എഴുത്തുകാരി പി. വത്സലയുടെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'കിളിക്കാലം'. പുസ്തകത്തിലെ 'പട്ടിണിയുടെ പുറപ്പാടുകാലം' എന്ന ഭാഗം വായിക്കാം...
വിവിധയിനം ധാന്യങ്ങള്‍ പല പാത്രങ്ങളില്‍ ചൊരിഞ്ഞ് കല്യാണിയമ്മ കല്ലും ചെളിക്കട്ടയും പെറുക്കാന്‍ തുടങ്ങി. മാലിന്യക്കൂമ്പാരം കൊണ്ട് അവര്‍ കണ്‍മുന്നില്‍ ഒരു കൂന തീര്‍ത്തു. ഓറഞ്ച്, മഞ്ഞ, പളുങ്ക്, കറുപ്പ്, തവിട്ട്, പിന്നെ കൊള്ളികള്‍, കമ്പുകള്‍, പല്ലിക്കാഷ്ഠം, എലിക്കാഷ്ഠം- ഇവയെല്ലാം കൂട്ടിച്ചേര്‍ത്ത് റേഷന്‍കടയിലൂടെ വരുന്നു. അളവ് കിറുകൃത്യം. അകത്ത് സങ്കരം, ഗോതമ്പ്, ചോളം, ബജ്ര, വൃത്തിയില്ലാത്ത അരി, പുഴുക്കല്‍, പച്ച. എല്ലാം പാറ്റിപ്പെറുക്കി വൃത്തിയാക്കി ഒരു രംഗനിരീക്ഷണം നടത്തി കല്യാണിയമ്മ അടുക്കളയിലേക്ക് നോക്കി ഉറക്കെ പറയുന്നു: ''അല്ല, പദ്മാവതീ ഇതാണോ കുട്ടികള്‍ക്ക് വെച്ചുവിളമ്പി കൊടുക്കാമ്പോണ്?''
''അതെങ്കിലത്. അവരുടച്ഛന്‍ പൊഴുതനനിന്നും വരുമ്പോ, ഒരു കുട്ടിച്ചാക്ക് അരിയെങ്കിലും കൊണ്ടുവരാതിരിക്കില്ല.''
അപ്പോഴും പൊഴുതനയില്‍ പുഴപ്പാലം പാതി പണിയിലാണത്രെ. അരീം സാമാനോം കടത്താന്‍ ചങ്ങാടവുമുണ്ടാവില്ല. അവിടെ കൊടും മഴ പെയ്യണൂന്ന്, ആങ്ങള പറഞ്ഞു. രാമന്‍കുട്ടി അമ്മാവന്‍ ഇന്നലെ വന്നിട്ടു പോയി. അദ്ദേഹം ഇപ്പോള്‍ മൈസൂരിലാണ് ജോലിചെയ്യുന്നത്. വരുമ്പോ ഒരു പെട്ടി ശര്‍ക്കര കൊണ്ടുവന്നു. ഓരോന്നിനും അര റാത്തല്‍ തൂക്കം. അങ്ങനെ രണ്ടടുക്ക്. പതിനാറെണ്ണം! വേണ്ടവര്‍ക്കൊക്കെ എങ്ങനെ എത്തിക്കും?
ചോറിന് ചോറുതന്നെ വേണം. അരി വെക്കണം. ചോളം കുത്തി ഉമീം തവിടും കളഞ്ഞാലും അത് അരിയോട് ചേരുമ്പഴ് മോരും മുതിരേം പോലെ വേറിട്ടല്ലോ നില്‍ക്ക്ണു. വെവ്വേറെ വേവിയ്ക്ക്യ, അങ്ങനെ പണി ഇരട്ടിക്കുന്നു. വിറക് ഇരട്ടിക്കുന്നു. വെള്ളവും. കെണറ് വറ്റി. ഇന്നുവരെ അടി കാണാമ്പറ്റീട്ടില്ലാത്ത കെണറ്!

അമ്മമാരുടെ സമയത്തിനും അന്നും ഇന്നും കണക്കെഴുത്തും വിലയുമില്ല. അമ്മ ഒരിക്കലും പരാതി പറഞ്ഞില്ല. പത്രം വായനയും സഞ്ജയന്‍ മാസികയും മാതൃഭൂമി ആഴ്ചപ്പതിപ്പും വായനയും അര്‍ധരാത്രിയിലേക്ക് മാറ്റി. മണ്ണെണ്ണ പാകത്തിന് വലുപ്പമുള്ള 'സ്വാന്‍' മഷിക്കുപ്പിയിലൊഴിച്ച് അടപ്പിന് തുളയിട്ട് തിരിയിട്ട് ഒരു ദീപം. കട്ടില്‍ക്കാലിന്മേല്‍ വയ്ക്കാന്‍ പാകം.
രാത്രി അമ്മയുടെയും ഞങ്ങളുടെയും മുറിക്കു മുന്‍പില്‍ കോണിച്ചോട്ടില്‍ കല്യാണിയമ്മ പായും കരിമ്പടവും പഴമുണ്ടും വിരിച്ചു. ഉറക്കത്തിലും ഓര്‍മിപ്പിച്ചു: ''വിളക്ക് തട്ടിമറിയേണ്ട.''
ഒരിക്കലും അതുണ്ടായില്ല, ഭാഗ്യത്തിന്. ഞങ്ങളുടെ കുപ്പിയിലെ എണ്ണ വറ്റുംവരെ അമ്മ വായിച്ചു. പുസ്തകം നെഞ്ചത്തു കമിഴ്ത്തി ഉറങ്ങി. ഒരുപക്ഷേ, നായികാനായകന്മാരെ സ്വപ്നംകണ്ടുകൊണ്ടായിരിക്കും മാധവന്‍പിള്ളയുടെ നോവല്‍ വായിച്ചത്. രമണന്‍ അമ്മയ്ക്ക് മനഃപാഠമായിരുന്നു.
പുലരുമ്പോള്‍ കണി കാണുക, ദൂരെ വെള്ളിപറമ്പില്‍നിന്നും കുറ്റിക്കാട്ടൂരില്‍നിന്നും കോവൂരുനിന്നും ചെലവൂരുനിന്നും ജാഥയായി വരുന്ന ഗ്രാമീണരെ. കുഞ്ഞുകുട്ടികളും അമ്മയോ മുത്തശ്ശിയോ കൂടെക്കാണും. കണ്ണുകാണാമ്പാടില്ലാതെ തിമിരം അടച്ചുകളഞ്ഞ വെള്ളക്കണ്ണുമായി പണിയില്ലാത്ത മധ്യവയസ്‌കരും ഉണ്ടാവും.
അവര്‍ക്ക് ചേടിമണ്ണു വേണംപോലും. പതിറ്റാണ്ടു മുന്‍പ് കിണറ്റാഴം തുരന്ന് മേലേയെത്തിച്ച് കൂനകൂട്ടിയത്. വീട് കിണറ്റില്‍നിന്ന് അകലെയാണ്. പിന്നെയവര്‍ക്ക് മറ്റുചിലതും വേണം. ഒരു കുടുംബത്തിന് ഒരു വീടും ചുമരുമേ കാണൂ. മിക്കവാറും എല്ലാ ഒഴിവുദിവസങ്ങളിലും അല്ലാതെയും അവര്‍ വേനലില്‍ വന്നുകൊണ്ടിരുന്നു.
''പത്മാവതീ, ചേടിക്കല്ല അവര് വര്ണത്. പള്ളകായ്ച്ചിട്ടാ!''
''അവര്‍ക്കെല്ലാം ഓരോ ചക്ക വേണം. അല്ലെങ്കില്‍ ഒരു മുറിയെങ്കിലും. ചേടി മറ്റൊരിക്കല്‍ മതി. അപൂര്‍വം ചിലര്‍ക്ക് വയനാടന്‍ ഇലച്ചായയോ ഒരുപിടി കാപ്പിക്കുരുവോ വേണം.''
''അതെല്ലാം കഴിഞ്ഞുപോയല്ലൊ!''
''എന്നാലൊരു പഴമുണ്ട്. പദ്മാവതി അമ്മയ്ക്ക് മുണ്ടുപെട്ടീല് കീറിയതും കറപറ്റിയതും മറ്റും കാണും.''
അതുമല്ലെങ്കില്‍ തിരിച്ചുപോകാന്‍ ഒരിറക്ക് കഞ്ഞിവെള്ളം.
''ചോളം ചേര്‍ത്ത ചോറിന്റെ കഞ്ഞി ഊറ്റിയതാണ്. ചൂടാ. വയറ്റിപ്പോക്കോ മറ്റോ വന്നാ എന്നെ കുറ്റംപറയരുത്.'' അമ്മ.
അങ്ങനെ വേവുന്ന കുന്നുകള്‍ക്കിടയില്‍ അമ്മയും കുട്ടികളും കല്യാണിയമ്മയും നിരവധി ആവശ്യക്കാരാല്‍ ഏകാന്തത വെടിഞ്ഞ് പേടിയില്ലാതെ കഴിഞ്ഞു.
അയല്‍വീടുകളെല്ലാം കുറച്ചകലെയാണ്. പഠാണി കൊള്ളക്കാര്‍ നാടു ചുറ്റുന്നുണ്ടെന്ന് ശ്രുതി. ഭയം തോന്നുമെങ്കിലും അമ്മ പറഞ്ഞു:
''ഇവിടെന്താ കൊള്ള ചെയ്യാനുള്ളത്! റേഷന്‍ കിട്ട്യേതും കുറെ വസ്ത്രവുമല്ലാതെ. പൊന്നിന്റെ ഒരു തരിയും ഇല്ല. താലിയല്ലാതെ.''
സത്യം കല്യാണിയമ്മയ്ക്കറിയാം: ''നീയും മക്കളും പേടിക്കേണ്ട പദ്മാവതീ, സ്‌കൂള് പൂട്ട്യാല്, മരുമക്കള് അവധിക്കു വരും. വീടു നിറച്ചും ആളായി.''
ഇപ്പറഞ്ഞതാണ് അമ്മയെ കൂടുതല്‍ ഭയപ്പെടുത്തുന്നത്. അവര്‍ക്കെല്ലാം സമയത്തിന് തിന്നാന്‍ എന്തെടുത്ത് കൊടുക്കും?
കുറേക്കാലം കല്യാണിയമ്മ, അമ്മയ്ക്ക് കാവല്‍ കിടന്നു.

പിന്നെയും പട്ടിണിക്കാലം വന്നു. അവര്‍ക്കു വേണ്ടി പ്ലാവുകള്‍ അടിമുടി കായ്ച്ചു. മാവുകള്‍ കായ്ച്ചു. കോമരത്തമ്മ അന്നും സമയത്തിനെത്തി. കഴുകിയുണക്കി മട്ടുകളഞ്ഞ ഈന്തിന്‍പരിപ്പുമായി. എന്നാല്‍, ഒളോര്‍മാമ്പഴം കൊണ്ടുവന്നില്ല.
മകന്റെ ഓര്‍മയ്ക്ക് മാവുവെട്ടി വിറകാക്കി അവര്‍ ചെറിയ അടുപ്പെരിയിച്ചുവെന്ന്!
മകന്‍ പോയി എന്ന ബോധ്യം അവരെ ശാന്തയാക്കി. ഞങ്ങളുടെ തലചീകി മെടഞ്ഞുതരുമ്പോള്‍ തനിക്കറിയാവുന്ന പഴമ്പാട്ടെല്ലാം മനോഹരമായിപ്പാടി. അപ്പോള്‍ ചങ്കിലെ കണ്ണീരിന്റെ ഈര്‍പ്പം ചെറുകമ്പനമുണ്ടാക്കി.
എന്നാല്‍ പോയ കൊല്ലം സംഭവിച്ച മരണം, സത്യന്റെ മുങ്ങിമരണം ഞങ്ങള്‍ക്ക് മറക്കാന്‍ കഴിഞ്ഞില്ല. ഒരു കുട്ടിയുടെ മരണത്തോടെ മറ്റാണ്‍മക്കളെയെല്ലാം അച്ഛന്‍പെങ്ങന്മാര്‍, തറവാട്ടിലേക്ക് വിടാതായി. വയസ്സായ മുത്തശ്ശിക്ക് ഞങ്ങളുടെയെല്ലാം ഉമ്മറത്തമ്മയ്ക്ക്, ഇനി കുട്ടികളെ മേയ്ക്കാന്‍ ശേഷിയില്ല.
ചരപ്പറമ്പിലൂടെ ഒരു കാറ്റ് പറന്നുപോയി. അച്ഛമ്മ പറഞ്ഞു: ''ചെന്ന് ചോറ് കഴിച്ചോ. അതിനു മുന്‍പേ ഒന്നു മേല് കഴുകിക്കോ. ഓന്‍ പോയി. ഇന്നിനി വര്ല്ല്യ. കുളിമുറീലടുപ്പില് വൈകുന്നേരം കാഞ്ഞുകിടക്കണ വെള്ളംണ്ട്.''
പിന്നെയും പലനാളുകളിലന്തിയില്‍ കൈതപ്പുലിയുടെ നിലവിളി. പാതിരാനേരത്ത് വസൂരിക്കാറ്റിനൊപ്പം പറന്നുവന്നു. മാലൂരുകുന്നിന്മേലേക്ക് ചൂളംകുത്തി പാഞ്ഞുപോയി. പറങ്കിമാവുകളുടെ പഴുത്തിലകള്‍ കരഞ്ഞുകൊഴിഞ്ഞു. ഉറക്കം മതിയാവാത്ത ഒരു രാത്രികൂടി.
വേനല്‍ക്കൊടുംചൂടില്‍ മനുഷ്യരെന്നല്ല, മൃഗങ്ങളും ഒരിടത്ത് കിടന്നുറങ്ങുന്നില്ല. പല്ലിളിച്ച് പേടിപ്പിച്ച് കടന്നുപോകുന്ന മേഘങ്ങള്‍ വാളുകള്‍ ചുഴറ്റി ശോഷിച്ചു നില്‍ക്കുന്ന തെങ്ങിന്‍കൂട്ടത്തിനപ്പുറം മറയുന്നു.
ഇനിയെന്നാണ് രാവുകള്‍ക്ക് സ്നേഹത്തിന്റെ തണുപ്പുണ്ടാവുക? നത്തുകള്‍ പാരിജാതവൃക്ഷങ്ങളുടെ കൂര്‍മിച്ച തലയ്ക്കു കീഴെ മരക്കൈയുകളിലിരുന്ന് മത്സരിച്ച് വഴക്കടിക്കുക? ആപല്‍ശബ്ദങ്ങളെല്ലാം പഴയകാലത്ത് പണിത ചുമരുകള്‍ക്ക് പുറത്താണ്. സ്നേഹച്ചൂടോടെ അച്ഛമ്മ, എന്റെ ജടകെട്ടിയ തലമുടിയിഴകളെ ചികഞ്ഞെടുത്ത് മിനുക്കുന്നു. മുറിക്കകത്തെ ഒരു മൂലയിലിരുന്ന് ഇളമ്പന്നി എന്ന ചെറുവെട്ടുകിളി പരിഹാസത്തിന്റെ നേര്‍ത്ത താളം രാവിയിടുന്നു. ഉറക്കത്തിലേക്ക്.
Content Highlights: P. Valsala memories kilikkalam excerpt
Published: 21 Nov 2024, 02:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented