ലൈസന്‍സ് ഇല്ലാത്ത കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ നല്‍കുന്നത് കൂടുതല്‍ ഗൗരവമുള്ള നിയമ ലംഘനമാകുന്നു. കുട്ടികളെക്കൊണ്ട് വാഹനമോടിപ്പിച്ചാല്‍ ഓടിക്കുന്ന വാഹനത്തിന്റെ ആര്‍സി റദ്ദാക്കുകയും കുട്ടിക്ക് 25 വയസിനുശേഷം മാത്രം ലൈസന്‍സ് നല്‍കിയാല്‍ മതിയെന്നുമാണ് നിര്‍ദേശം. ഇതിനൊപ്പം 25000 രൂപ പിഴയും തടവ് ശിക്ഷയും ലഭിച്ചേക്കും. 

മോട്ടോര്‍ വാഹനം നിയമങ്ങള്‍ ലംഘിക്കുന്നവരെ പിഴ തുകകള്‍ ഓര്‍മിപ്പിച്ച് കൊണ്ടുള്ള കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. പുതുക്കിയ മോട്ടോര്‍ വാഹന ചട്ടം ഭേദഗതി പ്രകാരമുള്ള ട്രാഫിക് നിയമ ലംഘനത്തിനുള്ള പിഴ എന്ന തലക്കെട്ടോടെയാണ് നിയമലംഘനങ്ങളുംപിഴയും അറിയിച്ചിരിക്കുന്നത്. 

ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്ന രണ്ടുപേരും ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ രണ്ടുപേരില്‍ നിന്നും 500 രൂപ വീതം പിഴ ഈടാക്കും. കാറിനുള്ളില്‍ യാത്ര ചെയ്യുന്ന എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപയാണ് പിഴ. മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപയും തടവുമായിരിക്കും ശിക്ഷയെന്ന് പോസ്റ്റില്‍ പറയുന്നു.

ഡ്രൈവിങ്ങ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍ 10,000 രൂപ, ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനോപയോഗം 2000 രൂപ, ടൂ വീലറില്‍ രണ്ടുപേരില്‍ കൂടുതല്‍ യാത്ര ചെയ്താല്‍ 1000 രൂപ, റെഡ് സിഗ്നല്‍ ലംഘനം 5000 രൂപ, അപകടകരമായ ഡ്രൈവിങ്ങ് 2000 രൂപ, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിങ്ങ്-ലൈസന്‍സ് റദ്ദാക്കല്‍+2000 രൂപ പിഴ.

അമിതവേഗത്തിന് ലൈറ്റ് മോട്ടോര്‍ വാഹനങ്ങളില്‍ നിന്ന് 1500 രൂപയും മറ്റുള്ള വാഹനങ്ങളില്‍ നിന്ന് 3000 രൂപയും പിഴ ഈടാക്കും. ഇടതുവശത്തുകൂടി ഓവര്‍ടേക്ക്, തെറ്റായ ദിശയിലെ സഞ്ചാരം എന്നിവയ്ക്ക് 5000 രൂപ, സൈലന്‍സര്‍, ടയര്‍, ലൈറ്റ് എന്നിവയിലെ രൂപമാറ്റം 5000 വീതം, ടാക്‌സ് ഇല്ലാതെ നിരത്തിലിറങ്ങിയാല്‍ 3000 മുതല്‍ 10,000 വരെ, ഓവര്‍ ലോഡ് 10000, ആംബുലന്‍സിന് മാര്‍ഗത്തടസം സൃഷ്ടിച്ചാല്‍ 5000 രൂപ എന്നിങ്ങനെയാണ് പിഴ ഈടാക്കുക.

Content Highlights: Kerala Police Facebook Post On Traffic Rule Violations And Penalties