
ഓരോ ലാറ്റിനമേരിക്കന്‍ എഴുത്തുകാരനും ഒരു കനത്ത ശവം,
അവന്റെ ജനതയുടെയും ഭൂതകാലത്തിന്റെയും ദേശീയ ചരിത്ര
ത്തിന്റെയും ശവം, വലിച്ചിഴച്ചുകൊണ്ടു സഞ്ചരിക്കുന്നു.
- പാബ്ലോ നെരൂദ
അവിശ്വസനീയവും അതിശയകരവുമായ മാന്ത്രികഭാവനകളെ യഥാതഥമായി അവതരിപ്പിക്കുന്നതില്‍ അസാമാന്യമായ കരവിരുത് പ്രകടിപ്പിക്കുന്നവയാണ് ലാറ്റിനമേരിക്കന്‍ സാഹിത്യം, പൊതുവില്‍. തന്റെ രചനകളെ സംബന്ധിച്ച ഏറ്റവും വലിയ അഭിനന്ദനങ്ങള്‍ വരുന്നത് അവയിലെ ഭ്രമാത്മക ഭാവനയുടെ പേരിലാണെന്നതില്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് അദ്ഭുതം കൂറിയിട്ടുണ്ട് - ഞാനൊരു വരിപോലും ഭാവനാത്മകമായി എഴുതിയിട്ടില്ല! എന്നിട്ടും നിങ്ങള്‍ക്കവ 'വെറും' ഭാവനയായി തോന്നുന്നുണ്ടെങ്കില്‍ അതു നിങ്ങള്‍ക്ക് കരീബിയന്‍ യഥാര്‍ഥ്യങ്ങളെപ്പറ്റി അറിഞ്ഞുകൂടാത്തതുകൊണ്ടാണെന്ന് കാവ്യാത്മകമായി പ്രതികരിക്കും മാര്‍കേസ്. നെരൂദയും ബോര്‍ഹെസും റൂള്‍ഫോയും മാര്‍കേസും ലോസയുമൊക്കെ നമുക്ക് അത്രമേല്‍ പരിചിതരായതിനു പിന്നില്‍, ഇപ്പറഞ്ഞ കരീബിയന്‍ യാഥാര്‍ഥ്യങ്ങളോട് നമുക്ക് എളുപ്പം ഐക്യപ്പെടാന്‍ പറ്റുന്നുണ്ട് എന്നൊരു രഹസ്യം കിടപ്പുണ്ട്. വൈചിത്ര്യപൂര്‍ണമായ ഭൂസമൃദ്ധിയില്‍, നാനാവിധമായ സംസ്‌കാര വിശേഷങ്ങളില്‍, മുതുകില്‍പ്പേറുന്ന കൊളോണിയല്‍ സ്മൃതികളില്‍ ഒക്കെ ഈയൊരൈക്യം തിരഞ്ഞുകണ്ടെത്താനാകും. ലാറ്റിനമേരിക്കയും ഇന്ത്യയും നാനാജാതി ജനസമൂഹങ്ങളുടെയും ആചാരവിശ്വാസങ്ങളുടെയും ഇതിഹാസങ്ങളുടെയുമൊക്കെ 'മൊസൈക്' ആണെന്നുപറയാം . നമ്മള്‍ മലയാളികള്‍ക്ക് കമ്യൂണിസമെന്നൊരു രക്തബന്ധം വേറെയുമുണ്ട്. ഏതെഴുത്തുകാരനെക്കാളും കാസ്ട്രോയും ചെഗുവേരയും നമുക്ക് സുപരിചിതരാണ്. ഇവരെയൊക്കെ മറന്നാലും ബ്രസീലിന്റെയും അര്‍ജന്റീനയുടെയുമൊന്നും ഫുട്ബോളിലെ 'മാജിക്കല്‍ റിയലിസം' നമുക്കു മറക്കാനൊക്കുകയില്ല. മാര്‍കേസും മാറഡോണയും നമുക്കു വേണ്ടപ്പെട്ടവരാണ്; പാബ്ലോയും പെലെയും തമ്മില്‍ ഭേദമില്ല നമുക്ക്. കവി ഡി. വിനയചന്ദ്രനെഴുതി:'തലമുറകളായി കവികള്‍ ഹിന്ദുത്വംമുതല്‍ ഹൈക്കുവരെ ബന്ധപ്പെടുന്ന ഒരു കാല്പനിക അമേരിക്ക സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ കല്പിതമായ ഒരു മഹാഭാരതവുമുണ്ട്. കരീബിയയെ ഇന്ത്യയായും റിയൊ ദ് ലാപ്ലാറ്റയെ ഗംഗാസ്രോതസ്സായും സാന്താമറിയയെകല്‍ക്കട്ടയിലെ ഇരുട്ടറയായും ആന്‍ഡീസ് പര്‍വതത്തെ ഹിമാലയമായും മെക്സിക്കൊയെ താന്ത്രിക ഇന്ത്യയായും ബേ ഓഫ് ഓള്‍ സെയ്ന്റ്സിനെ ബംഗാള്‍ ഉള്‍ക്കടലായും ബ്രസീലിനെ മറ്റൊരിന്ത്യയായും കല്പിച്ചുവന്ന കഥ' (ആമുഖം, ലാറ്റിനമേരിക്കന്‍ കഥകള്‍).
മാര്‍കേസിന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ വായിച്ചുതീരുമ്പോള്‍, ആറേഴു തലമുറകളിലൂടെ ഒരു നൂറുവര്‍ഷം നീളുന്ന വിധിയെ സംബന്ധിച്ച മെല്‍കിയാദീസിന്റെ പ്രവചനഗ്രന്ഥം തന്നെയാണ് നമ്മള്‍ കുരുക്കുകളെല്ലാമഴിച്ച് വായിച്ചുതീര്‍ത്തതെന്ന് ബോധ്യപ്പെടും - സംസ്‌കൃതത്തിലായിരുന്നു ഈ ആയുസ്സിന്റെ പുസ്തകം രചിക്കപ്പെട്ടത്. വിചിത്രമായ ജീവിതങ്ങളില്‍, പ്രണയകാമങ്ങളില്‍, അതിലേറെ വിചിത്രമായ മരണങ്ങളില്‍, മാര്‍കേസിന്റെ പലകഥാപാത്രങ്ങളും നമ്മുടെ ഇതിഹാസകഥാപാത്രങ്ങളോട് രക്തബന്ധമുള്ളവരാണ്. ഭൂഗോളത്തിന്റെ മറുപുറത്ത്, രാവിന്റെയും പകലിന്റെയുമകലം നിത്യമായി പാലിച്ചുകൊണ്ടു നിലകൊള്ളുന്ന 'അപരത്വ'മല്ല നമുക്കിവയൊന്നും, എല്ലാം നമ്മുടെകൂടി കഥകളാണ്.
കൊളംബിയ
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് എഴുതിയതില്‍ ഭൂരിപക്ഷവും - അപരിചിത തീര്‍ഥാടകരെന്ന സമാഹാരത്തിലെ പന്ത്രണ്ടു കഥകളൊഴിച്ച് - തന്റെ നാട്, കൊളംബിയ പശ്ചാത്തലമാക്കിയവയാണ്. കരീബിയന്‍ കടലോരത്താണ് കൊളംബിയ. ദക്ഷിണ അമേരിക്കയിലെ, ബ്രസീലും അര്‍ജന്റീനയും പെറുവും കഴിഞ്ഞാല്‍ നാലാമത്തെ വലിയ രാജ്യം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ബ്രസീലിനും മെക്സിക്കോയ്ക്കും പിന്നില്‍, ജനസംഖ്യയില്‍ മൂന്നാമതാണ് കൊളംബിയ. ദക്ഷിണ അമേരിക്കയുടെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലാണ് ഈ രാജ്യം. മെസ്റ്റിസോ വംശജരാണ് പകുതിയിലേറെ. അഞ്ചിലൊന്ന് യൂറോപ്യന്‍മാര്‍. മ്യുലാറ്റോ എന്ന കറുപ്പും വെളുപ്പും കലര്‍ന്ന സങ്കരവര്‍ഗക്കാര്‍, കറുത്ത വര്‍ഗക്കാര്‍, അമേരിക്കന്‍ ഇന്ത്യര്‍ തുടങ്ങിയവരും ഇവിടെയുണ്ട്. കറുപ്പു വിളയുന്ന ഫലഭൂയിഷ്ഠമായ മണ്ണാണിവിടം. മയക്കുമരുന്നാണ് പലപ്പോഴും ഇവിടത്തെ ഭരണംതന്നെ നിയന്ത്രിക്കുന്നത്. ലോകത്തേറ്റവും മരതകം ഉത്പാദിപ്പിക്കുന്ന രാജ്യം. ദക്ഷിണ അമേരിക്കയില്‍ ഏറ്റവുമധികം സ്വര്‍ണം കുഴിച്ചെടുക്കുന്ന നാട് എന്നൊക്കെപ്പറയാമെങ്കിലും മയക്കുമരുന്നിന്റെ പേരിലാണ് കൊളംബിയ കുപ്രസിദ്ധം. 1500-1538 കാലത്താണ് കൊളംബിയ സ്പെയിനിന്റെ കോളനിഭരണത്തിന്‍ കീഴിലാകുന്നത്. അപ്പോള്‍ മാത്രമാണല്ലൊ ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്ക 'കണ്ടുപിടിക്കുന്നത്'. നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തം ഭാഗികമായെങ്കിലും കൊളംബിയ കുടഞ്ഞെറിയുന്നത് 1810 -ലാണ്. 1819-ല്‍ സിമോണ്‍ ബൊളിവാറിന്റെ നേതൃത്വത്തില്‍, കൊളംബിയ സമ്പൂര്‍ണ സ്വാതന്ത്ര്യം നേടി- ഒപ്പം ന്യൂവേള്‍ഡ് എന്നറിയപ്പെട്ടിരുന്ന ഈ നാട്ടിലെ മറ്റു രാജ്യങ്ങളും. ആഭ്യന്തരയുദ്ധങ്ങളുടെ കാലമായിരുന്നു പിന്നീട്. ആയിരം ദിവസത്തെ യുദ്ധമെന്നു കുപ്രസിദ്ധമായ ആഭ്യന്തരകലാപം, ലിബറല്‍-കണ്‍സര്‍വേറ്റിവ് കക്ഷികള്‍ തമ്മിലുള്ള യുദ്ധം, 1899-1903 കാലത്താണ് നടന്നത്.
കൊളംബിയ പല ഡിപ്പാര്‍ട്ടുമെന്റുകളായാണ് വിഭജിക്കപ്പെട്ടിരുന്നത്; നമ്മുടെ സംസ്ഥാനങ്ങള്‍പോലെ. ഇക്കൂട്ടത്തിലാണ് 1885-ല്‍ നിലവില്‍വന്ന മഗ്ദലേന ഡിപ്പാര്‍ട്ട്മെന്റ്. ഇവിടത്തെ ഒരു ചെറുപ്രദേശമാണ് അരക്കറ്റാക്ക. 'സഹസ്രദിനയുദ്ധ'ത്തിനിടെ പലായനം ചെയ്ത നാട്ടുകാര്‍ അക്കാലത്താണ് ഇവിടെ ഒരു പട്ടണം - ഒരു സെറ്റില്‍മെന്റ്- സ്ഥാപിക്കുന്നത്. അവിടെയൊഴുകിയിരുന്ന അരാ നദിയുടെ പേരും, ആ പട്ടണം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത നേതാവിന്റെ കറ്റാക്ക എന്ന പേരും ചേര്‍ത്ത് സ്ഥലത്തിന് അരക്കറ്റാക്ക എന്നു പേരിട്ടു. മാര്‍കേസ് ഇവിടെയാണ് പിറന്നത്. ഞങ്ങള്‍, ഇന്നാട്ടുകാര്‍ അരക്കറ്റാക്ക എന്നു പറയാറില്ല, ശരിയായ പേരായ കറ്റാക്ക എന്നു മാത്രമേ പറയാറുള്ളുവെന്ന് മാര്‍കേസ് എഴുതിയിട്ടുണ്ട്.
അരക്കറ്റാക്ക എന്ന മക്കോണ്ടൊ
കരീബിയന്‍ തീരത്താണ് ഈ പട്ടണം. അഴിമുഖത്തുനിന്ന് അരാ നദിക്കരയിലൂടെ കരകേറിയാല്‍ ഇവിടെയെത്താം. കൊളംബിയയ്ക്ക് രണ്ടു കടലോരമേഖലയുണ്ട്. തെക്കുപടിഞ്ഞാറന്‍ ഭാഗം പെസിഫിക്കിന്റെ തീരമാണ്. വടക്കുപടിഞ്ഞാറാണ് കരീബിയന്‍ കടല്‍. അരക്കറ്റാക്കയെന്ന ചെറുപട്ടണത്തിനുപുറമേ ബറാന്‍കിയ, കാര്‍ത്തജീന എന്നീ വലിയ നഗരങ്ങളും കരീബിയന്‍ തീരത്താണ്. ഇന്നാടുകളിലെ കാലാവസ്ഥ മറ്റിടങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. ചൂടുകൂടിയ മധ്യരേഖാപ്രദേശമാണിവ. ഇവിടത്തെ കൊടുംചൂടാണ് ഇവര്‍ക്ക് മഞ്ഞുകട്ട വലിയ ആഹ്ലാദം ജനിപ്പിക്കുന്ന ഒന്നാവാന്‍ കാരണം. അതങ്ങനെയല്ലായിരുന്നെങ്കില്‍ ഏകാന്തതയുടെ നൂറുവര്‍ഷങ്ങളെന്ന നോവലേ ഉണ്ടാകുമായിരുന്നില്ലെന്ന് മാര്‍കേസ് ഒരിക്കലെഴുതി. അമേരിക്കയിലെ ആദ്യ അടിമവ്യാപാര തുറമുഖമാണ് കാര്‍ത്തജീന. ആഫ്രിക്കയില്‍നിന്നുളള കറുത്തവരെ ഇവിടെക്കൊണ്ടുവന്നു ലേലത്തില്‍ വിറ്റിരുന്നുവത്രേ. പലരും വന്നിറങ്ങിയ തീരം. സംസ്‌കാരവും വംശങ്ങളും ഇടകലര്‍ന്നു. ഒരുപാടു പ്രാദേശിക ദൈവങ്ങളും അന്ധവിശ്വാസങ്ങളും ഭ്രമാത്മകമായ കഥകളും ഇവിടെ ജനിച്ചു. ഒരുപാടു ഭാര്യമാരും അസംഖ്യം മക്കളുമുള്ള 'നായകന്മാര്‍' ഇവിടെയുണ്ടായിരുന്നു; ഒരസ്വാഭാവികതയുമുണര്‍ത്താതെ.
തകര്‍ത്തു മഴപെയ്യുന്ന പ്രദേശമാണ് അരക്കറ്റാക്ക. ഈ പട്ടണമാണ് മാര്‍കേസിന്റെ മക്കോണ്ടൊ (ങമരീിറീ)യെന്ന സാങ്കല്പികസ്ഥലത്തിനു പ്രേരണയായി നിന്നത്. മക്കോണ്ടൊയില്‍ മഴപെയ്യുന്നതു നോക്കിയിരിക്കുന്ന ഇസബെലിന്റെ ആത്മഗതം മാര്‍കേസിന്റെ ഒരു കഥയില്‍ കാണാം. മഴ സമൃദ്ധമാണ് ഏകാന്തതയുടെ നൂറുവര്‍ഷങ്ങളിലും. കഥയിലെ മഴ നാലുവര്‍ഷവും പതിനൊന്നു മാസവും രണ്ടു ദിവസവും നീണ്ടു.
ഇന്ന് അരക്കറ്റാക്കയിലെ പ്രധാന വരുമാനസ്രോതസ്സ് കൃഷിയും വളര്‍ത്തു മൃഗങ്ങളും ചെറു കുടില്‍വ്യവസായങ്ങളും കച്ചവടവുമൊക്കെയാണ്. എന്നാല്‍ ഒരു നൂറ്റാണ്ടിലേറെ മുന്‍പ് ഇവിടം വാഴത്തോപ്പുകള്‍കൊണ്ടു നിറഞ്ഞിരുന്നു. ശരിക്കുമൊരു കദളീവനം. വാഴക്കൃഷി സമൃദ്ധമായിരുന്ന ഇന്നാടുകളെ ബനാനാ റിപ്പബ്ലിക്കുകള്‍ എന്നുപോലും വിളിക്കാറുണ്ട്. അന്നിവിടെ അമേരിക്കയില്‍ (യു. എസ.്) നിന്നുള്ള യുനൈറ്റഡ് ഫ്രൂട്ട് കമ്പനിയുണ്ടായിരുന്നു. വാഴക്കൃഷി ജ്വരംപോലെ പടര്‍ന്നു. വാഴപ്പനിയെന്നറിയപ്പെട്ടു ഇത്. പണമൊഴുകി ഇവിടെ. പുതുമടിശ്ശീലക്കാര്‍ വന്നു. വാഴക്കുല കൊണ്ടുപോകാനും തൊഴിലാളികളെ കൊണ്ടുപോകാനും ട്രെയിന്‍ വന്നു. മുതലാളിമാര്‍ക്കു കാഴ്ചവെക്കാനായി അന്യനാടുകളില്‍നിന്ന് പെണ്‍കുട്ടികളെ കൊണ്ടുവന്നു. അരക്കറ്റാക്കയുടെ സമ്പദ്വ്യവസ്ഥയെയും സംസ്‌കാരത്തെയും നിര്‍ണയിച്ച വാഴക്കമ്പനി മുപ്പതുകളില്‍ത്തന്നെ തകര്‍ന്നു തുടങ്ങിയിരുന്നെങ്കിലും 1928-ലാണ് വാഴത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന 32,000 തൊഴിലാളികള്‍ സമരം തുടങ്ങിയത്; കൂലിക്കും ജീവിതസാഹചര്യങ്ങള്‍ക്കുംവേണ്ടി. ശുചിത്വപൂര്‍ണമായ അന്തരീക്ഷമോ ജീവിക്കാനുള്ള കൂലിയോ നല്കാന്‍ കമ്പനി തയ്യാറായില്ല. അരക്കറ്റാക്കയ്ക്കടുത്ത സിനെഗെ എന്ന പട്ടണത്തില്‍വെച്ച് സമരക്കാരുടെ പ്രകടനത്തെ പട്ടാളം നേരിട്ടു. നൂറുകണക്കിനു തൊഴിലാളികള്‍ മരിച്ചുവീണു. വാഴത്തോട്ടത്തൊഴിലാളികളെ കൂട്ടക്കൊലചെയ്ത സംഭവമെന്ന് ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു. കൊളംബിയയുടെ ചരിത്രത്തിലെ ഏറ്റവും രക്തപങ്കിലമായ തൊഴിലാളിവേട്ടയായി ഇതു കണക്കാക്കപ്പെടുന്നു. ഏകാന്തതയുടെ നൂറുവര്‍ഷങ്ങളില്‍ ഈ സംഭവം ഭ്രമാത്മകമായും അതിശയോക്തിപരമായും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. 200 കമ്പാര്‍ട്ടുമെന്റു നിറയെ ശവങ്ങളുമായി പോകുന്ന തീവണ്ടി ചീഞ്ഞ വാഴക്കുലകള്‍പോലെ മൃതദേഹങ്ങള്‍ കടലില്‍ തള്ളുന്നു. താന്‍ കണ്ട അരക്കറ്റാക്കയെപ്പറ്റി, താനറിയുന്ന മക്കോണ്ടൊയെപ്പറ്റി മാര്‍കേസ് പറഞ്ഞു:...നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വാഴത്തോട്ടങ്ങള്‍. വാഴക്കുലകളും കയറ്റി ചെമ്മണ്‍പാതയിലൂടെ നീങ്ങുന്ന കാളവണ്ടികള്‍. വിശാലമായ വാഴത്തോട്ടങ്ങള്‍ക്കിടയിലൂടെ ചെമ്മണ്‍പാതയ്ക്കു സമാന്തരമായി ആയുര്‍രേഖപോലെ നീളുന്ന റെയില്‍പ്പാത.
എല്ലാ ദിവസവും പകല്‍ പതിനൊന്നുമണിയോടെ ഒരു തീവണ്ടി പുക തുപ്പി, ചൂളം വിളിച്ച് ആ പാതയിലൂടെ ഇരമ്പിപ്പാഞ്ഞുവരുന്നു. പൊടിപുതച്ച തീവണ്ടിക്ക് മഞ്ഞനിറമായിരുന്നുവെന്ന് ആദ്യമൊന്നും ഞാന്‍ മനസ്സിലാക്കിയിരുന്നില്ല.
ഫസ്റ്റ് ക്ളാസ് കമ്പാര്‍ട്ടുമെന്റുകളിലെ സീറ്റുകള്‍ ചൂരല്‍കൊണ്ടുള്ളവയും തേഡ് ക്ളാസ്സിലേത് മരംകൊണ്ടു നിര്‍മിച്ചവയുമായിരുന്നു. വാഴത്തോട്ടത്തിലെ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്നത് പൊതുവെ വൃത്തിഹീനമായ തേഡ് ക്ളാസ് കമ്പാര്‍ട്ടുമെന്റുകളിലായിരുന്നു. ചിലപ്പോഴൊക്കെ വാഴത്തോട്ടത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കായി ഒരു പ്രത്യേക കമ്പാര്‍ട്ടുമെന്റുകൂടി ഘടിപ്പിക്കുക പതിവായിരുന്നു. എയര്‍കണ്ടീഷന്‍ ചെയ്ത ആ കമ്പാര്‍ട്ടുമെന്റിന്റെ ജനല്‍ ഗ്ളാസുകള്‍ക്ക് നീലനിറമായിരുന്നു. പ്രസ്തുത കമ്പാര്‍ട്ടുമെന്റില്‍നിന്ന് ഇറങ്ങിവരുന്ന മനുഷ്യര്‍ക്ക് കറുത്തനിറമോ ഉറക്കച്ചടവാര്‍ന്ന കണ്ണുകളോ ഉണ്ടായിരുന്നില്ല. അരോഗദൃഢഗാത്രരായ അവര്‍ ചുവന്നുതുടുത്ത സുന്ദരന്മാരായിരുന്നു. ഇടയ്ക്കൊക്കെ അവരെ അനുഗമിച്ചിരുന്ന ഭാര്യമാര്‍ കൃശഗാത്രികളും സുന്ദരികളുമായിരുന്നു'. (പേരയ്ക്കയുടെ സുഗന്ധം. വിവ: കെ. എ. ആന്റണി.)
ഈ വാഴത്തോപ്പും റെയില്‍വേയും മാര്‍കേസിന്റെ കഥകളില്‍ പലവുരു കടന്നുവരുന്നുണ്ട്. 'ഇളകുന്ന പാറക്കെട്ടുകളുടെ പ്രകമ്പനമിയന്ന ചുരം കഴി
ഞ്ഞു തീവണ്ടി ഒരേ നിരപ്പില്‍ അനന്തമായി പരന്നുകിടക്കുന്ന വാഴത്തോട്ടങ്ങള്‍ കടന്നു പോകാന്‍ തുടങ്ങിയപ്പോള്‍ വായു കൂടുതല്‍ ആര്‍ദ്രമാവുകയും കടല്‍ക്കാറ്റ് അവരില്‍നിന്ന് അകന്നുപോവുകയും ചെയ്തു. കമ്പാര്‍ട്ടുമെന്റിന്റെ ജനലിലൂടെ ശ്വാസംമുട്ടിക്കുന്ന പൊടിപടലം കയറിവന്നു. റെയില്‍പ്പാളത്തിനും സമാന്തരമായുള്ള ഇടുങ്ങിയ റോഡിലൂടെ പച്ചവാഴക്കുലകള്‍ കയറ്റിയ കാളവണ്ടികള്‍ നീങ്ങിക്കൊണ്ടിരുന്നു'- ഉച്ചമയക്കമെന്ന കഥ തുടങ്ങുന്നതിങ്ങനെയാണ്. അഞ്ചാം വയസ്സില്‍, ഒരു മരണം നേരിട്ടുകണ്ട അനുഭവമുണ്ട് മാര്‍കേസിന്. ആ അനുഭവംകൂടി വെച്ചുകൊണ്ടാണീ കഥയെഴുതുന്നത്. ഇതില്‍ നിറഞ്ഞുനില്ക്കുന്നത് ചൂടില്‍ മയങ്ങിനില്ക്കുന്ന അരക്കറ്റാക്കയാണ്. ചുവന്ന ഇഷ്ടികകൊണ്ടുള്ള കെട്ടിടങ്ങളാണിവിടെ. (മക്കോണ്ടൊ നഗരം സ്ഥാപിക്കപ്പെട്ടപ്പോഴും അതങ്ങനെയായിരുന്നു.) പീടികകളും ആപ്പീസുകളും സ്‌കൂളുമൊക്കെ പതിനൊന്നുമണിക്കു പൂട്ടും. വൈകീട്ട് നാലിന് ട്രെയിന്‍ തിരിച്ചുപൊകുമ്പോഴേ അവ വീണ്ടും തുറക്കൂ. അസഹനീയമായ ഉഷ്ണം. ആളുകള്‍ നടുമുറ്റത്തിരുന്നു ഭക്ഷണം കഴിച്ചു. പുറത്ത് ബദാംമരച്ചുവട്ടില്‍ ഉച്ചയുറക്കത്തിനു കിടന്നു.
ഇപ്പോള്‍ അരക്കറ്റാക്കയില്‍ ട്രെയിനല്ല പ്രധാന ഗതാഗതമാര്‍ഗം. കല്‍ക്കരിയും നിറച്ച് ഒരു തീവണ്ടി നിത്യവും ഇതുവഴി സാന്താ മാര്‍ത്തയിലേക്ക് പോകും. അരക്കറ്റാക്കയില്‍ ഇന്ന് സ്റ്റേറ്റ് ഹൈവേയുണ്ട്.
അരക്കറ്റാക്കയില്‍ ബാരിയോസ് എന്നറിയപ്പെടുന്ന 33 വാസകേന്ദ്രങ്ങളുണ്ട്. അവയില്‍ ഒന്നിന്റെ പേര് മക്കോണ്ടൊ എന്നാണ്. അരക്കറ്റാക്കയുടെ പേരുതന്നെ മക്കോണ്ടൊ എന്നാക്കണം എന്ന പദ്ധതിയുണ്ടായിരുന്നു. ഇവിടത്തെ മേയറുടെ, ടൂറിസം ലക്ഷ്യമാക്കിയുള്ള ഈ നീക്കം വേണ്ടത്ര വോട്ടുകിട്ടാതെ പാളിപ്പോവുകയായിരുന്നു. 'അരക്കറ്റാക്ക-മക്കൊണ്ടൊ' എന്ന വലിയ സൈന്‍ബോര്‍ഡുകള്‍ പക്ഷേ, ഇവിടങ്ങളില്‍ വഴികാട്ടിയായി നില്പുണ്ട്.
നഗരാതിര്‍ത്തിയില്‍ മാര്‍കേസിന്റെ ചിത്രമുള്ള വലിയൊരു ബോര്‍ഡില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ എഴുതിവെച്ചിട്ടുണ്ട്: 'ഒരു ദിവസം ഞാന്‍ എന്റെ വീട്ടില്‍, അരക്കറ്റാക്കയില്‍ മടങ്ങിയെത്തി. എന്റെ കൃതികള്‍ക്കുവേണ്ട അസംസ്‌കൃതവസ്തുക്കളായ യാഥാര്‍ഥ്യങ്ങളുടെയും ഗൃഹാതുരത്വത്തിന്റെയും ഉറവിടമാണിവിടമെന്ന് ഞാന്‍ കണ്ടെത്തുകയും ചെയ്തു.'
തീരെ തണലില്ലാത്ത, ഒറ്റനിലവീടുകള്‍ മാത്രമുള്ള പട്ടണമാണ് ഇന്ന് അരക്കറ്റാക്ക. തകരംമേഞ്ഞ തടിവീടുകള്‍ ഓര്‍മത്തെറ്റുപോലെ അവിടവിടെ അവശേഷിക്കുന്നുണ്ട്. ഏകാന്തതയുടെ നൂറുവര്‍ഷങ്ങളില്‍ കണ്ട ബദാം മരങ്ങള്‍ അവിടവിടെക്കാണാം. അക്കേഷ്യ വേണ്ട, ബദാം മതിയെന്ന് മക്കോണ്ടൊ സ്ഥാപകന്‍ ഹോസെ ആര്‍ക്കേദിയോ ബ്വേന്‍ദിയാ തീരുമാനിക്കുന്നുണ്ടല്ലോ.
Content Highlights: gabriel garcia marquez rvm divakaran book excerpt mathrubhumi books
Published: 06 Mar 2024, 04:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented