
കേരള രാഷ്ട്രീയത്തിലെ അതികായന്മാരിലൊരാളും പ്രഗല്ഭനായ മന്ത്രിയും ജനപ്രതിനിധിയുമായിരുന്ന ആര്യാടന് മുഹമ്മദിനെക്കുറിച്ച് മകന് ആര്യാടന് ഷൗക്കത്ത് എഴുതിയ ജീവചരിത്രമാണ് 'ഞങ്ങളുടെ കുഞ്ഞാക്ക നിങ്ങളുടെ ആര്യാടന്'. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നിന്നും ഒരു അധ്യായം...
തോട്ടംതൊഴിലാളികളുടെ സംഘാടനത്തില്‍ പൂര്‍ണ്ണമായും മുഴുകിയ കുഞ്ഞാക്കയുടെ സാന്നിദ്ധ്യം അതുവരെ തൊഴിലാളികളെ നിയന്ത്രിച്ചിരുന്ന ഇടതുപക്ഷ തൊഴില്സംഘടനയെ ചെറുതായി അലോസരപ്പെടുത്തി. തൊഴിലാളി നേതാവായ കുഞ്ഞാലിയുടേതായിരുന്നു അതുവരെ ഈ മേഖലയിലെ അവസാനവാക്ക്. അതിനു മാറ്റംവന്നു. കൂലിവര്ദ്ധനയ്ക്കുവേണ്ടിയുള്ള തൊഴില്‍ ചര്‍ച്ചകളില്‍ പുതിയ ശബ്ദം മുഴങ്ങി. തൊഴിലാളികള്‍ ഐ.എന്‍.ടി.യു.സിയിലേക്ക് ചേക്കേറിത്തുടങ്ങി.
സമരഭൂമികയില്‍ ഏറെ കാര്‍ക്കശ്യക്കാരനും പുറമേയ്ക്ക് പരുക്കനുമായിരുന്നുവെങ്കിലും കുഞ്ഞാലിയുടെ അകം എന്നും അതിസാധാരണക്കാരോട് സഹാനുഭൂതിയുള്ളതായിരുന്നുവെന്ന് കുഞ്ഞാക്ക പറയുമായിരുന്നു. ആ സുഹൃത്ബന്ധം വ്യക്തിപരമായി അവര്‍ പരസ്പരം കാത്തുസൂക്ഷിച്ചുപോന്നിരുന്നു. നിലമ്പൂരിലെ ചുള്ളിയോടുഗ്രാമം. വന്‍കിട റബ്ബര്‍ത്തോട്ടങ്ങളുടെ താഴ്വാരം. തോട്ടംതൊഴിലാളികളുടെ ജീവിതചലനങ്ങള്‍ മാത്രം അറിയുന്ന അങ്ങാടി.
അവറാച്ചന് മുതലാളിയുടെ റബ്ബര്‍ത്തോട്ടത്തില്‍ ഐ.എന്‍.ടി.യു.സി. യൂണിയന് രൂപംകൊണ്ടു. ഐ.എന്‍.ടി.യു.സി. യൂണിയന്റെ അംഗബലം ആകെയുള്ളതിന്റെ പത്തു ശതമാനം മാത്രം. പക്ഷേ, അവറാച്ചന് മുതലാളിയുമായുള്ള തൊഴില്ചര്ച്ചകളില് ഏറ്റവും കൂടുതല്‍ മുഴങ്ങിയത് കുഞ്ഞാക്കയുടെ ശബ്ദമായിരുന്നു. ഐ.എന്‍.ടി.യു.സിയുടെ അംഗബലം താമസിയാതെ പകുതിയിലേറെയായി. പിന്നീടുള്ള ചര്‍ച്ചകളില്‍ അവറാച്ചന് മുതലാളി കൂലിവര്‍ദ്ധന സമ്മതിച്ചില്ല. ഐ.എന്‍.ടി.യു.സി. സമരം പ്രഖ്യാപിച്ചു. കുഞ്ഞാക്കയും അവറാച്ചന് മുതലാളിയും ശത്രുതയിലായി. ഐ.എന്‍.ടി.യു.സിയെ പൊളിക്കാനുള്ള അവസരമായി എ.ഐ.ടി.യു.സി ഇതിനെ കണ്ടു. പോലീസ് സഹായത്തോടെ ഐ.എന്‍.ടി.യു.സി. തൊഴിലാളികളെ തോട്ടത്തില്‍നിന്ന് ഇറക്കിവിട്ട് പുതിയ തൊഴിലാളികളെ നിയമിച്ചു. അവര്‍ എ.ഐ.ടി.യു.സിയില്‍ അംഗത്വം എടുത്തു. ഐ.എന്‍.ടി.യു.സി തൊഴിലാളികള്‍ ലേബര്‍ കോടതിയിലെത്തി. ഐ.എന്‍.ടി.യു.സിയും എ.ഐ.ടി.യു.സിയും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചു. ചെലവുകാശ് വാങ്ങാന്‍ വന്ന ഐ.എന്‍.ടി.യു.സി തൊഴിലാളികളെ പുറമെനിന്നും സംഘടിച്ചുവന്ന ഇരുന്നൂറോളം എ.ഐ.ടി.യു.സിക്കാര്‍ നേരിട്ടു. പ്രതിരോധിക്കാനായി ഐ.എന്‍.ടി.യു.സിയും സംഘടിച്ചു. സംഘര്‍ഷാവസ്ഥ രൂപംകൊണ്ടു.
കോഴിക്കോട്ടായിരുന്ന കുഞ്ഞാക്ക വിവരമറിഞ്ഞ് നിലമ്പൂരിലേക്ക് കുതിച്ചു. നിലമ്പൂര്‍ സ്റ്റേഷനില്‍ എത്തി എസ്.ഐയെ കണ്ട് പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. പോലീസുകാരെ അയയ്ക്കാന്‍ ആവശ്യപ്പെട്ടു. പ്രശ്നത്തിന്റെ ഗൗരവാവസ്ഥയും അകപ്പെട്ടിരിക്കുന്ന ആളുകളുടെ അംഗബലവും എത്ര ബോദ്ധ്യപ്പെടുത്തിയിട്ടും എസ്.ഐ. വഴങ്ങിയില്ല. വളരെ നിര്‍ബ്ബന്ധിച്ചപ്പോള്‍ അഞ്ഞൂറോളം വരുന്ന ജനക്കൂട്ടത്തെ കൈകാര്യം ചെയ്യാന്‍ രണ്ടു പോലീസുകാരെ അയച്ചു. രണ്ടു പോലീസുകാരുമായി കുഞ്ഞാക്ക ചുള്ളിയോട് എത്തി. എപ്പോഴും എന്തും സംഭവിക്കാവുന്ന അവസ്ഥ. ചുള്ളിയോട്ടെ ഒരു പഴയ കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്ന ഐ.എന്‍.ടി.യു.സി. ഓഫീസിലേക്ക് കുഞ്ഞാക്ക കയറി. ഓഫീസിനകത്തെ ഐ.എന്‍.ടി.യു.സി. തൊഴിലാളികളെ പെട്രോള്‍ ഒഴിച്ച് തീയിടുമെന്ന് ഭീഷണിമുഴക്കി പുറത്തു കാത്തിരിക്കുന്ന എ.ഐ.ടി.യു.സി. പ്രവര്‍ത്തകരും കുഞ്ഞാലിയും. ഓഫീസിനു മുകളിലേക്കു കയറിവന്ന് പോലീസുകാരന് കുഞ്ഞാക്കയോട് പറഞ്ഞു: 'സ്ഥിതി മോശമാണ്. ഞങ്ങളെക്കൊണ്ടൊന്നും ചെയ്യാനാവുന്നില്ല. സ്റ്റേഷനിലേക്ക് വിളിക്കാനും കഴിയുന്നില്ല. ഞങ്ങള്‍ പോയി എ.ആര്. പാര്‍ട്ടിയെ കൂട്ടി വരാം.' ആകെയുള്ള രണ്ടു പോലീസുകാര്‍ തിരികെ പോയതോടെ താഴേ നിന്ന എ.ഐ.ടി.യു.സി. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് കല്ലെറിയാന്‍ തുടങ്ങി. അവര്‍ ഓഫീസിന്റെ മുകളിലേക്കു കയറാന്‍ ശ്രമിച്ചു. അതിനിടയില്‍ താഴെ ഹോട്ടലില്‍നിന്ന് ഒരു വെടിപൊട്ടുന്ന ശബ്ദം കേട്ടു.
'ഞങ്ങളുടെ ഭാഗത്തേക്ക് എ.ഐ.ടി.യു.സിക്കാരാണ് വെടിയുതിര്‍ത്തതെന്ന് കരുതി ഞങ്ങള്‍ പരസ്പരം നോക്കി. പിന്നീടാണ് വെടിയുതിര്‍ത്തത് ഹോട്ടലില്‍നിന്നും, ഏറ്റത് കുഞ്ഞാലിക്കുമാണെന്നും മനസ്സിലായത്. അപ്പോഴേക്കും അവിടെ എത്തിയ എ.ആര്. ക്യാമ്പിലെ പോലീസുകാര്‍ ഓഫീസിന് മുകളിലേക്കു കയറിവന്ന് ഞങ്ങളെ രക്ഷപ്പെടുത്തി.'
മുഖ്യമന്ത്രി ഇ.എം.എസ്. തന്നെയായിരുന്നു ആഭ്യന്തരവും കൈകാര്യം ചെയ്തിരുന്നത്. വധിക്കപ്പെട്ടത് ഭരണകക്ഷി എം.എല്‍.എയും. ഭരണകൂടത്തിന്റെ ഇടനാഴികളില്‍ പുതിയ ചിന്തയുണര്‍ന്നു. രാഷ്ട്രീയ ശത്രുവായ ആര്യാടനെ കല്‍ത്തുറുങ്കിലടയ്ക്കാന്‍ പറ്റിയ അവസരം. കുഞ്ഞാക്ക ഒന്നാം പ്രതിയായി എഫ്.ഐ.ആറും കേസ് ഡയറിയും തയ്യാറായി.
കുഞ്ഞാക്ക കുഞ്ഞാലിയെ വെടിവെക്കുന്നത് കണ്ടുവെന്ന് പറയാന്‍ പാര്‍ട്ടിയുടെ സാക്ഷികളും തയ്യാറായി. കുഞ്ഞാക്ക ജയിലിലായി. കേസ് വിസ്താരങ്ങള്‍ നീണ്ടു. വസ്തുനിഷ്ഠസത്യം പരസ്യമായി. കുഞ്ഞാക്കയെ സഹായിക്കാന്‍ എല്ലാവരുമെത്തി. സി.എം. സ്റ്റീഫനും വക്കം പുരുഷോത്തമനും കേസിന്റെ നിയന്ത്രണമേറ്റെടുത്തു. സത്യത്തെ അതിനിഷ്ഠുരമായി വളച്ചൊടിക്കാന്‍, കുഞ്ഞാക്കയെ കൊലക്കയറണിയിക്കാന് നടത്തുന്ന ഹീനതന്ത്രങ്ങള്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. സാക്ഷിമൊഴികള്‍ വെറും പൊള്ളയായ പൊരുത്തക്കേടുകളായി മാറി. കുഞ്ഞാക്കയെ വെറുതേ വിട്ടു.
ജയിലില്‍നിന്ന് പുറത്തുവന്ന കുഞ്ഞാക്കയ്ക്ക് കോഴിക്കോട്ടുനിന്ന് നിലമ്പൂര്‍വരെ നീണ്ടുനിന്ന സ്വീകരണം ലഭിച്ചു. സ്വീകരണയോഗങ്ങളുടെ സാക്ഷിവിവരണങ്ങളും വീട്ടിലെത്തിയ കുഞ്ഞാക്കയെ വല്യുമ്മ കെട്ടിപ്പിടിച്ച് കരഞ്ഞതുമൊക്കെ എന്റെ ബാല്യകാലയോര്‍മ്മകളില്‍ എന്നും നിറസാന്നിദ്ധ്യമാണ്. കുഞ്ഞാക്കയുടെ ജയില്‍വാസം വീട്ടില്‍ ഞങ്ങള്‍ക്കേറെ പ്രയാസമുണ്ടാക്കിയെങ്കിലും വായനയുടെ സമൃദ്ധിയില്‍ നേടിയ സമ്പത്തും നിരപരാധിക്കു ലഭിച്ച സഹാനുഭൂതിയും ജനപ്രീതിയും കുഞ്ഞാക്കയുടെ പൊതുപ്രവര്‍ത്തനത്തിന് കരുത്തേകുകയായിരുന്നു.
Content Highlights: aryadan muhammed biography written by aryadan shoukath mathrubhumi books
Published: 10 Oct 2024, 01:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented