
തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ധനനും നിരാലംബനുമായ ഒരു ബാലന്‍ കയറിപ്പറ്റിയ ജീവിതാനുഭവങ്ങളുടെ പുസ്തകമാണ് ബാബു അബ്രഹാം എഴുതിയ 'കമ്പിളികണ്ടത്തെ കല്‍ഭരണികള്‍.' പട്ടിണിയും ദാരിദ്ര്യവും അതിന്റെ കൂട്ടുപലിശപോലെ കുമിഞ്ഞുകൂടുന്ന അവജ്ഞയും അവഹേളനവും അവഗണനയും ഇന്ധനമാക്കി മാറ്റി ജീവിതം സ്വയം തിരുത്തിക്കുറിച്ച ബാബു അബ്രഹാമിന്റെ ജീവിതകഥയില്‍ നിന്നും ഒരേട്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നിന്നും ഒരു അധ്യായം.
ഇടുക്കിയില്‍ ഞാന്‍ പ്രീഡിഗ്രി പഠിച്ച കോളേജില്‍ കൊമേഴ്സ് ഡിഗ്രി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ ഭാവിസ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ ഇംഗ്ലീഷ് സാഹിത്യംതന്നെ പഠിക്കണം എന്ന തീരുമാനത്തില്‍ ഞാന്‍ അതിനോടകം എത്തിച്ചേര്‍ന്നിരുന്നു. ഞങ്ങളുടെ രൂപതയുടെ കോളേജില്‍ ബി.എ. ഇംഗ്ലീഷ് ഉണ്ടെന്ന് എനിക്കറിയാമായിരുന്നുവെങ്കിലും ചങ്ങനാശ്ശേരിയിലെ എസ്.ബി. കോളേജില്‍ത്തന്നെ ചേര്‍ന്നു പഠിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്റെ ഐ.എ.എസ്. മോഹങ്ങള്‍ സാക്ഷാത്കരിക്കാന്‍ പറ്റിയ സ്ഥലം എസ്.ബി. കോളേജാണെന്ന് ഞാന്‍ മനസ്സിലാക്കി.
ചങ്ങനാശ്ശേരിയില്‍ പോയി പഠിക്കണമെങ്കില്‍ ഹോസ്റ്റലില്‍ താമസിക്കണം. അതിനുള്ള വരുമാനം എനിക്കില്ല. റാങ്ക് കിട്ടിയതിനാല്‍ സര്‍വ്വകലാശാലയില്‍നിന്ന് മൂന്നു മാസം കൂടുമ്പോള്‍ 980 രൂപ വെച്ച് മൂന്നു വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ് കിട്ടും. പക്ഷേ, ആ തുക എപ്പോള്‍ കിട്ടുമെന്ന് ആര്‍ക്കും പറയാനാവില്ലായിരുന്നു. എന്തുചെയ്യണമെന്നറിയാതെ എന്റെ അവസ്ഥ തെള്ളിത്തോട്ടിലെ വികാരിയച്ചനുമായി ഞാന്‍ പങ്കുവെച്ചു.
അദ്ദേഹം എഴുതി കവറിലിട്ട് ഒട്ടിച്ചുതന്ന ഒരു കത്തുമായി അച്ചന്‍ ഫോണ്‍ വിളിച്ച് അനുമതി വാങ്ങിയിരുന്ന ഒരു ദിവസം ഞാന്‍ മെത്രാനെ കാണാനായി മലയിറങ്ങി. കോട്ടയം അരമനയുടെ സ്വീകരണമുറിയില്‍ പിതാവ് എനിക്ക് അനുവദിച്ചിരുന്ന പതിനൊന്നര മണിയാകാന്‍ ഞാന്‍ കാത്തിരുന്നു.
സ്വീകരണമുറിയിലെ കറുത്ത ഘടികാരത്തെ ഏറെ പകയോടെ എന്നവണ്ണം നോക്കിയിരുന്ന കന്യാസ്ത്രീ ഏതോ അന്യഗ്രഹത്തില്‍നിന്നു വന്ന ജീവിയെ എന്നപോലെ എന്നെ ഇടയ്ക്കിടയ്ക്ക് തുറിച്ചുനോക്കിക്കൊണ്ടിരുന്നു. ഏറെക്കാലമായി ചിരിക്കാന്‍ മറന്നുപോയ ആ കന്യാസ്ത്രീ എന്നിലെ മലയോരസത്തയോ കാടത്തമോ ഇഷ്ടമാകാത്തതുപോലെ അവരുടെ കഴുത്തില്‍ അണിഞ്ഞിരുന്ന സ്റ്റീല്‍മാലയില്‍ തൂങ്ങിക്കിടന്ന കര്‍ത്താവിനെ ദേഷ്യത്തോടെ പിടിച്ചമര്‍ത്തുന്ന പ്രക്രിയ തുടര്‍ന്നു.
''അകത്തേക്ക് ചെല്ല്.''
പതിനൊന്നരയുടെ ഒറ്റമണി ആ ഹാളിന്റെ ചുവരിലെ ക്ലോക്കില്‍ അടിച്ചുകഴിഞ്ഞ് അനിഷ്ടത്തോടെ ആ കന്യാസ്ത്രീ പറഞ്ഞു. വാതില്‍ കടന്ന് അകത്തെ ഇടനാഴിയില്‍ ഇടത്തേക്കു തിരിഞ്ഞ് മെത്രാന്റെ സെക്രട്ടറിയച്ചന്‍ കാണിച്ചുതന്ന വഴിയിലൂടെ ഞാന്‍ അദ്ദേഹം ഇരുന്നിരുന്ന ഓഫീസ് മുറിയിലെത്തി. ചെന്നപാടേ എന്റെ നേരേ നീട്ടിയ വിരലിലെ അപ്പസ്തോലിക് മോതിരം മുത്തുമ്പോള്‍ എന്നെ സഹായിക്കാനും മുമ്പോട്ടുള്ള പഠനത്തിനുള്ള വഴിതുറക്കാനും അദ്ദേഹത്തിനാകുമെന്ന് എനിക്കുറപ്പായിരുന്നു.
''നീ നന്ദികുന്നേല്‍ മേരീടെ മകനല്ലേ?''
അദ്ദേഹത്തിന്റെ ചോദ്യം എന്റെ പ്രതീക്ഷകള്‍ക്ക് ചിറകുകള്‍ മുളപ്പിച്ചു.
''അതെ പിതാവേ,'' ഒരു എളിയ വിശ്വാസിക്കുതകുന്ന വിനയത്തോടെ ഞാന്‍ മറുപടി പറഞ്ഞു.
''തിരിച്ചുവന്നിട്ടും അപ്പന്‍ വെള്ളമടിതന്നെയാ അല്ലേ?''
നല്ല അടുപ്പമുള്ള ഒരാളെപ്പോലെയുള്ള അദ്ദേഹത്തിന്റെ അന്വേഷണം ഒരു സാധാരണ വിശ്വാസിയായ എന്നെ ഒത്തിരി സന്തോഷിപ്പിച്ചു.
''അപ്പന് കുടിയുണ്ട്,'' ഞാന്‍ തികഞ്ഞ ഭവ്യതയോടെ പറഞ്ഞു.
''മൂത്ത പെങ്ങള്‍ ഒരാള്‍ ഇവിടെ മഠത്തില്‍ ഈയിടെ ഉടുപ്പിടീല്‍ കഴിഞ്ഞല്ലേ?''
പിതാവിന് എല്ലാ കാര്യങ്ങളും അറിയാമായിരുന്നു.
''അതെ,'' ഞാന്‍ പറഞ്ഞു.
''കുടുംബത്തില്‍ ഒരു കന്യാസ്ത്രീകൂടിയായി.''
എന്തോ തമാശ പറഞ്ഞപോലെ അദ്ദേഹം പൊട്ടിച്ചിരിച്ചു. മറുപടിയൊന്നുമില്ലാതെ ഞാന്‍ അമ്പരന്നുനിന്നു.
''ഇനി അവളങ്ങ് ഇറ്റലിക്ക് പോകും, കുടുംബം കുറേയൊക്കെ ആ വഴിക്ക് രക്ഷപ്പെടും.''
ജാഗരണപ്രാര്‍ത്ഥന ഒറ്റയ്ക്കിരുന്നു ചൊല്ലുന്ന ലാഘവത്തില്‍ മെത്രാന്‍ പറഞ്ഞുകൊണ്ടേയിരുന്നു. മറുപടി എന്തു പറയണം എന്നറിയാതെ ഞാന്‍ അങ്ങനെത്തന്നെ നിന്നു. അദ്ദേഹത്തിന്റെ മേശയ്ക്കു മുന്നില്‍ ഒഴിഞ്ഞുകിടന്ന കസേരകളിലൊന്നില്‍ ഒന്നിരിക്കാന്‍പോലും അദ്ദേഹമെന്നോടു പറഞ്ഞില്ല. ഇന്ന് അതോര്‍ക്കുമ്പോള്‍ ജന്മിത്തത്തിന്റെ മറ്റൊരു പ്രകടനമായിരുന്നു അതെന്ന ബോദ്ധ്യമെനിക്കുണ്ട്. ദേഹത്ത് ചെളിയും വിയര്‍പ്പിന്റെ ഗന്ധവും പേറുന്നവനോടുള്ള തികഞ്ഞ അവജ്ഞ. അരമനയുടെ വാതായനങ്ങളില്‍ മേനിനടിച്ച് നിലകൊള്ളുന്ന അവതാരങ്ങള്‍ക്കു മുന്നില്‍ ആ കാടന്‍ ചെക്കന്റെ മലയോരച്ചൂര് അവജ്ഞ സൃഷ്ടിച്ചിരിക്കണം.
''ഇയാള്‍ക്ക് യൂണിവേഴ്സിറ്റി റാങ്ക് ഒക്കെ കിട്ടിയെന്ന് വികാരിയച്ചന്‍ പറഞ്ഞു.''
എന്റെ ആ വലിയ വിജയത്തെ അദ്ദേഹം മനസ്സിലാക്കിയല്ലോ എന്ന സന്തോഷം വീണ്ടും എനിക്ക് പ്രതീക്ഷ നല്‍കി.
'അതെ പിതാവേ, എല്ലാം കര്‍ത്താവിന്റെ വലിയ കൃപയാ.'
ഏറെ ഉത്സാഹത്തോടെ ഞാന്‍ പറഞ്ഞു. വികാരിയച്ചന്‍ തന്ന കത്ത് ഞാന്‍ അദ്ദേഹത്തിനു നല്‍കി.
''ഇനിയിപ്പോ ഇയാള്‍ക്ക് ചങ്ങനാശ്ശേരിയിലോ മറ്റോ പോയി പഠിക്കണമെന്നും അച്ചന്‍ പറഞ്ഞു.''
ഞാന്‍ കൊടുത്ത കത്ത് ഒന്നു തുറന്ന് നോക്കുകപോലും ചെയ്യാതെ അദ്ദേഹം മേശപ്പുറത്തേക്കിട്ടു.
''അതെ പിതാവേ. ഇംഗ്ലീഷ് ലിറ്ററേച്ചര്‍ എസ്.ബിയില്‍ പഠിക്കണം എന്നാണ് എന്റെ ആഗ്രഹം.''
അര്‍ഹിക്കാത്ത എന്തിനോവേണ്ടി ആഗ്രഹം ഉണര്‍ത്തിച്ച അടിയാനെന്നപോലെ ഞാന്‍ മെത്രാന്റെ മുമ്പില്‍ നിന്നു. അദ്ദേഹം കസേരയില്‍നിന്ന് എഴുന്നേറ്റു. കുനിഞ്ഞ് മേശയുടെ വലിപ്പില്‍നിന്ന് കുറച്ചു പണമെടുത്തു. ആ നോട്ടുകള്‍ പലവട്ടം എണ്ണിത്തിട്ടപ്പെടുത്തി.
''ഇയാള്‍ ഇനി പഠിക്കാനൊക്കെ പോയാല്‍ അമ്മയെ ആരാ സഹായിക്കുക? ഇനി ഒരു ഡിഗ്രിയൊക്കെ കഴിഞ്ഞാലും ബീയെഡ്ഡും എടുത്ത് ഡൊണേഷനൊക്കെ കൊടുത്താലേ വല്ല പള്ളിക്കൂടത്തിലും കേറാന്‍ പറ്റൂ. ഇയാള്‍ ഹൈറേഞ്ചില്‍ തിരിച്ചുപോയി പറ്റുന്ന പണിയൊക്കെ ചെയ്ത് കുടുംബം നോക്കി ജീവിക്കാന്‍ നോക്ക്.''
മെത്രാന്റെ വാക്കുകള്‍ ഒരു ഇടിമുഴക്കംപോലെ ഞാന്‍ കേട്ടിരുന്നു. ഒഴുക്കിനെതിരെ നീന്തി തീരം പറ്റിയവനെ പുറംകാലുകൊണ്ട് തള്ളി താഴേക്കിടുന്ന ദൈവമനുഷ്യന്‍.
''ഇത് ആയിരം രൂപയുണ്ട്. തത്കാലം വീട്ടില്‍ എന്തേലും ചെയ്യാന്‍ ഉപകരിക്കും.''
നൂറിന്റെ പത്തു നോട്ടുകള്‍.
മനുഷ്യത്വം അറ്റുപോയ ആ മെത്രാന്റെ മുഖത്ത് അന്നുതന്നെ ആ പണം വലിച്ചെറിയാതിരുന്നതിന്റെ ആത്മനിന്ദ ഇന്നും ഞാന്‍ പേറുന്നുണ്ട്.
''ഉച്ചയൂണിനു സമയമായി, നീ ഭക്ഷണം കഴിച്ചിട്ട് പോയാല്‍ മതി.''
അന്ന് അദ്ദേഹം കാണിച്ച 'പിതൃവാത്സല്യം' ക്രൈസ്തവമൂല്യങ്ങള്‍ അന്യമായ പ്രാകൃതനായ ഒരു മാടമ്പിയുടേതായിരുന്നു. അതോര്‍ക്കുമ്പോള്‍ എനിക്ക് എന്നോടുതന്നെ അറപ്പു തോന്നുന്നുണ്ട്. എന്നിട്ടും എന്തിനാണ് ഞാന്‍ ആ അരമനയുടെ ഊണുമുറിയില്‍ച്ചെന്ന് പാശ്ചാത്യഭക്ഷണരീതി അപഹാസ്യമായി അനുകരിച്ച തീന്മേശയില്‍ ഇടംപിടിച്ചത്? വിശപ്പേറെ ശീലമായിരുന്നിട്ടും എന്തിനാണ് ഞാന്‍ അന്ന് ആ ഭക്ഷണം കഴിച്ചത്? ഇതിനൊന്നും എനിക്കുത്തരമില്ല.
ക്രിസ്തു ഇറങ്ങിപ്പോയ ആ അരമനയുടെ ഇടനാഴികളിലെ ഇരുട്ട് ഒരു പ്രകാശത്തിനും ഭേദിക്കാനാവുന്നതല്ല. ഞാന്‍ ഇരന്നുവാങ്ങിയ ഒരു വലിയ മുറിവ്!
അന്ന് ആ അരമനയുടെ ഗേറ്റ് കടന്നു പുറത്തേക്കു നടക്കുമ്പോള്‍ മെത്രാന്‍ തന്ന നൂറിന്റെ പത്തു നോട്ടുകളും എന്റെ പോക്കറ്റിലുണ്ടായിരുന്നു.
കത്തീഡ്രലിന്റെ മുകളില്‍ എല്ലാ പ്രൗഢിയോടുംകൂടി നെഞ്ചുവിരിച്ചുനിന്ന ക്രിസ്തുരാജന്‍ ആ ദൈവമനുഷ്യരുടെ പ്രച്ഛന്നവേഷങ്ങളില്‍ സംതൃപ്തനായിരു
ന്നിരിക്കുമോ?
1994-ലെ ആ ജൂണ്‍ മാസത്തില്‍ രണ്ടാഴ്ചയിലേറെ പഴക്കമുള്ള ഒരു മനോരമ ദിനപത്രത്തിന്റെ അകത്താളുകളില്‍ അവിചാരിതമായി ഞാന്‍ കണ്ട ഒരു വാര്‍ത്ത എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. മാര്‍ത്തോമാ സഭയുടെ കുവൈത്തിലെ ഇടവക, പ്രീഡിഗ്രി ഉന്നതവിജയം നേടിയവര്‍ക്ക് ആയിരം ഡോളര്‍ നല്‍കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. തൊട്ടടുത്ത മാര്‍ത്തോമാ പള്ളിയിലെ വികാരിയുടെ സാക്ഷ്യപത്രത്തോടെ അപേക്ഷ അയയ്ക്കണം. അത് സമര്‍പ്പിക്കേണ്ട അവസാന തീയതി ഞാന്‍ ആ പത്രം വായിച്ച അതേ ദിവസം തന്നെയായിരുന്നു. തൊട്ടടുത്ത് മാര്‍ത്തോമാ പള്ളി എവിടെയെന്ന അന്വേഷണം ഒരാഴ്ച നീണ്ടു. അക്കാലത്ത് ഗൂഗിള്‍ സൗകര്യമൊന്നും ഇല്ലാത്തതിനാല്‍ പള്ളി കണ്ടെത്താന്‍ കുറേ ദിവസങ്ങളെടുത്തു. അങ്ങനെ കമ്പിളികണ്ടത്തുനിന്ന് നാല്‍പ്പതോളം കിലോമീറ്റര്‍ അകലെ മൂന്നാറില്‍ മാര്‍ത്തോമാ പള്ളി ഉണ്ടെന്ന് കണ്ടെത്തി. തൊട്ടടുത്ത ഞായറാഴ്ച ഉച്ചയ്ക്കുമുമ്പേ ഞാന്‍ അവിടെയെത്തി.
ഞായറാഴ്ച ശുശ്രൂഷ കഴിഞ്ഞ് പാഴ്സനേജിലെത്തിയ വര്‍ഗ്ഗീസ് ജേക്കബ് അച്ചനെ കാത്തിരുന്ന എന്നെ മണിക്കൂറുകളോളം അദ്ദേഹം കേട്ടു. കുവൈത്തിലെ സഹോദരവൈദികനെ ഫോണില്‍ വിളിച്ചു സംസാരിച്ചശേഷം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള സമയം കഴിഞ്ഞുവെന്ന് അദ്ദേഹം അറിയിച്ചു. എങ്കിലും വേറെ ഒത്തിരി മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നും തുടര്‍ന്നു പഠിക്കാന്‍ അദ്ദേഹത്തെക്കൊണ്ട് പറ്റുന്ന എല്ലാ സഹായങ്ങളും ചെയ്തുതരാമെന്നും അച്ചന്‍ എനിക്കുറപ്പു നല്‍കി. കൊച്ചമ്മ വിളമ്പിത്തന്ന ഭക്ഷണം കഴിച്ച് ഞാന്‍ കമ്പിളികണ്ടത്തിനു മടങ്ങുമ്പോള്‍ തൊട്ടടുത്ത ഞായറാഴ്ച തിരിച്ചുചെല്ലണം എന്ന് അദ്ദേഹം എന്നോടു പറഞ്ഞു.
പിറ്റേന്ന് മെല്‍ബിസാറിനോടൊപ്പം ഞാന്‍ തൊടുപുഴ അടുത്തുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. അവിടെനിന്ന് ചങ്ങനാശ്ശേരി എസ്.ബി.കോളേജിലെത്തി അദ്ദേഹത്തിന് നേരത്തേ പരിചയമുണ്ടായിരുന്ന റൂബിള്‍ സാറിനെ കണ്ടു. ഇംഗ്ലീഷ് സാഹിത്യ അദ്ധ്യാപകനായിരുന്ന റൂബിള്‍ സാര്‍ എന്റെ മാര്‍ക്ക് ഷീറ്റ് കണ്ടശേഷം ഡിഗ്രിക്കുള്ള പ്രവേശന ഫോം ഒപ്പിട്ടുവാങ്ങി. ചങ്ങനാശ്ശേരി രൂപതയില്‍നിന്ന് എന്റെ ഹോസ്റ്റല്‍ ഫീസ് അടച്ചുകൊള്ളാം എന്ന പൗവ്വത്തില്‍ പിതാവിന്റെ ഉറപ്പും വാങ്ങിയിട്ടാണ് അന്ന് ഞങ്ങളെ അദ്ദേഹം മടക്കിയയച്ചത്. രണ്ടാഴ്ചയ്ക്കുശേഷം ഡിഗ്രിയുടെ ക്ലാസ് ആരംഭിക്കുമെന്നും അതിനു തയ്യാറായി ഒരു ദിവസം മുമ്പേ ചങ്ങനാശ്ശേരിയില്‍ എത്തണമെന്നും യാത്രയ്ക്കു മുമ്പേ അദ്ദേഹം പറഞ്ഞു.
തുടര്‍ന്നു വന്ന ഞായറാഴ്ച ഞാന്‍ മൂന്നാറിലെ മാര്‍ത്തോമാ പള്ളിയില്‍ തിരികെപ്പോയി. കൊച്ചമ്മ തന്ന ഭക്ഷണം കഴിക്കുമ്പോഴും പ്രതീക്ഷയൊന്നും എനിക്കുണ്ടായിരുന്നില്ല. ഹോസ്റ്റല്‍ ഫീസ് കൊടുക്കാതെ ചങ്ങനാശ്ശേരിയില്‍ പഠിക്കാനുള്ള സാഹചര്യമായി എന്ന കാര്യം ഞാന്‍ വര്‍ഗ്ഗീസച്ചനെ അറിയിച്ചു. എന്റെ ജീവിതസാഹചര്യങ്ങളും പ്രീഡിഗ്രി വിജയവും അദ്ദേഹം മാര്‍ത്തോമാ സഭയുടെ കോട്ടയം ഭദ്രാസനത്തിന്റെ മാങ്ങാനത്തെ ബെഥേല്‍ അരമനയില്‍ അറിയിച്ചിരുന്നു. തൊട്ടടുത്ത ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് ഭദ്രാസനത്തിന്റെ സെക്രട്ടറി ജോണ്‍സണച്ചന്‍ എന്നെ കാണും. രാത്രി എട്ടുമണിക്ക് എപ്പിസ്‌കോപ്പ അഥവാ മെത്രാന്‍ എന്നെ കാണാന്‍ താത്പര്യപ്പെടുന്നു എന്നുകൂടി അറിയിച്ചപ്പോള്‍ ദൈവമനുഷ്യരുടെ ഇടയില്‍ എല്ലാത്തരത്തിലുള്ള ആളുകളുമുണ്ട് എന്ന് എനിക്കു ബോദ്ധ്യമായി. വര്‍ഗ്ഗീസ് ജേക്കബ് അച്ചന്‍ സ്വന്തം കൈയില്‍നിന്ന് അയ്യായിരം രൂപയെടുത്തുതന്നാണ് അന്ന് എന്നെ യാത്രയാക്കിയത്. അദ്ദേഹവും കൊച്ചമ്മയും ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ള ഏറ്റവും നിസ്വാര്‍ത്ഥരായ ആത്മീയമനുഷ്യരാണ്. അവര്‍ പ്രച്ഛന്നവേഷങ്ങള്‍ ഒരിക്കല്‍പ്പോലും അണിഞ്ഞിരുന്നില്ല.
രണ്ടു ദിവസം കഴിഞ്ഞ് വര്‍ഗ്ഗീസച്ചന്‍ തന്ന കത്തുമായി ഞാന്‍ മാങ്ങാനത്തെ ബെഥേല്‍ അരമനയിലെത്തി. ഭദ്രാസനത്തിന്റെ സെക്രട്ടറി ജോണ്‍സണച്ചന്‍ ചായ തന്ന് എന്നെ അദ്ദേഹത്തിന്റെ ഓഫീസില്‍ സ്വീകരിച്ചു. ഏറെ വര്‍ഷങ്ങളോളം അമേരിക്കയില്‍ ജോലി നോക്കിയ ആ മാര്‍ത്തോമാ വൈദികനില്‍ കാരുണ്യവും സ്നേഹവും വിശാലമായ മാനവികതയും ഞാന്‍ കണ്ടു. അന്ന് അദ്ദേഹം എന്നെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി അത്താഴം തന്നതിനുശേഷമാണ് എട്ടുമണിക്ക് ഏതോ യാത്രകഴിഞ്ഞു മടങ്ങിവന്ന ഗീവര്‍ഗ്ഗീസ് മാര്‍ അത്തനേഷ്യസ് തിരുമേനിയുടെ അടുക്കല്‍ തിരിച്ചുകൊണ്ടുവന്നാക്കിയത്.
കത്തോലിക്കാ സഭയിലെ അല്ലാത്ത ഒരു മെത്രാനോട് ഞാന്‍ ആദ്യമായാണ് സംസാരിക്കുന്നത്. അവരെ എങ്ങനെ അഭിസംബോധന ചെയ്യണമെന്നോ എങ്ങനെ അവരോട് പെരുമാറണമെന്നോ എന്നൊന്നും അറിയാതെ ഞാന്‍ പകച്ചിരുന്നു. ഒന്നു കുളിച്ച് ഓഫീസില്‍ മടങ്ങിവന്ന അദ്ദേഹം ഒരു സുഹൃത്തിനോടെന്നപോലെയാണ് എന്നോടു പെരുമാറിയത്. അന്നു രാത്രി പാതിരാ കഴിഞ്ഞും ഏറെ നേരം ഞങ്ങള്‍ സംസാരിച്ചിരുന്നു. വിദ്യാഭ്യാസം, സാഹിത്യം, രാഷ്ട്രതന്ത്രം, ക്രൈസ്തവവിശ്വാസം, മതങ്ങള്‍, മാനവികത, അങ്ങനെ എന്തെല്ലാം. തുറവിയില്‍ നിറഞ്ഞ ചിന്തകള്‍ പങ്കുവെച്ചപ്പോള്‍ സമയം ഓടിയകന്നു. കാലം എനിക്കായി തുറന്ന ഒരു വലിയ സൗഹൃദത്തിന്റെ സൂചനയായിരുന്നു അത്.
''ബാബു എത്ര വേണമെങ്കിലും പഠിച്ചോളൂ. ഒരു സ്‌കോളര്‍ഷിപ്പ് പോലുമില്ല എങ്കിലും ഞാന്‍ ഇയാളെ നോക്കിക്കൊള്ളാം. ഇയാള്‍ ഇയാളുടെ സ്വപ്നങ്ങളെത്തേടി പൊയ്ക്കോളൂ. ഞാന്‍ കൂടെയുണ്ട്. ദൈവത്തെ മുറുകെപ്പിടിച്ചു നീങ്ങിക്കോ. നീ നിന്റെ ചുരുങ്ങിയ സാഹചര്യങ്ങളില്‍നിന്ന് നേടിയെടുത്തത് അപൂര്‍വ്വമായ ഒരു വിജയമാണ്. ഇനി മുമ്പോട്ട് ഒരു ജ്യേഷ്ഠനായി ഞാനുണ്ട് നിന്റെ ഒപ്പം.''
അത്തനേഷ്യസ് തിരുമേനി എനിക്കു തന്ന ആ ഉറപ്പ് അദ്ദേഹത്തിന്റെ മരണംവരെ പാലിച്ചു. എന്റെ തുടര്‍ന്നുള്ള എല്ലാ ഉയര്‍ച്ചകളിലും അദ്ദേഹം എനിക്ക് കൈത്താങ്ങായിരുന്നു. കുടുംബത്തിലെ പ്രശ്നങ്ങളില്‍ ഞാന്‍ തളര്‍ന്നപ്പോള്‍ അദ്ദേഹം എനിക്ക് ഒരു ജ്യേഷ്ഠനായി; പിതാവും ചങ്ങാതിയുമായി.
എസ്.ബി. കോളേജിലെ മൂന്നു വര്‍ഷവും ഡല്‍ഹിയിലെ രണ്ടു വര്‍ഷവും തുടര്‍ന്നുള്ള ഫ്രാന്‍സ് യാത്രയുമൊക്കെ സാദ്ധ്യമായത് അദ്ദേഹത്തിന്റെ പിന്തുണകൊണ്ടു മാത്രമാണ്.
''നീ ഒരു എഴുത്തുകാരനാകണം.''
എന്റെ സിവില്‍ സര്‍വീസ് മോഹങ്ങള്‍ക്കൊപ്പം എഴുത്തിന്റെ ലോകത്തെ സ്നേഹിക്കാനും എന്നോട് ഹൃദയം തുറന്ന് എഴുതാനും പറഞ്ഞ ആ വലിയ മനുഷ്യന്‍ ഇന്ന് കൂടെയില്ലാത്തതിന്റെ വേദന എത്ര തീവ്രമാണെന്നു വിവരിക്കാന്‍ എനിക്കു വാക്കുകളില്ല. ഒരിക്കലും പരിഭവിക്കാതെയും ഒന്നും തിരികെ ചോദിക്കാതെയും സ്വപ്നങ്ങളുടെ അതിരുകള്‍ ഭേദിക്കാന്‍ എന്നെ പരിശീലിപ്പിച്ച ഒരു ക്രിസ്തുസാക്ഷി.
Content Highlights: babu abraham book excerpts kambilikandathe kalbharanikal
Published: 29 Apr 2025, 08:04 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented