സുസ്മേഷ് ചന്ദ്രോത്ത് എഴുതിയ യന്ത്രലോചനം എന്ന നോവലിന്റെ വായനാനുഭവമാണിത്. ആധുനീകരണത്തിന്റെയും വികസനത്തിന്റെയും പിറകേ ഓടുന്നവര്‍ക്കുള്ള ഒരു ശ്രദ്ധക്ഷണിക്കലാണ് ഈ നോവല്‍.

To advertise here,

സുസ്മേഷ് ചന്ദ്രോത്ത് എഴുതിയ യന്ത്രലോചനം എന്ന നോവല്‍ നഗരങ്ങള്‍ കടന്നുള്ള വികസനത്തിന്റെ ഇരകളാവുന്ന ഗ്രാമങ്ങളുടെ കഥയാണ് പറയുന്നത്. ഒരു വിമാനത്താവളത്തിന് വേണ്ടി പച്ചപ്പായ പച്ചപ്പൊക്കെ അളന്നുതിരിച്ച് ഭൂമാഫിയകള്‍ കയ്യടക്കുന്നതോടെ ഒരു ഗ്രാമത്തിന് വന്നുഭവിക്കുന്ന ഭവിഷ്യത്തുകളാണ് യന്ത്രലോചനം ചര്‍ച്ചചെയ്യുന്നത്. വിപിനന്‍ എന്ന ബ്രാഹ്മണയുവാവും പൗര്‍ണമി എന്ന പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയവും കുളങ്ങളും ജന്തുജാലങ്ങളും ഭാഷാശൈലിയും തേവരും കുളിയും പോതിയുമുള്‍പ്പെടെയുള്ള നാട്ടുദൈവങ്ങളും നോവലില്‍ ഉടനീളം വായനയുടെ രസച്ചരട് മുറിയാതെ കയ്യടക്കത്തോടെ പറഞ്ഞുവച്ചിരിക്കുന്നു.

ആധുനിക മനുഷ്യജീവിതം നിയന്ത്രിക്കുന്ന യന്ത്രങ്ങളെ ഭയപ്പാടോടുകൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. കൃഷിയിറക്കാത്ത പാടം വില്‍ക്കുന്നുണ്ടോ എന്നന്വേഷിച്ച് അപരിചിതരായ ആളുകള്‍ അംശംദേശത്ത് നിരന്തരം വരുന്നതും മോഹവിലയില്‍ ചിലര്‍ പെട്ടുപോകുന്നതും അവതരിപ്പിക്കുക വഴി ആധുനികവല്‍ക്കരണം എന്ന സംജ്ഞയുടെ അര്‍ഥം തേടുകയാണ് നോവലിസ്റ്റ്.

പൂവും പൂച്ചയും പൂമ്പാറ്റയും വവ്വാലും അമ്പലത്തിലെ മഹാദേവനും വരെ വിപിനന്റെ കൂട്ടുകാരാണ്. അവര്‍ അവനോട് കഥകള്‍ പറയുന്നു. വയലും കുളവും ആമ്പലും നിറഞ്ഞ വിശാലമായ ഒരു നാട്ടിന്‍പുറത്തിന്റെ നിഷ്‌കളങ്കതയെ ഭേദിച്ചുകൊണ്ടാണ് ആഗോളീകരണത്തിന്റെ അപ്പോസ്തലന്മാര്‍ വിപിനന്റെ ഗ്രാമത്തെ ലക്ഷ്യമിടുന്നത്. തികച്ചും ഗ്രാമീണമായ ജീവിതാന്തരീക്ഷം ഇല്ലാതാക്കുക വഴി ലാഭത്തിന്റെ പുതിയ തുറകളെ തേടുന്ന കഴുകന്‍ കണ്ണുകള്‍ പതിച്ച നാടിനെ നിസ്സഹായതയോടെയല്ലാതെ വിപിനന് നോക്കാന്‍ കഴിയുന്നില്ല. യന്ത്രലോചനം പൂര്‍ണമായും ഒരു തിരിഞ്ഞുനോട്ടം ആവശ്യപ്പെടുന്ന രചനയാണ്. കാലത്തിനോടും ആധുനികതയോടും ഒന്നുതിരിഞ്ഞുനോക്കാന്‍ തന്നെയാണ് നോവല്‍ പറയുന്നത്.

placeholder
പുസ്തകം വാങ്ങാം

കല്യാണസൗഗന്ധികം എന്ന മോഹപ്പൂവ് നോവലിലുടനീളം ഒരു കഥാപാത്രമെന്നപോലെ നിറഞ്ഞുനില്‍ക്കുന്നുണ്ട്. വിമാനത്താവളമാകാന്‍ പോകുന്ന വിശാലമായ വയലിന്റെ ഒരു ഓരത്താണ് പൂവ് വിരിയുന്നത്. പൗര്‍ണമിയാണ് വിപിനനെ പൂ പറിക്കാന്‍ കൂട്ടിക്കൊണ്ടുപോകുന്നത്. ആഴമുള്ള ഒരു കിണര്‍ മണ്ണും ചെളിയുമടിഞ്ഞ് കുളം പോലെയായിരിക്കുകയാണ്. ആ കുളത്തില്‍ നിന്നും പൂ പറിച്ച് പൗര്‍ണമിക്കുനേരെ നീട്ടുന്ന വിപിനന്‍ അതിന്റെ അന്തരാഴങ്ങളിലേക്ക് പൗര്‍ണമിയെയും കൊണ്ട് ഊളിയിടുന്നു. തങ്ങള്‍ ജീവിച്ച ചുറ്റുപാടുകള്‍ മാറുന്നത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു തലമുറയുടെ പ്രതിനിധികളാണ് അക്ഷരാര്‍ഥത്തില്‍ വിപിനനും പൗര്‍ണമിയും.

യന്ത്രലോചനം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Susmesh Chandroth Malayalam novel book review