തിരുവനന്തപുരം: ദേശസാത്‌കൃത സ്കീം ലംഘിച്ചതിനെത്തുടർന്ന് ഹൈക്കോടതി തടഞ്ഞ സ്വകാര്യബസുകൾ ഓൾഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റുമായി (എഐടിപി) തിരിച്ചെത്തുന്നത് കെഎസ്ആർടിസിക്ക് ഭീഷണിയാകുന്നു. കെഎസ്ആർടിസിയുടെ കുത്തകപാതകളിൽ ഈ സർവീസുകൾക്കാണ് ഇപ്പോൾ മേൽക്കൈ. ഇവരെ തടയേണ്ട മോട്ടോർവാഹനവകുപ്പും സർക്കാരും മൗനംപാലിക്കുന്നു.

To advertise here,

സംസ്ഥാനത്തിനുള്ളിൽ നഗരങ്ങളെ ബന്ധിപ്പിച്ച് അടുത്തിടെ തുടങ്ങിയത് 200 സർവീസുകൾ. ഒന്നിലധികം സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് വിനോദസഞ്ചാരികളെ കൊണ്ടുപോകാനാണ് ഇവയ്ക്ക് അനുമതി. എന്നാൽ, ഇവ ഓടുന്നത് സംസ്ഥാനത്തിനകത്തുമാത്രം. ഇതുതന്നെ പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനമാണ്. റൂട്ട് ബസുകളെപ്പോലെ സമയവും നിരക്കും പാതയും ഓൺലൈനിൽ പ്രഖ്യാപിച്ച് യാത്രക്കാർക്ക് പ്രത്യേകം ടിക്കറ്റ് നൽകുന്നത് സ്റ്റേജ് ക്യാരേജ് പെർമിറ്റിന്റെ ലംഘനമാണെന്നും കോടതി വിധിയുണ്ട്. എന്നാൽ, കേസെടുക്കാൻ മോട്ടോർവാഹനവകുപ്പിന് മടിയാണ്.

സുൽത്താൻബത്തേരി-എറണാകുളം റൂട്ടിൽ കഴിഞ്ഞദിവസമാണ് ഒരു സ്വകാര്യബസ് പ്രഖ്യാപിച്ചത്. ഹൈക്കോടതി തടഞ്ഞ ബസാണിത്. റൂട്ട് പെർമിറ്റ് നഷ്ടമായപ്പോൾ എഐടിപിയുടെ മറവിലാണ് മടങ്ങിവരവ്.

ഓൾ ഇന്ത്യാ പെർമിറ്റ് ദുരുപയോഗത്തിനെതിരേ ഒന്നരവർഷംമുൻപ്‌ ഗതാഗതവകുപ്പ് കർശനനിലപാട് എടുത്തപ്പോൾ പിൻവാങ്ങിയ സ്വകാര്യബസുകളെല്ലാം തിരിച്ചെത്തി. സ്വകാര്യബസുകാർക്ക് ഒത്താശ ചെയ്ത മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരെ അന്നത്തെ ഗതാഗത സെക്രട്ടറി ബിജുപ്രഭാകർ സസ്പെൻഡ് ചെയ്തതിനെത്തുടർന്നാണ് അന്ന് പരിശോധന കർശനമാക്കിയിരുന്നത്.

കെഎസ്ആർടിസിയുടെ വരുമാനത്തിന്റെ നട്ടെല്ല് 1200-ഓളം വരുന്ന ദീർഘദൂര ബസുകളാണ്. സ്വകാര്യ ബസുകാരെ ശത്രുക്കളായി കാണേണ്ടതില്ലെന്ന നിർദേശമാണ് മുകളിൽനിന്നുള്ളതെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.