മനുഷ്യരാശി നേരിടുന്ന ലഹരി എന്ന മാരകവിപത്തിനെക്കുറിച്ച് ശാസ്ത്രീയമായ അവബോധം നൽകുന്ന പഠനഗ്രന്ഥമാണ് പ്രൊഫ. പങ്കജാക്ഷി രാജഗോപാൽ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'നാർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്.' ലഹരിയുപയോഗം കാരണം സംഭവിക്കാനിടയുള്ള വിവിധ ശാരീരിക മാനസിക പ്രശ്നങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുകയും അതിൽനിന്ന് പുറത്തുകടക്കാനുള്ള പ്രായോഗിക മാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്ന പുസ്തകത്തിൽ നിന്നും നിശാക്ലബ്ബുകളിലെ ലഹരി ഒഴുക്കിനെക്കുറിച്ച് ചർച്ച ചെയ്യുന്ന അധ്യായം വായിക്കാം...

To advertise here,

നിശാക്ലബ്ബുകളില്‍ പങ്കെടുക്കുന്നവരില്‍ ചിലര്‍ വിവിധതരം ലഹരിവസ്തുക്കള്‍ ഉപയോഗിക്കാറുണ്ട്. ഉച്ചത്തില്‍ പ്രക്ഷേപണം ചെയ്യപ്പെടുന്ന, മ്യൂസിക്കും 
ഫ്ളാഷ്ലൈറ്റുകളും സൃഷ്ടിക്കുന്ന പ്രത്യേക അന്തരീക്ഷത്തില്‍ ലഹരിവസ്തുക്കള്‍ക്ക് വളരെ പ്രാധാന്യം നല്‍കപ്പെടുന്നു. ഇത്തരം ലഹരി വസ്തുക്കളെ ക്ലബ്ബ് ഡ്രഗ്ഗുകള്‍ എന്നു വിളിക്കപ്പെടുന്നു. ഇവ അഡിക്ഷന്‍ ഉണ്ടാക്കുന്നവയും ആരോഗ്യത്തിന് ഹാനികരവുമായിരിക്കും. ഇവ ഓവര്‍ ഡോസായി കഴിക്കുന്നതും പതിവാണ്. കൊക്കൈന്‍, എല്‍.എസ്.ഡി, കീറ്റാമൈന്‍, റോഹിപ്നോള്‍, ജി.എച്ച്.ബി. (ഗാമാ ഹൈഡ്രോക്സി ബൂട്ടിറേറ്റ്), എം.ഡി.എം.എ. എന്നിവയാണ് പ്രധാന ക്ലബ്ബ് ഡ്രഗ്സ്.

ഇന്ത്യയില്‍ മുംബൈ, ഡല്‍ഹി, ഗോവ, പുണെ, അഹമ്മദാബാദ്, കല്‍ക്കട്ട, കൊച്ചി എന്നിവിടങ്ങളിലെ നൈറ്റ് ക്ലബ്ബുകളില്‍ ലഹരി ഉപയോഗം വലിയ തോതില്‍ നടക്കുന്നു എന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് ദേശീയ സര്‍വ്വേ ഇതുവരെ നടത്തിയിട്ടില്ല എന്നതും ആശങ്കാജനകമാണ്.

റോഹിപ്നോള്‍ ഒഴികെയുള്ള മറ്റു ക്ലബ്ബ് ഡ്രഗ്ഗുകള്‍ക്ക് മറുമരുന്നില്ലായെന്നതും ശ്രദ്ധിക്കണം. ഇന്ത്യയില്‍ പ്രചാരത്തിലുള്ള പ്രധാന ക്ലബ്ബ് ഡ്രഗ്ഗുകളെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കാം.

കീറ്റാമൈന്‍ (Ketamine)

മനസ്സിന്റെ സ്ഥിരതയെ ബാധിക്കുന്ന ഒരു ലഹരിവസ്തുവാണ് കീറ്റാമൈന്‍. ഇത് ദ്രവരൂപത്തിലും വെളുത്ത പൊടിയായും മൂക്കിലൂടെ വലിക്കാന്‍ പറ്റിയ 
സ്പ്രേ ആയും ലഭിക്കും. അനസ്തെറ്റിക്കായി (anesthetic) ഉപയോഗിച്ചിരുന്ന കീറ്റാമൈന്‍ ക്ഷീണവും വിരസതയും അകറ്റാന്‍ പ്രയോജനകരമാണ്.
മാനസികനിലയെ മാറ്റിമറിക്കുന്ന സ്വഭാവമുള്ളതുകൊണ്ടാണ് കീറ്റാമൈന്‍ മയക്കുമരുന്നായി ഉപയോഗിക്കപ്പെട്ടുതുടങ്ങിയത്. മയക്കുമരുന്നുവിപണിയില്‍ കിറ്റ്ക്യാറ്റ്, വിറ്റാമിന്‍ കെ., സ്പെഷ്യല്‍ കെ എന്നിങ്ങനെ പല പേരുകളിലും കീറ്റാമൈന്‍ അറിയപ്പെടുന്നു. ഇതിന്റെ ഉപയോഗംമൂലം കാണുന്ന കാഴ്ചകളും, കേള്‍ക്കുന്ന ശബ്ദങ്ങളും വികൃതമായി അനുഭവപ്പെടുകയും ചറ്റുപാടുകളില്‍നിന്നും സ്വന്തം മാനസികനിലയില്‍നിന്നും വേര്‍പെടുകയും ചെയ്യുന്ന വിചിത്രാനുഭവങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ഇത്തരം അവസ്ഥയുണ്ടാക്കുന്ന ലഹരിവസ്തുക്കളെ ഡിസോസിയേറ്റീവ്സ് (disosciatives) എന്നാണ് വിളിക്കപ്പെടുന്നത്.

മസ്തിഷ്‌കത്തില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവുമൂലം കീറ്റാമൈന്‍ മാനസിക പ്രശ്നങ്ങള്‍ക്കും വിഷാദത്തിനും ആത്മഹത്യാപ്രവണതയ്ക്കും മരുന്നായി ഉപയോഗിക്കുന്നത് സാധാരണമാണ്. കഴിച്ചാല്‍ വളരെ പെട്ടെന്നു പ്രവര്‍ത്തനം തുടങ്ങുന്ന കീറ്റാമൈന്‍ മൂന്നു മണിക്കൂറോളം ശരീരത്തില്‍ തങ്ങിനില്‍ക്കുകയും ഒടുവില്‍ മൂത്രത്തിലൂടെ വിസര്‍ജ്ജിക്കപ്പെടുകയും ചെയ്യും.

മയക്കുമരുന്ന് ഉപയോഗിക്കുമ്പോള്‍

മായാദൃശ്യങ്ങള്‍ (hallucination) അനുഭവത്തില്‍ വരുത്താനുള്ള കീറ്റാമൈനിന്റെ കഴിവുമൂലം ഇത് ലഹരിമരുന്നായി വളരെയധികം ഉപയോഗിക്കപ്പെടുന്നു. ലൈംഗികപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ ഡേറ്റ് റേപ്പ് ഡ്രഗ് (date rape drug) ആയും ഇപ്പോള്‍ ഇത് വളരെ കുപ്രസിദ്ധി ആര്‍ജ്ജിച്ചു. കൊക്കൈന്‍, എം.ഡി.എം.എ. (M.D.M.A.), ആംഫിറ്റാമൈന്‍ എന്നിവയുമായി കലര്‍ത്തി ഉപയോഗിക്കുന്നത് പലപ്പോഴും അപകടകരമാവാറുണ്ട്.

കീറ്റാമൈന്‍ ഉപയോഗിക്കുമ്പോള്‍ അന്തരീക്ഷത്തിലൂടെ ഒഴുകിനടക്കുന്ന അനുഭവമുണ്ടാകും. ഇതിനു പുറമേ ശക്തമായ ഉത്തേജനവും മായാദൃശ്യങ്ങളും അനുഭവത്തില്‍ വരുകയും ചെയ്യും. ഉയര്‍ന്ന ഡോസില്‍ കഴിക്കാനിടയായാല്‍ ശ്വാസഗതി അപായകരമാകുംവിധം മന്ദഗതിയിലാവും. മസില്‍പിടുത്തം, ബലക്ഷയം, മന്ദത, ബാലന്‍സ് ചെയ്തു നില്‍ക്കാന്‍ പ്രയാസം, മനോവിഭ്രമം, സംഭ്രാന്തി, കാഴ്ചത്തകരാറുകള്‍, അവ്യക്തമായ സംസാരം, മനംപുരട്ടല്‍, ഛര്‍ദ്ദി എന്നീ അസ്വസ്ഥതകളോടൊപ്പം വല്ലാത്ത ആശയക്കുഴപ്പവുമുണ്ടാവാറുണ്ട്.

ദുരുപയോഗം ചെയ്യുന്നവര്‍ പലപ്പോഴും വളരെ കൂടിയ അളവില്‍ ഇത് ഉപയോഗിക്കാനിടയുണ്ട്. സാധാരണ ഇന്‍ജക്ഷനായും (75-125 മി.ഗ്രാം), ഇന്‍ട്രാ വീനസ് ഇന്‍ജക്ഷനായും (50-100 മി.ഗ്രാം), മൂക്കിലൂടെ ശ്വസിക്കാനുമാണ് (60-250 മി.ഗ്രാം), വായിലൂടെ കഴിക്കാനും (200-300 മി. ഗ്രാം) കീറ്റാമൈന്‍ സാധാരണ ഉപയോഗിക്കുന്നത്. ഔഷധാവശ്യങ്ങള്‍ക്കാണ് ഈ അളവില്‍ പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍, ദുരുപയോഗം ചെയ്യുമ്പോള്‍ ഇതിലും വളരെക്കൂടിയ അളവില്‍ ഉപയോഗിക്കാറാണ് പതിവ്. ശക്തമായ മായാദൃശ്യങ്ങളും ബോധക്ഷയവും ക്ഷീണവും ഉണ്ടാവാന്‍ ഇതു കാരണമാവും. പലപ്പോഴും ശരീരത്തില്‍നിന്നും ആത്മാവ് വേര്‍പെടുന്നതായും മറ്റു ഭീകരമായ അനുഭവങ്ങളും ഉപഭോക്താവിനുണ്ടാവും.

സാധാരണ കുറഞ്ഞ അളവില്‍ ഉപയോഗിച്ചാല്‍പ്പോലും കാഴ്ചാവൈകല്യങ്ങളും മരവിപ്പും അനുഭവപ്പെടും. ഒപ്പം മയക്കവും അന്തരീക്ഷത്തിലൂടെ ഒഴുകിനടക്കുന്ന തോന്നലുമുണ്ടാകും. സംസാരവൈകല്യങ്ങള്‍, സംഭ്രാന്തി, മനോവിഭ്രമം, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട് എന്നീ പ്രശ്നങ്ങള്‍ സാധാരണയാണ്. ഒരു തുളയിലൂടെ കടന്നുപോവുന്നതായും, സ്വയം ഉരുകുന്നതായും തോന്നലുണ്ടാവും. പലതരം മായാദൃശ്യങ്ങള്‍ 20 ശതമാനം മുതല്‍ 50 ശതമാനം വരെ ഉപഭോക്താക്കളിലും കണ്ടുവരുന്നു. വിവിധ വര്‍ണ്ണങ്ങള്‍ ദൃശ്യമാവുന്ന തോന്നല്‍, പലതരം വിചിത്രമായ കാഴ്ചകള്‍ എന്നിവ 6-10 ശതമാനം ആളുകളില്‍ കണ്ടുവരുന്നു. ശക്തമായ മയക്കം, കാഴ്ചയ്ക്കു വൈകല്യങ്ങള്‍, വായ്വരള്‍ച്ച, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നീ ശാരീരികപ്രശ്നങ്ങള്‍ നല്ല ശതമാനം ഉപഭോക്താക്കളിലും കാണാറുണ്ട്. കീറ്റാമൈന്‍ ഇന്‍ജക്ഷനെടുത്ത് നാല്‍പ്പതു മിനിട്ടു കഴിയുമ്പോള്‍ ഈ അനുഭവങ്ങള്‍ കുറഞ്ഞുവരും. നാലുമണിക്കൂര്‍ കഴിയുമ്പോള്‍ ഇത് പൂര്‍ണ്ണമായും അപ്രത്യക്ഷമാവും.

മൂത്രാശയത്തിനുണ്ടാവുന്ന പ്രശ്നങ്ങള്‍

കീറ്റാമൈന്‍ അളവില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ പലരിലും മൂത്രസഞ്ചിയുടെ പ്രവര്‍ത്തനം തകരാറിലാവും. വൃക്കകള്‍ തകരാറിലാവാനുമിടവരും. മൂത്രാശയ തകരാറുകള്‍ മൂലം ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, വേദനയോടെ മൂത്രം പോവുക, മൂത്രത്തില്‍ രക്തമുണ്ടാവുക എന്നീ പ്രശ്നങ്ങള്‍ അനുഭവപ്പെടും. മൂത്രസഞ്ചിയുടെ ഭിത്തി കട്ടിയാവാനും സാദ്ധ്യതയുണ്ട്.

കീറ്റാമൈന്‍ ഉയര്‍ന്ന ഡോസില്‍ പതിവായി ഉപയോഗിച്ചാല്‍ കരളിനു നാശമുണ്ടാവും. സ്ത്രീകളുള്‍പ്പടെ ഏകദേശം പത്തു ശതമാനം ആള്‍ക്കാരിലും കീറ്റാമൈന്‍ ഉപയോഗം സാരമായ കരള്‍രോഗങ്ങളുണ്ടാക്കും. കരളിലെ പ്രവര്‍ത്തനനിരതമായ കോശങ്ങള്‍ക്ക് ഉണ്ടാവുന്ന ഫൈബ്രോസിസ് ചികിത്സിച്ചു ഭേദമാക്കാന്‍ അത്ര എളുപ്പമല്ല എന്നതും പ്രത്യേകം ശ്രദ്ധിക്കണം. ബൈല്‍ (bile) എന്ന കരള്‍സ്രവം വഹിച്ചുകൊണ്ടുപോകുന്ന കുഴലുകള്‍ക്കു നാശം (bile duct injury) കരള്‍ സംബന്ധമായ മറ്റു പ്രശ്നങ്ങള്‍ എന്നിവയും കീറ്റാമൈന്‍ മൂലമുണ്ടാവുമെന്നു വിശദമായ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഉപയോഗം നിര്‍ത്തിയാല്‍ ഈ പ്രശ്നത്തിന് ആശ്വാസം ലഭിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ലിവര്‍ ഫൈബ്രോസിസ് ക്രമേണ ലിവര്‍ സിറോസിസിലേക്കു നയിക്കുകയും കരള്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്യും. കരള്‍മാറ്റ ശസ്ത്രക്രിയയല്ലാതെ മറ്റു പ്രതിവിധികള്‍ ഇതിനില്ലെന്നും പ്രത്യേകം ശ്രദ്ധിക്കണം. ലഹരിവിരുദ്ധപ്രവര്‍ത്തകര്‍ ഈ കണ്ടെത്തല്‍ യുവാക്കളിലെത്തിക്കുന്നത് പ്രയോജനകരമാവും.

കീറ്റാമൈന്‍ അത്യാസക്തി

ലോകരാഷ്ട്രങ്ങളില്‍ ഏറ്റവുമധികം കുപ്രസിദ്ധി നേടിയ ഒരു ലഹരിവസ്തുവാണ് കീറ്റാമൈന്‍. സ്ഥിരമായി കഴിച്ചാല്‍ സഹിഷ്ണുത ഉണ്ടാവും. ഇതുമൂലം സാധാരണ ലഭിക്കുന്ന ഫലം കിട്ടാന്‍ ഡോസ് കൂട്ടി കഴിക്കേണ്ടിവരും.ശരീരത്തിനു തണുപ്പ്, മിത്ഥ്യാബോധങ്ങള്‍, ചിത്തഭ്രമം, വായില്‍ ഉമിനീരു കൂടുതലായുണ്ടാവുക, മാനസികവൈകല്യങ്ങള്‍, അസ്വസ്ഥത, പെട്ടെന്നുണ്ടാകുന്ന ഷോക്ക്, വിറയല്‍, വിയര്‍പ്പ്, അധികക്ഷീണം തുടങ്ങി വിവരിക്കാനാവാത്ത അനേകം വൈഷമ്യങ്ങള്‍ കീറ്റാമൈന്‍ അഡിക്ഷന്‍ മൂലമുണ്ടാവും. സാധാരണജീവിതത്തിന്റെ താളംതെറ്റുകയും പ്രവര്‍ത്തനങ്ങളില്‍ വിമുഖത ഉണ്ടാവുകയും ചെയ്യും. ജോലി, സ്‌കൂള്‍ജീവിതം, പഠനം, ബന്ധങ്ങള്‍ എന്നീ കാര്യങ്ങള്‍ അവതാളത്തിലാവുകയും ചെയ്യും. കീറ്റാമൈന്‍ കഴിക്കുന്നതിനെക്കാള്‍ അപകടകരമായിരിക്കും അത് മറ്റു മയക്കുമരുന്നുകളുമായി കലര്‍ത്തി കഴിക്കാന്‍ ഇടയായാല്‍. ആല്‍ക്കഹോള്‍, L.S.D. എന്നിവയോടൊപ്പം ഉപയോഗിച്ചാല്‍ പലര്‍ക്കും മാരകമായ ഫലങ്ങളുണ്ടാവും.

ഉപയോഗിച്ചുകഴിഞ്ഞ് ഏകദേശം 14-18 മണിക്കൂര്‍ കഴിയുമ്പോള്‍ നല്ല അളവില്‍ ശരീരത്തില്‍നിന്നും അപ്രത്യക്ഷമാവും. എന്നാല്‍പ്പോലും പലപ്പോഴും ദീര്‍ഘകാല ഫലങ്ങള്‍ ഉണ്ടാവാറുണ്ട്. വിഷാദം, ഹിസ്റ്റീരിയയുടേതുപോലെയുള്ള ലക്ഷണങ്ങള്‍, ഓര്‍മ്മ നശിക്കുക, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് അനുഭവപ്പെടാം. വളരെ കൂടിയ ഡോസ് മരണകാരണമായേക്കാം.

കെ ഹോള്‍ അനുഭവങ്ങള്‍ (K hole experiences)

ഉയര്‍ന്ന ഡോസില്‍ കീറ്റാമൈന്‍ കഴിക്കാനിടയായാല്‍ സ്വന്തം ശരീരത്തെക്കുറിച്ചുള്ള ബോധം നഷ്ടമാവും. ബോധക്ഷയത്തിനു മുമ്പ് ശരീരവും മനസ്സും തമ്മില്‍ വേര്‍പെടുന്നതായോ, മരണം മുന്നില്‍ കാണുന്നതുപോലെയോ അനുഭവമുണ്ടാവും.

ലോകത്തെക്കുറിച്ചുള്ള ബോധം വളരെ കുറയുമ്പോള്‍ മായാദൃശ്യങ്ങള്‍ കാണുന്നതിനൊപ്പം മാനസികനിലയില്‍ ശക്തമായ മാറ്റങ്ങളും അഡിക്ടിന് അനുഭവപ്പെടും. ഭീകരമായ ഒരു മാനസികാവസ്ഥയാണിത്. ശരീരശേഷി പൂര്‍ണ്ണമായും ക്ഷയിക്കുകയും സംസാരശേഷി നഷ്ടമാവുകയും ചെയ്യും. ചില അഡിക്ടുകള്‍ അനങ്ങാതെ കിടക്കുമെങ്കിലും കണ്ണുകള്‍ ചലിപ്പിച്ചുകൊണ്ടിരിക്കും. വിവരിക്കാനാവാത്ത അനുഭവങ്ങളോടൊപ്പം അന്തരീക്ഷത്തില്‍ ഒഴുകിനടക്കുന്നതായും തോന്നും. കീറ്റാമൈന്‍ ഉപയോഗം ബ്രെയിനിലെ ചില പ്രത്യേക കേന്ദ്രങ്ങളെ പ്രവര്‍ത്തനരഹിതമാക്കുന്നതു മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. കൃത്യമായ മാനസികചികിത്സയും ഔഷധപ്രയോഗവും ഈ അവസ്ഥയില്‍ അഡിക്ടിനു സഹായമാവും. കീറ്റാമൈന്‍ അഡിക്ഷന് പ്രത്യേക ഔഷധങ്ങളില്ലെങ്കില്‍പ്പോലും വിഷാദം, ആകാംക്ഷ എന്നീ അവസ്ഥകള്‍ക്ക് ഫലപ്രദമായ ഔഷധങ്ങള്‍ നല്‍കാന്‍ ഡോക്ടര്‍ക്കു കഴിയും.

കീറ്റാമൈന്‍ അഡിക്ഷന്‍ എങ്ങനെ ചികിത്സിക്കാം

കഴിച്ചുതുടങ്ങിയാല്‍ നിര്‍ത്താന്‍ കഴിയാത്ത മാനസികാവസ്ഥ ഉണ്ടാവുന്നതുമൂലം പാര്‍ശ്വഫലങ്ങളോ, മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടായാലും ജീവിതത്തിന്റെ വിവിധ മേഖലകളെ ഇത് ബാധിച്ചാലും ഉപയോഗം തുടരാനുള്ള പ്രവണത നിലനില്‍ക്കും. നിര്‍ത്താനുള്ള ഭ്രമംമൂലം അസഹ്യമായ ഫലങ്ങള്‍ അനുഭവിക്കേണ്ടിവരുകയും ചെയ്യും. ഉപയോഗം നിര്‍ത്താനിടയായാല്‍ അത്യധികം ആകാംക്ഷ, ഡ്രഗ് കിട്ടാനുള്ള ആര്‍ത്തി, വിശപ്പില്ലായ്മ, മാനസികത്തകര്‍ച്ച, ഹൃദയസ്പന്ദനം ദ്രുതഗതിയിലാവുക, അസ്വസ്ഥത, വിറയല്‍ എന്നീ അനുഭവങ്ങള്‍ ഉണ്ടാവാം. ഈ അവസ്ഥയില്‍ അഡിക്ടിനെ നിര്‍ബ്ബന്ധമായും ചികിത്സയ്ക്കു വിധേയമാക്കേണ്ടതാണ്. മാനസികചികിത്സയും പെരുമാറ്റവൈകല്യങ്ങള്‍ക്കുള്ള ചികിത്സയും ഉള്‍പ്പെടും. അഡിക്ടിന്റെ ചിന്തകളില്‍ മാറ്റമുണ്ടാക്കാനും സ്വന്തം കഴിവുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ചികിത്സ പ്രയോജനകരമാവും.

ലഹരിവിമുക്ത കേന്ദ്രങ്ങളുടെ സഹായം നിര്‍ബ്ബന്ധമായും സ്വീകരിക്കേണ്ടതാണ്. ശരീരത്തെ മാലിന്യമുക്തമാക്കാനും ആവശ്യമെങ്കില്‍ ഔഷധങ്ങള്‍ നല്‍കി ആരോഗ്യം മെച്ചപ്പെടുത്താനും ഇത്തരം കേന്ദ്രങ്ങളില്‍ സൗകര്യമുണ്ടാവും. ശക്തമായ അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ആശുപത്രിയിലേക്കു മാറ്റേണ്ടി വന്നേക്കാം.

മെതിലിന്‍ ഡയോക്സി മെതാംഫിറ്റാമൈന്‍ (M.D.M.A.)

1912- ല്‍ ഉത്പാദിപ്പിക്കപ്പെട്ടുതുടങ്ങിയ ഒരു ലഹരിവസ്തുവാണ് എം.ഡി.എം.എ. ഇതിന്റെ പ്രവര്‍ത്തനഫലങ്ങള്‍ മനസ്സിലാക്കിയശേഷം മായാദൃശ്യങ്ങളുണ്ടാക്കുന്ന ഒരു ലഹരിവസ്തു എന്ന നിലയില്‍ എം.ഡി.എം.എയുടെ ഉത്പാദനം നിര്‍ത്തിവെക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം വിനോദത്തിനും മാനസികോല്ലാസത്തിനും ഉപയോഗിക്കാവുന്നതുമൂലം എക്സ്റ്റസി (ecstacy), മോളി (molly) എന്നീ പേരുകളിലും അറിയപ്പെടുന്ന M.D.M.A. വീണ്ടും വിപണിയില്‍ എത്തുകയുണ്ടായി. 1980 ആയപ്പോള്‍ ഇത് നൈറ്റ് ക്ലബുകളിലും മറ്റ് ഉല്ലാസവേളകളിലും പരക്കെ ഉപയോഗിക്കാന്‍ തുടങ്ങി. പൊടിയായും ഗുളികളായും ഉപയോഗിക്കപ്പെടുന്ന M.D.M.A. സിന്തറ്റിക്കായി നിര്‍മ്മിക്കപ്പെടുന്ന ഒരു രാസവസ്തുവാണ്. ഉത്തേജനം നല്‍കുകയും മായാദൃശ്യങ്ങള്‍ ഉണ്ടാക്കുന്നതുമായ ഈ ലഹരിവസ്തു ക്രമേണ നിശാ ക്ലബുകളിലും ഉല്ലാസപാര്‍ട്ടികളിലും പരക്കെ ഉപയോഗിക്കപ്പെട്ടുതുടങ്ങി. കൂടുതല്‍ ഊര്‍ജ്ജം, ആഹ്ലാദം, വൈകാരികമായ ഊഷ്മളത, വികലമായ ഇന്ദ്രിയാനുഭൂതികള്‍, സമയത്തെക്കുറിച്ച് അവബോധമില്ലായ്മ എന്നീ അനുഭങ്ങള്‍ ഇതിന്റെ ഉപയോഗം മൂലമുണ്ടാകും. ആദ്യകാലങ്ങളില്‍ നൈറ്റ് ക്ലബ്ബുകളില്‍ ഉന്മാദാവസ്ഥയിലെത്താന്‍ ഉപയോഗിച്ചിരുന്ന ഈ ലഹരിവസ്തു ഇപ്പോള്‍ കൂടുതല്‍ ജനകീയവും, പരക്കെ ഉപയോഗിക്കപ്പെടുന്നതുമായി മാറിയിട്ടുണ്ട്. സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ഇതിന്റെ ഉപയോഗം ആശങ്കാകുലമാംവിധം വര്‍ദ്ധിച്ചിട്ടുണ്ട്.
ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ഫലങ്ങള്‍: അധികമായ ആകാംക്ഷ, ശ്രദ്ധക്കുറവും സംഭ്രാന്തിയും, കൂടിയതോതിലുള്ള ലൈംഗികാസക്തി, വിഷാദം, അധികമായ ആവേശം, ഉറക്കമില്ലായ്മ, മുന്‍കോപം, ഓര്‍മ്മത്തകരാറുകള്‍, വിശപ്പില്ലായ്മ. ഇത്തരം ലക്ഷണങ്ങള്‍ സാധാരണയായി മൂന്നുമുതല്‍ ആറുമണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും. ചില ഉപഭോക്താക്കളില്‍ ഇത് ഒരു ദിവസംവരെ നീണ്ടുപോകാറുണ്ട്. അപൂര്‍വ്വമായി ഒരു ആഴ്ചവരെ തുടര്‍ന്നുപോയേക്കാം. ഇതോടൊപ്പം മരിജുവാനകൂടി ഉപയോഗിക്കാനിടയായാല്‍ പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാവും.

വിപണിയില്‍ ലഭ്യമാകുന്നതെങ്ങനെ?

M.D.M.A. ഗുളികകളായും കാപ്സ്യൂളുകളായും ലഭിക്കാറുണ്ട്. കുടിക്കാന്‍ പാകത്തിന് ദ്രവരൂപത്തിലും മൂക്കില്‍ വലിക്കാന്‍ പൊടിയായും ഇതു വില്‍ക്കപ്പെടുന്നു.

മയക്കുമരുന്നുവിപണിയില്‍ ലഭ്യമാവുന്ന ഗുളികകളില്‍ പ്രത്യേക ചിഹ്നങ്ങള്‍ ഉണ്ടാവും. പൗഡര്‍ രൂപത്തില്‍ ലഭിക്കുന്നതിനെ മോളി എന്നു വിളിക്കുന്നു. M.D.M.A. പലപ്പോഴും മറ്റു പൊടികളുമായി കലര്‍ത്താറുമുണ്ട്. ഗുളികകളായി ലഭിക്കുന്നതില്‍ പലപ്പോഴും കഫീന്‍, എഫിഡ്രിന്‍, കീറ്റാമൈന്‍ എന്നിവയും കലര്‍ത്താറുണ്ട്. വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്ന ഡ്രഗ്ഗുകളുടെ വിഭാഗത്തിലാണ് എം.ഡി.എം.എ. ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രവര്‍ത്തനശൈലി

മസ്തിഷ്‌കത്തില്‍ കാണപ്പെടുന്ന ഡോപമൈന്‍ (dopamine), സിറോട്ടോണിന്‍ (serotonin), നോര്‍ എപ്പിനെഫ്രിന്‍ (nor epinephrine) എന്നീ മൂന്നു രാസഘടകങ്ങളെ സ്വാധീനിക്കാന്‍ എക്സ്റ്റസിക്കു കഴിവുണ്ട്. ഈ രാസഘടകങ്ങള്‍ ശരീരത്തില്‍ പലവിധത്തില്‍ പ്രവര്‍ത്തിക്കുന്നു. ഊര്‍ജ്ജത്തിന്റെ തോത്, മാനസികനില, ഉറക്കം എന്നിവയെ എം.ഡി.എം.എ. സ്വാധീനിക്കുന്നു. എം.ഡി.എം.എ. ഒരു ഉത്തേജകവസ്തുവാണ്. ഇതിന് അമ്പരപ്പിക്കുന്ന രൂപങ്ങള്‍ ദൃശ്യമാക്കാനും ആനന്ദവും വിശ്രമസുഖവും നല്‍കാനും കഴിയും. ഇതോടൊപ്പം ബ്രെയിനില്‍ ഹാനികരമായി പ്രവര്‍ത്തിക്കുകയും ആരോഗ്യത്തിനു സാരമായ തകരാറുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ചിലതരം ചികിത്സകള്‍ക്ക് ഇത് ഉപയോഗിക്കാം എന്ന് ഗവേഷകര്‍ കരുതുന്നുണ്ടെങ്കിലും നിയമക്കുരുക്കുകള്‍ ഇതിനു തടസ്സം സൃഷ്ടിക്കുന്നു. എം.ഡി.എം.എ. ബ്രെയിനില്‍ പ്രവര്‍ത്തിക്കുകയും താഴെ പറയുന്ന പ്രത്യേക ഘടകങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇവ മാനസികവിഭ്രാന്തി ഉണ്ടാക്കും.

സിറോട്ടോണിന്‍ (Serotonin)

മാനസികനിലയെ സ്ഥിരമായി നിര്‍ത്താനും, വികാരങ്ങളെ നിയന്ത്രിക്കാനും ഉറക്കം ക്രമപ്പെടുത്താനും ഇതിനു കഴിവുണ്ട്. ഒപ്പം വിശപ്പും വേദനയും നിയന്ത്രിക്കുകയും ചെയ്യും.

ഡോപമൈന്‍ (Dopamin-e)

മാനസികാവസ്ഥയെ നിയന്ത്രിക്കാനും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും, കൃതാര്‍ത്ഥത, ഓര്‍മ്മ എന്നിവയ്ക്കു പുറമേ കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും ഡോപമൈനു കഴിയും.

നോര്‍ എപ്പിനെഫ്രിന്‍ (Nor Epinephrin-e)

ആകാംക്ഷ, ഉറക്കം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശക്തി, പ്രതികരണശേഷി പ്രകടിപ്പിക്കാനുള്ള കഴിവ് എന്നിവയെ നിയന്ത്രിക്കുന്നു.
അറിവ്, ധാരണ ഇവയില്‍ വരുന്ന വൈകല്യങ്ങള്‍ക്ക് എം.ഡി.എം.എ. കാരണമാകും.

വസ്തുക്കളുടെ ചലനം മനസ്സിലാക്കാനുള്ള കഴിവില്ലായ്മ, അപകടകരമായ അവസ്ഥയിലും സുരക്ഷിതമാണെന്ന മിത്ഥ്യാബോധം, ഓര്‍മ്മശക്തിയില്‍ വൈകല്യങ്ങള്‍, അറിവുകള്‍ വേണ്ട രീതിയില്‍ പ്രയോഗിക്കാന്‍ കഴിയാതെവരുക, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളിലേര്‍പ്പെടുക എന്നിവ സംഭവിച്ചേക്കാം.

എം.ഡി.എം.എ. ആല്‍ക്കഹോളിലോ മറ്റു ലഹരിവസ്തുക്കളുമായോ കലര്‍ത്തി ഉപയോഗിച്ചാല്‍ സാഹസികവും അപകടകരവുമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള പ്രവണത കൂടുതലാവും. ഡ്രൈവു ചെയ്യുമ്പോള്‍ ആത്മവിശ്വാസം കൂടുന്നതുമുലം വേഗത നിയന്ത്രണാതീതമാവാനും അപകടങ്ങളുണ്ടാവാനും സാദ്ധ്യതയുണ്ട്.

ദീര്‍ഘകാല അനുഭവങ്ങള്‍

ബ്രെയിനിലെ കോശങ്ങളില്‍ എം.ഡി.എം.എ. ഉപയോഗം മൂലമുണ്ടാകുന്ന നാശം ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് മൃഗങ്ങളില്‍ നടത്തിയ ഗവേഷണങ്ങളില്‍ തെളിയിച്ചിട്ടുണ്ട്. മനുഷ്യരില്‍ ഇത്തരം പഠനങ്ങള്‍ നടത്തുന്നത് ദുഷ്‌കരമാണെങ്കിലും ചില പഠനങ്ങള്‍ താഴെപ്പറയുന്ന ഫലങ്ങള്‍ ഉണ്ടാവാനുള്ള സാദ്ധ്യത വ്യക്തമായിട്ടുണ്ട്.

1 വിഷാദം.
2 ശ്രദ്ധിക്കാനുള്ള കഴിവില്‍ മാറ്റങ്ങള്‍.
3 ചലനവൈകല്യങ്ങള്‍, ഓര്‍മ്മത്തകരാറുകള്‍.
4 വികാരങ്ങളെ നിയന്ത്രിക്കനുള്ള കഴിവുകുറവ്.
5 ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കുമുണ്ടാവുന്ന പ്രശ്നങ്ങള്‍.

പതിവായി എം.ഡി.എം.എ. ഉപയോഗിക്കുന്നവരില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം താറുമാറാകും. ഹൃദയാഘാതം വരാനുള്ള സാദ്ധ്യത വളരെ കൂടുന്നു. രക്തസമ്മര്‍ദ്ദം (blood pressure) വല്ലാതെ ഉയരുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് കൂടുതല്‍ ഓക്സിജന്‍ ആവശ്യമായി വരുകയും ചെയ്യും. ഉപഭോക്താക്കള്‍ ഇതിനൊപ്പം മറ്റു ലഹരിവസ്തുക്കള്‍ കലര്‍ത്തിയാല്‍ അപകടസാദ്ധ്യത കൂടും.

കരളിനുണ്ടാവുന്ന പ്രശ്നങ്ങള്‍

എം.ഡി.എം.എ. കരളിനു ദൂഷ്യങ്ങളുണ്ടാക്കുന്നതുമുലം ഹെപ്പറ്റൈറ്റിസ് രോഗം വരാനുള്ള സാദ്ധ്യത കൂടും. കരളിന്റെ കോശങ്ങള്‍ നശിക്കാനും കരളിനു തകരാറുണ്ടാവാനും ഇടവരും. സിറോസിസ് ഉണ്ടായി കരള്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്യും.

കിഡ്നികള്‍ക്കുണ്ടാവുന്ന പ്രശ്നങ്ങള്‍

ഉത്തേജകസ്വഭാവമുള്ള എം.ഡി.എം.എ. ശരീരത്തില്‍ കെട്ടിക്കിടക്കാനിടയാവും. ഇതുമൂലമുണ്ടാവുന്ന സമ്മര്‍ദ്ദംമൂലം കിഡ്നികളുടെ പ്രവര്‍ത്തനം തകരാറിലാവും.

ഗര്‍ഭിണികള്‍ ഉപയോഗിച്ചാല്‍

ഗര്‍ഭിണികള്‍ ഈ ഡ്രഗ് ഉപയോഗിച്ചാല്‍ ഗര്‍ഭസ്ഥശിശുവിനു ദോഷകരമാണെന്നു പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഓര്‍മ്മ, പഠനശേഷി എന്നിവ നിയന്ത്രിക്കുന്ന കേന്ദ്രങ്ങളില്‍ ഇതു പ്രവര്‍ത്തിക്കുന്നു. ബ്രെയിനിലെ പ്രത്യേക കേന്ദ്രങ്ങളില്‍ എം.ഡി.എം.എ. പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിന് പ്രതിവിധികള്‍ കണ്ടെത്തിയിട്ടില്ല.

മറ്റു ഡ്രഗ്ഗുകളുമായി കലര്‍ത്തിയാല്‍

എം.ഡി.എം.എ. മറ്റു പല വസ്തുക്കളുമായി കലര്‍ത്തി വില്‍പ്പനയ്‌ക്കെത്താറുണ്ട്. ഇത് ഉപയോഗിക്കുന്നവര്‍ക്കു ദോഷകരമാണെന്നു മാത്രമല്ല, ഗവേഷകര്‍ക്ക് എം.ഡി.എം.എ. മൂലമുണ്ടാകുന്ന വിവിധ ദോഷഫലങ്ങള്‍ കൃത്യമായി വിലയിരുത്താന്‍ കഴിയാതെവരുകയും ചെയ്യും.

സാധാരണ വില്‍പ്പനക്കാരില്‍നിന്നും ലഭിക്കുന്ന എം.ഡി.എം.എയില്‍ കൊക്കൈന്‍, കീറ്റാമൈന്‍, മെതാംഫിറ്റാമൈന്‍, ചുമസംഹാരികള്‍, പലതരം സിന്തറ്റിക് വസ്തുക്കള്‍ എന്നിവയും കലര്‍ത്താറുണ്ട്. ഇത് കൂടുതല്‍ ദോഷങ്ങള്‍ക്ക് കാരണമാവും. അവബോധം, ധാരണാശക്തി എന്നിവയില്‍ സാരമായ മാറ്റങ്ങളുണ്ടാക്കുന്നവയാണിവ.

എം.ഡി.എം.എയുടെ മാരകമായ ഈ ദൂഷ്യഫലത്തെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് ബോധവത്കരണം നടത്തേണ്ടത് അത്യാവശ്യമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ ഈ ദൂഷ്യഫലങ്ങള്‍ മനസ്സിലാക്കി വേണ്ട നടപടികള്‍ സ്വീകരിക്കുന്നതുമുലം അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും.

യുവജനങ്ങളുടെ ഇടയില്‍ എം.ഡി.എം.എയുടെ ഉപയോഗം കൂടിവരുന്നു. അതിര്‍ത്തി കടന്നെത്തുന്ന ഈ ലഹരിവസ്തുവിന്റെ വര്‍ദ്ധിച്ച അളവ് ഈ സൂചന നല്‍കുന്നു. എം.ഡി.എം.എ. ഉപയോഗം ജീവനു ഭീക്ഷണിയാകുന്ന അവസ്ഥ ആശങ്കയോടെ വീക്ഷിക്കേണ്ടതാണ്. ഇത് ഉപയോഗിച്ചാല്‍ ശരീരത്തിന്റെ ചൂട് ക്രമത്തിലധികം വര്‍ദ്ധിപ്പിക്കുകയും ഉപ്പിന്റെ (സോഡിയം ക്ലോറൈഡ്) അംശം രക്തത്തില്‍ കുറയുകയും ചെയ്യും. ഇക്കാരണത്താലാണ് വൃക്കകള്‍ (kidney) തകരാറിലാവുന്നത്. ശരീരം തണിപ്പിക്കുന്നതും, കൂടിയ അളവില്‍ വെള്ളം കുടിക്കുന്നതും ഈ അവസ്ഥയില്‍ മാറ്റമുണ്ടാക്കും. രോഗിയെ അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതെങ്കില്‍ ഇതിന്റെ കാരണം കണ്ടെത്താന്‍ ബുദ്ധിമുട്ടായിരിക്കും.

റോഹിപ്നോള്‍ (Rohipnol)

ഉറക്കമില്ലായ്മയ്ക്കും, മനസ്താപം, ഉത്കണ്ഠ എന്നീ മാനസികാവസ്ഥകളിലും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുള്ള മരുന്നാണ് റോഹിപ്നോള്‍. ഇത് ലൈംഗികാതിക്രമങ്ങള്‍ക്ക് വളരെ കൂടുതല്‍ ഉപയോഗിക്കുന്നതുമൂലം ഡേറ്റ് റേപ്പ് ഡ്രഗ് (date rape drug) എന്നു വിളിക്കപ്പെടുന്നു. ഫ്ളൂനൈട്രാസെപാം (flunitrazepam) എന്ന രാസനാമമുള്ള റോഹിപ്നോളിന് കേന്ദ്ര നാഡീവ്യൂഹത്തെ മന്ദിപ്പിക്കാന്‍ കഴിവുണ്ട്. കഴിച്ചു കഴിഞ്ഞാല്‍ ഉപഭോക്താവ് മയക്കത്തിലേക്ക് വഴുതിവീഴുകയും ഉറങ്ങിപ്പോവുകയും ചെയ്യും. തീരേ ചെറിയ ഡോസില്‍ (ഒരു മി.ഗ്രാം) ഉപയോഗിച്ചാല്‍പ്പോലും പന്ത്രണ്ടുമണിക്കൂര്‍വരെ മയക്കമുണ്ടാക്കാന്‍ ഇതിനു കഴിയും. മിക്ക രാഷ്ട്രങ്ങളിലും റോഹിപ്നോള്‍ നിരോധിക്കപ്പെട്ട ഒരു മരുന്നാണ്. നിരോധിക്കപ്പെട്ടിട്ടും കള്ളക്കടത്തുവഴി ഇതു പല രാഷ്ട്രങ്ങളിലും എത്താറുണ്ട്.

ലൈംഗികകുറ്റകൃത്യങ്ങള്‍ക്കു മാത്രമല്ല, സുഖവിശ്രമത്തിനും നേരംപോക്കിനും വേണ്ടി ഈ ലഹരിവസ്തു വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്നു. കഞ്ചാവ്, കൊക്കൈന്‍ എന്നിവയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനും റോഹിപ്നോള്‍ ഉപയോഗിച്ചുവരുന്നു. ഇത് പൊടിയായി മൂക്കിലൂടെ വലിക്കുന്നതും, വെള്ളത്തില്‍ ലയിപ്പിച്ച് ഇന്‍ജക്ഷനായി ഉപയോഗിക്കുന്നതും സാധാരണയാണ്.

എങ്ങനെ പ്രവര്‍ത്തിക്കുന്നു?

റോഹിപ്നോള്‍ കഴിച്ച് പതിനഞ്ച് മിനിട്ടുകള്‍ക്കുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുകയും താഴെപ്പറയുന്ന ഫലങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു.
1 ചിന്താക്കുഴപ്പവും മനോവിഭ്രമവും.
2 മയക്കം.
3 ബോധക്ഷയം.
4 ഓക്കാനം.
5 ഛര്‍ദ്ദി.
6 ശരീരപേശികള്‍ ദുര്‍ബ്ബലമായി നിയന്ത്രിക്കാന്‍ കഴിയാതെവരുക.
7 ഉന്മത്തത അനുഭവപ്പെടുക.
8 സംസാരം അസ്പഷ്ടമാവുക.
9 നടുക്കവും വിറയലും.
10 ശ്വസനവൈഷമ്യങ്ങള്‍.

ലൈംഗികകുറ്റവാളികള്‍ ഇരകളെ മയക്കാന്‍ ഈ ലഹരിവസ്തു ധാരാളമായി ഉപയോഗിക്കുന്നതുമൂലമാണ് പല രാജ്യങ്ങളിലും ഇതു നിരോധിക്കപ്പെട്ടത്. പ്രത്യേക മണമോ രുചിയോ ഇല്ലാത്തതുമുലം പാനീയങ്ങളില്‍ കലര്‍ത്തി ഉപയോഗിച്ചാലും മനസ്സിലാക്കാന്‍ കഴിയാറില്ല. കുടിച്ച പാനീയത്തില്‍ റോഹിപ്നോള്‍ കലര്‍ന്നിട്ടുണ്ടോ എന്നു സംശയം തോന്നിയാല്‍ എത്രയും പെട്ടെന്നു തന്നെ ഏതെങ്കിലും വിശ്വസിക്കാന്‍ പറ്റുന്ന സുഹൃത്തിനെ അറിയിക്കുകയും വൈദ്യസഹായം നേടാന്‍ ശ്രമിക്കുകയും വേണം.

റോഹിപ്നോളിന്റെ ഉപയോഗം മൂത്രപരിശോധനയിലൂടെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. സാധാരണയായി ഇരകളില്‍നിന്നും പരീക്ഷണത്തിന് സാമ്പിളുകള്‍ ശേഖരിക്കുന്നത് വളരെ സമയത്തിനു ശേഷമായിരിക്കും. ശരീരത്തിലെ സ്രവങ്ങളില്‍ വളരെക്കുറച്ചു മാത്രമേ ഈ ലഹരിവസ്തു തങ്ങിനില്‍ക്കാറുള്ളൂ. ഈ ഡ്രഗ് കഴിച്ചാലുടനെ ഇരയുടെ ഓര്‍മ്മശക്തി നശിച്ചുപോകും. ഈ കാര്യത്തെക്കുറിച്ച് പരാതിപ്പെടാനോ സമയത്തുതന്നെ ശരീരത്തില്‍നിന്നും സാമ്പിളുകള്‍ ശേഖരിച്ചു കൃത്യം തെളിയിക്കാനോ കഴിയാറില്ല.

അഡിക്ഷനുണ്ടായാല്‍

ഈ മരുന്നിന് അടിമയായവര്‍ ഉപയോഗം നിര്‍ത്തിയാല്‍ വിചിത്രമായ ലക്ഷണങ്ങള്‍ പ്രകടമാക്കും. ഇത് ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും. പ്രതികരണശേഷി നഷ്ടപ്പെടും. വാഹനങ്ങള്‍ ഓടിക്കാനുള്ള കഴിവില്‍ മാറ്റങ്ങളുണ്ടാവും. ഇതോടൊപ്പം ആല്‍ക്കഹോള്‍കൂടി കഴിക്കാനിടയായാല്‍ അവസ്ഥ കൂടുതല്‍ ഗുരുതരമാകും. ഇവ രണ്ടും ഒരുമിച്ചുചേരുമ്പോള്‍ റോഹിപ്നോളിന്റെ വിഷസ്വഭാവം വര്‍ദ്ധിക്കും. ഈ ലഹരിവസ്തു ഇന്‍ജക്ഷനായി ഉപയോഗിക്കുന്നവര്‍ സൂചി പരസ്പരം മാറിമാറി ഉപയോഗിക്കാറുണ്ട്. ഇതുമൂലം എച്ച്.ഐ.വി. ബാധ, ഹെപ്പറ്റൈറ്റിസ് ബിയും സിയും പോലെയുള്ള രോഗങ്ങള്‍ വരാന്‍ സാദ്ധ്യത ഏറെയാണ്.

റോഹിപ്നോള്‍ ഉപയോഗംമൂലം ശ്വാസഗതി മന്ദഗതിയിലാവും. ഇതുമൂലം ബ്രെയിനില്‍ ഓക്സിജന്റെ കുറവുണ്ടാവുകയും ഇതു മരണത്തിനു കാരണമാവുകയും ചെയ്യും.

ഉപയോഗം പെട്ടെന്നു നിര്‍ത്തിയാല്‍

അഡിക്ഷനുണ്ടായ ഒരു വ്യക്തി ഇതിന്റെ ഉപയോഗം പെട്ടെന്നു നിര്‍ത്തിയാല്‍ ശക്തമായ ദൂഷ്യഫലങ്ങള്‍ പ്രകടമാക്കും. ഇതിനെ പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ എന്നു പറയാം. അവ താഴെപ്പറയുന്നവയാണ്:
1 തലവേദന.
2 പേശിവേദന.
3 മാനസികസമ്മര്‍ദ്ദം.
4 കൈകാലുകള്‍ക്ക് മരവിപ്പ്.
5 അസ്വസ്ഥത.
6 വെളിച്ചത്തില്‍ കഴിയാന്‍ ബുദ്ധിമുട്ടു തോന്നുക.
7 പരിഭ്രാന്തി.
8 വിറയല്‍.
9 മായക്കാഴ്ചകള്‍.
10 ഉന്മത്താവസ്ഥ.
11 ചുഴലിരോഗലക്ഷണങ്ങള്‍ (seizures).

ഈ ലക്ഷണങ്ങള്‍ രോഗി റോഹിപ്നോള്‍ ഉപയോഗിക്കുന്ന അളവ്, മറ്റു വസ്തുക്കളുമായി കലര്‍ത്തിയുള്ള ഉപയോഗം എന്നിവയെ ആശ്രയിച്ചിരിക്കും. ശരീരത്തെ ലഹരിവിമുക്തമാക്കുന്നതിന് വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണം.

ശരീരം ലഹരിമുക്തമാക്കുകയാണ് ഇതിന്റെ ആദ്യഘട്ടം. വിദഗ്ദ്ധമായ പരിചരണവും ഇത്തരം ചികിത്സയ്ക്കു ലഭ്യമാവേണ്ടതാണ്. രോഗിയുടെ സ്വസ്ഥതയും സുരക്ഷയും ഈ ചികിത്സയില്‍ വളരെ പ്രധാന്യമര്‍ഹിക്കുന്നു. ഡ്രഗിന്റെ ഉപയോഗം പടിപടിയായി കുറച്ചുകൊണ്ടുവരികയും പൂര്‍ണ്ണമായി മോചനം ലഭിക്കുന്നതുവരെ ഇതു തുടരുകയും വേണം. വിദഗ്ദ്ധചികിത്സ ഫലപ്രദമായാല്‍ സൈക്കൊ തെറാപ്പിയിലൂടെ ലഹരികളെ അകറ്റിനിര്‍ത്താന്‍ 
കഴിയും.

അഡിക്ഷന്‍ മൂലമുണ്ടാകുന്ന വിവിധ പ്രശ്നങ്ങളോടൊപ്പം ജീവിതത്തിലെ ഒരു നല്ല കാലഘട്ടം നഷ്ടമാക്കുകയും, ആരോഗ്യവും സന്തോഷവും കവര്‍ന്നെടുക്കുകയും ചെയ്യുന്ന ഒന്നാണ് റോഹിപ്നോള്‍ ഉപയോഗം. ശാരീരികവും മാനസികവും വൈകാരികവുമായ അവസ്ഥകളെ ശക്തമായി ബാധിക്കുന്ന ഈ ലഹരിവസ്തു ലൈംഗികാതിക്രമത്തിനും മോഷണത്തിനും മറ്റു കുറ്റകൃത്യങ്ങള്‍ക്കും ആയുധമാവുന്നു എന്നത് വളരെ ശ്രദ്ധിക്കേണ്ടി
യിരിക്കുന്നു.

ഗാമാ ഹൈഡ്രോക്സി ബ്യൂട്ടിറേറ്റ്

കേന്ദ്ര നാഡീവ്യൂഹത്തെ മന്ദിപ്പിക്കുന്ന ഒരു ലഹരിവസ്തുവാണ് ഗാമാ ഹൈഡ്രോക്സി ബ്യൂട്ടിറേറ്റ് (Gamma Hydroxybutyrate-G.H.B.). ടീനേജുകാരും യുവാക്കളും പരക്കെ ഉപയോഗിച്ചുവരുന്ന ലഹരിയാണിത്. കടുത്ത ആത്മവിശ്വാസവും അതില്‍നിന്നു ലഭിക്കുന്ന സുഖവും ഊര്‍ജ്ജവും കൂടാതെ വര്‍ദ്ധിച്ച ലൈംഗികാവേശവും ഇത് ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കുന്നു. ഈ അനുഭവങ്ങളോടൊപ്പം അധികമായ വിയര്‍പ്പ്, ബോധക്ഷയം, ഓക്കാനം, ഛര്‍ദ്ദി, മായാദൃശ്യങ്ങള്‍ എന്നീ അനുഭവങ്ങളും ഉണ്ടാവാറുണ്ട്.

മസ്തിഷ്‌കത്തില്‍ സ്വാഭാവികമായിത്തന്നെ നേരിയ തോതില്‍ G.H.B. ഉത്പാദിപ്പിക്കുന്നുണ്ട്. തീരേ ചെറിയ അളവില്‍ ഇതിന്റെ അംശം ചിലതരം ബിയറുകളിലും വീഞ്ഞുകളിലും കാണപ്പെടുന്നു.

ലൈംഗികാതിക്രമം ലക്ഷ്യമിടുന്നവര്‍ ഇത് പാനീയങ്ങളില്‍ കലര്‍ത്തി ഇരയ്ക്കു നല്‍കും. പ്രത്യേകിച്ച് രുചിയോ മണമോ ഇല്ലാത്തതുമുലം ഇത് തിരിച്ചറിയാന്‍ കഴിയാറില്ല. ഉപയോഗിക്കുന്ന വ്യക്തി മയക്കത്തിലേക്ക് വഴുതിവീഴുകയും, ഓര്‍മ്മ പൂര്‍ണ്ണമായി നശിക്കുകയും ലൈംഗികാതിക്രമത്തിന് ഇരയാവുകയും ചെയ്യും. ഇത് പൊടിയായി ലഭിക്കുന്ന G.H.B. ആല്‍ക്കഹോളുമായി കലര്‍ത്തിയും അല്ലാതെയും ഉപയോഗിക്കാറുണ്ട്. വില്‍പ്പനക്കാര്‍ ഇതിന്റെ അളവു കൂട്ടാന്‍ ദോഷകരമായ പല രാസവസ്തുക്കളും കലര്‍ത്തുന്നതും പതിവാണ്.

പ്രവര്‍ത്തിക്കുന്നതെങ്ങനെ?

ഇതു മസ്തിഷ്‌കത്തില്‍ രണ്ടു കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ആഗിരണം ചെയ്യപ്പെട്ട് രക്തത്തില്‍ കലര്‍ന്നശേഷം G.H.Bയുടെ ഭൂരിഭാഗവും കരളിലെത്തി വിഘടിക്കപ്പെടുന്നു. പ്രവര്‍ത്തനശേഷി 30 മുതല്‍ 60 മിനുട്ടുകള്‍വരെ നീണ്ടുനില്‍ക്കും. ഇരുപത്തിനാലുമണിക്കൂറിനുശേഷം ഇതിന്റെ അംശം മൂത്രത്തില്‍ ഉണ്ടാവാറില്ല.

പാര്‍ശ്വഫലങ്ങള്‍
1 വിറയല്‍.
2 ബോധം നശിക്കല്‍.
3 മനംപുരട്ടല്‍.
4 മായക്കാഴ്ചകള്‍ കാണുന്നതായും അസാധാരണ ശബ്ദങ്ങള്‍ കേള്‍ക്കുന്നതായും തോന്നുക.
5 തലവേദന.
6 ഛര്‍ദ്ദി.
7 തളര്‍ച്ച.
8 മന്ദത.
9 മറവി.
10 ആശയക്കുഴപ്പം.

വളരെപ്പെട്ടെന്ന് ശക്തമായ മാനസികവ്യതിയാനം സൃഷ്ടിക്കാനും സന്തോഷാവസ്ഥയിലെത്തിക്കാനും ഇടയാക്കുന്ന ഈ ലഹരിവസ്തുമൂലം പല ഉപഭോക്താക്കള്‍ക്കും ശ്വാസതടസ്സം ഉണ്ടാവുകയും ഇതു മരണകാരണമാവാന്‍ സാദ്ധ്യതയുണ്ടാവുകയും ചെയ്യും. മറ്റു ക്ലബ് ഡ്രഗ്ഗുകളെക്കാള്‍ അപകടകാരിയാണ് G.H.B. എന്നതിനു സംശയമില്ല.

G.H.B. ഉപയോഗം ശരീരത്തിലെ കൊഴുപ്പ് കുറച്ച് പേശീബലം കൂട്ടുമെന്ന വിശ്വാസത്തില്‍ ബോഡിബില്‍ഡര്‍മാര്‍ ഇത് ഉപയോഗിച്ചിരുന്നു. ശരീരവളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന പ്രത്യേക ഹോര്‍മോണ്‍ ഉത്പാദനം കൂട്ടാന്‍ G.H.Bക്ക് കഴിവുണ്ടെന്നു കരുതപ്പെടുന്നു.

ദുരുപയോഗം

നിറമോ മണമോ ഇല്ലാത്ത G.H.B. ആല്‍ക്കഹോളുമായി കലര്‍ത്തി ഒരു നേരിയ സംശയംപോലുമുണ്ടാവാത്ത വിധത്തില്‍ ഇരയ്ക്കു നല്‍കുകയാണ് സാധാരണയായി ക്ലബുകളിലും മറ്റു ചെയ്യാറുള്ളത്. ലൈംഗികാവശ്യത്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്നതുമൂലമാണ് ഇതിന് ഡേറ്റ് റേപ്പ് ഡ്രഗ് (date rape drug) എന്നു പേരുവന്നത്. ഇരയാകുന്ന വ്യക്തി ശക്തമായ മയക്കത്തിലാവുന്നതുമൂലം യാതൊരുവിധ എതിര്‍പ്പിനും സാദ്ധ്യതയുണ്ടാവുന്നില്ല. ചില ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നു എന്നത് ഞെട്ടിപ്പിക്കുന്ന ഒരു സത്യമാണ്. ഓണ്‍ലൈനായി വാങ്ങുന്ന G.H.B. ദ്രാവകരൂപത്തിലോ പൊടിയായോ ആയിരിക്കും ലഭിക്കുന്നത്. രഹസ്യ ലബോറട്ടറികളില്‍ അനധികൃതമായി നിര്‍മ്മിച്ച് വിതരണം ചെയ്യപ്പെടുന്ന G.H.B. ആല്‍ക്കഹോളുമായി കലര്‍ത്തിയും ഉപയോഗിക്കാറുണ്ട്. ഇതില്‍ മറ്റു പലതരം വസ്തുക്കള്‍ ചേര്‍ന്ന് അളവ് കൂട്ടി ലാഭമുണ്ടാക്കാന്‍ പല വിതരണക്കാരും ശ്രമിക്കാറുണ്ട്. ഇതുമൂലം G.H.Bയുടെ വിഷസ്വഭാവം അധികരിക്കുന്നു. 1990 മുതല്‍ ഈ ലഹരിവസ്തുവിന്റെ ഉപയോഗത്തിന് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുണ്ടായി.

കഴിച്ചുകഴിഞ്ഞാല്‍ ഈ ലഹരിവസ്തുവിന്റെ 95 ശതമാനം കരളിലെത്തി വിഘടിക്കപ്പെടുന്നു. അഞ്ച് ശതമാനം കിഡ്നി വഴി പുറന്തള്ളപ്പെടുകയും ചെയ്യും. കഴിച്ച് ഇരുപത്തിനാലുമണിക്കൂര്‍ കഴിഞ്ഞാല്‍ മൂത്രപരിശോധനയിലൂടെ ഇതിന്റെ അംശം കണ്ടെത്താനാവില്ല.

പതിവായി ഉപയോഗിച്ചാല്‍ G.H.B. അഡിക്ഷനു കാരണമാവും. പെട്ടെന്ന് ഉപയോഗം നിര്‍ത്തിയാല്‍ ഉറക്കമില്ലായ്മ, ആകാംക്ഷ, വിറയല്‍, വിയര്‍പ്പ്, ഹൃദയസ്പന്ദനത്തിന്റെ റേറ്റ് കൂടുക, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഭ്രാന്തമായ ചിന്തകള്‍ എന്നീ ഫലങ്ങളുണ്ടാകും. ഡ്രഗ് ഉപയോഗം പെട്ടെന്ന് നിര്‍ത്തുന്നതുമൂലം ശക്തമായ ദൂഷ്യഫലങ്ങളുണ്ടാവും.

G.H.B., ആല്‍ക്കഹോള്‍, ഉറക്കമുണ്ടാക്കുന്ന ബാര്‍ബിറ്ററേറ്റുകള്‍ പോലെയുള്ള കേന്ദ്രനാഡീവ്യൂഹത്തെ മന്ദിപ്പിക്കുന്ന വസ്തുക്കള്‍ ഇവയോടൊപ്പം ഉപയോഗിച്ചാല്‍ മനംപുരട്ടല്‍, ഛര്‍ദ്ദി, ശ്വാസംമുട്ടല്‍, കേന്ദ്ര നാഡീവ്യൂഹത്തിന് തകരാറുകള്‍, ശ്വാസഗതി മന്ദമാവുക എന്നീ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.
G.H.B. മറ്റു ലഹരിവസ്തുക്കളുമായി കലര്‍ത്താതെതന്നെ ഉയര്‍ന്ന അളവില്‍ ഉപയോഗിച്ചാല്‍ ഉറക്കം, അപസ്മാരലക്ഷണങ്ങള്‍, മയക്കം, ശ്വാസഗതി മന്ദിക്കുക, വിഷാദാവസ്ഥ എന്നീ അവസ്ഥകള്‍ അനുഭവപ്പെടും. ഇതു മരണത്തിലേക്ക് നയിക്കാനും സാദ്ധ്യതയുണ്ട്. രോഗിയെ ആശുപത്രിയിലെത്തിച്ചാലും G.H.B. ഉപയോഗം കണ്ടെത്താനാവില്ല. ശരീരത്തില്‍ വളരെപ്പെട്ടെന്ന് ഇതു നിര്‍വീര്യമാക്കപ്പെടുന്നു. അതിനാല്‍ മൂത്രത്തില്‍ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്താനാവില്ല.

ഗര്‍ഭിണികള്‍ ഉപയോഗിച്ചാല്‍

ഗര്‍ഭാവസ്ഥയില്‍ G.H.B. ഉപയോഗിച്ചാലുള്ള ഫലങ്ങള്‍ ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ല. ഗര്‍ഭിണികള്‍ G.H.B. ഒഴിവാക്കണം. ഗര്‍ഭധാരണത്തിനു ശ്രമിക്കുന്നവരും G.H.B. ഉപയോഗിക്കരുത്. അബദ്ധത്തില്‍ ഉപയോഗിച്ചുപോയാല്‍ പെട്ടെന്നു വിദഗ്ദ്ധസഹായം ലഭ്യമാക്കേണ്ടതാണ്.

G.H.B. അഡിക്ഷന്‍ എങ്ങനെ ചികിത്സിക്കാം?

G.H.B. ഉള്‍പ്പടെയുള്ള ക്ലബ് ഡ്രഗ്ഗുകളുടെ ദുരുപയോഗം മൂലമുണ്ടാവുന്ന ദൂഷ്യഫലങ്ങള്‍ എങ്ങനെ ചികിത്സിക്കാമെന്നതിന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ലഭ്യമല്ല. ചുരുക്കം ചില ഉപഭോക്താക്കളില്‍ ഇതിന്റെ ഉപയോഗം അഡിക്ഷനു കാരണമാവാറില്ല. പതിവായ ഉപയോഗം പെട്ടെന്ന് നിര്‍ത്തിയാല്‍ ശക്തമായ പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ ഉണ്ടാവാറുണ്ട്. ഇത്തരം അവസ്ഥയില്‍ രോഗിയെ അഡ്മിറ്റ് ചെയ്ത് ചികിത്സയ്ക്കു വിധേയമാക്കേണ്ടതാണ്. 7-14 ദിവസങ്ങള്‍വരെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടിവരും.

ചില ഉപഭോക്താക്കള്‍ ഡ്രഗ് ഉപയോഗം നിര്‍ത്തുമ്പോഴുള്ള ശക്തമായ അസ്വസ്ഥതകള്‍ സ്വയം ചികിത്സിക്കാറുണ്ട്. ഇത് ഒഴിവാക്കുന്നതാണ് നല്ലത്. വൈദ്യസഹായം ലഭ്യമാക്കാന്‍ ശ്രമിക്കുന്നതില്‍ ഉപേക്ഷ വിചാരിക്കരുത്.

പാര്‍ശ്വഫലങ്ങള്‍ എങ്ങനെ ചികിത്സിച്ചു മാറ്റാം

ലഹരിവസ്തുക്കള്‍ക്ക് അടിമയായവര്‍ക്ക് സ്വയം ഒരു മാറ്റത്തിനു കഴിയാറില്ല. ഈ അവസ്ഥ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ വിദഗ്ദ്ധപരിശീലനം ലഭിച്ച ചികിത്സകരുടെ സേവനം ആവശ്യമായി വരും.
ആദ്യമായി, ചികിത്സയ്ക്കു മുമ്പ് രോഗിയുടെ അവസ്ഥ, ആവശ്യങ്ങള്‍, ശക്തി-ദൗര്‍ബ്ബല്യങ്ങള്‍ എന്നിവയെല്ലാം കൃത്യമായി മനസ്സിലാക്കിയിരിക്കണം. രോഗിക്ക് ഒരുവിധത്തിലുമുള്ള അസ്വസ്ഥതകളുമുണ്ടാവാതെ പ്രത്യേകം ശ്രദ്ധിക്കണം. രക്തസമ്മര്‍ദ്ദംപോലെയുള്ള ലക്ഷണങ്ങള്‍ ഒന്നൊന്നായി നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതുവഴി രോഗിക്ക് ആശാവഹമായ മാറ്റങ്ങളുണ്ടാവും.
അഡിക്ടിന് ലഹരിവിമുക്തജീവിതം ആവശ്യമാണെന്ന് സ്വയം ബോധമുണ്ടായാല്‍ ചികിത്സ കൂടുതല്‍ ഫലപ്രദമാവും. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സാമൂഹികപ്രവര്‍ത്തകരും ഉള്‍പ്പെട്ട ഒരു സംഘത്തിന്റെ കൂട്ടായപ്രവര്‍ത്തനം അഡിക്ഷനില്‍നിന്നും മോചനം ലഭിക്കാന്‍ സഹായകരമാണ്.

മെതാംഫിറ്റാമൈന്‍ (Methamphetamine)

കേന്ദ്ര നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്ന ശക്തിയേറിയ ഒരു ലഹരിവസ്തുവാണ് മെതാംഫിറ്റാമൈന്‍. ബ്രെയിനിലും നെര്‍വുകളിലും പ്രവര്‍ത്തിക്കാനുള്ള കഴിവ് ഇതിനുണ്ട്. കൂടാതെ ബ്രെയിനിലെയും നെര്‍വുകളിലെയും രാസഘടകങ്ങളെ ബാധിക്കുകയും, സുഖകരമായ ഒരവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. സാധാരണ ഉത്തേജകവസ്തുക്കള്‍പോലെ ഇത് ശരീരത്തിന്റെ പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കുകയും ഈ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് പൊടിയായും ക്രിസ്റ്റലുകളായും ലഭിക്കാറുണ്ട്. പൊടി മൂക്കിലൂടെ വലിക്കുകയും കഴിക്കുകയും ചെയ്യപ്പെടുന്നു. ഏതെങ്കിലും ലായകത്തില്‍ ലയിപ്പിച്ച് ഇന്‍ജക്ഷനായും മെതാംഫിറ്റാമൈന്‍ ഉപയോഗിക്കാറുണ്ട്.

വിശപ്പു കുറയ്ക്കുന്ന ഈ ലഹരിവസ്തു രക്തസമ്മര്‍ദ്ദം കൂട്ടുകയും ഉറക്കത്തെ അകറ്റിനിര്‍ത്തുകയും ചെയ്യും. വായിലൂടെ കഴിച്ചാല്‍ ഏകദേശം 30 മിനിട്ടിനുള്ളില്‍ ഇതു പ്രവര്‍ത്തിച്ചുതുടങ്ങുകയും ഈ പ്രവര്‍ത്തനം ദീര്‍ഘസമയം നീണ്ടുനില്‍ക്കുകയും ചെയ്യും. ഇതുമുലം ഉപഭോക്താവിന് അസ്വസ്ഥതകള്‍, അധിക ഊര്‍ജ്ജം, അത്യാകാംക്ഷ എന്നീ ഫലങ്ങളുണ്ടാവുന്നു.

ശക്തമായ ലഹരിപകരുന്ന മെതാംഫിറ്റാമൈന്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ഒപ്പം പെരുമാറ്റവൈകല്യങ്ങളുണ്ടാവുകയും ചെയ്യും. ചിത്തഭ്രമം, പലതരം അസ്വസ്ഥതകള്‍, അമിതാവേശം എന്നീ അവസ്ഥകളുണ്ടാവുന്നതും സാധാരണയാണ്. ചില സന്ദര്‍ഭങ്ങളില്‍ ഉപഭോക്താവ് അക്രമാസക്തി പ്രകടിപ്പിക്കും. ഇത് മരണകാരണമാവാറില്ലെങ്കിലും ഹൃദയത്തിനു തകരാറുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് മെതാംഫിറ്റാമൈന്‍ ഉപയോഗംമൂലം താറുമാറാകും. സ്‌കിസോഫ്രീനിയ എന്ന മാനസികരോഗത്തിന് സമാനമായ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നതും സാധാരണയാണ്.

മെതാംഫിറ്റാമൈന്‍ ഉപയോഗം തുടരുന്ന പലരിലും ഇന്‍ജക്ഷന്‍ നീഡിലുകള്‍ മാറി മാറി ഉപയോഗിക്കുന്നതുമൂലം H.I.V. പോലെയുള്ള രോഗബാധയുണ്ടാകാനിടവരും. ശ്വസിക്കാനിടയായാല്‍ വളരെ പെട്ടെന്ന് ഇത് ബ്രെയിനില്‍ കടക്കുകയും ശക്തമായ അഡിക്ഷനും മറ്റു പല ബുദ്ധിമുട്ടുകളുണ്ടാക്കുകയും ചെയ്യും.

മെതാംഫിറ്റാമൈന്‍ ഉപയോഗിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

താഴെപ്പറയുന്ന അസ്വസ്ഥതകള്‍ ഉള്ളവര്‍ മെതാംഫിറ്റാമൈന്‍ ഔഷധമായിപ്പോലും ഉപയോഗിക്കരുത്.

1 ഏതെങ്കിലും ഉത്തേജകസ്വഭാവമുള്ള ലഹരിവസ്തുവിന് അലര്‍ജിയുള്ളവര്‍.
2 ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍.
3 ഹൃദയത്തിനോ ഹൃദയത്തിനു രക്തമെത്തിക്കുന്ന രക്തക്കുഴലുകള്‍ക്കോ തകരാറുള്ളവര്‍.
4 ഹൈപ്പര്‍ തൈറോയിഡ് രോഗികള്‍.
5 ഗ്ലോക്കോമാ രോഗമുള്ളവര്‍.
6 ആല്‍ക്കഹോള്‍, ലഹരിവസ്തുക്കള്‍ തുടങ്ങിയവയ്ക്ക് അഡിക്ടായവര്‍.

ഏതെങ്കിലും ഔഷധം പതിവായി കഴിക്കുന്നവര്‍ മെതാംഫിറ്റാമൈന്‍ ഇതിനൊപ്പം ഉപയോഗിച്ചാല്‍ പല പാര്‍ശ്വഫലങ്ങളും ഉണ്ടാകും. പല ഔഷധങ്ങളും മെതാംഫിറ്റാമൈനുമായി പ്രതിപ്രവര്‍ത്തനം നടത്താറുണ്ട്. ഓപിയോയിഡ് ഗ്രൂപ്പില്‍പ്പെടുന്ന ലഹരിവസ്തുക്കളോ ഔഷധങ്ങളോ ഹെര്‍ബല്‍ മരുന്നുകളോ കഴിക്കുന്നതിനൊപ്പം മെതാംഫിറ്റാമൈന്‍ ഉപയോഗിച്ചാല്‍ ദൂഷ്യഫലങ്ങളുണ്ടാവും.

മാനസികസമ്മര്‍ദ്ദം, മാനസികരോഗങ്ങള്‍, പാര്‍ക്കിന്‍സണ്‍സ് രോഗം, മൈഗ്രൈന്‍ മൂലമുണ്ടാവുന്ന തലവേദന എന്നിവയുള്ളവര്‍ മെതാംഫിറ്റാമൈന്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. അണുബാധമൂലമുള്ള രോഗങ്ങളുള്ളവരും ഈ ലഹരിമരുന്ന് ഉപയോഗിക്കരുത്.
പ്രത്യേകം ശ്രദ്ധിക്കുക

മെതാംഫിറ്റാമൈന്‍ ഉപയോഗംമൂലം പല ആളുകളിലും സ്ട്രോക്ക്, ഹൃദയാഘാതം, പെട്ടെന്നുണ്ടാവുന്ന മരണം എന്നീ അത്യാഹിതങ്ങളുണ്ടാവാന്‍ സാദ്ധ്യതയുണ്ട്. താഴെപ്പറയുന്ന രോഗമുള്ളവര്‍ ഡോക്ടറോട് വിവരം അറിയിക്കേണ്ടതാണ്.

ഹൃദയത്തിനു തകരാറുകള്‍ (ജന്മനാ ഉള്ളതോ അല്ലാത്തതോ), ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കുടുംബത്തില്‍ പാരമ്പര്യമായി ഹൃദയരോഗങ്ങളും അതുമൂലം മരണമുണ്ടായിട്ടുണ്ടെങ്കില്‍ ആ വിവരവും, മാനസികസമ്മര്‍ദ്ദം, മാനസികരോഗങ്ങള്‍, ബൈപോളാര്‍ ഡിസ് ഓര്‍ഡര്‍ (bipolar diosrder), ആത്മഹത്യാപ്രവണത, ആത്മഹത്യാശ്രമങ്ങള്‍, പെട്ടെന്നുണ്ടാവുന്ന ഷോക്ക് (seizures), അപസ്മാര (ചുഴലിരോഗം) ലഷണങ്ങള്‍, ബ്രെയിനിനുണ്ടാകുന്ന മറ്റു രോഗങ്ങള്‍, പ്രമേഹം (diabetes), കൈകാലുകളില്‍ രക്തപരിവാഹനപ്രശ്നങ്ങള്‍.

പൊണ്ണത്തടി (obesity) കുറയ്ക്കാന്‍ ഔഷധമെന്ന നിലയില്‍ മെതാംഫിറ്റാമൈന്‍ ഉപയോഗിക്കുന്നത്, മറ്റു മാര്‍ഗ്ഗങ്ങള്‍ (ഡയറ്റിങ്, ഔഷധപ്രയോഗം) ഫലപ്രദമായില്ലെങ്കില്‍ മാത്രമേ പാടുള്ളൂ.

ഗര്‍ഭിണികള്‍ ഉപയോഗിച്ചാല്‍

ഗര്‍ഭിണികള്‍ മെതാംഫിറ്റാമൈന്‍ ഉപയോഗിച്ചാല്‍ മാസം തികയുംമുമ്പേ പ്രസവമുണ്ടാവും. കുഞ്ഞിനു ശരീരഭാരം കുറയാനുമിടയുണ്ട്. കുഞ്ഞിന്റെ ശരീരത്തില്‍ ഈ ലഹരിവസ്തു കടക്കുന്നതുമൂലം കുഞ്ഞ് പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ പ്രകടമാക്കും അതിനാല്‍ കുഞ്ഞിന് മുലയൂട്ടാതിരിക്കുന്നതാണ് സുരക്ഷിതം.

ഈ ലഹരിവസ്തു ഒരുകാരണവശാലും ആറുവയസ്സില്‍ താഴേയുള്ള കുഞ്ഞുങ്ങള്‍ ഉപയോഗിക്കാനിടവരരുത്. പൊണ്ണത്തടി കുറയ്ക്കാന്‍ മെതാംഫിറ്റാമൈന്‍ ഉപയോഗിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം.

മെതാംഫിറ്റാമൈന്‍ ഉപയോഗം ഇന്ത്യയില്‍

ആംഫിറ്റാമൈന്‍ ഗ്രൂപ്പില്‍പ്പെടുന്ന ഉത്തേജകങ്ങള്‍ (മെതാംഫിറ്റാമൈന്‍ ഉള്‍പ്പെടെയുള്ള) വര്‍ദ്ധിച്ച തോതില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇരുപതുവയസ്സില്‍ താഴേയുള്ളവരാണ് കൂടുതലും ഇതിന് ഇരയാകുന്നത്. മെതാംഫിറ്റാമൈന്‍ യുവാക്കളെയും മറ്റ് ഉപഭോക്താക്കളെയും തകര്‍ച്ചയിലേക്ക് നയിക്കുന്ന ഒരു ലഹരിവസ്തുവാണ്.

നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിമുക്ത കേന്ദ്രങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. ലഹരിവസ്തുക്കളോടുള്ള ശാരീരികവും മാനസികവുമായ ആശ്രിതത്വം മാറ്റിയെടുക്കാന്‍ ഇത്തരം കേന്ദ്രങ്ങള്‍ക്കു കഴിയും.

ആംഫിറ്റാമൈന്‍ വിവിധ രൂപങ്ങളില്‍

ക്രിസ്റ്റല്‍മെത്ത്: കട്ടിയുള്ള ക്രിസ്റ്റലുകളായി ലഭിക്കുന്ന ക്രിസ്റ്റല്‍മെത്ത് വളരെപ്പെട്ടെന്ന് പ്രവര്‍ത്തിക്കുന്നതും, പ്രവര്‍ത്തനം കൂടുതല്‍ സമയം നിലനില്‍ക്കുന്നതും, കൂടുതല്‍ അപകടകാരിയുമാണ്.

ബെയ്സ് മെത്ത് (base meth): ഈര്‍പ്പമുള്ളതും, വെള്ള, മഞ്ഞ, ബ്രൗണ്‍ എന്നീ നിറങ്ങളില്‍ വില്‍ക്കപ്പെടുന്നതുമാണ് ബെയ്സ് മെത്ത്.
സ്പീഡ്: വെള്ള, മഞ്ഞ എന്നീ നിറങ്ങളില്‍ തെരുവുകളില്‍ വില്‍ക്കാന്‍ കിട്ടുന്ന 'സ്പീഡ്' പല രാസവസ്തുക്കളും മെതാംഫിറ്റാമൈനൊപ്പം കലര്‍ത്തി നിര്‍മ്മിക്കപ്പെടുന്നു. ഇതിനു ശക്തമായ പാര്‍ശ്വഫലങ്ങളുണ്ട്.

ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍

കൂടുതല്‍ യുവാക്കള്‍ മെതാംഫിറ്റാമൈന്‍ ഉപയോഗത്തിലേക്ക് തിരിഞ്ഞിരിക്കുന്നു എന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. രഹസ്യ ലബോറട്ടറികളില്‍ അധികം വിലയില്ലാത്ത ഘടകങ്ങളുപയോഗിച്ച് ഇത്തരം ലഹരിവസ്തുക്കള്‍ ധാരാളമായി നിര്‍മ്മിക്കപ്പെടുന്നുണ്ട്.

ആംഫിറ്റാമൈന്‍ ടൈപ്പ് ഡ്രഗ്ഗുകള്‍ (Amphetamine type drugs (AT-S)

ഈ വിഭാഗത്തില്‍പ്പെടുന്ന വസ്തുക്കള്‍ അതിര്‍ത്തിപ്രദേശങ്ങളിലാണ് കൂടുതലും ഉത്പാദിപ്പിക്കപ്പെടുന്നത്. നിര്‍മ്മാണത്തിന്റെയോ വിപണനത്തിന്റെയോ ഉപയോഗത്തിന്റെയോ വിശദവിവരങ്ങള്‍ ലഭ്യമല്ല. മണിപ്പൂര്‍, മിസോറാം, തമിഴ്നാട്, വെസ്റ്റ് ബംഗാള്‍ എന്നീ പ്രദേശങ്ങളില്‍ U.N.O.D.C. (United Nation's Office on Drugs and Crime) നടത്തിയ പഠനങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് (കൂടുതലും ഇരുപതുവയസ്സിനോടടുത്ത പ്രായക്കാര്‍ക്കിടയില്‍) ഏറ്റവും ആകര്‍ഷകമായ ഡ്രഗാണ് ഇവ എന്നു വ്യക്തമായിട്ടുണ്ട്.