
ആരാലും രേഖപ്പെടുത്താതെപോയ അസംഖ്യം സാധാരണ മനുഷ്യരുടെ അസാധാരണമായ ജീവിതത്തിലൂടെ സഞ്ചരിച്ച ഒരു ഫോട്ടോഗ്രാഫറുടെ ഹൃദ്യമായ ഓര്‍മപ്പുസ്തകമാണ് കെ.ആര്‍. സുനില്‍ എഴുതിയ വെളിച്ചപ്പാടും പോക്കറ്റടിക്കാരും. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍നിന്നും ഒരേയൊരു ബിന്ദു എന്ന അധ്യായം വായിക്കാം.
വ്യത്യസ്ത രീതിയിലാണ് ഓരോ ഫോട്ടോഗ്രാഫറും ലോകത്തെ പകര്‍ത്തുന്നത്. ജീവിതത്തെ ഹൃദയംകൊണ്ട് തൊട്ടെടുത്ത, ചരിത്രം മാറ്റിമറിച്ച എത്രയെത്ര ഫ്രെയിമുകള്‍! എന്നാല്‍ മരണത്തെ, അതിന്റെ കടുത്ത മരവിപ്പിനെ, പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെ കാലങ്ങളായി പകര്‍ത്തുന്ന, അപൂര്‍വ്വമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോയ ഒരു സ്ത്രീയെ ഈയിടെ കൊടുങ്ങല്ലൂരില്‍ ഒരു സുഹൃത്തിന്റെ സ്റ്റുഡിയോയില്‍ വെച്ച് കണ്ടുമുട്ടി. അവിടെയൊരു മുറിയിലിരുന്ന് കംപ്യൂട്ടറില്‍ ചില ജോലികളില്‍ മുഴുകിയിരുന്ന അവര്‍ക്ക് ഒരു കോള്‍ വന്നു. ഉടന്‍തന്നെ സുഹൃത്തിനോട് എന്തോ പറഞ്ഞശേഷം ക്യാമറയുമെടുത്ത് സ്‌കൂട്ടറില്‍ പോവുന്നത് ശ്രദ്ധയില്‍പ്പെട്ടു. ആ കോളിനുശേഷം അവരിലുണ്ടായ എന്തെന്നില്ലാത്ത ധൃതിയെക്കുറിച്ച് സുഹൃത്ത് സൂചിപ്പിച്ചപ്പോഴാണ്, ബിന്ദു എന്ന ആ സ്ത്രീയുടെ തൊഴിലിന്റെ പ്രത്യേകതയെക്കുറിച്ച് മനസ്സിലായത്; അതെനിക്ക് പുതിയ അറിവായിരുന്നു!
നാട്ടിലെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പ്രധാനമായും പകര്‍ത്തിയിരുന്നത് ബിന്ദുവാണ്. അതിലേറെയും മൃതദേഹങ്ങളുടെ ചിത്രങ്ങള്‍. തൊട്ടുമുമ്പ് വന്നതും പോലീസുകാരുടെ വിളിയായിരുന്നു. ക്യാമറയുമായി തികച്ചും വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന ആ സ്ത്രീയുടെ ജീവിതത്തെക്കുറിച്ച് കൂടുതലറിയണമെന്നു തോന്നി. മറ്റൊരു ദിവസം അതേ സ്റ്റുഡിയോയില്‍വെച്ച് ബിന്ദുവിനോട് വിശദമായി സംസാരിച്ചു.
കൊടുങ്ങല്ലൂരടക്കം നാലിലധികം പോലീസ് സ്റ്റേഷനുകളില്‍നിന്നാണ് ബിന്ദുവിന്റെ ഫോണിലേക്ക് രാപകലെന്നില്ലാതെ വിളികളെത്തുന്നത്. നഗരത്തിലെ സ്റ്റുഡിയോകളിലെ ഫോട്ടോഗ്രാഫര്‍മാര്‍ എടുക്കാന്‍ മടിക്കുന്ന, നോക്കാന്‍പോലും മനസ്സുവരാത്ത ദൃശ്യങ്ങളാണ് പകര്‍ത്തേണ്ടത്. അത്തരം ആയിരത്തിലേറെ ചിത്രങ്ങള്‍ തെളിവുകളെന്നോണം ബിന്ദു സൂക്ഷിക്കുന്നു. തികച്ചും സാധാരണ ചുറ്റുപാടുകളില്‍നിന്നെത്തിയ ആ പെണ്‍കുട്ടിയെ അസാധാരണമായ തൊഴിലിലേക്കെത്തിച്ചത് അവര്‍ പിന്നിട്ട ജീവിതം തന്നെയായിരുന്നു.
കൊടുങ്ങല്ലൂരിലെ ഒരു തീരദേശഗ്രാമത്തിലാണ് ബിന്ദുവിന്റെ ജനനം. ഒരു സഹോദരനും മൂന്നു സഹോദരിമാരും. കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യമായിരുന്നു; പഠിക്കാന്‍ മിടുക്കിയും. ചോദ്യപേപ്പറുകളിലെക്കാള്‍ വലിയ ചോദ്യം സ്വന്തം ജീവിതംതന്നെയായപ്പോള്‍ ബിന്ദു പഠനമവസാനിപ്പിച്ചു. മതിലകം അങ്ങാടിയില്‍ സ്റ്റുഡിയോ നടത്തിയിരുന്ന, കുടുംബസുഹൃത്തായ ഷാഹുല്‍ ഹമീദിന്റെ കീഴില്‍ ഫോട്ടോഗ്രഫി പഠിക്കാന്‍ ചേര്‍ന്നു. ഫിലിമില്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്ന ആ 'ഡാര്‍ക്ക്‌റൂം' കാലത്ത് ഫോട്ടോഗ്രാഫര്‍ ആയിത്തീരാന്‍ കടമ്പകളേറെയും. എങ്കിലും പെണ്‍കുട്ടിയെന്ന പരിഗണനയോടെ അദ്ദേഹം ആദ്യപാഠങ്ങള്‍ പഠിപ്പിച്ചു. എടുത്ത ചിത്രങ്ങള്‍ പ്രിന്റുകളാക്കാനുള്ള ഉത്തരവാദിത്വം ബിന്ദുവിനും മറ്റു സഹായികള്‍ക്കുമായിരുന്നു. അടുത്തുള്ള സ്റ്റേഷനിലെ പോലീസുകാരുടെ ആവശ്യപ്രകാരം പകര്‍ത്തിയ ചിത്രങ്ങളും അതില്‍ കാണും. കുറ്റവാളികളുടെയും ദുര്‍മ്മരണം സംഭവിച്ചവരുടെയും നിരവധി ചിത്രങ്ങള്‍! ഡാര്‍ക്ക്റൂമിലെ മങ്ങിയ വെളിച്ചത്തില്‍, ആ ചിത്രങ്ങള്‍ക്ക് ജീവന്‍വെക്കുമ്പോള്‍ നോക്കാനാകാതെ എത്രയോവട്ടം കണ്ണുകള്‍ പൊത്തിയിട്ടുണ്ട്. ഫോട്ടോഗ്രഫിപോലും വേണ്ടെന്നു തോന്നിയ നാളുകള്‍. എന്നാല്‍, പിന്തിരിഞ്ഞുനടക്കാവുന്ന ജീവിതാവസ്ഥയല്ലായിരുന്നു ബിന്ദുവിന്റേത്. അതിനിടെ, മറക്കാനാവാത്ത ഒരു സംഭവമുണ്ടായി. പോലീസ് സ്റ്റേഷനില്‍നിന്നും ഫോട്ടോഗ്രാഫറെ തേടിയുള്ള വിളി വന്നപ്പോള്‍, മറ്റു ജോലികളില്‍ വ്യാപൃതനായിരുന്ന ഷാഹുല്‍ ഹമീദ്, ബിന്ദുവിന്റെ കൈയില്‍ ക്യാമറ കൊടുത്ത് ചിത്രങ്ങളെടുത്തുവരാന്‍ ആവശ്യപ്പെട്ടു. എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന ബിന്ദുവിനോട് ശബ്ദമുയര്‍ത്തി അദ്ദേഹം ആവശ്യം ആവര്‍ത്തിച്ചു.
ആദ്യത്തെ ചിത്രം
ജീവിതത്തില്‍ ആദ്യമായാണ് ബിന്ദു പോലീസ് സ്റ്റേഷനില്‍ കയറിയത്. ക്യാമറയും തൂക്കിയെത്തിയ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ഒരു പോലീസുകാരന്‍, അടുത്ത മുറിയില്‍ നിന്നിരുന്ന തമിഴ് സ്ത്രീയുടെ ചിത്രം എടുക്കണമെന്നു പറഞ്ഞു. ആ സ്ത്രീ ഒരു മാലമോഷ്ടാവായിരുന്നു. ഒരുവിധം ചിത്രങ്ങള്‍ എടുത്ത് സ്റ്റുഡിയോയിലേക്ക് എത്താറായപ്പോഴാണ്, ചിത്രമെടുത്ത സമയത്ത് പരിഭ്രമത്താല്‍ ഫ്‌ളാഷ് ഓണ്‍ ചെയ്യാന്‍ മറന്നുപോയ കാര്യം തിരിച്ചറിഞ്ഞത്. അന്നേരം ഉള്ളിലൂടെ ഒരു ആന്തല്‍ കടന്നുപോയി. ഉടന്‍ സ്റ്റേഷനിലേക്ക് തിരികെയോടി. ആ സ്ത്രീയുമായി കടന്നുപോകുന്ന ജീപ്പ് ഒരുവിധം കൈകാണിച്ച് നിര്‍ത്തിച്ചശേഷം പോലീസിനോട് കാര്യമവതരിപ്പിച്ചു. ഫ്‌ളാഷോടുകൂടി രണ്ടാമത് പകര്‍ത്തിയ ചിത്രങ്ങളുടെ പ്രിന്റ് ശരിയായി തെളിഞ്ഞുവരുന്നതുവരെ മനസ്സ് അശാന്തമായിരുന്നു. ബിന്ദു ആദ്യമായെടുത്ത ആ ചിത്രങ്ങള്‍ കൈയിലെടുത്ത് ഫോട്ടോഗ്രഫിയിലെ ഗുരു ചെറുതായൊന്ന് ചിരിച്ചു; ആദ്യ അംഗീകാരം!
കാര്യങ്ങള്‍ അതുകൊണ്ടൊന്നും തീര്‍ന്നില്ല. മറ്റൊരിക്കല്‍, സ്റ്റുഡിയോയില്‍ ബിന്ദു തനിയേ ജോലികള്‍ ചെയ്തുകൊണ്ടിരിക്കേ ഷാഹുല്‍ ഹമീദിന്റെ വിളി വന്നു. സ്റ്റേഷന്‍ പരിധിയിലെവിടെയോ ഒരു ദുര്‍മ്മരണം സംഭവിച്ചിട്ടുണ്ടെന്നും എത്രയും വേഗം ചെന്ന് ചിത്രമെടുക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം. ചോര കണ്ടാല്‍ തലകറങ്ങിവീഴുന്ന, മരണവീട്ടില്‍പ്പോലും പോകാന്‍ ഭയപ്പെട്ടിരുന്ന ബിന്ദു, തന്റെ അവസ്ഥ വിവരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ശകാരമായിരുന്നു അതിനു കിട്ടിയ മറുപടി. മാത്രമല്ല, സ്റ്റുഡിയോയ്ക്കു മുന്നില്‍ ഫോട്ടോഗ്രാഫറെ തിരക്കിയെത്തിയ പോലീസ് ജീപ്പിന്റെ ശബ്ദവും. സംഭവസ്ഥലത്തേക്കുള്ള യാത്ര തികച്ചും യാന്ത്രികമായിരുന്നു. മുങ്ങിമരിച്ച ഒരു കുട്ടിയുടെ മരവിച്ച ശരീരമായിരുന്നു അവിടെയെത്തിയപ്പോള്‍ കണ്ടത്. ചുറ്റിലും അലമുറയിട്ടു കരയുന്ന ബന്ധുക്കളും പരിസരവാസികളും മറ്റും. ക്യാമറ ഫോക്കസ് ചെയ്യാനാകാതെ കൈകള്‍ വിറകൊണ്ടു. കണ്ണു നിറഞ്ഞ് കാഴ്ച മങ്ങി. എങ്കിലും ഒരുവിധം ചിത്രങ്ങള്‍ പകര്‍ത്തി, തിരിച്ചുള്ള യാത്രയില്‍ ജീപ്പിലിരുന്ന് കുറേ കരഞ്ഞു.

കാലങ്ങള്‍ പിന്നെയും കടന്നുപോയി. ഫോട്ടോഗ്രഫി തൊഴിലാക്കി ജീവിക്കാനാകുമെന്ന് സ്വയം തോന്നിത്തുടങ്ങിയ നാളുകളിലൊന്നില്‍ ഒട്ടും പ്രതീക്ഷിക്കാതെ ഒരാള്‍ ബിന്ദുവിന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. ഇരുവരും ഇഷ്ടങ്ങള്‍ തുറന്നുപറഞ്ഞു. സ്റ്റുഡിയോയിലെ ഡാര്‍ക്ക് റൂം ലോകത്തുനിന്നും ഒരുമിച്ചുള്ള ജീവിതവെളിച്ചത്തിലേക്ക്! 2005-ല്‍ ഇരുവരും വിവാഹിതരായി. ആദ്യം പിറന്ന കുഞ്ഞിന് വിഷ്ണുപ്രിയ എന്ന് പേരിട്ടു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍, ജോലിയുടെ ഭാഗമായി ഭര്‍ത്താവിന് മറ്റൊരിടത്ത് താമസിക്കേണ്ടിവന്നു. രണ്ടാമതായി ജനിച്ച കുഞ്ഞിന് ഓട്ടിസമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ബിന്ദു ആകെ തളര്‍ന്നുപോയി.
ഹോസ്പിറ്റലുകളിലേക്കുള്ള യാത്രകളുടെ കാലമായിരുന്നു അത്. ജീവിതം രണ്ടു മക്കള്‍ക്കുമായി പകുത്തുനല്‍കി ഒരുവിധം നീങ്ങിക്കൊണ്ടിരുന്നു. കുറച്ചു ഭൂമി വാങ്ങി വീടുവെച്ച്, കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അതിനായി അറിയാവുന്ന ഏക തൊഴിലായ ഫോട്ടോഗ്രഫി പുനരാരംഭിക്കാന്‍ ശ്രമിച്ചു. അതിനിടെ, ബിന്ദുവിനെയും കുട്ടികളെയും കാണാന്‍, ഭര്‍ത്താവ് എത്തിച്ചേരുന്ന ഇടവേളകള്‍ കൂടി. അസുഖമുള്ള മകളെ പരിചരിച്ച് തളര്‍ന്നുപോയ, ഉറക്കം നഷ്ടപ്പെട്ട നാളുകളായിരുന്നു അവ.
കാക്കിയിട്ടവര്‍ക്കൊപ്പം
ഇടയ്ക്ക് എത്തിച്ചേരാറുള്ള ഭര്‍തൃമാതാവിന്റെ സാന്നിദ്ധ്യം അക്കാലത്ത് കുറച്ചൊക്കെ ആശ്വാസമായിരുന്നു. എന്നാല്‍, വേദനിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് വൈകാതെയറിഞ്ഞത്. ബിന്ദുവിനെയും മക്കളെയും മറന്ന ഭര്‍ത്താവ് മറ്റൊരു ജീവിതം തുടങ്ങിയിരിക്കുന്നു. ആത്മഹത്യയെക്കുറിച്ചുപോലും പലവട്ടം ചിന്തിച്ച നാളുകളായിരുന്നു അത്. പക്ഷേ, കുട്ടികളെയോര്‍ത്ത് തളരാതെ നിന്നു. പോലീസുകാരില്‍ ചിലരുടെ സഹായത്തോടെ പുതിയ ക്യാമറ സംഘടിപ്പിച്ച് ജോലിയിലേക്ക് തിരിഞ്ഞു. അത് പലതും മറക്കാന്‍കൂടിയായിരുന്നു. കാലം പിന്നെയും കടന്നുപോയി. കുട്ടികള്‍ വലുതായി. എന്നിട്ടുപോലും, തന്നെയും മക്കളെയും ഉപേക്ഷിച്ചുപോയ ഭര്‍ത്താവിന്റെ വൃദ്ധയായ അമ്മയെ ബിന്ദു സംരക്ഷിച്ചു.
കാല്‍നൂറ്റാണ്ടോളം നീണ്ട ബിന്ദുവിന്റെ ഫോട്ടോഗ്രഫി ജീവിതത്തില്‍ ഏറിയപങ്കും പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടതാണ്. പകര്‍ത്തിയതാവട്ടെ ഒരിക്കലും ഓര്‍ക്കാന്‍പോലും തോന്നാത്ത ദൃശ്യങ്ങളും. അതില്‍, ഇരുപത്തിമൂന്നു ദിവസം പഴക്കംചെന്ന മൃതശരീരത്തിന്റെ ചിത്രമെടുക്കാന്‍ പോയിവന്ന അനുഭവം അസഹ്യമായിരുന്നു. വീട്ടിലെത്തി ഭക്ഷണത്തില്‍ കൈവെക്കുമ്പോള്‍ പാത്രത്തില്‍ നിറയെ പുഴുക്കളെന്നു തോന്നിയ ദിവസങ്ങള്‍. മറ്റൊരിക്കല്‍, ബസ്സിനടിയില്‍പ്പെട്ട് മരിച്ച സ്ത്രീശരീരം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് ചിത്രീകരിക്കാനുള്ള വിളി വന്നു. തനിക്കേറെ പരിചയമുള്ള സ്ത്രീയാണെന്നറിഞ്ഞത് അവിടെയെത്തിയപ്പോള്‍ മാത്രമാണ്. ആ ശരീരത്തില്‍ കത്തിവെക്കുന്നത് പകര്‍ത്തേണ്ടിവന്നത് മരവിച്ച മനസ്സോടെയായിരുന്നു. മെല്ലെ, പലതുമായും പൊരുത്തപ്പെട്ടുതുടങ്ങി.
ഇടവേളപോലുമില്ലാതെ ജോലി ചെയ്ത്, വീട്ടിലേക്ക് സ്‌കൂട്ടറില്‍ പാഞ്ഞുപോകുന്ന ബിന്ദു നഗരത്തിലെ പതിവുകാഴ്ചയാണ്. ബിന്ദുവിന്റെ അമിതവേഗത്തെക്കുറിച്ച് ചിലര്‍ ഉപദേശിക്കാറുമുണ്ട്. എന്നാല്‍, അവരില്‍ പലര്‍ക്കുമറിയാത്തത്, ദിവസം മുഴുവന്‍ ബന്ധനസ്ഥയായി കട്ടിലില്‍ കഴിയേണ്ടിവരുന്ന ഇളയ മകളെയും സ്‌കൂളില്‍നിന്നെത്തിയശേഷം അവള്‍ക്ക് കാവലിരിക്കുന്ന ചേച്ചിയെയും കുറിച്ചാണ്. ക്യാമറയുടെ വ്യൂഫൈന്‍ഡറിലൂടെ ലോകത്തിന്റെ സൗന്ദര്യം മാത്രം തിരയുന്ന മഹാഭൂരിപക്ഷത്തിനിടയില്‍ ഈ ഫോട്ടോഗ്രാഫറും അവരുടെ ജീവിതവും എത്രമാത്രം വ്യത്യസ്തമാണ്!
Content Highlights: KR Sunil Article about Mortuary Photographer Bindu
Published: 09 Aug 2025, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented