വാഹനങ്ങള്‍ക്ക് തീപിടിത്തമുണ്ടാകുന്ന സംഭവങ്ങള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സമാനമായ സംഭവമാണ് ഇന്ന് ആന്ധ്രപ്രദേശിലെ അനന്ത്പുര്‍ ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ മോട്ടോര്‍ സൈക്കിളാണ് അനന്ത്പുരിലെ ക്ഷേത്രത്തിന് സമീപത്തുനിന്ന് പൊട്ടിത്തെറിയോടെ കത്തിനശിച്ചതെന്നാണ് റിപ്പോര്‍ട്ട്. വാഹനത്തിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്.

To advertise here,

വാഹനം അമിതമായി ചൂടായതായിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍. പുതിയ ബൈക്ക് വാങ്ങിയതിന് പിന്നാലെ ക്ഷേത്ര ദര്‍ശനം നടത്തുന്നതിനായി മൈസൂരുവില്‍ നിന്ന് അനന്ത്പുരിലേക്ക് എത്തിയ രവിചന്ദ്ര എന്ന ആളുടെ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളാണ് അഗ്നിക്കിരയായത്. മൈസൂരു മുതല്‍ അനന്ത്പുര്‍ വരെ 387 കിലോമീറ്റര്‍ നിര്‍ത്താതെ ഓടിവന്നതിലൂടെ വാഹനം അമിതമായി ചൂടായതായിരിക്കാം അപകട കാരണമെന്നാണ് വിലയിരുത്തല്‍.

ബൈക്ക് പാര്‍ക്കിങ്ങില്‍ നിര്‍ത്തി ഉടമ ക്ഷേത്രത്തില്‍ പ്രവേശിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ വാഹനത്തിന് തീപിടിക്കുകയായിരുന്നു എന്നാണ് വിവരം. തീപിടിത്തമുണ്ടായതിന് പിന്നാലെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുകയുമായിരിന്നു. വലിയ സ്‌ഫോടനമുണ്ടാകുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആ മേഖലയില്‍ ആളുകള്‍ കൂടി നില്‍ക്കുന്നുണ്ടായിരുന്നെങ്കിലും ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. പൊട്ടിത്തെറിക്ക് പിന്നാലെ ആളുകള്‍ ഓടി മാറുന്നതും വീഡിയോയിലുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളില്‍ ഇത് അസാധരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, തീപിടിത്തമുണ്ടാകാനുള്ള ക്യത്യമായ കാരണം പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ആഴ്ചയില്‍ തമിഴ്‌നാട്ടില്‍ ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിനിടെ ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. ഇതിനുപുറമെ, ചെന്നൈയ്ക്ക് സമീപം മറ്റൊരു ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തി നശിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. പൂനെയിലും ഇലക്ട്രിക് വാഹനം അഗ്നിക്കിരയായിരുന്നു.

Source: NDTV, Image: The Hans India