
പുസ്തകപ്രകാശനവേളയില് അരുണ്‍ ഷൂരിയും മകന്‍ ആദിത്യനും അനിത ഷൂരിയും (ഫോട്ടോ: PTI)
നിയമനടപടിക്രമങ്ങളോട് നേരിട്ട് ഇടപെടേണ്ടിവന്ന വ്യക്തിപരമായ അനുഭവം സാക്ഷ്യപ്പെടുത്തി സമകാലിക ഇന്ത്യയില്‍ കോടതിവിധികളും നിയമപ്രശ്നങ്ങളും ജുഡീഷ്യറിയും ചര്‍ച്ചാവിഷയങ്ങളായ സന്ദര്‍ഭങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും മുന്‍ കേന്ദ്രമന്ത്രിയും ഇന്ത്യന്‍ സാമ്പത്തിക നയതന്ത്രജ്ഞനും രാഷ്ട്രീയനേതാവും എഴുത്തുകാരനും വാഗ്മിയും പത്രാധിപരുമായ അരുണ്‍ ഷൂരി എഴുതിയ പുസ്തകമായ 'Anita Gets Bail' മാതൃഭൂമി ബുക്‌സിനുവേണ്ടി കെ. രാധാകൃഷ്ണവാരിയറും റോയി കുരുവിളയും ചേര്‍ന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നു. പുസ്തകത്തില്‍ നിന്നും ഒരു അധ്യായം.
'സര്‍, താഴോട്ടു വരൂ, ഒന്ന് താഴോട്ടു വരൂ, ഒരു നിമിഷം.'
ഞാന്‍ മുകളില്‍ പഠനമുറിയില്‍ ജോലിയിലായിരുന്നു. അനിതയെ സഹായിക്കുന്ന സ്ത്രീയുടെ നിലവിളിയായിരുന്നു അത്. അനിതയുടെ പാര്‍ക്കിന്‍സണ്‍ രോഗം കൂടിക്കൊണ്ടിരിക്കുകയാണെന്ന് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. അവര്‍ ഏതാനും തവണ വീഴുകയും ചെയ്തിരുന്നു. അവര്‍ വീണ്ടും വീണെന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ താഴേക്കോടി. വേറൊരു കാഴ്ചയായിരുന്നു അവിടെ. അനിത കിതയ്ക്കുകയായിരുന്നു. ശ്വാസം എടുക്കാനും പുറത്തേക്കു വിടാനും വല്ലാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു. ആ വിമ്മിട്ടം അവരെ പരവശയാക്കിയിരുന്നു.
വീടിനടുത്തുള്ള ഡോക്ടറെ ഞാന്‍ വിളിച്ചു: 'ഇവിടെ വന്ന് അവരെയൊന്ന് നോക്കാമോ? വയ്യെങ്കില്‍ ഞാനവരെ അങ്ങോട്ടു കൊണ്ടുവരട്ടേ?'
'ഞാനങ്ങോട്ടു വരുന്നില്ല. അവരെ ഇങ്ങോട്ടും കൊണ്ടുവരണ്ട,' ഡോക്ടര്‍ പറഞ്ഞു, 'ഗുരുതരമായിട്ടെന്തോ ആണ്. വേഗം അവരെ ആശുപത്രിയില്‍ കൊണ്ടുപോകൂ.'
ഞങ്ങള്‍ വേഗം കാറില്‍ കയറി. ഗംഗാറാം ആശുപത്രിയിലേക്കു പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ ഞങ്ങളുടെ സുഹൃത്തും പ്രമുഖ സര്‍ജനുമായ സമീരന്‍ നന്ദിയെ ഫോണ്‍ ചെയ്ത് അനിതയെ ആശുപത്രിയിലേക്കു കൊണ്ടുവരികയാണെന്നു പറഞ്ഞു.
'അവരെ എമര്‍ജന്‍സിയിലേക്കു കൊണ്ടുവരൂ. ഞാനവിടെ കാണാം.'
ഞങ്ങള്‍ എത്തിയപ്പോള്‍ ഒരു സംഘം കാത്തുനില്‍പ്പുണ്ടായിരുന്നു. അവര്‍ വേഗംതന്നെ ഡയഗ്നോസ് ചെയ്തു. ശ്വാസകോശത്തിലേക്കുള്ള രക്തക്കുഴലില്‍ ബ്ലോക്ക് ഉണ്ടായിരിക്കുന്നു. അവരെ ഉടനെത്തന്നെ ഐസിയുവിലേക്ക് മാറ്റി, ചികിത്സ ആരംഭിച്ചു.
വേഗം ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ഡോക്ടര്‍ ഉറപ്പായി പറഞ്ഞതും, കൃത്യമായും പെട്ടെന്നും നടത്തിയ ഡയഗ്നോസിസും ഡോക്ടര്‍മാരുടെ വൈദഗ്ദ്ധ്യവും പരിചരണവുമാണ് അവരെ രക്ഷിച്ചത്. പത്തു ദിവസത്തെ ആശുപത്രിവാസം, മൂന്നു വര്‍ഷം മുന്‍പ്, 2010-ല്‍ ഞങ്ങളുടെ മകന്‍ ആദിത്തിന് അപസ്മാരം ഉണ്ടായിക്കഴിഞ്ഞുള്ള പത്തു ദിവസംപോലെ ദുരിതപൂര്‍ണ്ണമായ പത്തു ദിവസങ്ങള്‍!
'ഞാന്‍ മരിക്കാന്‍ പോകുകയാണെന്ന് രണ്ടുതവണ എനിക്കു തോന്നി,' പിന്നീടൊരിക്കല്‍ അനിത എന്നോട്ടു പറഞ്ഞു.
ഒടുവില്‍, അവരെ വീട്ടില്‍ കൊണ്ടുവന്നു. പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള മരുന്നുകള്‍ കൂടാതെ, രക്തം നേര്‍പ്പിക്കുന്ന മരുന്നുകളും അവര്‍ക്ക് കഴിക്കാനുണ്ടായിരുന്നു. അതിനും പുറമേ ഏതാനും ദിവസങ്ങള്‍ കൂടുമ്പോള്‍ അവരുടെ INR പരിശോധിക്കേണ്ടതുമുണ്ടായിരുന്നു.
പതുക്കപ്പതുക്കെ പുതിയ ക്രമവുമായി ഞങ്ങള്‍ പൊരുത്തപ്പെട്ടു. വലിയൊരു വ്യത്യാസമുണ്ടായിരുന്നു. ഞങ്ങള്‍ വല്ലാത്ത ആശങ്കയിലായിരുന്നു എന്നതാണത്. ഉദാഹരണത്തിന്, അനിത ഒന്നു വീണാല്‍ ഏതെങ്കിലും എല്ല് ഒടിയുക മാത്രമല്ല ചെയ്യുന്നത്. രക്തം നേര്‍ക്കുന്നതിനുള്ള മരുന്നുകള്‍ കഴിക്കുന്നതിനാല്‍ ആന്തരികരക്തസ്രാവം ഉണ്ടായേക്കാം. അത് പിന്നെ തടയാന്‍ കഴിയാതെയും വന്നേക്കാം.
നിശ്ചയിച്ച ദിവസമായ നവംബര്‍ 15-ന് അനിതയെ കോടതിയില്‍ കൊണ്ടുപോകുക എന്ന സാഹസം ചെയ്യാന്‍ എനിക്കൊരിക്കലും സാധിക്കുകയില്ലായിരുന്നു. അനിതയെ സഹോദരിമാരുടെയും സഹായികളുടെയും പരിചരണത്തില്‍ വിട്ടുകൊണ്ട് ഗതാഗതത്തിരക്കിനിടയിലൂടെ ആ 40 കിലോമീറ്ററുകള്‍ ഞാന്‍ താണ്ടി. പുതിയൊരു ജഡ്ജി അധികാരമേറ്റിരുന്നു. കോടതിരേഖകളില്‍ ഇങ്ങനെ കാണുന്നു:
ഹാജര്‍: ബന്ധപ്പെട്ട കക്ഷികള്‍
ബാര്‍ ഇലക്ഷനുമായി ബന്ധപ്പെട്ട് വക്കീലന്മാര്‍ തിരക്കിലായതിനാല്‍ കേസ് മാറ്റിവെക്കണമെന്ന് രണ്ടു കക്ഷികളും അഭ്യര്‍ത്ഥിച്ചു. വാദം കേട്ടു. മുന്‍പ് നിശ്ചയിച്ചിരിക്കുന്നതിലേക്കായി കേസ് 27.02.2014ലേക്ക് ('07/01/2014' എന്ന് കൈകൊണ്ട് തിരുത്തിയിരിക്കുന്നു) മാറ്റിയിരിക്കുന്നു.
ഒരുവിധത്തിലും സാദ്ധ്യതയുള്ള കാര്യമായിരുന്നില്ല അത്. അവധിക്കു മാറ്റുന്നതിനോട് എനിക്കെതിര്‍പ്പുള്ള സ്ഥിതിക്ക് കേസ് മാറ്റിവെക്കാന്‍ ഞാനഭ്യര്‍ത്ഥിക്കുന്ന പ്രശ്നമുദിക്കുന്നില്ല. അത് പക്ഷേ, ഉത്തരവായിക്കഴിഞ്ഞിരുന്നു.
താന്‍ സ്ഥലം മാറി വന്നതിനുശേഷം ആദ്യമായി ഇപ്പോഴാണ് ഈ ഫയല്‍ കാണുന്നതെന്നും 'എല്ലാ ദിവസവും തുടര്‍ച്ചയായി വാദം കേട്ട് കേസ് കഴിയുന്നത്ര വേഗത്തില്‍ തീര്‍പ്പാക്കണം' എന്നുള്ള പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് താനിപ്പോഴാണ് ശ്രദ്ധിക്കുന്നതെന്നും മറ്റൊരു കുറിപ്പായും ജഡ്ജി രേഖപ്പെടുത്തിയിരുന്നു. അതിനാല്‍ നേരത്തേ നിശ്ചയിച്ചിട്ടുള്ള തീയതിക്ക്, അതായത്, 2014 ജനുവരി 7ന് 'ചാര്‍ജ് ചെയ്യുന്നതിനു മുന്‍പുള്ള തെളിവെടുപ്പിന്' കേസ് വീണ്ടും എടുക്കുന്നതാണെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഞങ്ങളുടെ വക്കീല്‍ ഹാജരാക്കേണ്ടതായ എല്ലാ തെളിവുകളും, പ്രോസിക്യൂട്ടര്‍ ഹാജരാക്കുന്ന സാക്ഷികളോട് അദ്ദേഹം ചോദിക്കേണ്ട ചോദ്യങ്ങളുമൊക്കെയായി അന്നേ ദിവസം ഞാന്‍ കോടതിയിലെത്തി. ഒരു പ്രയോജനവുമുണ്ടായില്ല. തലേദിവസം, 2014 ജനുവരി 6ന്, കേസ് എടുക്കുകയുണ്ടായി! 2014 ജനുവരി 6ലെ നടപടികള്‍ രേഖപ്പെടുത്തിയിരുന്നതും മുന്നത്തെപ്പോലെത്തന്നെയായിരുന്നു, ഭാഗികമായി മാത്രം വ്യക്തമായിരുന്ന റബ്ബര്‍മുദ്ര കൊണ്ടുള്ളത്:
ഹാജര്‍: ആരുമില്ല.
7.1.2014ന് എനിക്ക് അവധിയായിരിക്കുമെന്നതിനാല്‍ കേസ് ഇന്നെടുത്തു.
മുന്‍പു നിശ്ചയിച്ചിട്ടുള്ള കാര്യത്തിലേക്കായി കേസ് 24.2.2014ലേക്ക് മാറ്റിയിരിക്കുന്നു. കക്ഷികളെയും അഭിഭാഷകരെയും അപ്രകാരം അറിയിക്കേണ്ടതാണ്.
നിഗൂഢമെന്നു പറയട്ടെ, നിശ്ചയിച്ചിരുന്ന ദിവസമായ ഫെബ്രുവരി 28ന് അല്ല കേസ് വീണ്ടും 'എടുത്തത്,' മറിച്ച് ഒരാഴ്ച നേരത്തേയായിരുന്നു. ഫെബ്രുവരി 21ലെ നടപടികളുടെ രേഖയും പഴയതുപോലെ റബ്ബര്‍മുദ്രകൊണ്ടുള്ളതായിരുന്നു. ഇത്തവണ മിക്കവാറുംതന്നെ അവ്യക്തമായിരുന്നു:
28.02.2014ന് ഞാന്‍ (അവ്യക്തം) ആയതിനാല്‍ കേസ് ഇന്നെടുത്തു.
15414 (അവ്യക്തം)
(അവ്യക്തം)
(അവ്യക്തം)
നേരിട്ട് ഹാജരാകുന്നതില്‍നിന്ന് അനിതയെ ഒഴിവാക്കണമെന്ന ഞങ്ങളുടെ അപേക്ഷ ഫെബ്രുവരി 15ന് പരിഗണിച്ചിരുന്നു. തനിക്കു സ്ഥലംമാറ്റം ഉണ്ടാകുമെന്നതിനാല്‍ അടുത്ത വാദം വരെയുള്ള സമയത്തേക്കു മാത്രമേ ജാമ്യവും നേരിട്ടു ഹാജരാകുന്നതില്‍നിന്നുള്ള ഒഴിവാക്കലും അനുവദിക്കാനാകുകയുള്ളൂ എന്ന് ആദ്യത്തെ ജഡ്ജി പറഞ്ഞിരുന്നത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. നേരിട്ട് ഹാജരാകുന്നതില്‍നിന്ന് അനിതയെ ഒഴിവാക്കണമെന്ന ഞങ്ങളുടെ അപേക്ഷ അവര്‍ രേഖയിലാക്കിയിരുന്നു. 'അതിന്റെ പകര്‍പ്പ് എതിര്‍കക്ഷിയുടെ അഭിഭാഷകന് നല്‍കണമെന്നും മറുപടി ഫയല്‍ ചെയ്യുന്നതിനും അപേക്ഷ പരിഗണിക്കുന്നതിനുമായി 04.10.2013ന് കേസ് വീണ്ടും എടുക്കണമെന്നും'അവര്‍ നിര്‍ദ്ദേശിച്ചിരുന്നു. നമ്മള്‍ കണ്ടതുപോലെ, വിചാരണകള്‍ വരുകയും പോകുകയും ചെയ്തു. എന്നാല്‍, ഒന്നല്ലെങ്കില്‍ മറ്റൊരു കാരണം കൊണ്ട് ബാര്‍ തിരഞ്ഞെടുപ്പ്, അവധി എന്നിങ്ങനെ വിഷയം ഒരിക്കലും പരിഗണിക്കുകയുണ്ടായില്ല.
അപ്പോഴേക്കും മറ്റൊരു ജഡ്ജി സ്ഥാനമേറ്റിരുന്നു. ഞാന്‍ ഹാജരാകാന്‍ തുടങ്ങിയതില്‍പ്പിന്നെയുള്ള മൂന്നാമത്തെ ആളായിരുന്നു അദ്ദേഹം. വാസ്തവത്തില്‍, ഞങ്ങളുടെ കേസ് കേള്‍ക്കുന്ന നാലാമത്തെ ജഡ്ജിയായിരുന്നു അദ്ദേഹം. ഞങ്ങള്‍ക്കെതിരേ ഒരു കേസുണ്ടെന്ന അറിയിപ്പുമായി പോലീസുകാരന്‍ എത്തുന്നതിനു മുന്‍പ് ഒട്ടേറെ കാര്യങ്ങള്‍ സംഭവിച്ചിരുന്നു.
അനിതയെ വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ടിവന്നു വ്യക്തി നേരിട്ട് ഹാജരാകാതെ ജാമ്യം അനുവദിക്കുകയോ ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കുകയോ ചെയ്യാനാകില്ലായിരുന്നു എന്ന കാര്യം ഓര്‍മ്മിക്കുമല്ലോ.
ഇത്രയുമായപ്പോഴേക്കും ഞാന്‍ ക്ഷമയുടെ നെല്ലിപ്പലകയിലെത്തിയിരുന്നു. കിടക്കയിലായിരിക്കേണ്ടതിനുപകരം കോടതിയിലേക്കുള്ള യാത്രയുടെ ദുരിതത്തിനും കോടതിമുറിയിലുള്ള കാത്തിരിപ്പിന്റെ കഷ്ടപ്പാടിനും അനിതയെ വിധേയയാക്കേണ്ടിവരുന്നു എന്നത് എന്റെ ഹൃദയത്തെ മഥിച്ചു. 'പക്ഷേ, അതാണ് നിയമം' എന്നു ഞങ്ങളോടു പറഞ്ഞത് ഓര്‍ക്കുന്നുണ്ടല്ലോ. അതിനാല്‍, അവരുടെ പേരു വിളിച്ചപ്പോള്‍, ഇടറുന്ന കാലടികള്‍ മെല്ലെ ചലിപ്പിച്ച്, ഒരു വശം ചെരിഞ്ഞുനടക്കുന്ന അനിതയെ ജഡ്ജിയുടെ ഇരിപ്പിടത്തിനരികിലേക്കു കൊണ്ടുചെല്ലണമെന്ന് നിര്‍ബ്ബന്ധമുണ്ടായിരുന്നു എനിക്ക്. മനുഷ്യത്വമുള്ള ആളായിരുന്നു അദ്ദേഹം. അവരുടെ അവസ്ഥ കണ്ടപ്പോള്‍, 'വേണ്ട, വേണ്ട, അവര്‍ ഇരിക്കുന്നിടത്തുതന്നെ ഇരുന്നോട്ടെ' എന്നു പറഞ്ഞു അദ്ദേഹം. എന്നാല്‍, ഞാനത് ഗൗനിച്ചതേയില്ല. ദൃഢമായി പിടിച്ചുകൊണ്ട് അവരെ ജഡ്ജിയുടെ ഇരിപ്പിടത്തിനരികിലേക്കു വലിച്ചുകൊണ്ടുപോയി ഞാന്‍. നേരിട്ടു ഹാജരാകുന്നതില്‍നിന്ന് ജഡ്ജി അവര്‍ക്ക് ഒഴിവുനല്‍കി. അവരെ കസേരയിലേക്ക് കൊണ്ടുപോകുമ്പോള്‍, 'നിയമത്തിന്റെ അന്തസ്സ് ഉയര്‍ത്താന്‍ ഇപ്പോള്‍ കഴിഞ്ഞിട്ടുണ്ടാകും' എന്ന് എല്ലാവരും കേള്‍ക്കെ അരിശത്തോടെ ഞാനാക്രോശിച്ചു.
കോടതിനടപടികള്‍ രേഖപ്പെടുത്തിക്കൊണ്ട് ജഡ്ജി ഇങ്ങനെ ഉത്തരവായി, 'ആരോപണവിധേയായ ഒന്നാം കക്ഷിയെ സ്ഥിരമായി ഒഴിവാക്കുന്നതിനുള്ള അപേക്ഷയ്ക്ക് മറുപടി ഫയല്‍ ചെയ്തിട്ടില്ല. എന്നാല്‍, വാദിയുടെ അഭിജ്ഞനായ അഭിഭാഷകന്‍ അപേക്ഷയെ എതിര്‍ത്തിട്ടില്ല... എതിര്‍പ്പില്ലാത്തത് പരിഗണിച്ചും ആരോഗ്യപരമായ കാരണങ്ങളാലും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഈ കോടതി മുന്‍പാകെ ഹാജരാകുന്നതില്‍നിന്ന് ഒന്നാം കക്ഷിയെ ഒഴിവാക്കിയിരിക്കുന്നു...'
'എല്ലാ ദിവസവും വിചാരണ നടത്തി' കേസ് എത്രയും പെട്ടെന്ന് തീര്‍ക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് 2014 ജനുവരി 7ന് 'ചാര്‍ജ് ചെയ്യുന്നതിനു മുന്‍പുള്ള തെളിവെടുപ്പ്' നടത്തുന്നതിന് മുന്‍പത്തെ ജഡ്ജി നിശ്ചയിച്ചിരുന്നു എന്ന കാര്യം നിങ്ങള്‍ ഓര്‍മ്മിക്കുമല്ലോ. 2014 ഏപ്രില്‍ 15നായിരുന്നു ഇപ്പോഴത്തെ വാദം നടന്നത്. ഒഴിവാക്കുന്നതിനുള്ള അനിതയുടെ അപേക്ഷയ്ക്കു പുറമേ മറ്റൊരു കാര്യംകൂടി ജഡ്ജി പരിഗണിച്ചിരുന്നെന്ന് അദ്ദേഹത്തിന്റെ കുറിപ്പിന്റെ അവസാനത്തെ വാക്യം വെളിവാക്കുന്നുണ്ട്: 'വാദിയുടെ സാക്ഷി ഹാജരായിരുന്നില്ല. അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. വാദം കേട്ടു. അനുവദിച്ചു. തെളിവെടുപ്പിനായി പരാതിക്കാരന്‍ 12.5.2014ന് ഹാജരാകേണ്ടതാണ്.'
ഇതൊരു സ്ഥിരം രീതിയായി മാറി: കര്‍ത്തവ്യബോധമുള്ള പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായിരിക്കും, കുറ്റാരോപിതരായ ഞങ്ങളും ഞങ്ങളുടെ അഭിഭാഷകരില്‍ ആരെങ്കിലും ഒരാളും ഉണ്ടാകും. എന്നാല്‍, ഔദ്യോഗികസാക്ഷികള്‍ ഒന്നുകില്‍ 'വന്നുകൊണ്ടിരിക്കുക'യായിരിക്കും അല്ലെങ്കില്‍ 'പോന്നിട്ടുണ്ടായിരിക്കുകയില്ല.' അവര്‍ ഹാജരായതിനുശേഷം നല്‍കുന്ന മൊഴിയില്‍ അതൊന്നും കണക്കിലെടുക്കുകയുമില്ല.
2014 മേയ് 12ന് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ചാര്‍ജ് ചെയ്യുന്നതിനു മുന്‍പുള്ള തെളിവെടുപ്പിന് പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് ഒരു സാക്ഷി ഹാജരായിരുന്നു, വിസ്താരം നടത്തി. മറ്റൊരു പ്രോസിക്യൂഷന്‍ സാക്ഷിയും ഹാജരായിരുന്നില്ല. അവധിക്കു വെക്കാന്‍ അപേക്ഷ നല്‍കി. വാദം കേട്ടു. വാദിയുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കുന്നതിന് 26.5.2014ന് ഹാജരാകേണ്ടതാണ്.
2014 മേയ് 26ന് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:
'...ചാര്‍ജ് ചെയ്യുന്നതിനാവശ്യമായ തെളിവൊന്നും ഹാജരാക്കിയില്ല. അവധിക്കു വെക്കാന്‍ അപേക്ഷ നല്‍കി. വാദം കേട്ടു. വാദിയുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കുന്നതിന് 11.7.2014ന് ഹാജരാകേണ്ടതാണ്.'
2014 ജൂലായ് 11ന്:
'... പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് ഹാജരായ രണ്ടു സാക്ഷികളുടെ വിസ്താരം നടത്തി. മറ്റൊരു പ്രോസിക്യൂഷന്‍ സാക്ഷിയും ഹാജരായിരുന്നില്ല. അവധിക്കു വെക്കാന്‍ അപേക്ഷ നല്‍കി. വാദം കേട്ടു. അനുവദിച്ചു. വാദിയുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കുന്നതിന് 25.8.2014ന് ഹാജരാകേണ്ടതാണ്.'
ഓരോ വിസ്താരവേളയിലും വാദിയുടെയും പ്രോസിക്യൂഷന്റെയും സാക്ഷികളോട് യാന്ത്രികമായ മൂന്നോ നാലോ സ്ഥിരം ചോദ്യങ്ങള്‍ ചോദിക്കും. അവര്‍ യാന്ത്രികമായ മറുപടികളും നല്‍കും.
2014 ഓഗസ്റ്റ് 25ന്:
വാദിയുടെ ഭാഗത്തുനിന്നുള്ള ഒരു സാക്ഷി ഹാജരായിരുന്നു, മൊഴി രേഖപ്പെടുത്തി. വാദിയുടെ ഭാഗത്തുനിന്ന് മറ്റു സാക്ഷികളൊന്നും ഹാജരായിരുന്നില്ല. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതായി വാദിയുടെ അഭിജ്ഞനായ അഭിഭാഷകന്‍ സത്യവാങ്മൂലം നല്‍കി. ചാര്‍ജ് പരിഗണിക്കുന്നതിന് 05.09.2014ന് ഹാജരാകേണ്ടതാണ്.
ഇനിയുള്ള കാര്യങ്ങളിലേക്ക് കടക്കുന്നതിനു മുന്‍പ്, കുറച്ചൊന്ന് പിന്നോട്ടുപോകേണ്ടതുണ്ട്.
സൈക്ലോസ്റ്റൈല്‍ നോട്ടീസുകള്‍
1980-കളുടെ അവസാനമോ 1990-91 ആദ്യമോ, അരാവല്ലി കുന്നുകളില്‍ ഒരു റെസിഡന്‍ഷ്യല്‍ കോളനി നിര്‍മ്മിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്ക് ഒരു വസ്തുവില്പനക്കാരന്‍ തുടക്കംകുറിച്ചു. മറ്റു നൂറുകണക്കിനാളുകളെപ്പോലെ ഞങ്ങളും ഒരു പ്ലോട്ട് വാങ്ങി. ആ പ്ലോട്ടിന് ഒരു ഗെയ്റ്റ് ഉണ്ടായിരുന്നു; തൊട്ടുള്ള പ്ലോട്ടുകളില്‍നിന്ന് അതിനെ വേര്‍തിരിച്ചുകൊണ്ടുള്ള മുള്ളുവേലി മറ്റാരുടെയോ ആശയമായിരുന്നു.
2005 ഓഗസ്റ്റില്‍, ഹരിയാന മലിനീകരണനിയന്ത്രണബോര്‍ഡിന്റെ ഒരു 'കാരണം കാണിക്കല്‍' നോട്ടീസ് ഞങ്ങള്‍ക്കു ലഭിച്ചു. സാധാരണരീതിയിലുള്ള, അച്ചടിച്ച ഒരു നോട്ടീസായിരുന്നു അത്. അനുമതികൂടാതെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ട് 1992 മേയ് 7ന് വനംപരിസ്ഥിതി മന്ത്രാലയം ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളതായി അതില്‍ പ്രസ്താവിച്ചിരുന്നു. 'പുതിയ വ്യവസായങ്ങള്‍ ആരംഭിക്കല്‍/നിലവിലുള്ളവയുടെ വികസിപ്പിക്കലും നവീകരണവും;' പുതിയ ഖനനം, ഖനനാനുമതി നീട്ടല്‍, മരം മുറിക്കല്‍; വാസസ്ഥലങ്ങള്‍, ഫാം ഹൗസുകള്‍, ഷെഡ്ഡുകള്‍, സാമൂഹികകേന്ദ്രങ്ങള്‍, ഇന്‍ഫര്‍മഷേന്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം (അതുമായി ബന്ധപ്പെട്ടുള്ള റോഡുകളും മറ്റും ഉള്‍പ്പെടെ), വൈദ്യുതീകരണം' എന്നിങ്ങനെയുള്ളവയെല്ലാം അതില്‍ ഉള്‍പ്പെട്ടിരുന്നു. ഇത്തരത്തിലുള്ള ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ ബന്ധപ്പെട്ട വ്യക്തി മന്ത്രാലയത്തിന്റെ അനുമതി മുന്‍കൂട്ടി വാങ്ങേണ്ടതുണ്ട്.
അതിലൊരു പ്രശ്നവുമില്ല: കുന്നുകള്‍ സംരക്ഷിക്കപ്പെടുകതന്നെ വേണം. വിജ്ഞാപനത്തിന്റെ ഉദ്ദേശ്യശുദ്ധി ആരെയാണ് ചൊടിപ്പിക്കുക? നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങളായിരുന്നു പ്രശ്നം: വിജ്ഞാപനം ഉണ്ടെങ്കിലും ഇല്ലെങ്കിലും അവിടെ ഖനനം നടന്നുകൊണ്ടിരിക്കുന്നത് എല്ലാവര്‍ക്കും കാണാമായിരുന്നുഖനനം ചെയ്ത അയിരുകളുമായി പകല്‍വെട്ടത്തില്‍ ലോറികള്‍ പായുന്നതിന്റെ ചിത്രങ്ങളും വാര്‍ത്തകളും പത്രങ്ങള്‍ സ്ഥിരമായി പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു.
വിജ്ഞാപനം പ്രശ്നമായിരുന്നില്ല. ഞങ്ങളെ സംബന്ധിച്ചാണെങ്കില്‍, അച്ചടിച്ച 'കാരണം കാണിക്കല്‍' നോട്ടീസും പ്രശ്നമായിരുന്നില്ല, ആര്‍ക്കും അയയ്ക്കുന്ന ഒരു സ്ഥിരം സാധനമായിരുന്നു അത്. എങ്കില്‍ത്തന്നെയും അതെന്നെ അസ്വസ്ഥനാക്കുകയും കുറച്ച് അരിശംകൊള്ളിക്കുകയും ചെയ്തു. കാരണം, ഇതായിരുന്നു അതിന്റെ തുടക്കം: '...തീയതിയിലെ അരാവല്ലി വിജ്ഞാപനം ഗുരുതരമായി ലംഘിച്ചുകൊണ്ട്, പ്രകൃത്യാലുള്ള കുന്നില്‍ നിങ്ങള്‍ ഫാം ഹൗസ്/ ഭവനം/ സ്ഥാപനം നിര്‍മ്മിച്ചിരിക്കുന്നു എന്ന് ഇതിനാല്‍ അറിയിക്കുന്നു.' അതേസമയം, വാസ്തവത്തില്‍ ഞങ്ങളൊന്നും നിര്‍മ്മിച്ചിരുന്നില്ല. ഭീഷണിയോടെയായിരുന്നു നോട്ടീസ് അവസാനിച്ചിരുന്നത്:
'പ്രകൃത്യാലുള്ള കുന്നില്‍ നിങ്ങള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകവഴി അരാവല്ലി വിജ്ഞാപനം ലംഘിച്ചിരിക്കുന്നതിനാല്‍, 1986-ലെ പരിസ്ഥിതിസംരക്ഷണനിയമം അനുസരിച്ച് നിങ്ങള്‍ക്കെതിരെ നടപടി കൈക്കൊള്ളേണ്ടതുണ്ട്. ഈ കാരണം കാണിക്കല്‍ നോട്ടീസിന് 15 ദിവസത്തിനകം മറുപടി നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്നു. അല്ലാത്തപക്ഷം ഈ വിഷയം സംബന്ധിച്ച് നിങ്ങള്‍ക്കൊന്നും പറയാനില്ലെന്ന് അനുമാനിച്ചുകൊണ്ട്, ഇനിയൊരു അറിയിപ്പ് കൂടാതെ നിങ്ങള്‍ക്കെതിരെ നടപടി എടുക്കുകയും പ്രോസിക്യൂഷന്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നതായിരിക്കും.'
അനിതയും ഞാനും മറുപടി നല്‍കി:'പ്ലോട്ടില്‍ ഞങ്ങളൊന്നും നിര്‍മ്മിച്ചിട്ടില്ല... കൂടുതലെന്തെങ്കിലും വിവരം നല്‍കണമെങ്കില്‍ ഞങ്ങള്‍ വരാം...'
പിന്നീട് ഒരു വിവരവും ലഭിച്ചില്ല. രണ്ടു വര്‍ഷം കഴിഞ്ഞ്, 2007 ഓഗസ്റ്റില്‍, അച്ചടിച്ച മറ്റൊരു കുറിമാനം ഞങ്ങള്‍ക്ക് ലഭിച്ചു. വസ്തു വാങ്ങിച്ചിട്ടുള്ള എല്ലാവര്‍ക്കുംവേണ്ടി തയ്യാറാക്കിയിട്ടുള്ളതാണതെന്നു തോന്നി. അച്ചടിച്ച പ്രസ്താവനയുടെ ഇടയ്ക്ക് ഒഴിച്ചിട്ടിരുന്ന മൂന്നിടങ്ങളില്‍ കൈകൊണ്ട് എഴുതിച്ചേര്‍ത്തിരിക്കുന്നു അച്ചടിയിലുള്ള അടിവരകളും ഉണ്ടായിരുന്നു. 'മേല്‍വിഷയം സംബന്ധിച്ച്,
18.08.2000 തീയതിയിലെ ക്രമനമ്പര്‍ (ഇല്ല) അനുസരിച്ചുള്ള കാരണം കാണിക്കല്‍ നോട്ടീസിന്റെ മറുപടി ലഭിച്ചിട്ടുള്ളതാകുന്നു. നിങ്ങള്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കുന്നതിന്, തുടര്‍ന്ന് ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍കൂടി നല്‍കേണ്ടതാണ്:
(1) നിങ്ങള്‍ക്ക് പ്ലോട്ട് അനുവദിച്ച തീയതി (2) സബ് രജിസ്ട്രാര്‍ മുന്‍പാകെ കച്ചവടം, കൈമാറ്റം രജിസ്റ്റര്‍ ചെയ്ത തീയതി (3) ഇലക്ട്രിസിറ്റി ബോര്‍ഡില്‍നിന്ന് വൈദ്യുതി കണക്ഷന്‍ ലഭിച്ച തീയതി (4) ട്യൂബ് വെല്‍ സ്ഥാപിച്ച തീയതി (5) അധികൃതരില്‍നിന്ന് കെട്ടിടത്തിന്റെ പ്ലാന്‍ അംഗീകരിച്ചുകിട്ടിയിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ (6) വസ്തുവിന്റെ ഉപയോഗത്തില്‍ മാറ്റം വരുത്തുന്നതിന് ടൗണ്‍ പ്ലാനിങ് വകുപ്പില്‍നിന്നോ തദ്ദേശ സ്വയംഭരണസ്ഥാപനത്തില്‍നിന്നോ അനുമതി നേടിയിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍.'
വീണ്ടും: '15 ദിവസത്തിനകം മറുപടി നല്‍കുക, അല്ലാത്തപക്ഷം...'
ഞങ്ങള്‍ ഉടന്‍തന്നെ മറുപടി നല്‍കി:
'1. പ്ലോട്ട് അനുവദിച്ച തീയതി: 31.12.90
2. സബ് രജിസ്ട്രാര്‍ മുന്‍പാകെ കച്ചവടം/കൈമാറ്റം രജിസ്റ്റര്‍ ചെയ്ത തീയതി: 31.10.07
3. വൈദ്യുതി കണക്ഷന്‍ എടുത്തിട്ടില്ല.
4. ട്യൂബ് വെല്‍ സ്ഥാപിച്ചിട്ടില്ല.
5. ബില്‍ഡിങ് പ്ലാന്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടില്ല.
6. വസ്തുവിന്റെ ഉപയോഗത്തില്‍ മാറ്റംവരുത്തുന്നതിന് അനുമതി ആവശ്യപ്പെടുകയോ നേടുകയോ ചെയ്തിട്ടില്ല.' കൂടുതല്‍ എന്തെങ്കിലും വിവരം ആവശ്യമുണ്ടെങ്കില്‍ ആയത് നല്‍കാനായി നേരിട്ടു ചെല്ലാനുള്ള സന്നദ്ധത ഞങ്ങള്‍ വീണ്ടും അറിയിക്കുകയും ചെയ്തു.
2007 നവംബറില്‍ ആയിരുന്നു അത്. അപ്പോഴേക്കും, ഡല്‍ഹിയിലെ ശൈത്യം സഹിക്കാന്‍ അനിതയ്ക്കുള്ള ബുദ്ധിമുട്ട് വര്‍ദ്ധിച്ചിരുന്നു. പൂനയ്ക്കടുത്ത് പുതിയൊരു 'നഗരം' ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നതിനെ സംബന്ധിച്ച് ഒരു സുഹൃത്ത് ഞങ്ങളോടു പറഞ്ഞു. അനിതയ്ക്കും ഞങ്ങളുടെ മകനും അത് കൂടുതല്‍ ഗുണകരമായിരിക്കുമെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍, അവിടെ വീട് വാങ്ങുന്നതിനുള്ള പണം സ്വരൂപിക്കുന്നതിന് അരാവല്ലി ഭാഗത്തെ പ്ലോട്ട് വില്‍ക്കണമായിരുന്നു.
2008 മാര്‍ച്ച് 27ന് ഞങ്ങളത് വിറ്റു. എന്നാല്‍, എന്താണ് വസ്തുതയെന്ന് ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നെന്ന് തോന്നിയില്ല. വീണ്ടും ഞങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചു. ഹരിയാന മലിനീകരണനിയന്ത്രണബോര്‍ഡിന്റെ മേധാവിയെ ഫോണ്‍ ചെയ്ത് സംഭവങ്ങള്‍ ഞാന്‍ വിശദീകരിച്ചു. പ്രത്യേകിച്ച്, ഞങ്ങള്‍ ഒന്നുംതന്നെ നിര്‍മ്മിച്ചിട്ടില്ലെന്നു മാത്രമല്ല, പ്ലോട്ട് ഞങ്ങള്‍ മറ്റൊരാള്‍ക്ക് വിറ്റുവെന്നും. വിഷയം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്‍ തന്റെയടുത്ത് ഇരിക്കുന്നുണ്ടെന്നും താന്‍ ഫോണ്‍ അദ്ദേഹത്തിന് കൈമാറാമെന്നും അദ്ദേഹം പറഞ്ഞു; എല്ലാ കാര്യങ്ങളും ആ ഉദ്യോഗസ്ഥനോട് വിശദീകരിക്കാനും. തീയതികളും വസ്തുതകളുമെല്ലാം ആ ഉദ്യോഗസ്ഥനോട് ഞാന്‍ ആവര്‍ത്തിച്ചു. അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടെന്നു തോന്നി. പ്ലോട്ട് വിറ്റപ്പോള്‍ തയ്യാറാക്കിയ വില്‍പ്പത്രം അയച്ചുകൊടുക്കാന്‍ എന്നോടദ്ദേഹം ആവശ്യപ്പെട്ടു.
ഞാനങ്ങനെ ചെയ്തു. 2009 ജനുവരിയിലായിരുന്നു അത്.
അതുകൊണ്ട് ഒരു ഗുണവുമുണ്ടായില്ലെന്ന് വെളിവായി. എന്തെന്നാല്‍ അച്ചടിച്ച മറ്റൊരു കാരണം കാണിക്കല്‍ നോട്ടീസ് 2014 ജൂലായില്‍ ഞങ്ങള്‍ക്ക് ലഭിച്ചു:
'ശ്രീമതി അനിത ഷൂരി...
അല്ലെങ്കില്‍
ബന്ധപ്പെട്ട വ്യക്തിക്ക്,
വാസയോഗ്യമായ ഫാം ഹൗസിനുവേണ്ടി താങ്കള്‍ അനധികൃതനിര്‍മ്മിതി നടത്തിയിട്ടുണ്ടെന്ന് (പ്ലോട്ട് നം. എഫ്35) എനിക്കു വിവരം ലഭിച്ചിരിക്കുന്നു...
കൂടുതല്‍ ലംഘനം നടത്തുന്നതില്‍നിന്ന് താങ്കളെ തടഞ്ഞുകൊണ്ടും ... മേല്‍പ്പറഞ്ഞ നിയമലംഘനം നടത്തിയിരിക്കുന്ന വസ്തു പൂര്‍വ്വസ്ഥിതിയില്‍ ആക്കുന്നതിന് ഉത്തരവിടാതിരിക്കുന്നതിനോ ബന്ധപ്പെട്ട നിയമത്തിന്റെയും ചട്ടങ്ങളുടെയും പരിധിക്കുള്ളില്‍ പ്രസ്തുത വസ്തുവിനെ പെടുത്താതിരിക്കുന്നതിനോ കാരണമുണ്ടെങ്കില്‍, ആയത് ഏഴു ദിവസത്തിനുള്ളില്‍ (വലിയ അക്ഷരങ്ങളില്‍) എന്റെ ഓഫീസില്‍ ഹാജരായി ബോദ്ധ്യപ്പെടുത്തണമെന്നും ഇതിനാല്‍ ഉത്തരവായിരിക്കുന്നു...'
എല്ലാ വസ്തുതകളും ആവര്‍ത്തിച്ചുകൊണ്ട് അടുത്തദിവസംതന്നെ ഞാന്‍ മറുപടിയയച്ചു. ഒരേ രീതിയിലുള്ള ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും 2005 മുതല്‍ ഞങ്ങള്‍ മറുപടികള്‍ അയച്ചുകൊണ്ടിരിക്കുകയാണെന്നും അവ ആരും ശ്രദ്ധിക്കുന്നുണ്ടെന്നു തോന്നുന്നില്ലെന്നുംകൂടി ഞാന്‍ ചൂണ്ടിക്കാട്ടി; പകരം, ഫരീദാബാദിലെ പ്രത്യേക പരിസ്ഥിതി കോടതിയില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണെന്നും അത് ശല്യപ്പെടുത്തുന്ന വ്യവഹാരമാണെന്നും.
മറുപടിയില്ല.
കാരണംകാണിക്കല്‍ നോട്ടീസുകള്‍ക്ക് മറുപടിയായി വസ്തുതകളെല്ലാം വിശദീകരിച്ചതോടെ ചെയ്യേണ്ടതൊക്കെ ചെയ്തുകഴിഞ്ഞു എന്ന ധാരണയിലായിരുന്നു ഞങ്ങള്‍. അങ്ങനെയായിരുന്നില്ല കാര്യങ്ങളെന്ന് ഏറെക്കാലത്തിനുശേഷം ഞാന്‍ കരസ്ഥമാക്കിയ കോടതിരേഖകള്‍ വ്യക്തമാക്കി. ഞങ്ങളറിയാതെ, ഞങ്ങള്‍ക്കെതിരേ കുറെക്കാലംകൊണ്ട് കേസ് പുരോഗമിക്കുകയായിരുന്നു.
2007 ഒക്ടോബര്‍ 31നാണ് അനിതയുടെ പേരില്‍ പ്ലോട്ട് രജിസ്റ്റര്‍ ചെയ്തത്. 2008 മാര്‍ച്ച് 27ന് ഞങ്ങളത് വില്‍ക്കുകയും ചെയ്തു.
അനധികൃതമായി ഞങ്ങള്‍ ഫാം ഹൗസ് നിര്‍മ്മിച്ചെന്നൊരു പരാതി 2009 ഒക്ടോബര്‍ 28ന് ഫയല്‍ ചെയ്തു. 2010 ഫെബ്രുവരിയില്‍ അനിതയ്ക്ക് സമന്‍സ് അയച്ചിട്ടുള്ളതായി കോടതിരേഖകളിലുണ്ട്. തുടര്‍ന്ന് അതേ വര്‍ഷം നവംബറില്‍ ജാമ്യം ലഭിക്കാവുന്ന വാറന്റ്: 'പ്രതിക്ക് അയച്ച നോട്ടീസുകള്‍ മടക്കി ലഭിച്ചിട്ടില്ല.' ആയതിനാല്‍ ജാമ്യം ലഭിക്കാവുന്ന വാറന്റ്. തുടര്‍ന്ന് പരാതിയിലെ എല്ലാ ആരോപണങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് അന്നത്തെ ജഡ്ജിയുടെ ഒരുത്തരവും. പിന്നീട് 2011 ഫെബ്രുവരിയില്‍: ശേഷിക്കുന്ന പ്രതികള്‍ക്കയച്ച ജാമ്യം ലഭിക്കാവുന്ന വാറന്റുകള്‍ മടങ്ങിവന്നിട്ടില്ല. ശേഷിക്കുന്ന പ്രതികള്‍ക്ക്, ജാമ്യം ലഭിക്കാവുന്ന പുതിയ വാറന്റുകള്‍... 25.5.11 ലേക്ക് അയയ്ക്കേണ്ടതാണ്.
ആ ദിവസത്തിന്, 2011 മേയ് 24 തീയതി വെച്ച്, തേഞ്ഞുപോയ അതേ റബ്ബര്‍മുദ്ര:
ആരും ഹാജരല്ല
25.5.11ന് ഞാന്‍ അവധിയില്‍ ആയതിനാല്‍ ഇന്നേദിവസം കേസ് പരിഗണിച്ചു.
പുതിയ ജഡ്ജി.
ഹൈക്കോടതിയില്‍നിന്നുള്ള ഉത്തരവിനായി കാത്തിരിക്കുന്നു.
2012 മേയ് 4ലെ നടപടികള്‍ 2012 മേയ് 28ലെ നടപടികള്‍: രണ്ടാം പ്രതി (ഞങ്ങളുടെ പ്ലോട്ട് വാങ്ങിയ മാന്യന്‍) ഹാജരുണ്ട്. അങ്ങനെയാകുമ്പോള്‍, ഞങ്ങളല്ല പ്ലോട്ടിന്റെ ഉടമസ്ഥരെന്ന് കോടതിക്ക് ബോദ്ധ്യപ്പെടേണ്ടതാണ്.
അടുത്ത നടപടി: അനിതയെ ഹാജരാക്കുന്നതിനുള്ള, ജാമ്യം ലഭിക്കാവുന്ന വാറന്റുകള്‍.
2012 ഒക്ടോബര്‍ 3ലെ നടപടികള്‍: ചാര്‍ജ് ചെയ്യുന്നതിനുള്ള തെളിവ് പരാതിക്കാരനു ലഭിക്കുന്നതിന് മനഃപൂര്‍വ്വമല്ലാതെ കേസ് മാറ്റിവെച്ചിരുന്നു. എന്നാല്‍, നാളിതുവരെ ഒന്നാംപ്രതി കോടതി മുന്‍പാകെ ഹാജരായിട്ടില്ല. ഇനി, ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുഖേന അറസ്റ്റ് വാറന്റിലൂടെ 30.10.2012ന് അവരുടെ സാന്നിദ്ധ്യം ഉറപ്പാക്കേണ്ടതാണ്.
2013 ഫെബ്രുവരി 28ലും ഇതേ രീതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അതായത്, അനിത ഹാജരായില്ലെന്നും അതിനാല്‍ വീണ്ടും ജാമ്യമില്ലാത്ത വാറന്റുകള്‍ പുറപ്പെടുവിക്കേണ്ടതാണെന്നും. വീണ്ടും 2013 മാര്‍ച്ച് 23നും 2013 മേയ് 13നും 2013 മേയ് 30നും.
ഞങ്ങള്‍ ഞങ്ങളുടെ വീട്ടില്‍ത്തന്നെ താമസിക്കുന്ന സമയത്താണ് ഇതൊക്കെ നടക്കുന്നത്. ബോര്‍ഡില്‍നിന്നുള്ള നോട്ടീസുകളില്‍നിന്നും കോടതിയില്‍നിന്നയച്ചിട്ടുള്ള സമന്‍സുകളില്‍നിന്നും വാറന്റുകളില്‍നിന്നും വ്യക്തമാകുന്നതുപോലെ, ഹരിയാന മലിനീകരണനിയന്ത്രണബോര്‍ഡിന്റെ കൈവശവും കോടതി മുന്‍പാകെയും ഉള്ള വിലാസത്തില്‍. 30 കിലോമീറ്റര്‍ ദൂരെ രൂപം കൊണ്ടുകൊണ്ടിരുന്ന ഭൂകമ്പത്തെക്കുറിച്ച് അജ്ഞരായി ഞങ്ങള്‍ സാധാരണപോലെ ജീവിതം നയിച്ചുകൊണ്ടിരുന്നു.
ഒടുവില്‍, 2013 ജൂലായ് 8ന്:
ഒന്നാം പ്രതിക്കെതിരേയുള്ള അറസ്റ്റ് വാറന്റ് നടപ്പാക്കിയോ നടപ്പാക്കാതെയോ മടങ്ങിവന്നിട്ടില്ല. ഫയല്‍ നോക്കിയപ്പോള്‍, ഒന്നാംപ്രതിക്കെതിരെ പല തവണ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും അവ നടപ്പാക്കാതെ മടങ്ങിവരികയോ അല്ലെങ്കില്‍ മടങ്ങിവരാതിരിക്കുകയോ ആണ് ഉണ്ടായിട്ടുള്ളതെന്നു കാണുകയുണ്ടായി. പ്രതി വാറന്റില്‍നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും സാധാരണ നടപടിയിലൂടെ അയാളുടെ സാന്നിദ്ധ്യം ഉറപ്പാക്കാനാകില്ലെന്നും വ്യക്തമാണ്. അതിനാല്‍ ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 82 പ്രകാരം പ്രതി ഒളിവില്‍ പോയതായി, 26.08.2013ല്‍ പ്രാബല്യത്തില്‍ വരത്തക്കവണ്ണം പ്രഖ്യാപിക്കേണ്ടതാണ്. വാറന്റ് നടപ്പാക്കാന്‍ ബാദ്ധ്യതപ്പെട്ട ഉദ്യോഗസ്ഥന്‍ അന്നേദിവസം കോടതിയില്‍ ഹാജരായി പ്രഖ്യാപനം നടത്തിയതു സംബന്ധിച്ച് സത്യവാങ്മൂലം നല്‍കേണ്ടതുമാണ്.
അങ്ങനെ, അനിതയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
'നിങ്ങള്‍ക്കെതിരേയുള്ള കേസ് തള്ളണമായിരുന്നെങ്കില്‍...'
ഓരോ ദിവസവും ഞാന്‍ കോടതിയില്‍ പോകും. ഇടയ്ക്കിടയ്ക്കുള്ള വിചാരണകള്‍ക്കും അവധിക്കു വെക്കലിനുമിടയ്ക്ക് മൊത്തം നാലു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ 'വിസ്തരിക്കുകയുണ്ടായി.' അതായത്, അവരോട് ഔപചാരികമായ ഏതാനും ചോദ്യങ്ങള്‍ ചോദിച്ചു: 'ഇതാണോ വിജ്ഞാപനം,' 'ഇതാണോ വില്ലേജ് റിക്കാര്‍ഡില്‍ ചേര്‍ത്തിരിക്കുന്നത്..?' 'നിങ്ങള്‍ പരിശോധിക്കുകയുണ്ടായോ?' അവര്‍ ഔപചാരികമറുപടികളും നല്‍കി.
എന്റെ കാഴ്ചപ്പാടില്‍, ഔപചാരികമായും അനവധാനതയോടെയും നടത്തിയ ആ ചോദ്യോത്തരങ്ങളില്‍നിന്ന് പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങള്‍ രേഖപ്പെടുത്തപ്പെടുകയുണ്ടായി:
1. പ്ലോട്ട് 2007 ഒക്ടോബര്‍ 31ന് ഞങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തെന്നും 2008 മാര്‍ച്ച് 27ന് ഞങ്ങളത് രണ്ടാം പ്രതിക്ക് വിറ്റെന്നും വില്ലേജിലെ രേഖകള്‍ വ്യക്തമായി സ്ഥാപിച്ചിരിക്കുന്നു.
2. 'ഫാം ഹൗസ്' എന്ന് എപ്പോഴും പരാമര്‍ശിച്ചുകൊണ്ടിരുന്നത് യഥാര്‍ത്ഥത്തില്‍ ചെറിയൊരു തട്ടിക്കൂട്ട് മുറി മാത്രമായിരുന്നു കാവല്‍പ്പുരപോലെയുള്ള ഒന്ന്.
3. സ്ഥലം ഇടയ്ക്കിടയ്ക്ക് പരിശോധിക്കണമെന്നാണ് ചട്ടം. വാസ്തവത്തില്‍, ഒരു പ്രാവശ്യം മാത്രമാണ് 'പരിശോധന' നടത്തിയിട്ടുള്ളത്. 2009 ഏപ്രില്‍ 17ന് 'പരിശോധന' നടത്തിയെന്നാണ് അത് ചെയ്ത ഉദ്യോഗസ്ഥന്‍ പറഞ്ഞത്; അതായത്, ഞങ്ങള്‍ പ്ലോട്ട് വിറ്റ് നാളുകള്‍ക്കുശേഷം.
4. 1992ന് (പരിസ്ഥിതിമന്ത്രാലയം വിജ്ഞാപനം ഇറക്കിയ വര്‍ഷം) മുന്‍പാണോ അതിനു ശേഷമാണോ ഗെയ്റ്റും 'ചുറ്റുമതിലും' റോഡും നിര്‍മ്മിച്ചതെന്നു തീര്‍ച്ചപ്പെടുത്താന്‍ തനിക്കാവില്ലെന്നാണ് ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞത്.
5. ഞങ്ങള്‍ക്ക് പ്ലോട്ട് ലഭിക്കുന്നതിനു മുന്‍പാണോ, പ്ലോട്ട് ഞങ്ങളുടെ കൈവശമായിരുന്ന സമയത്താണോ, അതോ ഞങ്ങളത് വിറ്റതിനുശേഷമാണോ ആ ഒറ്റമുറി നിര്‍മ്മിച്ചതെന്നു പറയാന്‍ അദ്ദേഹത്തിനായില്ല.
'അതെ, രേഖകള്‍ വ്യക്തമാണ്. നിങ്ങള്‍ കെട്ടിടമൊന്നും നിര്‍മ്മിച്ചിട്ടില്ല. രണ്ടാം പ്രതിയുടേതാണ് പ്ലോട്ട്. എന്നാല്‍, ഈ ഘട്ടത്തില്‍ നിങ്ങള്‍ക്കെതിരേയുള്ള കേസ് തള്ളിയാല്‍, രാഷ്ട്രീയസമ്മര്‍ദ്ദത്തിന്റെ പുറത്തോ കൈക്കൂലി വാങ്ങിയിട്ടോ ആണ് അങ്ങനെ ചെയ്തതെന്ന് ആരോപണമുണ്ടാകും.' ഇതു പറഞ്ഞ വ്യക്തി ഞങ്ങളോട് അത്യധികം കരുതലുള്ളയാളായിരുന്നു; സഹായിയും. അദ്ദേഹത്തോട് ദേഷ്യപ്പെടാന്‍ എനിക്കാകുമായിരുന്നില്ല.തന്നെയുമല്ല, 'വ്യവസ്ഥിതി'യോട് അരിശപ്പെടുന്നത് നിഷ്പ്രയോജനവുമാണ്. സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
എങ്കില്‍ത്തന്നെയും, 2014 സെപ്റ്റംബര്‍ 5ലെ വിസ്താരം കഴിഞ്ഞപ്പോള്‍, 'വാദം കേട്ടു. പ്രഥമദൃഷ്ട്യാ, 1986ലെ പരിസ്ഥിതിസംരക്ഷണനിയമത്തിലെ വകുപ്പ് 15 പ്രകാരം പ്രതിക്കെതിരേ ശിക്ഷാര്‍ഹമായ കേസാണുള്ളത്' എന്ന് ജഡ്ജി ഉത്തരവായത് എന്നെ രോഷാകുലനാക്കി. ഞങ്ങള്‍ക്ക് ചാര്‍ജ് ഷീറ്റ് കൈമാറുകയും ചെയ്തു.
2014 ഒക്ടോബര്‍ 13ലെ വാദം കഴിഞ്ഞപ്പോള്‍, 'ചാര്‍ജ് കൈമാറിയതിനുശേഷം തെളിവൊന്നും ഹാജരാക്കിയിട്ടില്ല' എന്ന് ജഡ്ജി രേഖപ്പെടുത്തി. 'അവധിക്ക് അപേക്ഷ വെച്ചിട്ടുണ്ട്. വാദം കേട്ടു. വാദിയുടെ ഭാഗത്തുനിന്നുള്ള തെളിവ് സമര്‍പ്പിക്കുന്നതിനായി 17.11.2014ന് ഹാജരാകേണ്ടതാണ്.'
നവംബര്‍ 17നോ? 'ചാര്‍ജ് കൈമാറിയതിനുശേഷം തെളിവൊന്നും ഹാജരാക്കിയിട്ടില്ല. അവധിക്ക് അപേക്ഷ വെച്ചിട്ടുണ്ട്. വാദം കേട്ടു. വാദിയുടെ ഭാഗത്തുനിന്നുള്ള തെളിവ് സമര്‍പ്പിക്കുന്നതിനായി 25.11.2014ന് ഹാജരാകേണ്ടതാണ്.'
നവംബര്‍ 25ന്? 'പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള രണ്ടു സാക്ഷികള്‍ ഹാജരുണ്ട്. വിസ്താരം നടത്തി. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് മറ്റ് സാക്ഷികളാരും ഹാജരല്ല.' ചാര്‍ജ് ചെയ്യുന്നതിനു മുന്‍പ് 'വിസ്താരത്തി'നും 'മറുവിസ്താരത്തി'നും വിധേയരായ അതേ ഉദ്യോഗസ്ഥര്‍ അതേ കാര്യംതന്നെ ആവര്‍ത്തിക്കുന്നതിനാല്‍ 'ചാര്‍ജ് ചെയ്യുന്നതിനു മുന്‍പ് മൊഴി രേഖപ്പെടുത്തിയവരെ ചാര്‍ജിനുശേഷം മറുവിസ്താരം ചെയ്യാന്‍ താത്പര്യമില്ല' എന്ന് ഞങ്ങളുടെ വക്കീല്‍ അറിയിച്ചു. പ്രോസിക്യൂട്ടര്‍ വാദം അവസാനിപ്പിച്ചു. അടുത്ത വാദം 2014 ഡിസംബര്‍ 14ന് എന്നറിയിച്ചു.
അന്ന് വാദം വീണ്ടും മാറ്റിവെച്ചു: 'പ്രതിയുടെ അഭിജ്ഞനായ അഭിഭാഷകന്റെ അഭ്യര്‍ത്ഥനയനുസരിച്ചാ'ണ് അങ്ങനെ ചെയ്തതെന്നാണ് രേഖയിലുള്ളത്. അന്ന് ഞാന്‍ ഹാജരായിരുന്നതിനാലും കേസ് എത്രയും പെട്ടെന്ന് അവസാനിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നതിനാലും ഞങ്ങളെയായിരിക്കില്ല പരാമര്‍ശിച്ചിരിക്കുക. പ്രതിയുടെ ഭാഗം കേള്‍ക്കുന്നതിന് ജഡ്ജി തീയതി നിശ്ചയിച്ചു: '2015 ജനുവരി 16.'
അന്നേ ദിവസം അനിതയ്ക്ക് നേരിട്ടു ഹാജരാകാന്‍ കഴിയാഞ്ഞതിനാല്‍, ഒരു ചോദ്യാവലി നല്‍കി, അവരുടെ ഉത്തരങ്ങള്‍ ലഭ്യമാക്കാമെന്ന് ജഡ്ജി തീരുമാനിച്ചു. ജനുവരി 16ന് ഉച്ചഭക്ഷണത്തിനു മുന്‍പ് എന്റെ കൈവശം ചോദ്യാവലി തന്നു. പല പ്രതികള്‍ക്കും കൊടുത്തിട്ടുള്ള ചോദ്യാവലിതന്നെയായിരുന്നു അതുമെന്നതിനാല്‍ ഉത്തരങ്ങള്‍ തയ്യാറായിരുന്നു. അതിനാല്‍ ഉച്ചഭക്ഷണത്തിനുശേഷം കോടതിക്ക് ഉത്തരങ്ങള്‍ നല്‍കി.
അടുത്ത വിചാരണയ്ക്ക് മറ്റേ പ്രതി ഹാജരായിരുന്നില്ല. അതുകഴിഞ്ഞുള്ള വിസ്താരവേളയില്‍, സമാനമായ ഒരു കേസില്‍ കരാറുകാരെ വെറുതേ വിട്ടുകൊണ്ടുള്ള ഒരു വിധിന്യായത്തിന്റെ പകര്‍പ്പ് കരാറുകാരുടെ അഭിഭാഷകന്‍ സമര്‍പ്പിച്ചു. ആ കേസില്‍ വെറുതേ വിട്ടിട്ടുള്ള സ്ഥിതിക്ക് ഇനി അവരെ വിചാരണ ചെയ്യാനോ ശിക്ഷിക്കാനോ സാധിക്കുകയില്ലെന്ന് അദ്ദേഹം വാദിച്ചു. അടുത്ത വിചാരണയ്ക്ക്, 2015 മാര്‍ച്ച് രണ്ടിന്, ഞങ്ങളുടെ അഭിഭാഷകന്‍ തന്റെ വാദമുഖങ്ങള്‍ അവതരിപ്പിച്ചു.
ആ ദിവസത്തെ രേഖയില്‍ ഇങ്ങനെ കാണുന്നു: 'പ്രതിഭാഗത്തുനിന്ന് തെളിവൊന്നും ഹാജരാക്കിയിട്ടില്ല. ഒന്നാം പ്രതിയുടെ അഭിജ്ഞനായ അഭിഭാഷകന്‍ വാദം അവസാനിപ്പിച്ചു... ഇതേ തീയതിയിലെ വേറൊരു വിധിന്യായത്തിലൂടെ എല്ലാ പ്രതികളെയും കുറ്റാരോപണത്തില്‍നിന്ന് ഈ കോടതി മുക്തമാക്കിയിട്ടുണ്ട്. ജാമ്യം ലഭിക്കുന്നതിനായി പ്രതിസമര്‍പ്പിച്ചിട്ടുള്ള ബോണ്ടുകള്‍ റദ്ദാക്കുന്നു. അനുമതി വാങ്ങിയതിനുശേഷം ഫയല്‍ റിക്കാര്‍ഡ് മുറിയിലേക്കു മാറ്റാവുന്നതാണ്.'
പന്ത്രണ്ടര പുറമുണ്ട് വിധിന്യായം. വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു മുന്‍പുതന്നെ കരാറുകാര്‍ക്ക് അതിനെക്കുറിച്ച് സൂചന ലഭിച്ചിരുന്നെന്ന് ഹരിയാന മലിനീകരണനിയന്ത്രണബോര്‍ഡ് ആരോപിച്ചു, 'റവന്യൂ ഉദ്യോഗസ്ഥരുമായി കൂട്ടുചേര്‍ന്ന് റെയ്സിന ഗ്രാമത്തിലെ ഭൂമി സംബന്ധിച്ച രേഖകളില്‍ തിരിമറി നടത്താന്‍ അവര്‍ക്ക് സാധിച്ചു' എന്നും. അവരെല്ലാവരും കൂടിച്ചേര്‍ന്ന് ഒരു റെസിഡന്‍ഷ്യല്‍ കോളനി നിര്‍മ്മിക്കാന്‍ തക്കവണ്ണം ഭൂമിയുടെ സ്വഭാവം സംബന്ധിച്ച് വ്യാജരേഖകള്‍ ചമച്ചു. പ്ലോട്ട് വാങ്ങിയതിനുശേഷം 'മറ്റേ പ്രതിയുമായി കൂട്ടുചേര്‍ന്ന് ചുറ്റുമതിലും ഗെയ്റ്റും ഒരു മുറിയുമൊക്കെയായി ഒരു ഫാം ഹൗസ് അനധികൃതമായി നിര്‍മ്മിച്ചു' എന്ന കുറ്റം ഞങ്ങളില്‍ ചാര്‍ത്തുന്നതില്‍ അത് കലാശിച്ചു.
സമര്‍പ്പിക്കപ്പെട്ട എല്ലാ രേഖകളെയും വിധിന്യായത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ജഡ്ജിയുടെ തീര്‍പ്പ് ശക്തവും വ്യക്തവുമായിരുന്നു. ഞങ്ങളുടെ കേസിന്റെ വിശദാംശങ്ങള്‍ ജഡ്ജി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: 'കൈവശാവകാശരേഖയില്‍, 1991 മുതല്‍ നാളിതുവരെ (ഞങ്ങള്‍ക്ക് ഭൂമി കൈമാറിയതുവരെ), അതിന് ഫാം ഹൗസിന്റെ സ്വഭാവം ഉണ്ടായിരുന്നില്ലെന്ന് എതിര്‍വിസ്താരത്തില്‍ വില്ലേജ് അധികാരി സമ്മതിച്ചു.' രണ്ടാമതായി, വില്ലേജിലെ രേഖകള്‍ പ്രകാരവും വില്‍പ്പത്രം അനുസരിച്ചും 2007 ഒക്ടോബര്‍ 31ന് അനിതയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമി 2008 മാര്‍ച്ച് 27ന് ഞങ്ങള്‍ വില്‍ക്കുകയുണ്ടായി. മൂന്നാമതായി, ഞങ്ങള്‍ ഭൂമി വിറ്റ് ഒരു വര്‍ഷത്തിലേറെ കഴിഞ്ഞിട്ടാണ് അവിടെ പരിശോധന നടത്തിയിരിക്കുന്നത്. നാലാമതായി, 'എന്നാണ് നിര്‍മ്മാണം ആരംഭിച്ചതെന്നോ അതെത്ര നാള്‍ തുടര്‍ന്നു' എന്നോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനു പറയാന്‍ കഴിഞ്ഞിട്ടില്ല. അഞ്ചാമതായി, പരിശോധന നടത്തുകയും ചുറ്റുമതിലും ഒരു മുറിയും നിര്‍മ്മിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത ഉദ്യോഗസ്ഥനെ എതിര്‍വിസ്താരം നടത്തിയപ്പോള്‍ ഫാം ഹൗസിലെ ആദ്യത്തെ നിര്‍മ്മാണത്തെക്കുറിച്ച് തനിക്കൊന്നും പറയാന്‍ കഴിയില്ലെന്നാണ് പറഞ്ഞത്.
എന്നാല്‍ ഇതൊന്നുമായിരുന്നില്ല കേസ് തള്ളിപ്പോകാനുണ്ടായ പ്രധാന കാരണം. അഭിഭാഷകര്‍ 'മാതൃവ്യവഹാരം' എന്നു വിശേഷിപ്പിച്ച കേസ് കരാറുകാര്‍ക്കെതിരേ ഉള്ളതായിരുന്നു. ഭൂമിയുടെ സ്വഭാവം തെറ്റായി കാണിക്കുന്നതിന് വില്ലേജ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് കരാറുകാരന്‍ രേഖകളില്‍ കൃത്രിമം നടത്തിയെന്നുള്ള ഹരിയാന മലിനീകരണബോര്‍ഡിന്റെ നിലപാട് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ. ഈ ആരോപണമാണ് തുടര്‍ന്നുവന്നതെല്ലാം നിയമവിരുദ്ധമാകാന്‍ നിമിത്തമായത്. തെളിവ് പരിശോധിച്ചതിനുശേഷം ജഡ്ജി ഇങ്ങനെ അഭിപ്രായപ്പെട്ടു:
'1991ലെ കാര്‍ഷികരേഖയിലും 199091ലെ കൈവശാവകാശരേഖയിലും അതായത്, ഭൂമി സംബന്ധിച്ച സര്‍ക്കാര്‍രേഖകളില്‍, വ്യവഹാരത്തില്‍ പെട്ടിരിക്കുന്ന ഭൂമിയില്‍ ഫാം ഹൗസിന്റെ സ്വഭാവമുള്ളതൊന്നും ഇല്ലെന്നത് അംഗീകരിക്കപ്പെട്ടിരിക്കുന്ന വസ്തുതയാണ്. റവന്യൂ ഉദ്യോഗസ്ഥരുമായി കൂട്ടുചേര്‍ന്ന് വ്യാജമായി ചമച്ചതാണ് ഈ രേഖയെന്നു തെളിയിക്കേണ്ട ബാദ്ധ്യത വാദിയുടേതായിരുന്നു. എന്നാല്‍, പ്രതിയും റവന്യൂ ഉദ്യോഗസ്ഥരും തമ്മില്‍ കൂട്ടുചേര്‍ന്നുവെന്നതിന് ഒരു തെളിവും ചൂണ്ടിക്കാട്ടിയിട്ടില്ലെന്നതാണ് അതിശയകരമായ വസ്തുത...
'കൂടാതെ, ഈ രേഖകളില്‍ വ്യാജമായി തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്നു തെളിയിക്കേണ്ട ബാദ്ധ്യത പ്രോസിക്യൂഷന്റേതായിരുന്നു. എന്നാല്‍, മുന്‍പ് പരാമര്‍ശിച്ചിട്ടുള്ളതുപോലെ, കാര്‍ഷികരേഖയിലും കൈവശാവകാശരേഖയിലും ഇപ്പോള്‍ കാണുന്ന മാറ്റം നിയമവിരുദ്ധമാണെന്നു സ്ഥാപിക്കുന്നതിനുള്ള ഒരു രേഖയും ഫയലിലില്ല. മുകളില്‍ പരാമര്‍ശിച്ചിട്ടുള്ളതുപോലെ, 199091ലെ കൈവശാവകാശരേഖ തയ്യാറാക്കുന്നതില്‍ അവിഹിതമായ കൂട്ടുകെട്ടോ വ്യാജരേഖചമയ്ക്കലോ നടന്നുവെന്നു തെളിയിക്കാന്‍ വാദിക്കു സാധിച്ചിട്ടില്ലാത്തതിനാല്‍ അനുമാനം നിഷേധിക്കാന്‍ നിര്‍വ്വാഹമില്ല.'
ഞങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളെ പരാമര്‍ശിച്ചുകൊണ്ട് ജഡ്ജി ഉപസംഹരിച്ചു:
'തര്‍ക്കത്തിലുള്ള ഭൂമിക്ക് അരാവല്ലി വിജ്ഞാപനം ബാധകമാണെന്ന് അനുമാനിച്ചാല്‍ത്തന്നെ ഒന്നാംപ്രതിയും രണ്ടാംപ്രതിയും നിര്‍മ്മാണം എന്നു തുടങ്ങിയെന്നോ എന്നവസാനിപ്പിച്ചെന്നോ സമര്‍ത്ഥിക്കാന്‍ പര്യാപ്തമായ ഒരു തെളിവുമില്ല. 1992നു ശേഷമാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതെന്ന് തെളിയിക്കുന്നതിനു പര്യാപ്തമായ കെട്ടിടപരിശോധനാ റിപ്പോര്‍ട്ടൊന്നുംതന്നെയില്ല.തന്നെയുമല്ല,
എഫ്35 ഫാം ഹൗസിലെ മുറി നിര്‍മ്മിച്ചതാരാണെന്നും നിശ്ചയമില്ല. അതിനാല്‍, പ്രതിക്ക് ഈ സംശയത്തിന്റെ ആനുകൂല്യം തീര്‍ച്ചയായും നല്‍കേണ്ടതാണ്.'
ഇതാണ് വിധി:
'അതുകൊണ്ട്, അരാവല്ലി റിട്രീറ്റിലെ ഭൂമിയെ സംബന്ധിച്ച് അരാവല്ലി വിജ്ഞാപനം ബാധകമാണോയെന്നു തെളിയിക്കുന്നതില്‍ വാദി/പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. അതിനും പുറമേ, അരാവല്ലി വിജ്ഞാപനം പുറപ്പെടുവിച്ചതിനുശേഷം പ്രതി ഏതെങ്കിലും രൂപത്തില്‍ നടത്തിയിട്ടുള്ള നിര്‍മ്മാണത്തില്‍ ഇപ്പോഴത്തെ പ്രതിക്കു ബാദ്ധ്യതയുണ്ടോയെന്നു തെളിയിക്കുന്നതിലും വാദി പരാജയപ്പെട്ടിരിക്കുന്നു. ആയതിനാല്‍, 7.5.1992ലെ അരാവല്ലി വിജ്ഞാപനം ലംഘിച്ചതിന് പരിസ്ഥിതിസംരക്ഷണനിയമത്തിലെ വകുപ്പ് 15 അനുസരിച്ചു ചമച്ചിരിക്കുന്ന കുറ്റത്തില്‍നിന്ന് പ്രതിയെ മുക്തനാക്കേണ്ടതുണ്ട്.
മുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന അഭിപ്രായപ്രകാരം എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയിരിക്കുന്നു...'
ചില വസ്തുതകള്‍
2008 മാര്‍ച്ച് ഏഴിന് ഞങ്ങള്‍ വസ്തു വിറ്റിരുന്നു. 2009 ഒക്ടോബര്‍ 28നാണ് ഹരിയാന മലിനീകരണബോര്‍ഡ് പരാതി ഫയല്‍ ചെയ്തിരിക്കുന്നത്. ഒന്നര വര്‍ഷം മുന്‍പ് വസ്തു വിറ്റെങ്കിലും ഞങ്ങളെ അതില്‍ കുറ്റക്കാരാക്കി.
2015 മാര്‍ച്ച് രണ്ടിന് ഞങ്ങളെ കുറ്റവിമുക്തരാക്കി. അതായത്, നടപടികള്‍ ആരംഭിച്ച് ആറു വര്‍ഷത്തിനുശേഷം.
ഈ കാലഘട്ടം മുഴുക്കെ വിനാശകരമെന്നതുപോലെ അമിതലാഭം കൊയ്യുന്നതുമായ ഖനനം മാഫിയ തുടര്‍ന്നുകൊണ്ടിരുന്നു. അതും പകല്‍വെട്ടത്തുതന്നെ.
ആറു വര്‍ഷക്കാലയളവില്‍ നാലു ജഡ്ജിമാരാണ് കേസ് കൈകാര്യം ചെയ്തത്.
നാല്പതു തവണയാണ് ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ജഡ്ജിമാര്‍ ആ കേസെടുത്തത്.
നാല്‍പ്പതു തവണയും നാലു സാക്ഷികളെ മാത്രമാണ് 'വിസ്താര'ത്തിനും 'എതിര്‍വിസ്താര'ത്തിനും വിധേയരാക്കിയിട്ടുള്ളത്.
മിക്കവാറും ഔപചാരികമായിരുന്ന 'വിസ്താര'ത്തിലും 'എതിര്‍വിസ്താര'ത്തിലും 1520 മിനിട്ടില്‍ കൂടുതല്‍ ഒരു സാക്ഷിയെയും ചോദ്യംചെയ്തില്ല: നാലു സാക്ഷികള്‍ക്കുംകൂടി ഒരു മണിക്കൂര്‍, കൂടിപ്പോയാല്‍ രണ്ടു മണിക്കൂര്‍.
ഞങ്ങളെ കൂടാതെ 706 പ്രതികള്‍കൂടിയുണ്ടായിരുന്നു. വാസ്തവത്തില്‍, 'ഉണ്ടായിരുന്നു' എന്നല്ല, 'ഉണ്ട്' എന്നാണ് ടൈപ്പ് ചെയ്യേണ്ടത്. കാരണം, പല കേസുകളും ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
ഓരോ പ്രതിയുടെ കാര്യത്തിലും, ഓരോ ഘട്ടത്തിലും അനവധി ആളുകള്‍ ഭാഗഭാക്കായിരുന്നു എന്ന കാര്യംകൂടി ദയവായി ഓര്‍ക്കുക. ഭാര്യയ്ക്കുവേണ്ടി ജാമ്യം നില്‍ക്കാന്‍ പോകുകയാണോ? മേല്‍വിലാസത്തിന്റെ തെളിവ്, ബാങ്ക് ബാലന്‍സ് സംബന്ധിച്ച് ബാങ്കില്‍നിന്നുള്ള സ്റ്റേറ്റ്മെന്റ്, നിങ്ങളുടെ ആസ്തി സംബന്ധിച്ച സ്റ്റേറ്റ്മെന്റ്, നിങ്ങളുടെ ഭാര്യയുടെ പ്രശ്നമെന്താണെന്നാണു പറഞ്ഞത്? 1992 മുതല്‍ പാര്‍ക്കിന്‍സണ്‍സ് രോഗം ഉണ്ടായിരുന്നതിന്റെ രോഗചരിത്രം മാത്രം പോര; ആനുകാലികമായ ഒരു സാക്ഷ്യപത്രംകൂടി ആവശ്യമാണ്. അവര്‍ക്ക് ഏതുവിധത്തിലുള്ള സ്ട്രോക്ക് ഉണ്ടായെന്നാണ് പറഞ്ഞത്? അവരെ മരണത്തിന്റെ വക്കത്തെത്തിച്ച പള്‍മനറി എംബോളിസം സംബന്ധിച്ച് ഗംഗാറാം ആശുപത്രിയില്‍നിന്നുള്ള സാക്ഷ്യപത്രം മാത്രം മതിയാകില്ല, ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ സാക്ഷ്യപത്രവുംകൂടി ആവശ്യമാണ്...
മാദ്ധ്യമങ്ങള്‍ക്കുള്ള പാഠം
ഭോപ്പാലില്‍, നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയില്‍ ഒരു പ്രഭാഷണത്തിനിടയില്‍ ആനുഷംഗികമായി ഇതിനെക്കുറിച്ച് ഞാന്‍ പറയാനിടയായി. നാലു സംസ്ഥാനങ്ങളില്‍നിന്നുള്ള ജഡ്ജിമാരെ അഭിസംബോധന ചെയ്യുന്നതിനായിരുന്നു എന്നെ ക്ഷണിച്ചിരുന്നത്. ഹൈക്കോടതി ജഡ്ജിമാരുമുണ്ടായിരുന്നു ആ കൂട്ടത്തില്‍.
പ്രഭാഷണത്തിനിടയിലെ ചായസമയത്ത് മുതിര്‍ന്ന ഏതാനും ജഡ്ജിമാരുടെ സമീപത്ത് ഞാനെത്താനിടയായി. അവരില്‍ രണ്ടു പേര്‍ പഞ്ചാബ്ഹരിയാന ഹൈക്കോടതിയിലെ ജഡ്ജിമാരായിരുന്നു. 'നിങ്ങളെന്തുകൊണ്ട് ഞങ്ങളെ സമീപിച്ചില്ല?' അവരിലൊരാള്‍ ചോദിച്ചു. 'പെട്ടെന്നുതന്നെ നിങ്ങളെ ഞങ്ങള്‍ മോചിപ്പിക്കുമായിരുന്നല്ലോ.'
ചണ്ഡീഗഢില്‍ അഭിഭാഷകരെ എങ്ങനെ കണ്ടെത്താനാണ് ഞാന്‍? ഓരോ തവണ കേസെടുക്കുമ്പോഴും ചണ്ഡീഗഢുവരെ എനിക്ക് യാത്ര ചെയ്യാന്‍ കഴിയുമായിരുന്നോ? ഈ രണ്ടു ജഡ്ജിമാരെപ്പോലെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നവരുടെ മുന്‍പാകെ കേസ് എത്തുമെന്ന് എങ്ങനെ ഞാന്‍ അറിയാനാണ്? അതുപോലെത്തന്നെ ഹൃദയസ്പര്‍ശിയായ പരാമര്‍ശമാണ് മറ്റേ ജഡ്ജിയും നടത്തിയത്: 'നിങ്ങള്‍ക്ക് ഇങ്ങനെ സംഭവിക്കാമെങ്കില്‍ എന്തായിരിക്കും സാധാരണക്കാരന്റെ അനുഭവമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ?'
തീര്‍ച്ചയായും എനിക്ക് കഴിഞ്ഞിരുന്നു. കോടതിയില്‍ മണിക്കൂറുകള്‍ ചെലവഴിച്ചപ്പോള്‍, മറ്റുള്ളവര്‍ അനുഭവിച്ചിരുന്നതെന്താണെന്ന് നേരിട്ടു കണ്ടിട്ടുണ്ട് ഞാന്‍. മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റിവെച്ചു എന്ന് കേള്‍ക്കുന്നതിനായി മാത്രം നൂറുകണക്കിനാളുകള്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്നു... 'ഇവിടെ വെക്ക്, ഇവിടെ.' ഒരു വൃദ്ധന്റെയോ മൂടുപടം അണിഞ്ഞ ഒരു സ്ത്രീയുടെയോ വിരലടയാളം ഒരാള്‍ കടലാസില്‍ പതിപ്പിക്കുന്നു. എന്തിലാണ് തങ്ങള്‍ വിരലടയാളം വെക്കുന്നതെന്ന് ആ വൃദ്ധനോ സ്ത്രീയോ അറിയുന്നുണ്ടോ? എങ്ങോട്ടെന്നറിയാതെ തെളിക്കപ്പെടുന്ന കന്നുകാലികള്‍...
നമ്മള്‍ മാദ്ധ്യമങ്ങള്‍ക്കൊരു പാഠവും അതിലടങ്ങിയിട്ടുണ്ട്: സുപ്രീംകോടതിയില്‍ നടക്കുന്ന ഉന്നതങ്ങളായ ഭരണഘടനാചര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പ്രാധാന്യം കൊടുക്കുന്നതിനു പകരം, അല്ലെങ്കില്‍ അതോടൊപ്പം, മാസത്തില്‍ ഒരു ദിവസം ഏതെങ്കിലും കീഴ്ക്കോടതിയിലേക്ക് റിപ്പോര്‍ട്ടര്‍മാരെ അയച്ച് അന്നവിടെ നടക്കുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടാവുന്നതാണ്. നമ്മുടെ രാജ്യത്തെ നീതിന്യായസംവിധാനത്തിന്റെ അവസ്ഥയെക്കുറിച്ച് വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും ശരിയായ ചിത്രം ലഭിക്കാന്‍ അത് സഹായിക്കും. കാര്യങ്ങള്‍ കുറച്ചൊന്നു മെച്ചപ്പെടാനും അത് സഹായിച്ചേക്കാം.
നമുക്കുള്ള പാഠം
കഴിയുമെങ്കില്‍, വസ്തു വാങ്ങുകയോ വീട് പണിയുകയോ ചെയ്യരുത്.
വാങ്ങുകയാണെങ്കില്‍, വിജ്ഞാപനങ്ങളും അറിയിപ്പുകളും നിയമത്തിലുണ്ടാകുന്ന മാറ്റങ്ങളും ശ്രദ്ധിക്കുന്ന കാര്യം കരാറുകാര്‍ക്ക് വിട്ടുകൊടുക്കരുത്; ഇതിനായി കുടുംബത്തില്‍ത്തന്നെയുള്ള ആരെയെങ്കിലും ചുമതലപ്പെടുത്തുക. അതുമാത്രം ശ്രദ്ധിക്കാന്‍ അയാളെ പാകപ്പെടുത്തുകയും ചെയ്യുക.
അങ്ങനെ ഭവനം നിര്‍മ്മിക്കുമ്പോള്‍ ഓരോ തുണ്ട് കടലാസും നിങ്ങള്‍ക്കു ലഭിക്കുന്ന ഓരോ നോട്ടീസും നിങ്ങളയയ്ക്കുന്ന ഓരോ മറുപടിയും സൂക്ഷിച്ചു വെക്കുന്നതിനായി ഒരു മുറി പ്രത്യേകം പണിയുക.
നിങ്ങളുടെ ഒരു മറുപടിയും ബന്ധപ്പെട്ട സര്‍ക്കാര്‍വകുപ്പില്‍ ആരും വായിക്കില്ലെന്ന് ഉറപ്പാക്കുക.
അതായത്, നിങ്ങളുടെ തലയില്‍ ഇടിത്തീ വീഴേണ്ടതാണെങ്കില്‍ അത് വീഴുകതന്നെ ചെയ്യും.
സൗജന്യമായി നമ്മളെ ക്ഷമ പഠിപ്പിക്കുന്നു എന്നൊരു സേവനംകൂടി നമ്മുടെ സംവിധാനങ്ങള്‍ നമുക്ക് ചെയ്തുതരുന്നുണ്ടെന്ന തിരിച്ചറിവാണ് അങ്ങനെ കാര്യങ്ങള്‍ ഇഴഞ്ഞുനീങ്ങുമ്പോള്‍ സുബോധം നിലനിര്‍ത്താനുള്ള ഒരേയൊരു മാര്‍ഗ്ഗം.
'മന്ദഗതിയിലാണെങ്കിലും നീതിയുടെ ചക്രങ്ങള്‍ അത്യന്തം ഭംഗിയായിത്തന്നെയാണ് തിരിയുന്നത്' എന്ന ചൊല്ല് അന്വര്‍ത്ഥമാകത്തക്കവണ്ണം പ്രതീക്ഷ കൈവിടാതിരിക്കാം.
Published: 19 Oct 2025, 01:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented