മോശമായ ഭക്ഷണം കഴിച്ചാല്‍ മനുഷ്യര്‍ക്ക് അസുഖം വരുന്നത് പോലെ തന്നെയാണ് വാഹനങ്ങള്‍ക്കും. മോശം ഇന്ധനം ഉപയോഗിച്ചാല്‍ അവയ്ക്കും കേടുപാടുകള്‍ സംഭവിച്ചേക്കാം.

കേടുപട് സംഭവിച്ച വിന്റേജ് ബെന്‍സുമായി വിദേശ പൗരന് | Photo: X/Rattan Dhillon
ഇന്ത്യയിലെ വാഹന മേഖലയില്‍ E20 പെട്രോള്‍ ഇപ്പോള്‍ സജീവ ചര്‍ച്ചയാണ്. പെട്രോളില്‍ 20 ശതമാനം എഥനോള്‍ ചേര്‍ന്നതാണ് E20 പെട്രോള്‍ എന്ന് അറിയപ്പെടുന്നത്. ഇത്തരം പെട്രോള്‍ ഉപയോഗിക്കുന്നതിലൂടെ വാഹനങ്ങളില്‍ കേടുപാടുണ്ടാകുന്നുവെന്ന പരാതികളുമായി പലരും രംഗത്തുവന്നിരുന്നു. എന്നാല്‍, ഈ ഈ പെട്രോള്‍ വാഹനങ്ങളുടെ എഞ്ചിന് ദോഷകരമാകുന്നുവെന്ന ആരോപണം കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. E20 പെട്രോള്‍ പണിതന്നുവെന്ന ആരോപണവുമായി ഒരു വിദേശികൂടി രംഗത്തെത്തിയിരിക്കുകയാണ്.
ഹിമാലയന്‍ യാത്രയ്ക്കായി സ്വന്തം വിന്റേജ് വാഹനവുമായി എത്തിയത് ബ്രിട്ടീഷ് പൗരനാണ്. മെഴ്‌സിഡീസിന്റെ ഏറ്റവും മികച്ച വാഹനമായി ഇന്നും വിശേഷിപ്പിക്കുന്ന ബെന്‍സ് ഡബ്ല്യു 123 വിന്റേജ് മോഡലാണ് അദ്ദേഹം യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചത്. ഇന്ത്യയില്‍ നിന്ന് വാഹനത്തില്‍ ഒഴിച്ച E20 പെട്രോളാണ് വാഹനത്തിന് തകരാര്‍ ഉണ്ടാക്കിയതെന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്. തകരാര്‍ സംഭവിച്ച വാഹനവുമായി അദ്ദേഹം നില്‍ക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ശിവ് രത്തന്‍ ദില്ലണ്‍ എന്നയാളാണ് വിദേശിയായ ബെന്‍സ് ഉടമയുടെ അവസ്ഥ എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതുവരെ ഒരു കുഴപ്പവുമില്ലാതെ ഓടിയിരുന്ന 1982 മോഡല്‍ മെഴ്‌സിഡീസ് ബെന്‍സാണിത്. ഇന്ത്യയില്‍ എത്തിച്ച് ആറ് ദിവസം ഇവിടുത്തെ എഥനോള്‍ കലര്‍ന്ന പെട്രോള്‍ വാഹനത്തില്‍ ഉപയോഗിച്ചതോടെ വാഹനത്തിന് തകരാര്‍ ഉണ്ടായി തുടങ്ങി. ഫ്യുവല്‍ പമ്പ്, ഇന്‍ജെക്ടറുകള്‍ തുടങ്ങി ഈ വാഹനത്തിലെ എല്ലാം ഞങ്ങള്‍ മാറ്റിയിട്ടും പ്രശ്‌നം മാത്രം മാറിയില്ലെന്നാണ് ശിവ് പറയുന്നത്.
‘വിദേശത്ത് ആയിരക്കണക്കിന് മൈലുകള്‍ ഒരു കുഴപ്പവുമില്ലാതെ ഓടിയ ഈ വാഹനം ഇവിടെ എത്തിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തകരാറില്‍ ആയതിന്റെ കാരണം ഇവിടുത്തെ ഇന്ധനത്തില്‍ കലര്‍ത്തിയിരിക്കുന്ന മിശ്രിതമാണ്. ഇനി ഈ വാഹനം യുകെയിലേക്ക് കെട്ടിവലിച്ച് കൊണ്ടുപോകുകയാണ്. കാറിന് മാത്രമല്ല, ഈ രാജ്യത്തെ പ്രതിനിധികളുടെ പ്രതിച്ഛായയ്ക്കും ഉണ്ടാക്കിയ കേടുപാടുകള്‍ക്ക് നന്ദി. ഗഡ്കരിക്ക് കൂടുതല്‍ വിവരങ്ങള്‍ വേണമെങ്കില്‍ ഞങ്ങള്‍ അത് നല്‍കാമെന്നും’ ശിവിന്റെ കുറിപ്പില്‍ പറയുന്നു.
മോശമായ ഭക്ഷണം കഴിച്ചാല്‍ മനുഷ്യര്‍ക്ക് അസുഖം വരുന്നത് പോലെ തന്നെയാണ് വാഹനങ്ങള്‍ക്കും. മോശം ഇന്ധനം ഉപയോഗിച്ചാല്‍ അവയ്ക്കും കേടുപാടുകള്‍ സംഭവിക്കുമെന്നാണ് വാഹനത്തിന്റെ ഉടമയായ വിദേശി പറയുന്നത്. ഒന്നുകില്‍ ഇന്ധനത്തില്‍ മായം കലര്‍ത്തിയിട്ടുണ്ട്. അല്ലെങ്കില്‍ ഇന്ത്യയിലെ എഥനോള്‍ കലര്‍ന്ന പെട്രോള്‍ ഇത്തരം വാഹനങ്ങള്‍ക്ക് യോജിച്ചതല്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. 1980-കളില്‍ ഏറ്റവും ശുദ്ധമായ ഇന്ധനമായിരുന്നു ലഭിച്ചിരുന്നത്. അതുകൊണ്ടാണ് ഈ വാഹനങ്ങള്‍ ലക്ഷക്കണക്കിന് മൈലുകള്‍ ഓടുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്.
അതേസമയം, എഥനോള്‍ കലര്‍ത്തിയ ഇന്ധനത്തിന്റെ ഗുണങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഒന്നിലധികം പ്രസ്താവനകളും ട്വീറ്റുകളും പുറത്തിറക്കിയിരുന്നു. എത്തനോളിന് പെട്രോളിനേക്കാള്‍ ഊര്‍ജ്ജ സാന്ദ്രത കുറവായതിനാല്‍ മൈലേജില്‍ ചെറിയ കുറവുണ്ടാകും. E10-നായി രൂപകല്‍പന ചെയ്ത നാലുചക്ര വാഹനങ്ങളില്‍ ഇത് 1-2 ശതമാനവും മറ്റുള്ളവയില്‍ ഏകദേശം 3-6 ശതമാനവുമാണ്. മെച്ചപ്പെട്ട എന്‍ജിന്‍ ട്യൂണിങിലൂടെയും E20-ക്ക് അനുയോജ്യമായ ഘടകങ്ങള്‍ ഉപയോഗിക്കുന്നതിലൂടെയും കാര്യക്ഷമതയിലുള്ള ഈ ചെറിയ കുറവ് പരിഹരിക്കാനാകും' എന്നായിരുന്നു പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം എക്സില്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞത്.
കരിമ്പ്, ചോളം തുടങ്ങിയ വിളകളില്‍നിന്ന് ഉത്പാദിപ്പിക്കുന്ന എഥനോള്‍ (ഈഥൈല്‍ ആല്‍ക്കഹോള്‍), പെട്രോളുമായി 20:80 എന്ന അനുപാതത്തില്‍ കലര്‍ത്തിയാണ് E20 ഇന്ധനം സാധാരണയായി നിര്‍മിക്കുന്നത്. ക്രൂഡ് ഓയില്‍ ഇറക്കുമതിയും മലിനീകരണവും കുറയ്ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യ 2022-ലെ E10-ല്‍ നിന്ന് E20-യിലേക്ക് മാറികഴിഞ്ഞു. 2030-ഓടെ E30 ആണ് ലക്ഷ്യം.
Content Highlights: A UK tourist`s vintage Mercedes Benz W123 breaks down in India after using E20 petrol, highlighting concerns for classic cars and the country`s fuel quality.
Published: 13 Nov 2025, 05:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented