്ട്. പൗരോഹിത്യാധികാരത്തിന്റെ വിഷാണുക്കള്‍ സാധാരണ വിശ്വാസികളെയും ബാധിക്കുകയും ദുഷിപ്പിക്കുകയും ചെയ്യാം. ഇത് വളരെ ഭീതിദമായ ഒരവസ്ഥയാണ്. പൗരോഹിത്യാധികാരത്തിന് വിധേയരായി കഴിയുന്ന സാധാരണ വിശ്വാസികള്‍ തീരുമാനങ്ങളൊന്നും സ്വയമേവ എടുക്കാത്തതിനാല്‍ അവര്‍ ഇക്കാര്യത്തില്‍ ഉത്തരവാദരഹിതരായിരിക്കും. ഇത് ഐകമത്യത്തിന് വിപരീതമായ കാര്യമാണ്. ദൈവജനം ഒരുമിച്ച് ചേര്‍ന്ന് ഒരേ മനസ്സോടെ സഭാജീവിതത്തില്‍ പങ്കെടുക്കുകയെന്നത് ഇവിടെ സംഭവിക്കുന്നില്ല.

സകലരെയും ആശ്ലേഷിക്കുകയും സകലര്‍ക്കും സ്വാഗതമോതുകയും ചെയ്യുന്ന ഒരു സഭാമാതാവിനെയാണ് ഈ സന്ദര്‍ഭത്തില്‍ ഞാന്‍ വിഭാവന ചെയ്യുന്നത്. തങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന് ഗ്രഹിച്ചവരും നമ്മളാല്‍ അപ്രകാരം വിധിക്കപ്പെട്ടവരും ഇതില്‍ നിന്നും ഒഴിവാകുന്നില്ല. ഉദാഹരണമായി, സ്വവര്‍ഗാനുരാഗികളുടെയും ഭിന്നലിംഗക്കാരുടെയും കാര്യമെടുക്കുക. അവര്‍ കര്‍ത്താവിനെ ആഗ്രഹിക്കുകയും സഭാത്മകജീവിതം ഇച്ഛിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവര്‍ക്കത് നിഷേധിക്കപ്പെടുകയും അവര്‍ വേട്ടയാടല്‍ നേരിടുകയും ചെയ്യുകയാണ്. ഒരേ ലിംഗത്തില്‍പെട്ട ദമ്പതികളെ ആശീര്‍വദിക്കുന്നതിനെ സംബന്ധിക്കുന്ന വിശ്വാസസംരക്ഷണത്തിനായുള്ള തിരുസംഘത്തിന്റെ പുതിയ സമീപനത്തിനെതിരെ നിരവധി വിശ്വാസികള്‍ രംഗത്ത് വന്നിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ദൈവപിതാവ് സകലരെയും വിശേഷിച്ച് പാപികളെ സ്‌നേഹിക്കുന്നു എന്ന് മാത്രമേ എനിക്ക് ഈ കാര്യത്തില്‍ പറയാനുള്ളു. എന്റെ സഹോദരന്മാരായ ബിഷപ്പുമാര്‍ അവരുടെ വിവേചനപ്രകാരം ഈ സമീപനത്തെ പിന്തുടരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അതിനര്‍ഥം അവര്‍ സഭയില്‍ ഭിന്നത ഉളവാക്കുന്നു എന്നല്ല. ഇത് സഭയുടെ വിശ്വാസങ്ങളെ സംബന്ധിക്കുന്ന ഒരു കാര്യമല്ലല്ലോ. 2024 ഒക്ടോബറില്‍ സമാപിക്കുന്ന സിനഡിലും ഭിന്നലൈംഗികതയെ സംബന്ധിക്കുന്ന വിഷയത്തില്‍ അവരെയും അവരുടെ മാതാപിതാക്കളെയും കൂടുതല്‍ തുറവിയോടെ കാണണമെന്ന് ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്. അവരെല്ലാവരും ദൈവപിതാവിന്റെ മക്കളാകയാല്‍ തുറന്ന കൈകളോടെ സ്വീകരിക്കപ്പെടണം. ഇതിനര്‍ഥം സഭ സ്വവര്‍ഗ വിവാഹങ്ങളെ അനുകൂലിക്കുന്നു എന്നല്ല. മിശിഹാനാഥന്‍ സൃഷ്ടിച്ച കൂദാശകളെ പരിവര്‍ത്തിപ്പിക്കാനുള്ള അധികാരം നമുക്കില്ല. ഏഴ് കൂദാശകളില്‍ ഒന്നായ വിവാഹം പുരുഷനെയും സ്ത്രീയെയും ഒന്നിപ്പിക്കുന്നതിനുള്ളതാണ്. അതിനെ അതേപടി നിലനിര്‍ത്തുന്നതാണ് ഉത്തമം.
ഞാന്‍ ബ്യൂണസ് ഐറിസിലെ ആര്‍ച്ച് ബിഷപ്പ് ആയിരിക്കുന്ന കാലത്തും വിവാഹമെന്ന കൂദാശയുടെ മൂല്യത്തെ ശക്തമായി പിന്തുണയ്ക്കുകയും ന്യായപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതേപോലെ ഇന്നും ആവര്‍ത്തിക്കുന്നു. 'പ്രണയത്തിന്റെ ആനന്ദം' എന്ന എന്റെ ഇടയലേഖനത്തില്‍ രേഖപ്പെടുത്തിയ പോലെ ''സ്വവര്‍ഗ വിവാഹങ്ങളെ സാധാരണ വിവാഹങ്ങള്‍ക്ക് സമമായി കാണണമെന്ന അഭിപ്രായത്തിന് യാതൊരുവിധ സാധുതയുമില്ല. രണ്ടിനും ഇടയില്‍ ഏതെങ്കിലും വിധത്തിലുള്ള സമാനതയോ, ദൈവിക പദ്ധതിയുടെ ഭാഗമായ വിവാഹം കുടുംബം എന്നിവയുമായി വിദൂരമായിപ്പോലും സാദൃശ്യമോ ഇല്ല. അതിനാല്‍ പ്രാദേശിക സഭകളെ ഈ വിഷയത്തില്‍ സമ്മര്‍ദത്തിലാക്കുന്നത് തീര്‍ത്തും അസ്വീകാര്യമാണ്. ഒരേ ലിംഗത്തിലുള്ളവര്‍ക്കിടയിലെ വിവാഹത്തിന് നിയമസാധുത നല്‍കുന്നതിനെ അടിസ്ഥാനമാക്കിയേ ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് അന്താരാഷ്ട്ര സഹായങ്ങള്‍ നല്‍കാവൂ എന്ന സമീപനവും സ്വീകാര്യമല്ല.''

പൗരസമൂഹം ഇത്തരം വിവാഹങ്ങള്‍ക്ക് സാധുത കല്പിക്കുന്നത് മറ്റൊരു കാര്യമാണ്. ഞാന്‍ പല അവസരങ്ങളിലും പറഞ്ഞിട്ടുള്ളതുപോലെ ഇത്തരം വിവാഹങ്ങളിലൂടെ സ്‌നേഹം അനുഭവിച്ച് ജീവിക്കുന്നവര്‍ക്ക് മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന നിയമപരമായ എല്ലാ സംരക്ഷണത്തിനും അര്‍ഹതയുണ്ട്. സമൂഹത്തിന്റെ പുറമ്പോക്കുകളില്‍ പാര്‍ക്കുന്നവരുമായി ഇടപഴകുകയും സംവേദിക്കയും ചെയ്തുകൊണ്ടാണ് യേശു പലപ്പോഴും സമയം ചെലവഴിച്ചിരുന്നത്. പലപ്പോഴും ഓരങ്ങളിലേക്ക് പുറന്തള്ളപ്പെടുന്ന ഭിന്ന ലൈംഗികത പിന്തുടരുന്ന സമൂഹങ്ങളോട് സഭ ഇന്ന് ചെയ്യുന്നതും അതുതന്നെയാണ്. അവര്‍ക്ക് സഹഭാവത്തോടെ മറ്റുള്ളവരുമായി സഹവസിക്കാന്‍ കഴിയണം. പ്രത്യേകിച്ച് അവരില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചവരും എല്ലാവിധത്തിലും ദൈവജനത്തിനൊപ്പം കഴിയുന്നവരുമായവര്‍ക്ക് അതിനാവണം. ജ്ഞാനസ്‌നാനം സ്വീകരിക്കാത്തവരും എന്നാല്‍ സ്വീകരിക്കാന്‍ ആഗ്രഹമുള്ളവരുമായവര്‍, ജ്ഞാനസ്‌നാന മാതാപിതാക്കളാകാന്‍ ആഗ്രഹിക്കുന്നവര്‍ തുടങ്ങിയവര്‍ തള്ളിക്കളയപ്പെടരുത്. അവര്‍ സ്വാഗതം ചെയ്യപ്പെടുകയും സ്വയം വിവേചനങ്ങളുടെ പന്ഥാവിലൂടെ സഞ്ചരിക്കാന്‍ അവര്‍ക്ക് വഴിയൊരുക്കുകയും വേണം.

എന്തായാലും വിശ്വാസികളുടെയിടയില്‍ കിംവദന്തികള്‍ പരക്കാനോ വിശ്വാസവ്യതിചലനം ഉണ്ടാകാനോ ഒരിക്കലും പാടില്ലയെന്നത് വളരെ പ്രധാനപ്പെട്ട സംഗതിയാണ്. ഇത്തരം കേസുകള്‍ ഓരോന്നായി വിലയിരുത്തി അഭിപ്രായം സ്വരൂപിക്കാനുള്ള പക്വത ബിഷപ്പുമാരും ഇടവക വികാരിമാരും കാണിക്കണം. കുടുംബത്തെ ആസ്പദമാക്കി സമ്മേളിച്ച സിനഡ് ആവശ്യപ്പെട്ടതുപോലെ വിശ്വാസത്തിന്റെ വഴിയില്‍ ഈ സഹോദരീസഹോദരന്മാര്‍ക്കൊപ്പം സഞ്ചരിക്കാന്‍ നമ്മളും തയ്യാറാകണം. അവര്‍ക്കെതിരെയുള്ള വിവേചനങ്ങളെയും അക്രമങ്ങളെയും ശക്തമായി നമ്മള്‍ അപലപിക്കുകയും വേണം. മിക്കപ്പോഴും ഇവര്‍ അക്രമത്തിന്റെയും ഭീഷണിയുടെയും ഇരകളാണ്. സഭ ഇവരെ ഒഴിവാക്കി നിര്‍ത്തരുതെന്നതിനുള്ള മറ്റൊരു കാരണം കൂടിയാണിത്. നിര്‍ഭാഗ്യവശാല്‍ സഭാസമൂഹവും അവരെ ചീഞ്ഞ പഴങ്ങളായാണ് പലപ്പോഴും സമീപിക്കുന്നത്.

ഭൂതകാലങ്ങളിലെ കര്‍ക്കശമായ സമീപനങ്ങള്‍ നമ്മള്‍ ഉപേക്ഷിക്കണമെന്നത് ഇന്ന് അടിയന്തര ആവശ്യമായിരിക്കുന്നു. മറ്റുള്ളവരുടെ നേരെ വിരല്‍ ചൂണ്ടി കുറ്റാരോപണം നടത്തുന്നതില്‍ ഉത്സുകമായ സമീപനങ്ങളില്‍ നിന്നും നമ്മള്‍ അകലം പാലിക്കേണ്ടിയിരിക്കുന്നു. വിശ്വാസസംരക്ഷണത്തിനായുള്ള തിരുസംഘത്തിന്റെ തലവനായി കര്‍ദിനാള്‍ മാനുവല്‍ ഫെര്‍നാണ്ടസ് നിയമിതനായ ദിവസം ഞാന്‍ അദ്ദേഹത്തിന് എഴുതിയ കത്തില്‍ ഉദ്ദേശിച്ചത് ഈ കാര്യങ്ങള്‍ തന്നെയാണ്. ഇത്തരം സമീപനങ്ങള്‍ സാധാരണ വിശ്വാസികളെ സഭയില്‍ നിന്നും ദൂരേക്ക് അകറ്റുന്നു. അതിനാല്‍ ജനങ്ങളോടൊത്ത് നിന്നുകൊണ്ട് വിശ്വാസത്തെ പരിരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് പ്രധാനപ്പെട്ടതായിരിക്കുന്നു. നമ്മുടെ കിന്നരിത്തൊപ്പികളും പരവതാനികളും അലങ്കാര കൈയേറ്റങ്ങളും നിലവറകളിലേക്ക് ഉപേക്ഷിച്ചുകൊണ്ട് യേശുസന്ദേശങ്ങളായ സഹഭാവവും സൗഹൃദവും നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുകയും പ്രചരിപ്പിക്കുകയും വേണം.

ആ സംഭാഷണത്തിന് ശേഷം ആഴ്ചകള്‍ കടന്നുപോയിരിക്കുന്നു. ഹോട്ടല്‍ മാത്രമെങ്കിലും വിശിഷ്ഠനായ ഒരു അതിഥി പാര്‍ക്കുന്നതിനാല്‍ സവിശേഷമായ വിശുദ്ധ മാര്‍ത്തായുടെ ഭവനത്തില്‍ ജീവിതം പതിവ് ചിട്ടകള്‍ പാലിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുകയാണ്. മാര്‍പ്പാപ്പാ പൊതു/സ്വകാര്യ ചടങ്ങുകളില്‍ പൊതുവേ പങ്കെടുക്കാത്ത ചൊവ്വാഴ്ചയാണ് ഇന്ന്. അദ്ദേഹം അതിരാവിലെ തന്നെ ജോലി ആരംഭിച്ചു. പശ്ചാത്തലത്തില്‍ നേര്‍ത്ത സംഗീതം സ്റ്റീരിയോയില്‍ നിന്നും ഒഴുകി വരുന്നുണ്ട്. അര്‍ജന്റീനയിലെ ടാംഗോ സംഗീതത്തിലെ പ്രശസ്തനായ അസുസെന്ന മൈസാനിയുടെ തിരഞ്ഞെടുത്ത രചനകള്‍. അര്‍ജന്റീനയില്‍ വൈദികനായിരുന്ന കാലത്ത് മൈസാനിയുടെ അയല്‍വാസിയായിരുന്ന ഫാദര്‍ ബെര്‍ഗോളിയോയാണ് ആ സംഗീതജ്ഞയ്ക്ക് 1970-ല്‍ അന്ത്യലേപന ശുശ്രൂഷ നല്‍കിയത്.

മാര്‍പ്പാപ്പാ തന്റെ ഓഫീസിലുണ്ട്. കഴിഞ്ഞ ദിവസം സെക്രട്ടറി കൈമാറിയ ചില രേഖകള്‍ വായിക്കുകയാണ് അദ്ദേഹം. ഇടയ്ക്ക് കുറിപ്പുകള്‍ എഴുതുന്നുണ്ട്, തിരുത്തലുകള്‍ രേഖപ്പെടുത്തുന്നുണ്ട്, കൂട്ടിച്ചേര്‍ക്കാനായി ചിലതെല്ലാം തിരുകുന്നുണ്ട്. സമയം രാവിലെ എട്ടുമണിയായി. എട്ടരമണിക്ക് സുഹൃത്തായ ഒരു ആര്‍ച്ച് ബിഷപ്പിന്റെ സന്ദര്‍ശനമുണ്ട്. അദ്ദേഹവുമായി ചേര്‍ന്ന് ദൈവവിജ്ഞാനീയസംബന്ധിയായ ഒരു രചന തയ്യാറാക്കാനുണ്ട്. അതിനുശേഷം അദ്ദേഹം സ്വന്തം കുമ്പസാരക്കാരനുമായും മറ്റ് ചിലരുമായും സംസാരിക്കും. അതെല്ലാം അദ്ദേഹത്തിന്റെ മേശപ്പുറത്തുള്ള സ്വകാര്യഡയറിയില്‍ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. എഴുതിക്കൊണ്ടിരിക്കുന്ന രചനയെ അവലോകനം ചെയ്യാനും ചില ഫോണ്‍ വിളികള്‍ക്കുമായി ഇനി അരമണിക്കൂര്‍ സമയം കൂടിയുണ്ട്.
അദ്ദേഹത്തിന്റെ മേശപ്പുറത്ത് നിന്നും മാറിപ്പോകാത്ത ഒന്നുണ്ട്, അനുദിന പ്രാര്‍ഥനപ്പുസ്തകം. അതിന്റെ സമീപത്തായി ഫയലുകളും കത്തുകളും. മിലാന്‍ നഗരത്തിനടുത്തുള്ള മിലാനീസ് പട്ടണത്തിലെ അന്നയുടേതാണ് അതിലൊരു കത്ത്. ഓട്ടിസം ബാധിച്ച മകന്‍ നിക്കോളാസിന്റെ ഏക സംരക്ഷകയാണ് ഭര്‍ത്താവിനാല്‍ പരിത്യക്തയായ അന്ന. മാര്‍പ്പാപ്പായുമായി സംസാരിക്കാനാവുകയെന്നത് നിക്കോളാസിന്റെ സ്വപ്നമാണ്. ന്യൂയോര്‍ക്കിലെ ബ്രൂക്ലിനില്‍ നിന്നും ഗുരുതര രോഗബാധിതനായ ഒരു കുട്ടിയുടെ കത്താണ് മറ്റൊന്ന്. അവനുവേണ്ടി ഒരു കുഞ്ഞു പ്രാര്‍ഥന പാപ്പാ ചൊല്ലണമേ എന്നതാണ് അവന്റെ ആവശ്യം. ജര്‍മ്മനിയില്‍ നിന്നുമുള്ള ലുഡ് വിഗ് എന്ന വൈദിക വിദ്യാര്‍ഥിയുടേതാണ് ഇനിയൊരു കത്ത്. ആഴ്ചകള്‍ക്കുള്ളില്‍ പൗരോഹിത്യകൂദാശ സ്വീകരിക്കാനിരിക്കുന്ന അയാള്‍ അധ്യാത്മിക കരുത്തിനായാണ് പാപ്പായ്ക്ക് കത്തെഴുതിയിരിക്കുന്നത്.

വൈദിക വിദ്യാര്‍ഥിയുടെ കത്ത് ഫ്രാന്‍സിസ് പാപ്പാ കരുതലോടെ വായിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സ് 1969ല്‍ സ്വന്തം പൗരോഹിത്യ സ്വീകരണത്തിന് തൊട്ടുമുന്‍പുള്ള നാളുകളിലേക്ക് പോയി. അന്ന് സ്വന്തം കൈപ്പടയില്‍ എഴുതിയ വിശ്വാസ പ്രതിജ്ഞ മേശവലിപ്പില്‍ നിന്നും പുറത്തെടുത്ത് വായിക്കുവാന്‍ അദ്ദേഹത്തിന് തോന്നി. പൗരോഹിത്യ പ്രതിജ്ഞയുടെ അന്തസ്സത്തയെ പുതുക്കാനും വ്രതവാഗ്ദാനത്തെ നവീകരിക്കാനും തോന്നുമ്പോഴൊക്കെ പാപ്പാ അങ്ങനെ ചെയ്യുമായിരുന്നു:

മകനെപ്പോലെ എന്നെ സ്‌നേഹിക്കുന്ന പിതാവായ ദൈവത്തില്‍ എനിക്ക് വിശ്വാസം അര്‍പ്പിക്കണം. എന്നില്‍ തന്റെ ആത്മാവിനെ നിവേശിപ്പിച്ച്, എന്നെ സന്തുഷ്ടനാക്കി നിത്യജീവനിലേക്ക് വീണ്ടെടുത്ത യേശുക്രിസ്തുവിലും ഞാന്‍ വിശ്വസിക്കുന്നു. ദൈവപിതാവിന്റെ സ്‌നേഹരശ്മികളാല്‍ തുളയ്ക്കപ്പെട്ട എന്റെ ജീവിതകഥയില്‍ ഞാന്‍ വിശ്വസിക്കുന്നു. സെപ്തംബര്‍ 21-ലെ ഒരു വസന്തദിനത്തില്‍ എന്നെ സന്ധിക്കുകയും പിന്‍ചെല്ലാന്‍ ക്ഷണിക്കുകയും ചെയ്ത യേശുവില്‍ ഞാന്‍ വിശ്വസിക്കുന്നു. സ്വാര്‍ഥതയാല്‍ തരിശാക്കപ്പെട്ട എന്റെ വേദനയില്‍ ഞാന്‍ വിശ്വസിക്കുന്നു അതില്‍ ശരണപ്പെടുന്നു. ഒന്നും നല്‍കാതെ സകലത്തെയും വിഴുങ്ങുന്ന എന്റെ ആത്മാവിന്റെ നിസ്സാരതയിലും ഞാന്‍ വിശ്വസിക്കുന്നു. എന്റെ സുരക്ഷയ്ക്കായി ആരെയും തള്ളിക്കളയാതെ ഭയരഹിതമായി അവരെ സ്‌നേഹിക്കണമെന്നും ഞാന്‍ വിശ്വസിക്കുന്നു. മതാത്മകജീവിതത്തില്‍ ഞാന്‍ വിശ്വസിക്കുകയും അതിനെ പ്രിയപ്പെടുകയും ചെയ്യുന്നു. ഞാന്‍ ഓടിയകലുന്ന മൃതിയുടെ പൊള്ളുന്ന അനുദിനസാന്നിധ്യത്തിലും മൃതിയെ സ്വീകരിക്കാനായി മന്ദഹാസത്തോടെ എന്നെ ക്ഷണിക്കുകയും ചെയ്യുന്നത് ഞാന്‍ അറിയുന്നു. സ്വാഗതമോതുന്ന വേനല്‍ക്കാല രാത്രി പോലെ ദയാമയമായ ദൈവിക ക്ഷമയിലും ഞാന്‍ വിശ്വസിക്കുന്നു. എന്റെ അപ്പന്‍ കര്‍ത്താവിനൊപ്പം സ്വര്‍ഗത്തിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ പൗരോഹിത്യത്തിനായി പ്രാര്‍ഥിക്കുന്ന ഫാദര്‍ ദുറാന്തെയും അവിടെയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരിക്കലും തനിച്ചാക്കാതെ എന്നെ സ്‌നേഹിക്കുന്ന അമ്മ മേരിയിലും ഞാന്‍ വിശ്വസിക്കുന്നു. സ്‌നേഹവും കരുത്തും വഞ്ചനയും പാപവും ദിനവും എന്റെ മുന്നിലെത്തുമെന്നും ഞാന്‍ ഏറ്റവും പ്രിയപ്പെടുന്നതും എന്നാല്‍ സദാ ഓടി ഒളിക്കാന്‍ ശ്രമിക്കുന്ന, എനിക്ക് അജ്ഞേയവുമായ ആ മഹാവദനവുമായി അന്തിമനാളില്‍ ഞാന്‍ സന്ധിക്കുംവരെ ഇതില്‍ തുടരുമെന്നും. ആമേന്‍.

കാലം നരപ്പിച്ച മഞ്ഞനിറം പടര്‍ന്ന കടലാസ് അദ്ദേഹം തിരികെ വച്ചു. അതിനുശേഷം ഫോണ്‍ എടുത്ത് മിലാനില്‍ നിന്നും കത്തെഴുതിയ അമ്മ അന്നായെ വിളിച്ച് അവളുടെ മകന്‍ നിക്കോളാസിനോട് സംസാരിച്ച് അവനെ ആഹ്ലാദത്താല്‍ ആശ്ചര്യപ്പെടുത്തി. തുടര്‍ന്ന് ഭാവിയിലെ സഭയെ പാപ്പാ എങ്ങനെയാണ് വിഭാവന ചെയ്യുന്നതെന്ന് ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന കൂടിക്കാഴ്ചയില്‍ ആരാഞ്ഞ സന്ദര്‍ശകനെ വിളിച്ചു. ആ വ്യക്തി, ഏറ്റവും അവസാനം നടന്ന ആ കൂടിക്കാഴ്ചയുടെ പത്തോളം പേജുകള്‍ വരുന്ന ഒരു സംക്ഷിപ്ത രൂപം ഈമെയിലായി പാപ്പായുടെ അവലോകനത്തിന് അയച്ചുകൊടുത്തിരുന്നു. ഇതും, മുന്‍പ്  പലപ്പോഴായി നടത്തിയ അഭിമുഖങ്ങളോടൊപ്പം  പാപ്പായുടെ അനുവാദത്തോടെ പൊതുസമൂഹത്തിനായി പ്രകാശനം ചെയ്യപ്പെടും.
''അഭിവന്ദ്യ പിതാവേ മാനവരാശിക്ക് പ്രത്യാശയ്ക്ക് വകയുണ്ടോ?'' എന്ന് അയാള്‍ ചെറിയ സംഭാഷണത്തിനൊടുവില്‍ ചോദിക്കുന്നു. അര്‍ജന്റീനയിലെ ടാംഗോ സംഗീതത്തിന്റെ വീചികള്‍ പശ്ചാത്തലത്തില്‍ മൃദുവായി മുഴങ്ങിക്കൊണ്ടിരിക്കെ പാപ്പാ ആ ചോദ്യത്തിന് മറുപടി നല്‍കി.

നമ്മള്‍ ഇപ്പോള്‍ കടന്നുപോകുന്ന കാലത്തെക്കുറിച്ച് ചിന്തിക്കാന്‍ ആ ചോദ്യം കാരണമായി. ഒന്നുകില്‍ സമാധാനം അല്ലെങ്കില്‍ മരണം ഈ ലോകത്തില്‍ വന്നെത്തുമെന്നും മറ്റൊരു വഴിയുമില്ലെന്നും ഞാന്‍ മനസ്സിലാക്കി. 1914 മുതല്‍ നൂറിലേറെ വര്‍ഷങ്ങളായി യൂറോപ്പ് യുദ്ധത്തിലാണ്. മൂന്നാം ലോകയുദ്ധം ചിതറിയ ഇടങ്ങളിലായി നടന്നുകൊണ്ടിരിക്കുമ്പോഴും ആയുധനിര്‍മ്മാണശാലകള്‍ നിരന്തരം ഇടവേളകളില്ലാതെ യുദ്ധസാമഗ്രികള്‍ ഉല്‍പാദിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

ഉക്രെയിനിലെയും മധ്യപൗരസ്ത്യദേശത്തെയും യുദ്ധങ്ങളെക്കുറിച്ച് ആഴത്തില്‍ സ്പര്‍ശിക്കുന്ന രീതിയില്‍ ഞാന്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. പ്രശ്‌നപരിഹാരത്തിനായി നിരവധി നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നിട്ടുള്ളതിനാലും പുതിയ സംഭവവികാസങ്ങള്‍ അവിടങ്ങളില്‍ അരങ്ങേറുന്നതിനാലുമാണ് ഞാന്‍ ഈ സമീപനം പിന്തുടരുന്നത്. എങ്കിലും പീഡിപ്പിക്കപ്പെടുന്ന ഈ ജനതകളിലേക്ക് എന്റെ ചിന്തകള്‍ ദിനംന്തോറും വിരാമമില്ലാതെ കടന്നുചെന്നുകൊണ്ടിരിക്കുന്നു. ഈ ഭീകരതകള്‍ക്ക് മുന്നില്‍ എന്റെ ഹൃദയം നുറുങ്ങുകയാണ്. സമാധാനമെന്ന മഹാദാനത്തിനായി ഞാന്‍ കര്‍ത്താവിനോട് കേഴുന്നു. ഒഴുകാന്‍ കണ്ണുനീര്‍ മിച്ചമില്ലാത്തവിധം എല്ലായിടങ്ങളിലുമുള്ള യുദ്ധങ്ങളെക്കുറിച്ച് ഞാന്‍ പറയുകയും എഴുതുകയും ചെയ്യുന്നുണ്ട്. ഈ ദുരന്തങ്ങളെ സംബന്ധിക്കുന്ന ചിത്രങ്ങള്‍ ഞാന്‍ കണ്ടിരിക്കുന്നു, വാര്‍ത്താറിപ്പോര്‍ട്ടുകള്‍ കേട്ടിരിക്കുന്നു, യുദ്ധങ്ങളുടെ നേരിട്ട് ഇരകളായവരുടെ സങ്കടകഥകള്‍ അവരില്‍ നിന്നും നേരിട്ടറിഞ്ഞിരിക്കുന്നു. സ്‌ഫോടനങ്ങള്‍ കുടുംബങ്ങളില്‍ നിന്നും കവര്‍ന്ന കൗമാരക്കാരെയും യുദ്ധം അനാഥരാക്കിയവരെയും ഓര്‍ത്ത് ഞാന്‍ കരഞ്ഞിട്ടുണ്ട്. എന്തൊരു വേദനയും ദുരിതവുമാണിത്! ഇതൊക്കെ എന്തിന് വേണ്ടിയാണ്? സകലവും സാമ്രാജ്യത്വത്തിന്റെ താല്‍പര്യങ്ങള്‍ക്കായി അല്ലെങ്കില്‍ മാരകമായ ലോക വിദ്വേഷം. ഇത് നിന്ദ്യം തന്നെ!

ഉക്രെയ്ന്‍ സംഘര്‍ഷങ്ങളുടെ തുടക്കം മുതല്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും പീരങ്കികള്‍ നിശ്ശബ്ദമാകുവാനും വേണ്ടി ഏതറ്റം വരെ പോകാനും ഞാന്‍ സന്നദ്ധനാണെന്നത് വ്യക്തമാക്കിയിട്ടുണ്ട്. മധ്യപൗരസ്ത്യ ദേശത്തിനും ഇത് ബാധകം തന്നെ. സംഘര്‍ഷത്തിന്റെ കാര്യത്തില്‍ അയവ് വരുത്തുവാന്‍ പ്രാപ്തരായ നിരവധി അന്തര്‍ദേശീയ നേതാക്കന്മാരുമായി പലതവണ ഞാന്‍ ടെലിഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ക്രൈസ്തവരുടേതായാലും മുസ്ലിംങ്ങളുടേതായാലും യഹൂദരുടേതായാലും മനുഷ്യജീവന്‍ ഒരുപോലെ വിലപ്പെട്ടതാണെന്ന് ഈ അവസരങ്ങളിലെല്ലാം ഞാന്‍ ഓര്‍മ്മിപ്പിച്ചിട്ടുമുണ്ട്. സാധാരണ ജനസമൂഹങ്ങളെ ഈ കാര്യത്തില്‍ എപ്രകാരമാണ് കുറ്റപ്പെടുത്താനാവുക? എന്തുകൊണ്ടാണ് ജീവനുകള്‍ കൊണ്ടുതന്നെ അവര്‍ ഇതിന് വിലയൊടുക്കേണ്ടിവരുന്നത്?

നയതന്ത്രപരവും മാനുഷികവുമായ നിരവധി പരിശ്രമങ്ങള്‍ വത്തിക്കാന്‍ ഈ വിഷയതില്‍ തുടങ്ങിവച്ചിട്ടുണ്ട്. അവ ഉദ്ദേശിക്കുന്ന ഫലപ്രാപ്തിയില്‍ എത്തിച്ചേരുമെന്ന് നമുക്ക് പ്രത്യാശിക്കാം. ലോകമെമ്പാടും സംഘര്‍ഷങ്ങളില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കിടയില്‍ സംഭാഷണത്തിന്റെ വാതിലുകള്‍ സദാ സജീവമായിരിക്കണം എന്നതിനോട് നമ്മള്‍ സമര്‍പ്പിതരായിരിക്കണം. ബോംബുകള്‍ ഒരിക്കലും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയില്ലെന്നും മറിച്ച് പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സംഘര്‍ഷത്തിലേര്‍പ്പെടുന്ന കക്ഷികള്‍ ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. യൂറോപ്പില്‍ സംഭവിച്ചതിനാലാണ് ഉക്രെയിനിലെ യുദ്ധം തൊട്ടരുകിലാണ് നടക്കുന്നതെന്ന് നമുക്ക് തോന്നുന്നത്. എന്നാല്‍ യുദ്ധങ്ങള്‍ മാനവസമൂഹത്തെയാകെ ബാധിക്കുന്നുണ്ടെന്നും ദുരിതങ്ങള്‍ എല്ലായിടത്തും എത്തുന്നുമുണ്ടെന്നതും നമ്മള്‍ മറന്നുപോകരുത്, യമനും സിറിയയും കോംഗോയും ദക്ഷിണ സുഡാനും എത്യോപ്യയും മ്യാന്മാറും ഉദാഹരണങ്ങളാണ്.

ഭൗമഗ്രഹത്തിന്റെ പലയിടങ്ങളിലും ജനങ്ങള്‍ ഭക്ഷ്യദാരിദ്ര്യത്താല്‍ കഷ്ടപ്പെടുന്നുണ്ട്. അതിന് ഒരു പരിഹാരം കണ്ടെത്തുന്നതിന് പകരം പുതിയ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനും പുതിയവയെ വികസിപ്പിക്കാനുമാണ് അന്താരാഷ്ട്ര നേതാക്കള്‍ മടികൂടാതെ വ്യാപരിക്കുന്നതെന്നത് വിരോധാഭാസമാണ്. ആയുധനിര്‍മ്മാണമേലയില്‍ ധനം നിക്ഷേപിക്കുകയും തങ്ങളുടെ രാജ്യത്തിന്റെ സാമ്പത്തികഘടനയെ മാരകായുധങ്ങളുടെ വ്യാപാരവുമായി ബന്ധിപ്പിച്ച് പരിപാലിക്കുന്ന രാഷ്ടങ്ങളുണ്ട്. വത്തിക്കാന്‍ ഇപ്രകാരം ചെയ്യുന്നില്ലെങ്കിലും ചരിത്രപരമായിത്തന്നെ സാമ്പത്തിക നിക്ഷേപങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ ഏറ്റവും ലാഭകരമായ ഓഹരികള്‍ ആയുധോല്‍പാദന മേഖലയിലേതും ഗര്‍ഭച്ഛിദ്രത്തിനായുള്ള മരുന്നുകളുടെ ഉല്‍പാദനരംഗവുമാണെന്നത് നമുക്കറിയാം. ഇത് ആക്ഷേപകരമാണ്!

ഈശ്വരസൃഷ്ടമായ മാനവരാശിയുടെ ഭാവി നമ്മളുടെ തിരഞ്ഞെടുപ്പുകളാണ് നിര്‍ണ്ണയിക്കുന്നത്. മനുഷ്യര്‍ പരസ്പരം ആശ്ലേഷിതരായിരിക്കട്ടെ; സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ ആവട്ടെ; ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംവാദങ്ങളില്‍ ഏര്‍പ്പെടട്ടെ. അങ്ങനെ ആവുന്നില്ലെങ്കില്‍ മാനവരാശിയുടെ അന്ത്യമാവും സംഭവിക്കുക. മനുഷ്യരാശിയുടെ കാര്യത്തില്‍ ഞാന്‍ പ്രത്യാശാനിര്‍ഭരനാണ്. സ്വന്തം അബദ്ധങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും, മികവിലേക്ക് സ്വയം നവീകരിക്കാനും, നല്ല അനുഭവപാഠങ്ങള്‍ ഭാവി തലമുറകള്‍ക്ക് പകരാനും അവര്‍ക്ക് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്.

സ്വയം വിമര്‍ശനം സഭയ്ക്കുള്ളിലും സംഭവിക്കണം. അതിലൂടെ ദരിദ്രരെയും ദുര്‍ബലരെയും മുറിപ്പെടുത്താതെ മുന്നോട്ടുള്ള ചുവടുകള്‍ വയ്ക്കാനും നമുക്ക് കഴിയണം. ലൈംഗികമായ ദുര്‍വിനിയോഗത്തിന്റെ കാര്യവും ഈ അവസരത്തില്‍ ഞാന്‍ ഓര്‍ക്കുന്നു. സന്യാസികളും പുരോഹിതന്മാരും കൗമാരക്കാരെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന്റെ ഫലമായി എത്രയോപേര്‍ ദുരിതാനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്, എത്രയോപേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്! ഇതിന്റെയെല്ലാം ഇരകളായവരെക്കുറിച്ച് നമ്മള്‍ ചിന്തിക്കണം, അവരെ പിന്തുണയ്ക്കണം, സംരക്ഷകരെന്ന് കരുതി വിശ്വസിച്ചവരാണ് അവരെ പിന്നില്‍ നിന്നും കുത്തിയതെന്നത് നമ്മളോര്‍ക്കണം. സഭയുടെ ഉള്ളില്‍ നിന്നും സംഭവിച്ച ഈ പാപങ്ങള്‍ക്കും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കുമായി ഞാന്‍ വീണ്ടും മാപ്പപേക്ഷിക്കുന്നു. കരുണ കാണിക്കണമേയെന്ന് ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു. നിഷ്‌കളങ്കരായ കൗമാരക്കാരോട് ചെയ്ത പൈശാചികവും ഒരുവിധത്തിലും നീതീകരിക്കാനാവാത്തതുമായ അനീതി പൊറുക്കാന്‍ ദൈവപിതാവിനോട് പ്രാര്‍ഥിക്കുന്നു.
അമേരിക്കന്‍ ഐക്യനാടുകളിലും പശ്ചിമ യൂറോപ്പിലും അയര്‍ലണ്ടിലും മാള്‍ട്ടയിലും സ്‌പെയിനിലും ജര്‍മ്മനിയിലും ഇറ്റലിയിലും അന്വേഷണങ്ങളില്‍ പുറത്തുവന്ന ലൈംഗിക ചൂഷണങ്ങളെ ഞാനോര്‍ക്കുന്നു. ഈ മഹാമാരിക്കെതിരെ സകലശക്തിയോടും കൂടി സഭ പോരാടണം. കൗമാരക്കാരുടെ സംരക്ഷണത്തിനായി വത്തിക്കാനില്‍ രൂപീകൃതമായിട്ടുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെയും ലോകമെമ്പാടുമുള്ള രൂപതകളില്‍ ബന്ധപ്പെട്ട ബിഷപ്പുമാര്‍ ഏര്‍പ്പെടുത്തിയ സമിതികളുടെയും പ്രവര്‍ത്തന ഫലമായി പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കാം. ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികള്‍ സ്വീകരിക്കാനും അതിക്രമക്കാരെ അവര്‍ പുരോഹിതന്മാരായാലും സാധാരണ വിശ്വാസികളായാലും നിയമത്തിന് മുന്നിലെത്തിക്കാനും ചുമതലപ്പെട്ടവര്‍ ഉണ്ടാവണം. കുറ്റക്കാരെ ശിക്ഷിക്കാനായി വ്യവസ്ഥാപിത നിയമങ്ങള്‍ ഇന്ന് നിലവിലുള്ളതിനാല്‍ കോടതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ ശിക്ഷിക്കപ്പെടും. അവര്‍ക്ക് പ്രത്യേകപരിഗണനകളൊന്നും ലഭിക്കുകയില്ല. സഭയുടെ ആഭ്യന്തര ലോകത്ത് ഇനിയും അന്യായത്തിന്റെ ഭീകരതകള്‍ വേണ്ട! യേശുക്രിസ്തുവിന്റെ തിരുനാമത്തെ കളങ്കിതമാക്കുന്ന കുടിലതകള്‍ക്ക് വിരാമം!

മാനവരാശിയുടെ ഭാവിയെക്കുറിച്ചും അത് സഭയെ എപ്രകാരം ബാധിക്കും എന്നതിനെക്കുറിച്ചുമായിരുന്നല്ലോ ഞാന്‍ സംസാരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഈയിടെയായി വിശേഷിച്ച് ബെനഡിക്ട് പാപ്പായുടെ ചരിത്രപരമായ രാജിസമര്‍പ്പണത്തിന് ശേഷം ചിലര്‍ പാപ്പാസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ചും സന്ദേഹിതരാകുന്നുണ്ട്. ദൈവത്തിന് സ്തുതി, ഇതുവരെ രാജിവയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ എനിക്ക് കാരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഗുരുതരമായ ആരോഗ്യസംബന്ധിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ അങ്ങനെ ഒരു പോംവഴിയെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ എന്നതാണ് ഈ കാര്യത്തില്‍ എന്റെ ദൃഢമായ അഭിപ്രായം. ആര്‍ജവത്തോടുകൂടിത്തന്നെയാണ് ഞാനിത് പറയുന്നത്. ചില വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കക്കാരായ സഹ ഈശോസഭാ വൈദികരോട് പറഞ്ഞതുപോലെ പാപ്പാസ്ഥാനം ആയുഷ്‌കാലത്തേക്കുള്ളതാണെന്നാണ് എന്റെ വിശ്വസം. അതിനാല്‍ അത് ഒഴിയാനുള്ള യാതൊരുവിധ ന്യായീകരണങ്ങളും ഞാന്‍ കാണുന്നില്ല.

ആരോഗ്യസംബന്ധിയായ ഗുരുതരപ്രതിസന്ധി ഉയര്‍ന്നുവന്നാല്‍ സംഗതികള്‍ക്കെല്ലാം മാറ്റമുണ്ടാകും. അതിനാലാണ് പാപ്പാസ്ഥാനം ഏറ്റെടുക്കുന്നതിനൊപ്പം ഒപ്പുവച്ച ഒരു രാജിക്കത്ത് വത്തിക്കാന്‍ കാര്യാലയത്തിന് ഞാന്‍ കൈമാറിയിട്ടുള്ളത്. അപ്രകാരം സംഭവിക്കുകയാണെങ്കില്‍ മുന്‍ മാര്‍പ്പാപ്പാ എന്ന സ്ഥാനം ഞാന്‍ സ്വയം സ്വീകരിക്കുകയില്ല. അതിന് പകരം റോമാ ഭദ്രാസനത്തിന്റെ മുന്‍ മെത്രാന്‍ എന്ന പദവിയിലേക്ക് മാറി സാന്താ മരിയ മാഗിയോറി ബസലിക്കയില്‍ ഒരു കുമ്പസാരക്കാരനും രോഗികള്‍ക്ക് ദിവ്യകാരുണ്യം എത്തിക്കുന്ന ചുമതലക്കാരനുമായി സേവനം ചെയ്യാനുമാകും ഞാന്‍ പ്രിയപ്പെടുക.

എങ്കിലും ഞാന്‍ ആവര്‍ത്തിക്കട്ടെ, ഇത് വിദൂരമായ ഒരു സാധ്യത മാത്രമാണ്. രാജി വയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ വേണ്ടുന്ന ഗുരുതരമായ കാരണങ്ങളൊന്നും സത്യത്തില്‍ എനിക്കില്ല. ഒരിക്കല്‍ ഞാന്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ ചിലരെല്ലാം അങ്ങനെ പ്രതീക്ഷിച്ചിരിക്കാം. ആശുപത്രിയില്‍ നിന്നും പുറത്തുവന്നശേഷം ആ വിധമുള്ള ഒരു പ്രഖ്യാപനം ഞാന്‍ നടത്തിയേക്കുമെന്നും അവര്‍ കരുതിയിരിക്കാം. പക്ഷേ, ആ വിധമുള്ള സന്ദിഗ്ധാവസ്ഥകളൊന്നും അപ്പോള്‍ ഉണ്ടായിരുന്നില്ല. ദൈവത്തിന് സ്തുതി, നല്ല ആരോഗ്യനില ഞാന്‍ ആസ്വദിച്ചുകൊണ്ടേയിരിക്കുന്നു. ദൈവം അനുവദിച്ചാല്‍ ഇനിയും പലപദ്ധതികളും ഫലപൂര്‍ത്തിയില്‍ എത്തിക്കേണ്ടതുമുണ്ട്.

യാത്രപറച്ചിലുകളുടെ നേരമായിരിക്കുന്നു. ജീവിതം എന്ന് പേരുള്ള ഈ പുസ്തകം സമാപിപ്പിക്കേണ്ട നേരം. എന്റെയും നിങ്ങളുടെയും ജീവിതം, നമ്മുടെ ജീവിതം, മാനവരാശിയുടെ ജീവിതം. നിങ്ങള്‍ ഇപ്പോഴും ഇത് വായിച്ചുകൊണ്ടിരിക്കുകയാണ്. ദൈവപിതാവ് നമുക്ക് നല്‍കിയ ജീവിതം തിരഞ്ഞെടുപ്പുകളാലും, നേട്ടങ്ങളാലും അബദ്ധങ്ങളാലും ചിലപ്പോള്‍ വേദനയും ദുരിതവും പകര്‍ന്ന ഗുരുതരമായ അബദ്ധങ്ങളാലും നമ്മള്‍ ചെറിയ പടിപടികളായായി നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രകരണത്തില്‍ നമ്മള്‍ മറക്കാന്‍ പാടില്ലാത്ത ഒരു സുപ്രധാന കാര്യമുണ്ട്: നമ്മുടെ ജീവിതകഥയെ പുനര്‍വായനയ്ക്ക് വിധേയമാക്കുക എന്നതാണത്. നമ്മുടെ ജീവിതത്തെ ഓര്‍ത്തുവയ്ക്കാനും നമ്മളെ കേള്‍ക്കുന്നവര്‍ക്കായി എന്തെങ്കിലും പകര്‍ന്ന് നല്‍കാനും അത് നമ്മളെ പ്രാപ്തരാക്കും.

ജീവിക്കാന്‍ പഠിക്കുന്നതിനായി നമ്മളെല്ലാവരും സ്‌നേഹിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു. ഇത് നമ്മള്‍ ഒരിക്കലും മറക്കാതിരിക്കട്ടെ! ജീവിതത്തില്‍ നിന്നും പഠിക്കാവുന്ന ഏറ്റവും വിശിഷ്ഠമായ പാഠം അതാണ്. എന്തെന്നാല്‍ സ്‌നേഹം സകലത്തെയും കീഴടക്കുന്നു. സ്‌നേഹിച്ചുകൊണ്ട് അതിരുകളെ ഇല്ലാതാക്കാന്‍ നമുക്കാവും, പോരാട്ടങ്ങളില്‍ വിജയിക്കാനാവും, നിസ്സംഗതയെയും വെറുപ്പിനെയും പരാജയപ്പെടുത്താനാവും, നമ്മുടെ ഹൃദയങ്ങളെ അയവുള്ളതാക്കാനും പരിവര്‍ത്തിപ്പിക്കാനും കഴിയും. തിരികെ യാതൊന്നും ആവശ്യപ്പെടാതെ കുറ്റങ്ങളും കുറവുകളുള്ള നമുക്കായി കുരിശില്‍ സ്വയം ബലിയായ യേശുവിനെപ്പോലെ അയല്‍ക്കാരെ ഇളക്കാനും നമുക്ക് കഴിയും. നിസ്വാര്‍ഥമായ സ്‌നേഹത്തിന് ലോകത്തെ മാറ്റുവാന്‍ കഴിയും. ചരിത്രത്തിന്റെ ദിശയെത്തന്നെ മാറ്റാനാകും. അധികാരദാഹത്തിന് പകരം സ്‌നേഹവും പ്രാര്‍ഥനയും മനുഷ്യരെ പ്രചോദിപ്പിച്ചിരുന്നെങ്കില്‍ കഴിഞ്ഞ എണ്‍പത് വര്‍ഷത്തെ ചരിത്രത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ വ്യത്യസ്തമായി സംഭവിക്കുമായിരുന്നു. പ്രാര്‍ഥനയുടെ കാര്യം പറയുമ്പോള്‍, ലോകത്തിന് ഇനിയുമിനിയും പ്രാര്‍ഥനയുടെ ആവശ്യമുണ്ടെന്നതും നമുക്ക് ഓര്‍ത്തിരിക്കാം. നമ്മുടെ പ്രാര്‍ഥനകള്‍ പെരുകട്ടെ!

നിങ്ങളില്‍ നിന്നും ഒരു കാര്യം ഞാന്‍ ചോദിക്കുന്നു: എനിക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ മറക്കരുതേ! എനിക്കായി, എനിക്കെതിരായല്ല!