തിരുവനന്തപുരം: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കാറുകള്‍ക്കുള്ള ഇടി പരിശോധനാ മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുതുക്കുന്നു. ചട്ടക്കൂടിന്റെ നിലവാരം ഉറപ്പാക്കുന്നതിനുപുറമേ ആധുനിക സുരക്ഷാ സംവിധാനങ്ങള്‍കൂടി ഉള്‍ക്കൊള്ളിക്കാന്‍ വാഹന നിര്‍മാതാക്കളെ നിര്‍ബന്ധിതരാക്കുന്നതാണ് പുതിയ നിബന്ധനകള്‍. 3500 കിലോയ്ക്ക് താഴെ ഭാരമുള്ളതും ഡ്രൈവര്‍ക്കുപുറമേ എട്ടുയാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതുമായ വാഹനങ്ങള്‍ക്ക് ഇടി പരിശോധന നിര്‍ബന്ധമാണ്. കരട് പ്രസിദ്ധീകരിച്ചു.

To advertise here,

വശങ്ങളിലെ എയര്‍ബാഗ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്കുപുറമേ അപകടം ഒഴിവാക്കാനുള്ള കഴിവ്, സുരക്ഷിത ഡ്രെവിങ്ങിന് സഹായിക്കുന്ന സജ്ജീകരണങ്ങള്‍, എന്നിവ പരിഗണിച്ചാണ് മാര്‍ക്ക് നല്‍കുക. കാല്‍നടയാത്രക്കാര്‍, കുട്ടികള്‍ എന്നിവര്‍ക്ക് നല്‍കുന്ന സുരക്ഷ കൂടി കണക്കിലെടുക്കും. ഇവരെ ഇടിച്ചാല്‍ അപകടത്തിന്റെ ആഘാതം കുറയ്ക്കാന്‍ കഴിയുന്ന വിധത്തില്‍ ബോണറ്റ്, ബമ്പര്‍, മുന്‍വശത്തെ ചില്ല് എന്നിവ ക്രമീകരിക്കണം. ബോണറ്റില്‍ നിന്ന് പുറത്തേക്ക് വിടരുന്ന പെഡസ്ട്രിയന്‍ എയര്‍ബാഗുള്ള വാഹനങ്ങള്‍ക്ക് മികച്ച റേറ്റിങ് ലഭിക്കും.

ഡ്രൈവര്‍ ഉറങ്ങിയാല്‍ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനം, കൂട്ടിയിടി തടയാനുള്ള സജ്ജീകരണം, ലൈന്‍മാറ്റം, ബ്ലൈൻഡ് സ്‌പോട്ട് എന്നിവയില്‍ മുന്നറിയിപ്പ്, റോഡിലെ ഗതാഗത ചിഹ്നങ്ങള്‍ തിരിച്ചറിഞ്ഞ് ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കുന്ന സംവിധാനം, കയറ്റത്തില്‍ പിന്നോട്ട് ഇറങ്ങാതിരിക്കാനുള്ള ഹില്‍ഹോള്‍ഡ് സിസ്റ്റം എന്നിവ ആദ്യഘട്ടത്തില്‍ വിലയിരുത്തും.

ബ്രേക്കിങ്ങിന് കൂടുതല്‍ കൃത്യത നല്‍കുന്ന ഇലക്ട്രിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, അപകടമുന്നറിയിപ്പു നല്‍കി സ്വയം വാഹനം നിര്‍ത്തുന്ന ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ് സിസ്റ്റം, തീപ്പിടിത്തം തടയാന്‍ സ്വയം പ്രവര്‍ത്തിക്കുന്ന അഗ്‌നിശമന സംവിധാനങ്ങള്‍, ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാന്‍ വേഗത്തില്‍ ചട്ടക്കൂട് തകര്‍ക്കാന്‍ സഹായിക്കുന്ന രൂപരേഖ (റെസ്‌ക്യൂഷീറ്റും) എന്നിവയും സ്റ്റാര്‍ പദവിക്ക് പരിഗണിക്കും.

ഇടിച്ച വാഹനം വീണ്ടും നീങ്ങി അപകടം ഉണ്ടാകുന്നത് തടയാന്‍ ബ്രേക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന മള്‍ട്ടി കൊളീഷന്‍ ബ്രേക്കിങ് സിസ്റ്റവും വിലയിരുത്തും. അപകടസന്ദേശം അയയ്ക്കാനും അപകടമുന്നറിയിപ്പ് ലൈറ്റുകള്‍ സ്വയം തെളിയാനുള്ള സംവിധാനവും പരിഗണിക്കും.

ഇടിപരിശോധനകള്‍ മൂന്നില്‍നിന്ന് അഞ്ചായി ഉയര്‍ത്തിയിട്ടുണ്ട്. 32 കിലോമീറ്റര്‍ മുതല്‍ 64 കിലോമീറ്റര്‍വരെ വേഗത്തില്‍ വിവിധതലത്തിലെ പ്രതലങ്ങളില്‍ ഇടിച്ചാണ് പരിശോധന. മനുഷ്യരൂപത്തിലുള്ള ഡമ്മികള്‍ ഉപയോഗിച്ച് പരിക്കിന്റെ അളവും വിലയിരുത്തിയശേഷമാകും നക്ഷത്രപദവി നിശ്ചയിക്കുക.