
ജോയ് മാത്യുവിന്റെ ഓര്‍മകളുടെ പുസ്തകമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'പ്രണയത്തിന്റെ ചതുരനെല്ലിക്കകള്‍'. കൃതിയില്‍ കുഞ്ഞുണ്ണി മാഷെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം വായിക്കാം...
കുഞ്ഞുണ്ണിമാഷ് ഒരു ജന്മമായിരുന്നു. ജെം(Gem) എന്നതുതന്നെയായിരിക്കണം ജന്മം എന്ന വാക്കുകൊണ്ടും ഉദ്ദേശിച്ചിട്ടുണ്ടാവുക. കാഴ്ചയില്‍ ഒരദ്ഭുതജീവി, ജീവിതംകൊണ്ട് അതിലേറെ അദ്ഭുതന്‍. ഇതെന്തൊരു ലോകം എന്ന മട്ടിലാണ് മൂപ്പര്‍ ലോകത്തെ കണ്ടിരുന്നത്. ലോകം തന്നെ എങ്ങനെ നോക്കിക്കാണുന്നു എന്നുള്ളത് കുഞ്ഞുണ്ണിമാഷിനു പ്രശ്‌നമേയല്ല. ആറ്റിക്കുറുക്കിയെടുത്ത സ്വന്തം കവിതപോലെ ഒരു ജീവിതം. കണങ്കാല്‍ മറയാത്ത ഒറ്റമുണ്ട്, മുറിക്കൈയന്‍കുപ്പായം.
വള്ളിച്ചെരിപ്പ്, മൂക്കില്‍ കണ്ണട, നര കലര്‍ന്ന താടി, പറ്റേ വെട്ടിയ തലമുടി. പോരാത്തതിനു തോളില്‍ ഒരു തുണിസഞ്ചിയും. ഇങ്ങനെയൊരു രൂപത്തിലാണ് കുഞ്ഞുണ്ണിമാഷ് ഈ ലോകത്തവതരിച്ചത്. ജനിക്കുമ്പോള്‍ത്തന്നെ ഈ രൂപത്തിലായിരിക്കണം അദ്ദേഹം അവതരിച്ചിരിക്കുക എന്നാര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അദ്ഭുതപ്പെടേണ്ടതില്ല. രൂപംപോലെത്തന്നെ കവിതയും നീളം കുറവ്. എന്നാല്‍ സത്തയ്ക്കു ഭാരം കൂടുതല്‍. കടമ്മനിട്ടയും സച്ചിദാനന്ദനും ഡി. വിനയചന്ദ്രനും ആറ്റൂരും ചുള്ളിക്കാടുമൊക്കെ അരങ്ങിനെ കവിതകൊണ്ട് അഗ്നിക്കിരയാക്കുമ്പോള്‍ ആ തീയിന്‍ നാക്കിലെല്ലാം തെളിനീരുറവപോലെ മാഷുടെ കവിത വന്നുവീഴും.
കോളേജ് വിദ്യാര്‍ഥിജീവിതത്തിലാണ് ഞാന്‍ കുഞ്ഞുണ്ണിമാഷിനെ കാണുന്നത്. വേദികളില്‍ മാഷ് കവിത ചൊല്ലുന്നത് മുന്‍പേ കണ്ടിട്ടുണ്ടായിരുന്നു. കവിയും ചിത്രകാരനുമൊക്കെയായ പോള്‍ കല്ലാനോടായിരുന്നു കുഞ്ഞുണ്ണിമാഷെ എനിക്കു പരിചയപ്പെടുത്തിത്തന്നത്. കവിതയെഴുതി പരാജയപ്പെട്ട ഒരു ബാല്യം എനിക്കുണ്ടായിരുന്നതുകൊണ്ട് കവികളോട് പൊതുവേ ഒരു ആരാധന മനസ്സിലുണ്ടായിരുന്നു. നമുക്ക് സാധിക്കാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുമ്പോഴാണല്ലോ നമുക്കവരോട് ആരാധന തോന്നുക. പക്ഷേ, കാലം കഴിയുന്തോറും നമുക്കു മറ്റുള്ളവരോടുള്ള ആരാധന കുറയും അല്ലെങ്കില്‍ കുറയ്ക്കണം. കാരണം, നമുക്കു ചെയ്യാന്‍ പറ്റുന്ന പലതും മറ്റുള്ളവര്‍ക്കു ചെയ്യാനാവില്ല എന്ന തിരിച്ചറിവില്‍ നാം മറ്റുള്ളവരെ ആരാധിക്കുന്ന പരിപാടി നിര്‍ത്തും. ഇല്ലെങ്കില്‍ അതൊരു മാനസികരോഗമായി മാറും.
കുഞ്ഞുണ്ണിമാഷ് വലപ്പാടുകാരനായിരുന്നെങ്കിലും കോഴിക്കോടായിരുന്നു പ്രധാന തട്ടകം. കുഞ്ഞുകവിതകള്‍ എഴുതുന്നതുകൊണ്ടോ അതോ കുഞ്ഞുരൂപമായതിനാലോ അദ്ദേഹത്തെ കുട്ടികളുടെ കവി എന്ന രീതിയിലാണ് ജനം കണ്ടിരുന്നത്. പോരാത്തതിനു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ബാലപംക്തിയിലെ കവിതകള്‍ നോക്കിയിരുന്നതും മാഷായിരുന്നല്ലോ. മീഞ്ചന്തയിലെ ശ്രീരാമകൃഷ്ണ മിഷന്‍ സ്‌കൂളിലെ മലയാള അധ്യാപകനായിരുന്ന മാഷ് താമസിച്ചിരുന്നത് സ്‌കൂളിനോടു ചേര്‍ന്നുള്ള ഒരു മുറിയിലാണ്. തൊട്ടടുത്ത മുറികളില്‍ കാഷായവസ്ത്രധാരികളായ സന്ന്യാസിമാരായിരുന്നു അന്തേവാസികളിലധികവും. കാഷായത്തിന് പകരം കവിതയുടുത്ത് മാഷും അവരോടൊപ്പം കഴിഞ്ഞു.
ഗുരുവായൂരപ്പന്‍ കോളേജില്‍ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആ മഹാസംഭവം നടന്നത്. കുഞ്ഞുണ്ണിമാഷെയുംകൊണ്ട് ഒരു ഉദ്ഘാടനപരിപാടിക്ക് പോയതും നാണംകെട്ടതും. മാഷുമായുള്ള എന്റെ ബന്ധം മണത്തറിഞ്ഞ ഒരാള്‍ കുഞ്ഞുണ്ണിമാഷെ അയാളുടെ നാട്ടിലെ ഒരു സാഹിത്യ മീറ്റിങ് ഉദ്ഘാടനം ചെയ്യാന്‍ കിട്ടുമോ എന്നന്വേഷിക്കുന്നു. കാരണം, ഞാന്‍ എഡിറ്ററായ മാസികയില്‍ കുഞ്ഞുണ്ണി മാഷിനെക്കൊണ്ട് കവിത എഴുതിച്ചിട്ടുണ്ടല്ലോ. പ്രീഡിഗ്രിക്കാലത്ത് എഡിറ്ററാവുകയോ എന്നൊന്നും അദ്ഭുതപ്പെടേണ്ട. അതും സംഭവിച്ചു. എന്റെ 'എഡിറ്റേഴ്‌സ് ടേബിളിലൂടെ' കടന്നുവന്ന എഴുത്തുകാര്‍ പലരും പിന്നീട് മഹാന്മാരായി മാറി എന്നത് ചരിത്രം. വീമ്പുപറച്ചിലല്ല, സത്യം. ആ കഥ പറയണമെങ്കില്‍ ഒരു നാല്പതു കൊല്ലം പിറകോട്ടു പോകണം.
കോളേജ് നാടകങ്ങളിലെ മികച്ച നടന്‍ എന്ന നിലയിലുള്ള പ്രശസ്തി പോരാഞ്ഞ് സാഹിത്യത്തില്‍ക്കൂടി കൈവെക്കാന്‍ തീരുമാനിച്ച കാലം. അതിനെന്താ വഴി എന്ന ആലോചനയായിരുന്നു അക്കാലത്തെ പ്രധാന ഹോബി. സമരവും കലാപവും സൗഹൃദസദസ്സുകളും ഭഗ്നപ്രണയങ്ങളും ഒക്കെയുള്ളപ്പോള്‍ത്തന്നെ അതിവിശാലമായ കോളേജ് ലൈബ്രറി എന്റെയൊരു താവളമായിരുന്നു. എരഞ്ഞിപ്പാലത്തെ ബാര്‍ബര്‍ ഷാപ്പിന് മുകളിലുള്ള വാഗ്ഭടാനന്ദ വായനശാലയായിരുന്നു ഞാന്‍ അതുവരെ കണ്ട വലിയ ലൈബ്രറി. അവിടെനിന്നും എടുത്ത ദുര്‍ഗാപ്രസാദ് ഘത്രിയുടെ വെളുത്ത ചെകുത്താന്‍ എന്ന അതിഭീകര ഡിറ്റക്ടീവ് നോവലിന്റെ രണ്ടാം ഭാഗം നഷ്ടപ്പെട്ടുപോയതുകൊണ്ട് അവിടേക്കുള്ള പോക്കും നിര്‍ത്തേണ്ടിവന്നു. ഇവിടെയാണെങ്കിലോ ധാരാളം പുസ്തകങ്ങള്‍. പുസ്തകങ്ങളെയും അതു വായിക്കാനെടുക്കുന്ന കുട്ടികളെയും സ്‌നേഹപൂര്‍വം സഹായിക്കുന്ന, ഗോപിയേട്ടന്‍ എന്ന് ഞങ്ങള്‍ക്കൊക്കെ വിളിക്കാന്‍ തോന്നിച്ച, ധാരാളം പുകവലിച്ചിരുന്ന ലൈബ്രേറിയന്‍ ഗോപിനാഥ്, കുട്ടികള്‍ സ്‌നേഹപൂര്‍വം കല്യാണ്യേടത്തി എന്നു വിളിച്ചിരുന്ന അസിസ്റ്റന്റ് ലൈബ്രേറിയന്‍ കനകത്തമ്പുരാട്ടി.

ലോക ക്ലാസിക്കുകളുടെ പരിഭാഷകളായിരുന്നു ആദ്യകാലങ്ങളിലെ എന്റെ ഇരകള്‍. അവിടെ വെച്ചാണ് ഞങ്ങളുടെ തറവാട്ടുകാരണവര്‍ എഴുതിയ ആദ്യകാല നിഘണ്ടുക്കളിലൊന്നായ മലയാളം-ഇംഗ്ലീഷ് നിഘണ്ടു ഞാന്‍ കണ്ടെത്തിയത്. പുലിക്കോട്ടില്‍ തറവാട്ടിലെ ഒരു മെത്രാന്‍. സത്യത്തില്‍ നൂറു വര്‍ഷങ്ങള്‍ക്കപ്പുറം വിജ്ഞാനത്തിന്റെ വേരുകള്‍ തേടിനടന്ന പൂര്‍വപിതാമഹന്റെ വേരുകളില്‍ത്തട്ടി ഞാനും സാഹിത്യത്തിലേക്ക് വീണു എന്നുപറയാം. പിന്നീട് പലയിടത്തും ആ പുസ്തകത്തിന്റെ ഒരു കോപ്പി അന്വേഷിച്ചുവെങ്കിലും കണ്ടുകിട്ടിയില്ല. സാഹിത്യകാരനാവാനുള്ള, അല്ലെങ്കില്‍ എഴുതി ആളാവാനുള്ള ട്യൂബ്‌ലൈറ്റ് എന്റെ തലയില്‍ കത്തുവാനിടയായത് ആ ലൈബ്രറിയില്‍ വെച്ച് എന്റെ കൈയില്‍ തടഞ്ഞു. 'കൈയെഴുത്തുമാസിക' എന്ന ഉരുപ്പടിയായിരുന്നു അത്.
ഇന്നത്തെ തലമുറ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ചരക്ക്. പത്രമാസികകള്‍ക്കയച്ചുകൊടുത്താല്‍ അച്ചടിമഷി പുരളില്ല എന്നുറപ്പുള്ള തങ്ങളുടെ രചനകള്‍ നല്ല വൃത്തിയും വെടിപ്പുമുള്ള കൈപ്പടയുള്ളവരെക്കൊണ്ട് ഭംഗിയായി എഴുതിച്ച് കൂട്ടത്തില്‍ത്തന്നെയുള്ള ആരെക്കൊണ്ടെങ്കിലും ചിത്രങ്ങള്‍ വരച്ചുചേര്‍ത്ത് നല്ല ലേയൗട്ടില്‍ വലിയ ലഡ്ജര്‍ ബുക്കിന്റെ വലിപ്പത്തില്‍ തയ്യാറാക്കി പുറത്തിറക്കുന്ന ഒരു ചരക്കാണ് ഇപ്പറഞ്ഞ കൈയെഴുത്തുമാസിക. ഒരു പ്രശ്‌നമേയുള്ളൂ, ആകെ ഒരു കോപ്പിയേ ഉണ്ടാകൂ. അതിനെന്ത്, ഇത്ര എളുപ്പത്തില്‍ സാഹിത്യത്തിലേക്കും എഡിറ്റര്‍പദവിയിലേക്കും കയറിപ്പറ്റാന്‍ ഇതിലും നല്ല ഒരു ഏണിയില്ലല്ലോ.
ഐഡിയ പെട്ടെന്നുതന്നെ കത്തിപ്പിടിക്കുന്ന ഒരു പ്രത്യേക പദാര്‍ഥം എന്റെ തലച്ചോറിനകത്തുള്ളതിനാല്‍ തലയ്ക്കുള്ളില്‍ പെട്ടെന്നുതന്നെ ട്യൂബ്‌ലൈറ്റ് കത്തും. അപ്പോള്‍ സാഹിത്യകാരനാവാന്‍ ഇതുതന്നെ മാര്‍ഗം എന്ന് തീരുമാനമായി. ഇനി ഇത് സാഹിത്യകുതുകികളായ കൂട്ടുകാരുടെ മുന്‍പില്‍ അവതരിപ്പിച്ചു നടപ്പാക്കണം. അക്കാലത്ത് സാഹിത്യമെഴുതുന്ന വിദ്യാര്‍ഥികള്‍ ധാരാളമായിരുന്നു. ഇന്നത്തെപ്പോലെ വാട്‌സാപ്പ് ഫോര്‍വേര്‍ഡ് ഐറ്റംസ് അല്ലാതെ ഒറിജിനല്‍ ഐറ്റംസിലായിരുന്നു ഞങ്ങളുടെ തലമുറയ്ക്ക് കമ്പം.
ഞങ്ങള്‍ പ്രീഡിഗ്രി ഒന്നാംവര്‍ഷ സംഘത്തില്‍ത്തന്നെ കലാകാരന്മാരും ഗായകരും എഴുത്തുകാരും നിരവധിയാണ്. ഞാനെന്റെ കൈയെഴുത്തുമാസിക ഐഡിയ കൂട്ടുകാര്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുന്നു. കൂട്ടത്തില്‍ പരിഹാസികള്‍ ചിലരുണ്ടായിരുന്നെങ്കിലും കൂടെ നില്ക്കാന്‍ അതില്‍ക്കൂടുതല്‍ ആളുകളുണ്ടായിരുന്നതുകൊണ്ട് സംഗതി തീരുമാനമായി. അങ്ങനെ ആ ചരിത്രസംഭവത്തിന്റെ പണി തുടങ്ങി. ലൈബ്രറിയില്‍ പോയി മുന്‍ഗാമികള്‍ ഉണ്ടാക്കിവെച്ചിട്ടുപോയ കൈയെഴുത്തുമാസികകള്‍ നോക്കിപ്പഠിച്ചു, എങ്ങനെ പുതിയതൊന്നുണ്ടാക്കാം എന്ന് ഗവേഷണം തുടങ്ങി.
പലതും മനോഹരമായ കൈപ്പടയാലും ചിത്രങ്ങളാലും ആകര്‍ഷണീയമായിരുന്നു. അവയെ മറികടക്കാനെന്തു വഴി എന്നതിന് പുറമേ മാസികയ്‌ക്കെന്തു പേരിടുമെന്നതും ഒരു കീറാമുട്ടിയായിരുന്നു. മനസ്സില്‍ വന്നതധികവും മറ്റു പലരും എപ്പഴേ അടിച്ചുമാറ്റിക്കഴിഞ്ഞിരുന്നു. അപ്പോഴാണ് കോളേജിലേക്കു വരുന്നവഴി മൂരിയാട് എന്ന സ്ഥലത്തുള്ള ഒരു പ്രസ്സിന്റെ ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടത്. 'ഹരിശ്രീ പ്രസ്സ.്' ട്യൂബ്‌ലൈറ്റ് വീണ്ടും മിന്നി. 'ഹരിശ്രീ.' അതെ, അത് പലരുടെയും ജീവിതത്തിലെ ഹരിശ്രീയായി.
ഹാ എന്തൊരദ്ഭുതം ലേ?
മാറ്റര്‍ സംഘടിപ്പിക്കലായിരുന്നു ആദ്യപണി. എല്ലാത്തിനും എന്റെ പ്രധാന സഹായിയായി തിരുവണ്ണൂരുകാരന്‍ സനത്കുമാര്‍ കൂടെക്കൂടി. അവന്‍ പിന്നീട് മാതൃഭൂമിയില്‍ പ്രൂഫ് റീഡറായി മാറി. അടുത്തയിടെ ഒരു സ്‌കൂട്ടറപകടത്തില്‍പ്പെട്ട് മരിച്ചു. (ഇടയ്ക്കു കാണുമ്പോഴൊക്കെ ഞാന്‍ പറയുമായിരുന്നു, നമ്മുടെ കൈയെഴുത്തുമാസികയുടെ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റു കാരണം നിനക്കൊരു ജോലി കിട്ടിയല്ലോന്ന്. പോടാ പോടാ എന്ന് അവന്‍ തിരിച്ചെന്നെ ചീത്തവിളിക്കും.)
നൂറിലധികം പേജുള്ള ലഡ്ജര്‍ ബുക്കിന്റെ വലിപ്പമുള്ള പുസ്തകമാണ്. മാറ്റര്‍ ധാരാളം വേണം. പലരും പലതും അടിച്ചുമാറ്റി തന്റെ സ്വന്തം സൃഷ്ടിയാണെന്ന് പറഞ്ഞ് എന്നെ പറ്റിക്കാന്‍ നോക്കിയെങ്കിലും എഡിറ്ററായ ഞാന്‍ അതൊക്കെ കണ്ടുപിടിക്കാന്‍ പ്രധാന സഹായി (അസിസ്റ്റന്റ് എഡിറ്റര്‍) സനത്തിനെ ചട്ടംകെട്ടിയിരുന്നു. ഹൈസ്‌കൂളില്‍ പഠിച്ചും പഠിപ്പിച്ചും വാര്‍ധക്യവും അവശതയും കൈമുതലായുള്ള കവിതകളായിരുന്നു അതില്‍ പലതുമെന്ന് സനത് എനിക്കു തെളിവു നല്കി. അക്കാര്യത്തില്‍ ഒ.വി. സെയ്തിനെ വെല്ലാന്‍ ആരുമുണ്ടായിട്ടില്ല. കവിത, കഥ, ലേഖനം തുടങ്ങി സമസ്ത മേഖലയിലേക്കും കടക്കാന്‍ പല രീതിയില്‍ അവന്‍ ശ്രമം നടത്തിയെങ്കിലും സഹപത്രാധിപര്‍ സനത് കുമാറില്‍ ഒരു ഡിറ്റക്ടീവ് മാക്‌സിന്‍ (കടപ്പാട്; കോട്ടയം പുഷ്പനാഥ്) ഉള്ളതുകൊണ്ട് സെയ്ത് മോഷ്ടിച്ചെടുത്ത ചരക്കുകളുടെ ഉറവിടം കണ്ടുപിടിക്കാന്‍ സാധിച്ചു. സെയ്തിനെപ്പോലെ വേറെ ചിലരും ഇതേ ലൈനില്‍ ഞങ്ങളെ പറ്റിക്കാന്‍ നോക്കിയിരുന്നു. എന്നാല്‍ ഒറിജിനല്‍ ഐറ്റംസും കുറെ ഉണ്ടായിരുന്നു.
പെണ്‍കുട്ടികള്‍ ചിലര്‍ കവിതയുടെ രൂപത്തില്‍ പലതും എഴുതിത്തന്നു. പ്രശസ്ത ചിത്രകാരനായ നമ്പൂതിരിയുടെ മകന്‍ വാസുദേവന്‍ ഒരു കഥ തന്നു. പൂക്കളും ഇലകളുമൊക്കെ കഥാപാത്രമായുള്ള കഥയായിരുന്നു എന്നത് ഇന്നും എനിക്കോര്‍മിക്കാന്‍ പറ്റുന്നുണ്ട്. പിന്നീട് അവന്‍ അരവിന്ദന്‍, ഷാജി എന്‍. കരുണ്‍ എന്നീ പ്രശസ്ത സംവിധായകരോടൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ച് ഇപ്പോള്‍ സ്വന്തമായി ഒരു സിനിമ ചെയ്യാനുള്ള പുറപ്പാടിലാണ്. പഠിപ്പിസ്റ്റാണെങ്കിലും നല്ല തന്റേടത്തോടെ എല്ലാവരുമായി ഇടപെടുന്ന സെക്കന്‍ഡ് ഗ്രൂപ്പിലെ കുട്ടിയായിരുന്നു സാബിറാ ബാനു. സാഹിത്യവും ചിത്രംവരയും എല്ലാം അവള്‍ക്ക് ധാരാളമുണ്ടായിരുന്നു. അവള്‍ ഒരു ലേഖനം എഴുതിത്തന്നു. പിന്നെ ചില പേജുകളില്‍ ചിത്രങ്ങളും വരച്ചുതന്നു.
എന്റെ സിനിമകള്‍ കണ്ടും ഇടയ്ക്ക് എന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ അനേഷിച്ച് എന്നെ വഴക്കുപറഞ്ഞും ചേളാരിക്കടുത്ത് സ്വന്തമായി ആയുര്‍വേദ ആശുപത്രി നടത്തി മക്കളും മക്കളുടെ മക്കളുമൊക്കെയായി കഴിയുന്ന പ്രശസ്ത ഡോക്ടറായ സാബിറാ ബാനു നാലോ അഞ്ചോ പുസ്തകങ്ങളും എഴുതി എഴുത്തുകാരിയായി. പേജില്‍ നര്‍മം കലര്‍ന്ന ബോക്‌സ് മാറ്ററുകള്‍ വേണം. അതിനു മനോരമ, കുങ്കുമം എന്നീ ആഴ്ചപ്പതിപ്പുകളെ ആശ്രയിച്ചു. മഹദ്‌വചനങ്ങള്‍ മാതൃഭൂമിയുടെ എഡിറ്റോറിയല്‍ പേജുകളില്‍നിന്നും പൊക്കി. മാസികയിലെ കഥകള്‍ക്കും കവിതകള്‍ക്കുമനുസരിച്ച് ചിത്രം വരയ്ക്കാന്‍ ആരുണ്ട് എന്നന്വേഷിച്ചപ്പോള്‍ ഫസ്റ്റ് ഗ്രൂപ്പിലെ രാമകൃഷ്ണനെ കിട്ടി. കൂടെ ബീരാനും. അവര്‍ ബോബനും മോളിയും പോലെയാണ്. എവിടെയും ഒരുമിച്ച്. രാമകൃഷ്ണന്‍ ചിത്രങ്ങള്‍ വരച്ചു. ഇപ്പോള്‍ അവന്‍ വിദേശവാസമൊക്കെ കഴിഞ്ഞ് നാട്ടില്‍ വന്നു ബേപ്പൂരില്‍ വീടുവെച്ചപ്പോള്‍ ഞാനവിടെ പോയി. ചുവര്‍ നിറയെ അവന്‍ വരച്ച മനോഹരചിത്രങ്ങള്‍. ഗള്‍ഫിലും നാട്ടിലും അറിയപ്പെടുന്ന ചിത്രകാരനായി രാമകൃഷ്ണന്‍ മാറി.
മാറ്റര്‍ ക്ഷാമം എന്നിട്ടും രൂക്ഷമായി തുടരുകയാണ്. അപ്പോഴാണ് പോള്‍ കല്ലാനോട് ആ വഴി (ആ വഴി എന്നുവെച്ചാല്‍ എന്റെ വീട്ടിലേക്കുള്ള വഴി. അവിടെയാണ് അദ്ദേഹവും താമസിക്കുന്നത്.) വന്നത്. ഞാന്‍ എന്റെ കൈയെഴുത്തുമാസികയെപ്പറ്റി പറഞ്ഞു. അപ്പോള്‍ അദ്ദേഹം മുന്‍പ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഒരു ലേഖനം തന്നു. എന്നിട്ട് പറഞ്ഞു: 'കുട്ടികളുടെതന്നെ മാറ്റര്‍ വേണമെന്നില്ല. പുറത്തുള്ള എഴുത്തുകാരുടെയും ആവാം.' വീണ്ടും ട്യൂബ്‌ലൈറ്റ്... അങ്ങനെ ജി. ശങ്കരക്കുറുപ്പും സുഗതകുമാരിയുമൊക്കെ ഞങ്ങളുടെ മാസികയിലൂടെ വീണ്ടും പ്രശസ്തരായി. എല്ലാത്തിനും കൂടെ നടക്കുന്ന ഒരു ചങ്ങാതിയുണ്ടായിരുന്നു. എന്‍ജിനീയറാക്കണമെന്ന മാതാപിതാക്കളുടെ ആഗ്രഹത്തിന്റെ ബലിയാടായി ഒന്നാംഗ്രൂപ്പില്‍ ചേര്‍ന്നു പഠിക്കാന്‍ ശ്രമിക്കുകയും സാഹിത്യത്തെ സ്‌നേഹിക്കുകയും ചെയ്തിരുന്ന പ്രേംചന്ദ്. ആവുന്നത്ര നിര്‍ബന്ധിച്ചിട്ടും അവന്‍ ഒന്നും എഴുതിത്തരാന്‍ കൂട്ടാക്കിയില്ല. എനിക്കറിയില്ല എന്നു പറഞ്ഞൊഴിയും.
ഞാന്‍ വിടുമോ? അവനുവേണ്ടി ഒഴിച്ചിട്ട പേജുമാത്രം കാലിയായിക്കിടക്കുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. അവനുവേണ്ടി മാറ്റിയിട്ട പേജില്‍ ഞാന്‍തന്നെ കയറി മേഞ്ഞു. ഞാന്‍തന്നെ ഒരു ലേഖനം അവന്റെ പേരില്‍ എഴുതി. ചാര്‍ളി ചാപ്ലിനെക്കുറിച്ചായിരുന്നു ലേഖനം. എഴുത്തുകാരന്റെ പേര് പ്രേംചന്ദ്. ഇന്ന് അയാള്‍ മാതൃഭൂമിയുടെ എഡിറ്റോറിയല്‍ സീനിയര്‍ സ്റ്റാഫ് (സത്യമായും ഇപ്പോള്‍ അയാളുടെ പേരില്‍ എഴുതുന്നത് ഞാനല്ല, അയാള്‍തന്നെയാണ്.). ഇനിയും പലരുമുണ്ട് എഴുത്തുകാരും ചിത്രകാരന്മാരുമൊക്കെയായി... ഇങ്ങനെ 'ഹരിശ്രീ' എന്ന ഈ കൈയെഴുത്തുമാസിക മാറ്റിമറിച്ച ജീവിതങ്ങള്‍ ഒരുപാടാണ്.
ഞാന്‍തന്നെ എന്റെ ദുബായ് ഒളിവുജീവിതത്തില്‍ ഒരു മാസികയുടെ എഡിറ്ററായപ്പോള്‍ ഈ എക്‌സ്പീരിയന്‍സ് എനിക്ക് തുണയായി. അറുപതോളം പേജുകള്‍ പല പേരില്‍ പല രീതിയില്‍ ഞാന്‍ എഴുതിനിറച്ചിട്ടുണ്ട്. എഡിറ്റോറിയല്‍ മുതല്‍ നക്ഷത്രഫലംവരെ. അങ്ങനെ വലിയ ആരവങ്ങളൊന്നുമില്ലാതെ അല്പം ലജ്ജയോടെയാണെങ്കിലും 'ഹരിശ്രീ' പുറത്തിറങ്ങി. ചരക്കിനെ വൃത്തിയായി ബയന്‍ഡിട്ട് ഭദ്രമായി കോളേജ് ലൈബ്രറിയില്‍ ഗോപിയേട്ടനെ ഏല്പിക്കുന്നു. കുട്ടികള്‍ പലരും വായിക്കുവാന്‍ ഞങ്ങള്‍ നേരിട്ടുതന്നെ ആവശ്യപ്പെടുന്നു, അപേക്ഷിക്കുന്നു (ഡയറക്ട് മാര്‍ക്കറ്റിങ് എന്ന് ഇന്നു പറയുന്ന സംഗതി). എന്നാല്‍ ഏറ്റവും കൂടുതല്‍ വായിച്ചത് ഞാന്‍തന്നെയാണേ. കാരണം, വായനക്കാര്‍ അവരുടെ അഭിപ്രായം എഴുതുവാന്‍ ഒഴിച്ചിട്ട പേജുകളില്‍ ആരെങ്കിലും എഡിറ്ററെ ചീത്തവിളിക്കുന്നുണ്ടോ എന്നു നോക്കണമല്ലോ.
നാല്പതു വര്‍ഷം മുന്‍പ് പിറന്നുവീണ 'ഹരിശ്രീ' എന്ന ആ അത്യപൂര്‍വ കൈയെഴുത്തുമാസിക ഇന്ന് ചിതലെടുത്തുപോയിരിക്കാം. പക്ഷേ, അതിലൂടെ എഴുതിയും വരച്ചും മുന്നേറിയവര്‍ ഓര്‍ക്കുന്നുവോ അതിന്റെ എഡിറ്ററായ ഞാന്‍ അനുഭവിച്ച പ്രസവവേദന. പ്രസവവേദന പ്രസവത്തോടെ കഴിയും. എന്നാല്‍ അതേത്തുടര്‍ന്നുണ്ടായ കുഞ്ഞുണ്ണിമാഷ് അനുഭവമാണ് പ്രസവത്തെക്കാള്‍ വലിയ വേദനയായത്.
'ഹരിശ്രീ' മാസികയുടെ എഡിറ്ററെത്തിരക്കി അയല്‍പ്രദേശമായ പന്തീരാങ്കാവില്‍നിന്നും ഒരാള്‍ എന്റെ വീട് അന്വേഷിച്ചുവരുന്നിടത്താണ് ഇനി കഥ വികസിക്കുന്നത്. ഹരിശ്രീ മാസികയുടെ എഡിറ്ററോ? അമ്മ അദ്ഭുതപ്പെട്ടു. അമ്മയ്ക്കറിയില്ലല്ലോ മകന്‍ സാഹിത്യകാരനാവാന്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍. വന്നയാളെ നിരാശനാക്കി അമ്മ തിരിച്ചയച്ചു എന്നാണ് പിന്നീട് കണ്ടപ്പോള്‍ അദ്ദേഹം എന്നോടു പറഞ്ഞത്. ആ ദേഹം മറ്റാരുമല്ല, എന്റെ സഹപാഠി പ്രസാദിന്റെ അമ്മാവന്റെ മകനാണ്. പേര് രാജേന്ദ്രന്‍. സംഗതി എന്താണെന്നുവെച്ചാല്‍ അടുത്തകാലത്തായി കക്ഷിക്ക് സാഹിത്യത്തിന്റെ ഒരസ്‌കിത അനുഭവപ്പെട്ടുതുടങ്ങിയത്രേ. അതിന്റെ ഭാഗമായി പന്തീരാങ്കാവില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങുന്ന 'കൈരളി' കൈയെഴുത്തുമാസികയുടെ പ്രകാശനം നടത്തണം. ഒരു എഡിറ്റര്‍ മറ്റൊരു എഡിറ്ററോട് ഒരു സഹായമഭ്യര്‍ഥിക്കുമ്പോള്‍ പറ്റില്ലെന്നെങ്ങനെ പറയും!
ശരി, ആയിക്കോട്ടെ എന്ന് ഞാന്‍ പറഞ്ഞു. കാരണം, ഞാന്‍ സാഹിത്യത്തിലേക്കു പ്രവേശിക്കുകയാണല്ലോ. പക്ഷേ, കക്ഷിക്കു ഞാന്‍ മാത്രം പോരാ, 'ഹരിശ്രീ' മാസികയില്‍ എഴുതിയ പ്രശസ്തരാരെങ്കിലും ഉദ്ഘാടനത്തിനു വേണം. സുഗതകുമാരി ടീച്ചര്‍ തിരുവനന്തപുരത്താണ്. ജി. ശങ്കരക്കുറുപ്പ് മരിച്ചും പോയി. ടാഗോറും ചാപ്ലിനുമൊക്കെ എപ്പഴേ സ്ഥലം വിട്ടു. പിന്നെയുള്ള ഓപ്ഷന്‍ പോള്‍ കല്ലാനോടും കുഞ്ഞുണ്ണിമാഷുമാണ്. ഇരുവരും കോഴിക്കോട്ടുള്ളവര്‍. പോള്‍മാഷാണെങ്കില്‍ അന്ന് കോഴിക്കോട്ടെ വേദികളില്‍ കഷായത്തിലെ ചുക്കാണ്. കുഞ്ഞുണ്ണിമാഷിനാണെങ്കില്‍ അത്ര തിരക്കില്ല. അങ്ങനെ നറുക്ക് വീണത് കുഞ്ഞുണ്ണി മാഷിനാണ്.
മാഷ് രസകരമായി പ്രസംഗിക്കും. അതോടൊപ്പം നര്‍മത്തിലും ഉപദേശത്തിലും ചാലിച്ചെടുത്ത വായുഗുളികകണക്കേയുള്ള കവിതകളും ചൊല്ലും. അപ്പോള്‍ സംഗതി തീരുമാനമായി. കുഞ്ഞുണ്ണി മാഷും ഞാനും തമ്മില്‍ നല്ല അടുപ്പമാണെന്നാണ് രാജേന്ദ്രന്‍ ധരിച്ചിരുന്നത്. വീമ്പടിക്കുന്നത് സാഹിത്യത്തിന്റെ ഒരു ഭാഗമാണെന്നു ധരിച്ചുവെച്ചിരുന്നതിനാല്‍ അക്കാര്യത്തില്‍ ഞാനും മോശക്കാരനായില്ല. അങ്ങനെ മാഷെ ക്ഷണിക്കുവാന്‍ ഞങ്ങള്‍ ശ്രീരാമകൃഷ്ണ മിഷന്‍ ആശ്രമം സ്‌കൂളില്‍ എത്തുന്നു. മേശമേല്‍ പുസ്തകങ്ങള്‍, പെന്‍സിലുകള്‍, പാതി വരഞ്ഞ ചിത്രങ്ങള്‍, എഴുതിവെച്ച കുറിപ്പുകള്‍, വെന്തതും വേകാത്തതുമായ കവിതകള്‍, ആഴ്ചപ്പതിപ്പില്‍നിന്നും അയച്ചുകൊടുത്ത ബാലപംക്തി സാഹിത്യങ്ങള്‍, വളപ്പൊട്ടുകള്‍ നിറച്ച ഹോര്‍ലിക്‌സ് കുപ്പികള്‍, കപ്പലണ്ടി നിറച്ച മറ്റൊരു ടിന്‍, അയയില്‍ തൂങ്ങിയാടുന്ന കുപ്പായങ്ങള്‍. ഇതാണ് കുഞ്ഞുണ്ണി മാഷുടെ മുറി.
മാഷിനെ ക്ഷണിക്കാന്‍ ഞാന്‍ എന്റെ കൂട്ടുകാരനായ മുരളിയെക്കൂടെ കൂട്ടി. മുരളി മേനോന്‍ എന്ന പേരില്‍ ഇന്നറിയപ്പെടുന്ന പ്രശസ്ത നടനും ആക്ടിങ് ട്രെയിനറും ഒക്കെയായ അതേ മുരളി മേനോന്‍തന്നെ. അന്ന് അവന്‍ വീട്ടുകാര്‍ക്ക് അപ്പുവും ഞങ്ങള്‍ക്കു വെറും മുരളിയുമായിരുന്നു. അക്കാലത്ത് കോളേജിലുണ്ടായിരുന്ന ആറു കമലഹാസന്മാരില്‍ ഒന്നാമനായിരുന്നു മുരളി. മിമിക്രി, മോണോ ആക്ട് (പ്രത്യേകിച്ച് കമലഹാസന്റെ കൊഞ്ഞുള്ള മലയാള ഡയലോഗുകള്‍ അവന്റെ സ്‌പെഷല്‍ നമ്പറായിരുന്നു), എസ്.എഫ്.ഐ. എന്നിവയിലൂടെ കോളേജു മുഴുവന്‍ അറിയപ്പെടുന്ന മുരളിയും ഞാനും ചേര്‍ന്ന് ഒപ്പിച്ച നിരവധി നാടകങ്ങള്‍ ഒരു പുസ്തകത്തിലേക്കുള്ളതുണ്ട്. പക്ഷേ, ഇതിനോളം വരില്ല മറ്റൊന്നും.
കുട്ടികളായ ഞങ്ങള്‍ വിളിച്ചപ്പോള്‍ പാവം മാഷ് സന്തോഷത്തോടെ വരാമെന്നേറ്റു. ഇനിയാണ് തമാശ. സംഘാടകനായ രാജേന്ദ്രന്‍ കുഞ്ഞുണ്ണി മാഷെ കൊണ്ടുവരാനുള്ള കാര്‍വാടകയിനത്തിലേക്കായി കുറച്ചു പണം ഞങ്ങളെ ഏല്പിച്ചു. അക്കാലത്ത് ഞങ്ങള്‍ക്കു ഭയങ്കര വിശപ്പായിരുന്നുവല്ലോ. അതുകൊണ്ട് അന്നുതന്നെ ഞാനും മുരളിയും കൂടി കല്ലായ് റോഡിലെ കുരുമുളകിട്ട് പാചകം ചെയ്യുന്ന ഒരു പ്രത്യേക മട്ടന്‍ ചാപ്‌സിനു പേരുകേട്ട ഹോട്ടലില്‍നിന്നും മട്ടനും പൊറോട്ടയും മൂക്കറ്റം അടിച്ചുകേറ്റി. എന്നിട്ടും പൈസ ബാക്കി. അപ്പോഴുണ്ട് തൊട്ടടുത്ത പുഷ്പ തിയേറ്ററില്‍ മോഹന്‍ലാല്‍ നിന്ന് ഒച്ചവെക്കുന്നു, മുളമൂട്ടില്‍ അടിമയാണെന്ന് തോന്നുന്നു. ഏതായാലും അത് കണ്ടു കുറെ ചിരിച്ചു. അങ്ങനെ കിട്ടിയ പൈസ എത്രയും പെട്ടെന്ന് പൊലിച്ചു ഞങ്ങള്‍ വീണ്ടും ദരിദ്രരായി: ഹാപ്പിയായി.
സാഹിത്യഭാഷയില്‍ പറഞ്ഞാല്‍ ദിവസങ്ങള്‍ കൊഴിഞ്ഞുവീണു. കൊഴിഞ്ഞുവീണ ദിവസങ്ങള്‍ക്കു മുകളിലൂടെ സഹപാഠി പ്രസാദ് ഒരു ദിവസം കുറച്ചു നോട്ടീസ് കൈയില്‍ത്തന്നു. വായിച്ചു നോക്കിയപ്പോള്‍ സംഗതി കൊള്ളാം. പ്രിയദര്‍ശിനി സ്റ്റഡി സര്‍ക്കിളിന്റെ 'കൈരളി' കൈയെഴുത്തുമാസികയുടെ പ്രകാശനം. മുഖ്യാതിഥി മഹാകവി കുഞ്ഞുണ്ണിമാഷ്. ആശംസാപ്രസംഗം: ജോയ് മാത്യു (എഡിറ്റര്‍ ഹരിശ്രീ മാസിക). കിട്ടിയ നോട്ടീസ് മുഴുവന്‍ കോളേജിലെ പെണ്‍കുട്ടികള്‍ക്ക് ആദ്യവും ശത്രുക്കള്‍ക്കു രണ്ടാമതും ആണ്‍കുട്ടികള്‍ക്ക് അവസാനവും കൊടുത്തു. എന്റെ പേരിനു പിറകിലെ എഡിറ്റര്‍പദവി (സംഗതി കൈയെഴുത്തുമാസികയാണെങ്കിലും) എന്നെ കോരിത്തരിപ്പിച്ചു എന്ന് പറയേണ്ടതില്ലല്ലോ. ഇത്തരം ഒരു കോരിത്തരിപ്പിനു വേണ്ടിയാണല്ലോ പലരും പലതും കാട്ടിക്കൂട്ടുന്നത്. ദിവസങ്ങള്‍ കടന്നുപോയത് ഞങ്ങള്‍ അറിഞ്ഞില്ല. പരിപാടിയുടെ രണ്ടു ദിവസം മുന്‍പ് രാജേന്ദ്രന്‍ വരുന്നു. പരിപാടി കാന്‍സല്‍ ചെയ്തിരിക്കും എന്നു പറയാനായിരിക്കട്ടെ രാജേന്ദ്രന്റെ വരവ് എന്ന് ഞാനും മുരളിയും ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു. പക്ഷേ, സംഗതി സീരിയസ്സാണ്.
പരിപാടിക്ക് ഒരു മാറ്റവുമില്ല. നോട്ടീസും അനൗണ്‍സ്‌മെന്റും മറ്റും ചെയ്തുകഴിഞ്ഞു. വന്‍ ജനക്കൂട്ടം കാത്തുനില്ക്കുകയാണ് എന്നും കുഞ്ഞുണ്ണിമാഷെയും കൂട്ടി കൃത്യസമയത്തുതന്നെ എത്തണം എന്നും രാജേന്ദ്രന്‍. അങ്ങനെ ആ ദിവസവും സമാഗതമായി. ഞാന്‍ മുരളിയോടു ചോദിച്ചു, കുഞ്ഞുണ്ണിമാഷെ കൊണ്ടുപോകേേണ്ട? വേണം എന്ന് അവന്‍. എങ്ങനെ എന്ന് ഞാന്‍? അതെനിക്കറിയില്ല എന്ന് അവന്‍. ഏതായാലും പ്രതാപന്‍ എന്ന അവന്റെ ഒരു സുഹൃത്തുകൂടെ അവനോടൊപ്പം വരാന്‍ റെഡിയായി നില്ക്കുന്നു. അയാള്‍ ഞങ്ങളുടെ കോളേജിലല്ലെങ്കിലും അല്പസ്വല്പ മിമിക്രിക്കച്ചവടമൊക്കെയായി മുരളിയോടൊപ്പം നടക്കുകയാണ്. മനസ്സില്ലാമനസ്സോടെ ഞാന്‍ പ്രതാപനോടും കൂടെ വന്നുകൊള്ളാന്‍ പറഞ്ഞു. ഞങ്ങള്‍ മൂന്നു പേരും കുഞ്ഞുണ്ണിമാഷ് താമസിക്കുന്ന ആശ്രമമുറിയിലെത്തി. മാഷു പറഞ്ഞ സമയത്തുതന്നെ റെഡിയായി നില്ക്കുന്നു. റെഡി എന്നു പറഞ്ഞാല്‍ തന്റെ ഒറ്റമുണ്ടും മുറിക്കൈയന്‍ ഷര്‍ട്ടും തോളില്‍ സഞ്ചിയുമായി നില്ക്കുന്നു എന്നര്‍ഥം.
'എന്നാല്‍ പോവുകല്ലേ,' ഞങ്ങള്‍ മുന്നില്‍ നടന്നു.
മാഷ് ചുറ്റിലും നോക്കി. കാര്‍ വന്നിരിക്കും എന്നായിരിക്കാം മാഷ് ഉദ്ദേശിച്ചത്. സാധാരണ ഇമ്മാതിരി പരിപാടിക്കു പോകുവാന്‍ കാറും തിരിച്ചുവരുമ്പോള്‍ കൈയിലൊരു കവറും പതിവാണല്ലോ. അപ്പോള്‍ മുരളി പറഞ്ഞു: 'നമുക്കു ബസ്സിനു പോകേണ്ടിവരും മാഷേ. ആ വഴിക്കു കാര്‍ പോകില്ല.'
'അതെന്താ, ബസ്സു പോകുമെങ്കില്‍ കാര്‍ പോകില്ലേ?'
'അല്ല, കാറുകാരൊന്നും വരുന്നില്ല.'
'ഓഹോ, റോഡ് മോശമായിരിക്കും അല്ലേ. അങ്ങനെയാണെങ്കില്‍ നമുക്ക് ബസ്സിനു പോകാം' എന്ന് മാഷ്. കാറില്ലെങ്കിലും കവര്‍ ഉണ്ടാകുമെന്ന് മാഷിനറിയാമല്ലോ. മാത്രവുമല്ല, മലയാളസാഹിത്യം എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നേ മാഷിനുള്ളൂ. അങ്ങനെ ഞങ്ങള്‍ ബസ്സില്‍ കയറുന്നു. മാഷു മുന്‍പിലും ഞങ്ങള്‍ പിറകിലുമായായി ഇടംപിടിക്കുന്നു.
കണ്ടക്ടര്‍ ടിക്കറ്റിനായി മാഷെ ആദ്യം സമീപിക്കുന്നു. എഴുത്തിലെന്നപോലെ പണം ചെലവാക്കുന്നതിലും മാഷ് പിശുക്കനാണ് എന്ന അറിവ് ഞങ്ങള്‍ക്കില്ലായിരുന്നു. മാഷ് സ്വാഭാവികമായും പറയേണ്ടതുതന്നെ പറയുന്നു. അതായത് ടിക്കറ്റെടുക്കേണ്ടവര്‍ പുറകിലുണ്ടെന്നു പറയുന്നു. കണ്ടക്ടര്‍ പിറകോട്ടു വരുന്നു.
ഞാന്‍ നോക്കുമ്പോള്‍ മുരളി ഒന്നുമറിയാത്തപോലെ പുറത്തെ കാഴ്ചകള്‍ ആദ്യമായി കാണുന്നവനെപ്പോലെ (എന്നും പോകുന്ന വഴിയാണെന്നോര്‍ക്കണം) പുറത്തേക്ക് നോക്കിനില്ക്കുന്നു. പ്രതാപന്‍ ഞാനെന്തിനു ടിക്കറ്റെടുക്കണം? ഞാന്‍ നിങ്ങളുടെ അതിഥിയല്ലേ എന്ന മട്ടിലും നില്ക്കുന്നു. ഞാന്‍ കണ്ടക്ടറോടു മൂന്നു ടിക്കറ്റ് എന്നു പറയുന്നു. കുഞ്ഞുണ്ണിമാഷെ ചൂണ്ടിക്കാട്ടി പണം ആ മുന്നിലുള്ള ആള്‍ തരുമെന്നു പറയുന്നു. കണ്ടക്ടര്‍ വീണ്ടും മാഷിനെ സമീപിക്കുന്നു. മാഷിന്റെ ആ തിരിഞ്ഞുള്ള നോട്ടം ഞാനിപ്പോഴും ഓര്‍ക്കുന്നു. ഒരു ഒന്നൊന്നര നോട്ടമായിരുന്നു അത്.
അദ്ദേഹം തന്റെ മടിശ്ശീലയില്‍ ഭദ്രമായി വെച്ച പഴയ ഒരു തുകല്‍ പേഴ്‌സ് എടുത്തു തുറന്ന് ചില്ലറ എണ്ണി തിട്ടപ്പെടുത്തി കണ്ടക്ടര്‍ക്കു കൊടുക്കുന്നു. ഹാവൂ, സിറ്റിവരെ എത്താനുള്ള മാര്‍ഗം ക്ലിയറായി. അങ്ങനെ തൂങ്ങിപ്പിടിച്ചു നിന്ന് ഞങ്ങള്‍ സിറ്റിയിലെത്തി. ഇനി അഴിഞ്ഞിലം ഭാഗത്തേക്കുള്ള അടുത്ത ബസ്സു പിടിക്കണം, അപ്പോള്‍ അതിനുള്ള പൈസ? മാഷ് അങ്ങനെയെന്തെങ്കിലും ചോദിക്കുമോ എന്നു ഭയന്ന് ഞങ്ങള്‍ പരസ്പരം പല വര്‍ത്തമാനങ്ങളും പറഞ്ഞു ബിസിയായി കളിച്ചു. പാവം മാഷ്, കണ്ടക്ടര്‍ അരികേ വന്നപ്പോള്‍ ഞങ്ങളെ തിരിഞ്ഞുനോക്കി. ഞങ്ങള്‍ വീണ്ടും ബിസിയായി അഭിനയിച്ചു. വീണ്ടും മാഷ് തന്റെ മടിശ്ശീല - തുകല്‍ പേഴ്‌സ് - ചില്ലറ നാടകം ആവര്‍ത്തിച്ചു. അങ്ങനെ ഞങ്ങള്‍ സാഹിത്യത്തിനുവേണ്ടി തപസ്സനുഷ്ഠിക്കുന്ന പന്തീരാങ്കാവിന്റെ മറുകരയില്‍. അതായത് ചാലിയാറിന്റെ കരയില്‍, അറപ്പുഴക്കടവില്‍ എത്തി (ഇന്നത്തെ കടവ് റിസോട്ട് നില്ക്കുന്ന സ്ഥലം). ഭാഗ്യം, നമ്മുടെ സംഘാടകന്‍ രാജേന്ദ്രന്‍ അവിടെ കാത്തുനിന്നിരുന്നു. കാറില്‍ വന്നിറങ്ങേണ്ടിയിരുന്ന ഞങ്ങള്‍ ബസ്സില്‍ വന്നിറങ്ങിയപ്പോള്‍ അവന്‍ ഞെട്ടി. ഞാന്‍ പറഞ്ഞു: 'മാഷിന് കാര്‍യാത്ര ഇഷ്ടമല്ല.' അപ്പോള്‍ അവന്‍ പറഞ്ഞു: 'അല്ലെങ്കിലും കാര്‍ ഇത്ര ദൂരമേ വരൂ. ഇനി കടത്തു കടന്നു പോകണം.'

അവന്‍ ചൂണ്ടിക്കാണിച്ച ഭാഗത്തേക്കു ഞങ്ങള്‍ നോക്കി. അവിടെ ചാലിയാര്‍പുഴ മലര്‍ന്നൊഴുകുന്നു. നീന്തലറിയാത്ത ഞാനും മുരളിയും പ്രതാപനും മുഖത്തോടുമുഖം നോക്കി. പ്രതാപന്‍ മെല്ലെ മാഷിനോട് ഒരു കോമഡി ചോദിച്ചു: 'മാഷിന് നീന്തലറിയാലോ?'
മാഷ് രൂക്ഷമായി ഒന്നു നോക്കി, 'ഇനി നീന്തിയിട്ടു വേണോ അക്കരെ കടക്കാന്‍?'
വേറെ വഴി ഒന്നുമില്ലാത്തതുകൊണ്ട് ഞങ്ങള്‍ ചിരിച്ചു. തോണി കടവിലടുത്തു. എല്ലാവരും തോണിയില്‍ കയറി. ഇത്തവണ മാഷിനു മടിശ്ശീല അഴിക്കേണ്ടിവന്നില്ല. രാജേന്ദ്രന്‍ തന്നെ കടത്തുകൂലി കൊടുത്തു. അത്രയും ആശ്വാസം. ഇനിയാണ് ക്ലൈമാക്‌സ്.
പരിപാടി നടക്കുന്ന സ്ഥലത്തേക്ക് രാജേന്ദ്രന്‍ ഞങ്ങളെ നയിക്കുന്നു. കൊടല്‍നടക്കാവ് എന്ന അങ്ങാടിയാണ് സ്ഥലം. ആളുകള്‍ പലചരക്കുകടയില്‍നിന്നും പച്ചക്കറിക്കടയില്‍നിന്നുമൊക്കെ സാധനങ്ങള്‍ വാങ്ങിക്കുന്ന തിരക്കിലാണ്. ചിലര്‍ മീനിനു വിലപേശുന്നു. ചിലര്‍ കള്ളുഷാപ്പില്‍നിന്നും നാലുകാലില്‍ ഇറങ്ങിവരുന്നു.
ആ ഭാഗത്ത് അല്പം ഉയര്‍ന്നുനില്ക്കുന്ന ഒരാല്‍ത്തറയാണ് വേദി. അവിടെ ആല്‍മരം ഉണ്ടോ എന്നെനിക്കോര്‍മയില്ല. ഏതായാലും തണല്‍ തരാന്‍ നില്ക്കുന്ന ഒരു തെങ്ങ് അവിടെ നിന്ന് വിയര്‍ക്കുന്നുണ്ടായിരുന്നു. വേദിയില്‍ മൂന്നു കസേരകള്‍, ഒരു മൈക്ക് എന്നിവ റെഡി. പക്ഷേ, ഒറ്റപ്രശ്‌നമേയുള്ളൂ, കാഴ്ചക്കാരുമില്ല കേള്‍വിക്കാരുമില്ല.
രാജേന്ദ്രന്‍ മൈക്കിലൂടെ ഭയങ്കര അനൗണ്‍സ്‌മെന്റ് ആരംഭിച്ചു. മഹാകവി കുഞ്ഞുണ്ണിമാഷ് വന്നിരിക്കുന്നു, പരിപാടി ഉടന്‍ ആരംഭിക്കും, എല്ലാവരും ഇവിടെ ശ്രദ്ധിക്കണം എന്നൊക്കെ. ആരു ശ്രദ്ധിക്കാന്‍! എല്ലാവരും മീനും പച്ചക്കറിയുമൊക്കെ വാങ്ങി വീടണയാനുള്ള തിരക്കിലാണ്. വൈകുന്നേരംവരെ പണിയെടുത്തു തളര്‍ന്ന് വീടണയാന്‍ പോകുന്ന സാധാരണക്കാരോട് നില്ക്കൂ, കേള്‍ക്കൂ, ഇതാ സാഹിത്യം എന്നു പറഞ്ഞാലെങ്ങനെയുണ്ടാവും? ഒടുവില്‍ രാജേന്ദ്രനു പരിചയമുള്ള നാലഞ്ചുപേരെ കാഴ്ചക്കാരായിട്ടു കിട്ടി. അവര്‍ രാജേന്ദ്രന്റെ അപ്പോഴത്തെ അവസ്ഥയില്‍ സിമ്പതി തോന്നി പരിപാടി തീരുന്നതുവരെ നിന്നുകൊള്ളാം എന്ന വാക്കു കൊടുത്തവരെപ്പോലെ തോന്നിച്ചു.
കുഞ്ഞുണ്ണിമാഷ് ആകെ ചുവന്നുതുടുത്തിരുന്നു. ഇത് അദ്ദേഹത്തിനും ഒരു പുതിയ അനുഭവമായിരിക്കാം. രാജേന്ദ്രന്റെ സ്വാഗതപ്രസംഗം കഴിഞ്ഞു. അടുത്ത ഊഴം കുഞ്ഞുണ്ണിമാഷുടേതാണ്. മാഷുടെ ആദ്യവാചകം എനിക്കോര്‍മയുണ്ട്: 'ഇയാള്‍ ഇപ്പറഞ്ഞതുപോലെ ഞാന്‍ ഒരു മഹാകവിയല്ല. വെറും കവിപോലുമല്ല. ഇടയ്ക്ക് കാവിമുണ്ട് ഉടുക്കുന്നതുകൊണ്ട് വേണമെങ്കില്‍ കാവി എന്നു വിളിക്കാം. സ്വന്തം കൈയില്‍നിന്നും മൂന്നു പേര്‍ക്ക് ബസ് ടിക്കറ്റുമെടുത്ത് ഈ ആളില്ലാരാജ്യത്തു വന്ന് സ്വന്തം കവിത പാടിക്കേള്‍പ്പിക്കുന്നവന്‍ കവിയല്ല, കഞ്ഞിയാണ്. ആ കടയില്‍ ഇവിടുള്ളതിനെക്കാള്‍ ആളുണ്ട്, അപ്പൊ നിങ്ങള്‍ക്കിത്രയൊക്കെ മതി' എന്നും പറഞ്ഞ് തന്റെ കസേരയില്‍പ്പോയി ഇരുന്നു.
സംഘാടകന്‍ രാജേന്ദ്രന്‍ ആകെ പരിഭ്രാന്തനായി. ആകെ വീണുകിട്ടിയ ശ്രോതാക്കളും അന്തംവിട്ടു നില്പാണ്. രാജേന്ദ്രന്‍ കണ്ണുകൊണ്ട് പൈസ ഞാന്‍ തന്നിരുന്നല്ലോ പിന്നെന്താ ഇങ്ങനെ പറയുന്നത്, അതും മൈക്കിലൂടെ എന്ന് യാചനാഭാവത്തില്‍ എന്നോടു ചോദിച്ചു. അത് കാര്യമാക്കണ്ട എന്നു ഞാനും തിരിച്ചു കണ്ണുകളാല്‍ സന്ദേശമയച്ചു. അപ്പോഴേക്കും മാഷ് കൈയെഴുത്തുമാസിക നിര്‍ദാക്ഷിണ്യം പ്രകാശനം ചെയ്തുകഴിഞ്ഞിരുന്നു. ഒരു മണിക്കൂറെങ്കിലും സാഹിത്യത്താല്‍ ജനങ്ങളെ ബോധവത്കരിക്കേണ്ട കുഞ്ഞുണ്ണിമാഷ് പൊടുന്നനേ പരിപാടി അവസാനിപ്പിച്ചു. ഇനിയെന്ത് എന്ന മട്ടില്‍ രാജേന്ദ്രന്‍ എന്നെ കരച്ചിലിന്റെ വക്കില്‍നിന്ന് നോക്കുന്നു, നില്ക്കുന്നു.
അപ്പോള്‍ എന്നിലെ ട്യൂബ്‌ലൈറ്റ് വീണ്ടും കത്തി. ഞാന്‍ മുരളിയോട് അവന്റെ മിമിക്രി ഐറ്റംസ് എന്തെങ്കിലും കാണിക്കുവാന്‍ പറഞ്ഞു. അന്ന് ഇന്നത്തെപ്പോലെ മിമിക്രി അത്ര സജീവമായിരുന്നില്ല: പ്രത്യേകിച്ചും മലബാറില്‍. മിമിക്രിയും ആബേലച്ചനുമൊക്കെ അങ്ങു കൊച്ചിയില്‍ മുളച്ചുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. മലബാറില്‍ അക്കാലത്ത് അറിയപ്പെടുന്ന മിമിക്രി കലാകാരന്‍ കെ.എസ്.എന്‍. രാജിന്റെ കൂടെ നടന്ന് അടിച്ചെടുത്ത, കോളേജിലെ പെണ്‍കുട്ടികളെ വളയ്ക്കാനുള്ള ചില നമ്പറുകളേ മുരളിയുടെ കൈവശമുള്ളൂ എന്നെനിക്കറിയാമെങ്കിലും തത്കാലം ആളെക്കൂട്ടാന്‍ അതു മതിയാകും എന്നെനിക്കു തോന്നി.
മുരളി മൈക്ക് തന്റെ ഉയരത്തിലേക്ക് അഡ്ജസ്റ്റ് ചെയ്തു. തുടര്‍ന്ന് കണ്ഠശുദ്ധി ശരിയാക്കുന്നതിന്റെ ഭാഗമായി 'ഹാലോ ഹാലോ' എന്നുള്ള ആദ്യ അഭ്യാസം ആരംഭിച്ചു. പാവം കുഞ്ഞുണ്ണി മാഷ്, എന്താണിവര്‍ കാണിക്കുന്നതെന്നറിയാതെ മിഴിച്ചുനോക്കി. മുരളി തന്റെ സര്‍ഗപാടവം പ്രകടിപ്പിച്ചുതുടങ്ങി. ഒരു അള്‍സേഷ്യന്‍ പട്ടിയുടെ കുരയായിരുന്നു ആദ്യ ഇനം. പൊടുന്നനേ മൈക്കിലൂടെ അലറിയെത്തിയ അള്‍സേഷ്യന്റെ കുര കേട്ട് അങ്ങാടിയിലെ ജനം അന്തംവിട്ടു. തിരിച്ചുപോകുന്നവര്‍ തിരിഞ്ഞുനിന്നു. പട്ടിയുടെ കുര, ആനയുടെ ചിന്നംവിളി, പൂച്ചയുടെ ചിണുങ്ങല്‍ തുടങ്ങി ലോകത്തുള്ളതും ഇല്ലാത്തതുമായ എല്ലാ പക്ഷിമൃഗാദികളെയും മുരളി കൊടല്‍ അങ്ങാടിയിലിറക്കി. കടയില്‍ സാധനം വാങ്ങിക്കാന്‍ വന്നവര്‍ വന്ന കാര്യം മറന്നു. ഞങ്ങളുടെ വേദിക്കു മുന്നില്‍ വട്ടംകൂടി. മുരളി ക്ഷീണിച്ചുതുടങ്ങിയപ്പോള്‍ പ്രതാപന്‍ മൈക്കു പിടിച്ചെടുത്തു. അവന്റെ കണ്ഠത്തിലൂടെ ഇംഗ്ലീഷ് സിനിമയുടെ ട്രെയിലറും കുതിരയോട്ടവും തീവണ്ടിയും വിമാനവും ഒക്കെ പുറത്തേക്കിറങ്ങിയോടി. പൊറോട്ടയും മട്ടണും വാങ്ങിക്കൊടുത്തത് ഇപ്പോഴാണ് മുതലായത് എന്ന് ഞാന്‍ അകമേ പറഞ്ഞു.
സംഘാടകന്‍ രാജേന്ദ്രന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ശ്രോതാക്കളെത്തി. എങ്ങനെയുണ്ട് എന്ന മട്ടില്‍ ഞാന്‍ രാജേന്ദ്രനെ കണ്ണുകാണിച്ചു. നന്ദി പറഞ്ഞു പരിപാടി അവസാനിക്കാന്‍ വെമ്പിനിന്നിരുന്ന രാജേന്ദ്രനെത്തടഞ്ഞ് കുഞ്ഞുണ്ണിമാഷ് വീണ്ടും മൈക്കിനടുത്തെത്തി. ഇനി എന്താണാവോ മാഷ് പൊട്ടിക്കാന്‍ പോകുന്നതെന്ന ഭീതിയില്‍ ഞങ്ങള്‍ ഇരുന്നു. 'ഇവിടെ ഇവരു കാണിച്ച വിദ്യ എന്താണെന്നെനിക്കൊരു നിശ്ചയവുമില്ല. ഒരു കാര്യം ബോധ്യമായി. എന്നെ ക്ഷണിച്ച പരിപാടിക്ക് എന്റെ പോക്കറ്റില്‍നിന്നും എനിക്കും ഇവന്മാര്‍ക്കും പൈസ ചെലവാക്കി ബസ് ടിക്കറ്റെടുത്ത് ഞാന്‍ പങ്കെടുക്കുന്ന ആദ്യത്തെ പരിപാടിയാണിത്. ഇവിടെ കവിതയൊന്നും ആവശ്യമില്ല. ഇക്കാണിച്ച അപശബ്ദങ്ങളൊക്കെ ധാരാളം.'
ശ്രോതാക്കള്‍ ചെറുതായൊന്നു അമ്പരന്നു. രാജേന്ദ്രന്‍ അതിലേറെ അമ്പരന്നു. സ്വന്തം നാട്ടുകാരുടെ മുന്‍പില്‍ അപമാനിതനായല്ലോ എന്ന ഒരു ഭാവം അയാളുടെ മുഖത്തു മിന്നിമറഞ്ഞു. കാറില്‍ വരാനുള്ള പൈസ തന്നിരുന്നതല്ലേ എന്ന് എന്നോടു ചെവിട്ടില്‍ ചോദിച്ചു. ഞാന്‍ കേള്‍ക്കാത്ത മട്ടില്‍ ഇരുന്നു. കാരണം, അത് അയാളുടെ അഭിമാനപ്രശ്‌നമാണല്ലോ. കുഞ്ഞുണ്ണിമാഷ് തുടരുകയാണ്, 'അതിനാല്‍ ഞാന്‍ അധികമൊന്നും പറയുന്നില്ല. ഇവിടെയിരുന്നപ്പോള്‍ തോന്നിയ ഒരു കവിത ചൊല്ലി അവസാനിപ്പിക്കാം' എന്നു പറഞ്ഞ് രണ്ടു വരി കവിത ചൊല്ലി അവസാനിപ്പിച്ചു. എനിക്കും രാജേന്ദ്രനും ശ്വാസം നേരേ വീണു.
രാജേന്ദ്രന്റെ നന്ദിപ്രകടനമാണ് അവസാന ഇനം. അത് ഒരു പ്രകടനംതന്നെയായിപ്പോയി. 'കുഞ്ഞുണ്ണിമാഷ് ക്ഷമിക്കണം. മാഷെ കാറില്‍ കൊണ്ടുവരാനുള്ള പൈസ ഞാനാദ്യമേ ഇവരെ ഏല്പിച്ചിരുന്നു.' (പുതിയ ഒരു വിവരം ലഭിച്ച മാഷുടെ നോട്ടം എന്റെയും മുരളിയുടെയും മുഖത്തേക്ക്. ഞങ്ങളുടെ നോട്ടം അനന്തവിദൂരതയിലേക്ക്.) അങ്ങനെ വേദിയില്‍വെച്ചുതന്നെ ക്രൂശിതരായ കള്ളന്മാരെപ്പോലെ ഞങ്ങള്‍.
കുഞ്ഞുണ്ണിമാഷെ തിരികെ അദ്ദേഹത്തിന്റെ ആശ്രമമുറിയില്‍ കൊണ്ടുചെന്നാക്കുന്നതുവരെ അദ്ദേഹം ഒന്നും മിണ്ടിയില്ല. രാജേന്ദ്രന്‍ മാഷിന് ഒരു കവര്‍ നീട്ടി. പിശുക്കന്‍ എന്ന ഞങ്ങളുടെ ധാരണ തെറ്റിച്ചുകൊണ്ട് മാഷ് ആ കവര്‍ രാജേന്ദ്രനെത്തന്നെ ഏല്പിച്ചുകൊണ്ട് പറഞ്ഞു:
'ഞാനതിന് പ്രത്യേകിച്ച് ജോലിയൊന്നും ചെയ്തില്ലല്ലോ, പണിയെടുത്ത് തളര്‍ന്നത് ഇവരല്ലേ. അതവര്‍ക്കു കൊടുത്തേക്കൂ.' മാഷ് തന്റെ മുറിയിലേക്ക് കയറിപ്പോയി. സ്വാഭാവികമായും ആ പണം അടുത്ത ഹോട്ടലില്‍ കൊടുപ്പിച്ച് ഞങ്ങള്‍ വീണ്ടും കൃതാര്‍ഥരായി. കാരണം, പന്തീരാങ്കാവിലെ ജനങ്ങള്‍ക്ക് ആദ്യമായി മിമിക്രി പരിചയപ്പെടുത്താന്‍ കഴിഞ്ഞതിലുള്ള സന്തോഷം ചില്ലറയല്ലല്ലോ.
വര്‍ഷങ്ങള്‍ കഴിഞ്ഞു, ഞാന്‍ മാഷിന്റെ ആശ്രമത്തിനടുത്തുള്ള ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബിരുദത്തിനു ചേര്‍ന്നു. എന്റെ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നായി പിന്നീട് അവിടം മാറി. കവിതയില്‍ കമ്പമുള്ള ഞാന്‍ പിന്നെ മാഷിനോടൊപ്പം കടമ്മനിട്ടയുടെയും ചുള്ളിക്കാടിന്റെയുമൊക്കെ കവിതകള്‍ നിരവധി വേദികളില്‍ ആലപിച്ച് കവിതയെഴുതാതെ കവിയായിട്ടുമുണ്ട്. മാഷുടെ മുറിയില്‍വെച്ച് കവിതയും ചിത്രങ്ങളും നാടകവും എല്ലാം ചര്‍ച്ചയ്ക്കു വിഷയമാവും. അതിലേറ്റവും രസകരം ജോണ്‍ അബ്രഹാമിനെക്കുറിച്ചുള്ള കഥയാണ്. ജോണിന്റെ അവതാരകഥകള്‍ കാറ്റിനെക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന കാലം. ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തട്ടിക്കൂട്ടിയ പ്രതികരണവേദി എന്ന സംഘടന (അക്കാലത്തെ പതിവുകളിലൊന്ന് സംഘടനയുടെ പേരിനൊപ്പം വേദി എന്ന വാലു ചേര്‍ക്കുകയാണ്) ആയിടെ ജോണിനെ ഞങ്ങളുടെ കോളേജില്‍ സിനിമയെക്കുറിച്ച് സംസാരിക്കുവാന്‍ ക്ഷണിക്കുന്നു.
വിളിക്കേണ്ട താമസം, ജോണ്‍ റെഡി. ജോണ്‍ വരുമ്പോഴേ ഫിറ്റ്.
സംസാരിക്കുമ്പോള്‍ പിന്നെയും ഫിറ്റ്.
തിരിച്ചുപോകുമ്പോള്‍ അതിലേറെ ഫിറ്റ്.
അതായിരുന്നു ജോണ്‍ വരവും പോക്കും എന്ന ദിവസം. പരിപാടി കഴിഞ്ഞ് ജോണിനെ തിരിച്ച് എവിടെ കൊണ്ടുചെന്നാക്കും എന്ന് ഞങ്ങള്‍ക്കൊരു പിടിയുമില്ല. വന്നത് എവിടെന്നാണെന്ന് അറിഞ്ഞെങ്കിലല്ലേ തിരിച്ച് അവിടേക്കുതന്നെ അയയ്ക്കാനാകൂ. എങ്ങോട്ടു പോകണമെന്നത് ജോണിനും അറിയില്ല. വീണ്ടും ട്യൂബ്‌ലൈറ്റ്. കുഞ്ഞുണ്ണിമാഷ് താമസിക്കുന്ന ആശ്രമം അടുത്താണല്ലോ. മാഷ് ജോണിനെക്കുറിച്ച് കേട്ട അന്നുമുതല്‍ ജോണിനെ കാണണമെന്നൊരു മോഹം പറഞ്ഞിരുന്നു. എന്നാല്‍ അങ്ങോട്ടുതന്നെയാക്കാം. കവി ടി. ഗുഹന്‍ എന്നയാളുടെ രൂപത്തിലാണ് ഭാഗ്യം അപ്പോള്‍ അവതരിച്ചത് (വേലായുധന്‍ എന്ന് വീട്ടുകാരും ടി. ഗുഹന്‍ എന്ന് സ്വയമേയും വിളിക്കുകയും ആ പേരില്‍ കവിതയെഴുതുകയും ചെയ്തിരുന്ന ഇയാള്‍ പിന്നീട് തീവണ്ടിക്കു മുന്‍പില്‍ സ്വന്തം ശിരസ്സു ബലികൊടുത്ത് അരങ്ങൊഴിഞ്ഞത് മറ്റൊരു ദുഃഖം). ഒരു ഓട്ടോ പിടിച്ച് ഗുഹനോടൊപ്പം ജോണിനെ കുഞ്ഞുണ്ണിമാഷ് സവിധത്തിലേക്ക് യാത്രയാക്കുന്നു. മഹാ സാത്ത്വികനായ മാഷിന് അരാജകവാദത്തിന്റെ ചക്രവര്‍ത്തി ജോണ്‍ അസഹ്യമായ ഒരനുഭമായിരുന്നത്രേ.
പിന്നീട് മാഷ് അതേക്കുറിച്ചൊരു കവിതയെഴുതി, അതിങ്ങനെയാണ്:
"ജോണ്‍ അബ്രഹാം
കേട്ടപ്പോള്‍ കാണണമെന്നു തോന്നി
കണ്ടപ്പൊഴോ ഇനി കാണേണ്ടെന്നും തോന്നി."
ജോണ്‍ അബ്രഹാം എന്ന വ്യക്തിയെപ്പറ്റി ഇതില്‍ക്കൂടുതല്‍ ഒരു വിശേഷണം സാധ്യമല്ലതന്നെ.
പിന്നീട് ഞാന്‍ വിദ്യാഭ്യാസപര്‍വം, വിപ്ലവപര്‍വം തുടങ്ങിയ പര്‍വതങ്ങള്‍ കടന്ന് ബോധി എന്നൊരു പുസ്തകപ്രസാധനസംരംഭം ആരംഭിച്ചപ്പോള്‍ മാഷിന്റെ ഒരു പുസ്തകം ആവശ്യപ്പെട്ടു. ഉടന്‍തന്നെ 'ഊണുതൊട്ട് ഉറക്കംവരെ' എന്ന പുസ്തകം അച്ചടിക്കാന്‍ തന്നു. ബോധി പിന്നീട് കടം കയറി കടലെടുത്തപ്പോള്‍ ഞാന്‍ ഗള്‍ഫിലേക്കു നാടുവിട്ടു പോകുന്നതിനു മുന്‍പ് മാഷിനു കൊടുക്കാനുള്ള റോയല്‍റ്റി തുകയെക്കുറിച്ചും അത് ഉടന്‍ തന്നു തീര്‍ക്കുന്നതിനെക്കുറിച്ചും എഴുതി. അതിനു മറുപടിയായി മാഷ് ഇങ്ങനെ എഴുതി:
'എനിക്കു തരാനുള്ള കാശിനെയോര്‍ത്ത് താന്‍ വിഷമിക്കേണ്ട. തനിക്കു ഭാര്യയും കുഞ്ഞുങ്ങളും ഉണ്ട്. ആദ്യം അവരുടെ കാര്യം നോക്കൂ, അതിനിടയില്‍ നാടകവും എഴുത്തും മുടക്കാതെ നോക്കുക.'
വാക്കുകളും പണവും ചെലവാക്കുന്നതില്‍ പിശുക്കുള്ള എഴുത്തുകാരന്റെ ധൂര്‍ത്തസ്‌നേഹം തുളുമ്പുന്ന എഴുത്ത് എന്റെ രഹസ്യസന്തോഷങ്ങളിലെവിടെയോ ചിതലരിക്കാതെ ഇരിപ്പുണ്ട്. ഗള്‍ഫില്‍വെച്ചാണ് മാഷിന്റെ മരണം ഞാന്‍ അറിയുന്നത്. (എന്തൊരു വിരോധാഭാസം. അവിടെയും ഞാന്‍ ഒരു മാസികയുടെ എഡിറ്റര്‍!)
കുഞ്ഞുണ്ണിമാഷെക്കുറിച്ചായിരുന്നു ആ ലക്കത്തിലെ എന്റെ എഡിറ്റോറിയല്‍. ഷാര്‍ജയിലെ മാസ് എന്ന സംഘടന മാഷിന്റെ ഒരു അനുസ്മരണപരിപാടി വെക്കുകയും അതില്‍ സംസാരിക്കാന്‍ എന്നെ വിളിക്കുകയും ചെയ്തു. അതറിഞ്ഞ ഷാര്‍ജയില്‍ത്തന്നെയുള്ള ഒരു കവി (പേരു ചോദിക്കരുത്) എന്നോട് ഒരു കാരണവശാലും അതില്‍ പങ്കെടുക്കരുതെന്ന് വിളിച്ചുപറഞ്ഞു. സംഘാടകര്‍ മറുവശത്തുനിന്നും വിളിക്കുന്നു. ഇയാള്‍ വേണ്ടെന്നും പറയുന്നു... ഏതായാലും 'പിന്നോട്ട് മടക്കും കാലുകൊണ്ടല്ലോ മുന്നോട്ടു നടക്കുന്നൂ മനുഷ്യന്‍' എന്നെഴുതിയ കുഞ്ഞുണ്ണിമാഷെ വിചാരിച്ച് ഞാന്‍ എന്റെ കാല്‍ മുന്നോട്ടുതന്നെ വെച്ചു.
അപ്പോഴല്ലേ എന്നെ ഞെട്ടിച്ച സംഭവം. എന്നോടു പങ്കെടുക്കരുത് എന്നു പറഞ്ഞ ആള്‍ അതാ വേദിയില്‍ അധ്യക്ഷപദം പൂകി പുളകിതനായി ഇരിക്കുന്നു. എന്നെ കണ്ടപ്പോള്‍ യാതൊരു ചമ്മലും അയാള്‍ കാണിച്ചില്ല. എനിക്കിപ്പോഴും മനസ്സിലാകാത്ത രഹസ്യമാണത്. ബോധി ബുക്‌സ് കുഞ്ഞുണ്ണിമാഷുടെ പുസ്തകം അടിച്ച വകയില്‍ പന്ത്രണ്ടായിരം രൂപ റോയല്‍റ്റി ഇനത്തില്‍ കൊടുക്കാനുണ്ട്. ഏതെങ്കിലും സംഘടന മാഷിന്റെ സ്മരണാര്‍ഥം കുട്ടികള്‍ക്കു സ്‌കോളര്‍ഷിപ്പായോ മറ്റോ കൊടുക്കാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ഞാനിതാ ആ പന്ത്രണ്ടായിരം രൂപ കൊടുക്കാന്‍ തയ്യാറാണെന്ന് അവിടെവെച്ച് പറഞ്ഞുവെങ്കിലും ഇതുവരെ ഒരു സംഘടനയും മുന്നോട്ടു വന്നിട്ടില്ല. അതേ കാര്യം ഞാന്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു.
മലയാളസാഹിത്യത്തിലെ ഈ ഒറ്റയാള്‍നന്മ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു ജന്മമാണ്. ജന്മം എന്നാല്‍ ജെം എന്നാണ് അര്‍ഥമെങ്കില്‍ കുഞ്ഞുണ്ണിമാഷ് ഒരു ജെംതന്നെയാണ്. കൊടുത്തുതീരാത്ത കടങ്ങളിലൊന്നായി ഈ പന്ത്രണ്ടായിരം എന്റെ കൈയില്‍ ഇപ്പോഴുമിരിക്കുന്നു. ഇനി ഇതിനു പരിഹാരമായി എന്റെ തലയില്‍ മിന്നുവാന്‍ കാത്തിരിക്കുന്ന ട്യൂബ്‌ലൈറ്റ് ഏതായിരിക്കും?
സങ്കടകരമായ ഒരു ഓര്‍മകൂടി ഇതോടൊപ്പം പങ്കുവെക്കട്ടെ:
മുരളിയോടൊപ്പം മിമിക്രി കാണിച്ച പ്രതാപന്‍ പിന്നീട് അത്തരം പരിപാടികളോടൊക്കെ വിടപറഞ്ഞ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ജീവനക്കാരനായി. പിന്നീട് കാണുമ്പോള്‍ തത്ത്വചിന്താപരമായ വിഷയങ്ങളെ സംബന്ധിച്ച് സംസാരിക്കുമായിരുന്നു. ഒടുവില്‍ ഒരു തത്ത്വചിന്തയ്ക്കും തന്നെ രക്ഷിക്കാനാവില്ലെന്ന തിരിച്ചറിവില്‍ സ്വയം ജീവിതം അവസാനിച്ചത് വിങ്ങുന്ന ഓര്‍മയാണിപ്പോഴും.
Content Highlights: Joy Mathew shares memories of Kunjunni Mash in Book excerpt
Published: 10 May 2024, 01:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented