പത്തനംതിട്ട: മഞ്ഞ് വകഞ്ഞുമാറ്റി വയനാട് ചുരമിറങ്ങി ഒ.എം.രാഹുല്‍ ശനിയാഴ്ച രാവിലെ ആറിന് തന്റെ വെസ്പയില്‍ പത്തനംതിട്ടയ്ക്ക് തിരിച്ചു. രാത്രി എട്ടോടെ ലക്ഷ്യസ്ഥാനത്തെത്തി. തിരുവനന്തപുരത്തുകാരന്‍ അക്ഷയ് യാത്ര തുടങ്ങിയത് ഞായറാഴ്ച പുലര്‍ച്ചെ നാലിന്. ഇങ്ങനെ പ്രായത്തിന്റെയും നാടിന്റെയും അതിരുകള്‍ കടന്ന് പത്തനംതിട്ടയുടെ ഹൃദയത്തിലെത്തിയത് 130-ഓളം വിന്റേജ് സ്‌കൂട്ടറുകള്‍.

To advertise here,

വിന്റേജ് ക്ലാസിക് സ്‌കൂട്ടര്‍ ക്ലബ് സംസ്ഥാന കമ്മിറ്റി ഞായറാഴ്ച പത്തനംതിട്ടയില്‍ സംഘടിപ്പിച്ച സംഗമത്തില്‍ എത്തിയവര്‍ക്കെല്ലാം 'ടു സ്‌ട്രോക്ക്' ഹൃദയാഹ്ലാദമായിരുന്നു. ചേതക്ക്, വെസ്പ, ലാംബി, കെല്‍വിനേറ്റര്‍, എല്‍എംഎല്‍ പൃഥ്വി തുടങ്ങി എണ്‍പതുകളിലും തൊണ്ണൂറുകളിലും നിരത്തുകള്‍ വാണിരുന്ന സ്‌കൂട്ടറുകളുടെ സംഗമവേദിയായിരുന്നു മാക്കാംകുന്ന് സെയ്ന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ മൈതാനം.

പഴമയുടെ പുതുമയോടെ സ്‌കൂട്ടറുകള്‍ നിരന്നപ്പോള്‍ ആവേശം ഇരട്ടിയായി. പലര്‍ക്കും പരിചയപ്പെടാനും പരിചയം പുതുക്കാനുമുള്ള വേദികൂടിയായിരുന്നു സംഗമം. ക്ലബിന്റെ ഒന്‍പതാമത് സംഗമമാണ് നടന്നത്. പത്തനംതിട്ടയില്‍ ആദ്യമായും. ജില്ലാ കളക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ സംഗമം ഉദ്ഘാടനംചെയ്തു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ശ്രീലാല്‍ ട്രാഫിക് ടോക്ക് നടത്തി.

ക്ലബിലെ അംഗമായിരുന്ന അന്തരിച്ച പത്തനാപുരം സ്വദേശി മിഥുന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഫാ.വി.ജെ.ജോണ്‍സണ്‍ കൈപ്പട്ടൂരിന് സമ്മാനിച്ചു. സ്‌കൂട്ടറുകളില്‍ റാലിയായി നഗരം ചുറ്റിയശേഷം സ്ലോ റേസും കലാപരിപാടികളും സംഘടിപ്പിച്ചു. ക്ലബിന്റെ ജില്ലാ ഭാരവാഹികളായ റോയി പി.സാം, മാത്യൂസ് വടശ്ശേരിക്കര, ആര്‍.സൂരജ്, ഷിബിന്‍ ആന്റണി, അനൂജ്, വിജോ വിനോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.