പെട്രോൾ, ഡീസൽ പോലെയുള്ള ഫോസിൽ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് വലിയ ഭാവിയൊന്നുമില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. മലിനീകരണ മുക്തമായ ഇന്ധനങ്ങളിലേക്ക് മാറുന്നതിനുള്ള ആഹ്വാനമെന്നോണമാണ് മന്ത്രിയുടെ ഈ പ്രസ്താവന. ക്ലീൻ ഇന്ധനങ്ങളിലേക്ക് ഇപ്പോൾ നടക്കുന്ന ഈ മാറ്റം പൊതുഗതാഗത മേഖലയുടെ പുരോഗതിക്ക് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

To advertise here,

പെട്രോൾ-ഡീസൽ വാഹനങ്ങൾക്ക് വലിയ ഭാവിയുണ്ടാകില്ല. ബയോഫ്യുവൽ സിഎൻജി, എൽഎൻജി, ഇലക്ട്രിക് പവർട്രെയിനുകൾ തുടങ്ങിയ മലിനീകരണമില്ലാത്ത ഇന്ധനങ്ങളിലുള്ള വാഹനങ്ങൾക്ക് നിർമാതാക്കൾ കൂടുതൽ പ്രാധാന്യം നൽകണം. പെട്രോൾ, ഡീസൽ ഇന്ധനങ്ങൾ ഗുരുതരമായ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബസ് വേൾഡ് കോൺക്ലേവിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഹൈഡ്രജൻ മൊബിലിറ്റി എന്ന ആശയത്തിനുള്ള പൈലറ്റ് പ്രോജക്ടുകൾ കേന്ദ്ര സർക്കാർ ഇതിനോടകം തന്നെ ആരംഭിച്ചതായും മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. ഇതിനൊപ്പം രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, വോൾവോ, അശോക് ലെയ്‌ലാൻഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ കമ്പനികളെല്ലാം ഹൈഡ്രജൻ ഫ്യുവൽ വാഹനങ്ങളുടെ പരീക്ഷണയോട്ടങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഹൈഡ്രജനാണ് ഭാവിയുടെ ഇന്ധനം. നിലവിൽ 10 റൂട്ടുകളിൽ ഞങ്ങൾ ഹൈഡ്രജൻ ബസുകളും ട്രക്കുകളും ഓടിക്കുന്നുണ്ട്. എഥനോളും ഇന്ത്യയിൽ ഒരു ബദൽ ഇന്ധനമായി പ്രവർത്തിക്കുന്നുണ്ട്. വാഹനങ്ങൾ ഇ20 ഇന്ധനങ്ങളിലാണ് പ്രവർത്തിക്കുന്നതെങ്കിലും നമ്മുടെ വാഹന മേഖല ഫ്‌ളെക്‌സ് ഫ്യുവൽ വാഹനങ്ങൾ വികസിപ്പിച്ച് തുടങ്ങിയിട്ടുണ്ടെന്നും വിവിധ ഉറവിടങ്ങളിൽ നിന്ന് എഥനോൾ വികസിപ്പിക്കുന്നതിനുള്ള സംവിധാനത്തിൽ നമ്മൾ ഏറെ മുന്നിലാണ് മന്ത്രി അവകാശപ്പെട്ടു.

പൊതുഗതാഗതങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യവും അദ്ദേഹം അറിയിച്ചു. ബസുകളുടെ സുരക്ഷ ശക്തമാക്കുന്നതിനുള്ള നീക്കങ്ങൾ സർക്കാർ ആരംഭിച്ച് കഴിഞ്ഞു. ബസ് രജിസ്‌ട്രേഷന് നേരിട്ടും വീഡിയോയിലൂടെയുമുള്ള അംഗീകാരങ്ങൾക്കൊപ്പം വാഹൻ പോർട്ടലിൽ ഇവ അപ്‌ലോഡ് ചെയ്യുന്നതും സർക്കാർ കർശനമാക്കിയിട്ടുണ്ട്. ചിലവ് കുറയ്ക്കുന്നതിന് പകരം സുരക്ഷയ്ക്ക് പ്രാധാന്യം നൽകാൻ ബസ് ബോഡി നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.