വൈദ്യുത സ്കൂട്ടർരംഗത്തെ അതികായർക്ക് അൾട്രാവയലറ്റ് വെച്ച ചെക്ക് ഒന്ന് കടന്നുപോയി. എന്നും ഒരടി മുന്നിലെന്ന് പ്രഖ്യാപിച്ച കമ്പനിയിൽനിന്നും പുറത്തിറങ്ങുന്ന സ്കൂട്ടർ ‘ടെസറാക്ടാ’ണ് ഇപ്പോൾ സംസാരവിഷയം. ഒരു കാറിലുണ്ടാവുന്ന എല്ലാ സുരക്ഷാസന്നാഹങ്ങളും ഫീച്ചറുകളും ഒരുമിക്കുന്ന ടെസറാക്ടിന്റെ ബുക്കിങ് കണ്ട് കമ്പനിക്കാർതന്നെ അന്തംവിടുകയാണ്.
ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേർക്ക് 1.20 ലക്ഷത്തിന് വണ്ടി ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, നിമിഷനേരം കൊണ്ട് അതെല്ലാം നാട്ടുകാർ കൊണ്ടുപോയതോടെ എണ്ണം 50,000 ആയി ഉയർത്തുകയായിരുന്നു. എന്താണ് ഈ വണ്ടിയുടെ പ്രത്യേകതകൾ എന്നു നോക്കാം. 999 രൂപ നൽകി വെബ്സൈറ്റിൽ വണ്ടി ബുക്ക് ചെയ്യാം.
അൾട്രാവയലറ്റിന്റെ വരവ്
അൾട്രാവയലറ്റ് ആദ്യം ഇന്ത്യൻ വിപണിയിൽ എത്തിച്ചത് എഫ് 77 ഇലക്ട്രിക് സൂപ്പർ ബൈക്കാണ്. റെയ്ഞ്ചിലും വേഗത്തിലുമെല്ലാം പുതിയ റെക്കോഡുകൾ സൃഷ്ടിച്ച കമ്പനിയെ സാധാരണക്കാരിലേക്ക് അടുപ്പിക്കാനായാണ് ടെസറാക്ടും ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിളായ ഷോക്ക്വേവും പുറത്തിറക്കിയത്. ഇതിൽ കൂടുതൽ ജനപ്രിയമായ ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തെയാണ് കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്. സ്പോർട്ടി രൂപമാണ് ഒറ്റനോട്ടത്തിൽ വിപണിയിലുള്ള മറ്റ് സ്കൂട്ടറുകളെ ടെസറാക്ട് നിഷ്‌പ്രഭമാക്കുന്നത്. വൈറ്റ്, പിങ്ക്, ബ്ലാക്ക്, യെല്ലോ, സാൻഡ് എന്നിവയുൾപ്പെടെയുള്ള നിറങ്ങളിലും പുതുമയുണ്ട്. സ്പോർട്‌സ് ബൈക്കുകളുടെ ജീൻ തന്നെയാണ് സ്കൂട്ടറിലും കമ്പനി പിന്തുടരുന്നത്.
എൽഇഡി ഹെഡ്‍ലാമ്പുകൾ മുൻവശത്തെ ആപ്രണിലാണ്. വിൻഡ്‌സ്‌ക്രീൻ ടെസറാക്ടിന്റെ സ്പോർടിനെസ് ഉയർത്തുന്നുണ്ട്. നാവിഗേഷൻ ഫീച്ചറുകൾ ഉള്ള 7.0 ഇഞ്ച് ടിഎഫ്ടി സ്‌ക്രീൻ, 34 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ്, 14 ഇഞ്ച് വീലുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ. റഡാർ സാങ്കേതികവിദ്യയുള്ള ഇന്ത്യയിലെ ആദ്യത്തെ സ്കൂട്ടറായ ടെസറാക്ട് ഇതുവരെ ഒരു സ്കൂട്ടറിലും കാണാത്ത മറ്റനേകം ഫീച്ചറുകളും അവതരിപ്പിക്കുന്നുണ്ട്.
ഇന്റഗ്രേറ്റഡ് ഫ്രണ്ട്, റിയർ ഡാഷ്‌ക്യാമുകളും ഹാപ്റ്റിക് ഫീഡ്ബാക്കുള്ള ഹാൻഡിൽബാറുമുള്ള ആദ്യ ഇരുചക്ര വാഹനം കൂടിയാണ് അൾട്രാവയലറ്റ് ടെസറാക്ട്. വയർലെസ് ചാർജിങ്, കീലെസ് ആക്സസ്, പാർക്ക് അസിസ്റ്റ്, ഹിൽ ഹോൾഡ്, നാവിഗേഷൻ, കോൾ നോട്ടിഫിക്കേഷനുകൾക്കൊപ്പം ഫോൺ പെയ്ന്റിങ്, മ്യൂസിക് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി സൗകര്യങ്ങളും ലഭ്യമാണ്.
റഡാർ ഉപയോഗിച്ചുകൊണ്ട് ബ്ലെൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ഓവർടേക്ക് അലേർട്ട്, കൊളിഷൻ അലേർട്ട് എന്നീ സുരക്ഷാ സവിശേഷതകളും നൽകുന്നു. ബ്ലെൻഡ് സ്‌പോട്ട് സഹായത്തോടുകൂടിയ പ്രീമിയം റിയർ വ്യൂ മിററുകളുമുണ്ട്. വയലറ്റ് എഐ ഉള്ള ഇന്റഗ്രേറ്റഡ് ഡാഷ്‌ക്യാം ഫീച്ചറും അൾട്രാവയലറ്റിന്റെ ഇലക്ട്രിക് സ്കൂട്ടറിലെ മറ്റ് പ്രധാന ഫീച്ചറുകളാണ്.
പരമാവധി 20.10 ബി.എച്ച്.പി. പവർ നൽകുന്ന ഇലക്ട്രിക് മോട്ടോർ മണിക്കൂറിൽ 125 കിലോമീറ്റർ വരെവേഗം കൈവരിക്കാൻ സഹായിക്കുന്നു.3.5, 5, 6 കിലോവാട്ട് എന്നിങ്ങനെ മൂന്ന് ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ ഇതിൽ ലഭ്യമാണ്. ആദ്യ ബാറ്ററി പായ്ക്ക് ഒറ്റ ചാർജിൽ 162 കിലോമീറ്റർ വരെ സഞ്ചരിക്കും, 5 കിലോവാട്ട് പതിപ്പ് ഫുൾ ചാർജിൽ 220 കിലോമീറ്റർ വരെ സഞ്ചരിക്കും. അടുത്തവർഷം ആദ്യപാദത്തോടെ സ്കൂട്ടറിന്റെ ഡെലിവറി ആരംഭിക്കുമെന്നാണ് വിവരം.
Content Highlights: ultraviolette tesseract
Published: 31 Mar 2025, 07:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented