മൈക്രോ-ഇവി ഇന്ത്യൻ വിപണിയിലെത്തിക്കാൻ വിയറ്റ്‌നാമീസ് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ്. കമ്പനിയുടെ ഏറ്റവും ചെറിയ ഇലക്ട്രിക് വാഹനമായ VF 3 വിൻഫാസ്റ്റ് ഈവർഷം പുറത്തിറക്കുമെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

VF 6, VF 7 എന്നീ ഇലക്ട്രിക് SUVകളുമായി ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചശേഷമാണ് അടുത്ത നീക്കം. നിലവിൽ MG Comet EV ആധിപത്യം പുലർത്തുന്ന കോംപാക്ട് ഇലക്ട്രിക് സിറ്റി കാറുകളുടെ വിഭാഗത്തിലേക്കാവും പുതിയ വാഹനം എത്തുക.

തിരക്കേറിയ നഗരങ്ങളിലെ ഡ്രൈവിങ്ങിന് ഏറെ അനുകൂലമാണ് ഇ.വിയുടെ കോംപാക്ട് രൂപം. ക്ലാസിക് ഓഫ്-റോഡറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന ബോക്‌സി രൂപകൽപ്പനയാണ് വിൻഫാസ്റ്റ് VF 3 -യ്ക്കുള്ളത്. ഒരു മിനിയേച്ചർ ഓഫ്-റോഡർ എന്ന് വാഹനത്തിന്റെ രൂപത്തെ വിശേഷിപ്പിക്കാം.

ലളിതവും മിനിമലിസ്റ്റിക്കുമായ ക്യാബിൻ ഡിസൈനാണ് വിൻഫാസ്റ്റ് VF 3-യ്ക്കുള്ളത്. നാല് പേർക്ക് സഞ്ചരിക്കാം. പിൻ ബെഞ്ച് ഫ്‌ളാറ്റായി മടക്കാവുന്നതാണ്. 10 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഡാഷ്‌ബോർഡിന്റെ പ്രധാന ആകർഷണം. പരമ്പരാഗത ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഹെഡ്-അപ്പ് ഡിസ്പ്ലേയും വാഹനത്തിൽ ഇല്ല. മാനുവൽ എയർ കണ്ടീഷനിങ്, കീലെസ് എൻട്രി, ഒരു USB ചാർജിംഗ് പോർട്ട്, രണ്ട് സ്പീക്കർ ഓഡിയോ സിസ്റ്റം, എല്ലാ സീറ്റുകൾക്കും ഫിക്‌സഡ് ഹെഡ്റെസ്റ്റുകൾ എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്.

റേഞ്ച് 210 കിലോമീറ്റർ

പിന്നിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഇത് 43 bhp കരുത്തും 110 Nm പരമാവധി ടോർക്കും ഉത്പാദിപ്പിക്കുന്നു. 18.6kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കിൽ നിന്നാണ് മോട്ടോർ ഊർജ്ജം സ്വീകരിക്കുന്നത്. 210 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് നൽകുന്നതാണ് ബാറ്ററി പായ്ക്ക്. വാഹനം ഈ വർഷം അവസാനം ഇന്ത്യയിൽ പുറത്തിറക്കുമെന്ന് ഇന്ത്യാ ടുഡേയുടെ റിപ്പോർട്ടിൽ പറയുന്നു.