കനത്ത മഴ പെയ്തതിനെ തുടർന്ന് കൊൽക്കത്ത നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. വെള്ളക്കെട്ട് ജനജീവിതം സ്തംഭിപ്പിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. ഈ പ്രതിസന്ധികൾക്കിടയിൽ, ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

To advertise here,

വെള്ളം കയറിയ കൊൽക്കത്തയിലെ ഒരു തെരുവിൽ റോൾസ്-റോയ്സ് ഗോസ്റ്റ് കാർ കുടുങ്ങിക്കിടക്കുന്നതാണ് വീഡിയോയിലുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ആഡംബര കാറുകളിലൊന്ന് വെള്ളക്കെട്ടിൽ നിശ്ചലമായിക്കിടക്കുന്ന കാഴ്ച ഓൺലൈനിൽ വളരെ പെട്ടെന്ന് ശ്രദ്ധനേടി.

വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നതിങ്ങനെ, "റോഡുകൾ ഇല്ലാത്ത ഒരിടത്ത് നമ്മൾ എന്തിനാണ് ഇത്രയധികം റോഡ് ടാക്സ് അടയ്ക്കുന്നതെന്ന് ഇത്തരം സാഹചര്യങ്ങൾ നമ്മളെ ചിന്തിപ്പിക്കുന്നു. " കാറിന്റെ ബോണറ്റിൽ മരച്ചില്ലകൾ വെച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. ഒരുപക്ഷേ, എതിരെ വരുന്ന വാഹനങ്ങൾക്കുള്ള ഒരു താൽക്കാലിക മുന്നറിയിപ്പായിരിക്കാം ഇത്.

വീഡിയോ വൈറലായതോടെ ആളുകൾ കമൻ്റ് സെക്ഷനിൽ പ്രതികരണങ്ങളുമായി എത്തി. ചിലർ റോഡുകളുടെ മോശം അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചപ്പോൾ, മറ്റുള്ളവർ ഈ സാഹചര്യത്തെ പരിഹസിച്ചു.

"ആൾട്ടോ 800 ഒരു മൂലയിലിരുന്ന് ചിരിക്കുന്നു," എന്ന് ഉപയോക്താക്കളിൽ ഒരാൾ എഴുതി. അതേസമയം, ഈ കനത്ത മഴയിൽ കൊൽക്കത്തയിലെ റോഡുകൾക്ക് കൂടുതൽ അനുയോജ്യമായ ഒരു വിലകുറഞ്ഞ കാറിനെ ഉദ്ദേശിച്ച് മറ്റൊരാൾ, "ലോർഡ് ആൾട്ടോ സിന്ദാബാദ്" എന്ന് കുറിച്ചു.

എന്നാൽ, കനത്ത മഴയിൽ വെള്ളക്കെട്ടുള്ള റോഡുകളിലൂടെ വാഹനമോടിക്കുന്നത് ഏത് കാറിനും അപകടകരമാണെന്നും അത് ഒഴിവാക്കണമെന്നുമുള്ള ഒരു ഓർമപ്പെടുത്തലാണ് ഈ വൈറൽ വീഡിയോ. വെളളക്കെട്ടിൽ കുടുങ്ങിക്കിടക്കുന്ന റോൾസ്-റോയ്സിന്റെ കാഴ്ച അമ്പരപ്പിക്കുന്നതാണെങ്കിലും വെള്ളപ്പൊക്കം കാറുകൾക്കിടയിൽ വേർതിരിവ് കാണിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

അതൊരു ഹാച്ച്ബാക്കോ എസ്‌യുവിയോ കോടികൾ വിലമതിക്കുന്ന ആഡംബര സെഡാനോ ആകട്ടെ, പ്രധാന ഭാഗങ്ങളിൽ വെള്ളം കയറിയാൽ ഏത് വാഹനവും നിശ്ചലമായേക്കാം.

വെള്ളപ്പൊക്കത്തിൽ കാറുകൾ നിശ്ചലമാകുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്:

എക്‌സ്‌ഹോസ്റ്റ് തടസ്സം: എക്‌സ്‌ഹോസ്റ്റ് പൈപ്പിൽ (പുകക്കുഴൽ) വെള്ളം കയറിയാൽ അത് വാതകങ്ങൾ പുറത്തുപോകുന്നത് തടയും. ഇത് എൻജിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും വാഹനം നിശ്ചലമാകാൻ കാരണമാകുകയും ചെയ്യും.

എയർ ഇൻടേക്ക്: വെള്ളപ്പൊക്കത്തിലെ വെള്ളം എയർ ഇൻടേക്കിലൂടെ വലിച്ചെടുക്കപ്പെട്ടാൽ അത് എൻജിൻ സിലിണ്ടറുകളിൽ എത്തും. വായുവിൽനിന്ന് വ്യത്യസ്തമായി, വെള്ളം കംപ്രസ് ചെയ്യാൻ കഴിയില്ല. ഇത് ഹൈഡ്രോലോക്ക് എന്ന അവസ്ഥയിലേക്ക് നയിക്കും. എൻജിൻ നിശ്ചലമാകാനും പലപ്പോഴും ഗുരുതരവും ചെലവേറിയതുമായ കേടുപാടുകൾ സംഭവിക്കാനും ഇത് കാരണമാകും.