പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും തിരസ്‌കൃതരുടെയും ഇരകളായിത്തീരുന്നവരുടെയുംകൂടി ഇതിഹാസമാണ് മഹാഭാരതം എന്ന് സമര്‍ഥിക്കുന്ന പുസ്തകമാണ് കെ.പി. അജയന്റെ 'മഹാഭാരതം ഏകാകികളുടെ ഇതിഹാസം'. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം...

To advertise here,

ഒരു പുഴയുടെ കേവലമായ കഥ മാത്രമല്ല ഗംഗയുടെ ജീവിതം. പുഴ നിര്‍മിക്കുകയും തലോടുകയും നിഷേധിക്കുകയും നിരാലംബമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാമൂഹിക ജീവിതത്തിന്റെ ആഖ്യാനംകൂടിയാണത്. ഐതിഹ്യങ്ങളിലും ഇതിഹാസപുരാണാദികളിലും ദേവതയായും മാതാവായും മകളായും നദിയായിത്തന്നെയും വിവിധ ഭാവങ്ങളിലും രൂപങ്ങളിലും ഗംഗ സാന്നിധ്യമറിയിക്കുന്നു. ഒരു മഹാസംസ്‌കാരത്തിന്റെ ഉദ്ഭവത്തിനും വളര്‍ച്ചയ്ക്കും ഹേതുവായ നിരന്തരമായ പ്രവാഹം കൂടിയാണ് ഗംഗ. ഒരു ജനത നദിയാലും അതു തീര്‍ത്ത നാഗരികതയാലും സ്വാധീനിക്കപ്പെടുകയും തിരിച്ചറിയപ്പെടുകയും ചെയ്തു എന്നതിന് ഗംഗയോളം വേറെ ഉദാഹരണങ്ങളില്ല. 

ജീവകാരണമായ നനവിനെ ആദരിക്കുന്ന ഒരു മഹാസംസ്‌കൃതിയുടെ സ്വാധീനവും ഗംഗയോടുള്ള സവിശേഷ ആദരവിനും ഭക്തിക്കും പിറകിലുണ്ട്. ആത്മീയ വിശുദ്ധിയുടെ ഉദാത്തതയില്‍ കേവലാരാധനമാത്രമായി ഗംഗയുടെ സാന്നിധ്യത്തെ അടയാളപ്പെടുത്താവുന്നതല്ല. മുനികുലങ്ങളുടെ മാത്രമല്ല, സകല ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥയെ നിര്‍ണയിച്ചും നിയന്ത്രിച്ചും സഹസ്രാബ്ദങ്ങളായി ഗംഗ ഒഴുകിക്കൊണ്ടിരിക്കുന്നു. ഭാരതീയേതിഹാസങ്ങളുടെയും പുരാണാദികളുടെയും രചയിതാക്കള്‍ ഭക്തികേന്ദ്രീകൃതമായ ഒരു അന്തരീക്ഷത്തില്‍ ഗംഗയെ പ്രതിഷ്ഠിക്കുകയും വിശുദ്ധമായതിനെ കൊണ്ടാടുകയും ചെയ്തതിനു പിന്നില്‍ മേല്‍പ്പറഞ്ഞ കാരണങ്ങളുമുണ്ടാകാം. 

കാമവും ദുഃഖവും പ്രണയവും മാതൃത്വവും തുടങ്ങി വികാര വൈവിധ്യങ്ങളുടെ അമൂര്‍ത്തസങ്കല്‍പമായി ഒഴുകിപ്പരന്ന ഗംഗ നമ്മെ നിരന്തരം സ്വാധീനിക്കുകയും നമ്മുടെ സാംസ്‌കാരികവും സാമൂഹികവുമായ ജീവിതത്തെ അസാധാരണമാംവിധം സ്വാധീനിക്കുകയും ചെയ്യുന്നു. ആദ്യാനുഭൂതിയും അന്ത്യാനുഭൂതിയുമായി രസനയെ നനയ്ക്കുന്ന ദിവ്യത്വം ഗംഗയുടെ ആത്മീയപരിസരത്തെ മാത്രമല്ല, ജീവകാരണമായ ജലമെന്ന സത്യത്തെക്കൂടി ഓര്‍മിപ്പിക്കുകയാണ്. കാമനകളുടെ ഔന്നത്യത്തില്‍നിന്ന് മാതൃത്വത്തിന്റെ ആര്‍ദ്രമായ ഭൂമികയിലേക്ക് ഭാവഭേദങ്ങളോടെ ഗംഗ ഒഴുകിപ്പരന്നു. രതിയും അരതിയും തീര്‍ക്കുന്ന വൈവിധ്യപൂര്‍ണമായ ജീവിതസമസ്യങ്ങളെ ഗംഗ ആവിഷ്‌കരിക്കുന്നു. 

ആത്മഹര്‍ഷത്തിന്റെ സ്വച്ഛസുന്ദരമായ നിമിഷങ്ങള്‍പോലെ അതിസാഹസികതയുടെ അസ്വാഭാവിക സന്ദര്‍ഭങ്ങളും ഗംഗാജീവിതത്തെ സവിശേഷമാക്കുന്നുണ്ട്. വെറുമൊരു ഒഴുക്കായി കാലത്തോടൊപ്പം തന്റെ ജീവിതത്തെ കേവലമായി അടയാളപ്പെടുത്തുകയായിരുന്നില്ല ഗംഗ. സര്‍വതിനെയും മുക്കിയും തലോടിയും ചരിത്രത്തിലൂടെ ഒഴുകിപ്പരന്ന ഗംഗയ്ക്ക്, മഹാസംസ്‌കാരത്തിന്റെ ശേഷിപ്പുകളുടെ കഥയും ഏറെപ്പറയാനുണ്ട്.

ഗംഗയെ ചുറ്റിപ്പറ്റിയുള്ള കഥകള്‍ നമ്മുടെ പൗരാണികസാഹിത്യങ്ങളില്‍ ഒട്ടനവധിയുണ്ട്. സാംസ്‌കാരികവായനയും ചരിത്ര-സാമൂഹിക വായനകളും ആവശ്യപ്പെടുന്ന ഇന്ത്യന്‍ മിത്തുകളിലെ അപൂര്‍വ്വതയാണ് ഗംഗ. പുരാണങ്ങളിലും ഭാഗവതത്തിലും മഹാഭാരത-രാമായണാദി ഇതിഹാസങ്ങളിലും വിവിധ പേരുകളിലായി സ്ത്രീരൂപമായും ദേവതാരൂപമായും നദിയായിത്തന്നെയും നിരന്തരസാന്നിധ്യമായി ഗംഗ പ്രത്യക്ഷപ്പെടുന്നുണ്ട്. 'പണ്ട് വാമനന്‍ ത്രിലോകങ്ങളും അളന്നെടുത്തശേഷം സ്വര്‍ഗ്ഗലോകം അളക്കാനായി ഇടതുകാല്‍ ഉയര്‍ത്തിയപ്പോള്‍ നഖമേറ്റ് ബ്രഹ്‌മാണ്ഡം ഭേദിക്കുകയും ആ ദ്വാരത്തില്‍ക്കൂടി സര്‍വ്വപാപങ്ങളെയും ഇല്ലാതാക്കുന്നതിനായി ഗംഗാനദി ഉദ്ഭവിക്കുക'യുമാണ് ഉണ്ടായതെന്ന് ഭാഗവതം (5 അധ്യായം 17 ഖണ്ഡം) പറയുന്നു. 

നിരവധി കൈവഴികളിലായി പിരിഞ്ഞ് വനവും സമതലങ്ങളും താണ്ടി പുളിനങ്ങള്‍ തീര്‍ത്ത് ഒഴുകിയൊഴുകി ഗംഗ കടലില്‍ പതിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമായി സഹസ്രാബ്ദങ്ങളായൊഴുകി പുണ്യവും മോക്ഷവും നല്‍കി ഗംഗയൊഴുകുന്നുവെന്ന് പുരാണങ്ങളില്‍ നിരവധി കഥകളും ഉപകഥകളുമായി ആഖ്യാനങ്ങളുണ്ട്. ജലത്തിന്റെ ഇരിപ്പിടമായി ഗംഗയെ കാണുന്ന പുരാണ (മാര്‍ക്കണ്ഡേയം)ങ്ങളുണ്ട്. ഒരു നദി കഥാപാത്രമായി രചിക്കപ്പെട്ട സാഹിത്യകൃതികള്‍ ലോകസാഹിത്യത്തില്‍ത്തന്നെ അപൂര്‍വ്വമാണ്. ഒരിക്കല്‍ സരസ്വതീ ശാപമേറ്റ ഗംഗയോട് 'ഇന്നുമുതല്‍ കലിയില്‍ അയ്യായിരം വര്‍ഷം കഴിയുന്നതുവരെ ഭവതി ഭാരതത്തില്‍ ഉണ്ടാകും. നിത്യവും ഭവതിക്ക് സമുദ്രത്തോടുകൂടി രതിക്രീഡ നടത്താം. ഭവതിയെ സര്‍വ്വരും പൂജിക്കും' (ബ്രഹ്‌മ വൈവര്‍ത്ത മഹാപുരാണം)എന്ന് ശ്രീകൃഷ്ണന്‍ പറയുന്നുണ്ട്.

നദികളെ മിത്താക്കി അവ മനുഷ്യപുരോഗതിയുടെ ആണിക്കല്ലാണെന്ന ബോധ്യത്തെ നിര്‍മ്മിച്ചെടുക്കാന്‍ ഇതിഹാസങ്ങളില്‍ ഗംഗയെ ദേവീപദത്തിലേക്കുയര്‍ത്തിയിട്ടുണ്ടാകാം. ഒരേസമയം ദൈവികവും കാല്പനികവുമായ ഭാവങ്ങള്‍ നല്‍കി മനുഷ്യജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കത്തക്ക രീതിയിലാണ് പുരാണേതിഹാസങ്ങളിലെ നദീവര്‍ണനകള്‍. നദീജീവിതവും ദൈവികജീവിതവും കൂടിക്കലര്‍ന്ന കാല്പനികവും ആത്മീയവുമായ വര്‍ണ്ണനയുടെ ഉദാത്തതയിലാണ് ഗംഗയുടെ സ്ഥാനം. കാമാര്‍ത്ഥിയായും വിരഹിണിയായും വൈരാഗിയായും മാതാവായും ഗംഗ ഇതിഹാസങ്ങളില്‍ നിറഞ്ഞു. കലിയുഗം കഴിയുമ്പോള്‍ തിരിച്ച് സ്വര്‍ഗ്ഗത്തിലേക്ക് പോകുന്ന ഗംഗയുടെ ജീവിതമാണ്, ഇതിഹാസപുരാണമനുസരിച്ച്, മഹാഭാരതത്തില്‍ ആദിപര്‍വ്വം മുതല്‍ നാം കാണുന്നത്. 

'മുമ്പ് ദ്രവരൂപത്തില്‍ ഗംഗ ലോകത്തില്‍ ഉണ്ടായിരുന്നെ'ന്ന് (ബ്രഹ്‌മ വൈവര്‍ത്തം മഹാപുരാണം) പറയുമ്പോള്‍ ഗംഗയിലെ ദിവ്യത്വം അസാധാരണവും കാലാതീതവും ആണെന്ന് സ്ഥാപിക്കാനാണ് പുരാണകര്‍ത്താക്കള്‍ ശ്രമിച്ചത്. ഒരിക്കല്‍ കൃഷ്ണസന്നിധിയില്‍ എത്തിയ ഗംഗ, രാധയുടെ അപ്രിയമറിഞ്ഞ് ജലത്തില്‍ ലയിക്കുകയുണ്ടായെന്ന ഒരുപാഠഭേദവും (ബ്രഹ്‌മ വൈവര്‍ത്തമഹാപുരാണം) ഗംഗയെക്കുറിച്ചുണ്ട്. മഹാഭാരതകഥയിലെ വംശപരമ്പരയിലെ നിര്‍ണായക കണ്ണിയാണ് ഗംഗ. ആദിപര്‍വ്വം മുതല്‍ മഹാഭാരതകഥയിലെ നിറസാന്നിധ്യവും.

ഗംഗയുടെ ജീവിതവഴിയെക്കുറിച്ച് ഇതിഹാസങ്ങളില്‍ നിരവധിയായ സൂചനകളുണ്ട്. 'ഇക്ഷ്വാകുവംശത്തിലെ മഹാഭിഷിക് എന്ന ചക്രവര്‍ത്തി മരണാനന്തരം സ്വര്‍ഗത്തു ചെന്നു. ബ്രഹ്‌മോപാസനയായിരുന്നു ലക്ഷ്യമെങ്കിലും അവിടെവെച്ച് ഗംഗയെ കണ്ട ചക്രവര്‍ത്തി കാമപരവശനായി. ഗംഗയും മഹാഭിഷിക്കില്‍ അനുരക്തയായി. വിവരമറിഞ്ഞു ബ്രഹ്‌മാവ് രണ്ടുപേരെയും ശപിച്ച് ഭൂമിയിലേക്കയച്ചു. മഹാഭിഷിക്ക് ശന്തനുവെന്ന പേരില്‍ ഭൂമിയില്‍ച്ചെന്ന് ഗംഗയെ വിവാഹം കഴിച്ചു. അഷ്ടവസുക്കളുടെ മാതാവായതിനുശേഷം പൂര്‍വ്വസ്ഥിതിയെ പ്രാപിക്കണം എന്നായിരുന്നുവത്രേ ബ്രഹ്‌മാവ് ശാപമോക്ഷം നല്‍കിക്കൊണ്ടു പറഞ്ഞത്' (ബ്രഹ്‌മവൈവര്‍ത്തം). പിന്നീട് ഭഗീരഥന്‍ ഗംഗയെ ഭൂമിയിലെത്തിക്കാന്‍ ശിവന്റെ സഹായം തേടുകയും പരമശിവന്‍ ഗംഗയെ തലയിലേറ്റുകയും ചെയ്തു. ശിവനെ പാതാളത്തിലെത്തിക്കാമെന്ന ഗംഗയുടെ അതിമോഹം മനസ്സിലാക്കിയ ശിവന്‍ ഗംഗാജലം ഭൂമിയില്‍ വീഴ്ത്തി. ഗംഗ കൈവഴികളായി പിരിഞ്ഞൊഴുകി ജഹ്നു മഹര്‍ഷിയുടെ ആശ്രമത്തെ വെള്ളത്തില്‍ മുക്കി. കുപിതനായ മുനി ഗംഗയെ കുടിച്ചു വറ്റിച്ചു. 

പുസ്തകത്തിന്റെ കവര്‍ പേജ്

ഒടുവില്‍ ഭഗീരഥന്‍ സാന്ത്വനിപ്പിച്ചതിനാല്‍ ജഹ്നുമഹര്‍ഷി തന്റെ ചെവിയില്‍ക്കൂടി ഗംഗയെ പുറത്തേക്കൊഴുക്കി, അങ്ങനെ ഗംഗ ജാഹ്നവിയായി. സാഗരപുത്രന്മാര്‍ക്ക് ഉദകക്രിയ നടത്തിയ ഗംഗ, സമുദ്രത്തില്‍ ലയിച്ചെന്ന് പുരാണേതിഹാസങ്ങള്‍ പറയുന്നു. തടംതല്ലി പതഞ്ഞൊഴുകിയ ഗംഗ വിവിധ ഭാവങ്ങളില്‍ പകര്‍ന്നാടി. ഭാര്യയായി, അമ്മയായി മൃദുലഭാവങ്ങളിലും നിറഞ്ഞുനിന്നു. ഇങ്ങനെ പുരാണങ്ങള്‍ വൈവിധ്യം നിറഞ്ഞ കഥകളോടെ ഗംഗയെ അവതരിപ്പിക്കുന്നു.

ശന്തനു ഗംഗയെ കണ്ടുമുട്ടുന്ന സന്ദര്‍ഭം വിശദമായ ആഖ്യാനമായി പുരാണങ്ങളിലും മഹാഭാരതത്തിലും കാണാം. വരുണപുത്രനായ വസിഷ്ഠന്റെ ആശ്രമത്തില്‍ ദക്ഷപുത്രിയായ സുരഭിയുടെ പുത്രിയായി നന്ദിനി എന്ന ദിവ്യധേനുവുണ്ടായിരുന്നുവത്രേ! ഒരിക്കല്‍ അഷ്ടവസുക്കള്‍ ആശ്രമത്തിലെത്തിയപ്പോള്‍ അവരില്‍ ഒരാളുടെ ഭാര്യ നന്ദിനിയെ കാണാനിടയായി. ധേനുവിനെ തനിക്ക് പിടിച്ചുതരണമെന്ന ഭാര്യയുടെ ആവശ്യത്തിനു വഴങ്ങിയ ദ്യോവ് എന്ന മുനി സഹോദരന്മാര്‍ക്കൊപ്പം പശുവിനെ മോഷ്ടിച്ചു. വിവരം അറിഞ്ഞ് കോപിഷ്ഠനായ മുനി അവരെ 'ഭൂമിയില്‍ മനുഷ്യരായി പിറക്കട്ടെ', എന്ന് ശപിച്ചു. ശാപത്താല്‍ സങ്കടപ്പെട്ട അഷ്ടവസുക്കള്‍ക്ക് ഒടുവില്‍ മുനി ശാപമോക്ഷവും നല്‍കി. പശുവിനെ മോഷ്ടിച്ചവന്‍ കൂടുതല്‍ക്കാലം ഭൂമിയില്‍ ജീവിക്കും! പിതാവിനുവേണ്ടി സ്ത്രീ സുഖം ഉപേക്ഷിക്കും, സ്ത്രീ സുഖവര്‍ജ്ജിതനായി ഭവിക്കും. ഒടുവില്‍ അഷ്ടവസുക്കളുടെ അഭ്യര്‍ത്ഥന കൈക്കൊണ്ട് ഗംഗ അവരുടെ അമ്മയാകാന്‍ തീരുമാനിച്ചു. പ്രസവിച്ച ഉടനെ കുഞ്ഞുങ്ങളെയെല്ലാം പുഴയിലെറിഞ്ഞ ഗംഗയുടെ പ്രവൃത്തിയില്‍ നീരസം പ്രകടിപ്പിച്ച ശന്തനു ഏഴാമത്തെ കുഞ്ഞിനെയും ഗംഗ പുഴയിലെറിയാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞു. 

രുദ്രയായ ഗംഗ കുഞ്ഞിനെയുംകൊണ്ട് അന്തര്‍ദ്ധാനം ചെയ്തു. കുഞ്ഞിനെ ഗംഗേയനായി വളര്‍ത്തി. ഗംഗയെ പിരിഞ്ഞ ശന്തനു ദുഃഖിതനായി ശിഷ്ടകാലം ജീവിച്ചു. ഒരു ദിവസം നായാട്ടിനായി പോയ ശന്തനു അസാധാരണമായ ഒരു കാഴ്ച കാണാനിടയായി. ഗംഗയില്‍ വെള്ളം നന്നേ കുറഞ്ഞിരിക്കുന്നു! കാരണം, അന്വേഷിച്ച് ചെന്നപ്പോള്‍ രാജാവ്, ഗംഗയെ ചിറകെട്ടി തടഞ്ഞ ഒരു കുമാരനെ കണ്ടു. കുട്ടിയായിരിക്കെ പിരിഞ്ഞുപോയ മകനെയോര്‍ത്ത് വിലപിച്ച ശന്തനു ഗംഗയെ ധ്യാനിച്ചു. പ്രത്യക്ഷയായ ഗംഗ ഇത് എട്ടാമത്തെ പുത്രനാണെന്നും വേദങ്ങള്‍ വസിഷ്ഠനില്‍നിന്നും പഠിച്ച ഇവന്‍ ശാസ്ത്രവിദ്യയില്‍ ഇന്ദ്രനു തുല്യനാണെന്നും ശന്തനുവിനെ അറിയിച്ചു. മകനെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ ശന്തനു അവനെയുംകൊണ്ട് ഹസ്തിനപുരത്തിലെത്തി. ആ കുട്ടിയാണ് മഹാഭാരതകഥയിലെ കുരുപാണ്ഡവരുടെ സര്‍വ്വസ്വമായിത്തീര്‍ന്ന ഭീഷ്മര്‍! ഇരുകൂട്ടര്‍ക്കും പിതൃതുല്യനും ജ്ഞാനിയുമായ മുനി.

മനുഷ്യജീവിതവുമായിടപഴകിയും സര്‍വ്വതിനെയും സ്നേഹിച്ചും പാലിച്ചും സംരക്ഷിച്ചും ചിലപ്പോഴൊക്കെ ധിക്കരിച്ചും നശിപ്പിച്ചുമൊക്കെ ഗംഗ തന്റെ കര്‍മ്മമണ്ഡലത്തില്‍ വ്യാപരിക്കുന്നു! ആസുരഭാവവും മാതൃത്വവും ഗംഗയില്‍ ഒരേസമയം നിറഞ്ഞുനില്‍ക്കുന്നു. ഒരു കഥാപാത്രമെന്ന നിലയില്‍ മഹാഭാരതത്തിലെയും പുരാണത്തിലെയും മറ്റ് സ്ത്രീകഥാപാത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി കുതിപ്പിന്റെയും കീഴടങ്ങലിന്റെയും പ്രതിരോധത്തിന്റെയും പകര്‍ന്നാട്ടങ്ങള്‍ ഗംഗാജീവിതത്തിലുടനീളം കാണാം. ഒരു ഘട്ടത്തില്‍ പുത്രഘ്നിയായി ശന്തനു ഗംഗയെ വിശേഷിപ്പിക്കുന്നുണ്ട്. തനിക്കു വിധിച്ച പുത്രനെ അല്ല ഗംഗ നദിയില്‍ എറിഞ്ഞതെന്ന് ഗംഗയില്‍നിന്നുതന്നെ മനസ്സിലാക്കാന്‍ ശന്തനുവിന് അവസരം ലഭിച്ചിരുന്നില്ല. ഒരു നദിയായൊഴുകി സര്‍വ്വഭാവങ്ങളിലും നിറഞ്ഞാടിയ ഗംഗ സ്ത്രീജീവിതത്തിന്റെ സര്‍വ്വ പ്രതിരോധസാധ്യതകളും മാനുഷികമായ ഭാവവൈവിധ്യങ്ങളെക്കൊണ്ടുതന്നെ അടയാളപ്പെടുത്തി. വര്‍ഷങ്ങള്‍ക്കുശേഷം താനകപ്പെട്ട പ്രതിസന്ധിയെ ഗംഗ വിശദീകരിക്കുമ്പോള്‍ വലിയൊരു പാപത്തില്‍നിന്നുതന്നെ മോചിതയാകുകയാണ്. ഗംഗാമഹിമയില്‍ മങ്ങിപ്പോയ ജീവിതമാണ് ശന്തനുവിന്റേത്, ശാപഗ്രസ്തമായ ജീവിതത്തിനുടമയാണല്ലോ ശന്തനുവും.

ഒരിക്കല്‍ ഗംഗയില്‍ ധ്യാനനിമഗ്‌നനായിരുന്ന പ്രദീപമഹാരാജാവിനെക്കണ്ട് മോഹംപൂണ്ട് ഗംഗ രാജാവിന്റെ വലതുകാലില്‍ ചെന്നിരുന്നു. തന്നെ ഭാര്യയായി സ്വീകരിക്കണമെന്ന ഗംഗയുടെ അഭിലാഷം തള്ളിയ രാജാവ് കാരണവും പറഞ്ഞു: 'വലത്തെ തുടയിലാണ് ഭവതിയിരുന്നത്, അത് മക്കള്‍ക്കും മരുമക്കള്‍ക്കുമാണ്. ഇടത്തെ തുടയാണ് അനുരക്തയായ ഭാര്യമാര്‍ക്കുള്ളത്. നിന്നെ സ്വീകരിക്കാന്‍ എനിക്ക് കഴിയില്ല. എന്റെ മകന്റെ ഭാര്യയാകുക.' ഒടുവില്‍ അദ്ദേഹത്തിന് ഒരു മകന്‍ പിറന്നു. യൗവനയുക്തനായ മകനെ വിളിച്ച് രാജാവ് പറഞ്ഞു: 'നിന്റെ ഐശ്വര്യത്തിനായി ഒരു ദിവ്യയുവതി എന്റെ അരികില്‍ വന്നു, അവള്‍ നിന്റെയും അടുത്തു വരും. അപ്പോള്‍ ഒന്നും ചോദിക്കുകയോ പറയുകയോ അരുത്, അവളെ സ്വീകരിക്കണം' അങ്ങനെ ഗംഗ ശന്തനുവിന്റെ ഭാര്യയായി, ശന്തനുവിന്റെയും ഗംഗയുടെയും ഒരുമിച്ചുള്ള സംഭവബഹുലമായ ജീവിതം തുടങ്ങുന്നത് അവിടം മുതലാണ്.
ഭഗീരഥിയായ ഗംഗ ഉര്‍വ്വശിയായി മാറി രാജാവിന്റെ മകളായും പുനര്‍ജ്ജനിച്ചു. 

മഹാഭാരതം വിശ്വാമിത്രോപാഖ്യാനത്തില്‍ ഭീഷ്മര്‍ വിശ്വാമിത്രന്റെ ജനനകഥ പറയുന്നുണ്ട്. ഭാരതകുലത്തില്‍ ജഹ്നുവിന്റെ പുത്രിയായിത്തീര്‍ന്നതും ഗംഗയാണ്. ച്യവനപുത്രനായ ഋചീകന്റെ ആഗ്രഹം സത്യവതിയെ വിവാഹം കഴിക്കുകയെന്നതായിരുന്നു. ദരിദ്രനായ ഋചീകന് സത്യവതിയെ കൊടുക്കില്ലെന്ന് പിതാവായ ഗാഥി തീരുമാനിച്ചു. ഗംഗ ഋചീകന്റെ ദാരിദ്ര്യം മാറ്റി ആഗ്രഹം നിറവേറ്റിക്കൊടുത്തു. അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ഒറ്റക്കാത് കറുത്തതും വായുവേഗമുള്ളതുമായ ആയിരം കുതിരകളെ നല്‍കി. ഗംഗയൊഴുകുന്നിടത്തൊക്കെ സമ്പദ്സമൃദ്ധിയും സൗന്ദര്യവും കളിയാടി. ശൈലശൃംഗങ്ങളില്‍ ഇടിമുഴക്കം തീര്‍ത്ത് ഗംഭീരമായ ശബ്ദത്തില്‍ ഗംഗ നിര്‍ബാധം ഒഴുക്ക് തുടര്‍ന്നു. സര്‍വ്വ ജീവജാലങ്ങളും, അപ്സരസ്സുകള്‍പോലും ഗംഗയില്‍ സന്തോഷപൂര്‍വ്വം രമിച്ചത്രേ! ഗംഗയെ ചുറ്റിപ്പറ്റിയുള്ള കഥകളിലെല്ലാം കരുത്തും സൗന്ദര്യവും തേജസ്സും ഉള്ള ദേവതയായും ഗംഗ നിറഞ്ഞുനിന്നു.

ഗംഗാതടങ്ങളില്‍ ജീവിച്ച അനാര്യരുടെ സര്‍വ്വസ്വവുമായിരുന്ന നദിയെ ആര്യജീവിതത്തിന്റെ പ്രതിലോമകരമായ ആശയലോകത്തേക്ക് ഗതി തിരിച്ചുവിടുകയാണ് പുരാണകര്‍ത്താക്കള്‍ പക്ഷേ, ചെയ്തത്. പ്രാചീന ജനതയുടെ വീരാരാധകനായിരുന്ന ശ്രീകൃഷ്ണന്‍, ബ്രാഹ്‌മണ്യത്തിന്റെ ദേവതാസങ്കല്‍പ്പമായി മാറിയ ചരിത്രം ഗംഗയ്ക്കും ബാധകമാണ്. ഗംഗാതടങ്ങളിലെ കൊടുംകാടിനുള്ളില്‍ കയറി പ്രദേശമാകെ വാസയോഗ്യവും കൃഷിയോഗ്യവുമാക്കിയ ആദിഗോത്രങ്ങളുടെ ജീവിതസമരങ്ങളുടെ കഥ പുരാണേതിഹാസങ്ങളിലെ ഗംഗാവര്‍ണ്ണനകളിലോ അനുബന്ധകഥകളിലോ നമുക്കു കാണാന്‍ കഴിയില്ല. 'ഞങ്ങളുടെ കൃഷ്ണനെയുമപഹരിച്ചു' എന്ന് കവി പാടിയത് ഗംഗയെ സംബന്ധിച്ചും അര്‍ത്ഥപൂര്‍ണമാണ്. പ്രാചീനഗോത്രവ്യവസ്ഥയില്‍ സജീവമായിരുന്ന പശുപാലകവ്യവസ്ഥയുടെ പരിസരം പ്രധാനമായും ഗംഗാസമുദ്രമായിരുന്നു. ഗംഗയെ സംബന്ധിച്ച് ചരിത്രപരവും സാംസ്‌കാരികവുമായ ബോധത്തെ കീഴ്മേല്‍മറിച്ച് ആര്യവംശാധിനിവേശകാലത്തെ മുഴുവന്‍ രചനകളും എന്നത് ചരിത്രപരമായ യാഥാര്‍ത്ഥ്യമാണ്. എങ്കിലും ഈ കഥകളൊക്കെ ഗംഗ നിര്‍വ്വഹിച്ച പാരിസ്ഥിതികവും മനുഷ്യജീവിതസംബന്ധവുമായ സാമൂഹികപരിസരത്തെ അടയാളപ്പെടുത്തുന്നുണ്ട്. 

ഗംഗ സര്‍വ്വപാപനാശിനിയാണെന്നും മണ്ണും ജലവും സര്‍വ്വപാപങ്ങളും അകറ്റും എന്നും മഹാപുരാണങ്ങള്‍ പറയുന്നു. ഗംഗയെ സ്മരിച്ചാല്‍പ്പോലും പുണ്യം കിട്ടുമത്രേ! ഗംഗ എത്രമേല്‍ പ്രാചീനജനതയുടെ ജീവിതത്തെ നിര്‍ണ്ണയിക്കുകയും സ്വാധീനിക്കുകയും ചെയ്തുവെന്നതിന് ഈ കഥകളും നിരവധിയായ ഉപകഥകളുമൊക്കെ തെളിവാണ്. വിവിധ പേരുകളില്‍ ലോകഹിതത്തിനായി ഗംഗയൊഴുകുന്നുവെന്ന് പുരാണങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. വിശ്വാസങ്ങള്‍ക്കപ്പുറം ഒരു നദി അതിന്റെ സര്‍വ്വകര്‍മ്മങ്ങളും പൂര്‍ത്തീകരിച്ച് മനുഷ്യവംശത്തിന് ഹിതമേകി യുഗങ്ങളായി ഒഴുകിക്കൊണ്ടിരിക്കുന്നതാണ് ഗംഗാമാഹാത്മ്യത്തിനടിസ്ഥാനം. ഗംഗയുടെ ജീവിതം സാര്‍ത്ഥകമാകുന്നത് അത് നിര്‍വ്വഹിക്കുന്ന ജൈവപരവും ജീവിതോന്മുഖവുമായ പ്രയോജനപരതകൊണ്ടുകൂടിയാണ്.

നിരന്തരവും ചലനാത്മകവുമാണ് ഗംഗയുടെ സാന്നിധ്യം. സര്‍വ്വദേവന്മാരുടെയും ഇച്ഛയ്ക്കോ അനിച്ഛയ്ക്കോ ഹേതുവായി ഗംഗ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്ന് ഇതിഹാസങ്ങള്‍ പറയുന്നു. അനന്തവും ത്യാഗസുരഭിലവുമായ ഗംഗയുടെ യാത്രയെ സര്‍വ്വപാപപരിഹാരമാക്കി മാറ്റി സര്‍വ്വപാപങ്ങളുടെയും പരിഹാരസ്ഥലിയായി സങ്കല്‍പ്പിച്ച് മനുഷ്യര്‍ നിര്‍ബ്ബാധം ഗംഗാതീരങ്ങളിലേക്കൊഴുകി. ഗംഗ പ്രിയയാകുന്നത് ഗംഗയുടെ ജീവിതത്തിനല്ല. 'ഭര്‍ത്താവ് പ്രിയനാകുന്നത് ഭര്‍ത്താവിന്റെ പ്രയോജനത്തിനല്ല, തനിക്ക് പ്രയോജനത്തിനു വേണ്ടിയാണ്, ഒരു സ്ത്രീയുടെ പ്രയോജനത്തിന് സ്ത്രീ പ്രിയയാകുന്നില്ല, തന്റെ പ്രയോജനമുദ്ദേശിച്ചാണ് സ്ത്രീയെ പ്രിയപ്പെട്ടവളാക്കുന്നത്. പുത്രന്മാരുടെ പ്രയോജനത്തിനല്ല പുത്രന്‍ പ്രിയങ്കരനാകുന്നത്. സ്വന്തം പ്രയോജനത്തെ ഉദ്ദേശിച്ച് പുത്രന്മാര്‍ പ്രിയങ്കരരായിത്തീരുന്നു'.(ബൃഹദാരണ്യകോപനിഷത്)ഗംഗ പ്രിയപ്പെട്ടതും പ്രയോജനപ്രദമായതും ഗംഗാജീവിതത്തിനല്ലെന്ന് സാരം.

ഭീഷ്മരെ സംബന്ധിച്ച് ഗംഗ മാതാവാണ്. അര്‍ജ്ജുന ശരത്താല്‍ (ശിഖണ്ഡിയെ മുന്‍നിര്‍ത്തി) ശരശയ്യയില്‍ കിടക്കുന്ന സമയത്ത് തന്റെ മാതാവിനെക്കുറിച്ച് യുധിഷ്ഠിരനോട് ഭീഷ്മര്‍ പറയുന്നത് ഇപ്രകാരമാണ്: 'ഏതു നാട്ടിലൂടെ ഗംഗ സഞ്ചരിക്കുന്നുവോ ആ പ്രദേശമാണേറ്റവും പുണ്യം, ഏതു സമുദ്രത്തില്‍ ചേരുന്നുവോ ഏറ്റവും ശ്രേഷ്ഠമായ സമുദ്രമതാണ്. ഏതു ദേഹി എല്ലാ കാര്യവും നിര്‍വ്വഹിക്കുന്നുവോ അവന്‍ ഭൂമി വിട്ടുപോകുമ്പോള്‍ സ്വര്‍ഗ്ഗസ്ഥനാകുന്നു, കൂരിരുട്ടെല്ലാം നീങ്ങി സൂര്യന്‍ വന്നുയരുന്ന മാതിരി പാപങ്ങളെല്ലാം നീക്കി ഗംഗാംബുവിന്റെ സ്പര്‍ശനമേറ്റവ തെളിയും, എല്ലാ ജീവികളും ഗംഗയില്‍ ഉപജീവിക്കുന്നു. ഗംഗയുടെ തിരയടിച്ചെത്തുന്ന കാറ്റ് മര്‍ത്ത്യന്റെ ദേഹത്ത് തട്ടുമ്പോള്‍ അനന്തമായ ആശ്വാസം നല്‍കുന്നു, ഗംഗ ഭൂമിക്കലങ്കാരമാണ്. ഗംഗ വരിഷ്ഠയോനിയാണ്, വിരജയാണ്. ഗംഗ വിശ്വം കാക്കുന്നവളാണ്. ഗംഗയെ പ്രസാദിപ്പിച്ചാല്‍ മര്‍ത്ത്യര്‍ക്ക് ഇഹത്തിലും പരത്തിലും ഭയഹേതുവില്ല. എല്ലാ ഗുണങ്ങളും ചേര്‍ന്ന് അമ്മ തന്റെ പൈതങ്ങളെ എന്നപോലെ ലോകത്തിലുള്ള സകല ഭൂതങ്ങളെയും ഗംഗ കാക്കുന്നു'. പുണ്യപാപസങ്കല്‍പ്പങ്ങള്‍ക്കുമപ്പുറം മനുഷ്യജീവിതം എന്ന പ്രവാഹത്തിനു നിദാനമായ ജലമെന്ന സത്യത്തെ അത്യഗാധമാംവിധം ആവിഷ്‌കരിക്കുന്നുണ്ട് ഈ വാക്കുകള്‍.

പുത്രമരണത്തിന്റെ ഹേതു ശിഖണ്ഡിയാണെന്നറിഞ്ഞപ്പോള്‍ ഗംഗ വിലപിക്കുന്നു. അമ്മയുടെ വാത്സല്യം ഗംഗയില്‍ അനിര്‍വ്വചനീയമാംവിധം അലയടിക്കുന്ന സന്ദര്‍ഭമാണത്. 'ആണും പെണ്ണുംകെട്ട ശിഖണ്ഡിയാണ് ഭീഷ്മരെ കൊന്നതെന്ന്' ഗംഗ വിലപിച്ചു. ഒടുവില്‍ അര്‍ജ്ജുനശരത്താലാണത് സംഭവിച്ചതെന്ന് കൃഷ്ണനും വ്യാസനും പറഞ്ഞപ്പോഴാണ് ഗംഗയുടെ ദുഃഖമകന്നത്. മകന്റെ മരണം ഗംഗയെ വേദനിപ്പിച്ചുവെങ്കിലും അത് ശിഖണ്ഡിയില്‍നിന്നാണെന്നറിഞ്ഞപ്പോഴാണ് ദുഃഖമടക്കാന്‍ കഴിയാതെപോയത്. യുദ്ധത്തില്‍ മൃതിയായവരെ ഗംഗാനദിയില്‍ ആവാഹിച്ചു വരുത്തിയതില്‍ ഭീഷ്മരുമുണ്ടായിരുന്നു. ഗംഗയ്ക്കു മകനോടുള്ള അളവറ്റ വാത്സല്യം പ്രകടമാക്കുന്ന സന്ദര്‍ഭമാണത് (മഹാഭാരതം- ആശ്രമവാസിക പര്‍വ്വം) മരണാസന്നനായി ഉത്തരായനം കാത്ത് വേദനയോടെ കിടക്കുന്ന ഭീഷ്മര്‍ ഒടുവിലായി തന്റെ ചുറ്റിനും നില്‍ക്കുന്ന അര്‍ജ്ജുനന്‍ മുതല്‍ പേരോട് തീര്‍ത്ഥജലം ആവശ്യപ്പെടുന്നുണ്ട്. 

ഒരസ്ത്രം ഭൂമിയിലേക്കയച്ച് ഭൂമി പിളര്‍ത്തി സുഗന്ധപൂര്‍ണ്ണമായ ജലം ഭീഷ്മരുടെ വായിലെത്തുന്നു. ഭൂമിക്കടിയിലൂടെ ഗംഗ തന്റെ പുത്രന് ഉദകക്രിയയായി അന്ത്യജലവും ചുംബനവും നല്‍കാനെത്തിയതാകാമെന്ന കവിവ്യാഖ്യാനം ഈ സന്ദര്‍ഭത്തിന് ഏറെ ചാരുത നല്‍കുന്നു. ഏതായാലും മനോഹരമായ ഈ കല്‍പ്പന ഭീഷ്മരും ഗംഗയും തമ്മിലുണ്ടായിരുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും അടയാളമാണ്. കഥയിലുടനീളം പക്വതയാര്‍ന്ന ഗുരുവായി, അതിലേറെ ഏവര്‍ക്കും പ്രിയപ്പെട്ട പിതാമഹനായി ഭീഷ്മര്‍ നിറഞ്ഞുനില്‍ക്കുന്നത് ഗംഗയില്‍നിന്നും വസിഷ്ഠനില്‍നിന്നും നേടിയ ജ്ഞാനംകൊണ്ടു കൂടിയാണ്. തന്റെ മകനെ ആയോധനകലയിലും ധര്‍മ്മജ്ഞാനത്തിലും ഒന്നാമനാക്കിയാണ് ഗംഗ വളര്‍ത്തിയത്. സര്‍വ്വഭാവങ്ങളിലും പകര്‍ന്നാടി ഗംഗ ഒഴുകിപ്പരന്നത് ജീവിതമെന്ന മഹാവിസ്മയത്തിന്റെ സ്വാഭാവികമായ അതിരുകളെ ഭേദിച്ചുകൊണ്ടാണ്.