തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിനുള്ള പിഴ കോടതിക്ക് കൈമാറുന്നതിനുമുന്‍പേ അടച്ചാല്‍ പണം ലാഭിക്കാം. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച പിഴ പകുതിയായി കുറച്ചുകൊണ്ട് സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ ഇളവ് ഇപ്പോള്‍ കോടതികള്‍ നല്‍കുന്നില്ല. കേന്ദ്രം നിശ്ചയിച്ച പരമാവധി പിഴതന്നെ കോടതിയില്‍ നല്‍കേണ്ടിവരും.

To advertise here,

ആദ്യമൊക്കെ സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനപ്രകാരമുള്ള കുറഞ്ഞതുക കോടതികള്‍ ഈടാക്കിയിരുന്നെങ്കിലും ഇപ്പോള്‍ കേന്ദ്രം നിശ്ചയിച്ച ഉയര്‍ന്നപിഴയാണ് ഈടാക്കുന്നത്. പിഴ ഈടാക്കി കേസ് തീര്‍പ്പാക്കാനുള്ള (കോമ്പൗണ്ടിങ്) സംസ്ഥാന സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് 2019-ലാണ് പിഴത്തുക കുറച്ചത്. എന്നാല്‍, ഈ ഉത്തരവ് പോലീസിനും മോട്ടോര്‍വാഹനവകുപ്പിനും മാത്രം ബാധകമായതിനാലാണ് കോടതികള്‍ ഉയര്‍ന്ന പിഴചുമത്തുന്നത്.

സീറ്റ്ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുന്നതിന് 500 രൂപയാണ് പോലീസും മോട്ടോര്‍വാഹമന വകുപ്പും ചുമത്തുന്നത്. കേസ് കോടതിയിലെത്തുമ്പോള്‍ 1000 രൂപ ചുമത്തിയേക്കാം. അതിവേഗം ആദ്യമായി പിടിക്കപ്പെട്ടാല്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 2000 രൂപയാണ് കേന്ദ്രം നിശ്ചയിച്ചത്. ഇത് 1500 രൂപയായും മീഡിയം ഹെവി വാഹനങ്ങള്‍ക്ക് 2000 മുതല്‍ 4000 രൂപ എന്നത് 3000 രൂപയായും സര്‍ക്കാര്‍ കുറച്ചിട്ടുണ്ട്. ഈ ഇളവുകളൊന്നും കോടതികളില്‍ കിട്ടില്ല.

പിഴവീണാല്‍ വേഗം അടച്ചാല്‍ നല്ലത്

ഗതാഗത നിയമലംഘനക്കേസുകള്‍ 90 ദിവസത്തിനുള്ളില്‍ കോടതിക്ക് കൈമാറണമെന്നാണ് വ്യവസ്ഥ. https://echallan.parivahan.gov.in/ എന്ന സൈറ്റില്‍ വാഹനത്തിന്റെ നമ്പര്‍ നല്‍കിയാല്‍ പിഴയുണ്ടെങ്കില്‍ അറിയാനാകും. ആഘട്ടത്തില്‍ ഓണ്‍ലൈനില്‍ പിഴയടച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച തുക നല്‍കിയാല്‍ മതിയാവും.

ആദ്യം വെര്‍ച്വല്‍ കോടതിയില്‍

ഗതാഗത നിയമലംഘനക്കേസുകള്‍ ആദ്യം വെര്‍ച്വല്‍ കോടതിക്കാണ് കൈമാറുന്നത്. ഈ ഘട്ടത്തിലാണ് പിഴ നിശ്ചയിക്കുന്നത്. പിന്നീട് ഇവ ജില്ലകളിലെ പ്രത്യേകം നിശ്ചയിച്ച സിജെഎം കോടതികള്‍ക്ക് നല്‍കും. ഗുരുതരമായ ലംഘനങ്ങള്‍ നേരിട്ട് സിജിഎം കോടതിക്കും കൈമാറാറുണ്ട്.

വെര്‍ച്വല്‍ കോടതിയില്‍ കൈമാറുമ്പോള്‍ ഓണ്‍ലൈനായി https://vcourts.gov.in/virtualcourt/-ല്‍ പിഴയടയ്ക്കാം. എന്നാല്‍, കോടതി നിശ്ചയിക്കുന്ന പിഴതന്നെ നല്‍കേണ്ടിവരും.