
എം.എന്‍. കാരശ്ശേരിയുടെ ഏറ്റവും പുതിയ പുസ്തകമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ജനാധിപത്യം എന്ന കൂട്ടക്ഷരം'. പ്രസ്തുത കൃതിയിലെ 'അടിയന്തരാവസ്ഥയുടെ പാഠം' എന്ന ഭാഗം വായിക്കാം...
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ജീര്‍ണതകളില്‍ പ്രധാനമാണ് വ്യക്തിപൂജയും വൃദ്ധപൂജയും. 'മക്കള്‍ രാഷ്ട്രീയം' ഇപ്പറഞ്ഞതിന്റെ ഉത്പന്നം മാത്രമാണ്. ഈ പ്രവണതയുടെ വേര് ജാതിയിലാണ്. മൂവായിരം കൊല്ലമായി ഇന്ത്യന്‍ മനസ്സിനെ ഭരിച്ചുപോരുന്ന സാമൂഹ്യപ്രതിഭാസമാണത്. അതിന്റെ അടിസ്ഥാനം എല്ലാറ്റിനെയും നിര്‍ണയിക്കുന്നത് ജന്മം ആണ് എന്ന പിന്തിരിപ്പന്‍ ധാരണയാണ്. വിധിവിശ്വാസത്തിന്റെ മറ്റൊരു പേരാണത്. എല്ലാം മുന്‍കൂട്ടി ആരോ നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നു: അല്ലെങ്കില്‍ ദരിദ്രകുടുംബത്തില്‍, 'നീച'ജാതിയില്‍ വന്നു പിറക്കുമായിരുന്നില്ല എന്ന 'യുക്തി' (!) തന്നെ. മനുഷ്യരുടെ ബുദ്ധിവൈഭവത്തിനോ ജ്ഞാനസമ്പാദനത്തിനോ കര്‍മശേഷിക്കോ ഇച്ഛാശക്തിക്കോ ഭാവനാവ്യാപാരത്തിനോ ആസൂത്രണസാമര്‍ഥ്യത്തിനോ യാതൊരു പ്രസക്തിയുമില്ല. കഴിഞ്ഞുപോയ ജന്മങ്ങളില്‍ ചെയ്തുകൂട്ടിയ പാപകര്‍മങ്ങളുടെ ദുഷ്ഫലമാണ് ഈ ജന്മത്തിലെ ദാരിദ്ര്യത്തിനും പിന്നാക്കാവസ്ഥയ്ക്കും കാരണം!
ജനതയുടെ കര്‍മധീരതയെ പിന്നോട്ടുവലിക്കുന്ന ഈ ജന്മാന്തരസങ്കല്പമാണ് ഇന്ത്യന്‍ മനസ്സിനെ എന്നും നിര്‍വീര്യമാക്കിപ്പോന്നിട്ടുള്ളത്. അല്ലെങ്കില്‍ ഒരു നാട്ടിലെ മഹാഭൂരിപക്ഷം ജനങ്ങള്‍ ജാതിപോലൊരു മനുഷ്യത്വവിരുദ്ധതയെ ആയിരത്താണ്ടുകള്‍ സഹിച്ചുപോരുമോ? ഈ നിര്‍ജ്ജീവതയ്‌ക്കെതിരായ പോരാട്ടം കൂടിയായിരുന്നു നമ്മുടെ ദേശീയപ്രസ്ഥാനം. അതു ബ്രിട്ടീഷുകാര്‍ക്കെതിരായിട്ടെന്നപോലെ, അയിത്തത്തിനും ആണധികാരത്തിനും പൗരോഹിത്യത്തിനും ജാതിവിവേചനത്തിനും സാമ്പത്തികചൂഷണത്തിനും എല്ലാം എതിരായി പൊരുതി. സാമുദായികപരിഷ്‌കരണം, സാമൂഹ്യനവോത്ഥാനം, ജനാധിപത്യസ്ഥാപനം, സാക്ഷരതാപ്രചാരണം, അനാചാരനിരാസം തുടങ്ങി നാനാമുഖങ്ങളുള്ള ഒരു മഹാപ്രസ്ഥാനമായിരുന്നു ഇന്ത്യയിലെ സ്വാതന്ത്ര്യസമരം-നമുക്ക് പുറത്തുനിന്ന് വന്നവരോട് എന്നപോലെ അകത്ത് കുടിപാര്‍ക്കുന്നവരോടും അടരാടേണ്ടതുണ്ടായിരുന്നു. ഇരട്ടമുഖമുള്ള ഈ മുന്നേറ്റത്തിന്റെ പ്രതിരൂപമായിരുന്നു ഗാന്ധി.
ജനാധിപത്യസ്ഥാപനത്തോടെ യുക്തിയുടെയും ശാസ്ത്രീയബോധത്തിന്റെയും ആധുനികതയുടെയും ആസൂത്രണത്തിന്റെയും മതേതരത്വത്തിന്റെയും വഴിക്കാണ് രാഷ്ട്രം പുരോഗമിക്കേണ്ടത് എന്ന തെളിഞ്ഞ കാഴ്ചപ്പാടുള്ള ഉന്നതശീര്‍ഷരായ ചില നേതാക്കന്മാര്‍ അക്കാലത്തുണ്ടായിരുന്നു. ഈ രണ്ടാം പോരാട്ടത്തിന്റെ പ്രതിരൂപമായിരുന്നു 17 കൊല്ലം പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു. സ്വാതന്ത്ര്യലാഭത്തിന്റെ കാല്‍നൂറ്റാണ്ട് പിന്നിടുമ്പോഴേക്ക്, നിര്‍ഭാഗ്യവശാല്‍ കാര്യങ്ങള്‍ മോശമാവാന്‍ തുടങ്ങി. അധികാരാസക്തി, അഴിമതി, സ്വജനപക്ഷപാതം, കെടുകാര്യസ്ഥത തുടങ്ങിയ ജീര്‍ണതകള്‍ കൊണ്ട് നമ്മുടെ ജനാധിപത്യം കെട്ടളിയാന്‍ തുടങ്ങി. ഇതിന്റെ പ്രതിരൂപമായിരുന്നു ഇന്ദിരാഗാന്ധി.
ഇന്ദിരാഭരണത്തിന്റെ പ്രധാനപ്പെട്ട അടയാളക്കല്ല് അടിയന്തരാവസ്ഥ (1975-1977)യാണ്. ബ്രിട്ടീഷുകാരുടെ കാലത്തെക്കാള്‍ മോശമായ രാഷ്ട്രീയ കാലാസ്ഥയാണ് അത് സൃഷ്ടിച്ചത്. ജയപ്രകാശ് നാരായണ്‍ (1902-1979), മൊറാര്‍ജി ദേശായി (1896-1995) തുടങ്ങിയ പ്രതിപക്ഷനേതാക്കന്മാരെയെല്ലാം ജയിലിലടച്ചും മാധ്യമ സ്ഥാപനങ്ങള്‍ക്കെല്ലാം സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയും പൗരാവകാശങ്ങളെല്ലാം വെട്ടിക്കുറച്ചും ഇന്ദിര വാഴ്ചകൊണ്ടു.
ഈ ഏകാധിപത്യത്തിനെതിരായ ചെറുത്തുനില്പിലൂടെയാണ് സത്യത്തില്‍ ഹിന്ദുത്വരാഷ്ട്രീയം ശക്തി സംഭരിച്ചത്. ബ്രിട്ടീഷുകാര്‍ സ്ഥലം വിടുമ്പോള്‍ ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാക്കിത്തീര്‍ക്കണം എന്ന ആശയവുമായി ഹിന്ദുമഹാസഭ (1915)യും രാഷ്ട്രീയ സ്വയം സേവകും (ആര്‍.എസ്.എസ്:1925) നേരത്തേ പ്രവര്‍ത്തനമാരംഭിച്ചിരുന്നുവെങ്കിലും അതൊന്നും ക്ലച്ചു പിടിച്ചിരുന്നില്ല. മുസ്ലിം ലീഗ് നേതാവ് മുഹമ്മദലി ജിന്നയുടെ (1876-1948) ഇരട്ട രാഷ്ട്രവാദ(1940)മോ, പാകിസ്താന്റെ പിറവി (1947) പോലുമോ അതിന് കരുത്തുപകര്‍ന്നില്ല. ഇന്ത്യ ഹിന്ദുരാഷ്ട്രമാകാതെ, മതേതരരാഷ്ട്രമായതിന് പ്രധാന കാരണക്കാരനായിത്തീര്‍ന്നതുകൊണ്ടാണ് ഗാന്ധിയെ 'ഹിന്ദുരാഷ്ട്ര'യുടെ പത്രാധിപര്‍ നാഥുറാം ഗോഡ്‌സെ വെടിവെച്ചു കൊന്നത് (1948).

ജീവിച്ചിരിക്കുന്ന ഗാന്ധിയെക്കാള്‍ കരുത്ത് രക്തസാക്ഷിയായിത്തീര്‍ന്ന ഗാന്ധിക്കുണ്ടെന്ന് ഹിന്ദുരാഷ്ട്രവാദികള്‍ അനുഭവിച്ചറിഞ്ഞു. ഗാന്ധിയുടെ കൊലയാളികള്‍ എന്ന ദുഷ്‌പേരിന്റെ ഭാരം ചില്ലറയായിരുന്നില്ല. ഹിന്ദുത്വവാദം എപ്പോഴും എവിടെയും പ്രതിരോധത്തിലായിരുന്നു. ഗാന്ധിവധം നടത്തുമ്പോള്‍ ഗോഡ്‌സെ ഹിന്ദുമഹാസഭയിലോ ആര്‍.എസ്.എസ്സിലോ അംഗമല്ല എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് അവര്‍ വശംകെട്ടുപോയി. ഗോഡ്‌സെ ഹിന്ദുരാഷ്ട്രവാദിയായിരുന്നു എന്ന കാര്യത്തില്‍ ആരും തര്‍ക്കിക്കുകയില്ല. ഹിന്ദുരാഷ്ട്രസ്ഥാപനത്തിന്റെ വഴിമുടക്കുന്നതിനാലാണ് ഗാന്ധിയെ കൊന്നത് എന്ന് ആ കൊലയാളി കോടതിയില്‍ കൊടുത്ത മൊഴി ചരിത്രരേഖയാണ്.
ഹിന്ദുരാഷ്ട്രവാദത്തിന്റെ പുനരുജ്ജീവനത്തിന് വഴിയൊരുക്കിയത് അടിയന്തരാവസ്ഥയാണ്. അതിനു തൊട്ടുമുമ്പ് ബിഹാര്‍ കേന്ദ്രമാക്കി സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണ്‍ ആരംഭിച്ച അഴിമതിവിരുദ്ധസമരം (1974) സമ്പൂര്‍ണവിപ്ലവം (1975) ആയി മുതിരുന്നത് അലഹാബാദ് ഹൈക്കോടതിവിധി (12 ജൂണ്‍ 1975)യെ മാനിച്ച് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജിവെക്കാന്‍ വിസമ്മതിച്ചതോടെയാണ്.
ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍നിന്ന് ഇന്ദിര വിജയിച്ച തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തു എന്ന് കണ്ടെത്തിയ കോടതി അവരുടെ തിരഞ്ഞെടുപ്പുഫലം അസാധുവാക്കുകയും ആറ് കൊല്ലക്കാലത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അവരെ വിലക്കുകയും ചെയ്തിരുന്നു. ഈ വിധിയെ പ്രധാനമന്ത്രി നേരിട്ടത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു(25 ജൂണ്‍ 1975)കൊണ്ടാണ്.
അടിയന്തരാവസ്ഥയ്‌ക്കെതിരായി കമ്യൂണിസ്റ്റുകാരടക്കമുള്ള പ്രതിപക്ഷകക്ഷികളെല്ലാം പല തലത്തില്‍, പല തരത്തില്‍ പോരാടിയിരുന്നെങ്കിലും ഏറ്റവും ശക്തമായിരുന്നത് ആര്‍.എസ്.എസ്സുകാരുടെ ഒളിപ്രവര്‍ത്തനങ്ങളാണ്. കുരുക്ഷേത്ര എന്ന പേരില്‍ അവര്‍ ഇറക്കിയിരുന്ന രഹസ്യപത്രമാണ് പല പ്രധാനപ്പെട്ട വാര്‍ത്തകളും ജനങ്ങളെ അറിച്ചത്. അന്ന് അവരുടെ നേതാക്കളും അനുയായികളും ആയ പലരും പലതരം മര്‍ദനങ്ങള്‍ക്ക് ഇരയാവുകയും ജയിലില്‍ കിടക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ രാഷ്ട്രീയപാര്‍ട്ടിക്ക് അക്കാലത്തെ പേര് 'ഭാരതീയ ജനസംഘം' എന്നായിരുന്നു.
ഇതിനിടയില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പ്രീണിപ്പിക്കാന്‍ ആര്‍.എസ്.എസ്. ശ്രമിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായി. അന്ന് കേന്ദ്രഗവണ്മെന്റ് പ്രഖ്യാപിച്ച 20 ഇന പരിപാടിയെ സംഘം പിന്തുണയ്ക്കുന്നു എന്ന മട്ടിലാണ് അത് തുടങ്ങിയത്. സ്വന്തം പ്രസ്ഥാനത്തിനുമേലുള്ള നിരോധനം നീക്കിക്കിട്ടുന്നതിനുവേണ്ടിയാണ് അവരുടെ പരിശ്രമം എന്നായിരുന്നു, രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.
രണ്ടാംകൊല്ലം അടിയന്തരാവസ്ഥ പിന്‍വലിച്ച (21 മാര്‍ച്ച് 1977)പ്പോള്‍ ജയപ്രകാശിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടികളെല്ലാം പരസ്പരം ലയിച്ച് ഒറ്റപ്പാര്‍ട്ടിയായിത്തീര്‍ന്ന് ജനതാപാര്‍ട്ടി (1977) രൂപംകൊണ്ടു. സിന്‍ഡിക്കേറ്റ് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് ഫോര്‍ ഡമോക്രസി, സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍, ജനസംഘം മുതലായ കക്ഷികളാണ് അന്ന് ലയിച്ചത്. ഇക്കൂട്ടത്തില്‍ ജനസംഘത്തെ കൂട്ടുന്നതിനെപ്പറ്റി പലര്‍ക്കും ആശങ്കയുണ്ടായിരുന്നു. ഹിന്ദുരാഷ്ട്രവാദികളും മതേതരത്വത്തില്‍ വിശ്വസിക്കാത്തവരുമായ ഒരു സംഘത്തെ കൂട്ടി ജനാധിപത്യസമരം നടത്തുന്നതിനെതിരെ പലരും ജെ.പി.യെ താക്കീത് ചെയ്യുകയുണ്ടായി. അദ്ദേഹം കൂട്ടാക്കിയില്ല.
നേരത്തേ ബിഹാറില്‍ സംസ്ഥാനസര്‍ക്കാരിനെതിരായി നടത്തിയ അഴിമതിവിരുദ്ധസമരത്തില്‍ ആര്‍.എസ്.എസ്. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ജനസംഘത്തിനും ഹിന്ദുരാഷ്ട്രവാദികള്‍ക്കും ദൃശ്യത കിട്ടുന്നതും മാന്യത ലഭിക്കുന്നതും അങ്ങനെയാണ്. അടിയന്തരാവസ്ഥയ്‌ക്കെതിരായ ജനവിധിയില്‍ രൂപംകൊണ്ട ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസ്സിതര കേന്ദ്രമന്ത്രിസഭ (മൊറാര്‍ജി സര്‍ക്കാര്‍ - 1977)യില്‍ ഹിന്ദുത്വവാദികള്‍ക്ക് ആദ്യമായി അധികാരം കിട്ടി. ആ മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു വാജ്‌പേയ്; വാര്‍ത്താവിതരണകാര്യമന്ത്രിയായിരുന്നു അദ്വാനി.
1977 തൊട്ട് ഹിന്ദുരാഷ്ട്രവാദത്തിന്റെ പുതിയൊരു മുഖം വെളിപ്പെടുന്നു. ജനാധിപത്യത്തിന്റെ കൂടെ നിന്നുകൊണ്ട്, ജനാധിപത്യം ഉപയോഗിച്ചുകൊണ്ട്, ജനാധിപത്യവിരുദ്ധമായ ആശയങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതാണത്. മൂന്നാം കൊല്ലംതന്നെ ജനതാപാര്‍ട്ടിയില്‍നിന്ന് പുറത്തുവന്ന് അവര്‍ 'ഭാരതീയ ജനതാ പാര്‍ട്ടി' (ബി.ജെ.പി.)യായി വകതിരിഞ്ഞു (1980). ആ ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഇന്ത്യയ്ക്കകത്തും പുറത്തും തങ്ങള്‍ക്ക് സ്ഥാപിക്കേണ്ട ബന്ധങ്ങളൊക്കെ അവര്‍ സ്ഥാപിച്ചുകഴിഞ്ഞിരുന്നു.
വിദേശകാര്യമന്ത്രി വാജ്‌പേയ് ഇസ്രായേലുമായി ഗാഢബന്ധം ഉറപ്പിച്ചത് ഉദാഹരണം. സോഷ്യലിസ്റ്റുകള്‍ അടക്കമുള്ള മറ്റു പാര്‍ട്ടികളുമായി സംസ്ഥാന തിരഞ്ഞെടുപ്പുകളിലും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിലും ഒളിഞ്ഞും തെളിഞ്ഞും ബന്ധമുണ്ടാക്കാനുള്ള പശ്ചാത്തലം ബി.ജെ.പി ഒരുക്കിയത് വേറെ ഉദാഹരണം. ബി.ജെ.പി. രൂപംകൊണ്ട് 16-ാം കൊല്ലം അതിന്റെ പ്രധാനപ്പെട്ട നേതാവ് വാജ്‌പേയ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയിത്തീര്‍ന്നു (16 മേയ് 1996)!
ഇതോടുകൂടി, സ്വാഭാവികമായും ആ പാര്‍ട്ടിയുടെ ആത്മവിശ്വാസം വളരെ വര്‍ധിച്ചു. അവരോടുള്ള അയിത്തം മിക്ക രംഗങ്ങളിലും അവസാനിച്ചു. അധികാരത്തിന് തീര്‍ക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളൊന്നുമില്ലല്ലോ: അധികാരമാണ് ധര്‍മ്മം; അധികാരമാണ് ശരി; അധികാരമാണ് പുണ്യം! പിന്നെ ഹിന്ദുത്വരാഷ്ട്രീയം പടിപടിയായി വളരുകയാണ്. പ്രവര്‍ത്തനമേഖല വൈകാരികമാക്കിയാലേ കാര്യം നടക്കൂ എന്ന് അവര്‍ക്ക് അറിയാം. അങ്ങനെയാണ് ക്ഷേത്രരാഷ്ട്രീയം മൂപ്പിക്കുന്നത്. ബാബരിപള്ളി തകര്‍ക്കുന്നതോടെ (6 ഡിസംബര്‍ 1992) ഒരു ഘട്ടം അവസാനിക്കുന്നു.
ഒട്ടും വൈകാതെ പശുരാഷ്ട്രീയം പുറത്തെടുക്കുന്നു-പശുവിനോട് കാണിക്കേണ്ട 'മാതൃവാത്സല്യ'ത്തിന്റെ പേരില്‍ ഏതു മനുഷ്യനെയും എവിടെവെച്ചും ആര്‍ക്കും തല്ലുകയോ കൊല്ലുകയോ ചെയ്യാം! 'മാതൃസ്‌നേഹ'ത്തിനുവേണ്ടി വെറുക്കുകയും അറുക്കുകയും ചെയ്യുന്ന വൈരുധ്യാധിഷ്ഠിത ഭൗതികവാദം! ആത്മീയതയുടെ പേരില്‍ രഥയാത്ര നടത്തുന്ന ഭൗതികതയുടെ നേര്‍ക്കാഴ്ച. 'അധികാരം' എന്നത് നൂറുശതമാനം ഭൗതികമാണ്. സുഖഭോഗങ്ങളിലുള്ള ആസക്തിയിലാണ് അതിന്റെ വേര്. ഇസ്ലാമിക രാഷ്ട്രവാദവും ഹിന്ദു രാഷ്ട്രവാദവും യഹൂദ രാഷ്ട്രവാദവും സിക്ക് രാഷ്ട്രവാദവും എല്ലാം ആത്മീയവാദത്തിന്റെ ആട്ടിന്‍തോലണിഞ്ഞ അധികാരദാഹം മാത്രമാണ്. പുരോഹിതന്മാരും രാഷ്ട്രീയക്കാരും ചേര്‍ന്ന് വിശ്വാസികളെ കബളിപ്പിക്കുന്ന ഏര്‍പ്പാടണത്. സ്വാര്‍ത്ഥതയില്‍നിന്നാണ് അത് ഊര്‍ജ്ജം സംഭരിക്കുന്നത്.
ആത്മീയത നിസ്വാര്‍ഥമാണ്; നിഷ്‌കളങ്കമാണ്. അതിന് അധികാരം വേണ്ട. അതുകൊണ്ടാണ് രാജകുമാരനായ ബുദ്ധന്‍ അധികാരം ഉപേക്ഷിച്ചു പോകുന്നത്. അതുകൊണ്ടാണ് തനിക്ക് രാജാവാകേണ്ട എന്ന് ക്രിസ്തു നിഷേധം പറയുന്നത്. അതുകൊണ്ടുതന്നെയാണ് ഗാന്ധി ഒരു പഞ്ചായത്തിലേക്കുപോലും മത്സരിക്കാതിരുന്നത്.
മതേതരരാജ്യമായി പിറവികൊണ്ട ഇന്ത്യ മുക്കാല്‍ നൂറ്റാണ്ടുകൊണ്ട് മതരാജ്യമായി കോലം മാറിപ്പോവുകയാണോ എന്ന ആശങ്ക ലോകമെങ്ങും പടരുന്ന സന്ദര്‍ഭമാണിത്. ജനാധിപത്യത്തിന്റെ ഒരു വിശേഷം അതിനെ ജനാധിപത്യത്തിനെതിരായി ഉപയോഗിക്കാന്‍ കഴിയും എന്നതാണ്. ഇറ്റലിയില്‍ മുസ്സോളിനിയും ജര്‍മനിയില്‍ ഹിറ്റ്‌ലറും ജനാധിപത്യം ഉപയോഗിച്ചാണ് ഏകാധിപത്യം സ്ഥാപിച്ചത് എന്നോര്‍ക്കുക. ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്ത ഹിന്ദുരാഷ്ട്രവാദികളെ ഒപ്പംകൂട്ടി ജനാധിപത്യത്തിനുവേണ്ടി അടിയന്തരാവസ്ഥയ്‌ക്കെതിരായി പോരാടിയതിന്റെ ദുഷ്ഫലം കൂടിയാണ് നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്നത്.
മതേതരത്വത്തില്‍ വിശ്വാസമില്ലാത്ത ഇസ്ലാമികരാഷ്ട്രവാദികളെ കൂട്ടി മതേതരത്വത്തിനുവേണ്ടി സമരം ചെയ്യുന്ന നമ്മുടെ നാട്ടിലെ രാഷ്ട്രീയനേതാക്കള്‍ ഇക്കാര്യം ഓര്‍ക്കാന്‍ വിസമ്മതിക്കും. അവര്‍ക്ക് പ്രധാനം അധികാരമാണ്; മൂല്യങ്ങളല്ല. മൂല്യരഹിതമായ, ആദര്‍ശനിഷ്ഠയില്ലാത്ത ജനാധിപത്യം ഭൂരിപക്ഷവാദമായി മലീമസമായിത്തീരും എന്ന് ലോകത്തിന് കാണിച്ചുകൊടുക്കുന്ന പണിയാണ്, കഷ്ടം! ഇന്ത്യ ഇപ്പോള്‍ എടുത്തുകൊണ്ടിരിക്കുന്നത്.
Content Highlights: Book review from 'Janadhipathyam enna koottaksharam'
Published: 27 May 2025, 10:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented