
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം പറയുന്ന പുസ്തകമാണ് കെ. ബാലകൃഷ്ണന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'കമ്യൂണിസ്റ്റ് കേരളം'. കയ്യൂര്‍, കരിവെള്ളൂര്‍, പഴശ്ശി, പുന്നപ്ര-വയലാര്‍ തുടങ്ങി നിരവധി സമരപോരാട്ടങ്ങള്‍ ഈ പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്. പാര്‍ട്ടിയിലെ വെട്ടിനിരത്തലുകളുടെ ആദ്യകാലത്തെക്കുറിച്ച് എഴുതിയ ഭാഗം വായിക്കാം.
വി.എസ്. അച്യുതാനന്ദന്റെ രാഷ്ട്രീയജീവിതത്തില്‍ അദ്ദേഹത്തിനെതിരേ ഏറ്റവും രൂക്ഷമായി ഉയര്‍ന്ന ആക്ഷേപം വെട്ടിനിരത്തലുകാരന്‍ എന്നാണ്. കേരളത്തിന്റെ സാമൂഹ്യചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു സമരവുമായി ബന്ധപ്പെട്ടാണ് ആ ആക്ഷേപം. ഒമ്പതു ലക്ഷം ഹെക്ടര്‍ നെല്‍പ്പാടമുണ്ടായിരുന്ന കേരളത്തില്‍ അതു നികത്തി നികത്തി മൂന്നു ലക്ഷം ഹെക്ടറോളമെത്തിച്ച അവസ്ഥയിലാണ് കേരളാ സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്റെ സ്ഥാപകനേതാവുകൂടിയായ വി.എസ്. അച്യുതാനന്ദന്‍ നിലംനികത്തലിനെതിരേ ശക്തമായി രംഗത്തുവന്നത്. പ്രതിപക്ഷനേതാവാണ് അന്ന് വി.എസ്. പാടം നികത്തി അവിടെ കോണ്‍ക്രീറ്റ് സൗധങ്ങള്‍ പൊക്കുക, റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്കായി പാടം ദുരുപയോഗിക്കുക, നെല്‍പ്പാടം തരംമാറ്റി അവിടെ റബ്ബറും തെങ്ങുമെല്ലാം വെക്കുക ഈ പ്രവണതയ്‌ക്കെതിരേയാണ് അച്യുതാനന്ദന്‍ ആഞ്ഞടിച്ചത്. അക്കാലത്ത് ജി. സുധാകരനാണ് കെ.എസ്.കെ.ടി.യുവിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറി. ആലപ്പുഴയില്‍ പാടം നികത്തി നാണ്യവിളകള്‍ കൃഷി ചെയ്യുന്നതിനെതിരേ കെ.എസ്.കെ.ടി.യു. ശക്തമായ സമരം തുടങ്ങി. അത് ധര്‍ണയല്ലായിരുന്നു. പാടത്തു നട്ട റബ്ബറും കവുങ്ങുമെല്ലാം പിഴുതെറിയുകയായിരുന്നു, ചിലേടത്ത് വെട്ടിമാറ്റലും. ഇതാണ് 'വെട്ടിനിരത്തല്‍സമരം' എന്ന പേരില്‍ ആക്ഷേപിക്കപ്പെട്ടത്. കേരളത്തില്‍ ആദ്യമായി തുടങ്ങിയ ഏറ്റവും ശക്തമായ പരിസ്ഥിതിസമരങ്ങളിലൊന്നായിരുന്നു അത്. അതിന്റെ നായകന്‍ അച്യുതാനന്ദനായിരുന്നതിനാല്‍ വെട്ടിനിരത്തലിന്റെ ഉപജ്ഞാതാവായി അദ്ദേഹം ചിത്രീകരിക്കപ്പെട്ടു.
തയ്ക്കാനുള്ള തുണി വെട്ടി ശരിയാക്കലായിരുന്നു വി.എസ്. അച്യുതാനന്ദന്‍ ചെയ്ത തൊഴില്‍. തുന്നല്‍ക്കാരനാകുന്നതിനു മുമ്പ് ഫാക്ടറിത്തൊഴിലാളിയായി. വളരെ ചെറുപ്പത്തില്‍ അമ്മയും അച്ഛനും നഷ്ടപ്പെട്ട വി.എസ്. ജ്യേഷ്ഠന്റെ സംരക്ഷണയിലായിരുന്നു. ഏഴാം ക്ലാസ്സില്‍ പഠനം നിര്‍ത്തി ജ്യേഷ്ഠന്റെ കടയില്‍ സഹായിയായി ജോലിയില്‍. തയ്ക്കാനുള്ള തുണി വെട്ടി ശരിപ്പെടുത്തല്‍ ആദ്യം പഠിച്ച ജോലി. വരഞ്ഞതിനു കണക്കായി കത്രികകൊണ്ട് വെട്ടുക. ആ കണിശത ജീവിതകാലത്തുടനീളം കാക്കാന്‍ ശ്രമിച്ചുവെന്നത് ഒരു വിജയരഹസ്യം. കടയില്‍ ഈ ജോലി ചെയ്തുകൊണ്ടിരിക്കേയാണ് 1939 കാലത്ത് ആസ്പിന്‍വാള്‍ കമ്പനിയിലെ തൊഴിലാളികളുമായി ബന്ധംവെക്കുന്നത്. കടയില്‍ എത്തുന്ന അവര്‍ പറയുന്നതുകേട്ട രാഷ്ട്രീയത്തിലൂടെ ചൂഷണത്തിന്റെ കഥകളിലൂടെ തുടക്കം.
1990-കളിലാണ് വി.എസ്. വെട്ടിനിരത്തലുകാരനായി ആക്ഷേപിക്കപ്പെട്ടതെങ്കില്‍ 1986 ആദ്യംതന്നെ പാര്‍ട്ടിയില്‍ ആ കര്‍മം സംസ്ഥാനതലത്തില്‍ നിര്‍വഹിക്കാന്‍ നിയുക്തനാകുന്നു.
1986 ജനുവരി 13. കേരള സി.പി.ഐ.എം. ചരിത്രത്തിലെ നിര്‍ണായകമായ ഒരു ദിനമാണന്ന്. കൊല്‍ക്കത്തയിലെ 12-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനും സംസ്ഥാന സെക്രട്ടറിയേറ്റ് രൂപവത്കരിക്കുന്നതിനുമായുള്ള സംസ്ഥാനകമ്മിറ്റിയോഗം. ടി.കെ. രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഇ.എം.എസ്സിനു പുറമേ പി.ബി. അംഗങ്ങളായ ബി.ടി. രണദിവേയും ഇ. ബാലാനന്ദനും പങ്കെടുക്കുന്നു.
സംസ്ഥാന സെക്രട്ടറി വി.എസ്. അച്യുതാനന്ദന്‍ എം.വി. രാഘവനും കൂട്ടര്‍ക്കുമെതിരായ കുറ്റപത്രം കമ്മിറ്റിയില്‍ അവതരിപ്പിച്ചു. അതിങ്ങനെയായിരുന്നു: എം.വി. രാഘവന് പാര്‍ട്ടി അംഗം എന്ന നിലയ്ക്ക് തന്റെ അഭിപ്രായം പറയുന്ന വേദിയായി കമ്മിറ്റിയെയും സമ്മേളനത്തെയും ഉപയോഗിക്കാം. അതിന് തടസ്സമില്ലെന്ന് (ബദല്‍രേഖ സംസ്ഥാനസമ്മേളനത്തിലെ ചര്‍ച്ചയ്ക്കായി അവതരിപ്പിക്കാമെന്ന്) സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുത്ത പിബി അംഗങ്ങള്‍ (സമ്മേളനത്തലേന്നത്തെ യോഗം) വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാഘവന്‍ ചെയ്തത് അതല്ല. തന്നോട് യോജിപ്പുണ്ടെന്നു തോന്നുന്ന വേറെ എട്ടുപേരെക്കൂടി ചേര്‍ത്ത് സ്റ്റേറ്റ് കമ്മിറ്റിക്കകത്ത് ഒരു ഗ്രൂപ്പുണ്ടാക്കുക, ആ ഗ്രൂപ്പിന്റെ പേരില്‍ പാര്‍ട്ടി ഭരണഘടനയിലെ 21-ാം വകുപ്പ് ദുര്‍വ്യാഖ്യാനിച്ച് ഉള്‍പ്പാര്‍ട്ടി ചര്‍ച്ച നടത്തണമെന്ന് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടുക, അങ്ങനെ ആവശ്യപ്പെടുന്നതിന്റെ പിന്നാലെതന്നെ കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തിന് കാത്തുനില്‍ക്കാതെ ആ രേഖയുടെ കോപ്പിയെടുത്ത് രഹസ്യമായി വിതരണം ചെയ്ത് സമ്മേളനപ്രതിനിധികള്‍ക്കിടയില്‍ ഒരു ഗ്രൂപ്പുണ്ടാക്കുക, അതിന്റെ പിന്‍ബലത്തോടെ സമ്മേളനത്തില്‍ കൃത്രിമ ഭൂരിപക്ഷമുണ്ടാക്കാന്‍ ശ്രമിക്കുക, സമ്മേളന നടപടികളില്‍ ആ ഗ്രൂപ്പ് സംഘടിതമായിത്തന്നെ പ്രവര്‍ത്തിക്കുക, വാശിയേറിയ വിവാദങ്ങള്‍ക്കു ശേഷം വോട്ടെടുപ്പിന്റെ ഘട്ടം വന്നപ്പോള്‍ പരാജയപ്പെടുമെന്നുകണ്ട് സംഘടിതമായിത്തന്നെ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരിക്കുക- ഇതെല്ലാമാണ് സംസ്ഥാനസമ്മേളനത്തില്‍ നടന്നത്.
ഇത്രയും നഗ്നമായ സംഘടനാവിരുദ്ധപ്രവര്‍ത്തനം നടന്ന സാഹചര്യത്തില്‍ ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് അച്യുതാനന്ദന്‍ നിര്‍ദേശിച്ചു. അതിനു മുമ്പ് എല്ലാ അംഗങ്ങള്‍ക്കും അഭിപ്രായം പറയുന്നതിനുള്ള അവസരം അനുവദിച്ചിരുന്നു. ബദല്‍രേഖയില്‍ ഒപ്പിട്ടവര്‍ അതിലെ രാഷ്ട്രീയനിലപാടില്‍നിന്ന് മാറിയില്ല. തുടര്‍ന്നാണ് എന്തു നടപടി എന്ന നിര്‍ദേശം. എം.വി. രാഘവന് ഒരു കൊല്ലത്തെ സസ്‌പെന്‍ഷന്‍, എല്‍.ഡി.എഫ്. കണ്‍വീനര്‍ പി.വി. കുഞ്ഞിക്കണ്ണന് മൂന്നു മാസത്തെ സസ്‌പെന്‍ഷന്‍. പുത്തലത്ത് നാരായണന്‍, എ.കെ.ജി. സെന്ററിന്റെ ട്രഷറര്‍ കൂടിയായ പി. ചന്ദ്രന്‍ എന്നിവരെ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. ശേഷിച്ച ഇ.കെ. ഇമ്പിച്ചിബാവ, ടി. ശിവദാസമേനോന്‍, വി.വി. ദക്ഷിണാമൂര്‍ത്തി, സി.കെ. ചക്രപാണി, സി.പി. മൂസാന്‍കുട്ടി, പാട്യം രാജന്‍ എന്നിവര്‍ക്ക് പരസ്യശാസന. അതായിരുന്നു ശിക്ഷ.
ഈ ശിക്ഷാനടപടികള്‍ വിശദീകരിച്ചുകൊണ്ട് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പുറപ്പെടുവിച്ച പ്രസ്താവന എം.വി. രാഘവനും കൂട്ടരും ഒരിക്കലും തിരിച്ചുവരില്ല എന്ന ശക്തമായ സൂചന ഉള്‍ക്കൊള്ളുന്നതായിരുന്നു. അഥവാ വരരുത് എന്ന ഉറച്ച താക്കീതും അവരെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവും നിറഞ്ഞ പത്രക്കുറിപ്പായിരുന്നു അത്. അവര്‍ ചെയ്ത തെറ്റ് ഗുരുതരമായിരുന്നുതാനും. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ പുറത്തിറക്കുന്ന പ്രസ്താവനയില്‍നിന്നു വ്യത്യസ്തമായി കേന്ദ്ര നേതാക്കളും സംസ്ഥാന സെക്രട്ടറിയും യോഗത്തില്‍ നടത്തിയ പ്രസംഗം പത്രക്കുറിപ്പില്‍ ഉദ്ധരിച്ചു ചേര്‍ക്കുകകൂടി ചെയ്തു.
കേരളരാഷ്ട്രീയത്തില്‍ അവസരവാദസഖ്യങ്ങള്‍ക്കിടമില്ലെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്ത ഇ.എം.എസ്. സംസ്ഥാന കമ്മിറ്റിയിലും അതിന്റെ തുടര്‍ച്ചപോലെയാണ് സംസാരിച്ചത്. കേരളാ പാര്‍ട്ടിയിലെ ഒരു ന്യൂനപക്ഷവിഭാഗം പാര്‍ലമെന്ററി വ്യാമോഹത്തിന്റെ ചെളിക്കുണ്ടിലാണ്ടുപോയെന്നും അവര്‍ പാര്‍ട്ടി ഭരണഘടനയിലെ എല്ലാ വകുപ്പും ലംഘിച്ചുകൊണ്ടുള്ള കലാപക്കൊടിയാണുയര്‍ത്തിയതെന്നും അതിനെ നിശ്ശേഷം പരാജയപ്പെടുത്തിയില്ലെങ്കില്‍ പാര്‍ട്ടി അപകടത്തിലാകുമെന്നും ഇ.എം.എസ്. ചൂണ്ടിക്കാട്ടിയതായി പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ കമ്യൂണിക്കെയില്‍ വ്യക്തമാക്കി. പോളിറ്റ് ബ്യൂറോ അംഗം ബി.ടി. രണദിവേയാകട്ടെ ബദല്‍രേഖക്കാരെ റിവിഷനിസ്റ്റുകളായി വിവരിച്ചു.
റിവിഷനിസ്റ്റുകളോട് വിടപറഞ്ഞ് (സി.പി.ഐ.) പുറത്തുവന്നശേഷം പാര്‍ട്ടിക്ക് നേരിടേണ്ടിവന്നിട്ടുള്ള ഏറ്റവും വലിയ റിവിഷനിസ്റ്റ് ഭീഷണിയാണ് കേരള പാര്‍ട്ടിയില്‍നിന്നും ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. സി.പി.ഐ.എം. രൂപംകൊണ്ട ഉടനെ തീവ്രവാദത്തിന്റെയും സെക്‌ടേറിയനിസത്തിന്റെതുമായ ഭീഷണി നാം നേരിട്ടു പരാജയപ്പെടുത്തി. അന്ന് ആ നക്‌സല്‍ ചിന്താഗതിയോട് അനുകൂലസമീപനം സ്വീകരിച്ചവരാണ് എം.വി. രാഘവനും ഇമ്പിച്ചിബാവയും മറ്റും. അവരാണ് ഇപ്പോള്‍ റിവിഷനിസത്തിന്റെ കൊടിയുയര്‍ത്തിയിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്. മാര്‍ക്‌സിസം-ലെനിനിസത്തിനെതിരായി പലേടത്തും പലപ്പോഴും ഇടതുപക്ഷ-വലതുപക്ഷ അവസരവാദങ്ങള്‍ ഒരുമിച്ചുയര്‍ന്നുവന്നിട്ടുണ്ട്. ഇന്ന് ഒരുവിഭാഗം കേരളസഖാക്കളില്‍ കാണുന്നത് ആ വ്യതിയാനമാണ് എന്ന് വ്യക്തമാക്കിയ ബി.ടി.ആര്‍. എം.വി. രാഘവന്‍ തന്‍പ്രമാണിത്തക്കാരനാണെന്നും വിമര്‍ശിച്ചു. പാര്‍ട്ടിയെ തെറ്റായ പാതയിലേക്കു നയിച്ച് അംഗത്വപരമായ അവസ്ഥയിലെത്തിച്ചുവെന്നതിന്റെ പേരില്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്നെല്ലാം ഒരു ഘട്ടത്തില്‍ പുറത്തായ നേതാവാണ് ബി.ടി.ആര്‍. പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് ഉചിതമായ വിനയത്തോടെ പെരുമാറുന്നതിനു പകരം അഹന്തയും തന്‍പ്രമാണിത്തവും പതിവാക്കിയ ആളാണ് രാഘവന്‍. വിദ്യാര്‍ഥി-യുവജന വിഭാഗങ്ങളില്‍പ്പെട്ട പലരെയും വഴിതെറ്റിക്കാന്‍ രാഘവന്റെ നേതൃത്വത്തിലുള്ള ബദല്‍രേഖക്കാര്‍ക്ക് കഴിഞ്ഞിട്ടുണ്ട് (എം.വി. ഗോവിന്ദന്‍, സി.പി. ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ബദല്‍രേഖയ്ക്കനുകൂലമായി നടന്ന പ്രവര്‍ത്തനങ്ങളെ സൂചിപ്പിച്ച്). തുടര്‍ന്ന് എം.വി. രാഘവന്‍ വിഭാഗം പാര്‍ട്ടിയില്‍ തലമുറകളുടെ വിടവുണ്ടെന്ന രഹസ്യപ്രചാരണം നടത്തിയതായും തലമുറകളുടെ വിടവ് എന്നത് ബൂര്‍ഷ്വാപരികല്‍പ്പനയാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ വി.എസ്. അച്യുതാനന്ദന്‍ നടപടിയിലേക്കു നയിച്ച ബാക്കി കാര്യങ്ങള്‍കൂടി കമ്യൂണിക്കെയില്‍ വിശദമാക്കി തുടരുന്നു. കൊച്ചിസമ്മേളനത്തില്‍ ബദല്‍രേഖ അവതരിപ്പിച്ച ഒമ്പതുപേരും പ്രശ്‌നത്തിന്റെ രാഷ്ട്രീയവശമായ പാര്‍ലമെന്ററി അവസരവാദം തങ്ങള്‍ക്ക് സംഭവിച്ചതായി സമ്മതിച്ചില്ല. സംഘടനാപരമായി തങ്ങളെടുത്ത നടപടികള്‍ തെറ്റായെന്ന് ഒരുതരത്തില്‍ സമ്മതിച്ചവരുണ്ട്. എന്നാല്‍ അതും അവര്‍ ചെയ്ത തെറ്റുകള്‍ നിഷേധിക്കാന്‍ വയ്യാത്തതരത്തില്‍ തെളിഞ്ഞതുകൊണ്ടാണ്. ഇത്രപോലും തെറ്റു സമ്മതിക്കാന്‍ തയ്യാറാകാത്തവരാണ് മിക്കവരും. സ്റ്റേറ്റ് കമ്മിറ്റിയിലെ ഭൂരിപക്ഷത്തെയും കേന്ദ്രനേതൃത്വത്തെയും വെല്ലുവിളിക്കുന്ന ഒരു ഗ്രൂപ്പ് പാര്‍ട്ടിക്കകത്ത് ഉണ്ടാക്കുന്നതില്‍ തങ്ങള്‍ വഹിച്ച പങ്കില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് മിക്കവരും ശ്രമിച്ചത്.
എം.വി. രാഘവനാവട്ടെ താന്‍ കോപ്പിയെടുപ്പിച്ച ബദല്‍രേഖ മറ്റാര്‍ക്കും കൊടുത്തിട്ടില്ല, നശിപ്പിക്കുകയാണ് ചെയ്തതെന്ന കെട്ടുകഥ പറഞ്ഞ് താന്‍ സംഘടിപ്പിച്ച ഗ്രൂപ്പുകാരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണ് ചെയ്തത്. രേഖയുടെ കോപ്പികളെടുക്കുന്നതില്‍ പങ്കുവഹിച്ച സ്റ്റേറ്റ് കമ്മിറ്റി ഓഫീസ് ചുമതലക്കാരന്‍കൂടിയായ പി. ചന്ദ്രന്‍ നല്‍കിയ വിശദീകരണം തൃപ്തികരമായില്ല.
ബദല്‍രേഖക്കാരായ ഒമ്പതുപേരും ചന്ദ്രനും ഒഴികെ മറ്റെല്ലാവരും ബദല്‍രേഖക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് നടപടിയെന്നാണ് പത്രക്കുറിപ്പില്‍ വിശദീകരിച്ചത്. എം.വി. രാഘവനെ ഒറ്റയടിക്ക് പുറത്താക്കുന്നത് അദ്ദേഹത്തോടൊപ്പം അണിനിരന്ന ആയിരക്കണക്കിനു പ്രവര്‍ത്തകരെയും അകറ്റും. അത് വലിയ പിളര്‍പ്പിനു കാരണമാകും എന്നതിനാലാണ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഷന്‍ എന്ന തന്ത്രം പ്രയോഗിച്ചത്. സസ്‌പെന്‍ഷനാണെങ്കിലും പുറത്താക്കിയതിനു തുല്യമായ, അതിനെക്കാള്‍ ഗുരുതരമായ പ്രസ്താവനയാണിറക്കിയത്. സസ്‌പെന്‍ഷന്‍ മാത്രമെങ്കില്‍ ഭരണഘടനാപരമായി അത്തരം പ്രസ്താവനകള്‍ പാടില്ലാത്തതോ പതിവില്ലാത്തതോ ആണ്.
അന്നത്തെ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ചടയന്‍ ഗോവിന്ദനെ തിരഞ്ഞെടുത്തു. പാലോളി മുഹമ്മദ്കുട്ടിയും സെക്രട്ടറിയേറ്റിലേക്ക് വന്നു. ചടയന്‍ ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പോയ ഒഴിവില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പിണറായി വിജയന്‍ വന്നു. കൂട്ടത്തില്‍ പറയട്ടെ, കണ്ണൂര്‍ ജില്ലയില്‍നിന്ന് ബദല്‍രേഖയെ നേരിട്ടോ പരോക്ഷമായോ പിന്തുണയ്ക്കാത്ത, ഏകനേതാവ് പിണറായി വിജയനായിരുന്നു. ചടയന്‍പോലും എം.വി. രാഘവന്റെ രാഷ്ട്രീയ ലൈനിനെ തള്ളിപ്പറഞ്ഞില്ല. ഏറക്കുറെ പുറമേയ്ക്ക് നിഷ്പക്ഷ സമീപനമായിരുന്നു ചടയന്റേത്. എന്നാല്‍ സംസ്ഥാനസമ്മേളനത്തിലെ സംഭവവികാസങ്ങളോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. നേരത്തേ എം.വി.ആര്‍. പക്ഷത്തുനിന്ന നേതാക്കളില്‍ ഭൂരിപക്ഷവും അദ്ദേഹത്തിന്റെ കടുത്ത ശത്രുക്കളായി മാറുകയായിരുന്നു.
സി.പി.ഐ.എമ്മില്‍ ഒരു അടിയന്തരാവസ്ഥയാണ് 1986 ജനുവരി 13ന് പ്രഖ്യാപിക്കപ്പെട്ടത്. എം.വി. രാഘവനുമായി ബന്ധമുള്ളവരെല്ലാം നിരീക്ഷണത്തിലായി. സി.പി.ഐ.എമ്മിന്റെ എല്ലാ ബ്രാഞ്ചുകളും ഒറ്റരാത്രി വിളിക്കപ്പെട്ടു. പാര്‍ട്ടിയെ ആകെ ഔദ്യോഗിക നേതൃത്വത്തിനൊപ്പം ഉറപ്പിച്ചുനിര്‍ത്തുക, എം.വി. രാഘവന്‍ വര്‍ഗവഞ്ചകനാണെന്ന് രഹസ്യമായി പ്രചരിപ്പിക്കുക ഇതെല്ലാം നടക്കുകയായിരുന്നു.
എം.വി. രാഘവന്റെ ആദ്യ പ്രവര്‍ത്തനകേന്ദ്രവും കൂടുതല്‍ സ്വാധീനമുള്ള പ്രദേശവുമെന്നനിലയിലും സംസ്ഥാനസമ്മേളനത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ബദല്‍രേഖയ്ക്ക് അനുകൂലമായ നിലപാട് പരോക്ഷമായെങ്കിലും സ്വീകരിച്ച ജില്ലയെന്ന നിലയില്‍ കണ്ണൂരിലേക്ക് നേതാക്കളുടെ പ്രവാഹമായി. ജാഗ്രത കാട്ടിയില്ലെങ്കില്‍ പാര്‍ട്ടി അണികളില്‍ വലിയൊരു ഭാഗം എം.വി. രാഘവനൊപ്പം പോകുമെന്ന ഭയമായിരുന്നു പാര്‍ട്ടിക്ക്. ഇ.എം.എസ്., നായനാര്‍, എം.വി. രാഘവന്‍ എന്നിവരാണ് സി.പി.എമ്മിലെ ജനപ്രിയനേതാക്കള്‍. വി.എസ്. അന്ന് ജനകീയനേതാവായി അംഗീകരിക്കപ്പെട്ടിട്ടില്ല. രാഘവന്‍ എന്തു ചെയ്യുമെന്നത് മുന്‍കൂട്ടി അറിയാവുന്ന ഇ.എം.എസ്സും, വി.എസ്സും മറുമരുന്നുകള്‍ മുന്‍കൂര്‍ പ്രയോഗിച്ചു. പാര്‍ട്ടി സംഘടനാരീതിക്ക് ഒരുതരത്തിലും നിരക്കാത്തതായിരുന്നു അതില്‍ പല മറുമരുന്നുകളും. ജനുവരി 12, 13 തീയതികളിലെ സംസ്ഥാന കമ്മിറ്റിയോഗത്തിലെ തീരുമാനമായി സസ്‌പെന്‍ഷന്‍, ശാസനാനടപടികള്‍ വന്നതിന്റെ പിറ്റേന്നുതന്നെ ഇ.എം.എസ്. കണ്ണൂരിലേക്കു തിരിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ വിശദീകരിക്കാനെന്ന പേരില്‍ സി.പി.ഐ.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ വമ്പിച്ച റാലി. സ്റ്റേഡിയം കോര്‍ണറിലാണ് റാലി. റാലി നടക്കുന്ന ദിവസം രാവിലെ ഇ.എം.എസ്സിന്റെ താമസസ്ഥലത്തെത്തി പാര്‍ട്ടിയിലെ സംഘടനാപ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്നതിന് ശ്രമിക്കണമെന്ന അഭ്യര്‍ഥന എം.വി. രാഘവന്‍ നടത്തി. എന്നാല്‍, സംഘടനാപരമായ തീരുമാനത്തിനപ്പുറം തനിക്കൊന്നും പറയാനില്ലെന്നു പറഞ്ഞ് മുഖംതിരിക്കുകയായിരുന്നു ഇ.എം.എസ്. കാരണം, എല്ലാം തീരുമാനിച്ചുറച്ചതായിരുന്നു.
Content Highlights: excerpts from the book communist keralam by k balakrishnan mathrubhumi books
Published: 11 Apr 2022, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented