അറുപതുകളിലെ ഇന്ത്യന്‍ റെയില്‍വേയിലെ അസംഘടിതരായ തൊഴിലാളികളെ ഒരു യൂണിയനുകീഴില്‍ അണിനിരത്തുന്നതില്‍ അഹോരാത്രം പ്രയത്‌നിച്ച തൊഴിലാളി നേതാവും ഇടതുപക്ഷ സഹയാത്രികനുമാണ് ഒ.എസ് ശ്രീനാഥ്. റെയില്‍വേ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ പ്രാരംഭഘട്ടങ്ങളും വളര്‍ച്ചാവികാസങ്ങളും ശ്രീനാഥിന്റെ ജീവിതയാത്രയുടെ കൂടി ഭാഗമാണ്. സമകാല രാഷ്ട്രീയവും സര്‍ക്കാര്‍ നയങ്ങളും തൊഴിലാളി ജീവിതവും അദ്ദേഹം തുറന്നുപറയുകയാണ് തന്റെ ആത്മകഥയായ 'പാളങ്ങള്‍ ചുവന്ന കാലം' എന്ന പുസ്‌കത്തിലൂടെ. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നിന്നും 'കമ്യൂണിസ്റ്റ് പാര്‍ട്ടി പിളരുന്നു' എന്ന അധ്യായം വായിക്കാം.
1962-ലെ ചൂടേറിയ തിരഞ്ഞെടുപ്പു കാലം. ഭഗത് സിങ്ങിന്റെ സഹയാത്രികനായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അജയഘോഷ് മരണമടഞ്ഞു. പകരം ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കണം. ഒരു കൂട്ടര്‍ എസ്.എ. ഡാങ്കേയുടെ പേര് നിര്‍ദ്ദേശിച്ചു. അതില്‍ പലര്‍ക്കും എതിര്‍പ്പുണ്ടായി. പ്രശ്നം സങ്കീര്‍ണമായി. ഒടുവില്‍ ഒരു അനുരഞ്ജന തീരുമാനം എന്ന നിലയില്‍ ഡാങ്കേയെ ചെയര്‍മാനും ഇ.എം.എസ്സിനെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഇ.എം.എസ്. അന്ന് രണ്ടു ഗ്രൂപ്പുകളില്‍നിന്നും അകന്ന് ഒരു മദ്ധ്യമമാര്‍ഗ്ഗത്തിന്റെ വക്താവായിരുന്നു. അതുകൊണ്ടുതന്നെ അജയഘോഷിനെ പോലെ രണ്ടു വിഭാഗത്തെയും ഒന്നിച്ചുനിര്‍ത്താന്‍ പരിശ്രമിക്കും എന്ന് മിക്കവരും കരുതി. പക്ഷേ, അധികനാള്‍ അങ്ങനെ തുടരാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.
1960-ല്‍ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ചൗ എന്‍ ലായ് നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഇന്ത്യ-ചൈന അതിര്‍ത്തിയായി കരുതിയിരുന്ന മക്മോഹന്‍ ലൈനിന്റെ സാധൂകരണം അവര്‍ ചോദ്യംചെയ്തു. ജമ്മു കാശ്മീരിലെ അക്സായ് ചില്‍ പ്രദേശങ്ങളിലും മക് മോഹന്‍ രേഖയുടെ തെക്കുവശമുള്ള 90,000 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശങ്ങളുടെ അവകാശമുന്നയിച്ച് തര്‍ക്കപ്രദേശത്ത് റോഡ് നിര്‍മ്മാണവും അവര്‍ തുടങ്ങി. അക്സായ് ചില്‍ ചൈനയുടെ സുരക്ഷിതത്വത്തിന് ഉതകുന്ന ഒരു മര്‍മ്മപ്രദേശമായി അവര്‍ കരുതി. എങ്ങനെയെങ്കിലും ആ പ്രദേശം കൈക്കലാക്കാമെന്നുറച്ച് 1962 ഒക്ടോബര്‍ 20ന് അതിര്‍ത്തിക്ക് കിഴക്കും പടിഞ്ഞാറും രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. അതിര്‍ത്തിപ്രദേശങ്ങളില്‍ സേനാവിന്യാസമുണ്ടായെങ്കിലും ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. കാന്‍ബെറാസ്, നാട്സ് ഹണ്ടേഴ്സ് മുതലായ യുദ്ധവിമാനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വ്യോമസേനയെ ഇന്ത്യ യുദ്ധത്തില്‍നിന്ന് ഒഴിച്ചുനിര്‍ത്തി. ഫലം ഇന്ത്യയ്ക്ക് തികച്ചും വിപരീതമായി. നിരവധി യോദ്ധാക്കളുടെ ജീവനും മറ്റു നഷ്ടങ്ങളുമുണ്ടായി.
രാജ്യരക്ഷാമന്ത്രി വി.കെ. കൃഷ്ണമേനോനെതിരായി കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. വലതുപക്ഷപാളയത്തില്‍നിന്നും കമ്യൂണിസ്റ്റുകാരെ വഞ്ചകരായും അഞ്ചാം പത്തികളായും മുദ്രകുത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തിയ വാദമുഖങ്ങള്‍ ഈ ആരോപണങ്ങള്‍ക്ക് അനുകൂലമായി. മക്മോഹന്‍ രേഖ കൊളോണിയല്‍ ശക്തിയുടെ സൃഷ്ടിയാണെന്നും അതിനു പരിപാവനത ഒന്നുമില്ലെന്നും അവര്‍ വാദിച്ചു. ഈ വാദഗതികള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരായ ആക്രമണത്തിനുള്ള വഴിതുറന്നു. ഇ.എം.എസ്. അടക്കമുള്ള നിരവധി നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റിലായി. ആക്രമണം മുഴുവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനെതിരെ. ശേഷിച്ചവര്‍ ചൈനീസ് ആക്രമണത്തെ അപലപിച്ചവര്‍, സി.പി.ഐയുടെ ഔദ്യോഗികവക്താക്കള്‍. ചൈനീസ് ആക്രമണം പാര്‍ട്ടിക്കുള്ളിലുണ്ടാക്കിയ പ്രതിസന്ധികള്‍ക്കിടയിലും ഗവണ്‍മെന്റിന്റെ ജനവിരുദ്ധനടപടികള്‍ക്കെതിരെ, അറസ്റ്റിലായ നേതാക്കന്മാരുടെ വിമോചനത്തിനായുള്ള ക്യാമ്പയിനുകള്‍ തുടര്‍ന്നു. ഇ.എം.എസ.് ആദ്യം വിമോചിതനായി. പിന്നാലെ മറ്റുള്ളവരും.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോണ്‍ഗ്രസ്സിനോടും ഇന്ത്യയില്‍ ബൂര്‍ഷ്വാസിയോടും സ്വീകരിക്കേണ്ട സമീപനം, ഇന്ത്യന്‍ വിപ്ലവത്തിന്റെ സ്വഭാവനിര്‍ണ്ണയം, സ്വീകരിക്കേണ്ട പാത മുതലായ കാര്യങ്ങളെ സംബന്ധിച്ച് നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ 1964 മാര്‍ച്ച് മാസത്തോടുകൂടി മറനീക്കി പുറത്തുവന്നു. അതിനു കാരണമായത് വളരെ നാടകീയമായ ഒരു സംഭവമായിരുന്നു. അതിന്റെ ഉപജ്ഞാതാവ് തമിഴ്നാട്ടില്‍നിന്നുള്ള ദേശീയ കൗണ്‍സില്‍ അംഗമായിരുന്ന ഉമാനാഥ്. തിരുച്ചിറപ്പിള്ളിയില്‍നിന്നും മദിരാശിയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയില്‍ തിരുച്ചിറപ്പിള്ളി റെയില്‍വേ സ്റ്റേഷനിലെ ബുക്സ്റ്റാളില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന കറന്റ് വാരികയിലെ ആദ്യത്തെ പേജില്‍ തന്നെ വെണ്ടയ്ക്ക അക്ഷരത്തിലുള്ള ഒരു വാര്‍ത്ത കാണുന്നു. ബോംബെയില്‍നിന്നും പ്രസിദ്ധീകരിക്കുന്ന കറന്റ് വാരിക തീവ്രമായ കമ്യൂണിസ്റ്റ് വിരുദ്ധ പ്രസിദ്ധീകരണമാണ്. ഡി.എഫ്. കാരക ആയിരുന്നു അതിന്റെ പത്രാധിപര്‍. ബോംബെയില്‍നിന്നുതന്നെ അച്ചടിച്ചിറങ്ങിയിരുന്ന, ആര്‍.കെ. കരഞ്ചിയ പത്രാധിപരായ ബ്ലിറ്റ്സ് ഇടതുപക്ഷചായ്വുള്ള വാരികയും.
1964 മാര്‍ച്ച് 7ന് കറന്റില്‍ വന്ന വാര്‍ത്ത സി.പി.ഐ. നേതാവിനെ കുറിച്ചായിരുന്നു. 1924-ല്‍ കാണ്‍പുര്‍ ഗൂഢാലോചന കേസില്‍ ശിക്ഷ അനുഭവിച്ച് ജയിലില്‍ കിടന്നിരുന്ന എസ്.എ. ഡാങ്കേ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ഏജന്റായി പ്രവര്‍ത്തിക്കാമെന്നും തന്നെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബ്രിട്ടീഷ് വൈസ്രോയിക്ക് അയച്ചു എന്നു പറയുന്ന ഒരു കത്തിന്റെ പകര്‍പ്പാണ് കറന്റ് വാരികയുടെ ഫ്രണ്ട് പേജില്‍തന്നെ അച്ചടിച്ചിരുന്നത്. തന്റെ കൈയില്‍ വാരിക എത്തിച്ചേര്‍ന്നതെങ്ങനെയെന്ന ഒരു കുറിപ്പോടുകൂടി ഉമാനാഥ് പ്രസ്തുത വാര്‍ത്തയുടെ ഒരു പകര്‍പ്പ് പാര്‍ട്ടിക്കുള്ളില്‍ വ്യാപകമായി വിതരണം നടത്തി.
യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയസമീപനങ്ങളിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍, കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ വര്‍ഗ്ഗസ്വഭാവത്തെക്കുറിച്ച് വിലയിരുത്തുന്നതിനുള്ള അഭിപ്രായവ്യത്യാസം, ഇന്ത്യന്‍ വിപ്ലവത്തിന്റെ സ്വഭാവനിര്‍ണയത്തെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസം, സഖ്യശക്തികളെ നിര്‍ണയിക്കുന്നതിലുണ്ടായ അഭിപ്രായവ്യത്യാസം ഇവയെല്ലാം അതിന്റെ പാരമ്യത്തിലെത്തിയ കാലമായിരുന്നു അത്.
ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളില്‍ക്കൂടിയാണ് ഇവയെല്ലാം തീരുമാനിക്കപ്പെടേണ്ടത്. എന്നാല്‍, അത്തരത്തിലുള്ള ഒരു ചര്‍ച്ച നിലവിലെ സാഹചര്യത്തില്‍ തങ്ങള്‍ക്കനുകൂലമാകില്ല എന്ന പാര്‍ട്ടിയുടെ ഔദ്യോഗികവിഭാഗത്തെ എതിര്‍ക്കുന്നവര്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. അതിനാല്‍ എന്താണ് പോംവഴി എന്നായി അവരുടെ ചിന്ത. അങ്ങനെയാണ് ഒരു കൃത്രിമലിഖിതത്തെ ആശ്രയിക്കുക എന്നതിലേക്ക് അവര്‍ എത്തിയത്. 1924-ല്‍ കാണ്‍പൂര്‍ ഗൂഢാലോചന കേസില്‍ ഒന്നാം പ്രതിയായി നാലു വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച സി.പി.ഐ. ചെയര്‍മാന്‍ എസ്.എ. ഡാങ്കേ, തന്നെ ജയിലില്‍നിന്ന് മോചിപ്പിക്കണം എന്നും അതിനു പ്രതിഫലമായി ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ഏജന്റായി പ്രവര്‍ത്തിച്ചുകൊള്ളാം എന്നും കാണിച്ച് ബ്രിട്ടീഷ് വൈസ്രോയിക്ക് അയച്ചതായി ഒരു കത്ത് അവര്‍ ചമച്ചുണ്ടാക്കുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് ഇത്തരം പല കത്തുകളും രാഷ്ട്രീയനേതാക്കളെ താറടിച്ചുകാണിക്കാന്‍ വേണ്ടി എതിരാളികള്‍ ചമച്ചുണ്ടാക്കിയിട്ടുണ്ട്. അതുപോലെ ഒരു കത്ത് ചമച്ചുണ്ടാക്കി, കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള നാഷണല്‍ ആര്‍കൈവ്സില്‍നിന്നും ഒരു ചരിത്രഗവേഷകന്‍ കണ്ടെടുത്ത ഒരു കഥയും കറന്റ് വാരിക പ്രസിദ്ധപ്പെടുത്തി. ദിവേന്ദ്ര നന്ദി എന്നായിരുന്നു അയാളുടെ പേര്. പിന്നീടൊരിക്കലും അയാളെപ്പറ്റി ആര്‍ക്കും അറിയാന്‍ കഴിഞ്ഞിട്ടില്ല. 1964 ഏപ്രില്‍ 11ന് ജണ്ടെവാലനിലുള്ള എ.ഐ.ടി.യു.സിയുടെ ഓഫീസ് ഓഡിറ്റോറിയത്തില്‍ സി.പി.ഐയുടെ നാഷണല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ ഡാങ്കേ അദ്ധ്യക്ഷനായിരുന്നു. കറന്റ് വാരികയില്‍ വന്ന വിവാദ കത്തും ഒരു അജണ്ട. കത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങുന്നതിനുമുമ്പ് ഡാങ്കേ ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്ന ആവശ്യമാണ് എതിര്‍ ഗ്രൂപ്പ് ഉന്നയിച്ചത്. താന്‍ കുറ്റക്കാരനെന്നു തെളിയിക്കാതെ ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്ന പ്രശ്നമില്ലെന്നു ഡാങ്കേ തറപ്പിച്ചുപറഞ്ഞു. ഈ ആവശ്യം ഉന്നയിച്ചത് ഇ.എം.എസ്. ആയിരുന്നു. ഡാങ്കേയുടെ പ്രതികരണം വന്നപ്പോള്‍ നിറഞ്ഞ നിശ്ശബ്ദത. അത് കണ്ടു വീണ്ടും ഇ.എം.എസ്. എഴുന്നേറ്റ് തന്റെ ആവശ്യം ആവര്‍ത്തിച്ച് ഇരിപ്പിടത്തില്‍ ഇരുന്നു. വീണ്ടും നിശ്ശബ്ദത. ഇ.എം.എസ്. വീണ്ടും എഴുന്നേല്‍ക്കുന്നു.
'വേറെ ആരും ഇല്ലേ' എന്ന് ഡാങ്കേയുടെ ചോദ്യം. ഇ.എം.എസ്. എഴുന്നേറ്റ് പുറത്തേക്കു നടന്നു. 31 പേര്‍ പിറകെ, ഔദ്യോഗികനയങ്ങളുമായി വിയോജിച്ചിരുന്നവര്‍ എന്നെന്നേക്കുമായി പാര്‍ട്ടിയില്‍നിന്നിറങ്ങിപ്പോയി.
കറന്റ് വാരിക പ്രസിദ്ധപ്പെടുത്തിയ കത്തിനെക്കുറിച്ച് 'തിരുത്തല്‍ വാദത്തിനെതിരെ' എന്ന പേരില്‍ 1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ ഏഴു വരെ സി.പി.ഐയുടെ ഏഴാം കോണ്‍ഗ്രസ് എന്ന പേരില്‍ സി.പി.ഐയില്‍ നിന്ന വിഭാഗം കല്‍ക്കത്തയില്‍ ചേര്‍ന്ന സമ്മേളനം അംഗീകരിച്ച രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു:
'കുറച്ചു നാളുകള്‍ക്കു മുമ്പുതന്നെ ഇതേയാള്‍ ഈ കത്തുകളുടെ സൈക്ലോസ്റ്റൈല്‍ ചെയ്ത കോപ്പികള്‍ ഞങ്ങളുടെ കൈയിലെത്തിച്ചശേഷം ഒരുപക്ഷേ കറന്റ് വാരികയ്ക്ക് നല്‍കിയതാവാം. ഞങ്ങള്‍ സെക്രട്ടറിയേറ്റിലോ സെന്‍ട്രല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയിലോ ഇക്കാര്യം ഉന്നയിക്കുകയുണ്ടായില്ല. ഈ പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് നാഷണല്‍ ആര്‍കൈവ്സില്‍ പരിശോധിച്ച് ഉറപ്പുവരുത്തി അത്തരത്തിലൊരു കത്ത് നിലവിലുണ്ടെങ്കില്‍ അതിന്റെ ഒരു സര്‍ട്ടിഫൈഡ് കോപ്പി ലഭിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ഞങ്ങള്‍ കരുതി. ഞങ്ങള്‍ക്കു വേണ്ടി ഒരു സഖാവ് ഇക്കാര്യത്തില്‍ നിജസ്ഥിതി അറിയുന്നതിനായി ആര്‍കൈവ്സുമായി ബന്ധപ്പെട്ട് വര്‍ത്തിക്കുകയും ഡാങ്കേയുടെ സ്വന്തം കൈപ്പടയില്‍ അത്തരത്തിലുള്ള ഒരു കത്ത് ഫയലിലുള്ളതായി കാണുകയും അതിന്റെ സര്‍ട്ടിഫൈഡ് കോപ്പിക്കായി അപേക്ഷിക്കുകയും ചെയ്തു. അതു ലഭിക്കുന്നതിനുള്ള നടപടികള്‍ക്കിടയിലാണ് അതേ കാര്യങ്ങള്‍ കറന്റ് വാരികയില്‍ പ്രസിദ്ധീകരിച്ചു വന്നത്.'
ഡാങ്കേ എഴുതി എന്ന് പറയപ്പെടുന്ന കത്തുകള്‍ കറന്റ് വാരികയില്‍ പ്രസിദ്ധപ്പെടുത്തുന്നതിനു വളരെ മുമ്പുതന്നെ വിയോജനഗ്രൂപ്പിന്റെ കൈയില്‍ ലഭിച്ചിരുന്നുവെന്നും അത് ഗവേഷകവിദ്യാര്‍ത്ഥി തന്നെ അവര്‍ക്ക് അയച്ചുകൊടുത്തതാകാമെന്നും അവര്‍ തന്നെ സമ്മതിക്കുന്നു. 40 വര്‍ഷമായി നേതൃനിരയില്‍ കൂടെ പ്രവര്‍ത്തിച്ച് നിരവധി സമരങ്ങളില്‍ പങ്കെടുക്കുകയും പലവുരു ജയില്‍വാസമനുഭവിക്കുകയും ചെയ്ത ഒരു സഖാവിനെപ്പറ്റി അറിഞ്ഞില്ല എന്നു പറയുമ്പോള്‍ വിപ്ലവകാരികള്‍ക്കുണ്ടാവേണ്ട നിതാന്ത ജാഗ്രതയില്‍നിന്ന് അവര്‍ വഴുതിമാറി എന്നര്‍ത്ഥം. അതുപോലെ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകള്‍, ജനാധിപത്യകേന്ദ്രീകരണം മുതലായ കമ്യൂണിസ്റ്റ് ശൈലികളും കൈവിട്ടുപോയി.
ദിവേന്ദ്ര നന്ദി എന്ന സാങ്കല്‍പ്പിക റിസര്‍ച്ച് വിദ്യാര്‍ത്ഥിയും ഡാങ്കേയുടെ കത്തുകളും അതിന്റെ നാടകീയമായ അവതരണവുമെല്ലാം തെറ്റായ രാഷ്ട്രീയനയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വൃഥാവിലാകുന്നതില്‍നിന്ന് ഉടലെടുത്ത നിരാശകൊണ്ടും എങ്ങനെയെങ്കിലും പുറത്തുചാടി തങ്ങളുടെ നയങ്ങളുമായി മുന്നോട്ടുപോകാനുള്ള വ്യഗ്രതകൊണ്ടുമാണ് എന്നത് വളരെ വ്യക്തമാണ്. കത്തിന്റെ സര്‍ട്ടിഫൈഡ് കോപ്പി വാങ്ങാനുള്ള നടപടി ഉപേക്ഷിച്ചതും ഈ സംശയങ്ങളെ ബലപ്പെടുത്തുന്നു.
ബൂര്‍ഷ്വാ ചരിത്രകാരന്മാരെപ്പറ്റി കാറല്‍ മാര്‍ക്സ് പറഞ്ഞത് ചരിത്രത്തെ വളച്ചൊടിക്കുന്ന കാപാലികര്‍ എന്നാണ്. അദ്ദേഹത്തിന്റെ അപദാനങ്ങള്‍ക്ക് സ്വന്തം ശിഷ്യഗണങ്ങളില്‍ ഒരു വിഭാഗം അര്‍ഹരായിരിക്കുന്നു. ഡാങ്കേയുടെ വിവാദപരമായ കത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ സി.പി.ഐ. ഒരു കമ്മീഷനെ നിയോഗിച്ചു. ഭൂപേഷ് ഗുപ്ത, എസ്.എസ്. ജോഷി, ഹിരണ്‍ മുഖര്‍ജി എന്നിവര്‍ അംഗങ്ങള്‍. കത്ത് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് കണ്ടെത്തി. രഹസ്യസ്വഭാവമുള്ള ഇവരുടെ റിപ്പോര്‍ട്ട് ടൈപ്പ് ചെയ്തു കൊടുക്കേണ്ട ഉത്തരവാദിത്വം എന്നില്‍ അര്‍പ്പിതമായി.
ഏപ്രില്‍ 11ന് നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയവര്‍ ജൂലായ് മാസത്തില്‍ ആന്ധ്രപ്രദേശിലെ തെന്നാലിയില്‍ യോഗം ചേര്‍ന്ന് പി സുന്ദരയ്യയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തുകൊണ്ട് ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുകയും പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)യായി രൂപാന്തരപ്പെടുകയും ചെയ്തു.
1964 ഏപ്രില്‍ 11ലെ ഇറങ്ങിപ്പോക്ക് എ.ഐ.ടി.യു.സി. ഓഫീസ് ഹാളിന് വെളിയില്‍ എ.ഐ.ടി.യു.സി., ന്യൂ ഏജ് സ്റ്റാഫ് അംഗങ്ങളായ സഖാക്കളോടൊപ്പം നിന്നു കാണുകയായിരുന്നു ഞാന്‍. പീപ്പിള്‍സ് പബ്ലിഷിങ് ഹൗസിന്റെ ടെറസില്‍ എ.ഐ.ടി.യു.സി. ഓഫീസിനു മുന്‍വശം തുറന്ന ടെറസ്സാണ്. വലതുഭാഗം കോണ്‍ഫറന്‍സ് ഹാള്‍. ചുറ്റും ഗ്ലാസിട്ട, അലുമിനിയം പാനല്‍കൊണ്ട് ഉണ്ടാക്കിയത്. അകത്തു നടക്കുന്നതെല്ലാം പുറത്തുനിന്ന് കാണാം. അതൊരു നിമിത്തമായാണ് ഇപ്പോള്‍ തോന്നുന്നത്.
ഇത്രയും വിശദമായ ഒരു വിശകലനത്തിന്റെ ആവശ്യം എന്തായിരുന്നു? ഒരു ശരിയായ രാഷ്ട്രീയനയം ആവിഷ്‌കരിക്കുന്നതിലും അനുവര്‍ത്തിക്കുന്നതിലും വര്‍ഷങ്ങള്‍ നീണ്ടുനിന്ന ചാഞ്ചാട്ടങ്ങളുടെ ഫലമായി പാര്‍ട്ടി നല്‍കിയ വമ്പിച്ച വില, നൂറുകണക്കിനു പ്രവര്‍ത്തകര്‍ക്കുണ്ടായ ജീവനാശം, സാമ്പത്തികനഷ്ടം ഇവയെല്ലാം ഒരു പരിധിവരെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബഹുജനസംഘടനകളിലും ട്രേഡ് യൂണിയനുകളിലും പ്രതിഫലിച്ചു. ട്രേഡ് യൂണിയന്‍ ഐക്യം, തൊഴിലാളി ഐക്യം എന്ന മുദ്രാവാക്യങ്ങള്‍ മാത്രമുണ്ടായാല്‍ പോര, ട്രേഡ് യൂണിയനുകള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പുലര്‍ത്തുന്ന തൊഴിലാളികളെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, പൊതുവേ സ്വീകാര്യമായ പൊതുനയങ്ങള്‍ മാത്രം ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ജനാധിപത്യ സ്ഥാപനങ്ങളായി മാറണം. തീരുമാനമെടുക്കുമ്പോള്‍ മുന്‍തൂക്കം വ്യവസായത്തിന്റെയും തൊഴിലാളികളുടെയും താത്പര്യത്തിനാവണം. അതിലുണ്ടായ വീഴ്ചയുടെ ഫലമായി റെയില്‍വേ ട്രേഡ് യൂണിയന്‍ രംഗത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായിരുന്ന മേല്‍ക്കോയ്മ പടിപടിയായി ക്ഷയിച്ചുവന്നു. ഇന്ന് സി.ഐ.ടിയുവുമായി അഫിലിയേറ്റ് ചെയ്ത ഒന്നു രണ്ടു റെയില്‍വേ യൂണിയനുകള്‍ ഉണ്ട്. പക്ഷേ എന്തു കാര്യം? റെയില്‍വേ തൊഴിലാളിരംഗത്ത് അഖിലേന്ത്യാതലത്തില്‍ നിഷ്പ്രഭമാണ്.
Content Highlights: os sreenath autobiography palangal chuvannakalam excerpts
Published: 19 May 2025, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented