ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ ഓട്ടോമോട്ടീവ് ബ്രാൻഡായി റോയൽ എൻഫീൽഡ്. ബ്രാൻഡ് ഫിനാൻസ് ഓട്ടോമോട്ടീവ് ഇൻഡസ്ട്രി 2026 റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യൻ മോട്ടോർ സൈക്കിൾ നിർമ്മാതാവിനെ നിരവധി ആഗോള കമ്പനികൾക്ക് മുന്നിൽ എത്തിക്കുന്നതാണ് നേട്ടം. ടൊയോട്ടയ്ക്കും ബിഎംഡബ്ല്യുവിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് റോയൽ എൻഫീൽഡ്. ഔഡി നാലാം സ്ഥാനത്തും ഫെറാരി ഏഴാം സ്ഥാനത്തുമാണ്.

To advertise here,

റിപ്പോർട്ട് അനുസരിച്ച് റോയൽ എൻഫീൽഡിന് 100-ൽ 88.9 ബ്രാൻഡ് സ്‌ട്രെങ്ത് ഇൻഡെക്‌സ് സ്‌കോറും എഎഎ റേറ്റിംഗും ലഭിച്ചിട്ടുണ്ട്. ആഗോള ഇരുചക്ര വാഹന വിപണിയിൽ ബ്രാൻഡിന്റെ വർധിച്ചുവരുന്ന സ്വാധീനം അടിവരയിടുന്നതാണ് നേട്ടം. ബ്രാൻഡിന്റെ മൊത്തത്തിലുള്ള മൂല്യം 30 ശതമാനം വർധിച്ച് 1.2 ബില്ല്യൺ ഡോളറിലെത്തി. ഒരു കാലത്ത് പ്രധാനമായും ഒരു പ്രത്യേക വിഭാഗത്തിലുള്ള റെട്രോ മോട്ടോർ സൈക്കിൾ നിർമ്മാതാവായി മാത്രം കണ്ടിരുന്ന ഒരു കമ്പനിക്ക് ഇത് മറ്റൊരു വലിയ മുന്നേറ്റമാണ്.

വിപുലമായ അന്താരാഷ്ട്ര സാന്നിധ്യമാണ് റോയൽ എൻഫീൽഡിന്റെ വളർച്ചയ്ക്ക് കാരണം. നിലവിൽ 80-ൽ അധികം രാജ്യങ്ങളിൽ കമ്പനി പ്രവർത്തിക്കുന്നുണ്ട്. ലോകമെമ്പാടും 3,200-ൽ അധികം റീട്ടെയിൽ ഔട്ട്ലെറ്റുകളുടെ ശൃംഖലയുമുണ്ട്. ഏഴ് അന്താരാഷ്ട്ര അസംബ്ലി പ്ലാന്റുകളും കമ്പനിക്കുണ്ട്. ഇത് പ്രധാന വിപണികളിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കാൻ സഹായിച്ചിട്ടുണ്ട്. യൂറോപ്പ്, തെക്കേ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ മേഖലകളിൽ ആവശ്യകത മികച്ച തുടരുന്നതായി കമ്പനി പറയുന്നു.

റോയൽ എൻഫീൽഡിന്റെ വ്യക്തമായ ഉത്പന്ന തന്ത്രങ്ങളും കമ്പനിയുടെ മുന്നേറ്റത്തിന് പിന്നിലുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ലളിതമായ എഞ്ചിനീയറിംഗും ക്ലാസിക് സ്‌റ്റൈലിങ്ങും സമന്വയിപ്പിക്കുന്ന മോട്ടോർ സൈക്കിളുകളാണ് കമ്പനി ഇപ്പോഴും പുറത്തിറക്കുന്നത്.

റോയൽ എൻഫീൽഡിന് പുറമെ മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി തുടങ്ങിയ ഇന്ത്യൻ ഓട്ടോമോട്ടീവ് ബ്രാൻഡുകളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ശക്തമായ ഓട്ടോമൊബൈൽ ബ്രാൻഡുകളിൽ ടാറ്റ മോട്ടോർസ് അഞ്ചാം സ്ഥാനത്തും മാരുതി സുസുക്കി 34-ാം സ്ഥാനത്തും മഹീന്ദ്ര 25-ാം സ്ഥാനത്തുമാണ്.