
ഹിമാലയത്തിലും വാരാണസിയിലുമടക്കം ഭാരതീയ ആത്മീയദര്‍ശനത്തിന്റെ പൊരുളുതേടിയലഞ്ഞ ഒരു യുവ അഘോരിസാധുവിന്റെ ആത്മകഥ. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച, കാവില്‍മഠം ഭവദാസിന്റെ 'കാശികം' എന്ന പുസ്തകത്തില്‍നിന്നുള്ള ഒരു ഭാഗം വായിക്കാം-
മൂന്നു പ്രാവശ്യം ഗുരുപാദങ്ങളോടൊപ്പം കുംഭമേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏതൊരു ശിഷ്യന്റെയും മഹാഭാഗ്യങ്ങളിലൊന്നാണ് ഗുരുപാദങ്ങളോടൊപ്പം കുംഭമേളയില്‍ സ്‌നാനം ചെയ്ത് പവിത്രമായ വിശുദ്ധി നേടുക എന്നത്. 2010-ലെ കുംഭമേളയ്ക്കാണ് ഞാനാദ്യമായി ഗുരുവിനോടൊപ്പം ഹരിദ്വാറിലെ കുംഭമേളയ്ക്കു പങ്കെടുത്തത്. അന്നു ശക്ത്യാനന്ദസ്വാമികള്‍, ചര്യാനന്ദസ്വാമികള്‍, അമ്മ, ഗുരുഭക്താശ്രിതനായ ഗോവിന്ദ വെലാന്‍ ഇവരോടൊപ്പമാണ് എനിക്കാ ഭാഗ്യമുണ്ടായത്.
കുംഭമേള നടത്താറുള്ളത് പ്രയാഗ് (അലഹാബാദ്), നാസിക്, ഹരിദ്വാര്‍, ഉജ്ജയ്ന്‍ എന്നിവിടങ്ങളിലാണ്. പാലാഴി കടഞ്ഞപ്പോള്‍ കിട്ടിയ അമൃതകലശത്തിനുവേണ്ടി ദേവാസുരന്‍മാര്‍ തമ്മിലുണ്ടായ കലഹവേളയില്‍ കുടത്തില്‍നിന്നും നാലു തുള്ളി അമൃത് ഭൂമിയില്‍ വന്നു വീണു, ആ തുള്ളികള്‍ വീണ ഇടങ്ങളായതുകൊണ്ടാണ് പ്രയാഗം തുടങ്ങിയ സ്ഥലങ്ങളില്‍ കുംഭമേള നടക്കുവാന്‍ കാരണം. കുംഭ, അര്‍ധ, പൂര്‍ണ, മഹാകുംഭ എന്നീ നാലു മേളകളാണ് നടത്തപ്പെടുന്നത്. കുംഭമേള ഓരോ മൂന്നു വര്‍ഷം കഴിയുമ്പോഴും നാലു സ്ഥലങ്ങളില്‍ എവിടെവെച്ചു വേണമെങ്കിലും നടത്താം. ആറു കൊല്ലം കൂടുമ്പോള്‍ നടത്തുന്നതാണ് അര്‍ധകുംഭമേള. ഇത് ഹരിദ്വാറിലോ പ്രയാഗിലോ നടത്തപ്പെടുന്നു. ഓരോ പന്ത്രണ്ടു കൊല്ലം കൂടുമ്പോള്‍ നടത്തപ്പെടുന്ന മേളയാണ് പൂര്‍ണകുംഭമേള, ഇതു പ്രയാഗില്‍വെച്ച് നടത്തപ്പെടുന്നു. നീണ്ട നൂറ്റിനാല്പത്തിനാലു കൊല്ലം കൂടുമ്പോള്‍ പ്രയാഗില്‍വെച്ച് മഹാകുംഭമേള നടക്കും. കുംഭമേള നടക്കുന്നതിന്റെ കാരണത്തെപ്പറ്റി പല ഐതിഹ്യങ്ങളുമുണ്ട്. അതില്‍ പ്രധാനമായത് പാലാഴീമഥനം തന്നെയാണ്.
വ്യാഴത്തിന്റെയും സൂര്യന്റെയും നിലയനുസരിച്ചാണ് കുംഭമേള നടത്തിവരുന്നത്. സൂര്യഗുരുക്കന്‍മാര്‍ ചിങ്ങം രാശിയില്‍ വരുമ്പോള്‍ ത്രൈയംബകേശ്വരസ്ഥാനമായ നാസിക്കില്‍ കുംഭമേള നടത്തപ്പെടുന്നു. സൂര്യന്‍ മേടംരാശിയില്‍ ഉച്ചനാവുമ്പോള്‍ ഹരിദ്വാറിലും, ഗുരു ഇടവം രാശിയിലും സൂര്യന്‍ മകരം രാശിയിലും വരുമ്പോള്‍ പ്രയാഗിലും, വ്യാഴസൂര്യന്‍മാര്‍ വൃശ്ചികത്തില്‍ വരുമ്പോള്‍ ഉജ്ജയിനിയിലും കുംഭമേള നടക്കുന്നു. ദിഗംബരേശ്വരനാഥനായ ആദ്യനാഗന്‍ മഹാദേവനാണ്. കുഭമേളയ്ക്ക് ആദ്യസ്‌നാനം ചെയ്യുവാന്‍ അവകാശം നാഗസാധുക്കള്‍ക്കാണ്. നിരവധി നാഗ അഖാഡകളില്‍നിന്നും സന്ന്യാസിമാര്‍ കുംഭമേളയ്ക്കായി ഒഴുകിയെത്തും. അഘോരിവിഭാഗങ്ങളിലുള്ള നാഗന്‍മാര്‍ക്ക് സ്‌നാനം ചെയ്യുവാന്‍ വേറൊരിടമുണ്ട്. ജൂണ്‍, നിരഞ്ജന്‍, നിര്‍വാണ അഖാഡടകളിലൊക്കെയുള്ള സാധുക്കള്‍ക്കും സാധ്വികള്‍ക്കും സ്‌നാനം ചെയ്യാന്‍ പ്രത്യേകം സ്ഥലങ്ങളുണ്ട്. അത്തരം സ്ഥലങ്ങളില്‍ പൊതുവേ പ്രാകൃതരും അവൈദികസമ്പ്രദായികളുമായ അഘോരികള്‍ മുതലായവരെ സ്‌നാനം ചെയ്യാന്‍ അനുവദിക്കില്ല. അവര്‍ രഹസ്യമായ മറ്റൊരിടം കണ്ടെത്തിക്കൊള്ളണം.
അഘോരിദീക്ഷയില്‍നിന്നും കാശ്മീര്‍ശൈവസമ്പ്രദായത്തിന്റെ ജഡാചാരികളെന്ന നാഗസാധുക്കളില്‍ ഗുരുപാദം എങ്ങനെയെത്തി എന്ന് പലവട്ടം ചോദിച്ചിട്ടുണ്ടെങ്കിലും അതിനൊന്നും ഒരു മറുപടിയും കിട്ടിയിരുന്നില്ല. പിന്നീട് ഞാനോര്‍ത്തു, ഞാനും പലവിധേന പല മാര്‍ഗങ്ങളില്‍ക്കൂടിയാണ് ബദരിയിലെ നാഗസാധുപരമ്പയിലേക്കെത്തിയത്. അതുപോലെയാവും ബാബയും നടന്നുകയറിയത്. എത്രയോ സമ്പ്രദായങ്ങള്‍, പദ്ധതികള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍. ഒരായുസ്സ് മതിയാവില്ല ഭാരതത്തിന്റെ ആത്മീയസാമ്രാജ്യത്തില്‍ ഒന്നു മുങ്ങിക്കുളിക്കുവാന്‍.
നാസിക്കിലെയും പ്രയാഗിലെയും ഹരിദ്വാറിലെയും കുംഭമേളയ്‌ക്കെത്തുന്ന യോഗീസഞ്ചയങ്ങളെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. കപടവേഷധാരികളും ഇക്കൂട്ടത്തിലുണ്ട്. നല്ലതും അതല്ലാത്തതുമായ സാധനാലോകത്തിന്റെ വിവിധ സമ്പ്രദായങ്ങളില്‍ കലാവിന്ന്യാസം ചെയ്തവര്‍ ഇവിടെ ഒരുമിക്കുന്നു. അര്‍ധകുംഭമേളയുടെ ഒരോര്‍മ ഞാനിവിടെ പങ്കുവെക്കാം.
ഗുരുപാദം നന്നേ ക്ഷീണിതനായിരുന്നു. കാശിയില്‍നിന്നും ഒരു മാസത്തേക്ക് എന്നെ നാട്ടിലേക്കു പറഞ്ഞയച്ചശേഷം അവിടുന്ന് ബദരീനാഥിലേക്കു കാല്‍നടയായി തിരിച്ചു. കൂടെ അമ്മയും ചര്യാനന്ദസ്വാമികളുമുണ്ടായിരുന്നു. കുംഭമേളയ്ക്ക് പങ്കെടുക്കാന്‍ ചിലപ്പോള്‍ കഴിയില്ല, അതുകൊണ്ട് ബദരിയില്‍ത്തന്നെ കഴിച്ചുകൂട്ടും എന്നായിരുന്നു ഞാന്‍ വിചാരിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി ചര്യാസ്വാമികള്‍ എന്നെ വിളിച്ചു. എത്രയും വേഗം, കഴിഞ്ഞാല്‍ ഇന്നുതന്നെ, ഹരിദ്വാറിലേക്കു പറപ്പെടണം എന്നു പറഞ്ഞതനുസരിച്ച് ട്രെയിന്‍ ബുക്ക് ചെയ്യാനുള്ള നേരംപോലുമില്ലാതെ ഞാന്‍ കിട്ടിയ ട്രെയിന്‍ പിടിച്ച് ഡല്‍ഹിയിലെത്തി. അവിടെ ബാബയുടെ ഭക്തനായ ഗോവിന്ദ വെലാലിന്റെ വീട്ടില്‍ അവിടുന്ന് ഇരിക്കുന്നതു കണ്ടപ്പോള്‍ത്തന്നെ മനസ്സ് തണുത്തു. കാലാവസ്ഥാവ്യതിയാനംകൊണ്ടുള്ള അനാരോഗ്യത്താല്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു എന്നെനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു.
അമ്മയും അതുപോലെതന്നെ. അവിടെനിന്നു ഞങ്ങള്‍ ഗോവിന്ദന്‍, ശക്തിസ്വാമികള്‍, ചര്യാസ്വാമികള്‍, അമ്മ, ഗുരുപാദം, രാംചന്ദ്രബാബ, ഞാനുമുള്‍പ്പെടെയുള്ള കൊച്ചുസംഘം വെലാന്റെ കാറില്‍ ഹരിദ്വാറിലേക്കു തിരിച്ചു. ഹരിദ്വാറിന് പത്തു കിലോമീറ്ററിനിപ്പുറം ഖലാനാനഗറില്‍നിന്നും നടന്നുപോകാം. വലിയ തിരക്കാണെന്നറിഞ്ഞതോടെ നടന്നുനീങ്ങി. ഹരിദ്വാര്‍ എത്തിയപ്പോഴേക്കും നാഗസന്ന്യാസിമാരുടെ കൂട്ടം കണ്ടുതുടങ്ങി. ഹരിദ്വാറിലെ മാനസക്ഷേത്രം മനുഷ്യമലപോലെ കണ്ടു. ഗംഗയുടെ ഇക്കരയിലെ മണല്‍പ്പരപ്പില്‍ കൂട്ടംകൂട്ടമായെത്തുന്ന നഗ്ന നംകാ സംഗസന്ന്യാസികളുടെ കടലായി ഇരമ്പിയ ഗംഗയെ നോക്കി ഞങ്ങള്‍ ഒരുപാട് നേരം നിന്നു.
'ശൈവപ്രകാശം കാണൂ നിങ്ങള്‍' എന്നു പറഞ്ഞുകൊണ്ട് ഓടിയെത്തുന്ന യോഗികളെ കണ്ടപ്പോള്‍ത്തന്നെ ബാബയ്ക്ക് സമാധിയനുഭവമുണ്ടായി. ദേഹം അനുകൂലിക്കുന്നില്ല. സമാധിയനുഭവം വരുമ്പോള്‍ അവിടുന്ന് നിലത്തിരുന്ന് കരയുവാന്‍ തുടങ്ങി. അമൃതമയമായ കുംഭമേളയുടെ കാഴ്ചകള്‍ ബാബയെ സമാധിയിലേക്കു കൊണ്ടുപോയിക്കൊണ്ടിരുന്നു. എപ്പോള്‍ വേണമെങ്കിലും സ്വസങ്കല്പത്താല്‍ അവിടുന്ന് സമാധിലീനനായിത്തീരുമായിരുന്നു. കഴുത്തിലെയും അടിവയറ്റിലെയും ചലനംകൊണ്ട് സമാധിയുടെ അവസ്ഥ നമുക്ക് മനസ്സിലാകുമായിരുന്നു. അവിടുത്തെ കണ്ണുകള്‍ മുകളിലേക്ക് ഊര്‍ധ്വം ചലിക്കുമ്പോള്‍ ശ്വാസം നിലച്ചുപോകുന്ന അവസ്ഥയിലേക്കു വരും. ഒരു വിറയലോടെ അവിടുന്ന് സാധാരണ അവസ്ഥയിലേക്കു മാറും. ഇപ്പോള്‍ ദേഹം വിട്ടുപോകുംപോലെവരെ തോന്നി. ഞങ്ങളെല്ലാവരും ഭയന്നു. അത്രയ്ക്കധികം ശ്വാസചലനം വല്ലാത്ത അവസ്ഥയിലേക്കായിരുന്നു. ഈ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ ഈ കൂട്ടത്തില്‍ ഇങ്ങനെ നിന്നാല്‍ അത് അപകടം വരുത്തിവെച്ചേക്കും. ഈ ജനസമുദ്രം, ഈ യോഗീസമൂഹം അതു സമാധിയുടെ ശൃംഖലകളെ ഭേദിക്കും. ശക്തിസ്വാമികള്‍ ഉറക്കെ 'കാശിവിശ്വനാഥ് മഹാപ്രഭു ബം ബം ഭവാനീ മണികര്‍ണികാ' എന്ന് ഹരഘോഷം ചെയ്ത് സമാധിയെ ഭേദിപ്പിക്കാനുള്ള ശ്രമം നടത്തി. ഞാന്‍ കാലുകള്‍ തടവിക്കൊണ്ടിരുന്നു. സന്ധ്യയോടടുക്കുന്തോറും അവസ്ഥയില്‍ മാറ്റമൊന്നും സംഭവിച്ചില്ലെന്നു മാത്രമല്ല, ആ തണുപ്പില്‍ അവിടുത്തെ ദേഹം തണുക്കാന്‍ തുടങ്ങുന്നത് ഞങ്ങളറിഞ്ഞു. പ്രജ്ഞാബോധം അതിന്റെ പാരമ്യതയിലെത്തിയ യോഗി തിരിച്ചു വരാനാഗ്രഹിക്കില്ല.
പാശുപതസിദ്ധി എന്ന് കാശ്മീരസിദ്ധാന്തം പറയുന്ന മഹാവിദ്യ നേടിയ അവിടുന്ന് തളര്‍ന്ന ശരീരത്തോടെ മണലാരണ്യത്തില്‍ കിടന്നപ്പോള്‍ ഞങ്ങള്‍ അല്പജ്ഞാനികള്‍ ഭയന്നുപോയി. അവിടുന്ന് എഴുന്നേല്ക്കാന്‍ കൂട്ടാക്കുന്നില്ലാത്തതുകൊണ്ട് ഒന്നും ചെയ്യാന്‍ നിവൃത്തിയില്ല. ഞങ്ങളവിടെത്തന്നെ ഭജനയുമായിരുന്നു. അല്പനേരം കഴിഞ്ഞില്ല, ഒരു നാഗന്‍ എവിടെനിന്നോ ഓടിയെത്തി ബാബയുടെ കണ്ണിലേക്ക് സൂക്ഷിച്ചുനോക്കി. തന്റെ ദേഹത്ത് പുരട്ടിയിരുന്ന ഭസ്മവും കൈയിലുള്ള ഭാണ്ഡത്തില്‍നിന്നും എന്തോ പൊടികളും ചേര്‍ത്ത് അദ്ദേഹം ബാബയുടെ മുഖത്തേക്കിട്ടു. ഇതു കണ്ട് ശക്തിസ്വാമികള്‍ ദേഷ്യത്തോടെ 'ഹേ, എന്താ ബാബാ നിങ്ങളീ കാണിക്കുന്നത്' എന്നും പറഞ്ഞ് അദ്ദേഹത്തിന്റെ കൈകള്‍ കയറിപ്പിടിച്ചു. അതിബലവാനായ ശക്തിസ്വാമികളെ വളരെ നിസ്സാരമായി തള്ളിമാറ്റിക്കൊണ്ട് അദ്ദേഹം ബാബയുടെ ശരീരമാസകലം ഒന്നുഴിഞ്ഞു. ശക്തിസ്വാമികള്‍ സ്തംഭിതാവസ്ഥയില്‍ ഒന്നും ചെയ്യാനാവാതെ നില്ക്കുകയാണ്. വാരാണസിയിലെ ഗുണ്ടകള്‍ക്കുപോലും പേടിയാണ് ശക്തിസ്വാമികളെ. അഘോരാചാരം അതിന്റെ പുനര്‍വായനയില്‍ ആരും ആചരിക്കാത്ത സാധനയായാചരിച്ച വ്യക്തിയാണ് ശക്തിസ്വാമികള്‍. അവിടുന്നാണ് മരവിച്ചുനില്ക്കുന്നത് എങ്കില്‍ ഈ അസാമാന്യവ്യക്തി ആരോ ആണ്, ആരായിരിക്കാം?
ബാബ കണ്ണുകള്‍ തുറന്നു നോക്കിയതും അദ്ദേഹത്തെ കെട്ടിപ്പുണര്‍ന്നെങ്കിലും ഒരു സംസാരത്തിനും നില്ക്കാതെ അവിടുന്ന് പോയി മറഞ്ഞു. ഗുരുപാദം കണ്ണുകളെടുക്കാതെ അദ്ദേഹം പോയ ഭാഗത്തേക്ക് നോക്കിയിരുന്നു. എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നുവെങ്കിലും അദ്ദേഹം നിശ്ശബ്ദനായിരുന്നു, കുറെയധികം സമയം.
നഗ്നരായി സ്‌നാനശേഷം ഭസ്മം പുരട്ടി വരുവാന്‍ ഗുരുപാദങ്ങള്‍ ആജ്ഞാപിച്ചു. ഒപ്പം അവിടുന്നും ഞങ്ങള്‍ക്കൊപ്പം സ്‌നാനം ചെയ്തു. ആ സമയം അവിടുന്ന് പൂര്‍ണ ആരോഗ്യവാനായി ഞാന്‍ കണ്ടു. പഴയ ക്ഷീണം അശേഷമില്ല. വളരെ ആശ്ചര്യമായിരുന്നു ആ സംഭവം. ഞങ്ങള്‍ ചോദിച്ചു, ആരാണ് ബാബ, ആ മഹാപ്രഭു? അവിടുന്നു പറഞ്ഞു: 'കാശിയിലവന്‍ ചണ്ഡാലനായി, ഉജ്ജയിനിയില്‍ മഹാകാലന്‍. ചിദംബരത്തിലവന്‍ നടരാജനാകുമ്പോള്‍ ജടാമുടി പിഴുത കണ്ഠകാപാലികന്‍, കാശ്മീരില്‍ പശുപതേശ്വരനായവതരിച്ചു. ഡമരുവില്‍ ലോകത്തെ സൃഷ്ടിച്ച ഭഗവാന്‍ മഹാദേവന്‍ എനിക്കെന്റെ കാളികാപുര്യാനന്ദനാഥന്‍ എന്ന ഗുരുവായി. കൈലാസേശ്വരന്‍ ഇന്നിപ്പോള്‍ എനിക്കിതാ ഹരിദ്വാറില്‍ ഒരു നാഗനായി ദര്‍ശനം തന്നു.'
ഇടിമിന്നലേറ്റപോലെ ശക്തിസ്വാമികള്‍ നിന്നു. ഞങ്ങളുടെ പരാഗുരു തന്നെയാണ് വന്നതെന്നറിഞ്ഞപ്പോള്‍ മഞ്ഞളിച്ചുപോയ കണ്ണുകള്‍ ഞാനിന്നും വ്യക്തമായോര്‍ക്കുന്നു. മൂന്നു ദിവസം ഞങ്ങള്‍ ഹരിദ്വാറില്‍ ചെലവഴിച്ചു. അവിടെവെച്ച് വ്യത്യസ്ത അഖാഡകളിലെ സന്ന്യാസിമാരുമായി ഞങ്ങള്‍ സംസാരിച്ചു. ഡല്‍ഹിയിലെത്തുമ്പോള്‍ ഗോവിന്ദ വെലാലിന്റെ നിര്‍ബന്ധത്താല്‍ ഞങ്ങള്‍ ഗുരുപാദത്തെ ആശുപത്രിയില്‍ കാണിച്ചു. എത്രയും പെട്ടെന്ന് വിദഗ്ധചികിത്സ വേണം എന്നതനുസരിച്ച് അവിടെനിന്നും വിമാനമാര്‍ഗം ഞങ്ങള്‍ കാശിയിലെത്തി കാശി ഹോസ്പിറ്റലില്‍ കാണിച്ചു. മഞ്ഞപ്പിത്തം ഇത്രയധികം വര്‍ധിച്ചിട്ടും ഒരു കുഴപ്പവുമില്ലാതെ, അശേഷം ക്ഷീണമില്ലാതെ നില്ക്കുന്ന ബാബയെ പ്രണമിച്ചുകൊണ്ട് ഡോക്ടര്‍ ചികിത്സ തുടങ്ങിയെങ്കിലും ഒരാഴ്ച കഴിഞ്ഞില്ല, അവിടുന്ന് പാതിവഴിയില്‍ ചികിത്സ മതിയാക്കി ഹിമാലയന്‍ യാത്രയ്ക്കു തിരിച്ചു. എന്നോട് തിരിച്ചു നാട്ടില്‍ ചെന്ന് എഴുത്ത് തുടങ്ങുവാന്‍ പറഞ്ഞു. പിന്നീട് ഞാന്‍ ഒരു മാസത്തിനുശേഷമാണ് കാശിയിലെത്തിയത്. അപ്പോള്‍ അവിടുന്ന് പൂര്‍ണ ആരോഗ്യവാനായിരുന്നു.
കുംഭമേളകളില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ നിരവധിയാണ്. പലതരം സന്ന്യാസഗോത്രവര്‍ഗങ്ങള്‍ ഒത്തുചേരുന്ന സമയം അദ്ഭുതങ്ങള്‍ നമ്മെ തേടിയെത്തും. ഇഴചേര്‍ത്ത കല്പയവനികയ്ക്കുള്ളില്‍ അമൃതത്വം നേടാന്‍ ഞങ്ങള്‍ കാത്തിരുന്നതൊരുവളെ മാത്രം, 'കാശി.'
Content Highlights: Experiencing the Kumbh Mela thrice with my Guru. Witnessing the unique spiritual energy and divers
Published: 31 Jan 2025, 10:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented