കുറിയേടത്ത് താത്രി: 9 വയസ്സുമുതല്‍ 23 വരെയുള്ള പീഡനകഥകള്‍, സ്മാര്‍ത്തവിചാരത്തിന്റെ കാണാപ്പുറങ്ങള്‍!


അഡ്വ. ബിജു കൈപ്പന്‍പ്ലാക്കല്‍

താത്രീപഠനങ്ങളിലേറെയും കുറിയേടത്തു താത്രിയുടെ പ്രണയം, ലൈംഗികാസക്തി, പ്രതികാരം, കലാനിപുണത, താത്രിയെന്ന ഒരുമ്പെട്ട അഭിസാരിക എന്നിങ്ങനെയുള്ള ധാരണകളില്‍ നിന്നുകൊണ്ട് മാത്രമായിരുന്നു. അവയാകട്ടെ അതിഭാവുകത്വവും അതിരുവിട്ട കാല്പനികതയും നിമിത്തം യാഥാര്‍ഥ്യത്തില്‍നിന്നും ബഹുകാതം ദൂരെയുമായിരുന്നു.

താത്രിയെ സ്മാർത്തവിചാരത്തിനായി താമസിപ്പിച്ച മന, താത്രിക്കല്ല്‌

അഡ്വ. ബിജു കൈപ്പന്‍പ്ലാക്കല്‍ എഴുതിയ 'കുറിയേടത്ത് താത്രീവിചാരത്തിന്റെ കാണാപ്പുറങ്ങള്‍' എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.

20-ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ നടന്ന ഏറ്റവും (കു)പ്രസിദ്ധമായ കുറിയേടത്തു താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം രാജസിംഹാസനത്തെവരെ പിടിച്ചുകുലുക്കി. സമുദായത്തിലെ സ്ഥാപനവത്കരിക്കപ്പെട്ട അനാചാരങ്ങളുടെ കോട്ടയില്‍ വിള്ളലുകള്‍ വീണു. താത്രിക്കുട്ടി, കല്പകശ്ശേരി ഇല്ലത്ത് അഷ്ടമൂര്‍ത്തി നമ്പൂതിരിക്ക് തന്റെ ആദ്യവേളി ഓക്കി അന്തര്‍ജനത്തിലുണ്ടായ രണ്ടാമത്തെ മകളും കുറിയേടത്ത് രണ്ടാമന്‍ രാമന്‍ നമ്പൂതിരിയുടെ വേളിയുമായിരുന്നു.

ഒരു കാലഘട്ടത്തില്‍ താത്രിക്കുട്ടിതന്നെ താന്‍ പങ്കിലയായിരിക്കുന്നുവെന്ന് സ്വയം പ്രഖ്യാപിക്കുകയും തുടര്‍ന്ന്, ദാസീവിചാരത്തിന് കളമൊരുങ്ങുകയുമായിരുന്നു. ഈ പ്രഖ്യാപനത്തിനു പിന്നില്‍ കുറിയേടത്തു താത്രിയുടെ പുരുഷവര്‍ഗത്തോടുള്ള കടുത്ത വിദ്വേഷമായിരുന്നുവെന്നും അവര്‍ ദാസീവൃന്ദത്തിന്റെയും മറ്റു സഹചാരികളുടെയും സഹായത്തോടെ ഉന്നതരും പ്രശസ്തരും ശ്രേഷ്ഠന്മാരുമായ അറുപത്തിയഞ്ചു മഹാരഥന്മാരെ തിരഞ്ഞുപിടിച്ച് വലയിലാക്കി ഗൂഢസങ്കേതങ്ങളിലെത്തിച്ച് ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ലൈംഗികസംസര്‍ഗ സമയത്ത് ജാരന്മാരുടെ ശരീരത്തിലെയും മറ്റും അടയാളങ്ങള്‍ മനസ്സിലാക്കിവെച്ച് പിന്നീട് ഒരു സ്മാര്‍ത്തവിചാരം നടത്തിച്ച് തന്റെ ജാരന്മാരെയും അതുവഴി സമുദായത്തെയും കരിവാരിത്തേക്കുകയുമായിരുന്നു എന്നതാണ് താത്രീചരിതത്തില്‍ വ്യാപകമായി പ്രചരിപ്പിച്ച കഥ.

മേല്‍ കഥനത്തിന് യാതൊരു അടിസ്ഥാനവുമില്ല എന്നു മാത്രമല്ല, ബോധപൂര്‍വം ചമച്ച ഒരു കെട്ടുകഥയായിരുന്നു അത് എന്നതാണ് സത്യം. വാഗ്ദാനങ്ങള്‍ നല്കി തെറ്റിദ്ധരിപ്പിച്ചാണ് താത്രിയെക്കൊണ്ട് അശുദ്ധിപ്രഖ്യാപനം നടത്തിപ്പിച്ചത് എന്നും ഇതിനു പിന്നില്‍ ഓക്കി ഇട്ടീരി അമ്മാമന്‍ അടക്കം ഉള്‍പ്പെടുന്ന ഒരു ഗൂഢാലോചനാസംഘമായിരുന്നുവെന്നും തെളിവുകളുണ്ട്. പിന്നീട് അഞ്ചാംപുരയില്‍ ആയിരുന്ന സമയത്ത്, താന്‍ ചതിക്കപ്പെടുകയായിരുന്നു എന്നു തിരിച്ചറിഞ്ഞ താത്രിക്കുട്ടി ഒരു അന്തര്‍ജനത്തിന്റെ ഒതുക്കം വിട്ട് വിപ്ലവകാരിയുടെ തീക്ഷ്ണതയോടെയും നിര്‍ഭയത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും വിചാരത്തെ നേരിടുകയാണുണ്ടായത്. താത്രിയുടെ അപ്രതീക്ഷിതമായ മനംമാറ്റം ഗൂഢാലോചനാസംഘത്തെ വിറപ്പിച്ചുകളഞ്ഞു. അവളെ അനുനയിപ്പിക്കാന്‍ സംഘം എല്ലാ വഴികളും നോക്കി. താത്രി വഴങ്ങിയില്ല. ഒന്‍പതാം വയസ്സുമുതല്‍ 23-ാം വയസ്സുവരെ തന്നെ പീഡിപ്പിച്ച ഓരോരുത്തരുടെയും പേരുകള്‍ താത്രി നിര്‍ഭയം വിളിച്ചുപറഞ്ഞു. ഫലമോ? അറുപത്തിയഞ്ചു തലയറ്റു; കുലമറ്റു. പെട്ടവരില്‍ അച്ഛനും സഹോദനും അമ്മാമനും ഗുരുനാഥന്മാരും വരെ ഉണ്ടായിരുന്നു.

താത്രിക്കുട്ടി, താനുമായി സംസര്‍ഗമുണ്ടായ എല്ലാവരുടെയും പേരുകളും പറഞ്ഞിട്ടില്ലത്രേ. അഥവാ, താത്രി പറഞ്ഞ പല പേരുകളും സ്മാര്‍ത്തവിചാരസംഘവും ഭരണകൂടവും വിഴുങ്ങിയത്രേ. ഇനിയും പുറത്തുവരാത്ത കഥകളേറെയുണ്ട്, വാമൊഴികളായി പ്രചരിക്കുന്നവ. വിചാരം പുരോഗമിച്ചപ്പോള്‍, ഭരണാധികാരം കൈയാളിയിരുന്നവര്‍ അതിന്റെ നിയന്ത്രണം കൈക്കലാക്കി. പുരുഷവിചാരത്തിന്റെ മറവില്‍ കൊച്ചിരാജാവിന്റെ സര്‍വാധികാര്യക്കാര്‍- ഗോപാലദേശികന്‍- വിചാരത്തിന്റെ നിയന്ത്രണമേറ്റെടുത്തു. സ്മാര്‍ത്തന്‍ റബ്ബര്‍സ്റ്റാമ്പായി. രാജാവ് മൗനത്തിലുറഞ്ഞു. അതേത്തുടര്‍ന്ന് താത്രീവിചാരത്തില്‍ മലക്കംമറിച്ചിലുകളും കലര്‍പ്പുമുണ്ടായി. നീതിയും സത്യവും തമസ്‌കരിക്കപ്പെട്ടു.

പുരുഷവിചാരസമയത്ത് താത്രി അഞ്ചാംപുരയെന്ന തടങ്കലിലായിരുന്നു. താത്രീമൊഴികളെന്ന് പ്രചരിക്കപ്പെട്ടതെല്ലാം താത്രീ മൊഴികള്‍തന്നെയായിരുന്നുവോ? താത്രിയുടെ മൊഴികള്‍ തമസ്‌കരിക്കപ്പെട്ടിട്ടുണ്ടോ? സ്മാര്‍ത്തവിചാരവും പുരുഷവിചാരവും നിഷ്പക്ഷവും സത്യസന്ധവുമായിരുന്നുവോ? നൂറ്റാണ്ടിനെ അതിജീവിച്ചും താത്രീവായനകള്‍ മറഞ്ഞിരിക്കുന്ന ആ സത്യങ്ങളെ തേടുകയാണ്. ഏതായാലും കൊച്ചിരാജകൊട്ടാരത്തില്‍ വെച്ചു നടന്ന സ്വരൂപംചൊല്ലലിനു ശേഷം താത്രിക്കുട്ടി ശൂന്യതയില്‍ മറഞ്ഞു.

മറുഭാഗത്താവട്ടെ, അറുപത്തിനാലു ഭ്രഷ്ടരുടെ ആത്മാഹുതിയുടെ ചാരത്തില്‍നിന്നും സമുദായനവോത്ഥാനത്തിന്റെ ശംഖൊലിയും യുദ്ധകാഹളവും മുഴങ്ങി. താത്രീവിചാരശേഷം കരുത്താര്‍ജിച്ച നമ്പൂതിരിസമുദായ നവോത്ഥാനപ്രസ്ഥാനത്തിലേക്ക് ഭ്രഷ്ടരെന്നു മുദ്രകുത്തപ്പെട്ട ഒരു സമൂഹം നല്കിയ സംഭാവനകളും താത്രീവിചാരത്തിന്റെ കാണാപ്പുറങ്ങളും ചര്‍ച്ചചെയ്യപ്പെടുകയാണിവിടെ.

കുറിയേടത്തു താത്രിയുടെ സ്മാര്‍ത്തവിചാരം നൂറ്റാണ്ടുകളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നു, താത്രീവായനകളും. താത്രീപഠനങ്ങളിലേറെയും കുറിയേടത്തു താത്രിയുടെ പ്രണയം, ലൈംഗികാസക്തി, പ്രതികാരം, കലാനിപുണത, താത്രിയെന്ന ഒരുമ്പെട്ട അഭിസാരിക എന്നിങ്ങനെയുള്ള ധാരണകളില്‍ നിന്നുകൊണ്ട് മാത്രമായിരുന്നു. അവയാകട്ടെ അതിഭാവുകത്വവും അതിരുവിട്ട കാല്പനികതയും നിമിത്തം യാഥാര്‍ഥ്യത്തില്‍നിന്നും ബഹുകാതം ദൂരെയുമായിരുന്നു. ചുരുക്കത്തില്‍ കുറിയേടത്തു താത്രിയുടെ ഉപരിപ്ലവവ്യക്തിത്വത്തില്‍ മാത്രം കേന്ദ്രീകൃതമായതും മുന്‍വിധിയോടുകൂടിയതുമായ അപഗ്രഥനങ്ങളായിരുന്നു ഇത്തരം പഠനങ്ങളില്‍ മുഴച്ചു നിന്നത്. സ്മാര്‍ത്തവിചാരനടപടികളുടെ ഉള്ളറകളെയും വസ്തുനിഷ്ഠതയെയും വിലയിരുത്തുന്ന പഠനങ്ങള്‍ വിരളമായിരുന്നു.

താത്രിയുടെ വിചാരം സ്മാര്‍ത്തവിചാരമായിരുന്നുവോ? ശാങ്കരസ്മൃതി ഒരു കീഴ്വഴക്കമായി കണക്കിലെടുത്തു ചിന്തിച്ചാല്‍പ്പോലും കുറിയേടത്തു താത്രിയുടെ വിചാരം ആ സ്മൃതിനിയമങ്ങള്‍ക്ക് അനുസൃതമായിരുന്നുവോ? മുന്‍വിധികളോ ഗൂഢലക്ഷ്യങ്ങളോ ഈ വിചാരത്തിനു പിന്നിലുണ്ടായിരുന്നുവോ? താത്രീമൊഴികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന മൊഴികള്‍ പൂര്‍ണമായും വിശ്വസനീയംതന്നെയായിരുന്നുവോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിക്കുന്നു.

20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ത്തന്നെ യാഥാസ്ഥിതിക നമ്പൂതിരിസമുദായത്തില്‍ അനുഭവിക്കേണ്ടിവന്ന അവഗണനകളെയും യാതനകളെയും കുറിച്ച് അപ്ഫന്മാരില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുതുടങ്ങിയിരുന്നുവെന്നും കടുത്ത യാഥാസ്ഥിതികനും ഓതിക്കന്മാരുടെയും വൈദികരുടെയും സമ്മര്‍ദത്തില്‍ വഴങ്ങുന്നയാളുമായ കൊച്ചി മഹാരാജാവ് അപ്ഫന്മാരുടെ പ്രതിഷേധത്തെ മുളയിലെ നുള്ളുന്നതിന് വഴികള്‍ തേടിയിരുന്നുവെന്നും താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരത്തെ ഉപയോഗിച്ച് യാഥാസ്ഥിതിക സമുദായതാത്പര്യാര്‍ഥം അനഭിമതരായ അപ്ഫന്‍നമ്പൂതിരിമാരെ സമുദായത്തില്‍നിന്നും നിഷ്‌കാസിതരാക്കുവാന്‍ തീരുമാനിച്ചുവെന്നും ഒരു പക്ഷമുണ്ട്. താത്രീവിചാരത്തില്‍ ഉള്‍പ്പെട്ട ചിലരെങ്കിലുമൊക്കെ യാഥാസ്ഥിതികവിഭാഗത്തിന്റെയും 'നിത്യവെള്ളകള്‍' എന്ന പരിഹാസപ്പേരില്‍ വിളിക്കപ്പെട്ടിരുന്ന രാജകൊട്ടാരത്തിലെ തമ്പുരാട്ടിമാരുടെ കൂട്ടിരിപ്പുകാരായ നമ്പൂതിരിമാരുടെയുമൊക്കെ കണ്ണിലെ കരടുകളായിരുന്നു എന്നുമൊക്കെ പറയപ്പെടുന്നു. നിഷ്പക്ഷമായ ചിന്തയില്‍, ശാങ്കരസ്മൃതിനിയമങ്ങള്‍ക്ക് അനുസൃതമായ ഒരു സ്മാര്‍ത്തവിചാരമായിരുന്നില്ല കുറിയേടത്തു താത്രിയുടേത് എന്നപക്ഷം കരുത്താര്‍ജിച്ചുകൊണ്ടിരിക്കുന്നു.
ശാങ്കരസ്മൃതിയനുസരിച്ച് ഒരു സ്മാര്‍ത്തവിചാരത്തെ പ്രധാനമായും ഏഴു ഭാഗങ്ങളായി തരംതിരിക്കാവുന്നതാണ്.

(1) അടുക്കളദോഷശങ്ക (2) ദാസീവിചാരം (3) അഞ്ചാംപുരയിലാക്കല്‍ (4) സ്മാര്‍ത്തവിചാരം (5) സ്വരൂപംചൊല്ലല്‍ (6) ഉദകവിച്ഛേദം (7) ശുദ്ധഭോജനം. മേല്പറഞ്ഞ എല്ലാ ഘടകങ്ങളെയും സംബന്ധിച്ച സ്മൃതിനിയമങ്ങളെ താത്രീവിചാരവുമായി ബന്ധിപ്പിച്ച് പഠിക്കുകയാണെങ്കില്‍ താത്രീവിചാരത്തിന്റെ നൈയമിക പിന്‍ബലം എത്രത്തോളമെന്ന് വിലയിരുത്താന്‍ കഴിയും.

1. അടുക്കളദോഷശങ്ക

സ്മാര്‍ത്തവിചാരത്തെ സംബന്ധിച്ച ശാങ്കരസ്മൃതി മാര്‍ഗനിര്‍ദേശങ്ങള്‍ നല്കിയിരിക്കുന്നത് എട്ടാമധ്യായം പ്രഥമപദത്തിലാണ്. ഗൃഹസ്ഥന്‍ തന്റെ പത്നിക്ക് വ്യഭിചാരദോഷമുണ്ടന്ന് തക്കതായ ഒന്നിലധികം കാരണങ്ങള്‍കൊണ്ട് സംശയിക്കുന്നുവെങ്കില്‍,വാധ്യാനോടുകൂടി സ്വജനങ്ങളുടെ അടുക്കല്‍ ചെന്ന് തനിക്കുണ്ടായ സംശയത്തെ അവരോടു പറയണം. (സി.ടി. പരമേശ്വരന്‍ മൂസ്സിന്റെ ഭാഷാവ്യാഖ്യാനം)

കുറിയേടത്തു താത്രിയുടെ മൊഴികളില്‍ ഗൃഹസ്ഥനെ സംബന്ധിച്ച ഭാഗം ശ്രദ്ധിക്കേണ്ടതുണ്ട്. ക...കള്ളന്‍ കടന്ന് അവന്റെ മോഹം സാധിച്ചു പോയി എന്നു പറഞ്ഞു. പോന്ന സമയം ഇനിക്ക് അറിയാം. മോഹം സാധിക്കാന്‍ ഇടയില്ല എന്ന് പറഞ്ഞു...സാധിച്ചു പോയി എന്ന് പറഞ്ഞു. ആരോടും മിണ്ടരുത് എന്ന് പറഞ്ഞു...ഞാന്‍ പറഞ്ഞതിനേയും എഴുതി വച്ചതിനേയും അറിയാത്തതുകൊണ്ടാണ് ഗൃഹസ്ഥന്‍ പിന്നെ എന്നോടുകൂടി പ്രവൃത്തി ഉണ്ടായത് എന്നാണ് എന്റെ വിശ്വാസം...

ഗൃഹസ്ഥനായ കുറിയേടത്ത് രണ്ടാമന്‍ രാമന്‍ നമ്പൂതിരിക്ക് ഭാര്യ താത്രിക്കുട്ടിയുടെ മേല്‍ യാതൊരുവിധ വ്യഭിചാരദോഷശങ്കയും ഉണ്ടായിരുന്നില്ല എന്ന് ഈ മൊഴി സാക്ഷ്യംവഹിക്കുന്നു. താത്രിക്കുട്ടി സ്വമേധയാ കുറ്റസമ്മതം നടത്തിയതിനു പിന്നിലെ ചരടുവലികളെക്കുറിച്ചും അദ്ദേഹത്തിന് ഉത്തമബോധ്യമുണ്ടായിരുന്നു എന്നു കരുതാന്‍ ന്യായമുണ്ട്. താത്രിക്കുട്ടിയുടെ 'അശുദ്ധിപ്രഖ്യാപനത്തിനു' പിന്നില്‍ ഓക്കി അമ്മാവന്‍ ഇട്ടീരിയാണ് എന്നും ഈ മൊഴി തുടരുന്നു. ...ഞാന്‍ എഴുതിവക്ക ഉണ്ടായിട്ടുണ്ട്- എഴുത്തില്‍ വാചകം 'കള്ളന്‍ കടന്ന് എന്നെ പിടിച്ച് അവന്റെ മോഹം സാധിച്ച് പോയിരിക്കുന്നു. ഇതിനെ സ്വീകരിക്കാഞ്ഞാല്‍ ഇനിയും വരുന്നതാണെന്നും ഇനിക്ക് അശുദ്ധി സംഭവിച്ചിരിക്കുന്നുവെന്നും, ആണ്.' '...അമ്മാവന്‍ പറഞ്ഞിട്ടാണ് എഴുത്ത് എഴുതിവച്ചത്...'

ഈ പ്രസ്താവന ഇപ്പോഴും വെളിപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഒരു ഗൂഢാലോചനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. താത്രിയുടെ അശുദ്ധിപ്രഖ്യാപനത്തിനു പിന്നില്‍ ഓക്കി ഇട്ടീരി അമ്മാമനാണ്! എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടിയാണ് താത്രിയെക്കൊണ്ട് താന്‍ പതിതയാണെന്ന് ഇട്ടീരി പറയിപ്പിച്ചത്? അദ്ദേഹം പറയുന്നത് താത്രി അനുസരിക്കും എന്നറിയാവുന്ന ആരോ ഇട്ടീരിയെ ഉപയോഗിക്കുകയായിരുന്നുവോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഏറെയാണ്. പക്ഷേ, താത്രിക്കുട്ടിയുടെ പുരുഷവിദ്വേഷമെന്ന ചര്‍വിതചര്‍വണ കഥയുടെ പ്രസക്തി ഇവിടെ നഷ്ടമാകുന്നു.

താത്രി തന്റെ അശുദ്ധി സ്വമേധയാ സമ്മതിക്കുകയും ഗൃഹസ്ഥന്‍ അതു കണക്കിലെടുത്ത് ശങ്ക ഉന്നയിക്കുകയും ചെയ്താല്‍ സമുദായത്തിന് ഒരു സ്മാര്‍ത്തവിചാരത്തിന്റെ പ്രാരംഭനടപടികള്‍ എളുപ്പത്തില്‍ ആരംഭിക്കാവുന്നതാണ്. ഇതു കണക്കാക്കിത്തന്നെയാണ് കെണിയൊരുക്കിയത്. ഇപ്രകാരം ഒരു കുറ്റസമ്മതത്തിന്റെ (?) അടിസ്ഥാനത്തില്‍ അടുക്കളദോഷശങ്ക ഉന്നയിച്ച് വിചാരം നടന്നാല്‍ എന്താവും സംഭവിക്കുക? ഊരും പേരും അറിയാത്ത ഒരു കള്ളനെ ഭ്രഷ്ടനാക്കാനാവില്ല. കുറ്റം സമ്മതിച്ച താത്രി ഭ്രഷ്ട് (സ്വതന്ത്ര) ആവുകയും ചെയ്യും. അങ്ങനെയാവണമെന്ന് ആരോ താത്പര്യപ്പെട്ടിരിക്കുന്നു(?). അവര്‍ ഓക്കി അമ്മാവനെ മുന്‍നിര്‍ത്തി ഒരു അടുക്കളദോഷശങ്കയ്ക്ക് താത്രിക്കുട്ടി വഴി ഗൃഹസ്ഥനെ പ്രേരിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു എന്ന് പകല്‍പോലെ വ്യക്തം. 'ഇത് സ്വീകരിക്കാഞ്ഞാല്‍ ഇനിയും ഇങ്ങനെ വരുന്നതാണ്...' എന്ന എഴുത്തിലെ മുന്നറിയിപ്പ് ഗൃഹസ്ഥനെക്കൊണ്ട് ശങ്കിപ്പിച്ചേ അടങ്ങൂ എന്ന ലക്ഷ്യത്തെയാണ് സൂചിപ്പിക്കുന്നത്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ 'നിന്റെ അശുദ്ധി വിശ്വസിച്ച് തുടര്‍നടപടികള്‍ ഭര്‍ത്താവ് സ്വീകരിക്കാതിരുന്നാല്‍ ഞാനിനിയും വന്ന് നിന്നെ ബലാത്സംഗം ചെയ്യുന്നതാണ്' എന്ന് അറിയിച്ചിട്ടാണ് കള്ളന്‍ പോയിരിക്കുന്നത്! കള്ളന്റെ ഉദ്ദേശ്യം മോഹസാഫല്യമായിരുന്നോ അതോ, സ്മാര്‍ത്തവിചാരമായിരുന്നോ എന്നാണ് ശങ്കിക്കേണ്ടത്. ഏതായാലും ഈ കുരുക്കില്‍ രാമന്‍ നമ്പൂതിരി വീണില്ല. ഒരുപക്ഷേ, യാഥാര്‍ഥ്യം എന്തെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കാം.

ചെമ്മന്തട്ടനിന്നു പോരുന്ന സമയം വടക്കേടം ചോമാതിരി പറഞ്ഞിരിക്കുന്നു. സത്യം പറയാതെ ഇരുന്നാല്‍ ഉടനെ ശുദ്ധമാക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഗൃഹസ്ഥന്‍ പറഞ്ഞിരിക്കുന്നു എന്ന മൊഴിഭാഗം, ഗൃഹസ്ഥന്‍ ശങ്ക ഉന്നയിച്ചിട്ടില്ല എന്ന വാദത്തിന് അടിവരയിടുകയാണ്. ഗൃഹസ്ഥനല്ലാതെ മറ്റാര്‍ക്കും അന്തര്‍ജനത്തെക്കുറിച്ച് അടുക്കളദോഷശങ്ക ഉന്നയിക്കുന്നതിന് ശാങ്കരസ്മൃതി അനുമതി നല്കുന്നില്ല. എന്നുതന്നെയല്ല, താത്രിയുടെ മനംമാറ്റത്തില്‍ ഭീതിപൂണ്ട ആരൊക്കെയോ ആയിരുന്നു ഈ വാഗ്ദാനത്തിനു പിന്നിലെന്നും ഊഹിക്കാവുന്നതേയുള്ളൂ. ഗൃഹസ്ഥന്റെ 'ശങ്ക'യുടെ അടിസ്ഥാനത്തിലല്ലാതെ ആരംഭിച്ച സ്മാര്‍ത്തവിചാര നടപടികള്‍ പ്രാരംഭത്തിലെ നിയമവിരുദ്ധവും (്ീശറ മയ ശിശശേീ) തന്മൂലം നിലനില്ക്കാത്തതുമാണ്.

ദാസീവിചാരം

....പിന്നെ സത്യനിപുണന്‍മാരും കാര്യത്തിന്റെ യഥാര്‍ഥസ്വഭാവം തിരിച്ചെടുക്കാന്‍ സാമര്‍ഥ്യമുള്ളവരും വാക്സാമര്‍ഥ്യമുള്ളവരുമായ അഞ്ചാറ് ഇണങ്ങരെയും(ബന്ധുജനങ്ങള്‍) വാധ്യാനെയും (ഗൃഹസ്ഥന്‍) തന്റെ ഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടുവരണം. അവിടെ നിത്യത പെരുമാറുന്ന ദാസിമാരില്‍ പച്ചപരമാര്‍ഥികളായ രണ്ടുമൂന്നു പേരെ സ്വകാര്യമായി വിളിച്ചുവരുത്തി തനിക്കുള്ള സംശയത്തെ അടിസ്ഥാനമാക്കി അവരെക്കൊണ്ട് (ഇണങ്ങരെക്കൊണ്ട്)ചോദ്യങ്ങള്‍ ചോദിപ്പിക്കണം. (ശാങ്കരസ്മൃതി) ഗൃഹസ്ഥന്‍ ശങ്ക ഉന്നയിച്ചിട്ടില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ 'ശങ്ക ബലപ്പെടുക' എന്നൊരു കാര്യത്തിനു പ്രസക്തിയില്ലല്ലോ. സാധനംതന്നെ കുറ്റം 'മുന്‍കൂട്ടി' ഏറ്റുപറയുന്ന സ്ഥിതിക്ക് ഒരു ദാസീവിചാരത്തിനും പ്രസക്തിയില്ല.

അഞ്ചാംപുരയിലാക്കല്‍

....അതിനു ദാസിമാര്‍ പറയുന്ന ഉത്തരം നിമിത്തം ഗൃഹസ്ഥന്റെ സംശയം പ്രബലപ്പെടുന്ന പക്ഷം ആ അന്തര്‍ജനത്തെ അഞ്ചാംപുരയിലാക്കി പാര്‍പ്പിക്കണം' എന്ന് ശാങ്കരസ്മൃതി നിര്‍ദേശിക്കുമ്പോള്‍, ഈ കേസില്‍ ഗൃഹസ്ഥന്‍ മാപ്പുസാക്ഷിയാണ്. അതുകൊണ്ടുതന്നെ ശാങ്കരസ്മൃതി ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഗൃഹസ്ഥന്‍ ചെയ്തിട്ടുമില്ല. അഞ്ചാംപുരയിലാക്കലിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് ശാങ്കരസ്മൃതിയില്‍ വിശദമായ പ്രതിപാദ്യങ്ങളില്ല. അതേക്കുറിച്ച് ആധികാരികമെന്നു പറയാവുന്നത് ഇപ്രകാരമാണ്. 'അഞ്ചാംപുരയിലാക്കുക എന്നതിന്റെ താത്പര്യം അവരെ മറ്റു സ്വജനങ്ങളില്‍നിന്നും വേര്‍പെടുത്തി പ്രത്യേകം ഒരു സ്ഥലത്ത് ഒറ്റയ്ക്കു പാര്‍പ്പിക്കുക എന്നതാകുന്നു. പിന്നെ മറ്റാര്‍ക്കെങ്കിലും അവരെ കാണുവാനോ ഉപദേശം കൊടുക്കുവാനോ തരപ്പെടാത്ത വിധത്തില്‍ കാവലിടുകയും പതിവാണ്. (കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്, എന്റെ സ്മരണകള്‍- മൂന്നാംഭാഗം, പേജ്, 131)

കുറിയേടത്തു താത്രിയുടെ വിചാരനടപടികളില്‍ ശാങ്കരസ്മൃതി നിര്‍ദേശിച്ചത് പ്രകാരമോ കാണിപ്പയ്യൂര്‍ വിവരിച്ചിരിക്കുന്നതു പ്രകാരമോ ഒരു അഞ്ചാംപുരയിലാക്കല്‍ നടന്നിട്ടേയില്ല. താത്രീമൊഴികളില്‍ അറുപത്തിയഞ്ചാമനായ വെള്ളുത്തുരുത്തി ദേശം അകഴിപുറത്ത് കുഞ്ഞിപുരു നായരെ സംബന്ധിച്ച മൊഴിയിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതി. മറ്റൊരു തെളിവും ഇതിന് ആവശ്യമായി വരില്ല. ......ഇവന്‍ കുറിയേടത്ത് താമസക്കാരനായിരുന്നു-ദാസീവിചാരം കഴിഞ്ഞ സമയം താമസത്തിന് ആരും ഉണ്ടായിരുന്നില്ല. ഇവന്റെ മോഹം സാധിച്ചാല്‍ ഇവന്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട് എന്നും അതുകൊണ്ട് ഏതു വിധമെങ്കിലും സാധിപ്പിച്ചുകൊടുത്ത് അവനെ താമസിപ്പിക്കാഞ്ഞാല്‍ നമ്മുടെ ആവശ്യങ്ങള്‍ ഒന്നും നടക്കുന്നതല്ല എന്നും മറ്റും മൂസ്സാമ്പൂരി എന്നോട് പറഞ്ഞു. തല്‍ക്കാലം സമ്മതിച്ചില്ല- പിന്നെ ശകാരമുണ്ടായി- ഞാന്‍ സമ്മതിച്ച കുറിയേടത്ത് കുളപ്പുരയില്‍വെച്ച് ഒരു തവണ ഉണ്ടായി.

വിധിപ്രകാരമുള്ള ഒരു അഞ്ചാംപുരയിലാക്കല്‍ താത്രിക്കുട്ടിയുടെ വിചാരനടപടികളില്‍ ഉണ്ടായിട്ടേയില്ല എന്ന് ഇതില്‍നിന്നും വ്യക്തമാണല്ലോ. താത്രിയെ സ്വാധീനിക്കാന്‍ മാത്രമല്ല, ഭീഷണിപ്പെടുത്തി കൂട്ടിക്കൊടുക്കാനും(വാണിഭം നടത്താനും) സൗകര്യപ്രദമായ അഞ്ചാംപുര വാസമായിരുന്നു, കുറിയേടത്ത്. ഈ അന്തരീക്ഷത്തിലും താത്രിക്കു തന്റെ നിശ്ചയത്തില്‍ ഉറച്ചു നിന്നു പോരാടാനുള്ള മനക്കരുത്ത് ഉണ്ടായിരുന്നുവെന്നതാണ് ആശ്ചര്യകരം.

സ്മാര്‍ത്തവിചാരം

...അതിനു ശേഷം ഗൃഹസ്ഥന്‍ ഇണങ്ങരോടും മറ്റുംകൂടി രാജാവിന്റെ സമീപത്തു ചെന്ന് തനിക്കു തോന്നീട്ടുള്ള സംശയത്തെ പ്രത്യക്ഷമായി രാജാവിനോട് പറയണം. 'അല്ലയോ മഹാരാജാവേ ഈ തകരാറില്‍നിന്ന് ഞാന്‍ വീണ്ടു പോരുന്നതിന് ഏതു പ്രകാരമോ അതുപ്രകാരമെല്ലാം ചെയ്ത് ധര്‍മം രക്ഷിച്ചു തരണേ.....(ശാങ്കരസ്മൃതി)

ഇവിടെ ഗൃഹസ്ഥന്‍ ശങ്ക ഉന്നയിച്ചിട്ടില്ല, ദാസീവിചാരം നടത്തിയിട്ടില്ല, അഞ്ചാംപുരയിലാക്കിയിട്ടില്ല, രാജാവിനെ കണ്ട് മേല്‍പ്രകാരം അപേക്ഷിച്ചിട്ടുമില്ല. രാജാവ് സ്മാര്‍ത്തന് എഴുതിയ തിട്ടൂരം ശ്രദ്ധിക്കുക. 'നമ്മുടെ പട്ടച്ചൊമയാര്‍ക്ക്; എന്നാല്‍ കുറിയേടത്തിന്റെ അടുക്കള അശുദ്ധിശങ്ക ഉള്ള പ്രകാരം അയാളുടെ ഇണങ്ങര് ഇവിടെ വന്ന് പറഞ്ഞുകേട്ടു. അതുകൊണ്ടു അകക്കോവിലും ഒന്നിച്ച് വിചാരിച്ച് അതിന്റെ പരമാര്‍ഥം നമ്മേ ബോധിപ്പിക്കുകയും വേണം. എന്ന് 1080- ാം മാണ്ട് ധനുമാസം 16 ന് (നേര്‍പകര്‍പ്പ്) (എറണാകുളം റീജ്യണല്‍ ആര്‍ക്കൈവ്സിലെ സ്മാര്‍ത്തവിചാരരേഖകളില്‍നിന്ന്). ഇതുപ്രകാരം ഗൃഹസ്ഥനല്ല, ഇണങ്ങരാണ് രാജാവിനെ മുഖം കാണിച്ച് പരാതി ഉന്നയിക്കുന്നത്. ഇതും ശാങ്കരസ്മൃതി പ്രകാരമല്ല.
ചുരുക്കിപ്പറഞ്ഞാല്‍ അയല്‍ക്കാരന്റെ ഭാര്യയുടെ ചാരിത്ര്യത്തില്‍ ഏതെങ്കിലും ഒരുവന്‍ ശങ്ക ഉന്നയിക്കുക, അതുപ്രകാരം പേരിന് ദാസീവിചാരവും അഞ്ചാംപുരയിലാക്കലും നടത്തുക, രാജാവിനോട് പരാതിപ്പെടുക, ഇതൊക്കെ ചെയ്യേണ്ട ഉത്തരവാദിത്വപ്പെട്ട ഗൃഹസ്ഥന്‍ നോക്കുകുത്തിപോലെ നോക്കിനില്ക്കുക. മേല്പറഞ്ഞതായ നടപടിക്രമങ്ങള്‍ക്ക് സ്മൃതിനിയമങ്ങളുടെ യാതൊരു സാധുതയുമില്ലാതിരിക്കുക. താത്രിക്കുട്ടിയെ വ്യഭിചാരപ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കേ മറ്റുള്ളവര്‍ കണ്ടതായോ ബോധ്യപ്പെട്ടതായോ എവിടെയും തെളിവുകളില്ലാത്തിടത്തോളം കാലം, ഈ കല്പിതശങ്കയ്ക്ക് ആധികാരികതയില്ല.

സ്വരൂപംചൊല്ലല്‍

സ്വരൂപംചൊല്ലല്‍ എന്തായിരിക്കണമെന്നും എന്താണ് എന്നതും സംബന്ധിച്ച് കാണിപ്പയ്യൂര്‍ പറയുന്നത് ഇപ്രകാരമാണ്: സ്വരൂപംചൊല്ലല്‍ എന്നു പറയുന്നത് വിധിയും വിധിന്യായം വായിക്കലുമാണ്. അതിന്റെ സമ്പ്രദായംകൊണ്ടുതന്നെയാണ് അതിന് സ്വരൂപംചൊല്ലല്‍ എന്ന പേര്‍ വന്നത്. എന്തെന്നാല്‍ അതാതു കേസില്‍ സംശയം തോന്നിയതു മുതല്‍ തീരുമാനം ചെയ്യുന്നതു വരെയുണ്ടായ സകല നടപടികളുടെയും സ്വരൂപം വിസ്തരിച്ചു പറയുകതന്നെയാണത്. ആദ്യം സംശയം ഉണ്ടാവാനുള്ള കാരണം, ദാസീവിചാരം കഴിച്ചയാള്‍ അതില്‍നിന്നു കിട്ടിയ തെളിവ്, അഞ്ചാംപുരയിലാക്കിയ തീയതി, രാജാവിന്റെ തിട്ടൂരം, മീംമാംസകര്‍ ആരെല്ലാം എന്നു തുടങ്ങിയ എല്ലാ സംശയങ്ങളും വിധികല്പിക്കുവാന്‍ അടിസ്ഥാനമായ തെളിവുകളും മറ്റും സവിസ്തരം പ്രതിപാദിക്കും. അതില്‍ അകപ്പെട്ട ഓരോ പുരുഷനെ സംബന്ധിച്ചും (ഒന്നിലധികം പുരുഷന്മാരുണ്ടെങ്കില്‍) പ്രത്യേകം പ്രത്യേകം വിധിന്യായം പറയേണ്ടതാകുന്നു. ഇങ്ങനെ വിധിയും വിധിന്യായവും പറയേണ്ടത് സ്മാര്‍ത്തനാകുന്നു.(എന്റെ സ്മരണകള്‍, കാണിപ്പയ്യൂര്‍, പേജ്, 135-136)
ഇത്തരത്തില്‍ ഒരു സ്വരൂപംചൊല്ലലിന്റെ രേഖ എറണാകുളം റീജ്യണല്‍ ആര്‍ക്കൈവ്സിലെ SV1 മുതല്‍ SV9 വരെയുള്ള സ്മാര്‍ത്തവിചാരരേഖകളില്‍ കാണുന്നില്ല. അതുകൊണ്ടുതന്നെ പ്രധാനമായ പല വിവരങ്ങളും ലഭ്യവുമല്ല.

ഉദകവിച്ഛേദം

ഉദകവിച്ഛേദം ചെയ്ത് കൈകൊട്ടി പുറത്താക്കുന്നതിലൂടെ മാത്രമേ ഭ്രഷ്ടരും സാധനവുമായി ബന്ധപ്പെട്ടവര്‍ക്കുള്ള വൈദികബന്ധങ്ങള്‍ ഇല്ലാതാവുന്നുള്ളൂ. താത്രിക്കുട്ടിയെ സ്വരൂപംചൊല്ലലിന്റെ പിറ്റേന്നുതന്നെ ഇരിങ്ങാലക്കുടയില്‍ എത്തിച്ചതായാണ് രേഖകളില്‍നിന്നും മറ്റും മനസ്സിലാക്കാന്‍ കഴിയുന്നത്.
ഉദകവിച്ഛേദം സംബന്ധിച്ച ചടങ്ങ് താഴെ പറയും പ്രകാരമാണ്:
...എന്നാല്‍ ഉദകവിച്ഛേദം മിക്കവാറും രാത്രിയേ ചെയ്യാറുള്ളൂ. അന്നു പകല്‍ ഭക്ഷിക്കാതെ കക്ഷികള്‍ പട്ടിണി കിടക്കണം. വൈകുന്നേരത്തെ സന്ധ്യാവന്ദനം കഴിഞ്ഞതിനു ശേഷം നദിയില്‍- അതില്ലാത്തപക്ഷം കുളത്തില്‍- വെച്ച് സാധാരണപോലെ പത്ത് ഉദകക്രിയ ചെയ്യുന്നു. അതിനു ശേഷം അവിടെ വെച്ചുതന്നെ ഒരു കൊട്ടുബലിയും ഇടണം. അതു കഴിഞ്ഞു കുളിച്ചുവന്നാല്‍ ഒരു വിളക്കു വെച്ച് അതിന്റെ സമീപത്തായി ആ കക്ഷികളെ- അതായത്, ആ സാധനത്തിന്റെ ഭര്‍ത്താവ്, മക്കള്‍ മുതലായവരെ തെക്കോട്ട് തിരിച്ചു നിര്‍ത്തും. പിന്നെ സ്മാര്‍ത്തന്‍ എള്ള്, ചന്ദനം, തുളസി, ചെറൂള എന്നിവ കൊടന്നയായി പിടിച്ചിരിക്കുന്ന അവരുടെ കൈയില്‍ ഇട്ടുകൊടുക്കുകയും വെള്ളം വീഴ്ത്തിക്കൊടുക്കുകയും വേണം. വെള്ളം കിട്ടിയാല്‍ സാധാരണ ഉദകക്രിയ ചെയ്യുന്ന മാതിരി ഗോത്രവും പേരും ചേര്‍ത്ത് മന്ത്രം ചൊല്ലി ആ ജലം ഋഷിതര്‍പ്പണം ചെയ്യുന്നപോലെ ഒഴുക്കണം. തദവസരത്തില്‍ സ്മാര്‍ത്തന്‍ മൂന്നു പ്രാവശ്യം കൈകൊട്ടുന്നു. ഇങ്ങനെ മൂന്നു പ്രാവശ്യം ഋഷിതര്‍പ്പണം ചെയ്യുകയാണ് ക്രിയ...ഇങ്ങനെ മൂന്നു പ്രാവശ്യം ചെയ്യുന്നതിന്റെ സങ്കല്പം ആ കക്ഷിയെ ഇല്ലത്തുനിന്നും ദേശത്തുനിന്നും രാജ്യത്തുനിന്നും പുറത്താക്കി എന്നാകുന്നു. (എന്റെ സ്മരണകള്‍, കാണിപ്പയ്യൂര്‍, പേജ്, 138-139) താത്രിക്കുട്ടിയുടെ കാര്യത്തില്‍ അതിപ്രധാനമായ ഈ ചടങ്ങ് നടന്നിട്ടുണ്ടോ എന്നത് വിശദമായ പഠനത്തിനു വിധേയമാക്കേണ്ടതുണ്ട്.

കുറിയേടവും കല്പകശ്ശേരിയും (താത്രിയുടെ ജനിച്ച ഇല്ലവും ഭര്‍ത്തൃഭവനമായ ഇല്ലവും) കത്തിച്ചുകളയുകയാണുണ്ടായതത്രേ. വെച്ചാരാധനയും മൂര്‍ത്തികളുമുള്ള ഇല്ലങ്ങള്‍ കത്തിക്കാന്‍ ഒരാള്‍ക്ക് അത്രയെളുപ്പത്തില്‍ ധൈര്യം വരുമെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍ അത്ര ശക്തമായ പിന്‍ബലം ഉണ്ടായിരിക്കണം. ഏതായാലും അഗ്‌നിമാരുതമോ ഔപാസനാഗ്‌നി ആളിപ്പടര്‍ന്നതോ ഒന്നുമല്ല ഇല്ലങ്ങള്‍ കത്തിനശിക്കാന്‍ കാരണം. താത്രിയുടെ അസ്തിത്വം ഇല്ലാതാക്കുന്നതിന്റെ ഭാഗമായിട്ടാവാം ഈ ആളിക്കത്തല്‍. താത്രീവിചാരസംബന്ധമായി ഏതെങ്കിലും കാലത്ത് ഒരു പുനര്‍വിചിന്തനത്തിന് ആരെങ്കിലും മുതിര്‍ന്നാല്‍ അത് ആ ഇല്ലങ്ങളെ കേന്ദ്രീകരിച്ചാകുമല്ലോ. ആ വഴി എന്നത്തേക്കുമായി ഇല്ലാതാക്കാനുള്ള ബുദ്ധിപൂര്‍വമായ കരുനീക്കമായിരുന്നിരിക്കാം ഇത്. എന്നാല്‍, ബുദ്ധിരാക്ഷസന്മാരുടെ എല്ലാ ഗൂഢോദ്ദേശ്യങ്ങളെയും നിഷ്പ്രഭമാക്കുന്ന പ്രവചനാതീതമായ വിധിനിയോഗങ്ങള്‍ താത്രീവിചാരത്തിന്റെ സത്യാന്വേഷണങ്ങള്‍ക്ക് വഴികാട്ടുന്നുവെന്നതാണ് വിസ്മയകരമായ ബാക്കിപത്രം.

ഇല്ലവും നാടും നഷ്ടപ്പെട്ട കല്പകശ്ശേരി നാരായണന്‍ നമ്പൂതിരി മാതാപിതാക്കളെയും സഹോദരങ്ങളെയും കൂട്ടി പ്രാണരക്ഷാര്‍ഥം ഒറ്റപ്പാലത്തിനടുത്തേക്ക് പലായനം ചെയ്യുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഉദകവിച്ഛേദമോ ശുദ്ധഭോജനമോ ഒന്നും നടത്തപ്പെട്ടിട്ടുള്ളതായി തോന്നുന്നില്ല. അഥവാ നടന്നിരുന്നെങ്കില്‍ മാതാപിതാക്കളോ സഹോദരങ്ങളോ ഒന്നും അദ്ദേഹത്തോടൊപ്പം ഉണ്ടാകുമായിരുന്നില്ലല്ലോ.

ശുദ്ധഭോജനം

വ്യഭിചാരത്തില്‍ ഏര്‍പ്പെട്ടവരുമായുള്ള സര്‍വബന്ധങ്ങളും അവസാനിപ്പിച്ചതിനുശേഷം സമുദായവുമായി വീണ്ടും ഇല്ലത്ത് അവശേഷിക്കുന്നവര്‍ ഒത്തുചേരുന്ന ചടങ്ങാണല്ലോ ശുദ്ധഭോജനം. ഓക്കിയിലും കുറിയേടത്തും കല്പകശ്ശേരിയിലും പ്രാപ്തിയുള്ളവരൊക്കെ ഭ്രഷ്ടരായി. ഇല്ലങ്ങള്‍തന്നെ ഇല്ലാതായി, കുറിയേടത്തിനും കല്പകശ്ശേരിക്കും. ഇല്ലത്തുള്ളവരൊക്കെ ഭ്രഷ്ടരോടൊപ്പം നാടുവിട്ടു. പിന്നാരാണ് ശുദ്ധഭോജനവും ഉദകവിച്ഛേദവും നടത്തിയത്?

സ്മാര്‍ത്തവിചാരത്തെ അടുക്കളദോഷശങ്ക (complaint), ദാസീവിചാരം (primary investigation), സ്മാര്‍ത്തവിചാരം (trial), സ്വരൂപംചൊല്ലല്‍ (decree and judgemen)േ എന്നായി തരംതിരിക്കുകയാണെങ്കില്‍ ഉദകവിച്ഛേദവും ശുദ്ധഭോജനവും വിധി നടപ്പിലാക്കലാണ് (execution of decree). നടപ്പിലാക്കാത്ത വിധികള്‍ക്കൊന്നും പ്രസക്തിയുമില്ല. എന്നുതന്നെയല്ല താത്രിയുടെ കാര്യത്തില്‍ സ്മൃതിനിയമങ്ങള്‍ അനുശാസിക്കും വിധമുള്ള ഒരു പരാതിയില്ല എന്ന ഒറ്റക്കാരണംകൊണ്ടുതന്നെ ശേഷം നടന്ന ഒരു നടപടിക്രമത്തിനും നിയമസാധുതയുമില്ല. പ്രത്യേകിച്ചും സ്മാര്‍ത്തവിചാരത്തിന്റെയും പുരുഷവിചാരത്തിന്റെയും സുതാര്യത സംശയത്തിന്റെ നിഴലിലായ സ്ഥിതിക്ക്. അതുകൊണ്ടുതന്നെ ഭ്രഷ്ടര്‍ എന്നു വിളിക്കപ്പെട്ടവരാരും ഭ്രഷ്ടരല്ല.

Content Highlights: Kuriyadath Thathri, Adv Biju Kaippanplakkal, Mathrubhumi Books

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented