തൃശ്ശൂര്‍: ടാക്‌സി ഓണ്‍ലൈന്‍ ആയാലും പരമ്പരാഗതമായാലും ജീവിക്കാന്‍ വേണ്ടിയുള്ള ഓട്ടത്തിലാണിവര്‍. ഇതിനിടയിലാണ് നേര്‍ക്കുനേര്‍ സംഘര്‍ഷങ്ങള്‍. കഴിഞ്ഞ ദിവസം തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ ഇത്തരമൊരു സംഘര്‍ഷത്തിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. തങ്ങളുടെ അന്നത്തിനുള്ള വഴി കൈവിട്ടുപോകുന്നതിന്റെ രോഷമാണ് ഇരുപക്ഷത്തും പ്രതിഫലിക്കുന്നത്. ഓണ്‍ലൈന്‍ ടാക്‌സികളുടെ വരവുമുതല്‍ ഈ സംഘര്‍ഷങ്ങളും ആരംഭിച്ചെങ്കിലും ഇതുവരെ പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഇതിനുള്ള ശ്രമംപോലും നടക്കുന്നില്ലെന്നതാണ് ടാക്‌സി ഡ്രൈവര്‍മാരുടെ ആരോപണം.

To advertise here,

തൃശ്ശൂര്‍ നഗരത്തില്‍ത്തന്നെ ഏഴോ എട്ടോ ഇത്തരം കേന്ദ്രങ്ങളുണ്ട്. ടാക്‌സി സ്റ്റാന്‍ഡുകള്‍ക്ക് സമീപത്തുനിന്ന് ഓണ്‍ലൈന്‍ ടാക്‌സി ആളെ കയറ്റുമ്പോഴാണ് സംഘര്‍ഷങ്ങളുണ്ടാകാറ് എന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്.

റെയില്‍വേ സ്റ്റേഷനില്‍ വേറിട്ട പ്രശ്നം

മറ്റു ടാക്‌സി സ്റ്റാന്‍ഡുകളില്‍നിന്ന് വ്യത്യസ്തമാണ് റെയില്‍വേ സ്റ്റേഷനിലെ പ്രശ്നം. ഇവിടെ ഒരുവര്‍ഷം ഒരു ടാക്‌സിക്ക് 11800 രൂപ ഈടാക്കുന്നുണ്ട്. ഓട്ടോറിക്ഷയ്ക്കാണെങ്കില്‍ നാലായിരത്തിലേറെ രൂപയും. മാത്രമല്ല, ഓരോ വര്‍ഷവും പോലീസ് വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഇതിന് 800 രൂപ ചെലവാകും. ഈ ചെലവ് ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ക്കില്ല. ഇത്രയും ചെലവാക്കിയ ടാക്‌സികള്‍ ഓട്ടമില്ലാതെ കിടക്കുമ്പോള്‍ ഓണ്‍ലൈന്‍ ടാക്‌സി ആളെ കയറ്റാന്‍ എത്തിയതാണ് കഴിഞ്ഞ ദിവസം പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാരെ പ്രകോപിപ്പിച്ചത്.

തങ്ങളോട് രജിസ്ടേഷന്‍ ഫീസ് വാങ്ങിക്കുന്ന സാഹചര്യത്തില്‍ ഇതില്ലാത്ത ഓണ്‍ലൈന്‍ ടാക്‌സിയെ റെയില്‍വേ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കയറ്റരുതെന്നാണ് പരമ്പരാഗത ഡ്രൈവര്‍മാരുടെ ആവശ്യം. എന്നാല്‍, ഓണ്‍ലൈന്‍ ടാക്‌സികള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എത്തുന്നത് തടയാന്‍ റെയില്‍വേ തയ്യാറല്ല. കേന്ദ്രസര്‍ക്കാര്‍ അനുമതി ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കുണ്ടെന്നതാണ് ഇവര്‍ കാരണമായി പറയുന്നതെന്ന് ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

വരുമാനം തുച്ഛം

കാര്യമായ ഓട്ടം കിട്ടാറില്ലെന്നാണ് റെയില്‍വേ സ്റ്റേഷനിലെ പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നത്. പലപ്പോഴും പലരും ദിവസം മുഴുവന്‍ വെറുതെ കിടക്കേണ്ട അവസ്ഥയുണ്ട്. ആയിരം രൂപയില്‍ താഴെയാണ് പലദിവസങ്ങളിലും ലഭിക്കുന്നത്. അതേസമയം ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ക്കും പരാതികള്‍ പറയാനുണ്ട്.

പരമ്പരാഗത ടാക്‌സികളെപ്പോലെ റിട്ടേണ്‍ ചാര്‍ജ് ഇവര്‍ക്ക് ലഭിക്കില്ലെന്നതാണ് ഇതിലൊന്ന്. മാത്രമല്ല ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് കാര്യമായ ഓട്ടം ലഭിക്കുന്നതെന്നും ഇവര്‍ പറയുന്നു. മറ്റു ദിവസങ്ങളില്‍ ആയിരത്തിനും രണ്ടായിരത്തിനുമിടയിലാണ് വരുമാനം.

റെയില്‍വേയുടെ കടുംവെട്ട്

ഇത്തരം പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പരമ്പരാഗത ടാക്‌സികള്‍ 10 എണ്ണംകൂടി വര്‍ധിപ്പിച്ചാണ് റെയില്‍വേ കടുംവെട്ട് നടത്തിയത്. അവരില്‍നിന്നുകൂടി രജിസ്ട്രേഷന്‍ ഫീസ് ഈടാക്കുകയെന്നതാണ് റെയില്‍വേയുടെ ലക്ഷ്യമെന്ന് ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു. ആകെ 20 വണ്ടികള്‍ക്കുമാത്രം ഇടമുള്ളപ്പോഴാണ് നിലവിലെ വണ്ടികള്‍ക്കു പുറമേ 10 വണ്ടികള്‍കൂടി കൂട്ടിയത്. മാത്രമല്ല, പ്രാഥമികകാര്യങ്ങള്‍ക്കുള്ള സൗകര്യംപോലും ഇവിടെയില്ലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. വാഹനങ്ങള്‍ വെയിലും മഴയുമേറ്റാണ് കിടക്കുന്നത്.

പരാതി കൊടുത്ത് മടുത്തു

പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാര്‍ രണ്ടുമാസംമുമ്പാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്. കളക്ടര്‍ ഈ പരാതി ആര്‍ടിഎക്ക് കൈമാറി. പക്ഷേ, ഇതുവരെ ഇതില്‍ നടപടിയൊന്നുമുണ്ടായില്ല. കൂടാതെ സിറ്റി പോലീസ് കമ്മിഷണര്‍ക്കും ഇവര്‍ പരാതി നല്‍കി. ഇതിലും ഇതുവരെ നീക്കമൊന്നും ഉണ്ടായില്ല.

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരും പരമ്പരാഗത ഡ്രൈവര്‍മാരും തമ്മില്‍ സംഘര്‍ഷങ്ങള്‍ പതിവാകുകയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും പരാതിയുണ്ട്. എല്ലാ തര്‍ക്കങ്ങള്‍ക്കിടയിലും ഓര്‍ക്കേണ്ടത് ഒന്നുമാത്രം, ജീവിതം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിലാണ് എല്ലാവരും...

ഓണ്‍ലൈനിന് അംഗീകാരമുണ്ടോ

ഓണ്‍ലൈന്‍ ടാക്‌സികള്‍ നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി അംഗീകാരം നേടിയശേഷമാണ് ഓടുന്നതെന്നത് ഉറപ്പാക്കണമെന്നാണ് പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നത്. ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന വിവരാവകാശനിയമപ്രകാരമുള്ള മറുപടിയാണ് ഇതിന് തെളിവായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അധികൃതരാണ് 2025 ജൂണില്‍ ഇത്തരമൊരു മറുപടി നല്‍കിയത്. സമാനസ്വഭാവത്തിലുള്ള പ്രസ്താവന ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടായി. പിന്നീട് ഇത് മാറ്റിപ്പറയുകയും ചെയ്തു. ഇതെല്ലാം പരമ്പരാഗത ഡ്രൈവര്‍മാരുടെ സംശയം വര്‍ധിപ്പിച്ചു.