കവിതയ്ക്കുവേണ്ടി ജീവിതകാലം മുഴുവന്‍ വ്രതംനോറ്റ്, ഉപാസിച്ച മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ അസാധാരണ വ്യക്തിത്വത്തെക്കുറിച്ച് മകന്‍ രവീന്ദ്രന്‍ നായര്‍ എഴുതിയ അനുഭവവിവരണമാണ് 'കവിയച്ഛന്‍: പി. മകന്റെ ഓര്‍മകളില്‍'. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം...

To advertise here,

കൂടാളി ലോഡ്ജില്‍ ഞാന്‍ കഴിച്ചുകൂട്ടിയ ഒരു വര്‍ഷം എന്റെ ജീവിതത്തിലെ ഒരു പ്രധാന സംഭവമായിരുന്നു. അത് എന്നും ഓര്‍മിക്കുവാനും അയവിറക്കുവാനും നുണഞ്ഞുനുണഞ്ഞ് മാധുര്യം നുകരുവാനുമുള്ള ഒരു മധുരചഷകംതന്നെ. അച്ഛനും ഞാനും ഒരു ലോഡ്ജില്‍ ഒരുമിച്ചുകഴിഞ്ഞ വര്‍ഷമായിരുന്നു അത്. അച്ഛനെ ഏറ്റവും അടുത്തുനിന്ന് പഠിക്കുവാനും ജീവിതരീതികളും ശൈലികളും സ്വഭാവസവിശേഷതകളും മറ്റും മനസ്സിലാക്കുവാനും ഉള്ള അവസരമായിരുന്നു. ചിലപ്പോള്‍ അനിതരസാധാരണമായ ആ വ്യക്തിത്വത്തെ വളരെ വിസ്മയത്തോടെ നോക്കിനിന്നിട്ടുണ്ട്. സ്വന്തമായ ഒരു വ്യക്തിത്വം, സ്വന്തമായുണ്ടാക്കിയ പന്ഥാവ്. 

പഴയ ആചാരങ്ങളും മാമൂലുകളും അന്ധമായി അനുകരിക്കുക എന്നൊന്നില്ല. മറ്റുള്ളവരും പൂര്‍വികരും നടന്നുപോയ വഴികളിലൂടെയല്ല, സ്വന്തമായി വെട്ടിയുണ്ടാക്കിയ വഴികളിലൂടെ നടന്നുനീങ്ങിയ ആള്‍. ഒരുപാട് വ്യക്തിമൂല്യങ്ങള്‍ ഉണ്ടായിരുന്ന ആള്‍. സമഭാവന എന്ന ഗുണം, എല്ലാവരെയും എല്ലാറ്റിനെയും ഒരുപോലെ കാണുക. സര്‍വജീവജാലങ്ങളോടും ഭൂതാനുകമ്പയുണ്ടാവുക, പ്രകൃതിയിലെ സര്‍വജീവജാലങ്ങളും മനുഷ്യരെപ്പോലെതന്നെ ദൈവസൃഷ്ടികളാണെന്ന് കരുതുക, അവയ്ക്കൊക്കെ മനുഷ്യരുടെതുപോലുള്ള പരിഗണന കൊടുക്കുക. ഇങ്ങനെയിങ്ങനെ എന്തെല്ലാം മൂല്യങ്ങള്‍. അച്ഛന്‍ സാധാരണയായി കല്‍ക്കണ്ടവും ശര്‍ക്കരയും വാങ്ങിക്കൊണ്ടുവരാന്‍ പറയും. അതു പൊടിച്ച് ജനല്‍പ്പടിയില്‍ വിതറും, എറുമ്പുകള്‍ക്കുള്ളതാണ്. ഏത്തപ്പഴം വാങ്ങിവരാന്‍ പറയും, വഴിയില്‍ കാണുന്ന പശുക്കള്‍ക്കുള്ളതാണ്. പോക്കറ്റു നിറയെ നാണയത്തുട്ടുകളും നോട്ടുകളുമാണ്, സാമ്പത്തികമായി വിഷമമനുഭവിക്കുന്നവര്‍ കടന്നുവരുമ്പോള്‍ അവര്‍ക്കുള്ളതാണ്. വരുന്ന അതിഥികള്‍ക്കും അഗതികള്‍ക്കും വേണ്ടി സ്വന്തം ഭക്ഷണംപോലും ത്യജിക്കുക, ഇങ്ങനെ എന്തെല്ലാം. 

അന്നന്ന് കിട്ടുന്നതുകൊണ്ട് അന്നന്ന് കഴിഞ്ഞുകൂടുക. നാളേക്ക് കരുതിവെക്കാതിരിക്കുക. ചെറുപ്പത്തില്‍ വീട്ടില്‍ എത്ര സന്ന്യാസിമാരൊക്കെ വന്നിട്ടുണ്ട്. മുത്തശ്ശി വലിയ ശ്രീകൃഷ്ണഭക്തയായിരുന്നു. അതുകൊണ്ട് സന്ന്യാസിമാരൊക്കെ വലിയ മഹാത്മാക്കളാണെന്ന് പറഞ്ഞ് ആദരിക്കും. പക്ഷേ, അടുത്തുനിന്നു നോക്കുമ്പോള്‍ അധികം വ്യത്യസ്തതയൊന്നും തോന്നാറില്ല. എന്നാല്‍ അച്ഛന്‍ അങ്ങനെയല്ല. അതില്‍നിന്നുമെല്ലാം വ്യത്യസ്തത ഉള്ള ആള്‍. എന്തു ലളിതമായ ജീവിതം. എന്ത് ഉയര്‍ന്ന ചിന്താഗതികള്‍. ലോകമേ തറവാടായി ജീവിക്കുക. വസുധൈവകുടുംബകമായി കഴിയുക. 

ചുറ്റുപാടും കാണുന്ന കുട്ടികളോടൊക്കെ ഒരുപോലെ പെരുമാറുക... എന്തൊരു മഹത്ത്വം. ഇതൊക്കെ ഒരു മഹാത്മാവില്‍ മാത്രം കാണുന്ന സവിശേഷതകളാണ്. ആദ്യമാദ്യം എനിക്ക് ദുഃഖവും അസഹിഷ്ണുതയുമാണ് തോന്നിയതെങ്കില്‍ പിന്നീടെനിക്ക് അഭിമാനവും ആനന്ദവുമാണ് അനുഭവപ്പെട്ടത്. എന്റെ അച്ഛന്‍ എത്ര മഹാനാണ്. മറ്റെല്ലാം എനിക്കു നിഷേധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരു മഹാത്മാവിന്റെ സാമീപ്യംകൊണ്ടുതന്നെ ഞാന്‍ അനുഗൃഹീതനായല്ലോ. അടുത്തു നില്ക്കുന്ന കുട്ടികള്‍ക്കെല്ലാം മിഠായി കൊടുക്കുമ്പോള്‍ എനിക്ക് തരാതിരുന്നതില്‍ ആദ്യമാദ്യം ദുഃഖിച്ചിട്ടുണ്ട്. പിന്നെപ്പിന്നെ അതെന്നോടു കാണിച്ച ഒരു പ്രത്യേകതയായും ആ പ്രത്യേകത മറ്റൊരു സ്നേഹമായും എനിക്ക് തോന്നിയിട്ടുണ്ട്.

placeholder
പുസ്തകത്തിന്റെ കവര്‍ പേജ്‌

കൂടാളി സ്‌കൂളില്‍ ഗ്രാമപ്രദേശങ്ങളില്‍നിന്നും വരുന്ന ഒരുപാട് പാവപ്പെട്ട കുട്ടികളുണ്ടായിരുന്നു. ഉച്ചയ്ക്ക് അവര്‍ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. അച്ഛന്‍ അത്തരത്തിലുള്ള കുട്ടികളെ കണ്ടുപിടിക്കും. എന്നിട്ട് കാന്റീനില്‍ പോയി വല്ലതും കഴിച്ചുവരാന്‍ പറയും. അവരെ കൂട്ടിക്കൊണ്ടുപോവുന്നതും അച്ഛന്റെ പറ്റില്‍ എഴുതിക്കുന്നതും ഞാന്‍തന്നെയാണ്. ക്ലാസില്‍ അനുസരണക്കേട് കാണിക്കുന്ന കുട്ടികളെ അച്ഛന്‍ ശകാരിക്കുകയും അടിക്കുകയും ചെയ്യുമായിരുന്നു. ഉടനെ അതില്‍ പശ്ചാത്തപിക്കുകയും ഒരു പരിഹാരമെന്നോണം കാന്റീനില്‍ പോയി വല്ലതും കഴിച്ചുവരാന്‍ പറയുകയും ചെയ്യുമായിരുന്നു. കൂടാളിലോഡ്ജില്‍ താമസിക്കുമ്പോള്‍ കവി വി.വി.കെ. നമ്പ്യാര്‍ വരുമായിരുന്നു. റേഡിയോ കവിസമ്മേളനത്തിന് അവര്‍ പലപ്പോഴും ഒരുമിച്ച് പോകും. വി.വി.കെ. വളരെ സംഗീതാത്മകമായി കവിതകള്‍ ആലപിക്കുമായിരുന്നു. എല്ലാ അവധിദിവസങ്ങളിലും അച്ഛന്‍ യാത്രയിലായിരിക്കും. ഞാന്‍ മിക്കവാറും ലോഡ്ജില്‍ തനിച്ചും. 

കൂടാളിജീവിതം എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. എനിക്ക് കുറെ കാര്യവിവരവും ലോകപരിചയവും പക്വതയും വന്നത് അവിടെവെച്ചായിരുന്നു. എന്നെ ഒരന്തര്‍മുഖനാക്കിയതും സ്വാശ്രയത്വം ശീലിപ്പിച്ചതും അവിടംതന്നെ. അച്ഛന്റെ പരീക്ഷാപേപ്പറും കോമ്പോസിഷനും നോക്കിയത് ഞാനും ഉയര്‍ന്ന ക്ലാസിലെ ചില കുട്ടികളും ആയിരുന്നു. അമ്മ വന്നതിനുശേഷം അമ്മയും. കൂടാളി താമസിക്കുമ്പോള്‍ എലികളുടെ ഒരുപാടു ശല്യമുണ്ടായിരുന്നു. ഒരിക്കല്‍ അച്ഛന്റെ കുറെ പുതിയ പുസ്തകങ്ങളും ഖദര്‍മുണ്ടും എലി കത്രിച്ചുകളഞ്ഞു. പലരും പലതും ഉപദേശിച്ചു. എലിയെ വിഷംവെച്ചു കൊല്ലാനൊക്കെ പറഞ്ഞു. അച്ഛന്‍ അതിനൊന്നും തയ്യാറായില്ല. അവസാനം എലിയെ പിടിച്ച് കുറെ ദൂരെ കൊണ്ടുപോയി ഉപേക്ഷിക്കുവാന്‍ ഒരാളെ ഏല്പിച്ചു. അയാള്‍ കൊല്ലുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ എന്നെയും കൂടെ വിടുമായിരുന്നു.

ചില ദിവസങ്ങളില്‍ അച്ഛന്‍ ഒരു പീരിയഡ് നേരത്തേയൊക്കെ വരും. വന്നുകഴിഞ്ഞാല്‍ കതകു ചാരി കുറച്ചുസമയം കിടക്കും. ആരെങ്കിലും കാണാന്‍ വന്നാല്‍ കിടക്കുകയാണെന്നും നല്ല സുഖമില്ലായെന്നും പറയാന്‍ പറയും. കവിതയെഴുതാനുള്ള തയ്യാറെടുപ്പാണ്. ഏകാന്തതയുടെയും ശാന്തിയുടെയും നിശബ്ദതയുടെയും സമയം. അധികസംസാരമില്ല. രാത്രിയാകുമ്പോള്‍ കവിതയുടെ ഗംഗാപ്രവാഹത്തിനു സമയമാവും. ഒരു രാത്രികൊണ്ട് എത്രയെത്ര വരികളാണ് പിറവിയെടുക്കുന്നത്. എന്തൊരു ഉദാത്തമായ ഭാവനകളാണ്. പൂര്‍വജന്മാര്‍ജിത സംസ്‌കാരസന്തതികളുടെ അനുസ്യൂതമായ രംഗപ്രവേശം. ഹൃദയകമലത്തിലെ പരിമളത്തിന്റെ ബഹിര്‍ഗമനം. വീണ്ടും നിലവിളക്കില്‍ തിരികളെരിയും. ചന്ദനത്തിരിയുടെ സുഗന്ധം വ്യാപിക്കും. ചിലപ്പോള്‍ ഇഷ്ടദേവതകളെ വിളിക്കുന്നത് കേള്‍ക്കാം. 

അവളുടെ വരവിനു സമയമായി, സാക്ഷാല്‍ വാഗ്ദേവതയുടെ. കവി ഉത്കണ്ഠയോടെ കാത്തിരിക്കും. ചിലപ്പോള്‍ ഉന്മത്തനായതുപോലെ, ആനന്ദമൂര്‍ച്ഛയനുഭവിക്കും. ചിലപ്പോള്‍ കരയുന്നത് കേള്‍ക്കാം. അപ്പോഴേക്കും കവിതയുടെ ഗംഗാപ്രവാഹം തുടങ്ങും. എഴുതുന്ന കവിതയല്ല. ഒഴുകുന്ന കവിതയാണ് കവിത. ലോകം മറന്ന്, ദേഹം മറന്ന്, കവിയെയും ഒഴുക്കിക്കൊണ്ടു പോകുന്ന കവിത. അച്ഛന്‍ കവിതയെഴുതുമ്പോള്‍ ഞാന്‍ പരിസരത്തുതന്നെ ഉണ്ടാവണം. ജാഗരൂകനായിരിക്കണം. എപ്പോഴും വിളിക്കപ്പെടാം. ബീഡി, തീപ്പെട്ടി, മെഴുകുതിരി, മുറുക്കാന്‍പൊതി- പലതും വേണ്ടിവരാം. രണ്ടാമത് വിളിക്കാനിടവരരുത്. രാത്രി പത്തു മണിയായാല്‍ അച്ഛനെന്നോട് കിടന്നുകൊള്ളാന്‍ പറയും. ചിലപ്പോള്‍ ഭക്ഷണം അച്ഛനു പ്ലെയിറ്റില്‍ വിളമ്പിവെക്കാന്‍ പറയും; കഴിക്കുകയൊന്നുമില്ല. അച്ഛന്റെ കവിതകള്‍ മനസ്സിലായാലും ഇല്ലെങ്കിലും കുറെ പ്രാവശ്യം ഞാന്‍ വായിക്കും. കവിതകള്‍ അത്ര പെട്ടെന്നു മനസ്സിലാവുകയില്ല. ഒരു വര്‍ഷം അച്ഛന്റെ അടുത്ത് ഞാന്‍ കഴിച്ചുകൂട്ടി. 

placeholder
പി. കുഞ്ഞിരാമന്‍ നായരുടെ മകന്‍ രവീന്ദ്രന്‍ നായര്‍ | ഫോട്ടോ: കെ.കെ. പ്രവീണ്‍ 

പരീക്ഷ കഴിഞ്ഞു. സ്‌കൂള്‍ പൂട്ടി ഞാന്‍ ഒരുമിച്ച് താമസിക്കുന്നത് അച്ഛന്റെ യാത്രയ്ക്കും മറ്റും തടസ്സമാണെന്നു കരുതിയിട്ടോ എന്നെക്കൊണ്ട് അവിടെ ഉദ്ദേശിച്ച പ്രയോജനം ഇല്ലാത്തതുകൊണ്ടോ ആവാം അച്ഛന്‍ അടുത്ത വര്‍ഷം (51-52) എന്നെ കാഞ്ഞങ്ങാട് ദുര്‍ഗാഹൈസ്‌കൂളില്‍ Vth fomല്‍ ചേര്‍ത്തു. ദുര്‍ഗാഹൈസ്‌കൂളില്‍ അച്ഛന്‍തന്നെയാണ് എന്നെ കൊണ്ടുചേര്‍ത്തത്. ഹെഡ്മാസ്റ്റര്‍ സി.ആര്‍. കുഞ്ഞിരാമന്‍ നമ്പ്യാര്‍ അച്ഛന്റെ ഒരു ആരാധകനായിരുന്നു. പൊതുവാള്‍ മാഷ്, ഭട്ടതിരിമാഷ് എന്നിങ്ങനെ മറ്റുപലരും അവിടെ പരിചയക്കാരായിട്ടുണ്ടായിരുന്നു. എനിക്ക് ദുര്‍ഗാഹൈസ്‌കൂളിലും നല്ല സ്വീകരണമാണു കിട്ടിയത്. അധ്യാപകര്‍ക്കെല്ലാം എന്നെ വലിയ കാര്യമായിരുന്നു. ഹെഡ്മാസ്റ്റര്‍ ആദ്യവര്‍ഷംതന്നെ എന്നെക്കൊണ്ട് നാടകത്തില്‍ വേഷമെല്ലാം കെട്ടിച്ചു. എനിക്ക് മാനസികപ്രയാസം ഉണ്ടാക്കിയ കാര്യങ്ങളും ഉണ്ടായിരുന്നു. ഞങ്ങളുടെ ഇംഗ്ലീഷ് അധ്യാപകന്‍ ഞാന്‍ ഉത്തരം പറഞ്ഞില്ലെങ്കില്‍ ഇവന്‍ കവിസുതനല്ല, കപിസുതനാണെന്നു പറഞ്ഞ് കളിയാക്കും. 

മലയാളം അധ്യാപകന്‍ - ചിലപ്പോള്‍ ആദ്യം എന്നോടായിരിക്കും ചോദ്യം ചോദിക്കുക. ദുര്‍ഗാഹൈസ്‌കൂളില്‍ ഞാന്‍ പഠിക്കുവാന്‍ അത്ര പോര. ചിലതൊന്നും എനിക്കു പറയുവാന്‍ പറ്റുമായിരുന്നില്ല. അത് എന്നില്‍ ആത്മവിശ്വാസക്കുറവും സങ്കോചവും ഉണ്ടാക്കുമായിരുന്നു. പക്ഷേ, വീട്ടിലെ സ്ഥിതി വളരെ പരിതാപകരമായിരുന്നു. രാത്രി വായിക്കുവാനൊന്നും സൗകര്യമുണ്ടായിരുന്നില്ല. സന്ധ്യാനേരത്തെ നാമജപവും മുത്തശ്ശിയുടെയും അച്ഛന്റെയും കൃതികളുടെ പാരായണവും മറ്റും കഴിഞ്ഞ ഉടനെ ഭക്ഷണം കഴിച്ചു കിടക്കണമായിരുന്നു. മണ്ണെണ്ണയ്ക്ക് ക്ഷാമമുണ്ടായിരുന്ന കാലമായിരുന്നു. ഭക്ഷണം കഴിഞ്ഞാല്‍ അധികം ഇരിക്കാതെ വിളക്ക് കെടുത്തി ഉറങ്ങുക എന്നതായിരുന്നു പതിവ്. പകല്‍സമയത്ത് മുത്തശ്ശിയുടെ പൂജയ്ക്കും മറ്റും വേണ്ടുന്ന പൂക്കളും തുളസിയും സംഭരിക്കണം. അപ്പോള്‍ ക്ലാസില്‍നിന്നും കിട്ടുന്ന അറിവല്ലാതെ നമ്മള്‍ ഉണ്ടാക്കിയെടുക്കുന്ന മറ്റ് അറിവുകള്‍ കുറവായിരുന്നു. പക്ഷേ, ഈവക കാര്യങ്ങളൊക്കെ അച്ഛനെ എങ്ങനെ ബോധിപ്പിക്കും. ഉച്ചയ്ക്ക് ഭക്ഷണമോ മറ്റെന്തെങ്കിലുമോ കഴിക്കാത്തവര്‍ ഞങ്ങള്‍ കുറച്ചുപേരേ ഉണ്ടായിരുന്നുള്ളൂ. അധികം വിശക്കുമ്പോള്‍ മറ്റുള്ളവരില്‍നിന്ന് കടം മേടിക്കും. 

സമയത്തിന്, കടം വാങ്ങിയത് തിരിച്ചുകൊടുക്കാന്‍ പറ്റിയെന്നുവരില്ല. അപ്പോള്‍ കൂട്ടുകാരുടെ പരിഹാസവും ശകാരവും കേള്‍ക്കും. അതുകൊണ്ട് കടം വാങ്ങിക്കല്‍ നിര്‍ത്തിവെച്ചു. അന്‍പതുകളൊക്കെ, ഒരുതരത്തില്‍ പറഞ്ഞാല്‍ ദാരിദ്ര്യത്തിന്റെയും ഇല്ലായ്മയുടെയും ഒക്കെ കാലമായിരുന്നു. നാട് മുഴുവന്‍ അങ്ങനെയായിരുന്നു. റോഡുകള്‍ തീരേ കുറവായിരുന്നു. വാഹനങ്ങള്‍ ഇല്ല എന്നുതന്നെ പറയാം. ആകെ ഒന്നോ രണ്ടോ പാസഞ്ചര്‍വണ്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കടകളും ഉപയോഗ-ഉപഭോഗ സാധനങ്ങളും എല്ലാം കുറവായിരുന്നു. മഴക്കാലത്ത് ചില സ്ഥലങ്ങളില്‍ നീന്തിക്കടക്കേണ്ടിയിരുന്നു. സാധാരണ വീടുകളിലെല്ലാം വയറു നിറയെ ഭക്ഷണം കിട്ടുക എന്നതുപോലും കുറവായിരുന്നു. പച്ചക്കറികളും ധാന്യങ്ങളും ദുര്‍ലഭം. താള്‍, മത്തന്‍, കുമ്പളം തുടങ്ങിയവയുടെ തണ്ടുകളും ഇലകളും ആയിരുന്നു കറിവെക്കുവാന്‍ അധികവും. 

ഏകാദശി വരുവാന്‍ ഞങ്ങള്‍ കാത്തിരിക്കും. മുത്തശ്ശി ഏകാദശിവ്രതമെടുക്കും. അപ്പോള്‍ ചെറുപയര്‍ പുഴുക്കോ ശര്‍ക്കര ഇട്ടതോ ഒക്കെ ഉണ്ടാകും. അതിന്റെ ബാക്കി ഞങ്ങള്‍ക്ക് കിട്ടും. പരിപ്പ്, കടല, ഉരുളക്കിഴങ്ങ് തുടങ്ങിയവയൊക്കെ അപൂര്‍വവസ്തുക്കളായിരുന്നു. അച്ഛന്‍ രണ്ടാഴ്ചയ്ക്കൊരിക്കല്‍ അഥവാ ആഴ്ചതോറും ചില കാലങ്ങളില്‍ നാട്ടില്‍ വരും. വന്നാല്‍ ചന്ദനത്തിരി, കര്‍പ്പൂരം തുടങ്ങിയവ വാങ്ങിവരാന്‍ പറയും, മടിയന്‍കൂലോം ക്ഷേത്രത്തില്‍ പോകുമ്പോള്‍ എടുക്കാനുള്ളത്. അതില്‍ ബാക്കിവരുന്ന ചില്ലറപൈസ എന്നോട് എടുത്തുകൊള്ളാന്‍ പറയും. ഞാനായിട്ടൊന്നും ചോദിക്കാറേയില്ല. അധ്യാപകരുടെ മക്കള്‍ക്ക് ഫീസ് ഇളവുണ്ടായിരുന്നു. പൊന്മളനാട് വിട്ടതിനുശേഷം ഞങ്ങള്‍ക്ക് നാടുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു. എന്നാല്‍ കൊല്ലത്തിലൊരിക്കല്‍ അമ്മാമന്‍ ബാലകൃഷ്ണന്‍ വൈദ്യര്‍ വരും. ഞങ്ങളെ കാണും. കുട്ട്യേടത്തിയെ കാണും. തിരിച്ചുപോകും. അമ്മാമന്‍ വന്നാല്‍ രണ്ടുമൂന്നു ദിവസം തങ്ങും. കുന്നുമ്മല്‍ ഹോട്ടലിലേക്ക് എന്നെയും ചായ കുടിക്കാന്‍ കൊണ്ടുപോകും. പോകുമ്പോള്‍ കൈയില്‍ പോക്കറ്റ് മണിയും തരും. 

മുത്തച്ഛന്‍ മരിച്ചതിനുശേഷം ഞങ്ങള്‍ ഒറ്റപ്പെട്ടതുപോലെത്തന്നെയായിരുന്നു. അന്യനാട്ടില്‍നിന്നു വന്നവര്‍ മറ്റുള്ളവരുമായി കൂട്ടിയിണക്കേണ്ട അച്ഛനത്തരം കാര്യങ്ങളില്‍ ഒന്നും ശ്രദ്ധയും താത്പര്യവുമില്ല. അതുകൊണ്ട് വിവാഹത്തിനും മറ്റു സാമുദായികച്ചടങ്ങുകള്‍ക്കും ഞങ്ങള്‍ അധികം പോകുമായിരുന്നില്ല. സ്വന്തം സമുദായത്തിലെ ആളുകളുമായൊന്നും അധികം സമ്പര്‍ക്കമേ ഉണ്ടായിരുന്നില്ല. താരതമ്യേന മറ്റു ജാതിക്കാര്‍ സ്നേഹവും അടുപ്പവും നല്കിയിരുന്നു. എന്നെ പഠിപ്പിക്കുവാനും വേണ്ടുന്ന നിര്‍ദേശം തരുവാനും ആരുമുണ്ടായിരുന്നില്ല. അമ്മയ്ക്കാണെങ്കില്‍ എന്നും തിരക്കുതന്നെ. ഉച്ചയൂണു കഴിഞ്ഞാല്‍ മുത്തശ്ശിയുടെ സാഹിത്യകൃതികള്‍ കേട്ടെഴുതണം. ഭാഷാപരമായ സംശയങ്ങള്‍ തീര്‍ക്കണം. എത്ര പുസ്തകങ്ങളാണ് അമ്മ അങ്ങനെ എഴുതിയിരിക്കുന്നത്. അവയൊക്കെ എവിടെയാണ്? മുത്തശ്ശി രചിച്ച ആ സൃഷ്ടികളെല്ലാംതന്നെ ആധ്യാത്മികരംഗത്ത് വലിയ മുതല്‍ക്കൂട്ടാകുമായിരുന്നു. പദ്യത്തിലും ഗദ്യത്തിലുമുള്ള കൃതികള്‍.