ഇലക്ട്രിക് വാഹന ഉപസ്ഥാപനമായ സ്വിച്ച് മൊബിലിറ്റിയിലൂടെ ആഗോള നിർമ്മാണ ശൃംഖല പുനഃക്രമീകരിക്കുകയാണ് അശോക് ലെയ്‌ലാൻഡ്. ഇതിന്റെ ഭാഗമായി, ഇലക്ട്രിക് ബസുകളുടെ ഉത്പാദന കേന്ദ്രം യുകെയിൽനിന്ന് യുഎഇയിലെ റാസ് അൽ ഖൈമയിലേക്ക് (RAK) തന്ത്രപരമായി മാറ്റുകയാണ് കമ്പനി.

To advertise here,

അശോക് ലെയ്‌ലാൻഡ് എംഡിയും സിഇഒയുമായ ഷേനു അഗർവാളിന്റെയും കമ്പനിയുടെ സിഎഫ്ഒ ആയ കെ.എം. ബാലാജിയുടെയും നേതൃത്വത്തിലുള്ള കമ്പനി മാനേജ്മെന്റ്, യുകെയിലെ പഴയ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ ലാഭകരമല്ലാത്തതിനാലാണ് ഈ തീരുമാനമെന്ന് വ്യക്തമാക്കി. മാസങ്ങൾ നീണ്ട വിലയിരുത്തലുകൾക്ക് ശേഷമാണ് ഷെർബണിലെ (യുകെ) തങ്ങളുടെ പ്ലാന്റ് അടച്ചുപൂട്ടാൻ കമ്പനി തീരുമാനിച്ചത്.

സ്വിച്ച് ഇന്ത്യ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ലാഭം രേഖപ്പെടുത്തുകയും നികുതിക്ക് ശേഷമുള്ള ലാഭം (PAT-positive) നേടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ പുനഃസംഘടന നടക്കുന്നത്. എന്നിരുന്നാലും, മത്സരാധിഷ്ഠിത അന്താരാഷ്ട്ര വിപണികളിൽ സമാനമായ സുസ്ഥിരത കൈവരിക്കുന്നതിന് ശക്തമായ വിതരണ ശൃംഖല ആവശ്യമാണ്.

‘ഞങ്ങൾ വിപണിയിൽനിന്ന് പിന്മാറിയിട്ടില്ല. ഞങ്ങളുടെ വിതരണ ശൃംഖലയും ഉത്പാദന കേന്ദ്രവും യുകെയിൽനിന്ന് ഇപ്പോൾ റാസ് അൽ ഖൈമയിലേക്ക് മാറ്റിയിരിക്കുന്നു’, അഗർവാൾ പറഞ്ഞു. ‘വിപണിയിലേക്കുള്ള പ്രവേശനത്തിന്റെ കാര്യത്തിൽ മാത്രമല്ല, മൊത്തത്തിലുള്ള ചെലവ് ഘടനയുടെ കാര്യത്തിലും റാസ് അൽ ഖൈമ ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വാഹന വ്യവസായത്തിന്റെ വിശാലമായ കാഴ്ചപ്പാടിൽ, റാസ് അൽ ഖൈമയിലേക്കുള്ള ഈ മാറ്റം ഒരു നിർണായക പ്രവണതയെയാണ് സൂചിപ്പിക്കുന്നത്. പ്രാദേശിക വിപണികൾക്ക് സേവനം നൽകുന്നതിനായി മികച്ച ലോജിസ്റ്റിക്സും കുറഞ്ഞ പ്രവർത്തനച്ചെലവും വാഗ്ദാനം ചെയ്യുന്ന പ്രാദേശിക ഉത്പാദന കേന്ദ്രങ്ങൾ തേടുക എന്നതാണത്. ആഗോള ആവശ്യകതകൾ നിറവേറ്റുന്നതിനുള്ള ഏറ്റവും അനുയോജ്യമായ വേദിയായാണ് അശോക് ലെയ്‌ലാൻഡ് യുഎഇയിലെ ഈ പ്ലാന്റിനെ കാണുന്നത്.

യൂറോപ്യൻ, യുകെ വിപണികളിൽ വിൽക്കാനുള്ള സ്വിച്ച് ബസുകളുടെ നിർമാണ ചുമതല റാസ് അൽ ഖൈമയിലെ പ്ലാന്റിനായിരിക്കും. ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) മേഖലയിലും വലിയ വിപണി സാധ്യതകൾ പ്രതീക്ഷിക്കുന്നതിനാൽ, ഈ പ്ലാന്റ് പ്രാദേശിക വളർച്ചയ്ക്കും സഹായകമാകുമെന്ന് മാനേജ്മെന്റ് കണക്കുകൂട്ടുന്നു. ഈ വാഹനങ്ങൾക്കാവശ്യമായ ചില ഘടകങ്ങൾ ഇന്ത്യയിൽനിന്ന് എത്തിക്കുമെന്നും മാനേജ്മെന്റ് കൂട്ടിച്ചേർത്തു.

റാസ് അൽ ഖൈമയിലെ നിലവിലുള്ള യൂണിറ്റ് വികസിപ്പിക്കുകയാണ് കമ്പനി ചെയ്യുന്നത്. ഈ പരിമിതമായ വിപുലീകരണം കാരണം, ഇലക്ട്രിക് ബസ് ഉത്പാദനം കൈകാര്യം ചെയ്യാൻ ആവശ്യമായ ശേഷി വർധിപ്പിക്കുന്നതിന് താരതമ്യേന ചെറിയൊരു നിക്ഷേപം മാത്രമേ ആവശ്യമുള്ളൂ. ഇത് മൂന്ന് ദശലക്ഷം യുഎസ് ഡോളറിൽ താഴെയായിരിക്കുമെന്നാണ് കണക്കാക്കുന്നത്.