പ്രായക്കുറവ് കൊണ്ടും കിടിലൻ പ്രകടനങ്ങളിലൂടെയും പെട്ടെന്ന് പ്രശസ്തി നേടിയ താരമാണ് ഇന്ത്യയുടെ യുവ ബാറ്റ്സ്മാനായ വൈഭവ് സൂര്യവംശി. ദേശീയ സീനിയർ ടീമിനായി അരങ്ങേറിയിട്ടില്ലെങ്കിലും, മറ്റ് ടൂർണമെന്റുകളിലൂടെ അദ്ദേഹം ഏവർക്കും സുപരിചിതനാണ്. 2025-ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വൈഭവിന്റെ ബാറ്റിങ് വൈഭവം ശ്രദ്ധനേടി

To advertise here,

കൂടാതെ, ഈ മാസം ആദ്യം നടന്ന അണ്ടർ-19 ലോകകപ്പിൽ റെക്കോർഡുകൾ തകർക്കുന്ന പ്രകടനവും കാഴ്ചവെച്ചു. ഐപിഎല്ലിലെ മികച്ച പ്രകടനം പരിഗണിച്ച്, 2025 സീസണിന്റെ അസോസിയേറ്റ് പാട്ണർമാരായ ടാറ്റ മോട്ടോഴ്‌സ് കർവ് എസ്‌യുവി കൂപ്പെ വൈഭവ് സൂര്യവംശിക്ക് സമ്മാനിച്ച് ആദരിച്ചിരിക്കുകയാണിപ്പോൾ.

ടൂർണമെന്റിൽ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് നേടിയതിന് അദ്ദേഹത്തിന് കർവ് സൂപ്പർ സ്ട്രൈക്കർ ഓഫ് ദി സീസൺ പുരസ്കാരം ലഭിച്ചിരുന്നു. പാട്നയിലെ അനന്യ ഓട്ടോയിൽ നടന്ന ചടങ്ങിൽ, കുടുംബത്തോടൊപ്പം എത്തിയാണ് അദ്ദേഹം വാഹനം ഏറ്റുവാങ്ങിയത്.

ഫെബ്രുവരി ആറിന് ഇംഗ്ലണ്ടിനെതിരായ അണ്ടർ-19 ലോകകപ്പ് ഫൈനലിൽ വെറും 80 ബോളുകളിൽ നിന്ന് 175 റൺസാണ് സൂര്യവംശി അടിച്ചെടുത്തത്. 15 ഫോറുകളും 15 സിക്സറുകളും അടങ്ങുന്നതായിരുന്നു ഈ ഇന്നിങ്സ്. അണ്ടർ-19 ലോകകപ്പ് ചരിത്രത്തിലെ ഒരു ഇന്നിങ്സിൽ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ഇതായിരുന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് 62.71 ശരാശരിയിൽ 169.49 സ്ട്രൈക്ക് റേറ്റിൽ 439 റൺസാണ് ടൂർണമെന്റിൽ ആകെ അദ്ദേഹം നേടിയത്.

ടാറ്റ കർവ്

അടുത്തിടെ നിരവധി പുതിയ ഫീച്ചറുകളോടെ ടാറ്റ കർവ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പിൻസീറ്റ് യാത്രക്കാർക്ക് ഇപ്പോൾ വെന്റിലേറ്റഡ് സീറ്റുകൾ, സൺഷെയ്ഡുകൾ, കപ്പ് ഹോൾഡറുകളോടുകൂടിയ ആംറെസ്റ്റ് എന്നിവ ലഭ്യമാണ്. ഡാഷ്ബോർഡ് വെളുത്ത കാർബൺ ഫൈബർ ഫിനിഷോടുകൂടിയ ലളിത്പുർ ഗ്രേ ഇന്റീരിയർ ട്രിമ്മോടുകൂടിയാണ് വരുന്നത്. ഇത് കാബിന് പ്രീമിയം അനുഭവം നൽകുന്നു.

വോയിസ്-കമാന്റിങ് പനോരമിക് സൺറൂഫ്, ജെസ്ച്ചർ കൺട്രോൾഡ് പവർ ടെയിൽഗേറ്റ്, 500 ലിറ്റർ ബൂട്ട് സ്പേസ് എന്നിവ സാങ്കേതികവിദ്യയുടെ പ്രധാന ആകർഷണങ്ങളാണ്. 12.3 ഇഞ്ച് ഹാർമൻ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഒൻപത് സ്പീക്കറുകളുള്ള JBL ഓഡിയോ സംവിധാനവും ഉണ്ട്.

1.2 ലിറ്റർ ടർബോ-പെട്രോൾ (120 എച്ച്പി, 170 എൻഎം), ടർബോ-പെട്രോൾ (125 എച്ച്പി, 225 എൻഎം), 1.5 ലിറ്റർ ഡീസൽ (118 എച്ച്പി, 260 എൻഎം) എന്നിവയാണ് എൻജിൻ ഓപ്ഷനുകൾ. എല്ലാ എൻജിനുകൾക്കും ആറ് സ്പീഡ് മാനുവൽ, ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ലഭ്യമാണ്.