കോഴിക്കോട്: വാഹനവായ്പ അടച്ചുതീർത്താൽ ബാധ്യത മാറ്റുന്നതിനായി ഇനി ബാങ്കുകളിലേക്കും ആർടി ഓഫീസുകളിലേക്കും നെട്ടോട്ടം ഓടേണ്ട. വെഹിക്കിൾ ലോൺ തിരിച്ചടവ് പൂർത്തിയായാൽ ഓട്ടമാറ്റിക്കായി പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) ലഭിക്കുന്നതിനുള്ള നടപടികൾ വാഹന ഉടമകൾക്കുതന്നെ പൂർത്തിയാക്കാൻ സാധിക്കും. രണ്ടുമണിക്കൂറിനകം പുതിയ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം. നാഷണൽ ഇൻഫർമാറ്റിക് സെന്ററാണ് (എൻഐസി) സംവിധാനമൊരുക്കിയത്.
സാധാരണനിലയിൽ വായ്പാതിരിച്ചടവ് പൂർത്തിയായാൽ വാഹന ഉടമ ബാങ്കിൽ പോകണം. അവിടെനിന്ന് ഫോം 35 വാങ്ങിയശേഷം ആർടി ഓഫീസിൽപോയി ഫീസടച്ച് പരിവാഹൻ വെബ്സൈറ്റിൽ ഫോം 35 അപ്‌ലോഡ് ചെയ്യണം. തുടർന്ന്, ദിവസങ്ങൾ കഴിഞ്ഞാണ് ബാധ്യത (ഹൈപ്പോതിക്കേഷൻ ടെർമിനേഷൻ) ഒഴിവാക്കിയശേഷം പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുക.
എന്നാൽ, പുതിയസംവിധാനം വരുന്നതോടുകൂടി വാഹന ഉടമകൾ ബാങ്കിലോ, ആർടിഓഫീസിലോ പോകേണ്ടതില്ല. വായ്പ പൂർത്തിയായി കഴിഞ്ഞാൽ വാഹന ഉടമയുടെ മൊബൈൽ നമ്പറിലേക്ക് ഒരു സന്ദേശവും ലിങ്കും ഓട്ടമാറ്റിക്കായി അയക്കും. ആ ലിങ്ക് തുറന്ന് ലഭിച്ച ഒടിപി ഉപയോഗിച്ച് മോട്ടോർവാഹനവകുപ്പിന്റെ ആർസി മാറ്റത്തിനുള്ള സർവീസ് ചാർജായ 85 രൂപ അടച്ചാൽ രണ്ടുമണിക്കൂറിനുള്ളിൽ പുതിയ ആർസി ഡൗൺലോഡ് ചെയ്ത് എടുക്കാം. വാഹന ഉടമകൾക്ക് ഈ നടപടിക്രമങ്ങൾ രാജ്യത്തിന്റെ ഏതുഭാഗത്തുനിന്നും പൂർത്തിയാക്കാം.
പുതിയസംവിധാനം വരുന്നതിനുമുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരത്തിൽ ആർസി നൽകിത്തുടങ്ങിയിട്ടുണ്ട്. അത് വിജയകരമായി പൂർത്തിയാക്കിയതിനാൽ വെള്ളിയാഴ്ചയോടുകൂടി പൂർണമായ തോതിൽ ഈ രീതിയിലേക്ക് മാറാനാണ് അധികൃതർ ശ്രമിക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്കുമായി ചേർന്നാണ് പ്രാരംഭഘട്ടത്തിൽ പണമിടപാട് സൗകര്യങ്ങൾ നടപ്പാക്കുന്നത്. പിന്നീട് മറ്റുബാങ്കുകളുമായി ചേർന്നും പ്രവർത്തിക്കും.
വാഹന ഉടമകൾക്ക് ബുദ്ധിമുട്ടില്ലാതെ വായ്പാനടപടികൾ പൂർത്തിയാക്കാനാണ് പുതിയസംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് എൻഐസി കേരള ഡയറക്ടർ പ്രദീപ് സിങ് പറഞ്ഞു.
Content Highlights: Get your new registration certificate online within 2 hours, without visiting banks or RTOs.
Published: 06 Dec 2025, 08:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented