ഇരിങ്ങാലക്കുട: ജില്ലയിൽ 20 സ്വകാര്യബസുകൾ സർവീസ് അവസാനിപ്പിച്ചു. റൂട്ടുകളിൽ നേരത്തേ കിട്ടിയിരുന്ന കളക്ഷൻ ഇല്ലാതായതോടെ സാമ്പത്തികനഷ്ടം മൂലമാണ് സർവീസുകൾ നിർത്തിവെക്കേണ്ടിവന്നതെന്ന് ബസുടമകൾ പറഞ്ഞു. ബസുകൾക്കു ലഭിക്കുന്ന ദിവസവരുമാനം ഡീസലടിക്കുന്നതിനും തൊഴിലാളികൾക്ക് വേതനം നൽകാനും തികയുന്നില്ല.

To advertise here,

ഒരു ദിവസം രണ്ടായിരത്തിലേറെ രൂപയുടെ നഷ്ടമുണ്ടെന്നും പൊതുഗതാഗതമേഖല സംരക്ഷിക്കാൻ സർക്കാർനടപടി വേണമെന്നുമാണ് ബസ്സുടമകളുടെ ആവശ്യം. കെ.എസ്.ആർ.ടി.സി. സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതും കളക്ഷനെ ബാധിച്ചിട്ടുണ്ടെന്നാണ് ബസുടമകളുടെ ആരോപണം.

സർക്കാർ സൗജന്യയാത്ര അനുവദിച്ചിരിക്കുന്ന റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യബസുകൾക്ക് റോഡുനികുതി ഒഴിവാക്കിയതുകൊണ്ടോ നേരിയ തോതിൽ സബ്സിഡി ലഭിച്ചതുകൊണ്ടോ മാത്രം സർവീസ് നിലനിർത്താൻ കഴിയില്ലെന്ന് ബസുടമകൾ പറഞ്ഞു. അതിനാൽ സ്വകാര്യബസ് വ്യവസായവും കെ.എസ്.ആർ.ടി.സി.യും ഒരുപോലെ സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാനസർക്കാറിന് നിവേദനം നൽകിയിട്ടുണ്ട്.

സ്വകാര്യബസുകളിലും സ്ത്രീകൾക്ക് സീറോ ടിക്കറ്റ് നൽകുകയും അവ കണക്കാക്കി കെ.എസ്.ആർ.ടി.സി.ക്ക് സർക്കാർ നഷ്ടപരിഹാരം നൽകുന്നതുപോലെ സ്വകാര്യ ബസുകൾക്കും നഷ്ടപരിഹാരതുക അനുവദിക്കണമെന്നും തൃശ്ശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റും ഫെഡറേഷൻ സംസ്ഥാന ട്രഷററുമായ എം.എസ്. പ്രേംകുമാർ ആവശ്യപ്പെട്ടു.

കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് റോഡ് ടാക്‌സ് പൂർണമായി ഒഴിവാക്കുകയും നിലവിലുള്ള ഡിസൽവിലയുടെ പകുതിവിലയ്ക്ക് ഡീസൽ ലഭ്യമാക്കുകയും ചെയ്യണമെന്നും പ്രേംകുമാർ ആവശ്യപ്പെട്ടു.