
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ അക്ബര്‍ കക്കട്ടിലിനെക്കുറിച്ചുള്ള ഓര്‍മപ്പുസ്തകമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'അക്‌ബർ കക്കട്ടിൽ - ദേശഭാവനയുടെ കഥാകാരൻ.' പുസ്തകത്തില്‍നിന്ന്;
നര്‍മമധുരവും ജീവിതഗന്ധിയുമായ കഥയെഴുത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന എഴുത്തുകാരനാണ് അകാലത്തില്‍ വിടപറഞ്ഞുപോയ അക്ബര്‍ കക്കട്ടില്‍. കുടുംബനാഥന്‍, സുഹൃത്ത്, അധ്യാപകന്‍, പ്രാസംഗികന്‍ എന്നീ നിലകളിലും അദ്ദേഹം വേറിട്ടുനിന്നു. അക്ബറിന്റെ സുഹൃദ്വലയം അതിവിപുലവും വൈവിധ്യം പുലര്‍ത്തുന്നതും ആയിരുന്നു. സമൂഹത്തിലെ ഉന്നതര്‍ എന്നപോലെ സാധാരണക്കാരും അദ്ദേഹത്തിന്റെ ഉറ്റതോഴന്മാരായിരുന്നു. ഒരിക്കല്‍ പരിചയപ്പെടുന്നവര്‍ക്ക് അക്ബര്‍ മാഷെ മറക്കാനാവില്ല.
മലയാള സാഹിത്യത്തിന് അതുവരെ അപരിചിതമായിരുന്ന കക്കട്ടില്‍ പ്രദേശത്തെ പച്ചമനുഷ്യരാണ് അക്ബര്‍ മാഷുടെ കഥകളില്‍ തുടിച്ചുനിന്നത്. അതീവഗൗരവമായ പ്രശ്നങ്ങള്‍ പോലും സൗമ്യസുന്ദരമായി നര്‍മത്തില്‍ ചാലിച്ചാണ് അക്ബര്‍ മാഷ് അവതരിപ്പിച്ചത്. എഴുത്തിന്റെ സുഖത്തിനുവേണ്ടി, താന്‍ തൊട്ടറിഞ്ഞ നാട്ടുമ്പുറത്തെ ജീവിതത്തില്‍ മാഷ് മായം ചേര്‍ത്തില്ല. കക്കട്ടിലും പരിസരങ്ങളിലും ജീവിക്കുന്നവരോ ജീവിച്ചിരിക്കുന്നവരോ ആണ് പുതുമയും തനിമയുമുള്ള കഥാപാത്രങ്ങളായി അക്ബര്‍കഥകളില്‍ പ്രത്യക്ഷപ്പെട്ടത്. കാരൂരിനുശേഷം ഇത്രയേറെ മികവോടെ അധ്യാപക കഥകള്‍ എഴുതിയ മറ്റൊരു എഴുത്തുകാരന്‍ മലയാളത്തിലുണ്ടോ എന്ന് സംശയമാണ്. താന്‍കൂടി ഉള്‍പ്പെടുന്ന അധ്യാപകര്‍ മാഷ്‌ക്ക് അധ്യാപഹയരാണ്..! രസകരവും വിജ്ഞാനദായകവുമായ എത്രയെത്ര സ്റ്റാഫ്റൂം/ ക്ലാസ്റൂം സ്റ്റോറികളും കുറിപ്പുകളുമാണ് അക്ബര്‍ മാഷ് എഴുതിയിട്ടുള്ളത്.
സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് അക്ബര്‍ കക്കട്ടില്‍ എന്ന പേര് ആദ്യം കേട്ടത്. കോഴിക്കോട് ജില്ലയിലെ കല്ലാച്ചിയാണ് ഞങ്ങളുടെ ടൗണ്‍. അവിടെനിന്ന് നാലഞ്ച് കിലോമീറ്റര്‍ ദൂരമേ കക്കട്ടിലേക്കുള്ളൂ. കല്ലാച്ചി എന്നപോലെ കക്കട്ടിലും ബാല്യത്തില്‍ ഞങ്ങള്‍ക്ക് സുപരിചിതം. കല്ലാച്ചിയില്‍ ഒരു ടാക്കീസ് ഉണ്ടായിരുന്നു, സുന്ദര്‍. കക്കട്ടിലില്‍ ലീലയും. നല്ല പടം വരുന്ന ലീലയിലേക്കാണ് ഞങ്ങള്‍ പലപ്പോഴും പോവുക. അക്കാലത്ത് അഞ്ചുപൈസ ടിക്കറ്റെടുത്താല്‍ ബസ്സില്‍ കക്കട്ടില്‍ 'ലീല'യുടെ മുന്നിലിറങ്ങാം. അങ്ങനെ സുപരിചിതമായ കക്കട്ടിലില്‍ മാതൃഭൂമിയില്‍ കഥകളെഴുതുന്ന ഒരാള്‍ ഉണ്ടെന്നറിഞ്ഞ് ഞങ്ങള്‍ അദ്ഭുതം കൂറി.
ജീവിതം ബാംഗ്ലൂരിലേക്ക് പറിച്ചുനട്ടപ്പോള്‍ കത്തുകളിലൂടെ അക്ബര്‍ മാഷുമായി പരിചയം സ്ഥാപിച്ചു. വ്യത്യസ്തമായ കഥകളെഴുതി മാഷ് അതിനകം പ്രമുഖ കഥാകൃത്തുക്കളുടെ നിരയിലേക്ക് ഉയര്‍ന്നിരുന്നു. പരിചയം സൗഹൃദമായി വളര്‍ന്നു. കഥകള്‍ അച്ചടിച്ചുവരുമ്പോള്‍ അഭിപ്രായം അദ്ദേഹത്തെ എഴുതി അറിയിക്കുന്നത് ശീലമാക്കി. മാഷ് കൃത്യമായി മറുപടി എഴുതും. ബാംഗ്ലൂരിലെ സാംസ്‌കാരിക പരിപാടികളില്‍ പല തവണ മാഷ് പങ്കെടുത്തു. ഈ ലേഖകന്‍ പ്രസിഡന്റായിരുന്ന ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രവര്‍ത്തകരുമായി മാഷ് ഗാഢസൗഹൃദം സ്ഥാപിച്ചു. മാഷുടെ സ്നേഹവും തുറന്ന പെരുമാറ്റവും പ്രവര്‍ത്തകര്‍ക്ക് ആവേശമായി. 'നല്ലൊരു കൂട്ടായ്മയാ കുമാറേ നിങ്ങളുടേത്. ഞാന്‍ എന്താ നിങ്ങള്‍ക്കുവേണ്ടി ചെയ്യേണ്ടേ..?' ഒരു സൗഹൃദ സദസ്സില്‍വെച്ച് ഒരിക്കല്‍ മാഷു ചോദിച്ചു. 'ഈ സ്നേഹം മതി ഞങ്ങള്‍ക്ക്..,' പ്രവര്‍ത്തകര്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു. മാഷ് സ്നേഹം വാരിവിളമ്പി. ഒരിക്കല്‍ ഞങ്ങളുടെ ഗ്രാമത്തിലേക്കും മാഷെ ക്ഷണിച്ചു. അധികം ദൂരത്തല്ലെങ്കിലും ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു പൊതുപരിപാടിയില്‍ അതുവരെ മാഷ് പങ്കെടുത്തിരുന്നില്ല. സാഹിത്യത്തിലെ താരമായി മാറിയ അക്ബര്‍ കക്കട്ടിലിനെ നാട്ടുകാര്‍ക്ക് കിട്ടുക ബുദ്ധിമുട്ടായിരുന്നു. അന്ന് പി.കെ.ആര്‍. കലാസമിതിയുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് അക്ബര്‍ മാഷ് നടത്തിയ നാടന്‍പ്രസംഗം നാട്ടുകാര്‍ക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു.
'അക്ബര്‍ മാഷെ കിട്ടുമോ' എന്ന ചോദ്യം നാട്ടില്‍നിന്നുതന്നെ ഈ ലേഖകനെ പല തവണ തേടിവന്നിട്ടുണ്ട്... മതം, ജാതി, കക്ഷിരാഷ്ട്രീയം തുടങ്ങിയ 'സൊല്ല'കള്‍ ഒന്നും അക്ബര്‍ കക്കട്ടിലിന്റെ സാഹിത്യപ്രവര്‍ത്തനത്തെയോ സൗഹൃദത്തെയോ സ്വാധീനിച്ചില്ല. ആര്‍ക്കും അടുപ്പം തോന്നുന്ന ലോലഹൃദയനായ പച്ചമനുഷ്യനായിരുന്നു അക്ബര്‍ കക്കട്ടില്‍.

നാട്ടുപ്രമാണിയായിരുന്നു അക്ബര്‍ കക്കട്ടിലിന്റെ പിതാവ് പറമ്പത്ത് അബ്ദുള്ള. പിതാവിനെപ്പറ്റി അക്ബര്‍ മാഷ് ഇങ്ങനെ എഴുതുന്നു: 'ഏതു സദസ്സില്‍ ചെന്നാലും ആരുടേയും ശ്രദ്ധ ആകര്‍ഷിക്കത്തക്കവിധം തലയെടുപ്പുള്ളതായിരുന്നു ഉപ്പയുടെ വ്യക്തിത്വം. പൗരുഷത്തിന് പണ്ഡിതന്മാര്‍ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉപ്പയ്ക്കുണ്ടായിരുന്നു. ഷേവു ചെയ്ത തടിച്ച മുഖത്ത് വീതിയുള്ള കറുത്ത കട്ടിമീശയും മൂക്കിനുമേല്‍ കറുത്ത ഫ്രൈമും സ്വര്‍ണനിറത്തില്‍ കാലുകളുമുള്ള കണ്ണടയ്ക്കുള്ളില്‍ ഗൗരവം സ്ഫുരിക്കുന്ന കണ്ണുകളും കനത്ത പുരികങ്ങളും-പോരാത്തതിന് ആ വിരിഞ്ഞ നെഞ്ചും ഉയരവും വണ്ണവും, ഏതുനേരത്തും ഇസ്തിരി എടുത്തുപിടിച്ചുനില്‍ക്കുന്ന തൂവെള്ള അരക്കയ്യന്‍ കുപ്പായവും മൗലാനാ മുണ്ടും അറ്റം പൊങ്ങിനില്‍ക്കുന്ന വട്ടത്തലേക്കെട്ടും കൈയില്‍ ഫേവര്‍ലൂബ വാച്ചും. എല്ലാം ഒന്ന് കാണേണ്ടതായിരുന്നു.
ഉപ്പ ആരുടെ മുമ്പിലും തല കുനിക്കാറില്ല. 'ഉപ്പ ആരുടെ മുമ്പിലും തലേക്കെട്ട് അഴിച്ചിട്ടില്ലേ..?' ഒരിക്കല്‍ ഞാന്‍ ചോദിച്ചു. 'തലേക്കെട്ടയിച്ചിക്ക് ഒരാളെ മുമ്പില്‍...' ആരാണെന്ന് അറിയാന്‍ ഞാന്‍ ആ മുഖത്തേക്ക് ഉറ്റുനോക്കി. ഉപ്പ തുടര്‍ന്നു, 'ഈയ്യമ്മസ്സിന്റെ മുമ്പില്‍. ഓറ് ഒരിക്കല് മതുകുന്നില് വന്നിനേനും. ഞങ്ങള് മുകാമുകായിപ്പോയി. ഞാമ്പോലുമറിയാത്യാ ഞാന്‍ തലേക്കെട്ടയിച്ചത്... ബല്യ ബുദ്ധിമാനല്ലേ ഓറ്... ഓറത്തിര ബിവരം മ്മളെ നാട്ടില് ബേറാരിക്ക്ണ്ട്..?'
പിതാവും പുത്രനും എന്നതിലുപരി അടുത്ത സുഹൃത്തുക്കളായിരുന്നു മാഷും പിതാവും. ബാപ്പയുടെ നര്‍മബോധമാണ് തനിക്കു ലഭിച്ചതെന്ന് അക്ബര്‍ മാഷ് എഴുതിയിട്ടുണ്ട്. കഥയെഴുത്തുപോലെ മാഷിന്റെ ജീവിതമെഴുത്തും സത്യസന്ധമാണ്. അവസാനകാലത്ത് ബാപ്പയ്ക്ക് മാനസികവിഭ്രാന്തി പിടിപെട്ടതും അതിന് മുന്‍പുതന്നെ സ്വര്‍ണം പണയം വെച്ച കാര്യത്തിന്റെ പേരില്‍ ബാപ്പയും ഉമ്മയും തമ്മിലകന്നതും വീട്ടിലെ സ്വാസ്ഥ്യം നഷ്ടമായതും മാഷ് തുറന്നെഴുതിയിട്ടുണ്ട്, 'ജീവിതമെഴുതിയ കഥ' എന്ന ഹൃദയസ്പര്‍ശിയായ കുറിപ്പില്‍. ഏക സഹോദരി മാരകരോഗത്തിന് ഇരയായതും മാഷുടെ ഉള്ളുലച്ചിരുന്നു. 'സര്‍ഗധാര' ബാംഗ്ലൂരില്‍ സംഘടിപ്പിച്ച എഴുത്തും ജീവിതവും പരിപാടിയില്‍ അക്കാര്യം പറയവേ അക്ബര്‍ മാഷു കരഞ്ഞു എന്നത് സത്യം.
വശീകരണശക്തിയുള്ള എഴുത്തുകാരന്‍ എന്നപോലെ ആളുകളെ പിടിച്ചിരുത്തുന്ന പ്രാസംഗികനും ആയിരുന്നു അക്ബര്‍ മാഷ്. കക്കട്ടില്‍ ശൈലിയില്‍ നാടന്‍തമാശകള്‍ കൊരുത്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ നാട്ടിലും മറുനാട്ടിലും ആളുകള്‍ തിങ്ങിക്കൂടുമായിരുന്നു. 'ബൂം ബൂം കീ കീ...', 'കുമ്പിടാട്ടം വ്വ്വേണേ..!' (വീഴും വീഴും ഇറങ്ങ് ഇറങ്ങ്, കമിഴ്ന്നു വീഴും പെണ്ണേ) എന്നിവ മാഷ് പ്രസംഗത്തില്‍ ചേര്‍ക്കുന്ന കക്കട്ടില്‍പ്രയോഗങ്ങളാണ്.
'കുമ്പോത്തം പിടിച്ച ചിമിട്ടിന് മപ്പീന്‍ കൊടുക്കാവോ ദെരസറേ..?' ഒരിക്കല്‍ ബാംഗ്ലൂരിലെ ചൗഡയ്യഹാളില്‍ പ്രസംഗിക്കവേ മാഷ് നടത്തിയ പ്രയോഗം കേട്ട് ശ്രോതാക്കള്‍ പരസ്പരം നോക്കി. ഇതെന്തു മലയാളം..? ആളുകള്‍ അമ്പരന്നു. ജലദോഷോം പനിയും പിടിച്ച കുട്ടിക്ക് ബന്ന് കൊടുക്കാമോ ഡോക്ടറെ എന്നാണതിന്റെ മലയാളമെന്ന് സ്വതഃസിദ്ധമായ ശൈലിയില്‍ മാഷ് വിശദീകരിച്ചപ്പോള്‍ കൂട്ടച്ചിരിയുയര്‍ന്നു. അങ്ങനെ എത്രയെത്ര കക്കട്ടില്‍ കഥകള്‍...
സ്നേഹവും അംഗീകാരവും മാഷ് ഈ ലേഖകന് വാരിക്കോരി നല്‍കിയിട്ടുണ്ട്. വിഷയമെന്തായാലും നാട്ടിലെ സംഭാഷണവേളകളില്‍ ബാംഗ്ലൂര്‍ കടന്നുവരുമ്പോള്‍ മാഷുടെ വിളിവരും... ചിലപ്പോള്‍ ചെറിയ ചെറിയ ആവശ്യങ്ങള്‍. ചിലപ്പോള്‍ വലിയ കാര്യങ്ങള്‍ക്കുമാകാം.
രണ്ടുകൊല്ലം മുന്‍പ് മാഷ് ഫോണില്‍ പറഞ്ഞു: 'ഞാന്‍ തൃശ്ശൂരില്‍നിന്നാ കുമാറേ.... അക്കാദമിയോഗം നടക്കുന്നതിനിടയിലാ ഈ വിളി. കേരളത്തിനുപുറത്ത് പ്രധാന നഗരങ്ങളില്‍ അവിടങ്ങളിലെ പ്രമുഖ സംഘടനകളുമായി സഹകരിച്ച് സാഹിത്യപരിപാടികള്‍ നടത്താന്‍ അക്കാദമി തീരുമാനിച്ചത് അറിയാമല്ലോ. ബാംഗ്ലൂരില്‍നിന്ന് ഒരു സംഘടന മുന്നോട്ടുവന്നിട്ടുണ്ട്. അവരെങ്ങനെ..?'
'മാഷേ..!'
'നീ പറഞ്ഞാലേ തീരുമാനിക്കൂ... ശ്രീധരേട്ടന്‍ (പെരുമ്പടവം) എന്നെ കാക്കുന്നുണ്ട്...'
എനിക്ക് ഓക്കെ പറയാന്‍ ഏറെ ആലോചിക്കേണ്ടിവന്നില്ല. വിശ്വാസ്യതയുള്ള സംഘടനയാണ്. ആ പരിപാടി അപൂര്‍വഭംഗിയോടെ നടന്നു. മാഷും വന്നിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം.
മറ്റൊരു ഗൗരവമുള്ള വിളി വന്നത് നാലഞ്ചുകൊല്ലം മുന്‍പാണ്. മാഷുടെ മകള്‍ ബാംഗ്ലൂരിലെ ക്രൈസ്റ്റ് കോളേജില്‍ പി.ജി. ചെയ്തിരുന്നു. ഗള്‍ഫില്‍ ജോലി കിട്ടിയ മകളുടെ സര്‍ട്ടിഫിക്കറ്റ് ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് അറ്റസ്റ്റു ചെയ്യാന്‍ മാഷ് ആരെയോ ഏല്പിച്ചിരുന്നു. അറ്റസ്റ്റു ചെയ്ത സര്‍ട്ടിഫിക്കറ്റ് ഗള്‍ഫിലെ സ്ഥാപനത്തില്‍ ഹാജരാക്കാനുള്ള കാലാവധി ഏതാണ്ട് തീരാറായപ്പോഴാണ് അറ്റസ്റ്റു ചെയ്തു കിട്ടാന്‍ പ്രയാസമാണെന്ന് പറഞ്ഞ് അയാള്‍ സര്‍ട്ടിഫിക്കറ്റ് മാഷ്‌ക്കു മടക്കി നല്കിയത്... 'സീരിയസ്സ് പ്രശ്നാ കുമാറേ, സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ മോളെ പണി പോകും...'
'ശരിയാക്കാം മാഷേ..,' പ്രശ്നം നിസ്സാരമായി തോന്നിയതിനാല്‍ ഞാന്‍ പറഞ്ഞു. മാഷ് പിറ്റേന്നുതന്നെ സര്‍ട്ടിഫിക്കറ്റ് എത്തിച്ചുതന്നു. അതിന് ഇറങ്ങിത്തിരിച്ചപ്പോഴാണ് പ്രശ്നം പിടികിട്ടിയത്. മാഷുടെ മകള്‍ പഠിക്കുമ്പോള്‍ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയുടെ കീഴിലായിരുന്ന ക്രൈസ്റ്റ് കോളേജ്, ഇപ്പോള്‍ സ്വതന്ത്ര യൂണിവേഴ്സിറ്റിയാണ്.
ഈ സര്‍ട്ടിഫിക്കറ്റിന്റെ രേഖകള്‍ സൂക്ഷിച്ചിട്ടുള്ള ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയാണ് അറ്റസ്റ്റ് ചെയ്യേണ്ടത്. എന്നാല്‍ കുത്തഴിഞ്ഞുകിടന്നിരുന്ന ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി, അതു ചെയ്യേണ്ടത് ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. രേഖകള്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിക്കു കൈമാറി എന്നായിരുന്നു അവരുടെ ഭാഷ്യം. വിദേശജോലികള്‍ക്കായി സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റു ചെയ്തുകൊടുക്കുന്ന ഒരു ഓഫീസ് കര്‍ണാടക വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ വിധാന്‍സൗധയില്‍ ഉണ്ടായിരുന്നു. വന്‍പ്രതിഫലം പറ്റി വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റു ചെയ്തുകൊടുക്കുന്നു എന്ന പരാതിയെത്തുടര്‍ന്ന് ലോകായുക്ത ആ ഓഫീസ് പൂട്ടി സീല്‍ വെച്ചിരിക്കുകയാണ്. പകരം സംവിധാനത്തെപ്പറ്റി ആര്‍ക്കും അറിവുണ്ടായിരുന്നില്ല. അക്ബര്‍ മാഷോട് എന്തുപറയും എന്നറിയാതെ ഞാന്‍ കുഴങ്ങി. പിന്നെ പല വാതിലുകളില്‍ മുട്ടി മൂന്നാലുദിവസം മെനക്കെട്ടാണ് കാര്യം സാധിച്ചത്.
അറ്റസ്റ്റു ചെയ്ത സര്‍ട്ടിഫിക്കറ്റ് മാഷ്‌ക്ക് എത്തിച്ചുകൊടുത്തു. ബുദ്ധിമുട്ടിന്റെ കാര്യം പറഞ്ഞില്ല. നിരവധി മലയാളികള്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റു ചെയ്യാന്‍ നെട്ടോട്ടമോടുന്നതായി ഞാന്‍ മനസ്സിലാക്കിയിരുന്നു. മലയാളികള്‍ അടക്കമുള്ള അന്യസംസ്ഥാനക്കാരെ ചൂഷണം ചെയ്യുന്ന വലിയൊരു തട്ടിപ്പായിരുന്നു അത്. ആ തട്ടിപ്പിനെപ്പറ്റി കേരളശബ്ദത്തില്‍ എഴുതി. ആ അന്വേഷണ റിപ്പോര്‍ട്ട് പലര്‍ക്കും ഉപകാരപ്പെട്ടു. ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞാണ് ആ റിപ്പോര്‍ട്ടിന്റെ കാര്യം മാഷോടു പറഞ്ഞത്. അതു വായിച്ച മാഷമ്പരന്നു.
ഒരിക്കല്‍ കേരളശബ്ദത്തിലെ വ്യക്തിപരം കോളത്തിലേക്ക് മാഷ് എഴുതിത്തന്നത് നിസ്സഹായനായ ഒരു ആരാധകന്റെ കദനകഥയാണ്... 'കണ്ണു നനയിച്ച ഷംസു...' അതുവായിച്ച വായനക്കാരുടെ കണ്ണും നിറഞ്ഞു. ഈ ലേഖകന്‍ മാധ്യമരംഗത്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച തെരഞ്ഞെടുത്ത ലേഖനങ്ങള്‍ എന്ന പുസ്തകത്തിലെ ആമുഖത്തില്‍ മാഷ് ഇങ്ങനെ കുറിച്ചു: 'കാര്യങ്ങള്‍ സൂക്ഷ്മമായി കണ്ട് പഠിക്കാനും വിലയിരുത്താനുമുള്ള കുമാറിന്റെ കഴിവിന് പണ്ടേ ഞാന്‍ എ പ്ലസ് കൊടുത്തിട്ടുണ്ട്...' 'എ പ്ലസ്' എന്നായിരുന്നു ആമുഖത്തിന്റെ ശീര്‍ഷകം.
കലര്‍പ്പില്ലാത്ത സ്നേഹം പകര്‍ന്നുതന്ന, മലയാള കഥാസാഹിത്യത്തില്‍ തനതായ ഒരിടം നേടിയെടുത്ത അക്ബര്‍ മാഷ് അകാലത്തിലാണ് പൊലിഞ്ഞുപോയത്.
'കൈയെത്തും ദൂരെ ഒരു കുട്ടിക്കാലം...' കഴിഞ്ഞ് മൊബൈല്‍ ഫോണിന്റെ മറ്റേത്തലയ്ക്കല്‍ (മരണംവരെ ആ മനോഹരമായ ഗാനമാണ് റിങ് ടോണായി ഉപയോഗിച്ചത്.) ഇനിയൊരിക്കലും അക്ബര്‍ മാഷിന്റെ ശബ്ദമുണ്ടാവില്ല, ചിരിയുണ്ടാവില്ല, കക്കട്ടില്‍ തമാശകളും ഉണ്ടാവില്ല. എന്നാല്‍ സ്നേഹംകൊണ്ട് കഥയും ജീവിതവും എഴുതിയ പ്രിയപ്പെട്ട അധ്യാപഹയന്‍ എന്നെന്നും ഓര്‍മയിലുണ്ടാവും.
Content Highlights: Akbar Kakkattil, Death anniversary, Book excerpt, Mathrubhumi books
Published: 17 Feb 2024, 11:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented