തൃശ്ശൂർ: റെയിൽവേ പാർക്കിങ്ങിലെ തീപ്പിടിത്തത്തിൽ ബൈക്കുകൾ കത്തിനശിച്ചവർ സങ്കടങ്ങൾ ഉള്ളിലൊതുക്കി ഒത്തുച്ചേർന്നു. നഷ്ടപരിഹാരം ലഭിക്കുന്നതിനും തുടർനടപടികൾ ആലോചിക്കുന്നതിനുമായി ടു വീലർ യൂസേഴ്സ് അസോസിയേഷനാണ് തൃശ്ശൂരിൽ വേദിയൊരുക്കിയത്. റെയിൽവെയിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃകോടതിയിൽ വ്യക്തിപരമായി കേസുകൾ ഫയൽ ചെയ്യാൻ യോഗം തീരുമാനിച്ചു. കഴിഞ്ഞ ഞായറാഴ്ച രാവിലെ ആറരയോടെയുണ്ടായ തീപ്പിടിത്തത്തിൽ മുന്നൂറോളം ബൈക്കുകളാണ് കത്തിനശിച്ചത്.

To advertise here,

റെയിൽവേയുടെ അനാസ്ഥയാണ് തീപ്പിടിത്തത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന് ദൃക്സാക്ഷികളിലൊരാളായ ഒളരി സ്വദേശി സുനിൽ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച രാവിലെ 6.26-നാണ് വണ്ടി നിർത്തിയിട്ട് സ്റ്റേഷനിലേക്ക് കടന്നത്. ടിക്കറ്റെടുത്ത് തിരിച്ചെത്തുമ്പോഴേക്കും പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന ബൈക്കിന് തീപിടിച്ചിരുന്നു. ഉടൻ സ്റ്റേഷൻമാസ്റ്ററെ വിവരം അറിയിച്ചു. എന്നാൽ, സ്റ്റേഷനിൽ നിന്ന് അഗ്‌നി രക്ഷാ സേനയെ അറിയിക്കാൻ പിന്നെയും വൈകി. ഈസ്റ്റ് എസ്ഐയെ വിളിച്ചുപറഞ്ഞതിനുശേഷം പോലീസ്സ്റ്റേഷനിൽനിന്ന് വിളിച്ചുപറഞ്ഞാണ് 6.40-ന് ആദ്യത്തെ യൂണിറ്റ് എത്തിയത്. അപ്പോഴേക്കും തീ ആളിപ്പടരുകയും അണയ്ക്കാൻ കഴിയാത്തവിധം രൂക്ഷമാകുകയും ചെയ്തു. പാർക്കിങ് സ്ഥലത്ത് തൊട്ടുമുൻപ് നിർത്തിയിട്ട സ്വന്തം വണ്ടി നിന്ന് കത്തുന്നത് അകലെനിന്ന് കാണുകയല്ലാതെ മറ്റൊന്നും ചെയ്യാനായില്ലെന്ന് സുനിൽ പറഞ്ഞു.

പലർക്കും വീടിന്റെ താക്കോൽ, വണ്ടിയുടെ യഥാർഥ രേഖകൾ, ക്യാമറയുടെ ലെൻസ് പോലെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ നഷ്ടമായിട്ടുണ്ട്.

പാവറട്ടി സ്വദേശിയായ ജോസിന്റെ 2005 മോഡൽ ബൈക്കാണ് കത്തി നശിച്ചത്. സ്ഥലം എംപി ഇതുവരെയും തീപ്പിടിത്തെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. റെയിൽവേയുടെ ഭാഗത്തുനിന്ന് സഹകരണമുണ്ടായില്ല. 120-ലേറെ പേർ യോഗത്തിനെത്തി.

കൺസ്യൂമർ കോടതിയിൽ ഹർജി നൽകും

കൺസ്യൂമർ കോടതിയിൽ ഓരോ വാഹനത്തിന്റെയും രേഖകളുമായി വ്യക്തിപരമായി കേസ് ഫയൽ ചെയ്യുന്നതിന് യോഗം തീരുമാനിച്ചു. റെയിൽവേയും കരാറുകാരനെയും പ്രതിചേർക്കും. ഇൻഷുറൻസ് നൽകാൻ കമ്പനി മടിക്കുന്നുണ്ടെങ്കിൽ അവരുടെ പേരും പ്രതിപ്പട്ടികയിൽ ചേർക്കും. യിൽവേക്ക് ഉത്തരവാദിത്വമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ലെന്നും അഭിഭാഷകയായ കിരൺ പറഞ്ഞു. റെയിൽവേക്കെതിരേ നിയമപരമായ രീതിയിൽ പ്രതിഷേധം നടത്തുന്നതിനും കേന്ദ്ര റെയിൽമന്ത്രിക്കും ബന്ധപ്പെട്ട അധികൃതർക്കും പരാതി നൽകുന്നതിനും യോഗം തീരുമാനിച്ചു. പൊതുപ്രവർത്തകൻ എ.സി. ജോസ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജെയിംസ് മുട്ടിക്കൽ അധ്യക്ഷനായി. ജോണി പുല്ലോക്കാരൻ, വി. ഗോപകുമാർ, സജി ആറ്റത്തറ, പി.ആർ. ഹരിദാസ്, സജീവൻ പുഴയ്ക്കൽ, പ്രകാശ് ചിയ്യാരം, രാജേഷ് അയ്യന്തോൾ, പ്രജിത്ത് അയ്യന്തോൾ തുടങ്ങിയവർ പ്രസംഗിച്ചു.