മലയാളത്തിന്റെ പ്രിയകഥാകാരിയായ അഷിതയുടെ ആത്മകഥനങ്ങളാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'അത് ഞാനായിരുന്നു' എന്ന പുസ്തകത്തില്‍. താന്‍ കുട്ടിയായിരിക്കെ ആദ്യമായി മാധവിക്കുട്ടി എന്ന പേര് കേട്ട സന്ദര്‍ഭം മുതല്‍ അവരുമായി സൗഹൃദത്തിലായ കഥവരെ വിവരിക്കുന്ന, ഈ കൃതിയിലെ ഭാഗമാണ് 'സ്നേഹത്തിന്റെ ഹിമാലയം, ഭാഷയുടെ ലാവണ്യം'. രണ്ട് എഴുത്തുകാരികള്‍ തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചുള്ള മനോഹരമായ വിവരണമാണതില്‍. വായിക്കാം...
മാധവിക്കുട്ടി എന്ന പേര് ഞാന്‍ ആദ്യം കേള്‍ക്കുന്നത് നാലഞ്ചു വയസ്സുള്ളപ്പോഴാണ്. മീനമാസത്തിലെ ഒരുച്ച. ഉച്ചവെയില്‍ കണക്കാക്കാതെ ഞങ്ങള്‍, തറവാട്ടിലെ കുട്ടികള്‍, 'ഒളിച്ചുകണ്ടു' കളിക്കുകയായിരുന്നു. ഒളിച്ചൊളിച്ച് ഞാന്‍ ഇരുണ്ട ഇടനാഴിയിലെ അലമാരയ്ക്കുള്ളില്‍ കയറിക്കൂടി. ഇടനാഴിയില്‍ വിശറികൊണ്ട് വീശി, തറവാട്ടിലെ സ്ത്രീകള്‍ ഊണു കഴിഞ്ഞുള്ള ഉച്ചമയക്കത്തിനു കിടക്കുന്നുണ്ടായിരുന്നു.
അപ്പോഴാണ് 'ഈ ബാലാമണിയമ്മയ്ക്ക് ഒരു മകളുണ്ട്. കല്‍ക്കത്തയിലാത്രേ' എന്ന് അമ്മ പറയുന്നതു കേട്ടത്. അപ്പോള്‍ അമ്മൂമ്മ ചോദിച്ചു, 'ആര്‍ക്ക്? നമ്മടെ നാലപ്പാട്ടെ ബാലാമണിയമ്മയ്ക്കോ?'
അമ്മ പറഞ്ഞു: 'ആ! അവരെപ്പോലൊന്ന്വല്ല, മാധവിക്കുട്ടീന്നാത്രേ പേര്. എഴുതണതൊക്കെ തോന്ന്യാസാ.' അലമാരയ്ക്കുള്ളില്‍ ഇരിക്കുന്ന ഞാന്‍, അപ്പോഴാണ് തൊട്ടടുത്തിരിക്കുന്ന ഗ്ലൂക്കോസ്പൊടിയുടെ പാക്കറ്റില്‍ കൈയിട്ടതും, 'മാധവിക്കുട്ടി' എന്ന പേരു കേട്ടതും.
ഗ്ലൂക്കോസ് വാരിത്തിന്നുകൊണ്ട് ഞാന്‍ അമ്മയുടെ വാക്കുകള്‍ക്കു ചെവിയോര്‍ത്തു. 'ആ തറവാട്ടില്‍ ഇങ്ങനെ ഒരു കുട്ടി ഇണ്ടായില്ലേ! അതും ബാലാമണിയമ്മയ്ക്ക്! കഷ്ടംതന്നെ!' അങ്ങനെ ആ സംഭാഷണം നീണ്ടുപോയി. മാധവിക്കുട്ടി എന്ന പേരിനെക്കുറിച്ചാലോചിച്ചുകൊണ്ട് ഗ്ലൂക്കോസ് തിന്നുതിന്ന് ഞാന്‍ മയങ്ങിവീണു.
എന്തുകൊണ്ടാണ് ആ ചെറുപ്രായത്തിലെ ഓര്‍മ ഇന്നും എന്നെ പിന്തുടരുന്നത്? എങ്ങനെയാണ് മാധവിക്കുട്ടി എന്ന പേരില്‍ ഗ്ലൂക്കോസ് മധുരത്തിനോടൊപ്പം ഒരഞ്ചുവയസ്സുകാരിയുടെ ശ്രദ്ധ ഉടക്കിനിന്നത്? അറിയില്ല.
അതിനുശേഷം ഞാന്‍ ഡല്‍ഹിയിലേക്കും ബോംബെയിലേക്കും പറിച്ചുനടപ്പെട്ടു. മീനവെയിലും ഇടനാഴിയുടെ തണുപ്പും പുളിമരച്ചോട്ടിലെ കളികളും വിശറിയുടെ കാറ്റും ഗ്ലൂക്കോസ് മധുരവും മാധവിക്കുട്ടിയും മറന്നേപോയി. പകരം ഇംഗ്ലീഷില്‍ ചിന്തിക്കുന്ന ഒരു കുട്ടിയായി രൂപാന്തരം പ്രാപിച്ചു. അങ്ങനെ ബോംബെയില്‍ എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ കാണുകയാണ്-അച്ഛന്‍ ഓഫീസില്‍നിന്ന് കൊണ്ടുവന്ന 'Current' എന്ന ടാബ്ലോയ്ഡില്‍ അതോ 'Bltiz' ലോ? ഓര്‍മയില്ല-അവരുടെ My Story അച്ഛനും അമ്മയും ഉത്സാഹത്തോടെ വായിക്കുന്നത്.

ഞങ്ങള്‍ കുട്ടികളെ അവര്‍ വായിക്കാന്‍ സമ്മതിച്ചതുമില്ല. അത് രഹസ്യമായി തപ്പിച്ചു വായിച്ചപ്പോഴാകട്ടെ, ഒന്നുമൊന്നും മനസ്സിലായതുമില്ല. അന്നാണ് ഞാന്‍ അവരുടെ ഫോട്ടോ ആദ്യമായി കണ്ടത്. അത് പ്രസിദ്ധീകരിച്ചുവരുന്നയിടയ്ക്കുതന്നെ അമ്മ ഞാന്‍ എഴുതുന്ന കവിതകള്‍ പിച്ചിച്ചീന്താനും 'മാധവിക്കുട്ടിയെപ്പോലെയാവാമെന്ന് വ്യാമോഹിക്കേണ്ട' എന്ന് ഭീഷണിപ്പെടുത്താനും തുടങ്ങിയിരുന്നു.
മാധവിക്കുട്ടിയെക്കൊണ്ട് ജീവിക്കാന്‍ പറ്റാതെ ഒരു എട്ടാംക്ലാസുകാരി സൈ്വരംകെട്ടു. എഴുതുന്ന കവിതകള്‍ അമ്മ കാണാതിരിക്കാന്‍ കോമ്പസിഷന്‍ നോട്ടുബുക്കിന്റെ പിന്‍വശത്തെ കവറില്‍ സൂക്ഷിക്കുക എന്ന കള്ളത്തരം എന്നെ പഠിപ്പിച്ചത് മാധവിക്കുട്ടിയാണ്.
അന്നു തുടങ്ങിയതാണ് എന്റെ ഒളിജീവിതവും ഒളിപ്പോരും. ആ ഇടയ്ക്കുതന്നെ My Storyയുടെ ഒരു ലക്കം വായിച്ചശേഷം അമ്മ എന്നെക്കൊണ്ട് ഒരു ഭീഷ്മപ്രതിജ്ഞ എടുപ്പിക്കുകയുണ്ടായി. 'യാതൊരു കാരണവശാലും ആരെയെങ്കിലും പ്രേമിക്കുകയോ അച്ഛനമ്മമാര്‍ പറയുന്ന ആളെയല്ലാതെ വിവാഹം കഴിക്കുകയോ ചെയ്യില്ല.' എട്ടാംക്ലാസുകാരിക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ലായിരുന്നു. വെറുതേ പറഞ്ഞാല്‍ പോരാ കൈയിലടിച്ചു സത്യം ചെയ്യണമെന്നായി അമ്മ. അങ്ങനെ മാധവിക്കുട്ടി എന്നെക്കൊണ്ട് ഗ്ലൂക്കോസിന്റെ മധുരം ഒട്ടുമില്ലാത്ത ഒരു ഭീഷ്മപ്രതിജ്ഞ എടുപ്പിച്ചു. അപ്പോഴും എന്റെ മുകളില്‍ ഡെമോക്ലിസിന്റെ വാളുപോലെ നില്ക്കുന്ന ഈ മാധവിക്കുട്ടി ആരാണെന്നോ എന്തു ചെയ്യുന്നുവെന്നോ എനിക്കറിയില്ലായിരുന്നു.
അതിനുശേഷം എത്രയോ കാലം കഴിഞ്ഞ് മാധവിക്കുട്ടിയും ഞാനും തിരുവനന്തപുരത്തെ ശാസ്തമംഗലത്ത് മെയിന്‍ റോഡിന്റെ ഇരുവശത്തായി താമസിക്കാനിടയായി. ഞാന്‍ വല്ലപ്പോഴുമൊക്കെ എഴുതുന്ന എഴുത്തുകാരി. അവര്‍ മലയാളസാഹിത്യത്തില്‍ ജ്വലിച്ചുനില്ക്കുന്ന കാലം. അവര്‍ വലിയൊരു ബംഗ്ലാവില്‍, ഞാന്‍ ചെറിയൊരു വാടകവീട്ടില്‍.
അമ്മയുടെ ഭീഷണികൊണ്ടോ എന്തോ ഞാന്‍ ഒരിക്കലും അവരെ ചെന്ന് കാണുകയുണ്ടായില്ല. അങ്ങനെയിരിക്കെ അവരുടെ ദൂതുമായി ഒരാള്‍ വന്നു, വീട്ടിലേക്കു വരാന്‍ ക്ഷണിച്ചുകൊണ്ട്. ഞാന്‍ പറഞ്ഞു, 'ഞാന്‍ എവിടെയും പോകാറില്ല, എനിക്കാരെയും കാണണ്ട.' അപ്പോള്‍ ദൂതന്‍ പറഞ്ഞു, 'മകളെ സ്‌കൂള്‍ വിട്ടു പോകുവാന്‍ ഇതിലേ വരും എന്ന് കേട്ടിട്ടുണ്ട്, അങ്ങനെയെങ്കില്‍ ഞാന്‍ വഴിയരികില്‍ നിന്ന് ഒന്ന് കണ്ടോട്ടെ?' എന്ന് മാധവിക്കുട്ടി ചോദിച്ചതായി. ഞാന്‍ തലയ്ക്കടിയേറ്റപോലെ സ്തബ്ധയായി ഇരുന്നു.
പിന്നെ ആകെ അടി തെറ്റി, നില തെറ്റി ഞാന്‍ കോയിന്‍ ബോക്സില്‍ കോയിന്‍ ഇട്ട് അവരെ ഫോണ്‍ വിളിക്കുകയാണ്. അപ്പോള്‍ അവര്‍ പറയുകയാണ്, 'ആയ് ആയ്... എന്താത് ഇത്ര അടുത്ത് താമസിച്ച് ഫോണ്‍ വിളിക്ക്യേ...? നേരിട്ട് വര്യല്ലേ ചെയ്യ? അങ്ങനെ അല്ലെ മിടുക്കിക്കുട്ട്യോള്?'
നിരായുധയായി ഞാന്‍ അവരുടെ വീട്ടിലേക്ക് കയറിച്ചെന്നു. അങ്ങനെയാണ് മലയാളഭാഷയുടെ ആ ലാവണ്യത്തെ ഞാന്‍ നേരില്‍ കണ്ടത്.
പുതുതായി എഴുതിത്തുടങ്ങുന്ന ഏതൊരു എഴുത്തുകാരനും ആദ്യം അനുഭവപ്പെടുന്ന സങ്കടം തന്റെ മുന്‍ഗാമി കൈവരിച്ച ഔന്നത്യത്തെ എങ്ങനെ മറികടക്കുമെന്നതാണ്. എന്റെ മുന്നില്‍ മാധവിക്കുട്ടി മന്ദഹസിച്ചുകൊണ്ട് ഹിമാലയംപോലെ നിലകൊണ്ടു. മലയാളികളും സാഹിത്യവും അവരെ ഉറ്റുനോക്കിക്കൊണ്ടിരുന്ന കാലം. എനിക്കു വേറിട്ടൊരു പാത, വേറിട്ടൊരു ഭാഷ, വേറിട്ടൊരു ശൈലി, വേറിട്ടൊരു ജീവിതവീക്ഷണം ഇതെല്ലാം വേണ്ടിയിരുന്നു. അതുകൊണ്ടുതന്നെ തുടക്കംമുതല്‍ അവരെന്നെ എത്ര നെഞ്ചോടു ചേര്‍ത്തുവോ, അത്രയ്ക്കും പിടഞ്ഞുമാറിയ ഒരു നേര്‍ത്ത വിരോധം ഉള്ളില്‍ കൊണ്ടുനടന്ന ഒരു കുട്ടിയായിരുന്നു ഞാന്‍.
എത്രയോ തവണ ഞാന്‍ പിണങ്ങി ഇറങ്ങിപ്പോന്നിട്ടുണ്ട്; എത്രയോ തവണ അവര്‍ എന്റെ പിന്നാലെ ഇറങ്ങിവന്നിട്ടുണ്ട്. എത്രയോ തവണ അവര്‍ പിന്നാലെ ഓടിവന്ന്, 'നോക്ക്, ഈ വയസ്സുകാലത്തു ഞാന്‍ ചെരിപ്പിടാതെ നിന്റെ പിന്നാലെ ഓടിവന്നത് കണ്ടില്ലേ' എന്നു പരിഭവിച്ചിട്ടുണ്ട്.
എഴുതിയാല്‍ പോരാ, മാര്‍ക്കറ്റിങ് നടത്തണമെന്ന് എന്നെ നിരന്തരം നിര്‍ബന്ധിച്ചിരുന്ന ആളാണ് മാധവിക്കുട്ടി. ഞാനതിനു വഴങ്ങാത്തപ്പോള്‍ ദേഷ്യപ്പെട്ടിട്ടുണ്ട്. പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് എന്നെക്കൊണ്ട് വായിപ്പിച്ചിട്ടുണ്ട്. തുര്‍ഗനേവിനെക്കാളും ഇഷ്ടം ചെക്കോവിനെയാണെന്ന് പറഞ്ഞ് പുസ്തകം മടക്കിക്കൊടുത്തപ്പോള്‍ പൊട്ടിച്ചിരിച്ച് എന്നെ ചേര്‍ത്തുപിടിച്ച് 'ഇവിടത്തെ നിരൂപകര്‍ കേള്‍ക്കണ്ട!' എന്നു പറഞ്ഞതും ആഴ്ചയില്‍ ഒരു കഥ വീതം എഴുതണമെന്ന് നിര്‍ബന്ധിച്ചിരുന്നതും രചനയാണ് പ്രോഡക്ട്, പേരും പണവും പ്രശസ്തിയും അവാര്‍ഡുകളും എല്ലാം ബൈ പ്രോഡക്ട്സ് മാത്രമാണ് എന്നു പഠിപ്പിച്ചതും എഴുത്തുകാര്‍ക്ക് രണ്ടു കുടുംബമുണ്ട്- സില്‍വിയാ പ്ലാത്ത് മുതല്‍ ഇങ്ങോട്ടുള്ളവരൊക്കെ ജനിതകം പേറുന്ന ഒരു എഴുത്തുകാരിയും പിന്നെ ബയോളജിക്കലായി വരുന്ന ജനിച്ച കുടുംബവും എന്നെല്ലാം പറഞ്ഞുതന്നതും.
അങ്ങനെ എന്റെ എല്ലാ പ്രതിരോധങ്ങളെയും തകര്‍ത്ത് എന്റെ മെന്റര്‍ ആയി നിന്ന ഒരേയൊരു വ്യക്തിയാണ് മാധവിക്കുട്ടി. ഞാന്‍ അവരെ സ്നേഹിച്ചതിലും ഇരട്ടിയായി, നിരുപാധികമായി അവര്‍ എന്നെ സ്നേഹിച്ചു. ഞാന്‍ അത് ഒരിക്കലും അറിഞ്ഞുമില്ല. മീനമാസത്തിലെ തിരുവോണക്കാരായിരുന്നു ഞങ്ങള്‍. ഒരുമിച്ചു പിറന്നാളാഘോഷിക്കുന്നതില്‍ ഗൂഢമായ ഒരു ആനന്ദത്തോടെ ആമിയോപ്പു എന്നോടു പറയും, 'അടുത്ത ജന്മം എനിക്ക് മകളായി വരണം ട്ടോ.' അതു കേട്ട് യതി പറയുകയുണ്ടായി 'മാധവിക്കുട്ടി അനുഗ്രഹിച്ചതു നന്നായി. അനുഗ്രഹം കൊടുക്കാനും വാങ്ങാനും കെല്പുള്ള ഒരേയൊരു ജീവി മനുഷ്യനാണ്...'
രണ്ട് എഴുത്തുകാര്‍ എന്ന നിലയില്‍ ഞങ്ങള്‍ പരസ്പരം ധാരാളം കൊടുക്കല്‍വാങ്ങലുകള്‍ നടത്തിയിട്ടുണ്ട്. എന്റെ 'വാരാന്ത്യങ്ങള്‍' എന്ന കഥയില്‍ 'അലക്കുകാരന്റെ മഷി വീണ' എന്ന ഉപമ മാധവിക്കുട്ടി ഇട്ടതാണ്. അതുപോലെ 'നിന്റെ ഒരു സംഗതി ഞാന്‍ കഥയില്‍ പ്രയോഗിച്ചുട്ടോ' എന്ന് ഒരു ഈഗോയുമില്ലാതെ എന്നെപ്പോലെ ഒരു ചെറിയ ആളോടു പറയാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു. അതിപ്പോള്‍ എന്നെ അതിശയിപ്പിക്കുന്നുണ്ട്.
പക്ഷേ, എഴുത്തുകാര്‍ എന്ന നിലയില്‍ ഞങ്ങള്‍ ചേരാത്ത ഇടങ്ങളും ഉണ്ടായിരുന്നു. 'വാരാന്ത്യങ്ങള്‍' എന്ന കഥയാണ് എന്റെ ഏറ്റവും മികച്ച കഥയായി അവര്‍ കണ്ടത്. എനിക്കേറ്റവും ഇഷ്ടമില്ലാത്ത എന്റെ കഥ 'വാരാന്ത്യങ്ങള്‍' ആണ്. ജാനുവമ്മയുടെ കഥകള്‍ മലയാളത്തിലെ ക്ലാസിക്കാണെന്ന് അവര്‍ എന്നോടു വാദിക്കുമായിരുന്നു. അത് പൈങ്കിളിസാഹിത്യമാണെന്ന് ഞാനും.
'നിനക്ക് അസൂയയാണ്' എന്ന് അവരും 'എനിക്ക് തലയ്ക്ക് വെളിവുണ്ടെന്ന്' ഇരട്ടി വീറോടെ ഞാനും. എന്റെ കോപം ശമിക്കാന്‍ പാടായിരുന്നു. എല്ലാ തര്‍ക്കങ്ങളും എന്നെ ചേര്‍ത്തുനിര്‍ത്തി, ഉറക്കെയുള്ള അവരുടെ പൊട്ടിച്ചിരിയിലാണ് അവസാനിച്ചിരുന്നത്. അല്ലെങ്കില്‍, മോരൊഴിച്ച കൂട്ടാനും കയ്പയ്ക്കക്കൊണ്ടാട്ടവുമായി നീയെന്നെ എന്ന് ഉണ്ണാന്‍ വിളിക്കും? എന്ന വാത്സല്യനിര്‍ഭരമായ അപ്രതീക്ഷിതചോദ്യത്തില്‍.
മിക്ക ദിവസവും ഉച്ചയ്ക്ക്, ദാസേട്ടന്‍ അറിയാതെ, നടക്കാവുന്ന ദൂരമുള്ള എന്റെ ചെറിയ വീട്ടിലേക്ക് കാറെടുത്ത് അവര്‍ വരുമായിരുന്നു. നടക്കാവുന്ന ദൂരം കാറില്‍ വരുന്നതിനെച്ചൊല്ലി ഞാന്‍ കളിയാക്കുമ്പോള്‍ ഒരു ചക്രവര്‍ത്തിനിയുടെ ഗാംഭീര്യത്തോടെ എന്റെ വീട്ടിലെ പൊട്ടിപ്പൊളിഞ്ഞ ഒതുക്കുകള്‍ കയറി അവര്‍ പറയും, 'റോഡിലത്രയും ചളിയും തുപ്പലും ആയിരിക്കും. എനിക്ക് വല്ല രോഗവും വരും!' ഇങ്ങനെ അവരുടെ അകാരണമായ ഭയങ്ങളും അത്യുന്നതങ്ങളിലുള്ള പൊട്ടിച്ചിരികളും ഏകാന്തതയിലെ കണ്ണുനീരും ബാലിശമായ ചില പരാതികളും അവര്‍ക്ക് ഒരു പ്രഹേളികയുടെ ചന്തം നല്കി.
'നീയും ബാലനും ഒരുപാടു വിശേഷണങ്ങള്‍ ഉപയോഗിക്കും. വിശേഷണങ്ങളില്ലാതെ എഴുതാന്‍ പഠിക്ക്. ഒറ്റയൊരു വാക്ക്. അതില്‍ വരണം ആകാശവും ഭൂമിയും' എന്ന് നിരന്തരം അവര്‍ പറയുമ്പോള്‍ ഞാന്‍ മറുചോദ്യം ചോദിക്കും, 'വാക്കിന്റെ എല്ലാ സാധ്യതകളും ആമിയോപ്പു എടുത്തമ്മാനമാടിയാല്‍ പിന്നെ ബാലനും ഞാനും അതല്ലാതെ എന്തു ചെയ്യും?' അപ്പോള്‍ നിരാശയോടെ അവര്‍ പറയുമായിരുന്നു, 'മാധവിക്കുട്ടി എന്ന സ്ത്രീ 50 നല്ല കഥകള്‍ എഴുതിയാലേ വിജയന്റെ ഒരു നല്ല കഥയ്ക്കൊപ്പം പരിഗണിക്കപ്പെടൂ. എഴുത്തിന്റെ ലോകം പുരുഷന്മാരുടെതാണ് കുട്ട്യേ.'
ഇങ്ങനെ പറയുന്തോറും ഇരട്ടിക്കുന്ന ഓര്‍മകളാണ് ഇപ്പോള്‍ ആമിയോപ്പു. എത്രമാത്രം ആനന്ദത്തോടെയാണ് തന്റെ കണ്മുന്നില്‍ ഒരു ചെറിയ എഴുത്തുകാരി വളരുന്നത് അവര്‍ നോക്കിനിന്നത്! എന്തൊരു ഗാഢമായ ബന്ധമായിരുന്നു അത്. സത്യമായും ആരുമല്ലാത്തവര്‍ നീട്ടുന്ന നാരങ്ങാമിഠായികളില്‍ത്തന്നെയാണ് ജീവിതത്തിന്റെ മാധുര്യമിരിക്കുന്നത്. I miss you Ami Oppu.
Content Highlights: Excerpt from 'Athu Njanayirunnu' book
Published: 28 Mar 2025, 11:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented